ഒടുങ്ങാത്ത സാമ്രാജ്യത്വമോഹത്തിന്റെ ഭൂമുഖത്ത് അവശേഷിക്കുന്ന ഒരു ചുവപ്പന്‍ അടയാളമാണ് കമ്മ്യൂണിസ്റ്റ് ചൈനയെന്ന രാഷ്ട്രം. പതിനാല് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ചൈന അതിലേറെ രാജ്യങ്ങളുമായി അതിര്‍ത്തി തര്‍ക്കത്തിലാണ്. തങ്ങളുടെ ഭൂവിസ്തൃതിയും അധികാരസ്വാധീനവും വര്‍ദ്ധിപ്പിക്കുക എന്നത് ഏകാധിപത്യ സാമ്രാജ്യത്വ പ്രവണതയുള്ള ഏതൊരു രാഷ്ട്രത്തിന്റെയും പൊതുസ്വഭാവമാണ്. കമ്മ്യൂണിസ്റ്റ് റഷ്യയുടെ തകര്‍ച്ചയോടെ അമേരിക്കയോട് കിടപിടിക്കാന്‍ കഴിയുന്ന രാഷ്ട്രം തങ്ങളാണെന്ന് സ്ഥാപിക്കാനുള്ള പരിശ്രമത്തിലായിരുന്നു ചൈന. ഇതില്‍ ഒരു പരിധിവരെ അവര്‍ വിജയിക്കുകയും ചെയ്തു. ഏഷ്യാവന്‍കരയില്‍ തങ്ങളുടെ ആധിപത്യത്തിന് വെല്ലുവിളിയായിത്തീരാന്‍ ഇടയുണ്ടെന്ന് അവര്‍ കാണുന്ന പ്രധാന എതിരാളി ഭാരതമാണ്. അതുകൊണ്ട് 1962 മുതല്‍ ഭാരതത്തിന്റെ അതിര്‍ത്തിയില്‍ അവര്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. വിശ്വപൗരന്റെ പരിവേഷം നിലനിര്‍ത്താന്‍ ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയ തത്ത്വദീക്ഷയില്ലാത്ത സമീപനത്തിന് ഭാരതം കൊടുക്കേണ്ടിവന്ന വില വളരെ വലുതായിരുന്നു. ചൗ എന്‍ ലായിയും നെഹ്‌റുവും ചേര്‍ന്ന് പഞ്ചശീലതത്ത്വങ്ങള്‍ പറഞ്ഞിരിക്കുന്ന അതേസമയം തന്നെ ചൈന ഭാരതത്തെ ആക്രമിക്കാന്‍ അണിയറയില്‍ നീക്കം നടത്തുകയായിരുന്നു. ചൈന യുടെ ചതിയും സാമ്രാജ്യത്വമോഹവും അറിയുന്ന രാഷ്ട്രതന്ത്രജ്ഞരൊക്കെ നെഹ്‌റുവിന് മുന്നറിയിപ്പ് കൊടുത്തുകൊണ്ടിരുന്നെങ്കിലും അദ്ദേഹം അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. അതിന്റെ ഫലമായി മാനസസരോവരവും കൈലാസവും അടങ്ങുന്ന മുപ്പത്തിമൂവായിരം ചതുരശ്രകിലോമീറ്ററാണ് 1962ല്‍ ചൈന പിടിച്ചെടുത്തത്. കാഞ്ഞിരത്തിന്റെ കയ്പ് മാറാത്തതുപോലെ ചൈനയുടെ ചതിയും ആക്രാമികതയും കൂടെപ്പിറപ്പായി തുടര്‍ന്നു. ഇന്നത് വീണ്ടും ഭാരതത്തിന്റെ അതിര്‍ത്തിയില്‍ ഭീഷണി ഉയര്‍ത്തുകയാണ്.
എന്നാല്‍ 1962 ലെ തോറ്റോടിയ ഭാരതമല്ല ഇന്നത്തെ ഭാരതമെന്ന് ചൈനക്കും നന്നായറിയാം. ചങ്കുറപ്പും കാര്യക്ഷമതയുമുള്ള ഭരണാധികാരിയാല്‍ നയിക്കപ്പെടുന്ന ദേശീയവാദികളുടെ ഭരണകൂടത്തോടായിരിക്കും ഏറ്റുമുട്ടേണ്ടിവരുക എന്ന് ചൈനക്ക് ബോധ്യമുണ്ട്. പിന്നെ എന്തുകൊണ്ട് അവര്‍ ഭാരതത്തിന്റെ അതിര്‍ത്തിയില്‍ സൈനികനീക്കം നടത്തുന്നുവെന്നു ചോദിച്ചാല്‍ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ അടുത്തകാലത്തുണ്ടായ ഒറ്റപ്പെടലില്‍ നിന്ന് ജനശ്രദ്ധ തിരിക്കുവാന്‍ വേണ്ടിയാണെന്ന് പറയേണ്ടിവരും.
