നാമെല്ലാം വേണുവേട്ടന്‍ എന്നു സ്‌നേഹപൂര്‍വം വിളിക്കുന്ന രാ. വേണുഗോപാല്‍ കേരളത്തിന്റെ സംഘ ചരിത്രത്തിലെ ഒരു നീണ്ട കാലഘട്ടത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ബാക്കിവച്ചുകൊണ്ടാണ് നമ്മെ വിട്ടുപിരിഞ്ഞത്. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ആകെത്തുക തിരിച്ചറിയാന്‍ വേണുവേട്ടന്‍ തന്നെ രസകരമായി വിവരിച്ച ജീവിതത്തിന്റെ വഴിത്തിരിവായ സന്ദര്‍ഭം ധാരാളമാണ്. 1965 മുതല്‍ 1967 വരെയുള്ള രാഷ്ട്രീയ രംഗത്തെ പ്രവര്‍ത്തനം വേണുവേട്ടന്റെ രുചികള്‍ക്കപ്പുറമായിരുന്നു. രണ്ടു വര്‍ഷക്കാലത്തെ രാഷ്ട്രീയജീവിതം മടുത്ത അദ്ദേഹം ആ മേഖലയോട് വിടചൊല്ലാന്‍ തീരുമാനിച്ചു. സംഘ രീതിയനുസരിച്ച് നിശ്ചയിച്ച ഒരു മേഖലവിട്ടു തനിക്കിഷ്ടപ്പെട്ട മറ്റൊരു ക്ഷേത്രം വേണമെന്ന് ഒരു പ്രചാരകന്‍ ആവശ്യപ്പെടാറില്ല. അതിനാല്‍ വേണുവേട്ടന്‍ അന്നത്തെ പ്രാന്തപ്രചാരകന് ഒരു കത്തെഴുതി. അതില്‍ പറഞ്ഞു: ”ഞാന്‍ പൂജാരിയായി ശ്രീകോവിലിനുള്ളില്‍ സന്തോഷത്തോടെ പൂജ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ എന്നോടു പുറത്തു പോയി ഒച്ചപ്പാടുള്ള വാദ്യം കൊട്ടാന്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ അതിനു പറ്റിയ ആളല്ല. അതുകൊണ്ട് മാല കെട്ടാനുള്ള ജോലിയിലെങ്കിലും എന്നെ നിയോഗിച്ചാല്‍ കൊള്ളാം.” ബുദ്ധിമാനായ പ്രാന്തപ്രചാരകന് കാര്യം മനസ്സിലായി. അങ്ങിനെയാണ് കേരളത്തില്‍ ഭാരതീയ മസ്ദൂര്‍ സംഘം സ്ഥാപിക്കാനുള്ള ദൗത്യം വേണുവേട്ടനെ ഏല്‍പ്പിച്ചത്.
കേരളത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനത്തിന് ബീജാവാപം ചെയ്ത സ്വര്‍ഗീയ ദത്തോപന്ത് ഠേംഗിഡിജിയുമായുള്ള സമ്പര്‍ക്കവും അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനവും ജീവിതത്തിന്റെ തുടക്കം മുതല്‍ ഒടുവില്‍ വരെ ലഭിക്കാന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വം മുതിര്‍ന്ന കാര്യകര്‍ത്താക്കളില്‍ ഒരാളാണ് വേണുവേട്ടന്‍. വേണുവേട്ടന്റെ സമര്‍പ്പിത ജീവിതപ്രയാണത്തില്‍ ഏറ്റവും സഹായകരമായത് ഈ ഒരു അപൂര്‍വ സൗഭാഗ്യമായിരുന്നു.
