ഐസോലേഷന്‍ വാര്‍ഡിലെ ജാലകത്തിന്റെ കര്‍ട്ടനുകള്‍ വകഞ്ഞു മാറ്റി ഞാന്‍ താഴേക്കു നോക്കി. ലോക്ക് ഡൗണ്‍ തീരുന്ന ദിവസമായിരുന്നു അത്. രോഗഭീതിയില്‍ ശോഷിച്ചു പോയ ഗതാഗത നിരക്ക് വീണ്ടും മെയിന്‍ റോഡുകളുടെ വീതിക്കൊപ്പം തന്നെ പുഷ്ടി പ്രാപിച്ച് നിറഞ്ഞു നീങ്ങുന്നുണ്ടായിരുന്നു. അധികം ദൂരെയല്ലാതെ ഫഌറ്റുകളിലെയും ഓഫീസുകളിലെയും ഗ്രൗണ്ട് ഫ്‌ളോറുകളിലെ പോര്‍ച്ചുകളിലേക്കും പാര്‍ക്കിംഗ് സ്‌പെയ്‌സിലേക്കുമൊക്കെ വാഹനങ്ങളും കാറുകളും സാധാരണ രീതിയില്‍ വന്നു പോയിക്കൊണ്ടിരിക്കുന്നതും വ്യക്തമായി കാണാം. അതിനപ്പുറത്തെ പാതയോരത്ത് നാടോടികള്‍ പാര്‍ക്കാനായി വലിച്ചുകെട്ടിയ ടെന്റിനുള്ളിലെ ആളനക്കവും കാണാം. രണ്ടാഴ്ചയോളമായി ഐസോലേഷനിലായിട്ട്. വുഹാനില്‍ നിന്നും പുറപ്പെട്ട വൈറസിന്റെ സഞ്ചാരപാതയിലറിയാതെ ഭാഗഭാക്കായി മാറിയോ എന്ന സംശയം കൊണ്ടായിരുന്നു ഒരു ചെറിയ പനി തുടങ്ങിയപ്പോള്‍ത്തന്നെ ഐസോലേഷനിലായത്. അതോടെ അച്ഛനും അമ്മയും ഗായത്രിയും ഒരു വയസ് മാത്രം പ്രായമുള്ള മോളും വീട്ടില്‍ത്തന്നെ ക്വാറന്റയിന്‍ ചെയ്യപ്പെടുകയുമായിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി അത്രയും ചെയ്യാനായതില്‍ ആശ്വാസവും ഒട്ടൊക്കെ അഭിമാനവും തോന്നി. അത് വെറും ജലദോഷപ്പനിയായിരുന്നതിനാലും ഇന്നലെ വൈകീട്ട് വന്ന റിസള്‍ട്ട് നെഗറ്റീവ് ആയതിനാലും രാവിലെത്തന്നെ ഡിസ്ചാര്‍ജ് സമ്മറിക്കായി കാത്തിരിക്കുകയായിരുന്നു. ഭാര്യക്കും മകള്‍ക്കും വീട്ടിലുള്ളവര്‍ക്കുമൊന്നും പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല. എത്രയും പെട്ടെന്ന് വീട്ടിലെത്താനായി കൊതിച്ചിരിക്കുന്നതിനിടയില്‍ ഏകദേശം രണ്ടാഴ്ച മുമ്പ് നടന്ന കാര്യങ്ങള്‍ ഒന്നൊന്നായി ഓര്‍ത്തെടുക്കുകയല്ലാതെ മറ്റൊന്നും തന്നെ എനിക്ക് ചെയ്യാനുണ്ടായിരുന്നില്ല.
അന്ന് രണ്ടാം ശനിയാഴ്ചയായതിനാല്‍ സാധാരണ പോലെ നേരത്തേ എഴുന്നേല്‍ക്കാതിരുന്ന എന്നെ ഉണര്‍ത്തിയത് അറിയാത്ത നമ്പറില്‍ നിന്നും വന്ന ഒരു ഫോണ്‍ കോളായിരുന്നു. അതിരാവിലെ വരുന്ന ഫോണ്‍ കോളുകള്‍ പലപ്പോഴും ആരുടെയെങ്കിലുമൊക്കെ മരണ വാര്‍ത്തയോ അല്ലെങ്കില്‍ അതുപോലെ മറ്റു വല്ല പ്രധാന വിവരങ്ങളുമൊക്കെയാണല്ലോ മനസ്സിലേക്കെത്തിക്കാറുള്ളത് എന്ന ചിന്തയോടെത്തന്നെയാണ് ഫോണ്‍ എടുത്ത് ചെവിയോടു ചേര്‍ത്തത്.
