ആഗോള സാമ്പത്തികരംഗത്ത് മൂടിക്കെട്ടിയ മഹാമാന്ദ്യത്തെ നേരിടാനൊരുങ്ങുന്ന വേളയിലായിരുന്നു ലോകത്തെയാകെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് കോവിഡ് 19 എന്ന രോഗം കടന്നു വന്നത്. ലോകമെങ്ങും വ്യാപിച്ച ഈ മഹാമാരിയെ വളരെ കരുതലോടും ശ്രദ്ധയോടും പ്രതിരോധിക്കാനും, പ്രതിവിധി കാണാനും, അതുമൂലമുണ്ടായ കഷ്ടനഷ്ടങ്ങള്‍ക്ക് പരിഹാരം കാണാനുമുദ്ദേശിച്ചുള്ളതാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജ്. വിവിധ ഘട്ടങ്ങളിലായി പ്രഖ്യാപിച്ച ഈ പാക്കേജ് ഊന്നല്‍ നല്‍കുന്നത് സ്വയം പര്യാപ്തതയിലൂടെയുള്ള സമ്പൂര്‍ണ്ണ വികസനമാണ്. ലോക സാമ്പത്തിക രംഗത്തെ മുഴുവന്‍ കടുത്ത മാന്ദ്യത്തിലാക്കിയ കൊറോണയെന്ന വ്യാധിയില്‍ നിന്നും കരകയറാനും, പുനരുദ്ധാരണം പൂര്‍ണതോതില്‍ നടപ്പിലാക്കാനും, സമഗ്രമായ സാമ്പത്തിക നടപടികളാണാവശ്യം. നാലുകാര്യങ്ങളിലാണ് കേന്ദ്രസര്‍ക്കാറിന്റെ പുനരുദ്ധാരണ പദ്ധതികള്‍ ഊന്നല്‍ കൊടുത്തിരിക്കുന്നത്.
ഒന്ന് മനുഷ്യവിഭവത്തെ പരമാവധി പ്രയോജനപ്പെടുത്തുക. തൊഴില്‍ നഷ്ടപ്പെട്ടവരെയും, തൊഴില്‍ തേടുന്നവരെയും, അവര്‍ പ്രവാസികളായാലും, അന്യഭാഷാതൊഴിലാളികളായാലും, പുനരുദ്ധാരണ പരിപാടികളില്‍ പങ്കാളികളാക്കുക (Labour Power)
രണ്ട്, മണ്ണിന്റെ സമൃദ്ധിയും ഉപയോഗവും വര്‍ദ്ധിപ്പിക്കുക. കുറഞ്ഞു വരുന്ന കൃഷിഭൂമിയുടെ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ തരിശ് ഭൂമിയും പൊതുവിടങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിയും നാം കൃഷിയുക്തമാക്കി മാറ്റി കാര്‍ഷികവൃത്തി വ്യാപിപ്പിക്കണം. (Land Utilisation)-
പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് അനുയോജ്യമായ തരത്തില്‍ നിയമസംവിധാനത്തെ വികസന സൗഹൃദമാക്കണം. (A friendly law and legal system) അത് വളര്‍ച്ചയെ തടസ്സപ്പെടുത്താത്തത് ആയിരിക്കണം (ഘമം).വ്യക്തിയുടെ നിത്യനിദാന ചിലവിനും വ്യവസായ വളര്‍ച്ചയ്ക്കും ആവശ്യമായ ധനലഭ്യത ഉറപ്പാക്കണം. ഇതില്‍ ബാങ്കിങ് ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളത് (Liquidity).
