ലോകം കോവിഡ് 19 രോഗബാധയേറ്റ് വശംകെട്ടിരിക്കുകയാണല്ലോ. ഒട്ടുമിക്ക രാഷ്ട്രങ്ങളും ലോക് ഡൗണിന്റെ നീരാളിപ്പിടിത്തത്തിലുമാണ്. കോവിഡ് ഭീതിയില്‍ പെട്ട് ലോകമെങ്ങുമുള്ള ജനജീവിതം താറുമാറായി. ആഗോള സമ്പദ്‌വ്യവസ്ഥ വലിയ ചോദ്യചിഹ്നമായി ലോക രാഷ്ട്രത്തലവന്മാരുടെ മുന്നില്‍ വളഞ്ഞുകുത്തി നില്ക്കുന്നു. രോഗബാധയുടെ ആവിര്‍ഭാവത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പരക്കുകയാണ്. ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ കൃത്യമായ ഉത്തരം ഇക്കാര്യത്തില്‍ നല്കുന്നില്ലെന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
കോവിഡ് 19 പടരാനുള്ള കാരണമായി ലോകരാഷ്ട്രങ്ങളെല്ലാം തന്നെ വിരല്‍ചൂണ്ടുന്നത് ചൈനയ്ക്കു നേരെയാണ്. ചൈനീസ് പ്രവിശ്യയായ വുഹാനിലെ ജൈവ ലാബില്‍ സൂക്ഷിച്ചിരുന്ന കൊറോണ വൈറസ് അധികൃതരുടെ അശ്രദ്ധകൊണ്ട് പുറത്തുചാടി ചൈനയില്‍ മാത്രമല്ല ലോകമെങ്ങും ഭീതിപടര്‍ത്തി വ്യാപനം ആരംഭിച്ചെന്ന ആരോപണം സമര്‍ത്ഥിക്കാന്‍ തെളിവുകളൊന്നുമില്ല. പക്ഷേ രോഗത്തിന്റെ പ്രഭവകേന്ദ്രം ചൈനയാണെന്ന് വ്യക്തമാണ്. ചൈനയ്ക്കുപോലും അതില്‍ തര്‍ക്കമില്ല.
രോഗവ്യാപനം തടയുന്നതില്‍ ഭാരതം ഒരുപരിധിവരെ വിജയിച്ചെന്നു പറയാം. മരണനിരക്ക് ഭാരതത്തില്‍ തുലോം കുറവാണ്. അമേരിക്ക, സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ ഒട്ടേറെ പൗരന്മാര്‍ കോവിഡ് മൂലം പിടഞ്ഞുമരിച്ചപ്പോള്‍ ഭാരതം അതിന് വിപരീതമായി കോവിഡിനെ പിടിച്ചുകെട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കര്‍ശനവും സുശക്തവുമായ നടപടികളാണ് സ്വീകരിച്ചത്. കക്ഷിരാഷ്ട്രീയ, ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ, ലിംഗ, ഭാഷാ ഭേദമെന്യേ ജനം പരിപൂര്‍ണ്ണമായി സഹകരിച്ചതിനാല്‍ അതില്‍ വമ്പിച്ച വിജയം കൈവരിക്കാനും നമുക്ക് കഴിഞ്ഞു. കോവിഡ് ഭീതി സാമ്പത്തികമായും നമ്മെ ഏറെ പിന്നോട്ടടിച്ചു. എന്നാല്‍ പൗരന്മാരുടെ ജീവന് വലിയ വില കല്പിച്ച കേന്ദ്രസര്‍ക്കാര്‍ സമ്പത്ത് ഇനിയും ഉണ്ടാക്കാമെന്ന നിലപാടാണ് സ്വീകരിച്ചത്. എന്തായാലും കോവിഡ് ഭീതി ഒട്ടൊക്കെ ഒഴിയുന്ന ഘട്ടത്തിലാണ് പുതിയ ഭീഷണി രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ഉയര്‍ന്നത്. മറ്റാരുമല്ല ചിലരുടെ ചങ്കിലെ ചൈനയാണ് ആ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.
