തൃശ്ശൂര്‍: സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലാളികളോട് മനുഷ്യത്വപരമായി പെരുമാറാന്‍ തയ്യാറാകണമെന്ന് ബി.എം.എസ്. അഖിലേന്ത്യ അദ്ധ്യക്ഷന്‍ അഡ്വ. സി.കെ.സജി നാരായണന്‍ ആവശ്യപ്പെട്ടു. മൂന്ന് സംസ്ഥാന സര്‍ക്കാരുകള്‍ കൊണ്ടുവന്ന തൊഴിലാളി വിരുദ്ധ ഓര്‍ഡിനന്‍സിനെതിരെ മറ്റ് പന്ത്രണ്ട് സംസ്ഥാനങ്ങളുടെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെയും ബി.എം.എസ് നടത്തുന്ന ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഉദ്ഘാടം തൃശ്ശൂരില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ സംസ്ഥാനങ്ങളും നിശ്ചലമായി കിടക്കുന്ന പതിനായിരക്കണക്കിന് ബസ്സുകള്‍ തൊഴിലാളികളെ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ റോഡരികിലും ട്രക്കുകളിലും റെയില്‍വേ പാളങ്ങളിലും അവര്‍ മരിച്ചു വീഴുന്ന അവസ്ഥ ഒഴിവാക്കാമായിരുന്നു. മൂന്ന് സംസ്ഥാനങ്ങള്‍ തൊഴിലാളി വിരുദ്ധ ഓര്‍ഡിനന്‍സുകളും 12 സംസ്ഥാനങ്ങള്‍ 12 മണിക്കൂര്‍ പ്രവൃത്തി സമയം എന്ന നിര്‍ദ്ദേശവും കൊണ്ടുവന്നത് ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. തൊഴിലാളികള്‍ക്ക് സംഭവിച്ച വ്യാപകമായ തൊഴില്‍ നഷ്ടവും വേതന നിഷേധവും വലിയ പ്രശ്‌നങ്ങളായി വളര്‍ന്നിരിക്കുകയാണ്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ പഞ്ചായത്ത് തലങ്ങളില്‍ ബി.എം.എസ്. ഹെല്‍പ്പ് ഡെസ്‌കുകള്‍ രൂപീകരിച്ചിട്ടുണ്ട്. തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി ശക്തമായ സമരപരിപാടികള്‍ക്ക് തുടക്കം കുറിച്ചതായും അഡ്വ. സജി നാരായണന്‍ പറഞ്ഞു.