അടിസ്ഥാന ശിലയുടെ ശാക്തീകരണം
ലോകത്തിലെ വിവിധ രാജ്യങ്ങള്‍ക്കൊപ്പം ഭാരതത്തിന്റെ സാമ്പത്തിക അടിത്തറയും കൊറോണ കാരണം കിടുങ്ങിയിരിക്കുകയാണ്. കൊറോണാനന്തര ഭാരതത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കാന്‍, രാജ്യത്തെ അഞ്ച് ശിലാസ്തൂപങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്തുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സാമ്പത്തിക മാന്ദ്യത്തിന് പരിഹാരം കണ്ട് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക(Economy), മതിയായ പശ്ചാത്തല വികസന സൗകര്യങ്ങള്‍ ഒരുക്കുക (Infrastructure), ആവശ്യത്തിനനുസരിച്ചുള്ള സാങ്കേതിക മികവ് (Technology) വികസന പ്രക്രിയയില്‍ കൊണ്ടുവരിക, ഭാരതത്തിന്റെ നേട്ടമായി ഇതിനകം മാറിക്കഴിഞ്ഞ ജനസംഖ്യാമികവിനെ(Demographic Dividend) പരമാവധി പ്രയോജനപ്പെടുത്തുക, നൂറ്റിമുപ്പത് കോടിയിലധികം വരുന്ന ജനസംഖ്യയുടെ വാങ്ങല്‍ ശേഷി (Demand) വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നിവയൊക്കെയാണ് കര്‍മ്മപരിപാടികള്‍.
കൊറോണകാരണം തകരാറിലായ സാമ്പത്തിക വ്യവസ്ഥയെ പുനര്‍ ശാക്തീകരിക്കാന്‍, Economy, Infrastructure, Technology, Demography and Demand എന്നീ അഞ്ചു തൂണുകളില്‍ ഉറപ്പിച്ചു നിര്‍ത്തുകയാണ് പുനരുദ്ധാണ നടപടികളിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. സ്വയംപര്യാപ്തമായ ഇന്ത്യയെ സ്വന്തം കാലില്‍ ഉറപ്പിച്ചു നിര്‍ത്തുക എന്നതിനാണ് പ്രഥമ പരിഗണന. സ്വാശ്രയ ഭാരതം സമ്പന്നഭാരതം എന്നാണ് മഹര്‍ഷിമാര്‍ മുതല്‍ മഹാത്മാഗാന്ധി വരെ ഉദ്‌ഘോഷിച്ചത്. ഗീത മുതല്‍ ഗാന്ധിസം വരെയുള്ള ദര്‍ശനങ്ങളില്‍ നമുക്ക് ലഭിക്കുന്നതും ഇതാണ്. ഈ നൂറ്റാണ്ടിന്റെ വികസന സങ്കല്പമായി പരമേശ്വര്‍ജിയെ പോലുള്ള ദാര്‍ശനികര്‍ സ്വപ്‌നം കണ്ടതും സ്വാശ്രയ കുടുംബം സന്തുഷ്ട കുടുംബം എന്നുള്ളതാണ്. ആഗോളീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കൊച്ചു കുടുംബമായി മാറിയ ലോകത്തിന്റെ, കൊറോണാനന്തര വികസനത്തിന് നിര്‍ദ്ദേശിക്കാവുന്ന വികസന മാതൃക സ്വയം പര്യാപ്തയിലും, സ്വാവലംബത്തിലും അടിസ്ഥാന പ്പെടുത്തിയതാകണം എന്നതാണ് പ്രധാനമന്ത്രിയുടെ അഭിപ്രായം.