1925ല്‍ കൊല്ലങ്കോട് രാവുണ്യാരത്ത് തറവാട്ടില്‍ നാണിക്കുട്ടിയമ്മയുടെയും നിലമ്പൂര്‍ കോവിലകത്ത് കൊച്ചുണ്ണി തിരുമുല്‍പാടിന്റെയും രണ്ടാമത്തെ മകനായി ജനിച്ച വേണുവേട്ടന് രാജകീയ ജീവിതത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും മുമ്പിലുണ്ടായിരുന്നു. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്നും ബി.എസ്.സി. ബിരുദത്തിന് പഠിക്കുമ്പോള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ യുവ സംഘ പ്രചാരകനായി നാഗ്പൂരില്‍ നിന്നും എത്തിയ ഠേംഗിഠിജിയുടെ പ്രേരണാപൂര്‍ണമായ സമ്പര്‍ക്കത്തില്‍ വന്നുകഴിഞ്ഞു. 1942ല്‍ ഠേംഗിഠിജി തുടങ്ങിയ ആദ്യശാഖയിലെ സ്വയംസേവകനായിട്ടാണ് വേണുവേട്ടന്റെ സംഘ ജീവിതത്തിന്റെ തുടക്കം. കുറച്ചു സമയം സ്വന്തം കുടുംബത്തിന്റെ സ്‌കൂളില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ച ശേഷം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മാന്ത്രികസ്പര്‍ശം ലഭിച്ച അദ്ദേഹം വീട്‌വിട്ടു സമാജത്തിലേക്ക് പൂര്‍ണ്ണസമയം ഇറങ്ങി പ്രവര്‍ത്തിക്കാന്‍ തന്നെ തീരുമാനിച്ചു. 1946ല്‍ കേരളത്തിലെ ആദ്യബാച്ച് പ്രചാരകന്‍മാര്‍ പൂര്‍ണ്ണ ജീവിതം സംഘത്തിന് സമര്‍പ്പിക്കാന്‍ തയ്യാറായപ്പോള്‍ അദ്ദേഹം അതില്‍ ഒരാളായിരുന്നു. കേരളത്തില്‍ പ്രത്യേകിച്ച് മലബാര്‍ പ്രദേശങ്ങളില്‍ നിരന്തരം യാത്ര ചെയ്തു സംഘപ്രവര്‍ത്തനത്തിന്റെ വ്യാപനത്തില്‍ പങ്കാളിയായി. ഇന്നത്തെ പോലെ അംഗീകാരവും പ്രസിദ്ധിയും ഒന്നുമില്ലാത്ത ഒരു കാലഘട്ടത്തില്‍ അന്നുള്ള സംഘടനകളില്‍ നിന്നും വ്യത്യസ്തമായ ഒരു സംഘടനയെ പരിചയപ്പെടുത്തി ആകര്‍ഷിച്ചു സംഘസ്ഥാനിലേക്ക് കൊണ്ടുവന്നു സംഘകാര്യകര്‍ത്താക്കളാക്കി മാറ്റുകയെന്ന അത്ഭുത പ്രവൃത്തിയാണ് ആദ്യകാല സംഘപ്രവര്‍ത്തകരുടെ മുമ്പിലെ പ്രധാന വെല്ലുവിളി. വേണുവേട്ടന്‍ ആ പ്രവര്‍ത്തനത്തിലായിരുന്നു വളരെ വര്‍ഷങ്ങളോളം.
അന്നത്തെ പ്രവര്‍ത്തനത്തിന്റെ ബുദ്ധിമുട്ടും വെല്ലുവിളിയും എത്രത്തോളമുണ്ടെന്ന് വേണുവേട്ടന്‍ തന്നെ നേരിട്ടു പറഞ്ഞതോര്‍ക്കുന്നു. സംഘത്തിന് കാര്യാലയങ്ങളില്ലാത്ത കാലം. സ്വയംസേവകരുടെ വീടുകള്‍ ആശ്രയിക്കാം എന്നു വിചാരിച്ചാല്‍ തന്നെ പലയിടത്തായി ചിതറിക്കിടക്കുന്ന വിരലിലെണ്ണാവുന്ന സ്വയംസേവകരും. ഈ ഒരു പരിസ്ഥിതിയില്‍ യുവ പ്രചാരകനായ വേണുവേട്ടന്‍ കാര്യാലയമായി തിരഞ്ഞെടുത്തത് റെയില്‍വേ സ്റ്റേഷനായിരുന്നു. കോഴിക്കോട്-കണ്ണൂര്‍ പാസ്സഞ്ചര്‍ രാത്രി റെയില്‍വേസ്റ്റേഷനില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ അതിലെ ബോഗിയിലാണ് രാത്രി ഉറക്കം. അന്ന് അങ്ങിനെ കിടക്കുന്ന നിരാലംബരും താഴ്ന്ന ജോലി ചെയ്യുന്നവരുമായ കുറേപ്പേരായിരുന്നു കൂട്ട്. രാവിലെ അഞ്ചു മണിക്ക് ട്രെയിന്‍ അടുത്ത സവാരി തുടങ്ങുന്നതിന് മുമ്പ് എഴുന്നേറ്റ് പ്ലാറ്റ്‌ഫോമിലേക്ക് മാറണം. പിന്നെ അവിടെയാണ് കുളിയും മറ്റുമൊക്കെ. കോവിലകത്തെ രാജകീയ സൗഭാഗ്യങ്ങള്‍ വേണ്ടെന്നുവെച്ചു തെരുവിലേക്കിറങ്ങിയ ഒരു ഗൗതമബുദ്ധന്റെ കഥ നാം ഓര്‍ക്കുമ്പോള്‍ അത്തരം നിരവധി നിരവധി ത്യാഗസമര്‍പ്പിത ജീവിതങ്ങള്‍ക്ക് പ്രേരണയേകിയ മഹാ പ്രസ്ഥാനമായി സംഘം ചരിത്രത്തിന്റെ ഭാഗമാകുന്നു. വേണുവേട്ടന്റെ ജീവിതത്തിലും ആ അദ്ഭുതം സംഭവിച്ചിരുന്നു. പിന്നീട് പാവപ്പെട്ട തൊഴിലാളികളുടെ വീടുകളില്‍ താമസിച്ച് അവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കാന്‍ വേണുവേട്ടനെ സഹായിച്ചത് ഈ അനുഭവങ്ങളാകാം. കണ്ണൂരില്‍ പ്രചാരകനായിരുന്നപ്പോള്‍ കമ്മ്യൂണിസ്റ്റുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഹോട്ടലുകാര്‍ അദ്ദേഹത്തിന് ഭക്ഷണം നിഷേധിക്കുകപോലും ചെയ്തു.