ഭാരതത്തിനു നേര്‍ക്ക് ചൈന ഒളിഞ്ഞും തെളിഞ്ഞും അധിനിവേശം ആരംഭിച്ചത് ഇന്നും ഇന്നലെയുമല്ല. 1956 ല്‍ ചൈന ടിബറ്റ് ആക്രമിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണത്. ചൈനയുടെ കരാളഹസ്തങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ദലൈലാമയ്ക്കും കൂട്ടര്‍ക്കും ടിബറ്റ് വിട്ട് പലായനം ചെയ്യേണ്ടി വന്നു. അന്ന് അവര്‍ക്ക് അഭയമരുളിയതോടെ ചൈനയുടെ കണ്ണിലെ കരടായി ഭാരതം മാറി. പ്രത്യക്ഷമായും പരോക്ഷമായും ചൈന നമുക്ക് നേരെ യുദ്ധഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. ലോകപൗരനെന്ന് പേരെടുക്കാനുള്ള ഭാരതപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അഭിവാഞ്ഛയും ചൈനയോടുള്ള മൃദുസമീപനവും മുതലെടുത്ത ചൈന 1962 ല്‍ ഏകപക്ഷീയമായി ഭാരതത്തെ ആക്രമിച്ചു. രാജ്യാന്തര നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് നമ്മുടെ ഭൂപ്രദേശത്തേക്കു കടന്നു കയറിയ ചൈന കനത്ത നാശം വിതച്ചു. ധീരന്മാരായ നിരവധി ഭടന്മാരെയാണ് ചൈനയുടെ അപ്രതീക്ഷിത ആക്രമണത്തിലൂടെ നമുക്ക് നഷ്ടമായത്. അയല്‍പക്കത്തെ ശത്രുവിനെ തിരിച്ചറിഞ്ഞ് വേണ്ട പ്രതിരോധം സ്വീകരിക്കാന്‍ പ്രധാനമന്ത്രി നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിഞ്ഞില്ല. എക്കാലവും ചൈനയെ പിന്താങ്ങുന്ന നെഹ്‌റുവിന്റെ തലതിരിഞ്ഞ നയം മൂലം രാജ്യാന്തരതലത്തില്‍ നിന്നും നമുക്ക് വേണ്ടത്ര സഹായം ലഭിച്ചില്ല. അവസാനം റഷ്യയുടെ ഇടപെടല്‍ നിമിത്തം യുദ്ധം താത്കാലികമായി അവസാനിപ്പിച്ച് കയ്യേറിയ ഭാരതഭൂമിയില്‍ നിന്ന് ചൈനീസ് സൈന്യം പിന്‍വാങ്ങി.
അതിനുശേഷവും ഈ പിന്‍വാങ്ങല്‍ താത്കാലികമാണെന്ന് തിരിച്ചറിയിപ്പിക്കും വിധം ചൈന നിരവധി തവണ നമുക്കവകാശപ്പെട്ട ഭൂമിയിലേക്ക് കടന്നുകയറുകയും പിന്‍വാങ്ങുകയും ചെയ്തിട്ടുണ്ട്. കോവിഡിനു മുന്നില്‍ ലോകം വിറച്ചുനില്ക്കുമ്പോള്‍, ആ പകര്‍ച്ചവ്യാധിയുടെ മാരകപ്രഹരം ഏറ്റുവാങ്ങിയ ചൈന ഇപ്പോള്‍ എന്തിനായിരിക്കും ഭാരതത്തിനു നേര്‍ക്ക് സൈനിക വെല്ലുവിളി ഉയര്‍ത്തുന്നത് ? ചൈനയുടെ യുദ്ധഭീഷണി എന്തിനുവേണ്ടിയാണ് ? അതിനുപുറകിലെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് ? ഇന്ന് ഭാരതം വെറുമൊരു മൂന്നാം ലോകരാജ്യമല്ലെന്ന തിരിച്ചറിവ് ചൈനയ്ക്കുണ്ടായിട്ടും എന്തിനാണ് യുദ്ധക്കൊതി പുറത്തെടുക്കുന്നത് ? ഭാരതത്തിലെ ഓരോ പൗരന്റെയും ഉള്ളില്‍ ഉയരുന്ന നിരവധി ചോദ്യങ്ങളാണിത്. അതില്‍ ഏറെ കാലികപ്രസക്തമായ ഒരുപിടി ചോദ്യങ്ങള്‍ക്ക് കേസരി വാരികയിലൂടെ ഉത്തരം നല്കുകയാണ് ദീര്‍ഘകാലം രാജ്യത്തെ സേവിച്ച കേണല്‍ ആര്‍.