Saturday, July 5, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

മാനവരാശിക്ക് ഭീഷണിയാകുന്ന ചൈന

ഷാബു പ്രസാദ്

Print Edition: 12 June 2020

മനുഷ്യന്റെ സാംസ്‌കാരിക ചരിത്രത്തില്‍ വളരെ വലിയ ഒരു സ്ഥാനം തന്നയാണ് ചൈനക്കുള്ളത്. പാശ്ചാത്യ നാഗരികതകളായ ഈജിപ്റ്റ്, മെസ്സപ്പോട്ടെമിയ, ഗ്രീക്ക് എന്നിവയൊക്കെ കാലാകാലങ്ങളില്‍ മണ്ണടിഞ്ഞു പോയെങ്കില്‍ കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് നിലനിന്നത് മൂന്ന് സംസ്‌കാരങ്ങള്‍ മാത്രമാണ്. ഭാരതത്തിന്റെ സനാതന ധര്‍മ്മം, ജൂതസംസ്‌കാരം, പിന്നെ ചൈനീസ് സംസ്‌കാരം. മാനവരാശിയുടെ നിലനില്‍പ്പിനാവശ്യമായ മൂല്യസങ്കല്‍പങ്ങള്‍ക്ക് വളരെ വലിയ സംഭാവനകള്‍ നല്‍കാന്‍ ഈ മൂന്നു ധാരകള്‍ക്കും കഴിഞ്ഞിട്ടുണ്ട് എന്നത് വാസ്തവം തന്നെയാണ്.

പക്ഷേ കാലത്തിന്റെ കുത്തൊഴുക്കില്‍ സംസ്‌കാരങ്ങള്‍ക്കും ജീര്‍ണ്ണതകള്‍ സംഭവിക്കാം. അധിനിവേശങ്ങളും സാംസ്‌കാരിക ഇടപെടലുകളുമെല്ലാം അവയുടെ നാശത്തിനു വേഗം കൂട്ടും. പക്ഷേ ഏതൊരു പ്രതിസന്ധിയില്‍ നിന്നും ശക്തമായി തിരിച്ചുവരാനുള്ള ഉള്‍ക്കരുത്ത് ഭാരതവും ജൂതരും കാണിച്ചിട്ടുണ്ട്. അതില്‍ ചൈന ഒരു പരിധിവരെ പരാജയപ്പെട്ടു എന്നുവേണം ഇരുപതാം നൂറ്റാണ്ടിലെ ചൈനയെ നിരീക്ഷിക്കുമ്പോള്‍ മനസ്സിലാക്കന്‍. ആ ജീര്‍ണ്ണതക്ക് നെടുനായകത്വം വഹിച്ചത് ചൈനയിലെ കമ്മ്യുണിസ്റ്റ് ആധിപത്യമാണ് എന്ന് പറഞ്ഞാല്‍ അതൊട്ടും അധികമാവില്ല.

കമ്മ്യൂണിസത്തില്‍ അന്തര്‍ലീനമായ ഒരു രക്തഗുണമുണ്ട് ചുറ്റുമുള്ള എന്തിനോടും, ആരോടും ഉള്ള അവിശ്വാസവും ഭയവുമാണത്. തങ്ങളല്ലാത്ത എല്ലാം ശത്രുക്കളാണ്, ഉന്മൂലനം ചെയ്യപ്പെടേണ്ടതാണ് എന്ന മാനസികാവസ്ഥ ലോകത്തിലെ എല്ലാ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും പൊതുസ്വഭാവമാണ്. അതിനെക്കുറിച്ച് എംടി വാസുദേവന്‍ നായര്‍ ഒരിക്കല്‍ എഴുതിയിരുന്നു…

1971 ലെ സോവിയറ്റ് യാത്രയെക്കുറിച്ചുള്ള ലേഖനത്തിലാണ് എംടി ഇതെഴുതിയത്..ഹോട്ടല്‍ മുറിയിലേക്ക് അബദ്ധം പറ്റിയ പോലെ തള്ളിത്തുറന്നു വരുന്ന അപരിചിതര്‍. ടെലഫോണ്‍ ഡയരക്ടറി എന്നത് കണികാണാന്‍ പോലുമില്ലാത്ത അവസ്ഥ. എവിടെപ്പോയാലും ആരൊക്കയോ നിരീക്ഷിക്കുന്നു എന്ന തോന്നല്‍. എഴുത്തുകാരെ കാണാന്‍ പോയ അദ്ദേഹത്തിന് ആരെയും കാണാന്‍ സാധിച്ചില്ല. ഒടുവില്‍ മനസ്സുമടുത്ത് തിരികെപ്പോരുമ്പോള്‍ തന്റെ ഗൈഡായിരുന്ന ചെറുപ്പക്കാരനോട് അദ്ദേഹം പൊട്ടിത്തെറിച്ചു. ‘നിങ്ങളും ഈ മഹാരാജ്യവും ആരെയാണ് ഇങ്ങനെ ഭയപ്പെടുന്നത്?’