‘… സര്‍.. ഗുഡ്‌മോണിംഗ്, നന്ദകുമാര്‍ സര്‍ അല്ലേ, രാവിലെത്തന്നെ വിളിച്ചതില്‍ ക്ഷമിക്കണം സര്‍, ഞാന്‍ അപര്‍ണ, കോപ്പറേറ്റീവ് കോളേജിലെ യൂണിയന്‍ ചെയര്‍മാന്‍ ആണ്. ആറ്റക്കോയ സാര്‍ പറഞ്ഞിട്ടാണ് വിളിക്കുന്നത്. സാര്‍ ദയവായി നിരസിക്കരുത്. പറ്റില്ലെന്നു പറയരുത്.’
അപര്‍ണയുടെ ശബ്ദം ഫോണിലൂടെ ഒഴുകി വന്നപ്പോള്‍ അതില്‍ നിറഞ്ഞ ഉദ്വിഗ്‌നതയും നിവൃത്തികേടും ആയിരുന്നു ആദ്യമായി മനസ്സിലേക്ക് അലയടിച്ചു എത്തിയത്. അപര്‍ണ സംസാരം തുടര്‍ന്നുകൊണ്ടേയിരുന്നു.
‘ ..സര്‍ സ്ത്രീ സമത്വവും നവോത്ഥാനവും എല്ലാം രാഷ്ട്രീയക്കാര്‍ ഹൈജാക്ക് ചെയ്തു കൊണ്ടു പോയല്ലോ. അതുമൂലമുണ്ടായ ചില പ്രശ്‌നങ്ങളാണ്. മിനിസ്റ്റര്‍ പങ്കെടുക്കുന്ന ചടങ്ങാണ്, മിനിസ്റ്റര്‍ ഇന്നലെ രാത്രി നടത്തിയ ചില പരാമര്‍ശങ്ങളെക്കുറിച്ചൊക്കെ സര്‍ അറിഞ്ഞിരിക്കുമല്ലോ. അതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച്, മുഖ്യ പ്രഭാഷകനായി വരാമെന്നേറ്റ ആള്‍ ചടങ്ങില്‍ നിന്ന് പിന്മാറി. മിനിസ്റ്റര്‍ ഉണ്ടെങ്കില്‍ അദ്ദേഹം വരില്ലാത്രേ. മിനിസ്റ്ററെ ആണെങ്കില്‍ ഒഴിവാക്കാനും പറ്റില്ലല്ലോ. അതുകൊണ്ടാണ് ഇപ്പോള്‍ സാറിനെ ബുദ്ധിമുട്ടിക്കേണ്ടി വന്നത്. കോളേജിലെ വിമന്‍സ് ഫോറത്തിന്റെ പങ്കാളിത്തത്തോടെ നടക്കുന്ന പരിപാടിയാണ്, ചടങ്ങിലേക്ക് സര്‍ വരണം. ‘അവളെ കേട്ടുകൊണ്ടിരുന്നപ്പോള്‍ വിനിമയം ചെയ്യാനുള്ള ആശയങ്ങള്‍ ഏറ്റവും കൂടിയ വേഗത നിരക്കില്‍ തന്നെ വാക്കുകളിലൂടെ വ്യക്തമാക്കുന്ന അവളെക്കുറിച്ച് മതിപ്പു തോന്നി.
”ശരി അപ്പോള്‍ ഞാന്‍ ഒരു പ്രാസംഗികന്‍ ആയി വരണം അല്ലേ …”
അല്പം ഒന്ന് നീട്ടി തന്നെയാണ് ഞാന്‍ അത് ചോദിച്ചത്. ‘അതേ സാര്‍. കനകാലയ ഓഡിറ്റോറിയത്തിലാണ് ഫംഗ്ഷന്‍ നടക്കുന്നത.് സാറ് റെഡിയായി നില്‍ക്കാമോ? അരമണിക്കൂറിനകം കാറുമായി ഞങ്ങളെത്തും. മിനിസ്റ്റര്‍ സ്ഥലത്ത് ഉള്ളതിനാല്‍ പരിപാടി കൃത്യസമയത്തുതന്നെ തുടങ്ങാനാവും. സ്റ്റേഡിയത്തിന് മുന്നിലുള്ള റോഡ് പോലീസ് അടച്ചിരിക്കുകയാണ്. അതുകൊണ്ട് ഉടനെ തന്നെ ഇറങ്ങിയാലേ നമുക്ക് സമയത്തിന് എത്താന്‍ ആവുകയുള്ളൂ..’