ജി. നായര്‍. 1971 ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ പടിഞ്ഞാറന്‍ പാകിസ്ഥാനെതിരെയും കിഴക്കന്‍ പാകിസ്ഥാനെതിരെയും പീരങ്കിപ്പടയുടെ നായകനായിരുന്ന, യുദ്ധം നയിച്ചു രാജ്യത്തെ വിജയസോപാനത്തിലെത്തിച്ച പോരാളിയാണ് കേണല്‍ ആര്‍.ജി.നായര്‍. പടിഞ്ഞാറ് ബ്രിഗേഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലും കിഴക്ക് ഈസ്റ്റേണ്‍ കമാന്‍ഡ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലുമാണ് സ്തുത്യര്‍ഹമായ സേവനം അദ്ദേഹം അനുഷ്ഠിച്ചത്. സൈന്യത്തിന്റെ മനോവൈജ്ഞാനിക കേന്ദ്രത്തിലും ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സിലും മാതൃകാപരമായ സേവനമനുഷ്ഠിച്ചതിന് ആര്‍മിചീഫ് ആയിരുന്ന ജനറല്‍ സുന്ദര്‍ജിയുടെ കമന്‍ഡേഷന്‍ കാര്‍ഡ് ഉള്‍പ്പെടെ നിരവധി മെഡലുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആമുഖങ്ങളില്ലാതെ തന്നെ അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
അയല്‍രാജ്യങ്ങളുമായി വിശിഷ്യാ ചൈനയുമായി മികച്ച ബന്ധമാണ് ഭാരതം നിലനിര്‍ത്തിപ്പോരുന്നത്. എന്നിട്ടും എന്തിനാണ് കോവിഡ് ഭീതിയുടെ വര്‍ത്തമാനകാലത്ത് ചൈന നമുക്കുനേരെ യുദ്ധഭീഷണി മുഴക്കുന്നത് ?
♠എല്ലാ അര്‍ത്ഥത്തിലുമുള്ള ഭാരതത്തിന്റെ വളര്‍ച്ച ചൈന വെല്ലുവിളിയായാണ് കരുതുന്നതെന്നു വേണം വിലയിരുത്താന്‍. കഴിഞ്ഞ മൂവായിരം വര്‍ഷത്തെ ചരിത്രമെടുത്താല്‍ ഭാരതം ലോകത്തെങ്ങുമുള്ള ഒരു രാജ്യത്തെയും ആക്രമിച്ചു കീഴടക്കി അവിടെ അധീശത്വം സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന സത്യം കാണാന്‍ കഴിയും. നമ്മെ ആക്രമിച്ചവരെ പോലും പ്രതിരോധമുയര്‍ത്തി തടയുക മാത്രമേ ചെയ്തിട്ടുള്ളൂ. 1971 ലെ യുദ്ധത്തില്‍ പോലും പാകിസ്ഥാന്റെ ഉരുക്കുമുഷ്ടിയില്‍ നിന്ന് കിഴക്കന്‍ പാകിസ്ഥാനെ മോചിപ്പിച്ച് ബംഗ്ലാദേശ് എന്ന പുതിയ പരമാധികാര രാഷ്ട്രം സ്ഥാപിക്കാന്‍ അന്നാട്ടിലെ ജനതയെ നാം സഹായിക്കുകയാണുണ്ടായത്. തുടര്‍ന്ന് 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ നാം നുഴഞ്ഞുകയറിയ പാക് പട്ടാളക്കരെ അടിച്ചോടിക്കുക മാത്രമേ ചെയ്തുള്ളൂ. യുദ്ധത്തിന് പകരം ഏഷ്യയില്‍ സമാധാനം നിലനിര്‍ത്താന്‍ മാത്രമേ നമ്മുടെ രാജ്യത്തെ ജനങ്ങളും ഭരണാധികാരികളും സൈന്യവും ആഗ്രഹിക്കുന്നുള്ളൂ. എന്നാല്‍ അത് ദുര്‍ബലതയായല്ല, ധീരന്റെ സമചിത്തതയായാണ് മനസ്സിലാക്കേണ്ടത്.