ഒരു കാര്യത്തിനിറങ്ങിയാല്‍ ആ കാര്യം പൂര്‍ത്തിയാക്കുന്നത് വരെ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വഭാവം അവസാന കാലം വരെ വേണുവേട്ടന്‍ കാത്തു സൂക്ഷിച്ചു. നിരന്തരമായ അലച്ചിലും, സമയത്തിന് ഭക്ഷണം ലഭിക്കാതെ പട്ടിണി കിടക്കേണ്ടി വന്നതും കൃത്യതയില്ലാത്ത ജീവിതവുമൊക്കെ കൂടി ആ യുവാവില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കി. തുടര്‍ന്നു സംഘ അധികാരികളുടെ നിര്‍ദ്ദേശപ്രകാരം 1953നു ശേഷം കോഴിക്കോട്ടു സ്ഥിരവാസമാക്കി. എന്നാല്‍ അവിടെയും അദ്ദേഹം വെറുതെയിരുന്നില്ല. എഴുത്തിനോടുള്ള താല്‍പര്യം പത്രപ്രവര്‍ത്തന മേഖലയിലേക്ക് അദ്ദേഹത്തെ എത്തിച്ചു. കേസരി വാരികയുടെ പത്രാധിപരായി ചുമതല ഏറ്റെടുത്തുകൊണ്ട് കുറെക്കാലം പ്രവര്‍ത്തിക്കുകയുണ്ടായി. 1965ല്‍ പരമേശ്വര്‍ജി സംസ്ഥാന സംഘടനാ സെക്രട്ടറി ആയിരുന്ന ഭാരതീയ ജനസംഘത്തിന്റെ സഹ സംഘടനാ സെക്രട്ടറിയായി വേണുവേട്ടന്‍ ചുരുങ്ങിയ കാലം പ്രവര്‍ത്തിക്കുകയും ചെയ്തു.
1967ല്‍ ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ കേരള സംസ്ഥാന സംഘടനാ സെക്രട്ടറിയായി ചുമതലയേറ്റെടുത്തത്തോടെ വേണുവേട്ടന്റെ സംഘടനാ ജീവിതത്തിന്റെ സുപ്രധാന അദ്ധ്യായമാണ് തുറന്നത്. അതിനു മുമ്പു തന്നെ വേണുവേട്ടന്‍ യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ ചെറുചുവടുകള്‍ തുടങ്ങിവച്ചിരുന്നു. ആ വര്‍ഷം ആഗസ്റ്റ് 12, 13 തീയതികളില്‍ ദല്‍ഹിയില്‍ വച്ച് നടന്ന ബി.എം.എസ്സിന്റെ ആദ്യ ദേശീയ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കുകയും ദേശീയ സമിതിയില്‍ കേരളത്തെ പ്രതിനിധീകരിച്ചു അംഗമാകുകയും ചെയ്തു. തുടര്‍ന്നു കേരളം മുഴുവന്‍ സഞ്ചരിച്ച് ജില്ലാതല പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുകയും, ജില്ലാസമിതികള്‍ രൂപീകരിക്കുകയും ചെയ്തു. നിരവധി സുപ്രധാന യൂണിയനുകളുടെ സെക്രട്ടറി, പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചുകൊണ്ട് തൊഴില്‍ നിയമങ്ങള്‍ ആഴത്തില്‍ പഠിക്കുകയും, ലേബര്‍ കോടതികളിലും ട്രിബ്യൂണലുകളിലും തൊഴിലാളികള്‍ക്ക് വേണ്ടി വേണുവേട്ടന്‍ നേരിട്ടു ഹാജരായി അഭിഭാഷകര്‍ക്കൊപ്പം വാദിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി അഭിഭാഷകനായ രാംകുമാര്‍ അദ്ധ്യക്ഷനായ ആദ്യ സംസ്ഥാനസമിതിയും അദ്ദേഹം രൂപീകരിച്ചു.
