‘തൊഴിലാളിവര്‍ഗ്ഗത്തിന്റെ ദത്തുപുത്രന്‍’ എന്നാണ് ഇ.എം.എസ്. നമ്പൂതിരിപ്പാട് സ്വയം വിശേഷിപ്പിച്ചിരുന്നത്. ആഢ്യനും ജന്മിയുമായിരുന്ന താന്‍ അതിന്റെ അവകാശാധികാരങ്ങളും മേധാവിത്വവുമൊക്കെ ഉപേക്ഷിച്ച് നിസ്വരായ തൊഴിലാളിവര്‍ഗ്ഗത്തിനൊപ്പം ചേരുകയാണുണ്ടായതെന്ന് ഇടക്കിടെ അദ്ദേഹം അനുയായികളെയും രാഷ്ട്രീയ എതിരാളികളെയും ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഇഎംഎസ്സിന്റെ ഈ അവകാശവാദം തെറ്റാണെന്ന് പ്രമുഖ ചരിത്രകാരനായ എം.ജി.എസ്. നാരായണന്‍ തെളിവുസഹിതം സ്ഥാപിക്കുകയുണ്ടായി. ഒരിക്കല്‍ കണ്ണൂര്‍ ജില്ലയിലൊരിടത്ത് അധഃസ്ഥിതവിഭാഗങ്ങള്‍ താമസിക്കുന്നിടത്ത് ഇഎംഎസ്സിനൊപ്പം എംജിഎസ് പോയിരുന്നു. ‘തമ്പ്രാന്‍’ എന്നു വിളിച്ച് അവര്‍ ഇഎംഎസ്സിനെ ഭയഭക്തിബഹുമാനങ്ങളോടെ സ്വീകരിക്കുന്നതും, ഇഎംഎസ് അത് ആസ്വദിക്കുന്നതും കണ്ട എംജിഎസ് വല്ലാതെ നിരാശനായി. ജന്മിത്വത്തിന്റെ വൈകാരികതലം തൊഴിലാളിവര്‍ഗ്ഗത്തിന്റെ ദത്തുപുത്രനായി മാറിയിട്ടും ഇഎംഎസില്‍ തങ്ങിനിന്നിരുന്നു എന്നാണ് ഈ സംഭവം വിവരിച്ചുകൊണ്ട് എംജിഎസ് അഭിപ്രായപ്പെട്ടിട്ടുള്ളത്.
എന്നാല്‍ ഇവിടെയിതാ തികച്ചും വ്യത്യസ്തനായ ഒരാള്‍. ആഢ്യത്വത്തിനും ആഭിജാത്യത്തിനും യാതൊരു കുറവുമില്ലാതിരുന്നിട്ടും യുവാവായിരിക്കുമ്പോള്‍തന്നെ അതൊക്കെ ഉപേക്ഷിച്ച് രാഷ്ട്രസേവനത്തിന്റെ പാത തെരഞ്ഞെടുക്കുകയും, കേരളത്തിലെയും ഭാരതത്തിലെയും തൊഴിലാളി സമൂഹത്തിനുവേണ്ടി ഒരു പുരുഷായുസ്സ് മുഴുവന്‍ സമര്‍പ്പിക്കുകയും ചെയ്ത അപൂര്‍വ വ്യക്തിത്വം. 1955 ല്‍ സ്ഥാപിതമായ ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്) എന്ന തൊഴിലാളി പ്രസ്ഥാനത്തിന്റെ ‘കേരളത്തിലെ സ്ഥാപകന്‍’ എന്നു പറയാവുന്ന ആര്‍. വേണുഗോപാല്‍ എന്ന ആര്‍എസ്എസ് പ്രചാരകനാണിത്.