കൊറോണ ഒരു നിമിത്തം മാത്രമാണ്. കൊറോണാനന്തര സാമ്പത്തിക പുനരുദ്ധാരണം അഥവാ പുനര്‍ക്രമീകരണം, പഴയ പദ്ധതികളുടെ ഒരു തുടര്‍ച്ചയായിട്ടുവേണം നാം കാണാന്‍. 2014 മുതല്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്ന് വന്ന സാമ്പത്തിക നടപടികള്‍ പലതും ഈ കൊറോണക്കാലത്ത് പ്രയോജനപ്പെട്ടു എന്നു വേണം കരുതാന്‍. അത് ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ ആയാലും, ജന്‍ ധന്‍ അക്കൗണ്ട്, മുദ്രാബാങ്ക്, ആധാര്‍, പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ യോജന, മെയ്ക് ഇന്‍ ഇന്ത്യ, മൈക്രോ ഫിനാന്‍സ് പദ്ധതികള്‍, സ്വച്ഛ് ഭാരത് അഭിയാന്‍, ഉജ്ജ്വല്‍ പദ്ധതി, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ വിശേഷ പദ്ധതികളായാലും ഏറെ പ്രയോജനപ്പെട്ടു എന്നതാണ് സത്യം. ഏറ്റവും ഒടുവില്‍ പത്ത് ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കാനുള്ള ഭാരതത്തിന്റെ വിശേഷ കഴിവിന്റെ അടിസ്ഥാനത്തില്‍, രാജ്യത്തെ അഞ്ചു ട്രില്ല്യന്‍ ഡോളര്‍ കരുത്തുള്ള സാമ്പത്തിക ശക്തിയായി ഉയര്‍ത്താനുള്ള പരിശ്രമത്തിനിടയിലാണ് കൊറോണ എന്ന മഹാമാരി നമ്മെ പിടികൂടിയിരിക്കുന്നത്.
പദ്ധതികളുടെ പുതിയ മുഖം
ഒരു Single point, stand alone solution ഈ പ്രതിസന്ധിക്ക് സാധ്യമല്ല എന്നാണ് വിലയിരുത്തപ്പെടുന്നത്., സമ്പൂര്‍ണ ലോക് ഡൗണിന് ശേഷമുള്ള പുനരുദ്ധാരണ പ്രക്രിയയിലും, സാമ്പത്തിക നടപടികളിലും ഒരു സമഗ്രമായ സമീപനമാണ് ആവശ്യം. ഇവിടെയാണ് പ്രധാനമന്ത്രിയുടെ ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ പ്രസക്തി വെളിവാകുന്നത്. ഇത് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) പത്ത് ശതമാനത്തോളം വരും എന്നാണ് കണക്കാക്കിയിരിക്കുന്നത്. ആദ്യ നടപടികള്‍ക്ക് നീക്കിവെച്ച 1.92 ലക്ഷം കോടി രൂപയും, തുടര്‍ന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച 8.02 ലക്ഷം കോടി രൂപയുടെ നിര്‍ദ്ദേശങ്ങളും, നിര്‍മ്മലാ സീതാരാമന്റെ 5.94 ലക്ഷം കോടിയുടെ ഒന്നാം ഘട്ട പ്രഖ്യാപനവും, 3.10 ലക്ഷം കോടിയുടെ രണ്ടാം ഘട്ട പ്രഖ്യാപനവും, 1.50 ലക്ഷം കോടിയുടെ മൂന്നാം ഘട്ട പ്രഖ്യാപനവും, അവസാനത്തെ രണ്ട് ഘട്ടങ്ങള്‍ക്കായി നീക്കിവെച്ച 48000 കോടി രൂപയും ഇതില്‍ ഉള്‍പ്പെടുന്നു. അമേരിക്ക പോലുള്ള ഒരു രാജ്യവുമായി തുകയുടെ കാര്യത്തില്‍ നാം താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. അമേരിക്കയുടെ ജിഡിപിയുടെ പത്ത് ശതമാനമെന്നത് ഏകദേശം 200 ലക്ഷം കോടിയോളം വരും. നീക്കിവെച്ച തുക നാം കൊറോണാനന്തര കാലത്ത് എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതാണ് പ്രധാനം.
ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ എന്ന പ്രധാനമന്ത്രിയുടെ പുതിയ പുനരുദ്ധാരണ പാക്കേജ് സ്വാശ്രയഭാരതം എന്ന ലക്ഷ്യം കൈവരിക്കാനായി നീക്കിവെച്ച ഇരുപത് ലക്ഷം കോടിരൂപ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ഇടത്തരക്കാരായ സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും വ്യവസായികള്‍ക്കും, സംരംഭകര്‍ക്കും ആശ്വാസം പകരാന്‍ ഉദ്ദേശിച്ചുള്ളതാണ്. സ്വയം-ആശ്രിതം, സ്വാവലംബം എന്നീ അര്‍ത്ഥം വരുന്ന ആത്മനിര്‍ഭര്‍ എന്ന ഈ പദ്ധതിയുടെ പ്രഖ്യാപനത്തിലെ ആദ്യപടിയായി ആറ് ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വിനിയോഗിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ ചെറുകിട സംരംഭങ്ങള്‍ക്ക് മൂന്ന് ലക്ഷം കോടിരൂപയും, പ്രതിസന്ധിയിലായ സംരംഭകര്‍ക്ക് ഇരുപതിനായിരം കോടി രൂപയും, നാമമാത്ര, ലഘു, ഇടത്തരം വ്യവസായങ്ങള്‍ക്ക് (എംഎസ്എംഇ) അമ്പതിനായിരം കോടിരൂപയും എന്നിങ്ങനെയാണ് നീക്കിവെച്ചിരിക്കുന്നത്. എംഎസ്എംഇകള്‍ക്ക് ഈടില്ലാത്ത വായ്പ നല്‍കാനാണ് മൂന്ന് ലക്ഷം കോടി പ്രയോജനപ്പെടുത്തുക. ഈ മേഖല ഇന്നഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സാമ്പത്തിക സഹായ പദ്ധതികള്‍ക്കാവും ഊന്നല്‍ നല്‍കുക. ഇത് സംരംഭകരെ ശാക്തീകരിക്കുകയും അവരുടെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വായ്പാസൗകര്യം വര്‍ദ്ധിപ്പിക്കുക, ക്രെഡിറ്റ് ഗ്യാരണ്ടി ഉറപ്പ് വരുത്തുക, മൂലധന നിക്ഷേപ സൗകര്യം വര്‍ദ്ധിപ്പിക്കുക, വളര്‍ച്ചനേടുന്ന ചെറുകിട സംരംഭങ്ങള്‍ക്ക് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള പ്രോത്സാഹനം നല്‍കുക എന്നിവയാണ് ഈ പാക്കേജിന്റെ പ്രത്യേകത.
കര്‍ഷക കേന്ദ്രീകൃതമാണ് നടപടികളില്‍ മിക്കവയും. കഴിഞ്ഞ ആറ് വര്‍ഷമായി കേന്ദ്രസര്‍ക്കാരിന്റെ വിവിധ പരിഷ്‌കരണ നടപടികളില്‍ പ്രാമുഖ്യം ലഭിച്ചത് കര്‍ഷകര്‍ക്കാണെന്ന് കാണാവുന്നതാണ്. അരുണ്‍ ജെയ്റ്റ്‌ലിയുടെ ആദ്യ ബജറ്റ് മുതല്‍ നിര്‍മ്മലാസീതാരാമന്റെ കഴിഞ്ഞ ബജറ്റ് വരെയുള്ള വികസന നിര്‍ദ്ദേശങ്ങള്‍ മിക്കവയും കാര്‍ഷിക കേന്ദ്രീകൃതമായിരുന്നു. ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ നടപ്പിലാക്കിയതിന് ശേഷം കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ കൃത്യമായി ബാങ്ക് അക്കൗണ്ട് വഴി കര്‍ഷകരുടെ കൈകളില്‍ വന്നു ചേര്‍ന്നു എന്നത് എടുത്ത് പറയാവുന്ന ഒരു നേട്ടമാണ്. അതുകൊണ്ട് തന്നെ കൊറോണയുടെ ആഘാതം പ്രായേണ കുറഞ്ഞ രീതിയില്‍ അനുഭവിച്ച ഒരു മേഖലയാണ് കാര്‍ഷികരംഗം. ഉത്പാദന വര്‍ദ്ധനവിലൂടെയും, വിത്ത് വിത മുതല്‍ വിളവെടുക്കും വരെയുള്ള കാര്‍ഷിക പ്രവര്‍ത്തനത്തിലെ ശാസ്ത്രീയ ഇടപെടലുകളിലൂടെ കൃഷിമേഖലയെ ഊര്‍ജ്ജസ്വലമാക്കാന്‍ സാധിക്കുന്നതാണ്. കാര്‍ഷിക മേഖലയിലെ പ്രാദേശിക ഊന്നലും, കാര്‍ഷിക രംഗത്തെ ദേശീയ കാര്‍ഷിക വിപണിയുമായും, ഇനാമുമായും (ENAM) ബന്ധിപ്പിച്ച വിതരണ ശൃംഖലയും പുനരുദ്ധാരണ പദ്ധതിക്ക് ഊര്‍ജ്ജം പകരുമെന്ന് വേണം കരുതാന്‍.