തൊഴിലാളി താല്‍പര്യത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് യാതൊരു വിട്ടുവീഴ്ചയും ഉണ്ടായിരുന്നില്ല. അബ്കാരിഷാപ്പിന് മുമ്പിലുള്ള സമരം മുതല്‍ മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ സമരം വരെ എല്ലാറ്റിനും മുമ്പില്‍ നിന്നു അദ്ദേഹം നേതൃത്വം നല്കി. 1979ല്‍ എറണാകുളത്തുള്ള രാജ്യരക്ഷാ വകുപ്പിന്റെ കീഴിലുള്ള എന്‍.പി.ഓ.എല്‍. എന്ന സ്ഥാപനത്തിലെ ബി.എം.എസ്. സമരത്തിന് നേതൃത്വം നല്കിയ വേണുവേട്ടന്‍ പന്ത്രണ്ടു ദിവസം നീണ്ടുനിന്ന സമരത്തിന്റെ വിജയപ്രാപ്തിക്കു വേണ്ടി മരണം വരെ നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കാന്‍ തയ്യാറായി. ഇത് വലിയ കോളിളക്കം സൃഷ്ടിക്കുകയും ഒടുവില്‍ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുകിട്ടുകയും ചെയ്തു. സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ പ്രതിരക്ഷാ ഫെഡറേഷന്റെ അഖിലേന്ത്യാ പ്രസിഡന്റ് ദല്‍ഹിയില്‍ നിന്നെത്തി നാരങ്ങാനീര് നല്കി സത്യഗ്രഹം അവസാനിപ്പിക്കുകയും ചെയ്തു. പ്രതിരക്ഷാ മേഖലയില്‍ ആദ്യത്തെ അംഗീകാരം നേടിയെടുക്കാന്‍ അത്രയേറെ പ്രവര്‍ത്തനമില്ലാത്ത കേരളത്തില്‍ സാധിച്ചു. തല്‍ഫലമായി മറ്റ് പല സംസ്ഥാനങ്ങളിലും സംഘടനയുടെ പ്രവര്‍ത്തനം പെട്ടെന്നു വ്യാപിപ്പിക്കാന്‍ ഇത് നിമിത്തമായി.
കൂടാതെ അദ്ദേഹം സംസ്ഥാന ജനറല്‍ സെക്രട്ടറി, ദക്ഷിണ ക്ഷേത്ര സംഘടനാ സെക്രട്ടറി, ദേശീയ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ച ശേഷം 1994 മുതല്‍ 1996 വരെ ദേശീയ അദ്ധ്യക്ഷന്‍ രമന്‍ഭായി ഷായോടൊപ്പം ദേശീയ വര്‍ക്കിങ് പ്രസിഡന്റ് എന്ന ചുമതലയും വഹിച്ചു. 1955ല്‍ ആരംഭിച്ച് മുപ്പതു വര്‍ഷത്തിനുള്ളില്‍ ഭാരതീയ മസ്ദൂര്‍ സംഘത്തിന് ഭാരതത്തിലെ ഒന്നാം സ്ഥാനത്ത് എത്താനായെങ്കില്‍ ആ ഭഗീരഥയത്‌നത്തില്‍ ഠേംഗിഠിജിയോടൊപ്പമുണ്ടായ മുതിര്‍ന്ന പ്രവര്‍ത്തകരില്‍ ഒരാളാകാന്‍ വേണുവേട്ടനു കഴിഞ്ഞു.
