നിഷേധാത്മക മനോഭാവത്തോടെ വ്യക്തിക്കായാലും സമൂഹത്തിനായാലും അധികകാലം മുന്നോട്ടുപോകാനാവില്ല. സര്‍ഗ്ഗാത്മകമായ മനസ്സ് ഉള്ളവര്‍ക്ക് ഒരിക്കലും നിഷേധാത്മകതയെ പിന്‍തുടരാനുമാവില്ല. പറഞ്ഞുവന്നത് ശരാശരി മലയാളിയുടെ മനോഭാവത്തെക്കുറിച്ച് തന്നെയാണ്. ഭാരതത്തിലെ ഇതര സംസ്ഥാനക്കാരൊക്കെ തങ്ങളേക്കാള്‍ വിവരം കുറഞ്ഞവരും സാക്ഷരതാ നിരക്കില്‍ പിന്നാക്കം നില്‍ക്കുന്നവരും ഒക്കെയാണെന്ന് ഉപബോധമനസ്സില്‍ ഉറച്ചുപോയ ഒരു ധാരണയുമായാണ് മലയാളികള്‍ ജീവിക്കുന്നത്. രാഷ്ട്രീയ ബോധവും അവകാശബോധവും പ്രതികരണശേഷിയും മതേതര കാഴ്ചപ്പാടും ഒക്കെ മലയാളിക്ക് ജന്മസിദ്ധമാണ് എന്ന നിലയില്‍ പലരും പറഞ്ഞ് തെറ്റിദ്ധരിക്കപ്പെട്ട ഒരാള്‍ക്കൂട്ടം മാത്രമാണ് നമ്മള്‍ എന്ന് ഇനി എന്നാണ് നാം തിരിച്ചറിയുക?
ഇക്കഴിഞ്ഞ കാലങ്ങളില്‍ നടന്ന നിയമസഭാ – ലോകസഭാ തിരഞ്ഞെടുപ്പുകളും അതിലെ ജനവിധിയും പരിശോധിക്കുമ്പോള്‍ മലയാളിയുടെ അവകാശവാദങ്ങളുടെ പൊള്ളത്തരം വെളിപ്പെടും. കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ തങ്ങളാണ് ശരിയായ മതേതരക്കാര്‍ എന്ന് സ്ഥാപിക്കാന്‍ നടത്തുന്ന പരിശ്രമം കണ്ടാലറിയാം ഈ പാര്‍ട്ടികളുടെ വര്‍ഗ്ഗീയ പ്രീണന രാഷ്ട്രീയ അടവുകള്‍. ഏതാണ്ട് അമ്പത് ശതമാനത്തോളം ക്രിസ്ത്യന്‍ മുസ്ലിം മതസ്ഥര്‍ ജീവിക്കുന്ന കേരളത്തില്‍ സംഘടിത വോട്ട്ബാങ്കുകളായ ഇവര്‍ തീരുമാനിക്കുന്നതുപോലെയാണ് നാളിതുവരെ ഇടതു-വലതുമുന്നണികള്‍ അധികാരത്തില്‍ മാറിമാറി വന്നിട്ടുള്ളത്. ജനസംഖ്യാപരമായി ഹിന്ദുമതസ്ഥര്‍ കേരളത്തില്‍ സാങ്കേതികമായി മാത്രമാണ് ഭൂരിപക്ഷം എന്ന വസ്തുത സത്യസന്ധമായി വിലയിരുത്തുന്ന ഏവര്‍ക്കുമറിയാം. ഹിന്ദുനാമധാരികളെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ ഹിന്ദുക്കളല്ലെന്നു കരുതുന്നവരാണ് ഏറെയും. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരിലും കുറച്ചുപേരെങ്കിലും തങ്ങള്‍ ഹിന്ദുനാമധാരികളായ അഹിന്ദുക്കളാണ് എന്ന് പരസ്യമായി പറയുന്നവരാണ്. ഇവരുടെ ഇത്തരം നിലപാടുകള്‍ എല്ലാം തന്നെ സംഘടിതമതസ്ഥരുടെ വോട്ടുകള്‍ നേടാന്‍ വേണ്ടിയുള്ള അവസരവാദനിലപാടുകൂടിയാണെന്ന് മനസ്സിലാക്കുമ്പോഴാണ് കേരളം കൊണ്ടാടുന്ന മതേതരമുഖം മൂടി അഴിഞ്ഞുവീഴുന്നത്. കേരളത്തെപ്പോലെ ഇത്രയും വര്‍ഗ്ഗീയമായി ചിന്തിക്കുകയും ചേരിതിരിവുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന മറ്റൊരു പ്രദേശമുണ്ടെന്ന് തോന്നുന്നില്ല.