1956 നു ശേഷം ചൈന ഭാരതത്തിനുനേരെ നിരന്തരം വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. ടിബറ്റ് പ്രശ്‌നത്തില്‍ നാം സ്വീകരിച്ച നിലപാടാണ് അന്ന് അതിനു കാരണമായിരുന്നത്. എന്നാല്‍ ഇന്ന് ചൈനയുടെ ഇത്തരം അധിനിവേശശ്രമത്തിന് നിരവധി കാരണങ്ങളുണ്ട്. അതില്‍ പ്രധാനം ഭാരതത്തിന്റെ വളര്‍ച്ചയും പുരോഗതിയുമാണ്. പാക് അധിനിവേശ കാശ്മീര്‍, ചൈന കൈവശം വച്ചിരിക്കുന്ന അക്‌സായി ചിന്‍ തുടങ്ങിയ ഭൂപ്രദേശങ്ങള്‍ ഭാരതം തിരിച്ചുപിടിക്കുമോ എന്ന ഭയവും ചൈനയ്ക്കുണ്ട്. അമേരിക്കയെ പിന്തള്ളി ആഗോള സാമ്പത്തികശക്തിയാകാനുള്ള ചൈനയുടെ കുതിപ്പിന് തടയിടാന്‍ ഇന്ന് ലോകത്ത് ഭാരതത്തിനു മാത്രമേ കരുത്തുള്ളൂ. മാത്രമല്ല ഭാരതം ചൈനീസ് ഉത്പന്നങ്ങളുടെ നല്ലൊരു വിപണി കൂടിയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ ലോകോത്തര കമ്പനികള്‍ ചൈനയെ ഉപേക്ഷിച്ച് ഭാരതത്തില്‍ മുതല്‍മുടക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ഇത്രയൊക്കെ പോരെ ചൈനയ്ക്ക് പ്രകോപനമുണ്ടാകാന്‍.
അല്പം കൂടി വിശദമാക്കാമോ ?
♠തീര്‍ച്ചയായും. അതിനുമുമ്പ് നാം ഒരു കാര്യം തിരിച്ചറിയണം. ചൈന ഭാരതത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നത് സത്യമാണ്. പക്ഷേ നമ്മെ അത്രവേഗത്തില്‍ ആക്രമിക്കാന്‍ അവര്‍ തയ്യാറാവുകയില്ല. അത്രയ്ക്ക് ബുദ്ധിയില്ലാത്തവരല്ല ചൈന ഭരിക്കുന്നത്. 1962 അല്ല 2020. 62 ല്‍ നിന്ന് ഭാരതവും ചൈനയും ലോകക്രമവും ഒക്കെ വളരെ മുന്നോട്ടുപോയി. ഒരു യുദ്ധമുണ്ടായാല്‍ അതില്‍ പരാജിതനും വിജയിയും വലിയ വില നല്‌കേണ്ടിവരും. ഉദാഹരണത്തിന് നമ്മുടെ കാര്യം തന്നെ എടുക്കാം. 1971 ലെ യുദ്ധം നമ്മള്‍ ജയിച്ചു. ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യം പിറവികൊണ്ടു. ഒരുവര്‍ഷം നമ്മുടെ സൈന്യം ബംഗ്ലാദേശിപൗരന്മാര്‍ക്ക് സുരക്ഷിതത്വം നല്കി അവിടെ തുടര്‍ന്നു. അവിടെ യാതൊരുവിധ അക്രമത്തിനോ കൊള്ളയ്‌ക്കോ നമ്മുടെ സൈന്യം മുതിര്‍ന്നില്ല. മറിച്ച് സ്ത്രീകളടക്കമുള്ള മുഴുവന്‍ പൗരന്മാര്‍ക്കും മികച്ചസുരക്ഷ നല്കുകയായിരുന്നു. ഒരുലക്ഷം പാകിസ്ഥാനി പട്ടാളക്കാരാണ് ആയുധം വച്ച് നമ്മുടെ സൈന്യത്തിനു മുന്നില്‍ കീഴടങ്ങിയത്. സ്ത്രീകളടക്കമുള്ള അവരെ കുടുംബസമേതം ജനീവാ കണ്‍വെന്‍ഷന്റെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സകലചെലവുകളും വഹിച്ചുകൊണ്ട് പടിഞ്ഞാറന്‍ പാകിസ്ഥാനിലേക്ക് നമ്മള്‍ മടക്കി അയയ്ക്കുകയായിരുന്നു.