അടുപ്പമുള്ളവര്‍ സ്‌നേഹപൂര്‍വം വേണുവേട്ടന്‍ എന്ന വിളിച്ചിരുന്ന രാവുണ്യേടത്ത് വേണുഗോപാല്‍ ഓര്‍മ്മയായതോടെ കര്‍മനിരതമായ ഒരു കാലഘട്ടത്തിന് തിരശ്ശീല വീണിരിക്കുകയാണ്. നിലമ്പൂര്‍ കോവിലകത്തെ കൊച്ചുണ്ണി തിരുമുല്‍പ്പാടിന്റെ അഞ്ച് മക്കളില്‍ നാലാമനായി ജനിച്ച വേണുഗോപാലിന് വേണമായിരുന്നെങ്കില്‍ ആഢ്യത്വത്തിന്റെ ശീതളഛായയില്‍ സൗഭാഗ്യങ്ങളുടെ പടവുകള്‍ ഒന്നൊന്നായി കയറിപ്പോകാമായിരുന്നു. ഇതിനുപകരം ബുദ്ധിയുറച്ച കാലംമുതല്‍ ആര്‍എസ്എസ് ചൂണ്ടിക്കാണിച്ച വഴിത്താരയിലൂടെയായിരുന്നു സഞ്ചാരം. നൂറ്റാണ്ട് പിന്നിടാന്‍ നാലുവര്‍ഷം മാത്രം ബാക്കിനില്‍ക്കുമ്പോഴും ഈ വഴിയിലൂടെ വേണുഗോപാല്‍ അക്ഷീണനായി യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു.
കേരളത്തില്‍ ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനം തുടങ്ങിവച്ച കോഴിക്കോട്ടെ ചാലപ്പുറം ശാഖയില്‍നിന്നുതന്നെയാണ് വേണുവേട്ടനും സ്വയംസേവകനാവുന്നത്. കലാലയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ആര്‍എസ്എസ് പ്രചാരകനായി. കണ്ണൂര്‍, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രചാരകനായ വേണുവേട്ടന്‍ ഇടയ്ക്ക് ‘കേസരി’ വാരികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു. ഐക്യകേരളം രൂപംകൊണ്ടിട്ടില്ലാത്ത അക്കാലത്ത് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും ആര്‍എസ്എസ് പ്രചാരകന്മാരായി എത്തിയ ദത്തോപാന്ത് ഠേംഗ്ഡി, ദാദാപരമാര്‍ത്ഥ്, ശങ്കരശാസ്ത്രി, ദത്താജി ഡിഡോള്‍ക്കര്‍ തുടങ്ങിയവരുമായുള്ള ആത്മബന്ധം വേണുവേട്ടനിലെ സംഘാടകനെ പാകപ്പെടുത്തി. ഇതിനെല്ലാം ഉപരിയായിരുന്നു രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ പകര്‍ന്നുനല്‍കിയ ജീവിതാദര്‍ശം. കേരളത്തില്‍നിന്ന് മംഗലാപുരത്തേക്കുള്ള ട്രെയിന്‍യാത്രയില്‍ കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍ ആദ്യമായി ഗുരുജിയെ കണ്ടതിന്റെ ഓര്‍മ്മ ആറ് പതിറ്റാണ്ടിനുശേഷവും ഇന്നലെയെന്നപോലെ വേണുവേട്ടന്റെ മനസ്സില്‍ തങ്ങിനിന്നു.
ഇക്കാലത്തെ വേണുവേട്ടന്റെ അനുഭവങ്ങള്‍ എത്രപറഞ്ഞാലും തീരുമായിരുന്നില്ല. എഴുത്തിലും പ്രഭാഷണങ്ങളിലുമല്ലാതെ അനൗപചാരിക സംഭാഷണങ്ങളിലാണ് അദ്ദേഹം മനസ്സുതുറക്കുക. ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഇക്കാര്യങ്ങളൊക്കെ അറിയാവുന്നവരായി മറ്റു രണ്ടുപേരാണുള്ളത്. ആര്‍എസ്എസ് അഖിലഭാരതീയ ബൗദ്ധിക് പ്രമുഖായിരുന്ന ഹരിയേട്ടനും ജനസംഘത്തിന്റെ നേതാവും ‘ജന്മഭൂമി’യുടെ പത്രാധിപരുമായിരുന്ന പി. നാരായണ്‍ജിയും. ഹരിയേട്ടന്റെ ധിഷണ വ്യാപരിക്കുന്നത് വൈജ്ഞാനിക മേഖലയിലാണ്. ഇതിന്റെ ഉപലബ്ധികള്‍ ഏവരെയും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. നാരായണ്‍ജിയാവട്ടെ ‘ജന്മഭൂമി’യിലെ പ്രതിവാര പംക്തിയിലൂടെയും മറ്റും ഇക്കാര്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്.