ഇടതുപക്ഷം തിരഞ്ഞെടുപ്പില്‍ ജയിച്ചാലും വലതുപക്ഷം തിരഞ്ഞെടുപ്പില്‍ ജയിച്ചാലും അതിന്റെ പിന്നില്‍ വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടെന്നതാണ് സത്യം. ശരാശരി മുസ്ലിമോ ക്രിസ്ത്യാനിയോ വര്‍ഗ്ഗീയവാദി അല്ലെങ്കില്‍പ്പോലും പൗരോഹിത്യത്തിന്റെ ഉടുമ്പുപിടിയില്‍ നിന്നും കുതറി മാറാന്‍ കഴിയുന്ന ഉല്‍പ്പതിഷ്ണുക്കള്‍ ഈ സമൂഹങ്ങളില്‍ കുറവാണെന്നുകാണാം. അതുകൊണ്ട് ഭൂരിപക്ഷവര്‍ഗ്ഗീയതാ സിദ്ധാന്തവും നരേന്ദ്രമോദിയുടെ മുസ്ലിം വംശഹത്യകഥകളുമൊക്കെ കണ്ണടച്ച് വിശ്വസിക്കുന്നവരുടെ നാടായി കേരളം മാറിയിരിക്കുന്നു. ബാബറി കെട്ടിടവും ഗുജറാത്ത് കലാപവും ബീഫ് വിവാദവും ഒക്കെ പൊടിപ്പും തൊങ്ങലും വച്ച് പ്രചരിപ്പിച്ച് സംഘടിത മതവിഭാഗങ്ങളിലെ വര്‍ഗ്ഗീയവികാരം ആളിക്കത്തിച്ച് രാഷ്ട്രീയ ലാഭം നേടാന്‍ ശ്രമിക്കുന്ന സിപിഎമ്മും കോണ്‍ ഗ്രസ്സും മുസ്ലിംലീഗും എസ്.ഡി.പി.ഐയും എല്ലാം അവകാശപ്പെടുന്നത് തങ്ങളാണ് യഥാര്‍ത്ഥ മതേതരക്കാരെന്നാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ വര്‍ഗ്ഗീയ വികാരം തങ്ങള്‍ക്കനുകൂലമാക്കുന്നതില്‍ കമ്മ്യൂണിസ്റ്റുകള്‍ ജയിച്ചെങ്കില്‍ ഈ ലോകസഭാ തിരഞ്ഞെടുപ്പില്‍ അതില്‍ വിജയിച്ചത് കോണ്‍ഗ്രസ്സുകാരാണെന്നു മാത്രം.
വസ്തുനിഷ്ഠമായി ഇനിയെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കേരളത്തിലെ ക്രൈ സ്തവ – ഇസ്ലാം മതസമൂഹങ്ങള്‍ തയ്യാറാകേണ്ടതുണ്ട്. ഭാരതമഹാരാജ്യത്ത് ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി നിര്‍ണ്ണായക ശക്തിയുള്ള തൊണ്ണൂറ് ജില്ലകളുണ്ട്. ഇവയിലെല്ലാം കൂടി 79 ലോകസഭാ മണ്ഡലങ്ങളുമുണ്ട്. ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇവയില്‍ 41 എണ്ണം നേടിയത് ബിജെപിയാണ് എന്ന കണക്ക് പറയുന്നത് ‘ടൈംസ് ഓഫ് ഇന്ത്യ’ പോലുള്ള മാധ്യമമാണ്. അതായത് ന്യൂനപക്ഷസ്വാധീനം പകുതിയിലധികമുള്ള ലോക്‌സഭാ മണ്ഡലങ്ങളിലും ജയിച്ചിരിക്കുന്നത് ബിജെപിയാണ്. ഭാരതത്തില്‍ കേരളത്തില്‍ മാത്രമാണ് ന്യൂനപക്ഷ മതവിഭാഗങ്ങളെ, വര്‍ഗ്ഗീയവികാരം കുത്തിവച്ച് ദേശീയ മുഖ്യധാരയില്‍ നിന്നും അകറ്റിനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് – കമ്മ്യൂണിസ്റ്റ് രാഷ്ട്രീയക്കാര്‍ വിജയിച്ചിരിക്കുന്നത്. മാറിയ ദേശീയരാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തിലെ മുസ്ലിം – ക്രൈസ്തവ സമൂഹങ്ങള്‍ക്ക് എത്രകാലം ബിജെപി വിരുദ്ധരായി മാറിനില്‍ക്കാന്‍ കഴിയും? മാറിനില്‍ക്കുംതോറും ആ സമൂഹങ്ങള്‍ ഒറ്റപ്പെടുകയും അര്‍ഹമായ പലതും നേടിയെടുക്കുന്നതില്‍ പരാജയപ്പെടുകയും അല്ലേ ചെയ്യുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ തകര്‍ന്നു നാമാവശേഷമായ കോണ്‍ഗ്രസ്സിനോ, കുഴിമാടം ഒരുങ്ങി ക്കഴിഞ്ഞ കമ്മ്യൂണിസ്റ്റുകള്‍ക്കോ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കുവേണ്ടി എന്തുചെയ്യാന്‍ കഴിയും? വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്തോ കഴിഞ്ഞ നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തിലോ ഈ രാജ്യത്തെ ന്യൂനപക്ഷമതവിഭാഗങ്ങള്‍ക്ക് എന്ത് വിവേചനമാണ് നേരിട്ടതെന്ന് വിലയിരുത്താന്‍ ക്രൈസ്തവ, മുസ്ലിം മതനേതൃത്വം തയ്യാറാവുമോ? രാജ്യത്തിനുള്ളില്‍ അട്ടിമറിയും ഭീകരപ്രവര്‍ത്തനവും നടത്താന്‍ ശ്രമിച്ചവരെ ശക്തമായി നേരിട്ടിട്ടുണ്ടെന്നത് വസ്തുതയാണ്. ഇനിയും അതുണ്ടാകുമെന്ന കാര്യത്തില്‍ തെല്ലും സംശയവും വേണ്ട. ഭാരതത്തിലെ ഇതര സം സ്ഥാനങ്ങളിലെ മുസ്ലിം – ക്രൈസ്തവസമൂഹങ്ങള്‍ മതവര്‍ഗ്ഗീയ ചിന്തകള്‍ വെടിഞ്ഞ് ദേശീയ മുഖ്യധാരയിലേക്ക് വരുമ്പോള്‍ കേരളം പോ ലുള്ള ചില പ്രദേശങ്ങളിലെ ന്യൂനപക്ഷ മതവിഭാഗങ്ങളെ സങ്കുചിത ചിന്തകളിലേക്ക് തള്ളിവിടുന്ന ഇടത്-വലത് രാഷ്ട്രീയ ശകുനിമാരെ അവര്‍ തിരിച്ചറിഞ്ഞ് നിലപാട് തിരുത്തിയില്ലെങ്കില്‍ നഷ്ടം സംഭവിയ്ക്കുന്നത് അതാത് മതവിഭാഗങ്ങള്‍ക്ക് തന്നെയായിരിക്കും.
രണ്ടാം നരേന്ദ്രമോദി ഗവണ്‍മെന്റിന്റെ സത്യപ്രതിജ്ഞാക്ഷണം നിരസിച്ചുകൊണ്ട് മുഖ്യമന്ത്രി വിജയനും, മോദിയെ വികസന നായകനായി ചിത്രീകരിച്ചതിന്റെ പേരില്‍ അബ്ദുള്ളക്കുട്ടിയെ പുറത്താക്കുമെന്ന് പറയുന്ന കോണ്‍ ഗ്രസ് നേതാക്കളുമെല്ലാം കളിക്കുന്നത് ആ പഴയ ന്യൂനപക്ഷപ്രീണനത്തിന്റെ കാര്‍ഡു തന്നെയാണ്. പക്ഷെ മാറിയ സാഹചര്യത്തില്‍ ഈ കാര്‍ഡുകള്‍ എടുക്കാച്ചരക്കായി മാറും എന്ന കാര്യത്തില്‍ സംശയംവേണ്ട. അപ്പോള്‍ നഷ്ടം സംഭവിക്കുക വര്‍ഗ്ഗീയധ്രൂവീകരണം നടത്തി വോട്ട് മറിക്കുന്ന മതവിഭാഗങ്ങള്‍ക്കു തന്നെയാവും എന്ന ബോധം അതാത് വിഭാഗങ്ങളിലെ ചിന്തിക്കുന്നവര്‍ക്കെങ്കിലും ഉണ്ടാകുന്നത് നല്ലതാണ്.