ഈ മാനസികവസ്ഥയിലേക്കാണ് 1948 ലെ വിപ്ലവാനന്തര കമ്മ്യുണിസ്റ്റ് ചൈന എടുത്തെറിയപ്പെട്ടത്. അക്കാലത്ത് തന്നെ മഹാദാര്‍ശനികനും ഋഷിയുമായ മഹര്‍ഷി അരവിന്ദന്‍ ചൈനയെന്ന മഹാവിപത്തിനെപ്പറ്റി കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു..പക്ഷേ മനസ്സുകൊണ്ടും ജീവിതം കൊണ്ടും പാശ്ചാത്യനും ചിന്താഗതികൊണ്ട് കമ്മ്യൂണിസ്റ്റുമായിരുന്ന ജവഹര്‍ലാല്‍ നെഹ്രു അരവിന്ദനെപ്പോലുള്ള ദീര്‍ഘദര്‍ശികളുടെ വാക്കുകളെ അവഗണിക്കുകയായിരുന്നു. രണ്ടു ലോകമഹായുദ്ധങ്ങളിലെ ഭാരതത്തിന്റെ പങ്കും ത്യാഗവും പരിഗണിച്ച് ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയിലെ സ്ഥിരംഗത്വത്തിന് എല്ലാ അര്‍ഹതയും സാധ്യതകളും ഉണ്ടായിട്ടും ആ അവസരം ഉപയോഗിക്കാതെ ചൈനയുടെ ഒപ്പം നില്‍ക്കാനാണ് നെഹ്രു തയ്യാറായത്. ഹിന്ദി ചീനി ഭായി ഭായി എന്ന മുദ്രാവാക്യവും പഞ്ചശീല തത്വങ്ങളും ഒക്കെ രംഗം കൊഴുപ്പിക്കുമ്പോള്‍ അണിയറയില്‍ തയ്യാറാവുന്ന ചതിയുടെ രസതന്ത്രങ്ങള്‍ മനസ്സിലാക്കാന്‍ അന്നത്തെ രാജ്യനേതൃത്വത്തിനു കഴിയാതെ പോയത് ആധുനിക ഭാരത ചരിത്രത്തിലെ ഏറ്റവും നാണംകെട്ട ഒരു ഏടാണ്. എല്ലാ അന്തരാഷ്ട്ര മര്യാദകളെയും ലംഘിച്ച്, ടിബറ്റ് എന്ന സ്വതന്ത്ര രാജ്യത്തെ ചൈന കൈയ്യേറിയപ്പോഴും പഞ്ചശീലത്തില്‍ അഭിരമിച്ചുപോയ നെഹ്രുവിനു ഒന്നും മനസ്സിലായില്ല. ഭാരതത്തിലേക്ക് ഒളിച്ചോടിയ ദലൈ ലാമയെ പുറത്താക്കാന്‍ ചൈന എല്ലാ സമ്മര്‍ദ്ദവും ചെലുത്തിയെങ്കിലും ഇന്ത്യയിലെ ബുദ്ധമത വിഭാഗത്തിന്റെ ശക്തി, ലോകരാജ്യങ്ങളുടെ എതിര്‍പ്പ് എല്ലാം കൊണ്ട് ചൈനയുടെ നിലപാടിനെ സ്വീകരിക്കാന്‍ നെഹ്രുവിനു കഴിയില്ലായിരുന്നു. അപ്പോഴെങ്കിലും കമ്മ്യുണിസ്റ്റ് ചൈന എന്ന ചതിയന്‍ രാജ്യത്തെ നെഹ്രു മനസ്സിലാക്കണമായിരുന്നു. അതിനു വലിയ വില തന്നെ കൊടുക്കേണ്ടിയും വന്നു.

ഒരു സോഷ്യലിസ്റ്റ് രാജ്യം മറ്റൊരു സോഷ്യലിസ്റ്റ് രാജ്യത്തെ ആക്രമിക്കേണ്ട കാര്യമില്ല, പ്രത്യേകിച്ച് ചൈന ഇന്ത്യയെ എന്ന സ്വപ്‌നലോകത്തിരുന്ന നെഹ്രുവിന്റെ ഭരണകൂടം പ്രതിരോധരംഗത്ത് കാട്ടിയ കുറ്റകരമായ നിസ്സംഗതയാണ് 1962ലെ ചൈന യുദ്ധത്തിലെ നാണംകെട്ട തോല്‍വിക്കും ലക്ഷക്കണക്കിന് ചതുരശ്ര കിലോമീറ്റര്‍ പ്രദേശം അവരുടെ കൈയ്യില്‍ അകപ്പെടാനും കാരണം.

പതിനാലു രാജ്യങ്ങളുമായിട്ടാണ് ചൈന നേരിട്ട് അതിര്‍ത്തി പങ്കിടുന്നത്. എന്നാല്‍ അവര്‍ക്ക് അതിര്‍ത്തി തര്‍ക്കമുള്ളത് ഇരുപതോളം രാജ്യങ്ങളുമായിട്ടാണ്. പ്രതിരോധ രംഗത്ത് അവര്‍ ഏറ്റവും സഹകരിക്കുന്ന റഷ്യ, ചൈനയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാര്‍ ആയ വടക്കന്‍ കൊറിയ അടക്കം കര അതിര്‍ത്തിയുള്ള രാജ്യങ്ങളെ കൂടാതെ ജപ്പാന്‍, മലേഷ്യ,ബ്രുണായ്, ഫിലിപ്പെന്‍സ് ,തായ്‌വാന്‍ തുടങ്ങിയ വിദൂരസ്ഥങ്ങളായ രാജ്യങ്ങളിലെ ഭാഗങ്ങള്‍ക്കുനേരെയും ഇവര്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. ദക്ഷിണ ചൈന കടലിലെ ദ്വീപുകളുടെ അവകാശവാദത്തിന്മേലുള്ള സംഘര്‍ഷം ലോകത്തിനു തന്നെ തലവേദനയായിട്ട് വര്‍ഷങ്ങളായി.

അങ്ങനെ എല്ലാറ്റിനെയും ഭയപ്പെട്ടു, മറ്റുള്ളവരെ ഭയപ്പെടുത്തി, ഭയം വിറ്റുതിന്നു ജീവിക്കുന്ന കമ്മ്യൂണിസത്തിന്റെ പ്രത്യേക മാനസികാവസ്ഥ സ്വാഭാവികമായും ചൈനയുടെ ഓരോ പ്രവൃത്തിയിലുമുണ്ട്. അപ്പോള്‍ പുതിയ ഉണര്‍വ്വിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഭാരതത്തിനെ അവര്‍ ഭയപ്പെടുകയും ഭയപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നത് സ്വാഭാവിക പരിണതി ആണല്ലോ.

ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വപ്‌നപദ്ധതിയാണ് CPEC (China Pakistan Economic Corridor)അഥവാ ചൈന-പാകിസ്ഥാന്‍ വ്യാവസായിക ഇടനാഴി. യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കുമുള്ള ചൈനയുടെ ചരക്കു നീക്കത്തിനുള്ള ദൂരവും സമയവും ഗണ്യമായി കുറയ്ക്കുന്ന വന്‍പദ്ധതിയാണിത്. ചൈനയിലെ ഖസ്ഗറില്‍ ആരംഭിച്ച് ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍ വഴി പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുള്ള ഗദ്വാര്‍ തുറമുഖത്ത് അവസാനിക്കുന്ന മള്‍ട്ടി ലൈന്‍ റോഡുകള്‍, റെയില്‍വേ ലൈനുകള്‍ എല്ലാമടങ്ങിയ,ആയിരം കിലോമീറ്ററുകളോളം നീളമുള്ള ഈ പദ്ധതി പൂര്‍ണ്ണമായും പാകിസ്ഥനിലൂടെയാണ് കടന്നുപോകുന്നത്. പാകിസ്ഥാനില്‍ നടക്കുന്ന ഈ പദ്ധതി പൂര്‍ണ്ണമായും ചൈനയുടെ ചെലവില്‍ അവര്‍ക്ക് സൗജന്യമായി ലഭിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. സൂയസ്, പനാമ കനാലുകള്‍ ലോകത്തിലെ കപ്പല്‍ ഗതാഗതത്തെ മാറ്റിമറിച്ചത് പോലെ, ചൈനയുടെയും പാകിസ്ഥാന്റെയും സാമ്പത്തിക ഭാവിയില്‍ ഈ പദ്ധതിക്കുള്ള പ്രാധാന്യം വളരെ വലുതാണ്. അതുകൊണ്ടുതന്നെ എന്തുവില കൊടുത്തും ഈ പദ്ധതി നടപ്പാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. 46 ബില്ല്യണ്‍ ഡോളര്‍ അഥവാ മൂന്നുലക്ഷത്തി ഇരുപതിനായിരം കോടി ഇന്ത്യന്‍ രൂപയാണ് ചൈന ഇതിനുവേണ്ടി മുടക്കുന്നത്. ഇക്കാര്യത്തില്‍ ഇരുവര്‍ക്കും പരസ്പരം ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്‌തേ പറ്റൂ. അതുകൊണ്ടുതന്നെ ചൈനയും പാകിസ്ഥാനും തമ്മില്‍ അതിര്‍ത്തി തര്‍ക്കങ്ങളില്ല എന്ന് മാത്രമല്ല പാകിസ്ഥാന്‍ അനധികൃതമായി കൈയ്യേറിയ പാകധീന കശ്മീരിന്റെ ഒരു ഭാഗം ചൈനക്ക് ദാനം നല്‍കുക പോലും ചെയ്തു..അതുവഴിയാണ് ചൈന കാരക്കോറം ഹൈവേ പണിഞ്ഞത്.

എന്നാല്‍ ഈ സാമ്പത്തിക ഇടനാഴി പദ്ധതിയെ ഭാരതം ആശങ്കയോടെ ആണ് കാണുന്നത്. ഒന്നാമത് ഇത് കടന്നു പോകുന്ന ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖല പാക് അധീന കാശ്മീരിന്റെ ഭാഗമാണ്. പക്കധീന കാശ്മീര്‍ എന്നത് പാകിസ്ഥാന്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഇന്ത്യന്‍ ഭൂമിയാണ്. പതിറ്റാണ്ടുകളായി തര്‍ക്ക പ്രദേശമാണ്. ഇന്നല്ലെങ്കില്‍ നാളെ അത് ഇന്ത്യന്‍ യൂനിയന്റെ ഭാഗമാകേണ്ടാതുമാണ്. അങ്ങനയുള്ള ഇന്ത്യന്‍ ഭൂമിയിലൂടെ മറ്റൊരു ശത്രുരാജ്യം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നിയമവിരുദ്ധവും അന്താരാഷ്ട്ര മര്യാദകള്‍ക്ക് നിരക്കാത്തതുമാണ്. പിന്നെ ഇത് പ്രചരിപ്പിക്കപ്പെടുന്നതുപോലെ അത്ര നിഷ്‌കളങ്കമൊന്നുമല്ല. ഈ പദ്ധതിവഴി പാകിസ്ഥാന്‍ പൂര്‍ണ്ണമായും ചൈനയുടെ ഒരു സാമന്ത രാജ്യമായി മാറും. നാളെ ഒരിക്കല്‍ അവര്‍ ഈ വന്‍ മുതല്‍മുടക്കിന്റെ കണക്കു പറയുകയും അത് തീര്‍ക്കാന്‍ കഴിയാതെ കടക്കെണിയിലാകുന്ന പാകിസ്ഥാന്‍ പൂര്‍ണ്ണമായും ചൈനക്ക് കീഴടങ്ങുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യും. ഇങ്ങനെ ശ്രീലങ്ക അടക്കം പല രാജ്യങ്ങളെയും ചൈന കുടുക്കിയിട്ടുണ്ട്. അങ്ങനെയുള്ള അവസ്ഥയില്‍ നാലുപാടുനിന്നും ഇന്ത്യയെ വളയുക എന്ന ചൈനയുടെ ദീര്‍ഘകാലമായുള്ള ലക്ഷ്യമാണ് നടക്കുക. അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തും ഈ പദ്ധതി നടപ്പാവാതിരിക്കുക എന്നത് ഭാരതത്തിനും നിര്‍ണ്ണായകമാണ്.
2014നു ശേഷമുള്ള ഭാരതത്തിന്റെ സമീപനവും ശരീരഭാഷയും അന്താരാഷ്ട്ര ബന്ധങ്ങളില്‍ നടത്തുന്ന നിര്‍ണ്ണായക പുരോഗതിയുമെല്ലാം ഏറ്റവും അസ്വസ്ഥമാക്കുന്നത് ചൈനയെ തന്നെ ആകുമെന്നത് നിസ്തര്‍ക്കമാണല്ലോ. കൂടാതെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ആകൃഷ്ടരായി നൂറുകണക്കിന് വിദേശ കമ്പനികള്‍ ഭാരതത്തില്‍ നിക്ഷേപമിറക്കിക്കൊണ്ടിരിക്കുന്നു. ലോകത്തിന്റെ നിര്‍മ്മാണ ഹബ്ബ് തന്നെയായിരുന്ന ചൈനയില്‍ നിന്നുമാണ് വന്‍ കമ്പനികള്‍ പിന്‍വാങ്ങി ഇന്ത്യയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ആറു വര്‍ഷം മുമ്പ് ഭാരതത്തില്‍ വില്‍ക്കപ്പെടുന്ന മൊബൈല്‍ ഫോണുകളുടെ തൊണ്ണൂറു ശതമാനവും ചൈനയില്‍ നിര്‍മ്മിച്ചത് ആയിരുന്നങ്കില്‍ ഇപ്പോള്‍ വില്‍ക്കപ്പെടുന്ന തൊണ്ണൂറു ശതമാനം ഫോണുകളും നിര്‍മ്മിക്കുന്നത് ഇന്ത്യയിലാണ്. ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങ് അവരുടെ ഏറ്റവും വലിയ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിച്ചത് ഭാരതത്തിലാണ്.