ബിജെപിയുടെ പൂര്‍വരൂപമായ ജനസംഘത്തില്‍ വേണുവേട്ടന്‍ ഒരു ‘ഗസ്റ്റ് അപ്പിയറന്‍സ്’ നടത്തിയിരുന്നുവെന്ന് പറയാം. രണ്ടുവര്‍ഷക്കാലം (1966-67) മാത്രമായിരുന്നു ഇതെങ്കിലും ശ്രദ്ധേയമായിരുന്നു ആ ഇടപെടല്‍. എറണാകുളം ജില്ലയില്‍ ആലുവക്കടുത്തുള്ള വെളിയത്തുനാട്ടില്‍ പില്‍ക്കാലത്ത് ‘എകാത്മമാനവദര്‍ശനം’ എന്ന് അറിയപ്പെട്ട തത്വചിന്തയെക്കുറിച്ച് ഉപജ്ഞാതാവായ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ നടത്തിയ പഠനക്ലാസിന്റെ മുഖ്യസംഘാടകന്‍ വേണുവേട്ടനായിരുന്നു.
1967 ലെ നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍വരെ മാത്രമായിരുന്നു വേണുവേട്ടന്‍ ജനസംഘത്തില്‍ പ്രവര്‍ത്തിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ സാക്ഷാല്‍ എകെജിക്കെതിരെ മത്‌സരിച്ച ജനസംഘം സ്ഥാനാര്‍ത്ഥി എം. ഉമാനാഥറാവു 50000 വോട്ടുനേടിയതിന് പിന്നില്‍ പര്‍ട്ടിയുടെ സംസ്ഥാന സഹസംഘടനാ കാര്യദര്‍ശിയായിരുന്ന വേണുവേട്ടന്റെയും പ്രയത്‌നമുണ്ട്. ഇതൊക്കെയാണെങ്കിലും രാഷ്ട്രീയത്തിന്റെ കുപ്പായം തനിക്ക് ചേരുന്നതല്ലെന്ന് വേണുവേട്ടന് അറിയാമായിരുന്നിരിക്കണം. രാഷ്ട്രീയക്കാരെക്കുറിച്ചും വലിയ മതിപ്പുണ്ടായിരുന്നില്ല. അടിയന്തരാവസ്ഥക്കാലത്ത് വളരെയടുത്ത് പ്രവര്‍ത്തിച്ചിരുന്ന മലയാളിയായ രവീന്ദ്രവര്‍മ്മ ജനതാസര്‍ക്കാരില്‍ തൊഴില്‍മന്ത്രിയായപ്പോള്‍ തനിക്കുണ്ടായ തിക്താനുഭവങ്ങള്‍ വേണുവേട്ടന്‍ നിരാശയോടെ പങ്കുവെച്ചിട്ടുണ്ട്.

ആര്‍എസ്എസ് പ്രചാരകനും ജനസംഘം നേതാവുമൊക്കെയായി പ്രവര്‍ത്തിക്കുമ്പോഴും മറ്റൊരു നിയോഗം വേണുവേട്ടനെ കാത്തിരിക്കുകയായിരുന്നു. 1967 ലാണ് അതിനുള്ള സമയം സമാഗതമായത്. ഠേംഗ്ഡിജിയുടെ താല്‍പര്യപ്രകാരം വേണുവേട്ടനെ ആര്‍എസ്എസ്, ബിഎംഎസ്സിലേക്ക് നിയോഗിച്ചു. കമ്മ്യൂണിസം കത്തിനില്‍ക്കുന്ന കാലം. കമ്മ്യൂണിസ്റ്റുകാരല്ലാത്തവര്‍ വര്‍ഗശത്രുക്കളായി മുദ്രയടിക്കപ്പെട്ടിരുന്ന കേരളത്തില്‍ സ്വതന്ത്രമായി തൊഴിലാളികളെ സംഘടിപ്പിക്കുകയെന്നത് ചിന്തിക്കാന്‍പോലും കഴിയാത്ത കാര്യമായിരുന്നു. എന്നാല്‍ വേണുവേട്ടന്‍ ആ വെല്ലുവിളി ഏറ്റെടുത്തു. കൊച്ചി നേവല്‍ബേസില്‍ 20 അംഗങ്ങളുള്ള ഒരൊറ്റ യൂണിയന്‍ മാത്രമാണ് ബിഎംഎസ്സിന് കേരളത്തില്‍ ഉണ്ടായിരുന്നത്. അതിന്റെ നേതൃത്വം വേണുവേട്ടനായിരുന്നു. നേവല്‍ബേസുമായി ബന്ധപ്പെട്ട വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരം നയിച്ചത് വേണുവേട്ടനായിരുന്നു. വേണുഗോപാല്‍ ഒറ്റയ്ക്ക് സത്യഗ്രഹം നടത്തേണ്ടതില്ല എന്ന ഠേംഗിഡിജിയുടെ ഉപദേശം കത്ത് രൂപത്തില്‍ എത്തിയപ്പോഴേക്കും വേണുവേട്ടന്‍ നിരാഹാരസമരം ആരംഭിച്ചിരുന്നു. ബിഎംഎസ്സിന്റെ പില്‍ക്കാല ചരിത്രം പരിശോധിക്കുമ്പോള്‍ ഇതൊരു മഹത്തായ തുടക്കമായിരുന്നുവെന്ന് വിലയിരുത്താം. ”മാനവരാശിക്കരുണവിഭാതമൊരുക്കും പൊന്‍കിരണങ്ങള്‍ നാം, മര്‍ദ്ദിത പീഡിത പതിതജനത്തിന് സൗഭാഗ്യവിധാതാക്കള്‍ നാം” എന്ന മസ്ദൂര്‍ഗീതം വേണുവേട്ടന്‍ ആലപിക്കുന്നത് കേള്‍ക്കുന്നവര്‍ക്ക് തൊഴിലാളിസമൂഹവുമായി അദ്ദേഹം നേടിയ താദാത്മ്യം അനുഭവിച്ചറിയാം.
1967 മുതല്‍ 2003 വരെയുള്ള മൂന്നര പതിറ്റാണ്ടുകാലമാണ് വേണുവേട്ടന്‍ ബിഎംഎസ്സില്‍ സജീവമായി പ്രവര്‍ത്തിച്ചത്. ഠേംഗിഡിജിയെപ്പോലുള്ള ഒരു മഹാരഥന്റെ മാര്‍ഗദര്‍ശനത്തില്‍ ബിഎംഎസ് മാത്രമല്ല വേണുവേട്ടനും വളരുകയായിരുന്നു. ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐടിയുസി, സിഐടിയു എന്നീ കക്ഷിരാഷ്ട്രീയബന്ധമുള്ള യൂണിയനുകളെ പിന്തള്ളി ബിഎംഎസ് ഒന്നാമതെത്തി. ഈ മുന്നേറ്റത്തില്‍ വേണുവേട്ടനുമുണ്ട് നിസ്തുലമായ പങ്ക്. 1995 ല്‍ ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയെന്ന നിലയ്ക്ക് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനില്‍ ബിഎംഎസ്സിനെ പ്രതിനിധീകരിച്ചത് വേണുവേട്ടനായിരുന്നു. തുടര്‍ച്ചയായി എട്ട് വര്‍ഷം വേണുവേട്ടന്‍ ബിഎംഎസ് പ്രതിനിധിയായി ജനീവ ആസ്ഥാനമായ ഐഎല്‍ഒയുടെ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. മുതലാളിത്തവും സോഷ്യലിസവും അടിസ്ഥാനമാക്കാത്ത, ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ അനുബന്ധമാകാത്ത, ദേശീയതയില്‍ വിശ്വസിക്കുകയും അധ്വാനം ആരാധനയായി കരുതുകയും ചെയ്യുന്ന തൊഴിലാളി സംഘടനയുടെ ശബ്ദം ഐഎല്‍ഒ വേണുവേട്ടനിലൂടെ കേട്ടു. പരമ്പരാഗതമായ തൊഴിലാളി-മുതലാളി വേര്‍തിരിവിനപ്പുറം രാഷ്ട്രം എന്ന സമഗ്രസങ്കല്‍പത്തിലേക്ക് തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഒരുപോലെ ഉയരാന്‍ കഴിയുമെന്ന ചിന്ത വിവിധ രാജ്യങ്ങളില്‍നിന്നുവന്ന ഐഎല്‍ഒ പ്രതിനിധികള്‍ക്ക് പുതുമയുള്ളതായിരുന്നു. ഒരിക്കല്‍ ഐഎല്‍ഒ സമ്മേളനത്തില്‍ ബിഎംഎസ്സിന്റെ തൊഴിലാളിസങ്കല്‍പ്പം അവതരിപ്പിച്ച് തിരിച്ചെത്തിയപ്പോള്‍ ”യു ഹാവ് ഡണ്‍ എ ഗ്രേറ്റ് ജോബ്” എന്നാണ് ഠേംഗിഡിജി അഭിപ്രായപ്പെട്ടതെന്ന് ഈ ലേഖകനോട് വേണുവേട്ടന്‍ പറയുകയുണ്ടായി.