പല വിദേശ രാജ്യങ്ങളും വേണുവേട്ടന്‍ ബി.എം.എസ്സിനെ പ്രതിനിധീകരിച്ചു സന്ദര്‍ശിച്ചിട്ടുണ്ട്. 1985ല്‍ ചൈനയിലെ ഏക ട്രേഡ് യൂണിയനായ എ.സി.എഫ്.ടി.യു.വിന്റെ ക്ഷണ പ്രകാരം ഠേംഗിഠിജിയുടെ നേതൃത്വത്തില്‍ അഞ്ചംഗ ബി.എം.എസ്. പ്രതിനിധി സംഘം ചൈന സന്ദര്‍ശിച്ചു. അതില്‍ ഒരാള്‍ വേണുവേട്ടനായിരുന്നു. ദേശീയ ബോധമുള്ള തൊഴിലാളി, വിശ്വകര്‍മജയന്തി തൊഴിലാളിദിനം തുടങ്ങി നിരവധി വ്യത്യസ്തത പുലര്‍ത്തുന്ന ബി.എം.എസ്സിന്റെ ആശയങ്ങളുടെ പശ്ചാത്തലം അറിയാനാണ് അന്ന് ബി.എം.എസ്സിനെ മാത്രമായി ചീനയിലേക്ക് ക്ഷണിച്ചത്.
1994 ജൂണില്‍ നടന്ന ഐ.എല്‍.ഓ.സമ്മേളനത്തില്‍ അമേരിക്കന്‍, യൂറോപ്യന്‍ സര്‍ക്കാരുകളും ട്രേഡ് യൂണിയനുകളും മറ്റും ചേര്‍ന്ന് വികസ്വര രാജ്യങ്ങളുടെ കയറ്റുമതി തടയുന്ന ‘സാമൂഹ്യ വകുപ്പ്’ എന്ന പ്രമേയം അവതരിപ്പിച്ചു. ബാലവേല തുടങ്ങിയവ ഉപയോഗിച്ച് കൊണ്ടുള്ള ഉല്പന്നങ്ങള്‍ ലോക വിപണിയില്‍ വില്‍ക്കുന്നത് തടയുന്ന നിയമ ഭാഗമാണ് ‘സാമൂഹ്യ വകുപ്പ്’. ഭാരതം, നേപ്പാള്‍ പോലുള്ള രാജ്യങ്ങളില്‍ പരവതാനി പോലുള്ളവ കുട്ടികളെ ഉപയോഗിച്ച് ഉണ്ടാക്കുന്നു എന്ന പരാതി നിലനില്‍ക്കുന്ന കാലമായിരുന്നു അന്ന്. വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള ഏത് ഉല്‍പ്പന്നത്തിന്റെയും കയറ്റുമതി ഈ വകുപ്പ് അനുസരിച്ചു വികസിത രാജ്യങ്ങള്‍ക്ക് തടയാനാകുമെന്ന സ്ഥിതിയായി. അന്ന് അത് തിരിച്ചറിയാന്‍ മറ്റ് വികസ്വര രാജ്യങ്ങളിലെ പ്രതിനിധികള്‍ വൈകിയപ്പോള്‍ അതിനെ എതിര്‍ക്കാന്‍ വേണുവേട്ടന്റെ നേതൃത്വത്തില്‍ ബി.എം.എസ്. മാത്രമായിരുന്നു ധൈര്യപ്പെട്ടത്. എ.ഐ.ടി.യു.സി. പ്രതിനിധി മാത്രമാണ് ഭാരതത്തില്‍ നിന്നും വേണുവേട്ടനെ പിന്തുണച്ചത്. ബാലവേല തുടങ്ങിയ സാമൂഹ്യ വിപത്തുക്കള്‍ ദേശീയ തലത്തില്‍ എതിര്‍ക്കപ്പെടേണ്ടതാണ്, പക്ഷേ അവയെ ആഗോള വ്യാപാരവുമായി ബന്ധപ്പെടുത്തിയാകരുതെന്ന വേണുവേട്ടന്റെ വാക്കുകള്‍ക്ക് ആദ്യം പാകിസ്ഥാന്റെ പ്രതിനിധിയും, തുടര്‍ന്ന് മറ്റു വികസ്വര രാജ്യങ്ങളുടെ പ്രതിനിധികളും ഓരോരുത്തരായി പിന്തുണക്കുകയും, അങ്ങിനെ ആ തീരുമാനം തടയപ്പെടുകയും ചെയ്തു. സമ്മേളനങ്ങളിലെ വേണുവേട്ടന്റെ സക്രിയ ഇടപെടലുകളും, മറ്റുള്ളവരോടുള്ള അങ്ങേയറ്റം സൗഹൃദപരമായ പെരുമാറ്റവും ഒരു വലിയ സുഹൃദ്‌വലയമാണ് ദേശീയ തലത്തിലും, അന്താരാഷ്ട്ര തലത്തിലും സൃഷ്ടിച്ചിട്ടുള്ളത്. മറ്റ് ട്രേഡ് യൂണിയനുകളുടെ പഴയകാല നേതാക്കള്‍ സഹോദര തുല്യമായതാണ് വേണുവേട്ടനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഞങ്ങളുമായി പങ്കുവച്ചിട്ടുള്ളത്.