ഭാരതത്തിന്റെ ഈ കുതിപ്പ് തങ്ങളുടെ നിര്‍മ്മാണ ഹബ്ബ് എന്ന സ്ഥാനത്തിനു വലിയ ഭീഷണിയായിക്കഴിഞ്ഞു എന്ന് ചൈന നേരത്തെ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ, ഇന്ത്യ എന്നാല്‍ സുരക്ഷിതമല്ലാത്ത രാജ്യമാണ്, അവിടെ എപ്പോഴും ഭീകരപ്രവര്‍ത്തനമാണ്, അയല്‍രാജ്യങ്ങളുമായി യുദ്ധസമാനമായ അന്തരീക്ഷമാണ്, അഴിമതിയാണ് എന്നൊക്കെ ലോകസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. ചൈനയുടെ സഹായത്തിലും പണക്കൊഴുപ്പിലുമാണ് കാശ്മീര്‍ ഭീകരവാദികള്‍ കഴിയുന്നത് എന്നത് പരസ്യമായ രഹസ്യമാണ്. ചൈന നല്‍കുന്ന ആളും അര്‍ത്ഥവും ഉപയോഗിച്ചാണ് മാവോയിസ്റ്റുകള്‍ എന്ന കമ്മ്യുണിസ്റ്റു ഭീകരര്‍ ഇവിടെ അഴിഞ്ഞാടിക്കൊണ്ടിരിക്കുന്നത്. ഭീകര നേതാവ് ഹഫീസ് സെയ്ദിനെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിക്കാനുള്ള നീക്കം ഐക്യരാഷ്ട്ര സഭയില്‍ വര്‍ഷങ്ങളായി വീറ്റോ ചെയ്ത് നിര്‍ത്തിയിരിക്കുന്നത് ചൈനയാണ്. ഭാരതത്തിനു ആണവ ഇന്ധനം യഥേഷ്ടം ലഭിക്കാനുള്ള അന്താരാഷ്ട്ര കരാറിനെ വര്‍ഷങ്ങളോളം തടയിട്ടു നിര്‍ത്തിയതും ചൈന തന്നെയാണ്.

2017 ല്‍ ഭൂട്ടാനിലെ ഡോക്ലാമില്‍ ചൈനീസ് സേന കടന്നു കയറിയതിനെ തുടര്‍ന്നു ഭാരതം ഇടപെടുകയും ഒരു മാസത്തോളം നീണ്ട സംഘര്‍ഷത്തിനൊടുവില്‍ ചൈന പിന്മാറുകയും ചെയ്തിരുന്നു. ഇടക്കിടക്ക് അരുണാചല്‍ പ്രദേശില്‍, അക്‌സയിചീനില്‍ തുടങ്ങി അതിര്‍ത്തി പ്രദേശങ്ങളിലുടനീളം പ്രശ്‌നങ്ങളുണ്ടാക്കുക, പിന്നെ പിന്‍വാങ്ങുക എന്ന ഒരുതരം ചൊറിച്ചില്‍ തന്ത്രം ഇവര്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഭാരതത്തിന്റെ പ്രതികരണത്തിന്റെ രീതി, ശക്തി, മനോഭാവം ഒക്കെ അളക്കാനും വിലയിരുത്താനും അതിനനുസരിച്ച് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനും ഒക്കെയാണ് ഈ തന്ത്രങ്ങള്‍ അവര്‍ തുടര്‍ച്ചയായി പയറ്റുന്നത്.

അങ്ങനെയിരിക്കെയാണ്, വുഹാനിലെ വൈറോളജി ലാബില്‍ നിന്ന് പുറത്തുചാടിയ കോവിഡ് 19 എന്ന വൈറസ് ലോകത്തെ മുഴുവന്‍ ഞെരിച്ചുകളഞ്ഞത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രധാന യുദ്ധതന്ത്രത്തിന്റെ ഭാഗമായ ജൈവായുധങ്ങളുടെ പരീക്ഷണവും നിര്‍മ്മാണവും ചൈന നടത്തിക്കൊണ്ടിരിക്കുകയാണ് എന്നത് ലോകം മുഴുവന്‍ ഒരു പരസ്യമായ രഹസ്യമാണ്. സര്‍വ്വ നൈതികതകളെയും അതിലംഘിക്കുന്ന ഇത്തരം പരീക്ഷണങ്ങളും ആയുധങ്ങളും മാനവരാശിയുടെ തന്നെ നിലനില്‍പ്പിനു എത്രത്തോളം ഭീഷണിയാണെന്ന് കൊറോണ എന്ന മഹാമാരിയിലൂടെ കടന്നുപോകുന്ന സമകാലീന ലോകം തെളിയിച്ചുകൊണ്ടിരിക്കുകയുമാണ്. വുഹാന്‍ ലാബില്‍ സംഭവിച്ച ഏതോ മാനുഷിക പിഴവ് ആയിരിക്കാം വികസനഘട്ടത്തില്‍ ഈ രോഗാണു പുറത്ത് പരക്കാന്‍ കാരണമായത്. അതില്‍ ചൈനയുടെ ബോധപൂര്‍വ്വമായ പങ്ക് ലോകം മുഴുവന്‍ ബോധ്യപ്പെട്ടതുമാണ്. ലക്ഷക്കണക്കിന് ജനങ്ങള്‍ മരിച്ചുവീണെങ്കിലും മാനവരാശിക്ക് തന്നെ ഭീഷണിയാകുന്ന ഒരു ഗൂഢാലോചന വെളിപ്പെട്ടു എന്ന യഥാര്‍ത്ഥ്യം നല്‍കുന്ന ആശ്വാസം തീരെ ചെറുതല്ല.

അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തി, ലോകത്തിന്റെ നിര്‍മ്മാണ ഹബ്ബ് തുടങ്ങിയ ഒരുപാട് ഉയരങ്ങളില്‍ നിന്നും ഇരുളടഞ്ഞ ഒരു ഭാവിയാണ് ചൈനയെ തുറിച്ചുനോക്കുന്നത്. നൂറുകണക്കിന് വന്‍ കോര്‍പ്പറേറ്റുകള്‍ ചൈനയില്‍ നിന്നും തങ്ങളുടെ പ്ലാന്റുകള്‍ മാറ്റാന്‍ തീരുമാനിച്ചുകഴിഞ്ഞു. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ചൈനയില്‍ നിന്നുമുള്ള വലിയൊരു ശതമാനം ഇറക്കുമതി നിര്‍ത്തി. ലക്ഷക്കണക്കിന് ടണ്‍ കയറ്റുമതി വസ്തുക്കളാണ് ഓര്‍ഡര്‍ റദ്ദായതിനാല്‍ ഉപയോഗശൂന്യമായത്. ഇതിനിടയില്‍ തന്നെ നിലവാരമില്ലാത്ത പരിശോധന കിറ്റുകള്‍ നല്‍കി തങ്ങളുടെ എക്കാലത്തെയും വലിയ സുഹൃത്തായ പാകിസ്ഥാനെ വരെ വഞ്ചിച്ചത് ചൈനയുടെ കുപ്രസിദ്ധി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്.

അങ്ങനെയിരിക്കുമ്പോഴാണ് ലോകാരോഗ്യ സംഘടനയുടെ അദ്ധ്യക്ഷസ്ഥാനം ഭാരതത്തിനു ലഭിക്കുന്നതും, ഭാരതത്തിന്റെ ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി സ്ഥാനമേല്‍ക്കുന്നതും. ചൈനയുടെ ചൊല്‍പ്പടിക്ക് നില്‍ക്കുകയും കൊറോണ വൈറസിനെ പറ്റി സമയത്ത് മുന്നറിയിപ്പ് നല്‍കാതിരിക്കുകയും ഇത് മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരുന്ന വൈറസ് അല്ല എന്ന ഏറ്റവും തെറ്റായ വിവരം നല്‍കി ആദ്യഘട്ടത്തില്‍ തന്നെ നിയന്ത്രിക്കാമായിരുന്ന മഹാമാരിയെ ലോകം മുഴുവന്‍ എത്തിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്ത ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിനെതിരെ ലോകവ്യാപകമായി അമര്‍ഷം പുകഞ്ഞിരുന്നു.സംഘടനക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയിരുന്ന അമേരിക്ക അത് പൂര്‍ണ്ണമായി നിര്‍ത്തി. ആ ഘട്ടത്തിലാണ് ചൈനയുടെ നിതാന്ത ശത്രുവായ ഭാരതം ലോകാരോഗ്യസംഘടനയുടെ തലപ്പത്തേക്ക് വരുന്നത്. കൊറോണ വ്യാപനത്തിന്റെ കാരണക്കാരായ ചൈനക്കെതിരെ അന്വേഷണം നടത്തണമെന്ന പ്രമേയവും 123 രാജ്യങ്ങളുടെ പിന്തുണയോടെ പാസ്സായിക്കഴിഞ്ഞു.

ലോകം മുഴുവന്‍ തങ്ങള്‍ക്കെതിരെ തിരിയുന്ന ഈ അവസ്ഥയില്‍ ചൈനക്കുണ്ടാകുന്ന അങ്കലാപ്പ് ചിന്തിക്കാവുന്നതേയുള്ളു. അപ്പോഴാണ് തങ്ങളുടെ സ്വപ്‌നപദ്ധതിയായ സാമ്പത്തിക ഇടനാഴി കടന്നുപോകുന്ന ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍ മേഖലയിലുള്ള അവകാശവാദം ഭാരതം ശക്തമാക്കുന്നത്. മാത്രവുമല്ല, കോറോണാനന്തര ലോകത്ത് ഭാരതത്തിന്റെ പങ്ക് വളരെ വലുതായിരിക്കും, തങ്ങള്‍ക്ക് നഷ്ടപ്പെടുന്ന എല്ലാ വിദേശ നിക്ഷേപങ്ങളും ഒഴുകുന്നത് ഭാരതത്തിലേക്കാണ് എന്ന തിരിച്ചറിവ് കൂടിയായപ്പോഴാണ് പതിവില്ലാത്തവിധം വിപുലമായി ചൈന അതിര്‍ത്തിയില്‍ സൈനിക നീക്കങ്ങള്‍ ആരംഭിക്കുന്നത്. 1962 ലെ ഭാരതമല്ല ഇപ്പോഴുള്ളത്, കൃത്യമായി ചൈനയെ മനസ്സില്‍ കണ്ടുകൊണ്ടു തന്നെയാണ് ഇന്ത്യയുടെ സൈനികതന്ത്രങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത് എന്ന ഉത്തമബോധ്യം അവര്‍ക്കുണ്ട്. ചൈനയുടെ ഏതുഭാഗത്തും ആക്രമണം നടത്താന്‍ കഴിയുന്ന സൈനിക കെല്‍പ്പ് ഭരതത്തിനുണ്ട്. മാത്രവുമല്ല 2014നു ശേഷം നമ്മുടെ സൈനിക രംഗത്തുണ്ടായ ആക്രമണോത്സുകമായ ഉണര്‍വ്വിന്റെ കരുത്ത് ഉറിയിലും ബാലക്കൊട്ടും എല്ലാം കണ്ടതുമാണ്. അങ്ങനെ രാഷ്ട്രീയമായും നയതന്ത്രപരമായും സൈനികമായുമെല്ലാം വന്‍ശക്തിയായി മാറിക്കഴിഞ്ഞ ഭാരതത്തോട് ഒരു അതിസാഹസത്തിന് അവര്‍ ഇറങ്ങിപ്പുറപ്പെടാനുള്ള സാധ്യത വളരെ കുറവാണ്.