ആധുനികഭാരതം കണ്ട മികവുറ്റ ചിന്തകന്മാരില്‍ ഒരാളായിരുന്നു ഠേംഗിഡിജി. അദ്ദേഹം പലകാലങ്ങളിലായി പ്രഭാഷണങ്ങളിലും പ്രവര്‍ത്തകയോഗങ്ങളിലും മറ്റും പറഞ്ഞ ചിന്തോദ്ദീപകമായ കാര്യങ്ങള്‍ വേണുവേട്ടന്‍ എഴുതിസൂക്ഷിച്ചുപോന്നിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഒരു പുസ്തകമാക്കാന്‍ പോന്ന ഇതിന്റെ കയ്യെഴുത്തുപ്രതി നേരിട്ട് കാണിച്ചപ്പോള്‍ ഠേംഗിഡിജി അത്ഭുതപ്പെട്ടുപോയെന്നാണ് വേണുവേട്ടന്‍ പറഞ്ഞിട്ടുള്ളത്.
വേണുവേട്ടനെ ചൂണ്ടിക്കാട്ടി ഇതാ ഒരു കര്‍മ്മയോഗി എന്നു നിസ്സംശയം പറയാമായിരുന്നു. ”ആരും ഒരിക്കലും ക്ഷണനേരംപോലും കര്‍മ്മം ചെയ്യാതെ ഇരിക്കുന്നില്ല” എന്നു ഭഗവദ്ഗീതയില്‍ പറയുന്നതാണ് വേണുവേട്ടന്റെ കാര്യത്തില്‍ സംഭവിച്ചത്. പ്രായാധിക്യം പ്രശ്‌നമായെടുക്കാത്ത അപൂര്‍വം ചിലരില്‍ ഒരാളായിരുന്നു വേണുവേട്ടന്‍. ചിലപ്പോള്‍ അദ്ദേഹം വായിക്കുകയായിരിക്കും. മറ്റ് ചിലപ്പോള്‍ ആരെങ്കിലുമായി സംസാരിച്ചുകൊണ്ടിരിക്കും. കണ്ണുകളുടെ കാഴ്ച കുറച്ചൊന്നു മങ്ങിയിരുന്നെങ്കിലും പത്രങ്ങളും ആനുകാലികങ്ങളും നിരന്തരം വായിച്ചു. വായിച്ചതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം മറ്റുള്ളവരുമായി പങ്കുവച്ചു മറ്റുള്ളവര്‍ക്ക് ലഭ്യമല്ലാത്ത ലേഖനങ്ങള്‍, പുസ്തകങ്ങള്‍, പത്രകട്ടിങ്ങുകള്‍, ഫോട്ടോഗ്രാഫുകള്‍ തുടങ്ങിയവ അതീവശ്രദ്ധയോടെ സൂക്ഷിച്ചുവയ്ക്കുന്ന പതിവ് വേണുവേട്ടനുണ്ടായിരുന്നു. എഴുത്തിന് ആവശ്യമുണ്ടെന്ന് പറഞ്ഞാല്‍ ഇവയെല്ലാം യാതൊരു മടിയും കൂടാതെ എടുത്തുതരുകയും ചെയ്യും.
