തിരുവനന്തപുരം: പ്രകൃതിയെ ആരാധനാ മനോഭാവത്തോടെ കണ്ടുകൊണ്ടാണ് പ്രാചീന ഭാരതീയര്‍ പരിസ്ഥിതി സംരക്ഷണത്തിന് രീതിശാസ്ത്രം ചമച്ചതെന്ന് ഭാരതീയവിചാരകേന്ദ്രം ജോ. ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പറഞ്ഞു. ഇടവം ഒന്നിന് ഓഷധിതൈ നടുന്നതിന്റെ ഭാഗമായി സംസ്‌കൃതിഭവനില്‍ തുളസിച്ചെടി നട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഓരോരുത്തരും ബാദ്ധ്യസ്ഥരാകും വിധം ജീവിതത്തെ പ്രകൃതിയുമായി പൗരസ്ത്യര്‍ ബന്ധിപ്പിച്ചു. ജന്മ നക്ഷത്രവും വൃക്ഷാരാധനയും ഇതിന്റെ സൂചനയാണ് നല്‍കുന്നത്. ഇത്തരം ചില സങ്കല്പങ്ങളിലൂടെ ചാക്രികമായി പക്ഷിമൃഗാദികളും വൃക്ഷലതാദികളും മനുഷ്യനാല്‍ പരിപാലിക്കപ്പെടുകയും, പാരസ്പര്യത്തിലൂടെ പ്രകൃതിയുടെ സന്തുലനം നിലനിര്‍ത്തിപ്പോരുകയും ചെയ്തു. അക്കാലത്തെ പ്രായോഗിക ശാസ്ത്രമായിരുന്നു ഇത്തരം വ്യവസ്ഥകള്‍. പ്രകൃതിയെ ഈശ്വരനായി കാണുകയെന്നതും ഇതിന്റെ ഭാഗമാണ്. എന്നാല്‍, പ്രകൃതിയെ ചൂഷണം ചെയ്ത് ആവുന്നത്ര പുരോഗമിക്കുക എന്നതായിരുന്നു ആധുനികവത്കരണത്തിന്റെ മറവില്‍ പാശ്ചാത്യമനുഷ്യന്‍ ചെയ്തുകൂട്ടിയത്. ഈ ലോകഗോളവും അതിലുളളതുമെല്ലാം മനുഷ്യന്റെ ഉപേഭാഗത്തിനുവേണ്ടിയുളളതാണെന്നായിരുന്നു അവരുടെ വീക്ഷണം. പിന്നീട് പാശ്ചാത്യ വിദ്യാഭ്യാസം സിദ്ധിച്ച പൗരസ്ത്യരും, ഇതര ജനങ്ങളും അവരെ അനുകരിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രകൃതിയുടെയും ആഗോളതലത്തില്‍ മനുഷ്യവംശത്തിന്റെയും നില പരുങ്ങലിലായി – അദ്ദേഹം ചൂണ്ടിക്കാട്ടി.