പക്ഷേ അതിന്റെ പ്രത്യാഘാതം നാം അറിയാന്‍ തുടങ്ങിയത് ഒരു പതിറ്റാണ്ടു കഴിഞ്ഞാണ്. രണ്ടു പതിറ്റാണ്ടു കഴിഞ്ഞപ്പോഴേക്കും നാം സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിടാന്‍ തുടങ്ങി. അതാണ് 1992ല്‍ ടണ്‍ കണക്കിന് സ്വര്‍ണം നമ്മള്‍ പണയപ്പെടുത്താന്‍ കാരണം. ഇന്നും ഇത് പ്രസക്തമാണ്. സമാധാനകാലത്ത് സൈന്യത്തെ നിലനിര്‍ത്തുന്നതും രാജ്യം ഭരിക്കുന്നതും യുദ്ധകാലത്തെ പോലല്ല. യുദ്ധത്തിന്റെ തയ്യാറെടുപ്പുകള്‍ തന്നെ വലിയതോതില്‍ സാമ്പത്തികബാധ്യത വരുത്തും. യുദ്ധം കഴിഞ്ഞാലും വലിയതോതില്‍ ബജറ്റില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പണം നീക്കിവയ്‌ക്കേണ്ടിവരും. യുദ്ധത്തില്‍ കുരുതികൊടുക്കപ്പെടുന്നത് എല്ലായ്‌പ്പോഴും യുവത്വത്തെയാണ്. അതിന്റെ മൂല്യം കല്പിക്കാവുന്നതിനും അപ്പുറത്താണ്. ഈ സത്യങ്ങളെല്ലാം മുന്നില്‍ വച്ചുകൊണ്ടു മാത്രമേ ഏതൊരു രാജ്യവും ഇന്ന് യുദ്ധത്തിന് തയ്യാറാകൂ. അതിനാല്‍ തന്നെ ഭാരതത്തെ നേരിട്ട് ആക്രമിക്കുക എന്ന മണ്ടത്തരത്തിന് ചൈന തയ്യാറാവുകയില്ല.
അപ്പോള്‍ പിന്നെ എന്തായിരിക്കും ചൈനയുടെ തന്ത്രം ?
♠പാകിസ്ഥാനിലെ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ അറബിക്കടലിലാണ് ഗ്വാദര്‍ തുറമുഖം. ചൈനയാണ് ഈ തുറമുഖം നിര്‍മ്മിച്ചത്. ഗ്വാദര്‍ തുറമുഖം പ്രവര്‍ത്തിപ്പിച്ചുവന്ന സിങ്കപ്പൂരിലെ പിഎസ്എ ഇന്റര്‍നാഷണല്‍ എന്ന കമ്പനി പാക് നാവികസേനയുമായുള്ള അഭിപ്രായവ്യത്യാസം മൂലം പിന്‍മാറി. ഇതിനെത്തുടര്‍ന്ന് ചൈനയിലെ ഓവര്‍സീസ് പോര്‍ട്ട് ഹോള്‍ഡിങ്‌സിന് കരാര്‍ നല്കാന്‍ പാക് മന്ത്രിസഭ തീരുമാനിച്ചു.
തന്ത്രപ്രധാനമാണ് ഗ്വാദര്‍ തുറമുഖത്തിന്റെ കിടപ്പ്. ഇതിന്റെ നടത്തിപ്പ് ചുമതല ചൈനയ്ക്ക് കൈമാറാന്‍ പാകിസ്ഥാന്‍ 2013 ഫെബ്രുവരിയിലാണ് തീരുമാനിച്ചത്. സുഡാന്‍ തുറമുഖം വരെയുള്ള കടല്‍പ്പാതയിലെ വിനിമയബന്ധം സജീവമാക്കാനും എണ്ണകൊണ്ടുവരുന്നതിനും ചൈനയ്ക്ക് ഇത് വലിയ തോതില്‍ പ്രയോജനപ്പെടും. ഗ്വാദര്‍ തുറമുഖത്തെ ക്രമേണ നാവികസേനാ താവളമായി ചൈന വികസിപ്പിക്കുമെന്ന പ്രതീക്ഷയും പാകിസ്ഥാന് ഉണ്ട്. അത് ഭാരതത്തിനെതിരായ നീക്കത്തിന് ശക്തിപകരുമെന്നും പാകിസ്ഥാന്‍ കരുതുന്നു.