ഫോണ്‍ വെച്ച ശേഷം കുളിയൊക്കെ കഴിച്ച് ഒരുങ്ങുന്നതിനിടയില്‍ ഓര്‍ക്കുകയായിരുന്നു, നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ നടത്താനായി ഗായത്രി നേരത്തെ ഉണര്‍ന്നിരുന്നു. അവളോടൊപ്പം തന്നെ ഉറക്കം മതിയാക്കി ഉണര്‍ന്നു കളഞ്ഞ മോളെ തോളിലിട്ട് ഉറക്കിയ ശേഷം വീണ്ടും കിടത്തുന്നതിനിടയിലാണ് ആറ്റക്കോയ സാറിന്റെ ഫോണ്‍ വിളിയും വരുന്നത്. അതിരാവിലെത്തന്നെ വിളി വന്നപ്പോഴേ ഊഹിച്ചു, കാര്യം അതുതന്നെയായിരിക്കും, അല്‍പ്പം മുമ്പേ അപര്‍ണ്ണ വിളിച്ച് അപേക്ഷിച്ചത്.
‘ .. മാഷേ എന്നെ ഒന്ന് സഹായിക്കണം. ഞാന്‍ ഇപ്പോള്‍ മുംബൈയിലാണ്. കനകാലയ ഓഡിറ്റോറിയത്തില്‍ ഇന്ന് ഒരു ചടങ്ങുണ്ട്. മാഷ് അതിലൊന്ന് ഭാഗഭാക്കാകണം.
സംഘാടകരോട് ഞാന്‍ ഒന്ന് വിളിക്കാന്‍ പറയാം.. അവര്‍ എന്തോ വിഷമത്തിലാണ്, മാഷ് ഒന്ന് വേണ്ടവിധത്തില്‍ തന്നെ കാണണം.
മിനിസ്റ്റര്‍ വരുന്ന ചടങ്ങാണ്, നല്ല മൈലേജ് കിട്ടും. ഞാന്‍ കുറച്ചു ദിവസം കഴിയും വരാന്‍, വന്നിട്ട് കാണാം .”
പിതൃതുല്യമായ സ്‌നേഹത്തോടെയാണ് ആറ്റക്കോയ സാര്‍ ഇടപെടാറുള്ളത്. ആദ്യ കഥാസമാഹാരം പുറത്തിറങ്ങിയത് മുതല്‍ തുടങ്ങിയതാണ് ആ സ്‌നേഹബന്ധം.
നഗരത്തിലെ സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ പുരസ്‌കാരം ലഭിച്ചതും പുരസ്‌കാര സ്വീകരണ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടും വരാതെയും പുസ്തകത്തിന്റെ ആവശ്യമായത്ര കോപ്പികള്‍ എത്തിക്കാതെയും മാറി നില്‍ക്കുകയും ചെയ്ത പ്രസാധകരുടെ മനോഭാവം അന്ന് അല്പം വിഷമം ഉണ്ടാക്കിയിരുന്നു.
അതിന്റെ പ്രസാധകനായ ഇക്ബാല്‍ക്ക നടത്തിയ ആത്മാര്‍ത്ഥതയില്ലാത്ത ഇടപെടലിനെപ്പറ്റി കാണുമ്പോഴൊക്കെ അനുതാപത്തോടെ സംസാരിക്കുമായിരുന്നു.
അതൊന്നും അങ്ങനെ ഇട്ടാല്‍ പോരാ എന്നും, ഒന്നു നന്നായി പുന:പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കണമെന്നും ഒക്കെ പറഞ്ഞ് അദ്ദേഹം ഊര്‍ജ്ജം പകരുമായിരുന്നു. മാത്രമല്ല, ചില കാര്യങ്ങളില്‍ ഒന്നും തന്നെ ഞാന്‍ വേണ്ടത്ര ആര്‍ജ്ജവവും താല്‍പര്യവും കാണിക്കുന്നില്ല എന്നുമൊക്കെ പറഞ്ഞു വിമര്‍ശിക്കുകയും ചെയ്യുമായിരുന്നു. നഗരത്തില്‍ നടക്കുന്ന ഒട്ടുമിക്ക സാംസ്‌കാരിക പരിപാടികളുടെയും സംഘാടകനായി അദ്ദേഹം ഉണ്ടാകും.