സ്വയംപര്യാപ്തത കാര്‍ഷിക സമൃദ്ധിയിലൂടെ
ഭാരതത്തെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് എന്ന പുനരുദ്ധാരണ പദ്ധതി, കൃഷിവികസനത്തിലൂടെ വേണം നാം കൈവരിക്കാന്‍. Vocal About Localഎന്ന പ്രധാനമന്ത്രിയുടെ മുദ്രാവാക്യം ഏറ്റവും എളുപ്പത്തില്‍ നടപ്പിലാക്കാന്‍ കൃഷിയും കാര്‍ഷികവൃത്തിയും കാര്‍ഷിക അനുബന്ധ പ്രവര്‍ത്തികളും സഹായിക്കുന്നതാണ്. കൊറോണാനന്തര ഭാരതത്തിന്റെ പുനരുദ്ധാരണത്തിന് കാര്‍ഷികരംഗത്തിന്റെ പങ്ക് വളരെ വലുതാണ്. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ നല്ലൊരു പങ്ക് സംഭാവന ചെയ്യുന്ന, ഏറെ പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്ന, ജനസംഖ്യയുടെ വലിയൊരു ശതമാനത്തിന്റെ ജീവിതോപാധിയുമായ കാര്‍ഷികമേഖലയുടെ പുനരുദ്ധാരണം പുതിയ പദ്ധതിയില്‍ ഇടം പിടിച്ചത് കൊറൊണാനന്തര ഭാരതത്തിന്റെ വികസനത്തെ സഹായിക്കുന്നതാണ്.
ഓരോതുള്ളിയില്‍ നിന്നും ഒരായിരം പറ ധാന്യം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയും, പ്രതി ഹെക്ടര്‍ വിതയും വിളയും വര്‍ദ്ധിപ്പിക്കുക എന്ന കാര്യം പരിഗണിച്ചുമാണ് കൊറോണാനന്തര കാര്‍ഷിക സമൃദ്ധിയിലേയ്ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ജൈത്രയാത്ര തുടരുന്നത്. സ്വാശ്രയ ഭാരത പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഇതിനായി ഒരുലക്ഷത്തി അമ്പതിനായിരം കോടിരൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാര്‍ഷിക മേഖല, ക്ഷീരോത്പാദന മേഖല, മൃഗസംരക്ഷണ മേഖല എന്നിവയുടെ അടിസ്ഥാന വികസനം, സംഭരണ സൗകര്യം, ശീതീകരണ സംവിധാനം, മത്സ്യമേഖലയുടെ സമഗ്രവികസനം, ചെറുകിട ഭക്ഷ്യസംസ്‌കരണം, ക്ഷീര സഹകരണ സംഘം, മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകരുടെ ക്ഷേമം, മത്സ്യബന്ധനത്തിനായി കടലില്‍ പോകുന്ന പാവപ്പെട്ടവര്‍ക്കുള്ള സഹായം എന്നിവയ്ക്കാണ് ഈ പണം ഉപയോഗപ്പെടുത്തുക. ജൈവോത്പന്ന പ്രോത്സാഹനവും ഔഷധസസ്യകൃഷിയും ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതിയും ഇതില്‍ ഉള്‍പ്പെടുന്നു. അധികമുള്ള കാര്‍ഷിക ഉത്പന്നങ്ങളായ തക്കാളി (Tomato), ഉള്ളി (onion), ഉരുളക്കിഴങ്ങ് (potato) എന്നിവ മറ്റ് വിപണിയിലേയ്ക്ക് മാറ്റാനുള്ള Top to Total എന്ന പദ്ധതിയും ഇതിന്റെ ഭാഗമാണ്.