ഠേംഗിഠിജിയുമായുള്ള അര നൂറ്റാണ്ടോളം നീണ്ടുനിന്ന ബന്ധം കൊണ്ടാകാം സംഘടനാ കാര്യത്തില്‍ വേണുവേട്ടന്റെ വിട്ടുവീഴ്ചയില്ലാത്ത സമീപനം കൂടെ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം അനുഭവപ്പെട്ടിട്ടുള്ളത്. സംഘടനാ പ്രവര്‍ത്തനത്തിനിടയില്‍ ഹോട്ടലുകളില്‍ താമസിക്കാതെ പ്രവര്‍ത്തകരുടെ വീടുകളിലും, കാര്യാലയങ്ങളിലും മാത്രം താമസിക്കുന്ന ശീലം ഇന്നും ബി.എം.എസ്സിലും മറ്റ് സംഘ സൃഷ്ടികളിലും തുടരുന്നതിന്റെ കാരണം ഇതുപോലുള്ള ആദര്‍ശ മാതൃകകളുടെ നിറ സാന്നിധ്യമാണ്.
ഒരിക്കല്‍ യാത്രക്കിടയില്‍ പെട്ടെന്നു വഴിയില്‍ യാദൃച്ഛികമായി കണ്ട സംഘത്തിന്റെ ഒരു ശാഖ സന്ദര്‍ശിച്ചു. ശാഖയില്‍ ഉല്‍സവ പരിപാടി ദിവസമായിരുന്നു. വേണുവേട്ടനെ കണ്ടയുടന്‍ ചോദിക്കാതെ വേണുവേട്ടന്റെയാണ് ഇന്നത്തെ ബൌദ്ധിക് എന്നു മുഖ്യ ശിക്ഷകന്‍ പ്രഖ്യാപിച്ചു. ഇത് കേട്ട് യാതൊരു തയ്യാറെടുപ്പുമില്ലാതിരുന്ന വേണുവേട്ടന്‍ ഒന്നു പകച്ചു. എങ്കിലും എഴുന്നേറ്റ് ചെന്നു പറഞ്ഞു: ”മുന്‍ കൂട്ടി അറിയിച്ചിട്ടില്ലെങ്കിലും, എത്ര വലിയ ചുമതലയുള്ളയാളാണെങ്കിലും ശാഖയില്‍ മുഖ്യ ശിക്ഷകന്റെ ആജ്ഞയാണ്, അനുസരിക്കാതിരിക്കാന്‍ സാധ്യമല്ല.” സംഘ ഭക്തിയുടെ ഉദാത്ത മാതൃക ഓരോ നിമിഷത്തിലും അദ്ദേഹത്തില്‍ പ്രതിഫലിച്ചിരുന്നു.
ദല്‍ഹിയില്‍ ദേശീയ വര്‍ക്കിങ് പ്രസിഡന്റായിരുന്നപ്പോഴും കേരളത്തിന്റെ തനതു വേഷമായ മുണ്ടും ഷര്‍ട്ടും ധരിച്ച് ഒരു പുരാതനമായ സ്‌കൂട്ടറിലാണ് നഗരത്തില്‍ യാത്ര ചെയ്യുക. അദ്ദേഹത്തോടൊപ്പം സ്‌കൂട്ടറിന്റെ പുറകില്‍ കയറിഇരുന്നു പലരെയും സമ്പര്‍ക്കം ചെയ്യാന്‍ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലേക്ക് കയറിവരുന്നു. രണ്ടു തവണ വഴിയില്‍ കേടുവന്ന സ്‌കൂട്ടര്‍ ഉന്താന്‍ വേണുവേട്ടനെ എനിക്കു സഹായിക്കേണ്ടി വന്നിട്ടുണ്ട്. ഡല്‍ഹിയിലെ മലയാളി സ്വയംസേവകരെ സംഘടിപ്പിക്കാന്‍ സ്‌കൂട്ടറില്‍ വരുന്ന വേണുവേട്ടന്‍ അവിടുത്തെ മലയാളികള്‍ക്ക് വളരെ സുപരിചിതനാണ്. അവിടെ മലയാളികളുടെ സംഘടനയായ നവോദയക്ക് വേണ്ടി ‘കേരളം ഇന്ന്’ എന്ന ഒരു മാസിക അദ്ദേഹം മുന്‍കൈയെടുത്ത് ഇറക്കിയിരുന്നു. അതിന്റെ പ്രിന്റിംഗ് മുതല്‍ പോസ്റ്റലായി അയക്കുന്നതുവരെ അദ്ദേഹമാണ് ചെയ്തത് എന്നു ഡല്‍ഹിയിലെ നമ്മുടെ പ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. ബി.