അതിരാവിലെ തന്നെ എഴുന്നേറ്റ് പ്രായത്തെ വകവയ്ക്കാതെ മനസ്സിന്റെ സദ്ഭാവനകള്‍ സൃഷ്ടിക്കുന്ന വിശാലതയുടെ ലോകത്തില്‍ വ്യാപരിക്കുന്ന അദ്ദേഹം രാഷ്ട്രീയ സാമൂഹിക-സാംസ്‌കാരിക രംഗത്തുള്ളവര്‍ക്ക് എല്ലാം ആദരണീയനും സുപരിചിതനുമാണ്. ഇടയ്‌ക്കൊക്കെ അദ്ദേഹം പരിഭവത്തോടെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും..
‘..മാഷേ ഇങ്ങളെ ഒരു പരിപാടിക്കും കിട്ടുന്നില്ലല്ലോ. നിങ്ങളിങ്ങനെ സ്‌കൂളും, കഥയെഴുത്തും കവിതയുമൊക്കെ ആയി നടന്നാല്‍ മതിയോ.. മടിയന്‍.. ഇടയ്‌ക്കൊക്കെ വന്ന് ഒന്ന് രണ്ട് വേദികളിലൊക്കെ സംസാരിക്കണം..
നിങ്ങളെ പോലുള്ള നല്ല കാഴ്ചപ്പാടുള്ളവരും ഉണ്ടെന്ന് നാലുപേര്‍ അറിയട്ടെന്നേയ്.. അടുത്ത പരിപാടിക്ക് വിളിച്ചാല്‍ വരാതിരിക്കരുത്, കേട്ടോ’ എന്നൊക്കെ പറഞ്ഞ് പൊതുചടങ്ങുകളിലേക്കൊക്കെ അദ്ദേഹം ക്ഷണിക്കാറും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ നിരസിക്കാന്‍ ആവില്ലായിരുന്നു.
ആറ്റക്കോയ സാറിനോട് സംസാരിച്ചു കഴിയുമ്പോഴേക്കും ഗായത്രി മുന്നിലെത്തിയിരുന്നു. പരിഭവത്തില്‍ വെന്തുപോയെന്ന പോലെ കോടിയ ചുണ്ടുകള്‍ കാട്ടിയാണ് അവള്‍ പറഞ്ഞത്.
‘.. ഓ.. ഇനിയിപ്പോ പ്രഭാഷണോം മീറ്റിംഗും ഒക്കെ കഴിഞ്ഞ് എപ്പോഴാണാവോ തിരിച്ചെത്തുന്നത്.. എന്തായാലും അതൊക്കെ കഴിഞ്ഞ് വരുമ്പോള്‍ ബസ്സ്റ്റാന്റിനുള്ളിലെ ആ മെറ്റേണിറ്റി – ചൈല്‍ഡ് കെയര്‍ പ്രൊഡക്റ്റ് വില്‍ക്കുന്ന കടയില്‍ നിന്നും ബേബി സപ്പോര്‍ട്ട് വാങ്ങാന്‍ മറക്കണ്ട.’
രാവിലെ ബ്രേയ്ക്ക് ഫാസ്റ്റ് കഴിഞ്ഞിട്ട് മോളുമായി ഒന്നു പുറത്തിറങ്ങി ആവശ്യമുള്ള സാധനങ്ങളൊക്കെ വാങ്ങി വരാമെന്ന് ഗായത്രിയോട് പറഞ്ഞിരുന്നതാണ്. അതിനിടയിലാണ് അപര്‍ണ്ണ വിളിക്കുന്നത്. അതിന്റെ പരിഭവമാണ് ഗായത്രി പ്രകടമാക്കിയത്. ഏതായാലും മോള്‍ വീണ്ടും എഴുന്നേല്‍ക്കുന്നതിനു മുമ്പേ ഗായത്രി ഇഡ്ഡലിയും ചട്ണിയും തയ്യാറാക്കി. അത് കഴിച്ച് ഡ്രസ്സ് ചെയ്തപ്പോഴേക്കും അപര്‍ണ്ണയും കൂട്ടരും കാറുമായെത്തി. കനകാലയ ആഡിറ്റോറിയത്തിലേക്കുള്ള വഴിയേ അവര്‍ പറഞ്ഞു തുടങ്ങി. പ്രശസ്തനായ പ്രഭാഷകന്‍ മന്ത്രിയോടുള്ള വിയോജിപ്പ് കാരണമത്രേ ചടങ്ങ് ബഹിഷ്‌കരിച്ചത്. ഒരു വിഭാഗം സെന്‍സിറ്റീവ് ആയി കാണുന്ന ഇഷ്യൂവില്‍ തലേന്നു രാത്രി മന്ത്രി കടുപ്പിച്ച് ഒരു അഭിപ്രായപ്രകടനം നടത്തിയതാണത്രേ അദ്ദേഹത്തെ ചൊടിപ്പിച്ചത്. ആശയസംവാദങ്ങള്‍ക്കു പകരം തീവ്രമായ ചില ആശയസംഘട്ടനങ്ങള്‍ സാധാരണക്കാരുടെ ജീവിതത്തെ വരെ കലുഷിതമാക്കിയ ഒരു കാലമായിരുന്നു അത്.