വുഹാനിലെ വൈറോളജിലാബില്‍ നിന്നും ആരംഭിച്ച കൊറോണ വൈറസ്സിന്റെ വ്യാപനത്തില്‍ ചൈനക്കുള്ള പങ്കിനെ ലോകരാഷ്ട്രങ്ങള്‍ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. അമേരിക്ക നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ പരിശോധന അനുവദിക്കാന്‍ വിസമ്മതിച്ചതോടെ ചൈനയെ എല്ലാതരത്തിലും പൂട്ടാനുള്ള തന്ത്രങ്ങളുമായി അവര്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ചൈനയിലെ വമ്പിച്ച നിക്ഷേപങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പിന്‍വലിച്ച് തുടങ്ങിയിരിക്കുന്നു. പല ബഹുരാഷ്ട്രകമ്പനികളും ചൈനയെ വിട്ടൊഴിയുന്നു എന്നു മാത്രമല്ല ഭാരതത്തില്‍ മുതല്‍മുടക്കാന്‍ സന്നദ്ധമാകുകയും ചെയ്യുന്നു.
ടിബറ്റിനെ സ്വതന്ത്രരാജ്യമായി അംഗീകരിക്കാന്‍ യു.എസ്. കോണ്‍ഗ്രസ്സില്‍ ബില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ടിബറ്റ്, തായ്‌വാന്‍ തുടങ്ങിയ പ്രശ്‌നങ്ങളെ ആഗോളതലത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ അമേരിക്ക ശ്രമമാരംഭിച്ചതോടെ ചൈന പ്രതിരോധത്തിലായിരിക്കുകയാണ്.
ഇതോടെ ലഡാക്ക് മേഖലയില്‍ പട്രോളിങ്ങ് നടത്തിക്കൊണ്ടിരുന്ന ഭാരതസൈനികരെ തടയുകയും ഭാരതത്തിന്റെ അതിര്‍ത്തി പലവട്ടം ലംഘിച്ചുകൊണ്ട് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരിക്കുകയാണ് ചൈന. സിക്കിം- ഭൂട്ടാന്‍ അതിര്‍ത്തിയില്‍ 2017ല്‍ ചൈന കയ്യേറ്റം നടത്താന്‍ ശ്രമിച്ചതിനെ ഭാരതസൈന്യം ചെറുത്തുതോല്പിച്ച പാഠം മറക്കാറായിട്ടില്ല. 72 ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തിനൊടുവില്‍ ചൈനക്ക് നിരുപാധികം പിന്‍മാറേണ്ടിവന്നതാണ്.
മൂവായിരത്തി അഞ്ഞൂറിലേറെ കിലോമീറ്റര്‍ ദൂരം വരുന്ന ഭാരത-ചൈന അതിര്‍ത്തിയില്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ആറിലേറെ കേന്ദ്രങ്ങളിലാണ് കടന്നുകയറ്റ ശ്രമങ്ങളുണ്ടായത്. മെയ് 5ന് ലഡാക്കിലെ പാങ്ങോങ് തടാകത്തിന്റെ വടക്കന്‍ തീരത്താണ് സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. 2014ന് ശേഷം ചൈനാ അതിര്‍ത്തിയില്‍ ഭാരതം വന്‍തോതിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇത് ഭാരതത്തിന്റെ സൈനിക നീക്കങ്ങളെ സുഗമമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 255 കിലോമീറ്റര്‍ വരുന്ന റോഡാണ് ലഡാക്ക് മേഖലയില്‍ മാത്രം നിര്‍മ്മിച്ചത്. അതുപോലെ എയര്‍സ്ട്രിപ്പുകളും അതിര്‍ത്തിയില്‍ വ്യാപകമായി നിര്‍മ്മിക്കുകയുണ്ടായി. ഇതിലൊക്കെ പതിയിരിക്കുന്ന അപകടം ചൈനയെ ചൊടിപ്പിക്കുന്നുണ്ട്. എന്നുമാത്രമല്ല പാകിസ്ഥാനെ ഉപയോഗിച്ചുകൊണ്ട് അവര്‍ നടത്തിയിരുന്ന പ്രച്ഛന്നയുദ്ധങ്ങള്‍ പഴയതുപോലെ വിജയിക്കുന്നില്ല എന്ന കുണ്ഠിതവും ചൈനക്കുണ്ടാവാം.
ഈ വര്‍ഷം ആദ്യനാലുമാസങ്ങളില്‍ മാത്രം ചെറുതും വലുതുമായ 170 അതിര്‍ത്തി ലംഘനങ്ങളാണ് ചൈന നടത്തിയത്. ഭാരതം ഇതിനെ നിസ്സാരമായി കാണുന്നില്ല. അതുകൊണ്ട് സര്‍വ്വായുധസജ്ജമായ നമ്മുടെ സേനാവ്യൂഹങ്ങളും അതിര്‍ത്തിയിലേക്ക് നീങ്ങിയിട്ടുണ്ട്. ചെമ്പന്‍ വ്യാളിയുടെ വ്യാമോഹങ്ങള്‍ക്ക് ഇരയാകാന്‍ ഇനി ഭാരതത്തെ കിട്ടില്ല എന്നു തെളിയിക്കപ്പെടേണ്ടതുണ്ട്. അതിനു കരുത്തുള്ള സൈന്യം അതിര്‍ത്തിയിലും ഉചിതമായ തീരുമാനമെടുക്കുന്ന കരുത്തുറ്റ നേതൃത്വം ഇന്ദ്രപ്രസ്ഥത്തിലും ഉണ്ടെന്നതാണ് വര്‍ത്തമാനകാല ഭാരതത്തിന്റെ സൗഭാഗ്യം.