ദ്രാവിഡവാദത്തിന്റെ പേരില്‍ ഭാരതത്തെ ഭിന്നിപ്പിക്കാനുള്ള ക്രിസ്ത്യന്‍ ഗൂഢപദ്ധതികള്‍ക്ക് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ചരിത്രത്തെയും ഭാഷാശാസ്ത്രത്തെയും പുരാവസ്തു ഗവേഷണത്തെയും അവര്‍ ഈ പദ്ധതിയുടെ കരുക്കളാക്കുകയാണ്. ആര്യന്‍ ആക്രമണവാദം തകര്‍ന്നടിഞ്ഞിട്ടും ഇത്തരം വിഘടനവാദതന്ത്രങ്ങള്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും മണ്ണില്‍ നിര്‍ബാധം തുടരുന്നു എന്നതിന്റെ സൂചനകളാണ് മുസിരിസ് ഗവേഷണവും തമിഴ്‌നാട്ടിലെ കീഴടി പര്യവേഷണവും.
ബിഷപ്പ് റോബര്‍ട്ട് കാല്‍ഡ്വലാണ് ദ്രാവിഡ വംശ സിദ്ധാന്തം കൊണ്ടുവന്നത്. ദ്രവീഡിയന്‍ വംശക്കാരുടെ താരതമ്യ വ്യാകരണ പഠനത്തിലൂടെ ദക്ഷിണേന്ത്യന്‍ ഭാഷകള്‍ ദ്രാവിഡന്‍ ഭാഷകളാണെന്നു സമര്‍ത്ഥിക്കുകയാണ് അദ്ദേഹം ചെയ്തത്. ഭാഷാശാസ്ത്രത്തിന്റെ സഹായത്തോടെ വളരെ സമര്‍ത്ഥമായാണ് അദ്ദേഹം ഈ സിദ്ധാന്തം അവതരിപ്പിച്ചത്. സംസ്‌കൃതമുള്‍പ്പെടെ ഉത്തരേന്ത്യന്‍ ഭാഷകളുമായി ദക്ഷിണേന്ത്യന്‍ ഭാഷകള്‍ ഘടനാപരമായി ഭിന്നമാണെന്നു സമര്‍ത്ഥിക്കാന്‍ കാല്‍ഡ്വല്‍ അസാമാന്യ സാമര്‍ത്ഥ്യം കാണിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദക്ഷിണേന്ത്യയിലെ അടിസ്ഥാന ജനത ദ്രാവിഡന്മാരാണെന്നും ആര്യന്മാര്‍ അവരെ അക്രമിച്ചു കീഴടക്കി എന്നുമുള്ള സിദ്ധാന്തം ചരിത്രത്തില്‍ രൂപപ്പെടുത്തിയത്.
ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് ഏറെ പോറലേല്‍പ്പിച്ചതായിരുന്നു പാതിരിപ്പടയുടെ ഈ പദ്ധതി. സെന്റ്‌തോമസിന്റെ ചരിത്രം കെട്ടിച്ചമച്ച് ഭാരതം അസഹിഷ്ണുക്കളുടെ നാടാണ് എന്നു വരുത്തിത്തീര്‍ക്കാനുള്ള നീക്കം പിന്നീടുണ്ടായി. ഏറ്റവും ഒടുവില്‍ മുസിരിസിനും കീഴാടിയ്ക്കും ക്രിസ്ത്യന്‍ ബന്ധങ്ങള്‍ കണ്ടെത്താനുള്ള പുരാവസ്തു ഗവേഷണങ്ങള്‍ നടക്കുന്നു. ഇതിനു പിന്നിലുള്ള ക്രിസ്ത്യന്‍ ഗൂഢപദ്ധതി തിരിച്ചറിയാതെ പോകുന്നു എന്നതാണ് വാസ്തവം.
വടക്കുകിഴക്കന്‍ മേഖലകളില്‍ ഭീകരവാദത്തിന് താങ്ങായി നില്‍ക്കുന്നത് ക്രിസ്ത്യന്‍ പുരോഹിതന്മാരാണ്. അവിടെ മാത്രം ഒതുങ്ങുന്നതല്ല അവരുടെ ഭീകരബന്ധം. ‘തമിഴ് ഈഴം’ എന്ന വിഘടന ആശയത്തിന് സാമ്പത്തികമുള്‍പ്പെടെയുള്ള സഹായം ചെയ്യുന്നത് ക്രൈസ്തവലോബിയാണെന്നു പുറത്തു വന്നിട്ടുണ്ട്. തമിഴ്‌നാടും ശ്രീലങ്കയിലെ തമിഴ് കുടിയേറ്റ പ്രദേശങ്ങളും ഉള്‍പ്പെടുന്ന സ്വതന്ത്രരാജ്യമാണ് ഇവരുടെ തമിഴ് ഈഴം. ഈ ലക്ഷ്യവുമായി തോക്കെടുത്തു യുദ്ധം ചെയ്ത എല്‍.ടി.ടി.ഇയെ 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തന(തടയല്‍) നിയമപ്രകാരം ഭാരതത്തിന്റെ ആഭ്യന്തര വകുപ്പ് 2024 വരെ നിരോധിച്ചിരിക്കുകയാണ്. അക്രമാസക്തവും വിധ്വംസകാത്മകവുമായ പ്രവര്‍ത്തനത്തിന് എല്‍.ടി.ടി.ഇ. ഇടപെടുന്നു എന്നും ആഭ്യന്തരവകുപ്പ് കണ്ടെത്തിയിരുന്നു. (ഇക്കണോമിക് ടൈംസ്, 2019 മെയ് 14).