എം.എസ്. കംപ്യൂട്ടര്‍വല്‍കരണത്തെ എതിര്‍ക്കുന്ന സമയത്ത് കംപ്യുട്ടര്‍ വാങ്ങിയ വേണുവേട്ടന്‍ പറഞ്ഞ ന്യായം, നാം കംപ്യൂട്ടറിനെ അല്ല എതിര്‍ക്കുന്നത്, കംപ്യൂട്ടര്‍വല്‍കരണത്തെയാണ് എന്നാണ്. ജീവിതത്തില്‍ ഉടനീളം കാറില്‍ സഞ്ചരിക്കില്ല, ബസ്സിലും സ്‌കൂട്ടറിലുമേ സഞ്ചരിക്കൂ എന്നു പിടിവാശി പിടിച്ച വേണുവേട്ടന് ഒടുവില്‍ തന്റെ 85-ാം വയസ്സില്‍ പ്രാന്തപ്രചാരകന്റെ ആജ്ഞക്ക് മുമ്പിലാണ് ആ തീരുമാനം മാറ്റേണ്ടിവന്നത്. മാതൃഭാഷയുടെ മഹത്വം ഊട്ടിയുറപ്പിക്കാന്‍ തന്റെ പേരിന്റെ ഇനീഷ്യല്‍ ‘ആര്‍’ എന്നതിന് പകരം ‘രാ’ എന്നാണ് അദ്ദേഹം ഉപയോഗിച്ചത് (രാവുണ്യാരത്ത് എന്ന വീട്ടുപേരിന്റെ ചുരുക്കം).
ചെലവ് ചുരുക്കിയുള്ള സമര്‍പ്പണ രീതി
വര്‍ഷം തോറും ജനീവയില്‍ വച്ച് നടക്കുന്ന അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ സമ്മേളനത്തില്‍ വളരെ വര്‍ഷങ്ങളോളം വേണുവേട്ടന്‍ ഭാരതത്തില്‍ നിന്നുള്ള പ്രതിനിധി മണ്ഡലത്തില്‍ അംഗമായിരുന്നു. രണ്ടു വര്‍ഷം അദ്ദേഹം പ്രതിനിധി സംഘത്തെ നയിക്കുകയും ചെയ്തു.
ജനീവയിലെ താമസക്കാലത്ത് ചിലവ് ചുരുക്കാന്‍ ഹോട്ടല്‍ മുറിയില്‍ വേണുവേട്ടന്‍ സ്വയം കഞ്ഞിയും ഭക്ഷണവും തയ്യാറാക്കുമ്പോള്‍ അത് കഴിക്കാന്‍ മറ്റ് യൂണിയന്‍ പ്രതിനിധികളും ഉടമകളുടെ പ്രതിനിധികളും ഒത്തു ചേരാറുണ്ടായിരുന്നു. തിരിച്ചു വരുമ്പോഴേക്കും ഊട്ടിയുറപ്പിച്ച സൗഹൃദത്തിന്റെ ഓര്‍മ്മകളുമായാണ് പ്രതിനിധി സംഘം നാട്ടിലെത്തുക. അങ്ങിനെ ലാഭിക്കുന്ന പണം തിരിച്ചു വന്നാല്‍ ആദ്യം തന്നെ ബി.എം.എസ്. കാര്യാലയത്തില്‍ ഏല്‍പ്പിച്ച ശേഷം സ്വയം ഉണക്ക ചപ്പാത്തിചുട്ട് അച്ചാറും കൂട്ടി കഴിക്കുമായിരുന്നു. ഒരിക്കല്‍ ജനീവയില്‍ നിന്നും തിരിച്ചുവന്ന ശേഷം പണം കാര്യാലയത്തില്‍ അടച്ചു അടുക്കളയില്‍ എത്തിയപ്പോഴേക്കും ഉച്ച കഴിഞ്ഞു മൂന്നു മണിയായി അടുക്കള അടച്ചിരുന്നു. അതേസമയം പുറത്തു പോയി കഴിക്കാനുള്ള പണം ബാക്കിയില്ല. അദ്ദേഹം അടുക്കളയില്‍ വച്ചിരുന്ന തലേ ദിവസത്തെ ചപ്പാത്തി ചൂടാക്കി കുറച്ചു ഉപ്പും കൂട്ടി കഴിച്ചു വെള്ളവും കുടിച്ചു വിശപ്പടക്കി. അടുത്ത തലമുറക്ക് എങ്ങിനെയാണ് സംഘടനയില്‍ ത്യാഗസമര്‍പ്പിതമായി ജീവിക്കേണ്ടത് എന്നതിന്റെ പാഠങ്ങള്‍ വേണുവേട്ടനെ പോലുള്ള ആദര്‍ശ ജീവിതങ്ങളില്‍ നിന്നാണ് പകര്‍ന്നു കിട്ടിയത്.