കനകാലയ ഓഡിറ്റോറിയത്തിലേക്കുള്ള യാത്രക്കിടയില്‍ അപര്‍ണ്ണയും അവളുടെ കൂട്ടുകാരി ഫിദയും ഹൃദ്യമായ രീതിയില്‍ കുശലാന്വേഷണങ്ങള്‍ നടത്തി. കാറോടിച്ചിരുന്നത് അപര്‍ണ്ണ തന്നെയായിരുന്നു. ചടുലമെങ്കിലും ശ്രദ്ധാപൂര്‍വ്വം സംസാരിക്കുന്നതു പോലെത്തന്നെയായിരുന്നു തിരക്കുകള്‍ക്കിടയിലൂടെ അവള്‍ കാറോടിച്ചിരുന്നത്. സയന്‍സ് ഗ്രൂപ്പ് എടുത്താണ് പഠിച്ചിരുന്നതെങ്കിലും സിവില്‍ സര്‍വീസ് ലക്ഷ്യമാക്കിയാണ് രണ്ട് പേരും പൊളിറ്റിക്കല്‍ സയന്‍സില്‍ ഉപരിപഠനം നടത്തുന്നതെന്നും പറഞ്ഞത് ഫിദയാണ്. അവര്‍ക്ക് ഭാവുകങ്ങള്‍ നേര്‍ന്ന ശേഷം പുറത്തേക്കു നോക്കിയപ്പോള്‍ ഓഡിറ്റോറിയത്തിലേക്കു തിരിയുന്ന റോഡിനരികിലെ ഓവര്‍ ബ്രിഡ്ജിന്റെ തൂണുകളിലൊക്കെ മന്ത്രിയുടെ പടം പതിച്ച പോസ്റ്റും ചടങ്ങിനെപ്പറ്റിയുള്ള വിവരങ്ങളും കണ്ടു. തൊട്ടു മുന്നിലായി ഓഡിറ്റോറിയത്തിലേക്കുള്ള പ്രവേശന കവാടത്തിനരികെ ഭിക്ഷക്കാരെപ്പോലെ തോന്നിപ്പിക്കുന്ന രണ്ട് നാടോടി സ്ത്രീകള്‍ നില്‍പ്പുണ്ടായിരുന്നു .അതിലൊരാള്‍ വിഴുപ്പു തുണികൊണ്ടുണ്ടാക്കിയ മാറാപ്പില്‍ കുഞ്ഞിനെ ചേര്‍ത്തു പിടിച്ചിരുന്നു. അതിനടുത്തായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു സിവില്‍ പോലീസ് ഓഫീസര്‍ ലാത്തിവീശി അവരോട് എന്തൊക്കെയോ ആക്രോശിക്കുന്നുണ്ടായിരുന്നു. കുഞ്ഞിനെയും കൊണ്ട് നിന്ന സ്ത്രീ ഭയന്ന് പെട്ടെന്നു തന്നെ റോഡിനപ്പുറത്തേക്ക് ഓടിപ്പോയി. ശകാരിച്ചുകൊണ്ട് അടുത്തേക്ക് വരുന്ന പോലീസിനെ കണ്ട്, ഭിക്ഷക്കാരിലൊരാള്‍ മാത്രം അവിടെ അങ്കലാപ്പിലായി നിന്നു പോയി. അവര്‍ക്കടുത്ത് റോഡരികിലേക്കായി അപര്‍ണ്ണ കാര്‍ ചേര്‍ത്തു നിര്‍ത്തിയത് പെട്ടെന്നായിരുന്നു. ഡോറിന്റെ ഗ്ലാസ് താഴ്ത്തിയ ശേഷം ഫിദ പെട്ടെന്ന് നൂറ് രൂപായുടെ ഒരു നോട്ട് എടുത്ത് ഭയന്നു നിന്ന ഭിക്ഷക്കാരിയുടെ കൈയ്യില്‍ വെച്ചു കൊണ്ട് പറഞ്ഞു. ‘ .. പൊയ്‌ക്കോ.. ഇനിയിവിടെ നിന്നാല്‍ അവര്‍ പിടിച്ചുകൊണ്ട് പോയി ജയിലിലിടും..’തിരിഞ്ഞു നോക്കിയ പോലീസുകാരനോട് അപര്‍ണ്ണ പറഞ്ഞു…
‘.. സര്‍.. മന്ത്രിയും ഏമാന്‍മാരുമെല്ലാം വരുന്നതറിഞ്ഞ് എന്തെങ്കിലും കിട്ടുമോ എന്ന പ്രതീക്ഷയുമായി വന്ന പാവം പ്രജയല്ലേ.. പൊയ്‌ക്കോട്ടെ സര്‍… ‘
പോലീസുകാരന്‍ ഒന്നു ചിരിച്ചു കാറിനുള്ളിലേക്ക് നോക്കി അഭിവാദ്യം പറഞ്ഞു.