പിന്നെന്തിനാണ് അവരിപ്പോള്‍ ഈ സൈനിക നീക്കങ്ങള്‍ നടത്തുന്നത്. ടിബറ്റില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന രോഷം, കൊറോണ വ്യാപനത്തില്‍ തങ്ങളുടെ പങ്കിനെപ്പറ്റിയുള്ള ചര്‍ച്ചയില്‍ നിന്നും ലോകശ്രദ്ധയെ വഴിതിരിച്ചു വിടുക. കഴിയുമെങ്കില്‍ ഇന്ത്യയെ ഒന്നു ഭയപ്പെടുത്തുക. പാകിസ്ഥാനോട് ഇന്ത്യക്കെതിരെ ഞങ്ങളിതാ കൂടെയുണ്ട് എന്ന സന്ദേശം നല്‍കുക. ഞങ്ങള്‍ വലിയ ശക്തിയാണ് എന്ന് ലോകത്തെയും നിക്ഷേപകരെയും ബോധ്യപ്പെടുത്തുക. ചുരുക്കിപ്പറഞ്ഞാല്‍ എന്നും അഞ്ചുമണിക്ക് നമ്മുടെ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വന്നിരുന്നു വീമ്പു പറയുന്നതിന്റ ഒരു അന്താരാഷ്ട്ര രൂപം. മിക്കവാറും ഈ ലേഖനം അച്ചടിച്ച് വരുമ്പോഴേക്കും ചൈന അതിര്‍ത്തിയില്‍ നിന്നും പിന്‍വാങ്ങിയിട്ടുണ്ടാകും. ഏയ് ഒരു പ്രശ്‌നവുമില്ല എന്ന പ്രസ്താവനയും വന്നിട്ടുണ്ടാകും…

ഇവിടെ ഏറ്റവും ശ്രദ്ധിക്കേണ്ടത്, ചൈനയുമായുള്ള സംഘര്‍ഷങ്ങളില്‍ ഭാരതത്തിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടി എടുക്കുന്ന നിലപാടുകളാണ്. എന്നുമെന്ന പോലെ ഇവിടെയും അവരുടെ നിലപാട് രാഷ്ട്രവിരുദ്ധമായിരിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ?

ചൈനീസ് വ്യാളി വിറയ്ക്കുന്നു
ലോകത്തിലെ ഏറ്റവും വലിയ രണ്ട് സൈനിക ശക്തികളാണ് ഭാരതവും ചൈനയും. ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ കര അതിര്‍ത്തി- 3488 കിലോമീറ്റര്‍- പങ്കിടുന്ന സൈന്യങ്ങള്‍ പരസ്പരം നോക്കിനില്‍ക്കുന്ന രാജ്യങ്ങള്‍ കൂടിയാണ് ഭാരതവും ചൈനയും എന്നത് കൂടുതല്‍ ഗൗരവമേറിയതാണ്. മാത്രവുമല്ല ഏതാണ്ടിത്രയും തന്നെ അതിര്‍ത്തി ഭാരതം പാകിസ്ഥാനുമായും പങ്കിടുന്നു. അതായത്, ആണവശക്തിയുള്ള രണ്ട് ശത്രുക്കളാണ് ഭാരതത്തിന്റെ അയല്‍ രാജ്യങ്ങള്‍.ഇതൊക്കെ കൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും സങ്കീര്‍ണ്ണവും സംഘര്‍ഷഭരിതവുമാണ് ഭാരത-ചൈന-പാകിസ്ഥാന്‍ അതിര്‍ത്തികള്‍; പ്രത്യേകിച്ച് ഭാരത-ചൈന അതിര്‍ത്തി.

സൈനികമായും സാമ്പത്തികമായും പാകിസ്ഥാന്‍ ഭാരതത്തിനു ഇപ്പോള്‍ ഒരു ശത്രുവേയല്ല എന്ന് പറയാം.മാത്രവുമല്ല അവര്‍ പൂര്‍ണ്ണമായും ചൈനയെ ആശ്രയിക്കുന്നു എന്നതുകൊണ്ട്, ഇപ്പോള്‍ ഭാരതം ഗൗരവത്തിലെടുക്കെണ്ടത് ചൈനയെ മാത്രമാണ്. ചൈനയെ മനസ്സില്‍ കണ്ടുകൊണ്ടുതന്നയാണ് നമ്മുടെ എല്ലാ പ്രതിരോധ പദ്ധതികളും തയ്യാറാക്കിയിരിക്കുന്നതും.

സൈനിക ബജറ്റിലും, സൈനികരുടെയും സൈനിക സന്നാഹങ്ങളുടെയും കാര്യത്തിലും ചൈന കണക്കുകളില്‍ ഒരുപാട് മുന്നിലാണ്. അതുകൊണ്ട് ഒരു യുദ്ധമുണ്ടായാല്‍ ഭാരതത്തിന്റെ കാര്യം പരുങ്ങലിലാകും എന്ന ഒരു നിരീക്ഷണം പ്രചരിക്കുന്നുണ്ട്. അത് അര്‍ത്ഥശൂന്യമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ ചൈനയുടെ അയല്‍ രാജ്യങ്ങളില്‍ പാകിസ്ഥാനൊഴിച്ച് ഏതാണ്ടെല്ലവരോടും അവര്‍ക്ക് അതിര്‍ത്തി തര്‍ക്കവും സംഘര്‍ഷവുമുണ്ട്. അതുകൊണ്ട് തന്നെ അവര്‍ക്ക് സംരക്ഷിക്കേണ്ടത് 23000 കിലോമീറ്റര്‍ കര അതിര്‍ത്തിയാണ്. അവരുടെ ഇരുപത്തിമൂന്നു ലക്ഷത്തോളം കര സൈനികരില്‍ ഒന്നോ രണ്ടോ ലക്ഷത്തിനെ മാത്രമേ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ കഴിയൂ.യുദ്ധോപകരണങ്ങളുടെയും ആയുധങ്ങളുടെയും കാര്യവും അങ്ങനെ തന്നെ.

