അദ്ധ്യയന വര്‍ഷത്തിന്റെ ഇടയ്ക്കു കയറി ജോയിന്‍ ചെയ്ത പ്രതാപന്‍ സര്‍ ക്ലാസ്സിലേക്ക് നടക്കുകയാണ്. ആദ്യമായിട്ടൊന്നുമല്ല അദ്ധ്യാപനവൃത്തി എങ്കിലും പുതിയ കോളേജും പുതിയ കുട്ടികളും……. ആദ്യത്തെ ദിവസം ഇത്തിരി ടെന്‍ഷന്‍ ഒക്കെ ഏത് അദ്ധ്യാപകര്‍ക്കും ഉണ്ടാവും. പ്രതാപന്‍ സാറിന്റെ കാര്യവും അങ്ങനെയൊക്കെത്തന്നെയായിരുന്നു. ഒരു ചെറിയ ഒച്ചയടപ്പും, കൈകാല്‍ വിറയലും, വെള്ളം കുടിക്കാനുള്ള ദാഹവുമൊക്കെ സാറിന് അനുഭവപ്പെടുന്നുണ്ടായിരുന്നു.
മലയാളമാണ് സാറിന്റെ വിഷയം. ഇന്ന് പഠിപ്പിക്കാനുള്ളതോ അഭിജ്ഞാനശാകുന്തളവും. ക്ലാസ്സിലേക്ക് കയറി കുട്ടികളെ അഭിസംബോധന ചെയ്ത് സ്വയം ഒന്ന് പരിചയപ്പെടുത്തി കഴിഞ്ഞപ്പോഴേക്കും സാറൊന്ന് ഉഷാറായി. ക്ലാസ് തുടങ്ങുന്നതിനു മുന്‍പ് കുട്ടികളെയൊക്കെ ഒന്ന് പരിചയപ്പെടണമല്ലോ. ഓരോരുത്തരെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി പേരും നാടും വീടും ചോദിക്കുന്നതിനോട് പ്രതാപന്‍ സാറിനു വലിയ മതിപ്പ് ഇല്ലായിരുന്നു. നിങ്ങളെയൊക്കെ ഞാന്‍ വഴിയേ പരിചയപ്പെട്ടുകൊള്ളാം എന്ന് പറഞ്ഞുകൊണ്ട് സാര്‍ മേശപ്പുറത്തു കിടക്കുന്ന അറ്റന്റന്‍സ് രജിസ്റ്റര്‍ കയ്യിലെടുത്തു. നൂതനവും, അതിനൂതനവുമായ വെറുതെ ശബ്ദങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിയ കലപില പേരുകള്‍ക്കിടയില്‍ വാസവദത്ത എന്ന ഒറ്റപ്പെട്ട പേരില്‍ സാറിന്റെ കണ്ണുകള്‍ ഉടക്കി. ഇന്നത്തെ ക്ലാസ്സിന്റെ തുടക്കം ഇങ്ങനെയാവട്ടെ എന്ന സദുദ്ദേശത്തോടെ രജിസ്റ്റര്‍ മടക്കി വെച്ച് സാര്‍ കൂട്ടികളുടെ നേര്‍ക്ക് തിരിഞ്ഞു. ‘അഭിജ്ഞാന ശകുന്തളത്തെക്കുറിച്ച് എന്തറിയാം? വാസവദത്ത ഒന്ന് ചുരുക്കി പറയൂ.’
സാഹിത്യവും, നൃത്തവും സര്‍വോപരി അല്പസ്വല്പം കഥകളിയും കൂടി വശമുള്ള അതിസമര്‍ത്ഥയായ ചുറുചുറുക്കുള്ള ഒരു സുന്ദരിക്കുട്ടി ഇപ്പോള്‍ എണീറ്റ് അഭിജ്ഞാന ശാകുന്തളം മുഴുവന്‍ ഒറ്റ ശ്വാസത്തില്‍ വിവരിക്കും എന്ന് മനസ്സില്‍ കരുതിയ പ്രതാപന്‍ സര്‍ കണ്ടതാവട്ടെ ക്ലാസ് മുറിയുടെ നടുഭാഗത്തെ ബെഞ്ചില്‍ നിന്ന് എണീറ്റ് തല കുനിച്ചു നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയെയാണ്. വാസവദത്ത അഭിജ്ഞാന ശാകുന്തളം ഒന്ന് വിവരിക്കൂ. സര്‍ ഒരിക്കല്‍ കൂടി പറഞ്ഞു. കുട്ടി അനങ്ങുന്നില്ല, തല ഉയര്‍ത്തുന്നില്ല, ഒരക്ഷരം മിണ്ടുന്നുമില്ല.
വാസവദത്തക്കെങ്ങനെ ഇങ്ങനെയാവാന്‍ പറ്റും?. ഇത് വാസവദത്ത തന്നെയാണോ ?. വാസവദത്ത എന്ന പേരുള്ളവര്‍ക്കു അല്പസ്വല്പം കലയും സാഹിത്യവുമൊക്കെ വഴങ്ങേണ്ടതല്ലേ ?. ഇങ്ങനെ മിണ്ടാതെ തലകുനിച്ചു നില്ക്കാന്‍ ഒരു വാസവദത്തക്കു പറ്റുമോ? സാറിന്റെ മനസ്സില്‍ ഒന്നല്ല ഒരായിരം ചോദ്യങ്ങളിങ്ങനെ തികട്ടി വരികയാണ്. അവസാനം ഇതുവരെയും ഒന്നും മിണ്ടാതെ നില്‍ക്കുന്ന കുട്ടിയോട് ഇരിക്കാന്‍ പറഞ്ഞുകൊണ്ട് സര്‍ സ്വയം തിരുത്തി. ഇല്ല തെറ്റ് പറ്റിയത് തനിക്കാണ്. മഹാന്മാരൊക്കെ പറയുന്നത് നിസ്സാരമെന്നു നമുക്ക് തോന്നുമെങ്കിലും എത്ര വാസ്തവമാണ്. ഒരു പേരില്‍ എന്തിരിക്കുന്നു? പ്രതാപന്‍ സര്‍ പതുക്കെ വാസവദത്തയെ വിട്ടു ശകുന്തളയിലേക്കു നീങ്ങി.