ഇത്തരം ആദര്‍ശത്തിന്റെ ആള്‍രൂപങ്ങളാണ് സംഘടനയെ എക്കാലവും തകര്‍ക്കാനാകാത്ത വിധം ശക്തിപ്പെടുത്തുന്നത്.
തലകുനിയ്ക്കാത്ത യൗവ്വനം
വേണുവേട്ടന്റ മുറിയിലെ ചുമരില്‍ എഴുതിവച്ച ടി.എസ്. തിരുമുമ്പിന്റെ ഒരു കവിതാ ശകലം ഒരു തൊഴിലാളി നേതാവിന്റെ ആര്‍ജ്ജവത്തിന്റ പ്രഖ്യാപനമായിരുന്നു:
‘തല നരക്കുവതല്ലെന്റെ വാര്‍ദ്ധക്യം
തല നരക്കാത്തതല്ലെന്റെ യൗവ്വനം
കൊടിയ ദുഷ്പ്രഭുത്വത്തിന്‍ മുമ്പില്‍
തല കുനിക്കാത്തതാണെന്റെ യൗവ്വനം’
പ്രായം മനസ്സിനേയും ശരീരത്തേയും തളര്‍ത്തിയില്ലെങ്കിലും, പുതിയ തലമുറക്കു വഴിമാറിക്കൊണ്ട് വേണുവേട്ടന്‍ ബി.എം.എസ്. ചുമതലകള്‍ ഒഴിവാക്കി പ്രവര്‍ത്തന ക്ഷേത്രം ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് മാറ്റി. കുറച്ചു കാലം സംഘ ചുമതലയേറ്റെടുത്ത് പ്രൗഢ സ്വയംസേവകരെ സമ്പര്‍ക്കം ചെയ്യാന്‍ കേരളം മുഴുവന്‍ സഞ്ചരിച്ചു. കൂട്ടത്തില്‍ മലപ്പുറം അങ്ങാടിപ്പുറത്തിന് സമീപം മലാപ്പറമ്പിലെ നരസിംഹമൂര്‍ത്തി ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനത്തിലും അദ്ദേഹം നിരതനായി.
വേണുവേട്ടന്റെ സഹോദരതുല്യമായ പെരുമാറ്റത്തിന്റെ ശീതളച്ഛായ അനുഭവിക്കാനുള്ള ഭാഗ്യം ലഭിച്ച കാര്യകര്‍ത്താക്കള്‍ കേരളത്തിലും പുറത്തും നിരവധിയാണ്. ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ ഓര്‍മ്മ കുറേശ്ശെ കുറേശ്ശെയായി നഷ്ടപ്പെടുന്നതുവരെ നിരന്തരമായ പ്രവാസം ജീവിതചര്യയായിരുന്നൂ. ഒടുവില്‍ ഓര്‍മ്മ നഷ്ടപ്പെടുന്ന നാളുകളില്‍ എറണാകുളത്തെ സംഘ കാര്യാലയത്തില്‍ തന്നെ കാണാന്‍ വരുന്നവരെ ഓര്‍മ്മിച്ചെടുക്കാനും സംസാരിക്കാനും ബുദ്ധിമുട്ടി ശ്രമിക്കുന്ന കാഴ്ച കണ്ണുനിറയിക്കുന്നതായിരുന്നു.
കേരളത്തിലെ ഏറ്റവും മുതിര്‍ന്ന സംഘപ്രചാരകനായ, സംഘ കുടുംബത്തിന്റെ കാരണവരായ അദ്ദേഹം 96-ാം വയസ്സില്‍ ജൂണ്‍ 10നു നമ്മോടു വിടപറയുമ്പോള്‍ നാം തിരിച്ചറിയുന്നത് ഈ കര്‍മ്മയോഗിയുടെ ജീവിതം ധാന്ന്യമായി എന്നാണ്.
(ബി.എം.എസ്. അഖിലേന്ത്യ
അദ്ധ്യക്ഷനാണ് ലേഖകന്‍)