വളരെ ചെറിയ കാര്യങ്ങളില്‍പ്പോലും ശ്രദ്ധിച്ചിരുന്ന വേണുവേട്ടന്‍ നിസാരകാര്യത്തിനാണെങ്കിലും മറ്റുള്ളവരെ അഭിനന്ദിക്കാന്‍ മടിച്ചില്ല. അങ്ങനെ ചെയ്യുന്നതില്‍ അദ്ദേഹം പ്രത്യേക ആനന്ദം അനുഭവിക്കുന്നതായി തോന്നും. ഒരിക്കല്‍ ബിഎംഎസ്സിന്റെ പ്രസിദ്ധീകരണമായ ‘വിശ്വകര്‍മസങ്കേതി’ല്‍ ഠേംഗിഡിജിയെക്കുറിച്ചുവന്ന ഒരു അനുസ്മരണ ലേഖനത്തിന്റെ ശീര്‍ഷകം അവസാനിക്കുന്നത് അതിമഹത്തായ, ഏറ്റവും ശ്രേഷ്ഠമായ എന്നൊക്കെ അര്‍ത്ഥംവരുന്ന ‘പാര്‍ എക്‌സലന്‍സ്’ എന്ന വാക്കോടെയായിരുന്നു. ഈ വാക്കിന് ഉചിതമായ മലയാളപദം തിരയുകയായിരുന്ന വേണുവേട്ടനോട് ‘പരമാദരണീയന്‍’ എന്ന വാക്കാണ് ചേരുകയെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഉടന്‍ വന്നു അദ്ദേഹത്തിന്റെ കമന്റ്, ‘യു സെഡ് ഇറ്റ്.’ പ്രശംസിക്കാന്‍ പിശുക്കുകാണിക്കാതിരിക്കുമ്പോഴും തിരുത്തേണ്ട കാര്യങ്ങളുണ്ടെങ്കില്‍ അത് പറയാനും വേണുവേട്ടന്‍ മടിച്ചിരുന്നില്ല.

മറ്റ് പലരെയും അപേക്ഷിച്ച് പ്രായാധിക്യത്തിന്റെ പ്രശ്‌നം ബാധിക്കാത്തയാളായിരുന്നു വേണുവേട്ടന്‍. ബിഎംഎസ്സിന്റെ ഔദ്യോഗിക സംഘടനാചുമതല ഒഴിഞ്ഞശേഷം മുതിര്‍ന്ന പ്രചാരകനെന്ന നിലയില്‍ ആസ്ഥാനം ആര്‍എസ്എസ് പ്രാന്തകാര്യാലയമായ എറണാകുളം മാധവനിവാസിലേക്ക് മാറ്റി. അവിടെയും ഒരു നിമിഷംപോലും അദ്ദേഹം നിഷ്‌ക്രിയനായില്ല. വയസ്സ് 85 പിന്നിട്ടപ്പോഴും എം-80 സ്‌കൂട്ടറിലായിരുന്നു യാത്ര. ഈ വണ്ടിയില്‍ ശരാശരിയില്‍ കവിഞ്ഞ വേഗതയില്‍ ഓരോരോ ആവശ്യങ്ങള്‍ക്കായി കാര്യാലയത്തില്‍നിന്ന് നഗരത്തിലേക്കും തിരിച്ചും വേണുവേട്ടന്‍ സഞ്ചരിക്കുന്നത് ഈ ലേഖകനില്‍ കൗതുകമുണര്‍ത്തിയ കാഴ്ചയായിരുന്നു. ചില ദിവസങ്ങളില്‍ ‘ജന്മഭൂമി’യിലേക്കുള്ള ബസ്സിന് കാത്തുനില്‍ക്കുമ്പോള്‍ എവിടെനിന്നോ പാഞ്ഞുവരുന്ന ഒരു സ്‌കൂട്ടര്‍ എന്റെ മുന്നില്‍വന്നു നില്‍ക്കും. ആശ്ചര്യത്തോടെ നോക്കുമ്പോള്‍ അത് വേണുവേട്ടനായിരിക്കും. ‘കേറ് മിസ്റ്റര്‍.’ അതൊരു ആജ്ഞപോലെയായിരിക്കും. കയറിയിരിക്കേണ്ട താമസം, വേണുവേട്ടന്റെ വാഹനം ലക്ഷ്യസ്ഥാനത്തേക്ക് പാഞ്ഞിരിക്കും.
നവതി കഴിഞ്ഞിട്ടും വേണുവേട്ടന്‍ വിശ്രമിച്ചില്ല. ഏഴ് പതിറ്റാണ്ടുമുന്‍പ് ആര്‍എസ്എസ് ശാഖയില്‍ പോകാന്‍ തുടങ്ങിയ ആ പതിനാറുകാരന്‍ വേണുവേട്ടന്റെ മനസ്സില്‍ സജീവമായിരുന്നു. കാവിയുടുക്കാത്ത സന്ന്യാസിമാര്‍ എന്നു സ്വാമി ചിന്മയാനന്ദന്‍ വിശേഷിപ്പിച്ചവരില്‍ ഇങ്ങനെ ചില കര്‍മ്മയോഗികളുമുണ്ടെന്ന് സമൂഹം പലപ്പോഴും തിരിച്ചറിയാറില്ല.