കൃത്യസമയത്തു തന്നെ മന്ത്രി എത്തിയിരുന്നു. ആഡിറ്റോറിയം നിറഞ്ഞു കവിഞ്ഞിരുന്നു. മന്ത്രിയുടെ പ്രസംഗം തുടങ്ങി, ഒരു പത്ത് മിനിട്ട് കഴിയുമ്പോഴേക്കും ഒരു കുട്ടി ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് സ്റ്റേജിനും സദസ്സിനുമിടയിലുള്ള ചെറിയ സ്‌പെയ്‌സിലേക്കു കടന്നു വന്ന് ചില ചുവടുകള്‍ വെച്ചു. അവളുടെ പിന്നാലെ മൂന്ന് നാല് പേര്‍ കൂടെ എത്തി. ആരും പ്രതീക്ഷിക്കാതെ ഒരു ഫഌഷ് മോബ് അവിടെ ആവിഷ്‌കരിക്കപ്പെടുകയായി. പെട്ടെന്ന് പ്രസംഗം തടസ്സപ്പെട്ട മന്ത്രി അസ്വസ്ഥനായി. അതോടെ വളന്റിയര്‍മാര്‍ ഇടപെട്ട് കുട്ടികളെ ഒതുക്കാന്‍ ശ്രമിച്ചു.അതോടെ കുട്ടികളും പ്രക്ഷുബ്ധരായി.അവര്‍ ഉച്ചത്തില്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു, ഞങ്ങള്‍ക്ക് അഞ്ചു മിനിട്ട് സമയം തരണമെന്നും ഞങ്ങള്‍ക്ക് കൈമാാറാനുള്ള സന്ദേശം മന്ത്രിക്ക് മുമ്പാകെ അവതരിപ്പിക്കാന്‍ അനുവദിക്കണമെന്നുമൊക്കെ.
എല്ലാവരും നോക്കിയത് മന്ത്രിയെ ആയിരുന്നു.
‘.. അങ്ങനെ മുന്‍കൂട്ടി അറിയിക്കാതെ എന്തെങ്കിലുമൊക്കെ കാണിക്കാനുള്ള വേദിയല്ല, ഇത്. മാത്രമല്ല, അതിനുള്ള സമയവുമല്ല ഇത്. പറയാനുള്ളതൊക്കെ ബന്ധപ്പെട്ട അധികാരികളോടാണ് പറയേണ്ടത്, അല്ലാതെ നേരിട്ട് മന്ത്രിയോടല്ല, ഒരോന്നിന്നും അതിന്റെതായ വഴികളും രീതികളുമുണ്ടെന്നോര്‍ക്കാതെ വെറുതെ ബഹളം വെക്കാതെ പുറത്ത് പോകണം.. ‘
അതോടെ അവിടെയുണ്ടായിരുന്ന പോലീസുകാര്‍ കുട്ടികളെ തള്ളി പുറത്താക്കുകയും അവരുടെ കൈയ്യില്‍ നിന്നും പ്ലക്കാര്‍ഡുകളൊക്കെ പിടിച്ചു വാങ്ങുകയും ചെയ്തു.
ആ ബഹളമൊക്കെ കഴിഞ്ഞാണ് മന്ത്രി സംസാരിച്ചത്. അതു കഴിഞ്ഞ് ഊഴമനുസരിച്ച് ആശംസാ പ്രസംഗത്തിനിടെ ഞാന്‍, സ്ത്രീ സമത്വത്തിന്റെയും, നവോത്ഥാനത്തിന്റെയും പുരോഗമനപരമായ ചില ആശയങ്ങള്‍ പങ്കുവെക്കുകയും സര്‍ക്കാരിന്റെ നടപടികളെ പ്രശംസിക്കുകയും ചെയ്തു. ഔപചാരികമായ പരിപാടികള്‍ കഴിയുന്നതിനു മുമ്പേ തന്നെ മന്ത്രിവേദി വിട്ടു പോയിരുന്നു.