രണ്ട് ലക്ഷം കോടി കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി, കുറഞ്ഞ പലിശനിരക്കില്‍, ഏകദേശം രണ്ട് ലക്ഷം കോടിരൂപയുടെ വായ്പ ലഭിക്കുന്നതാണ്. ഇതുവഴി പ്രധാനമന്ത്രിയുടെ Land, Labour, Law, Liquidity എന്നീ നാല് കാര്യങ്ങളിലെ നാലാമത്തേതായ പണലഭ്യത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. പൊതുയിടങ്ങളിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളുടെയും പള്ളിക്കൂടങ്ങളുടെയും കോളജ് കാമ്പസുകളിലെയും കൃഷിയും, അതിനായുള്ള പ്രത്യേക പരിശീലനം സിദ്ധിച്ച കാര്‍ഷികസേനയുടെ രൂപീകരണവും ഈ കൊറോണക്കാലത്ത് പരിശോധിക്കാവുന്നതാണ്. വീട്ടുമുറ്റത്തെയും മട്ടുപ്പാവിലെയും കൃഷിരീതികള്‍ ഈ പരിശ്രമങ്ങള്‍ക്ക് മാറ്റുകൂട്ടുന്നവയാണ്.
പദ്ധതിയുടെ അന്തിമ ഘട്ടം
കൃഷിയും ചെറുകിട കച്ചവടക്കാര്‍ക്കും നാമമാത്ര, ലഘു, ഇടത്തര, വ്യവസായ സംരഭകര്‍ക്കും (എംഎസ്എംഇ), വഴിയോര കച്ചവടക്കാര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും അന്യഭാഷാ തൊഴിലാളികള്‍ക്കും പ്രതിസന്ധി തരണം ചെയ്യാന്‍ ഈ പാക്കേജ് പ്രയോജനപ്പെടുന്നതാണ്. മറുനാടന്‍ തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യം സൗജന്യമായി ലഭ്യമാക്കാനുള്ള തീരുമാനവും, ‘ഒരു രാജ്യം ഒരു റേഷന്‍’ (One Nation One Ration) എന്ന മുദ്രാവാക്യവും, ഭക്ഷ്യസുരക്ഷയ്‌ക്കൊപ്പം ഭക്ഷ്യഉതപാദനത്തെയും ഭക്ഷ്യവിതരണത്തെയും പ്രോത്സാഹിപ്പിക്കുന്നതാണ്.
മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശമനുസരിച്ച്, പതിനഞ്ച് കോടി മനുഷ്യദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയുണ്ടായി. ഇതിന്റെ പ്രയോജനം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. അവസാന പ്രഖ്യാപനത്തില്‍ അധികമായി ലഭിച്ച നാല്പതിനായിരം കോടി രൂപ, അന്യഭാഷാ തൊഴിലാളികളുടെ പുനരധിവാസം കാര്‍ഷിക മേഖലയിലും മറ്റ് ചെറുകിട വ്യവസായ മേഖലകളിലും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് നടത്താവുന്നതാണ്. ചെറുകിട കര്‍ഷകരെയും തൊഴില്‍ നഷ്ടപ്പെട്ട ചെറുപ്പക്കാരെയും അന്യഭാഷാ തൊഴിലാളികളെയും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി സമന്വയിപ്പിച്ച് പുനരുദ്ധാരണ പ്രവര്‍ത്തനം സജീവമാക്കാവുന്നതാണ്. അന്തിമ ഘട്ട നിര്‍ദ്ദേശങ്ങളില്‍ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഇടം പിടിച്ചിട്ടുണ്ട്.
കൊറോണക്കാലത്തെ പ്രതിസന്ധികള്‍ മറികടക്കാനും മേക്ക് ഇന്‍ ഇന്ത്യ പദ്ധതി നിര്‍വഹണം ത്വരിതപ്പെടുത്താനും വന്‍ തോതില്‍ വിദേശനിക്ഷേപം ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനുമാണ് ആത്മനിര്‍ഭര്‍ പദ്ധതിയുടെ നാലാം പാദം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായുള്ള നയപരിഷ്‌കരണം സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. കല്‍ക്കരി, ധാതു, പ്രതിരോധ ഉത്പാദനം, വ്യോമയാനം, വിമാനത്താവളങ്ങള്‍, വൈദ്യുതി വിതരണ കമ്പനികള്‍, ബഹിരാകാശം ആണവോര്‍ജ്ജം എന്നീ മേഖലകളില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ വന്‍ വളര്‍ച്ചയും തൊഴിലവസര വര്‍ദ്ധനവും വര്‍ദ്ധിച്ച തോതിലുള്ള വിദേശ നിക്ഷേപ സാധ്യതയും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഉത്പാദനത്തിലെ സ്വയംപര്യാപ്തത, ഇറക്കുമതി ചെയ്യേണ്ട വസ്തുക്കളുടെ സ്വദേശീവല്‍ക്കരണം, വിദേശ നിക്ഷേപ സാധ്യത, വിവിധ രംഗങ്ങളിലെ സ്വകാര്യ മേഖലയുടെ പങ്കാളിത്തം എന്നിവയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
വന്‍കിട വ്യവസായങ്ങള്‍ക്ക് ആവശ്യമായ ഘടകങ്ങളും മെഷിനറികളും നിര്‍മ്മിക്കുന്ന എംഎസ് എംഇ യൂണിറ്റുകള്‍ക്ക് അപൂര്‍വ അവസരങ്ങളാണ് നാലാം ഘട്ട പാക്കേജിലൂടെ ധനമന്ത്രി തുറന്നിട്ടിരിക്കുന്നത്. ഇത്തരം വസ്തുക്കള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ ഈ യൂണിറ്റുകള്‍ പ്രാപ്തരാണ്. സുതാര്യമായ രീതിയിലുള്ള സ്വകാര്യപങ്കാളിത്തം തന്ത്രപ്രധാനമായ മേഖലകളില്‍ സ്വാഗതാര്‍ഹമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറാനുള്ള പാക്കേജിലെ ഏറ്റവും പ്രായോഗികമായ പ്രഖ്യാപനങ്ങള്‍ അടിസ്ഥാന സൗകര്യ വികസന മേഖലയിലാണുണ്ടായിരിക്കുന്നത്. പ്രതിസന്ധി പരിഷ്‌ക്കാരങ്ങള്‍ക്ക് ഇന്ധനമാകുന്നത് സ്വാഭാവികമാണ്. ഘടനാപരമായ ഒരുപാട് പരിഷ്‌ക്കാരങ്ങള്‍ക്ക് വേദിയാകുകയാണ് കോവിഡ് മൂലമുള്ള പ്രതിസന്ധി. ബിസിനസ് അനുകൂല അന്തരീക്ഷം സൃഷ്ടിക്കല്‍, മേക്ക് ഇന്‍ ഇന്ത്യ, ബിസിനസ് ലളിതവത്ക്കരണം എന്നിവ ദീര്‍ഘകാല ലക്ഷ്യം മുന്നില്‍ വെച്ചുള്ള പ്രഖ്യാപനങ്ങളാണ് എന്നാണ് പൊതുവെ കരുതപ്പെടുന്നത്.
പ്രതിസന്ധിയെ അവസരമാക്കി മാറ്റി പൂര്‍വാധികം ശക്തിയോടെ ഭാരതം പരംവൈഭവത്തിലേയ്ക്കുയരും എന്ന പ്രതീക്ഷയോടെയാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പുനരുദ്ധാരണ പദ്ധതിയുടെ അഞ്ചാമത്തെയും അവസാനത്തെതുമായ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ആരോഗ്യ സംരക്ഷണം വിദ്യാഭ്യാസം കോവിഡാനന്തരം ബിസിനസ്സ് ചെയ്യാനുള്ള എളുപ്പം, കമ്പനി നിയമങ്ങള്‍ സംബന്ധിച്ച സുതാര്യതയും സരളതയും, പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചില തന്ത്രപ്രധാനമായ നീക്കങ്ങള്‍, നിയമങ്ങള്‍, സംസ്ഥാന സര്‍ക്കാറുകളുടെ വിഭവസമാഹരണവുമായി സംബന്ധിച്ച ചില നിര്‍ദ്ദേശങ്ങള്‍ എന്നിവ ഈ പ്രഖ്യാപനത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ഗ്രാമീണമേഖലയില്‍ തൊഴില്‍ സൃഷ്ടിക്കല്‍, വ്യവസായങ്ങള്‍ തുടങ്ങുന്നത് എളുപ്പമാക്കല്‍, പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവത്ക്കരണം, സംസ്ഥാനസര്‍ക്കാറുകള്‍ക്കുള്ള സാമ്പത്തിക സഹായം എന്നിവ ഈ കോവിഡ് കാലത്ത് ശ്രദ്ധേയമാകുന്നു. നിലവിലെ അറുപതിനായിരം കോടിക്ക് പുറമെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പിന് അധികമായി നല്‍കുന്ന നാല്പതിനായിരം കോടിയാണ് നിര്‍ദ്ദേശങ്ങളിലെ താരം എന്ന് പറയാതെ വയ്യ.
ഈ പ്രതിസന്ധി ഘട്ടത്തില്‍ എന്താണ് ആവശ്യം, എന്താണ് കരണീയം- ഇത് കണ്ടെത്തി ജനങ്ങളുടെ അത്യാവശ്യം നിര്‍വഹിക്കാനും ആരോഗ്യം സംരക്ഷിക്കാനും കുടുംബ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ഉപജീവനമാര്‍ഗ്ഗം ഒരുക്കാനുമാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത്. കൊറോണ കാരണം അശരണരായിപ്പോയ ആളുകള്‍ക്ക് അന്നവും അഭയവും ആശ്രയവും നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അതാണ് കേന്ദ്രസര്‍ക്കാര്‍ വിവിധ ഘട്ടങ്ങളിലായി ചെയ്തുകൊണ്ടിരിക്കുന്നത്. വിഷമിക്കുന്നവന് വിശപ്പടക്കാന്‍ മത്സ്യം നല്‍കുന്നതിനെക്കാള്‍ മഹനീയം അവന് മത്സ്യബന്ധനം സ്വായത്തമാക്കാന്‍ സഹായിക്കുകയാണ് എന്ന ആംഗലേയ പരാമര്‍ശം ഇവിടെ പ്രസക്തമാണ്. ഒരു പ്രതിസന്ധി ഘട്ടത്തില്‍ പണം കൊടുത്ത് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നതല്ല. ഭിന്നസ്വരങ്ങളും ഭിന്നാഭിപ്രായങ്ങളും നാം സ്വാഗതം ചെയ്യണം. സംഗീതം ശ്രവിക്കുന്നവന്, ആസ്വാദകനെന്ന നിലയില്‍, ഒരുപാട് അഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ സംഗീതജ്ഞനെ സംബന്ധിച്ചിടത്തോളം ശ്രദ്ധയും ശ്രുതിയും താളവും സാധകവുമാണ് പ്രധാനം. കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധയോടും കരുതലോടും കൂടിയാണ് മുന്നോട്ട് പോകുന്നത്, ലക്ഷ്യം തെറ്റാതെ. കോവിഡില്‍ നിന്നും കരകയറാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ്.
(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മാനേജ്‌മെന്റ് വിഭാഗത്തിലെ മുന്‍ പ്രൊഫസറും, കേരളസര്‍വകലാശാല മുന്‍ ഫിനാന്‍സ് ഓഫീസറുമാണ് ലേഖകന്‍.)