തിരുവനന്തപുരം: കാലം അതിവേഗം മാറിക്കൊണ്ടിരിക്കെ പുതിയ കാലത്തിനനുസരിച്ച് പുതിയ സമീപനങ്ങള്‍ ആവശ്യമാണെന്ന് ഭാരതീയ വിചാരകേന്ദ്രം ജോ. ഡയറക്ടര്‍ ആര്‍ സഞ്ജയന്‍ പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതിയോഗം ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്ക്ഡൗണ്‍ കാലത്ത് ഒരു രാഷ്ട്രമെന്ന നിലയിലും സമൂഹമെന്ന നിലയിലും നമ്മുടെ ശക്തിയും പരിമിതിയും തിരിച്ചറിയാന്‍ നമുക്ക് സാധിച്ചു. സിദ്ധാന്ത ശാഠ്യങ്ങളില്‍ കുടുങ്ങിക്കിടക്കാതെ ഘടനാപരമായ മാറ്റങ്ങള്‍ കാലത്തിനനുസരിച്ച് ഉണ്ടാകണം. അതിന് പഠനവും വിശകലനവും നടത്താന്‍ നമുക്ക് സാധിക്കണമെന്നും സഞ്ജയന്‍ പറഞ്ഞു. കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാര്‍ രണ്ടാം ടേമിലെ ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. കഴിഞ്ഞ ടേമില്‍ നടപ്പാക്കിയ ജന്‍ധന്‍യോജന, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി തുടങ്ങി നിരവധി പദ്ധതികള്‍ ദൂരക്കാഴ്ചയോടെ ഉള്ളതായിരുന്നു എന്ന് കൊറോണകാലം നമ്മെ ബോധ്യപ്പെടുത്തി. ഈ ടേമില്‍ കൊണ്ടുവന്ന കാശ്മീരിലെ 370-ാം വകുപ്പ് റദ്ദ് ചെയ്യല്‍, മുത്തലാഖ് നിരോധനം, പൗരത്വ നിയമ ഭേദഗതി തുടങ്ങിയ നിയമങ്ങള്‍ ധീരമായ നടപടികളായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ കേരളം പരമ്പരാഗതമായിത്തന്നെ മുന്നിലായിരുന്നു എന്ന് കൊറോണ കാലത്ത് നമുക്ക് ബോധ്യം വന്നതായും സഞ്ജയന്‍ പറഞ്ഞു. കേരളത്തിന് പ്രളയാനന്തര പുനര്‍നിര്‍മ്മാണം എന്ന പദ്ധതി ഇനിയും നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും നമ്മുടെ പരിസ്ഥിതിയുടെ സവിശേഷത മനസ്സിലാക്കി അതിന് അനുയോജ്യമായ വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും സഞ്ജയന്‍ കൂട്ടിച്ചേര്‍ത്തു.
ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ. എം. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു, സംഘടനാ സെക്രട്ടറി വി. മഹേഷ്, ഡോ. കെ.എന്‍. മധുസുദനന്‍പിള്ള, ജെ. മഹാദേവന്‍, ജി.കെ. സുരേഷ് ബാബു, ഡോ. രാജലക്ഷ്മി, ശ്രീധരന്‍ പുതുമന തുടങ്ങിയവര്‍ സംസാരിച്ചു.