ഗ്വാദര്‍ തുറമുഖത്തേക്ക് അക്‌സായി ചിന്‍ എന്ന കയ്യേറ്റ ഭൂമിയില്‍നിന്ന് പാക് അധീന കാശ്മീര്‍ വഴി ചൈന ഒരു വാണിജ്യ ഇടനാഴി നിര്‍മ്മിച്ചുവരുന്നുണ്ട്. ഇത് സീപെക് (CPEC-china pak economic corridor)) എന്നാണ് അറിയപ്പെടുന്നത്. 500 ബില്യണ്‍ ഡോളര്‍ (50,000 കോടി) ചെലവുവരുന്ന പദ്ധതിയാണിത്. വലിയതോതില്‍ പണം മുടക്കി ചൈന ഇതില്‍ ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു. പാകിസ്ഥാന്‍ കയ്യേറിവച്ചിരിക്കുന്ന ഭാരതത്തിന്റെ ഭൂപ്രദേശത്തുകൂടി ഇത്തരത്തിലൊരു വാണിജ്യ ഇടനാഴി നിര്‍മ്മിക്കാന്‍ ചൈനയെ പ്രേരിപ്പിക്കുന്നതിനു പിന്നില്‍ നിരവധി താല്പര്യങ്ങളുണ്ട്. സാമ്പത്തികമായും അല്ലാതെയുമുള്ളവ. പാക് അധീന കാശ്മീര്‍ പിടിച്ചെടുത്തു കഴിഞ്ഞാന്‍ പിന്നെ തങ്ങള്‍ കയ്യേറി വച്ചിരിക്കുന്ന അക്‌സായി ചിന്‍ ആയിരിക്കും ഭാരതത്തിന്റെ അടുത്തലക്ഷ്യമെന്ന് ചൈനയ്ക്ക് നന്നായി അറിയാം. പാക് അധീന കാശ്മീരിനെ അടുത്തകാലത്താണ് ഭാരതത്തിന്റെ ഭാഗമായി ഗൂഗിള്‍ ഭൂപടത്തില്‍ ചിത്രീകരിച്ചത്. കൂടാതെ നമ്മുടെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ആ ഭാഗങ്ങളിലെ കാലാവസ്ഥയും പ്രവചിക്കാന്‍ തുടങ്ങി. ഏതാണ്ട് ഒരുമാസം മുമ്പാണ് പാക് അധീന കാശ്മീര്‍ ഉള്‍പ്പെടുന്ന ഭൂപ്രദേശത്തുനിന്ന് പാകിസ്ഥാന്‍ ഒഴിഞ്ഞുപോകണമെന്ന് നമ്മുടെ സംയുക്തസേനാത്തലവന്‍ ആവശ്യപ്പെട്ടത്. ഇതൊക്കെ പാകിസ്ഥാനു മാത്രമല്ല ചൈനയ്ക്കും ഭാരതം നല്കുന്ന വ്യക്തമായ മുന്നറിയിപ്പാണ്.
പാകിസ്ഥാനും ചൈനയും കയ്യേറിയ ഭൂമി ഭാരതം തിരിച്ചുപിടിക്കുമെന്ന ഭീഷണി മാത്രമാണോ ചൈനയെ അലട്ടുന്നത് ? മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ ?
♠ഉണ്ട്. ഭാരതം ചൈനീസ് ഉത്പന്നങ്ങള്‍ വിറ്റഴിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വിപണികളിലൊന്നാണ്. കോടിക്കണക്കിന് രൂപയുടെ ചൈനീസ് ഉത്പന്നങ്ങളാണ് നമ്മുടെ നാട്ടില്‍ ഉപയോഗിക്കപ്പെടുന്നത്. ഇവിടെ വിറ്റഴിക്കുന്ന ഭൂരിപക്ഷം ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളും ചൈനീസ് നിര്‍മ്മിതമാണ്. ടിക് ടോക് പോലുള്ള നിരവധി ആപ്ലിക്കേഷനുകളും സോഫ്റ്റ് വെയറുകളും ചൈനയുടെതാണ്.
കോവിഡ് വ്യാപനത്തെത്തുടര്‍ന്നുണ്ടായ ആഗോള മാറ്റങ്ങളില്‍ ചൈനയ്ക്ക് വലിയ തിരിച്ചടി ഉണ്ടായിട്ടുണ്ട്. ഈ വൈറസ് പുറത്തുവിട്ടത് ചൈനയാണെന്ന് അമേരിക്ക അടക്കമുള്ള നിരവധി രാഷ്ട്രങ്ങള്‍ വിശ്വസിക്കുന്നു. ലോകാരോഗ്യസംഘടന എത്രയൊക്കെ വെള്ളപൂശിയാലും ചൈനയില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം എന്ന് വ്യക്തമായിക്കഴിഞ്ഞു. രോഗം പടര്‍ത്തിയത് മനപ്പൂര്‍വമാണോ അല്ലയോ എന്നു മാത്രമേ ഇനി തീര്‍പ്പാക്കാനുള്ളൂ. ജൈവ-രാസായുധങ്ങളുടെ വന്‍ കലവറയാണ് ചൈന. അതിനാല്‍ തന്നെ ലോകരാഷ്ട്രങ്ങളെല്ലാം ചൈനയോട് കൃത്യമായ അകലം സൂക്ഷിക്കാനാരംഭിച്ചിരിക്കുന്നു. തത്ഫലമായാണ് അമേരിക്ക, ജപ്പാന്‍, ആസ്‌ട്രേലിയ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങള്‍ ചൈനയിലെ നിക്ഷേപങ്ങള്‍ പിന്‍വലിച്ച് ഭാരതത്തില്‍ മുതല്‍മുടക്കാന്‍ തയ്യാറായിരിക്കുന്നത്. ചൈനയെക്കാള്‍ മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ നല്കാനും സാങ്കേതികമികവുള്ള ചെറുപ്പക്കാരായ തൊഴിലാളികളെ കൂടുതലായി നല്കാനും ഒക്കെ ഇന്നത്തെ ഭാരതത്തിന് സാധിക്കും. മെയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതികള്‍ ചൈനയ്ക്ക് വലിയ ഭീഷണിയാണ്. ചൈനയില്‍ നിര്‍മ്മിക്കുന്ന ഏത് ഉത്പന്നവും നമുക്ക് ഇവിടെ ഇന്ന് നിര്‍മ്മിക്കാനാകും. മാത്രമല്ല അത് ലോകത്തിന്റെ ഏതു കോണിലും വിറ്റഴിക്കാനും സാധിക്കും. ഈ തിരിച്ചറിവും ചൈനയുടെ ഉത്ക്കണ്ഠ വര്‍ദ്ധിപ്പിക്കുന്നു.
മുമ്പൊക്കെ നാം തോക്ക് അടക്കമുള്ള ആയുധങ്ങള്‍ വിദേശത്തുനിന്ന് വന്‍തോതില്‍ വാങ്ങിക്കൂട്ടുകയായിരുന്നു പതിവ്. എന്നാലിപ്പോള്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ അവയില്‍ പലതും ഇവിടെ നിര്‍മ്മിക്കാനാരംഭിച്ചു. ടാങ്കുകള്‍, തോക്കുകള്‍, കാറ്റപ്പെല്‍ഡ് (തെറ്റാലി), സെല്‍ഫ് പ്രൊപ്പല്‍ഡ് ആര്‍ട്ടിലറി ഗണ്‍സ് തുടങ്ങി അത്യാധുനിക ആയുധങ്ങള്‍ ഇവിടെ നിര്‍മ്മിക്കുന്നു. അസാള്‍ട്ട് റൈഫിളുകള്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ തുടങ്ങി കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകള്‍, ആണവായുധശേഷിയുള്ള അന്തര്‍വാഹിനികള്‍ വരെയുള്ളവയുടെ നിര്‍മ്മാണം അതിവേഗത്തില്‍ പുരോഗമിക്കുന്നു. ആന്‍ഡ്രോയിഡുള്ള സ്മാര്‍ട്ട് ഫോണുകള്‍ മുതല്‍ ഹൈഡ്രോക്‌സി ക്ലോറിക്വീന്‍ പോലുള്ള മരുന്നുകള്‍ വരെ അങ്ങനെ പലതും നാം ഇവിടെ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്നു. ഇതെല്ലാം ചൈനയ്ക്ക് വലിയ വെല്ലുവിളിയാണ്. ആഗോള സാമ്പത്തിക ശക്തിയാകാനുള്ള ചൈനയുടെ കുതിപ്പിന് തടയിടാന്‍ ഇന്ന് ലോകത്ത് ഒരു ശക്തിയേയുള്ളൂ. അത് ഭാരതമാണ്. ഈ വെല്ലുവിളി തിരിച്ചറിയുന്ന ചൈന സമസ്തമേഖലയില്‍ നിന്നും ഭാരതത്തിന്റെ വളര്‍ച്ച തടയാന്‍ ശ്രമിക്കാതിരിക്കുമോ? അതിന് അവര്‍ എന്തുവില കൊടുത്തും കഠിനമായി അദ്ധ്വാനിക്കുമെന്ന് തീര്‍ച്ച.