പിന്നീട് കലാപരിപാടികള്‍ തുടങ്ങുന്നതിനു മുമ്പേ സംഘാടകര്‍ അവരുടെ വകയായി ഒരു ചെറിയ ഉപഹാരവും തന്നു. മുന്‍ കാലുകളുയര്‍ത്തി മുന്നോട്ടു കുതിക്കുന്ന , ചെറിയ മനോഹരമായ സ്ഫടികത്തില്‍ തീര്‍ത്ത ഒരു കുതിരയായിരുന്നു അത്.
വേദിയില്‍ നിന്നിറങ്ങാനായി തിരിഞ്ഞപ്പോഴാണ് അരികില്‍ ഒരു മലങ്കുറവത്തി വന്നു നിന്നത്. അത് അപര്‍ണയാണെന്ന് മനസ്സിലായത് അവള്‍ തന്നെ പറഞ്ഞപ്പോഴാണ്. അടുത്തു തന്നെ മോഹിനിയാട്ടത്തിന്റെ ചമയങ്ങളണിഞ്ഞ് ഫിദയും നില്‍പ്പുണ്ട്.
‘.. സര്‍ നേരത്തേയുണ്ടായ ബഹളം കാരണം അല്‍പം വൈകി. ഞങ്ങളുടെ പ്രോഗ്രാം കഴിഞ്ഞിട്ട് സാറിനെ വീട്ടില്‍ ഡ്രോപ്പ് ചെയ്ത് തരാം.. ഒരു ഡ്രൈവര്‍ ഉള്ളത് വേറെ വഴിയേ പോയി. ഇനി വരാന്‍ അല്‍പം വൈകും.. സോറി സര്‍ എല്ലാം ഞങ്ങള്‍ തന്നെ ചെയ്യേണ്ടി വരുന്നതിനാലാണ്..’ അപ്പോള്‍ സാരമാക്കേണ്ടെന്നും നാട്ടില്‍ പോകാന്‍ ഉള്ളതിനാല്‍ പ്രോഗ്രാം കാണാനിരിക്കാനുള്ള സമയമില്ലെന്നും മാത്രമല്ല പോകുന്ന വഴി കുറച്ച് സാധനങ്ങള്‍ വാങ്ങാനുള്ളതിനാല്‍ തനിയെ പൊയ്‌ക്കോളാം എന്നും അവരോട് പറഞ്ഞിറങ്ങുകയായിരുന്നു.
ഓഡിറ്റോറിയത്തില്‍ നിന്നും പുറത്തേക്കു വന്ന് ബസ് സ്റ്റാന്‍ഡിനടുത്തുള്ള ചൈല്‍ഡ് കെയര്‍ പ്രൊഡക്ട്‌സിന്റെ കടയില്‍ നിന്നും മോള്‍ക്കുള്ള ബേബി സപ്പോര്‍ട്ട് വാങ്ങിയ ശേഷം പൊരി വെയിലിലൂടെ നടന്ന് ബസ്സിലെ ബാക്ക് സീറ്റുകളിലൊന്നില്‍ കയറിയിരിക്കുമ്പോഴായിരുന്നു, മുന്‍വാതിലിലൂടെ അവര്‍ വീണ്ടും കയറി വന്നത്. നേരത്തേ ഓഡിറ്റോറിയത്തിന്റെ മുന്നില്‍ നിന്നും ചുമലില്‍ തൂങ്ങുന്ന വിഴുപ്പ് തുണി സഞ്ചിയില്‍ തളര്‍ന്നുറങ്ങുന്ന പിഞ്ചു കുഞ്ഞിനെയും കൊണ്ട് പോലീസിനെ ഭയന്ന് ഓടിയ സ്ത്രീ. ഭിക്ഷ യാചിച്ച് അവര്‍ പിറകിലേക്ക് നടന്നു വന്നു. പരിക്ഷീണയായ അവര്‍ അടുത്തെത്താനായപ്പോള്‍ വല്ലതും കൊടുക്കാമെന്നു കരുതിയാണ് ഞാന്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കൈയ്യിട്ടത്. വിയര്‍പ്പും പൊടിയും പറ്റിക്കിടന്ന അവരുടെ മുഖത്ത് പ്രതീക്ഷയുടെ പ്രകാശം പരക്കുന്നത് ഞാന്‍ കണ്ടു.
പെട്ടെന്നാണ്, പുറകില്‍ നിന്നും മടിയിലേക്ക് ലോട്ടറി ടിക്കറ്റ് വെച്ചു കൊണ്ട് ഒരാള്‍ പറഞ്ഞത്.