അതേ സമയം ഭാരതത്തിനു സംരക്ഷിക്കേണ്ടത് രണ്ട് കൂട്ടരുമായുള്ള അതിര്‍ത്തികള്‍ മാത്രമാണ്. പാകിസ്ഥാന്‍, ചൈന എന്നിവ. അതുകൊണ്ടുതന്നെ ഭാരതത്തിന്റെ പതിന്നാലു ലക്ഷത്തോളം സൈനികരില്‍ രണ്ടോ മൂന്നോ ലക്ഷം വിന്യസിച്ചാല്‍ പോലും ചൈനയെ മറികടക്കും.

അതുപോലെ യുദ്ധോപകരണങ്ങളുടെയും ആയുധങ്ങളുടെയും നിലവാരം. ഭാരതത്തിനുള്ളതില്‍ ഏറിയ പങ്ക് ആയുധങ്ങളും ലോകത്തിലെ ഏറ്റവും മികച്ചതാണ്. റഷ്യ, ഇസ്രായേല്‍, അമേരിക്ക തുടങ്ങി പല കാലങ്ങളില്‍ ഗുണനിലവാരം ആവര്‍ത്തിച്ചു തെളിയിക്കപ്പെട്ട ആയുധങ്ങളാണ് നമ്മുടെ മുതല്‍ക്കൂട്ട്. കൂടാതെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഗ്‌നി മിസൈലിന്റെ പല വേരിയന്റുകള്‍ ചൈനയുടെ ഏത് കോണിലും ആണവാക്രമണം നടത്താന്‍ പര്യാപ്തമാണ്. മാത്രവുമല്ല ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചു സേനയില്‍ ചേര്‍ത്ത ലോകത്തിലെ ഒരേയൊരു സൂപ്പര്‍ സോണിക് ക്രൂയിസ് ആണവ മിസ്സൈല്‍ ആയ ബ്രഹ്മോസ് ആണ് ശത്രുരാജ്യങ്ങളുടെ ഉറക്കം കെടുത്തുന്ന ഭാരതത്തിന്റെ മറ്റൊരു കുന്തമുന. ഒരു മിസ്സൈല്‍ വേധ സംവിധാനത്തിനും തകര്‍ക്കാനാവാത്ത ബ്രഹ്മോസിന്റെ കൂടുതല്‍ വേരിയന്റുകള്‍ വികസന ഘട്ടത്തിലാണ്. കൂടാതെ ദീര്‍ഘദൂര പോര്‍വിമാനമായ സുഖോയില്‍ നിന്നും വിക്ഷേപിക്കാവുന്ന തരത്തില്‍ ബ്രഹ്മോസ് മാറിയതോടെ ഫലത്തില്‍ ഒരു വലിയ ദൂരപരിധിയുള്ള മിസ്സൈലിന്റെ ഫലം ചെയ്യാന്‍ ബ്രഹ്മോസിനാവും. കഴിഞ്ഞ വര്‍ഷം, താഴ്ന്ന ഭ്രമണപഥങ്ങളിലെ ഉപഗ്രഹങ്ങളെ തകര്‍ക്കുന്ന മിസ്സൈലും ഭാരതം വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതോടെ ആധുനിക യുദ്ധ സാങ്കേതികതയില്‍ ഭാരതവും ചൈനയും തമ്മിലുള്ള തുലനം നമുക്കനുകൂലമായി മാറുകയാണ്.

വ്യോമസേനയുടെ കാര്യത്തിലാണെങ്കില്‍, ചൈനയുടെ പക്കലുള്ള വിമാനങ്ങളില്‍ ഏറിയ പങ്കും തദ്ദേശീയമായി ഉണ്ടാക്കിയ J സീരീസില്‍ പെട്ടവയാണ്. വലിയ പ്രകടനം അവര്‍ അവകാശപ്പെടുന്നുണ്ടങ്കിലും ഇന്നുവരെ ഒരു യുദ്ധമുഖത്തും എയര്‍ ഷോയിലും കഴിവ് തെളിയിക്കപ്പെട്ട വിമാനങ്ങളല്ല അത്.ചൈനക്ക് പുറമേ അവ ഉപയോഗിക്കുന്നത് പാകിസ്ഥാന്‍, മലേഷ്യ എന്നീ രാജ്യങ്ങള്‍ മാത്രമാണ്. അമേരിക്ക പാകിസ്ഥാനുമായുള്ള പ്രതിരോധ കച്ചവടം ഏതാണ്ടവസാനിപ്പിച്ചതോടെ അവര്‍ക്ക് ചൈനയെ മാത്രമായി ആശ്രയിക്കേണ്ടി വന്നതിനാല്‍ ആണിത്.അവര്‍ വാങ്ങിയ ചൈനീസ് വിമാനങ്ങളില്‍ പാക് സേന തീരെ തൃപ്തരല്ല. ധാരാളം വിമാനങ്ങള്‍ തകര്‍ന്നു കഴിഞ്ഞു. വിലക്കുറവു എന്ന ആകര്‍ഷണത്തില്‍ ചൈനയില്‍ നിന്നു വാങ്ങിയ നിലവാരം കുറഞ്ഞ വിമാനങ്ങള്‍ ഏതാണ്ട് മുഴുവനായി മലേഷ്യ ഗ്രൗണ്ട് ചെയ്തു കഴിഞ്ഞു. ഭാരതത്തിന്റെ തേജസ് വിമാനങ്ങള്‍ വാങ്ങാനുള്ള ചര്‍ച്ച മലേഷ്യ നടത്തുന്നു.