മറ്റൊന്ന് ഭാരതത്തിന്റെ കിഴക്കന്‍മേഖലയിലുണ്ടായിരിക്കുന്ന മാറ്റമാണ്. മുമ്പ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലുക്ക് ഈസ്റ്റ് ആയിരുന്നു നയം. മോദി അത് ആക്ട് ഈസ്റ്റ് ആക്കി മാറ്റി. അതിലൂടെ സംഭവിച്ചിരിക്കുന്ന മാറ്റം പറഞ്ഞറിയിക്കാനാകാത്തതാണ്. അതിന്റെ പ്രതിഫലനമെന്നോണം മ്യാന്‍മാര്‍, ഭൂട്ടാന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി നാം കൂടുതല്‍ അടുത്തു. ഇവരെ കൂടാതെ ഫിലിപ്പൈന്‍സ്, തായ്‌ലാന്‍ഡ്, വിയറ്റനാം, കംബോഡിയ എന്നീ രാജ്യങ്ങളുമായി നല്ല ബന്ധം തുടരുന്നു. ഇതെല്ലാം ചൈനയെ പ്രകോപിപ്പിക്കുന്നുണ്ട്. ചൈനയോടുള്ള അത്രയും തന്നെ അടുപ്പം റഷ്യയ്ക്കും ഭാരതത്തിനോടുണ്ട്. ഇതും ചൈനയ്ക്ക് തലവേദന സൃഷ്ടിക്കുന്നു. കിഴക്കന്‍ അയല്‍രാജ്യങ്ങളുമായി ഭാരതം തുടരുന്ന മികച്ച നയതന്ത്രബന്ധം ദക്ഷിണചൈന കടലില്‍ ചൈന നിലനിര്‍ത്തുന്ന അപ്രമാദിത്വത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. മലേഷ്യ ഒഴികെയുള്ള ഇന്തോനേഷ്യന്‍ ദ്വീപ് സമൂഹങ്ങള്‍, മലാക്ക സ്‌ട്രേറ്റ് പോലുള്ള കടലിടുക്കുകള്‍ എന്നിവിടങ്ങളിലെ നമ്മുടെ സ്വാധീനമാണ് അതിനുകാരണം. ദക്ഷിണ ചൈന കടലില്‍ ചൈന തുടരുന്ന മേധാവിത്വത്തിന് കനത്ത ഭീഷണിയായി ഈ സൗഹൃദങ്ങള്‍ മാറി.
വടക്കുകിഴക്കന്‍ മേഖലയിലെ വംശീയ തീവ്രവാദം അവസാനിപ്പിക്കാനും തദ്ദേശീയരെ ഭാരതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന പ്രവര്‍ത്തനങ്ങളെ ഏറെ മുന്നോട്ടുകൊണ്ടുപോകാനും മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. അവിടെ വിത്തിട്ട് വെള്ളംകോരി ചൈന വളര്‍ത്തിക്കൊണ്ടുവന്ന ബോഡോ തീവ്രവാദം വലിയതോതില്‍ ഒതുക്കാന്‍ നമുക്ക് കഴിഞ്ഞു. ഇതെല്ലാം ഭാരതത്തെ അസ്ഥിരപ്പെടുത്തി ആഗോള സാമ്പത്തികശക്തിയാകാനുള്ള ചൈനീസ് സ്വപ്നങ്ങളുടെ ചിറകരിയുന്ന നടപടികളാണ്. ലോകവിപണി പിടിച്ചെടുത്ത് അമേരിക്കയെയും മറികടന്ന് വന്‍ശക്തിയാകാനുള്ള ചൈനീസ് കുതിപ്പിന് താത്കാലികമായെങ്കിലും തടയിട്ടത് ഭാരതവും മോദി സര്‍ക്കാരുമാണ്. ഇത് തീര്‍ച്ചയായും ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്. പക്ഷേ നേരിട്ടൊരു ഏറ്റുമുട്ടലിന് തയ്യാറാകാന്‍ മാത്രം വിഡ്ഢികളല്ല ചൈന ഭരിക്കുന്നതെന്ന് നാം മനസ്സിലാക്കണം. നേരിട്ട് ആക്രമിക്കുന്നത് ചൈനയ്ക്ക് വലിയ തിരിച്ചടി നല്കും. ഇപ്പോള്‍ കോവിഡിനെത്തുടര്‍ന്ന് ലോകം മുഴുവന്‍ ചൈനയ്ക്ക് എതിരാണ്. അതിന്റെ പുറത്ത് ഭാരതത്തെ കൂടി ആക്രമിച്ചാല്‍ അത് വലിയ അപകടത്തെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാകും. എന്തായാലും ചൈന അത് ചെയ്യില്ല. പക്ഷേ….
(തുടരും)