‘.. സര്‍ക്കാരിന്റെ സ്ത്രീ ശാക്തീകരണ ഭാഗ്യക്കുറിയാണ് സര്‍.. ഇന്നെടുക്കും, ഒരു കോടിയാണ്.’
ഭാഗ്യത്തിന്റെ വരുംവരായ്കകള്‍ ഞാന്‍ മനസ്സിലിട്ട് കൂട്ടിക്കിഴിക്കുമ്പോഴും തോള്‍സഞ്ചിയില്‍ കുഞ്ഞുമായി അവര്‍ മുന്നില്‍ കാത്തുനില്‍ക്കുകയായിരുന്നു, തന്റെ ഭാഗധേയവും കാത്ത്. കുഞ്ഞ് അപ്പോള്‍ വിശന്നിട്ടാവണം കരഞ്ഞു തുടങ്ങിയിരുന്നു.
അപ്പോഴേക്കും കണക്കുകൂട്ടലുകളുടെ സാധ്യതകളിലേക്ക് എന്റെ മനസ്സൊരു ചൂണ്ടക്കൊളുത്ത് എറിഞ്ഞു കഴിഞ്ഞിരുന്നു. ഒടുവില്‍ കീശയിലേക്കിറങ്ങി നിന്ന വിരല്‍ത്തുമ്പില്‍ കുരുങ്ങിയ നോട്ടെടുത്ത് കണ്ണിമയൊന്ന് ചിമ്മി യിട്ട് അവരെ കണ്ടില്ലെന്ന ഭാവം നടിച്ച് ലോട്ടറി ടിക്കറ്റ് വാങ്ങിയ ശേഷം ‘ശാക്തീകരണ’ത്തില്‍ ഒരു കൈ ചേര്‍ത്തുവെന്ന ചാരിതാര്‍ത്ഥ്യത്തോടെ ഞാനിരുന്നു, തലയല്‍പ്പം താഴ്ത്തി. എന്നിട്ടും അടുത്തു നിന്നും പോവാതെ അവര്‍ നിന്നപ്പോള്‍ അരികിലുണ്ടായിരുന്ന സ്ഫടിക കുതിരയെ എടുത്ത് ഞാനവര്‍ക്കു നേരേ നീട്ടി. നിര്‍വ്വികാരതയോടെ അതു വാങ്ങി അവര്‍ ബസില്‍ നിന്നും ഇറങ്ങി നടന്നു. അതിനിടെ തുണി സഞ്ചിയില്‍ നിന്നും ആ കുഞ്ഞ് കുതിരയെ വായിലേക്ക് കടത്തിവെച്ചു കഴിഞ്ഞിരുന്നു, നൊണ്ണുകള്‍ കൊണ്ടതിനെ കടിച്ചു മുറിക്കാനെന്ന പോലെ. അതൊന്നും കണ്ടില്ലെന്ന പോലെ ഞാനപ്പോഴും ആ ലോട്ടറി ടിക്കറ്റിനെക്കുറിച്ചും നാട്ടില്‍ നിര്‍മ്മിക്കാന്‍ പോവുന്ന വീടിനെക്കുറിച്ചും ചില മനക്കണക്കുകള്‍ കൂട്ടിക്കൊണ്ടിരിന്നു.
അതു കഴിഞ്ഞ് മൂന്ന് ആഴ്ചകളോളം കഴിഞ്ഞാണ് കോറോണ വൈറസുമായി സഞ്ചരിച്ച ഒരാളുടെ വഴിയില്‍ കൂടിയായിരുന്നു അന്നത്തെ തന്റെ തിരിച്ചുള്ള സഞ്ചാരമെന്നറിഞ്ഞത്. പിന്നെയാണ് രണ്ട് ദിവസത്തിനുള്ളില്‍ പനി വന്നതും ഇവിടെ അഡ്മിറ്റ് ആയതും.
ഓര്‍മ്മകളില്‍ നിന്നെന്നെ തിരിച്ചെത്തിച്ചത് പുറകിലായി കേട്ട കാല്‍പ്പെരുമാറ്റമാണ്. തിരിഞ്ഞു നോക്കിയപ്പോള്‍ കിടക്കക്കരികിലെത്തിയ നഴ്‌സ് ഡിസ്ചാചാര്‍ജ് സമ്മറി എടുത്ത് നീട്ടി. എന്റെ മനസ്സപ്പോള്‍ അതിരുകളില്ലാത്ത ആകാശത്തിലേക്ക് പറക്കാന്‍ വെമ്പി.