ഭാരതത്തിന്റെ വ്യോമസേനയുടെ കാര്യം നേരെ തിരിച്ചാണ്. സുഖോയ് MK II,, മിഗ് 29 എന്ന വമ്പന്‍ വിമാനവ്യൂഹം കൂടാതെ ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഫൈറ്റര്‍ ആയ തേജസ് കൂടി സേനക്കൊപ്പം ചേരുകയാണ്. ഇതിനെല്ലാം പുറമെയാണ്, ലോകത്തിലെ ഏറ്റവും മികച്ച മള്‍ട്ടി റോള്‍ യുദ്ധവിമാനമായ റാഫേല്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. പര്‍വ്വത മേഖലകളില്‍ ഏറ്റവും നിര്‍ണ്ണായകമായ സൈനിക നീക്കം നടത്തുന്നതിനാവശ്യമായ ഭീമന്‍ ട്രാന്‍സ്‌പോര്‍ട്ട് ഹെലിക്കോപ്റ്റര്‍ ആയ അമേരിക്കയില്‍ നിന്നുള്ള ചിനൂക് ഇപ്പോള്‍തന്നെ ചൈന അതിര്‍ത്തിയില്‍ വിന്യസിച്ചുകഴിഞ്ഞു. അറുപത്തഞ്ചു സൈനികരേയും, പന്ത്രണ്ടു ടണ്‍ ഭാരമുള്ള ട്രക്കുകളെയും പീരങ്കികളെയും വഹിച്ച് മണിക്കൂറില്‍ മൂന്നൂറു കിലോമീറ്റര്‍ വേഗതയില്‍ ഇരുട്ടില്‍ പോലും സഞ്ചരിക്കാവുന്ന ചിനൂക്ക് ചൈനയുമായുള്ള സംഘര്‍ഷത്തില്‍ ഏറെ നിര്‍ണ്ണായകമാണ്. ചൈനക്ക് ഇത്തരം ഹെവി ലിഫ്റ്റ് മള്‍ടിപ്പിള്‍ റോള്‍ ഹെലിക്കൊപ്റ്ററുകള്‍ ഇല്ല.

നാവികസേനയെ സംബന്ധിച്ചിടത്തോളം, അവര്‍ക്ക് സംരക്ഷിക്കാനുള്ളത് ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍ തീരങ്ങളാണ്. ചൈനീസ് നാവികസേനയുടെ ഏറിയ പങ്കിനെയും ദക്ഷിണ ചൈനക്കടലിലെ സംഘര്‍ഷ മേഖലയില്‍ വിന്യസിച്ചിരിക്കുകയാണ്. അവിടുത്തെ അമേരിക്കന്‍ സാന്നിധ്യം കാരണം അവിടുന്ന് അവര്‍ക്ക് പിന്‍വാങ്ങാന്‍ ആവില്ല. അതുമല്ല ഇപ്പോള്‍ തുടരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, ലഡാക്ക് നിയന്ത്രനരേഖയിലെ പൈങ്ങ്യാങ്ങ് തടാകത്തില്‍ ഭാരത നാവികസേന അതിവേഗ ബോട്ടുകള്‍ തയ്യാറാക്കുന്നു എന്ന വാര്‍ത്തകള്‍ ഉണ്ട്. ഈ റിപ്പോര്‍ട്ട് പ്രകാരം പര്‍വ്വതയുദ്ധതന്ത്രത്തില്‍ നാവികസേനയെ ഉപയോഗിക്കുന്നത് ഒരുപക്ഷെ ലോകചരിത്രത്തില്‍ ആദ്യമായിരിക്കും.

പക്ഷേ പര്‍വ്വതമേഖലയിലെ യുദ്ധങ്ങളില്‍ വിധിനിര്‍ണ്ണയികുന്നത് കരസേനയുടെയും, ഭടന്മാരുടെയും മനോവീര്യം തന്നെയാണ്. അവര്‍ക്ക് ലഭിക്കുന്ന രാഷ്ട്രീയ പിന്തുണ, സ്വാതന്ത്ര്യം, ആയുധങ്ങള്‍ എന്നിവയാണ് പ്രധാനം. പര്‍വ്വതയുദ്ധത്തിലെ ഭാരതത്തിന്റെ അപ്രമാദിത്വം കാലം തെളിയിച്ചതാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാചിനിലും കാര്‍ഗില്‍ മലനിരകളിലും ഭാരതം നടത്തിയ പോരാട്ടവീര്യത്തിന്റെ ചരിത്രം യുദ്ധതന്ത്രങ്ങളിലെ ഒരു പാഠപുസ്തകം തന്നയാണ്. ഉയരത്തിലിരിക്കുന്ന ശത്രുവിനെ ഇരുട്ടിന്റെ മറവില്‍ ഇഴഞ്ഞുചെന്ന് കീഴ്‌പ്പെടുത്തിയ കാര്‍ഗില്‍ യുദ്ധം നല്‍കുന്ന അനുഭവങ്ങള്‍ ഇന്ത്യന്‍ ആര്‍മിക്ക് മാത്രം സ്വന്തമാണ്.

ഇങ്ങനെ സമസ്ത മേഖലകളിലും,1962 ലെ ദു:സ്വപ്‌നങ്ങളില്‍ ഉണര്‍ന്നു അടിമുടി മാറിക്കഴിഞ്ഞ ഇന്ത്യയെ ആണ് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ തങ്ങള്‍ക്ക് നേരിടേണ്ടത് എന്ന പരിപൂര്‍ണ്ണ ബോധ്യം ചൈനക്കും ഉണ്ട്. എല്ലാറ്റിനും പുറമേ പുതുയുഗത്തിലൂടെ കുതിച്ചൊഴുകുന്ന ഭാരതത്തിനു ലഭിച്ചുകൊണ്ടിരിക്കുന്ന വന്‍ അന്താരാഷ്ട്ര പിന്തുണയും കൂടിയാകുമ്പോള്‍, ശക്തരായ അയല്‍ രാജ്യത്തിന് മുമ്പില്‍ വിയര്‍ത്തുനില്‍ക്കുന്ന വ്യാളിയെ ആണ് വരുംകാല ലോകം കാണാന്‍ പോകുന്നത്.

Tags: ഇന്ത്യചൈന
Share87TweetSendShare

Related Posts

ഭാരതമാതാവിനെ ഭയക്കുന്നവര്‍

അമ്മനാടിനെ തള്ളിപ്പറയുന്ന കമ്മ്യൂണിസം

അമ്മഭാരതത്തിന്റെ അമരത്വം

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies