കോവിഡ് ബാധ മൂലം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലുണ്ടായ അരക്ഷിതാവസ്ഥ പരിഹരിക്കുന്നതിനും എല്ലാ തൊഴില്‍ വിഭാഗങ്ങളിലും പെട്ട കോടിക്കണക്കിന് ജനങ്ങള്‍ക്ക് തൊഴില്‍ സംരക്ഷണം ഉറപ്പാക്കി ഒരു സ്വാശ്രയ ഭാരതം കെട്ടിപ്പടുക്കുന്നതിനുംവേണ്ടി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജിന് ദേശവ്യാപകമായി വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. രണ്ടു മാസത്തിലധികം നിശ്ചലമായിപ്പോയ സമ്പദ്‌വ്യവസ്ഥയെ ഊര്‍ജ്ജസ്വലമാക്കുന്നതോടൊപ്പം ദീര്‍ഘകാലമായി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ള ഘടനാപരമായ പരിഷ്‌ക്കരണങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ സാമ്പത്തിക പാക്കേജ്. അതേസമയം ഇതിന്റെ ഭാഗമായി ബഹിരാകാശം, കല്‍ക്കരി, പ്രതിരോധം, വ്യോമയാനം തുടങ്ങിയ മേഖലകളില്‍ സ്വകാര്യപങ്കാളിത്തം കൊണ്ടുവരാനുള്ള തീരുമാനം സാമ്പത്തിക വിദഗ്ദ്ധര്‍ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും തൊഴിലാളി സംഘടനകളുടെ ഭാഗത്തുനിന്നുള്ള എതിര്‍പ്പിനും ഇടയാക്കിയിട്ടുണ്ട്. പാശ്ചാത്യ മാതൃകകളില്‍നിന്ന് വ്യത്യസ്തമായി ഒരു സ്വദേശി സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് ഭാരത സര്‍ക്കാര്‍ നടത്തിവരുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. സ്വകാര്യവല്‍ക്കരണത്തിന്റെ കാര്യത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകള്‍ പരിഹരിച്ചും നിശ്ചിത കാലയളവില്‍ സമഗ്രമായ വിലയിരുത്തല്‍ നടത്തിയും ബന്ധപ്പെട്ട എല്ലാവരോടും കൂടിയാലോചിച്ചും പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ട്.
കോവിഡ് പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ വിശദാംശങ്ങള്‍ വിശദീകരിച്ച കേന്ദ്ര ധനകാര്യമന്ത്രിയുടെ നാലാം ദിവസത്തെ വാര്‍ത്താസമ്മേളനത്തിലാണ് സ്വകാര്യവല്‍ക്കരണത്തെ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ വന്നത്. ഇതനുസരിച്ച് കൂടുതല്‍ നിക്ഷേപത്തിനും തൊഴില്‍ അവസരങ്ങള്‍ക്കുമാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്. ബഹിരാകാശ രംഗത്ത് ഉപഗ്രഹവിക്ഷേപണത്തില്‍ സ്വകാര്യ പങ്കാളിത്തം, ഐ.എസ്.ആര്‍.ഒയുടെ സൗകര്യങ്ങള്‍ സ്വകാര്യ മേഖലയ്ക്കും നല്‍കല്‍, ജിയോ-സ്‌പേഷ്യല്‍ ഡേറ്റ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുമായി പങ്കിടാനുള്ള ഉദാരനയം എന്നിവ ഈ രംഗത്ത് വലിയ പരിവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. ബഹിരാകാശരംഗത്തെ സ്വകാര്യപങ്കാളിത്തം ദീര്‍ഘകാലമായി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ള ഒരു വിഷയമാണ്. ബ്രഹ്മോസ് ക്രൂസ് മിസൈലിന്റെ തലവനും പ്രതിരോധ ഗവേഷണ വികസന സംഘടനയില്‍ ചീഫ് കണ്‍ട്രോളറുമായിരുന്ന ഡോ. എ. ശിവതാണുപിള്ള 2016ല്‍ നല്‍കിയ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ രംഗത്തെ നയംമാറ്റങ്ങള്‍ക്ക് രൂപംനല്‍കിയത് എന്നാണറിയുന്നത്. ബഹിരാകാശ, ആണവോര്‍ജ്ജ രംഗങ്ങളില്‍ വ്യാവസായിക കുതിപ്പിന് ഈ മാറ്റം ഇടയാക്കുമെന്നാണ് കരുതപ്പെടുന്നത്. ഉപഗ്രഹനിര്‍മ്മാണമുള്‍പ്പെടെ പല മേഖലകളിലും ഇപ്പോള്‍ തന്നെ സ്വകാര്യമേഖലയും പങ്കാളികളാണ് എന്നതിനാല്‍ ഈ രംഗത്തിന്റെ വിപുലമായ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സ്വകാര്യമേഖലയുടെ കൂടുതല്‍ പങ്കാളിത്തം ഇടയാക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
കല്‍ക്കരി, വ്യോമയാനം, പ്രതിരോധം തുടങ്ങിയ മേഖലകളിലും കൂടുതല്‍ മുന്നേറ്റത്തിനും വ്യാവസായിക വികസനത്തിനുമുള്ള തീരുമാനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുളളത്. പ്രതിരോധ മേഖലയില്‍ സ്വകാര്യവല്‍ക്കരണമില്ല. പ്രതിരോധ ഉല്പാദന രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.സി.ഐ) 49 ശതമാനത്തില്‍ നിന്ന് 74% ആക്കും. ഇന്ത്യയില്‍ നിര്‍മ്മിക്കേണ്ടതും ഇറക്കുമതി ചെയ്യരുതാത്തതുമായ ആയുധങ്ങളുടെ പട്ടിക തയ്യാറാക്കുമെന്ന തീരുമാനവുമുണ്ട്. ഈ നിര്‍ദ്ദേശങ്ങളെല്ലാം പ്രതിരോധ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. വിമാനത്താവളങ്ങളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം അവയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം നിലവില്‍ രാജ്യം ഉപയോഗിക്കുന്ന വ്യോമമേഖലയുടെ പരിധി 60 ശതമാനത്തില്‍ നിന്ന് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം യാത്രാദൂരത്തിലും യാത്രചെലവിലും ഭാവിയില്‍ കുറവുവരാനിടയാക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഭാരതീയ മസ്ദൂര്‍സംഘം ഉള്‍പ്പെടെയുള്ള പ്രധാന തൊഴില്‍ സംഘടനകളെല്ലാം കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നീക്കത്തെ എതിര്‍ത്തിട്ടുണ്ട്. ഇതുമൂലം വന്‍തോതില്‍ തൊഴില്‍ നഷ്ടമുണ്ടാകുമെന്നും തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനിടയാക്കുമെന്നും അവര്‍ കരുതുന്നു. ഇത്തരം വലിയ പരിഷ്‌ക്കരണങ്ങള്‍ കൊണ്ടുവരുന്നതിനു മുമ്പ് സാമൂഹ്യതലത്തില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടന്നില്ല എന്ന വസ്തുതയും ബി.എം.എസ്. ചൂണ്ടിക്കാണിക്കുന്നുണ്ട്. വിമര്‍ശനങ്ങള്‍ കൂടി കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ ഈ വിഷയങ്ങളില്‍ ബന്ധപ്പെട്ട സംഘടനകളുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടത് അനിവാര്യം തന്നെയാണ്.
കോവിഡാനന്തര ലോകം വലിയ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നതെന്നതില്‍ സംശയമില്ല. തൊണ്ണൂറുകളില്‍ ആരംഭിച്ച ഉദാരവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും നയങ്ങളാണ് ഇതുവരെ ലോകരാജ്യങ്ങളെ നയിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അവയെല്ലാം കാലഹരണപ്പെട്ടിരിക്കുകയാണ്. ഓരോ രാജ്യവും സ്വന്തം തല്പര്യങ്ങള്‍ക്കനുസരിച്ചുള്ള നയങ്ങളുമായി മുന്നോട്ടുപോവുകയാണ്. കോവിഡ് ബാധയ്ക്കു വളരെ മുമ്പുതന്നെ അമേരിക്കയ്ക്കും ചൈനയ്ക്കുമിടയില്‍ ആരംഭിച്ച വ്യാപാര യുദ്ധം ഇതിന്റെ സൂചനയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തോടുള്ള പ്രഖ്യാപനത്തില്‍ സൂചിപ്പിച്ച ആത്മനിര്‍ഭര ഭാരതം ഈ ദിശയിലുള്ള ഒരു സുപ്രധാന നീക്കമാണ്. ഭാരതം സ്വദേശി കാഴ്ചപ്പാടിലുള്ള ഒരു വികസനനയമാണ് സാമ്പത്തിക മേഖലയില്‍ സ്വീകരിക്കേണ്ടത്. ഈ രംഗത്തെ വിദഗ്ദ്ധരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച ചെയ്യേണ്ടതും നീതി ആയോഗിനെ തികച്ചും സ്വദേശി കാഴ്ചപ്പാടിലൂടെയുള്ള ഒരു സംവിധാനമായി പരിവര്‍ത്തനം ചെയ്യേണ്ടതും ആവശ്യമാണ്.
പൊതുമേഖലയുടെയും സ്വകാര്യമേഖലയുടെയും പങ്കാളിത്തം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച നടക്കേണ്ടതുണ്ട്. വലിയ നഷ്ടം സഹിച്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ നിലനിര്‍ത്തുന്നത് സര്‍ക്കാരുകള്‍ക്ക് ബാധ്യതയാകുന്നത് കാണാതിരുന്നു കൂടാ. ദേശീയതലത്തില്‍ എയര്‍ ഇന്ത്യയുടെയും കേരളത്തില്‍ കെ.എസ്.ആര്‍.ടിസിയുടെയും ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന കാര്യത്തില്‍ സ്വകാര്യമേഖലയും അവരുടേതായ പങ്കുവഹിക്കുന്നുണ്ട്. സമഗ്രമായ വ്യവസായ വികസനത്തിലൂടെ എല്ലാവര്‍ക്കും തൊഴില്‍ ലഭ്യമാകുന്ന വിധത്തിലുള്ള സ്വദേശി സമ്പദ് വ്യവസ്ഥയായിരിക്കണം ഭാരതത്തിന്റെ ലക്ഷ്യം.