റോമന്‍ കത്തോലിക്കാ പള്ളിയുടെ പിന്തുണയുള്ള ദ്രാവിഡ വിധ്വംസക കാഴ്ചപ്പാടാണ് എല്‍.ടി.ടി.ഇയ്ക്കുള്ളത്. വേലുപ്പിള്ള പ്രഭാകരന് തമിഴ് മേല്‍ക്കൈയുള്ള കത്തോലിക്കാ പള്ളി മേധാവികളുടെ സകല പിന്തുണയും ഉണ്ടായിരുന്നു എന്ന് കൊളൊംബോ ടെലഗ്രാഫ് 2015 ഡിസംബര്‍ 22ന് റിപ്പോര്‍ട്ടു ചെയ്തിരുന്നു. 1999-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുവേളയില്‍ എല്‍.ടി.ടി.ഇക്കെതിര പ്രചരണം നടത്തരുതെന്നും എല്‍.ടി.ടി.ഇയെ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടത് ജാഫ്‌നയിലെ കാത്തോലിക്ക ആര്‍ച്ച് ബിഷപ്പാണ്. കത്തോലിക്ക പുരോഹിതന്മാര്‍ തമിഴ് ഈഴത്തിനും എല്‍.ടി.ടി.ഇയുടെ സ്വാതന്ത്ര്യത്തിനായുള്ള കുരിശുയുദ്ധത്തിനും പിന്തുണ നല്‍കിയിരുന്നതായി ശ്രീലങ്കയില്‍ ഹൈക്കമ്മീഷണറായിരുന്ന ജെ.ഡി ദീക്ഷിത് തന്റെ ‘അസൈന്‍മെന്റ് കൊളൊംബോ’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ”ശ്രീലങ്കയിലെ എന്റെ സേവനകാലത്തെല്ലാം തമിഴ് കത്തോലിക്കാപുരോഹിതര്‍ എല്‍.ടി.ടി.ഇയ്ക്കു അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു എന്നത് അതിശയകരമായിതോന്നുന്നു.”
തമിഴ് വിഘടനവാദത്തിനു വിത്തും വളവും നല്‍കിക്കൊണ്ടിരിക്കുക എന്ന കത്തോലിക്ക പദ്ധതിക്ക് കൃത്യമായ ലക്ഷ്യമുണ്ട്. അത് ഭാരതത്തിന്റെ ഏകത തകര്‍ക്കുക എന്നതാണ്. ഇതിന് തമിഴ് നാട്ടിലെ ദ്രാവിഡരാഷ്ട്രീയക്കാര്‍ക്കു സാമ്പത്തികവും മറ്റുമായ പിന്തുണ നല്‍കുക എന്ന നയം സ്വീകരിച്ചു. 2011ലെ രണ്ടു സംഭവങ്ങള്‍ ഈ പദ്ധതികള്‍ തുറന്നുകാട്ടുന്നു. ചെന്നൈയില്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ കാണാനും ചെന്നൈ സര്‍വ്വകലാശാലയിലും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലുമുള്ള ചില പരിപാടികളില്‍ പങ്കെടുക്കാനുമായി ദല്‍ഹിയിലെത്തിയെ ശ്രീലങ്കന്‍ തമിഴ് കാത്തോലിക് പാതിരി ഫാദര്‍ എസ്.ജെ. ഇമാനുവലിനെ വിമാനത്താവളത്തില്‍ നിന്നുതന്നെ ദുബായിലേക്ക് തിരിച്ചയച്ചു എന്നതാണ് ഒരു സംഭവം. ഭാരത ആഭ്യന്തരവകുപ്പ് അത്ര ജാഗ്രത കാട്ടിയിരുന്നു എന്നു വ്യക്തം. ശ്രീലങ്കന്‍ തമിഴ് വിധ്വംസകവിഭാഗത്തിന്റെ രക്ഷാകര്‍ത്താക്കള്‍ എന്നു കരുതുന്ന ഗ്ലോബല്‍ തമിഴ് ഫോറം എന്ന ഇംഗ്ലണ്ട് കേന്ദ്രീകരിച്ചുള്ള സംഘടനയുടെ പ്രസിഡന്റാണ് ഫാദര്‍ ഇമാനുവല്‍. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ശ്രീലങ്കന്‍ സര്‍ക്കാരിനെതിരെ പ്രചരണം നടത്തുകയും ഫണ്ട് ശേഖരിക്കുകയും ചെയ്യാന്‍ കാനഡയില്‍ അതിനിടെ ഇമാനുവല്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് സണ്‍ഡെ ഒബ്‌സര്‍വര്‍ കാനഡയില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്തിരുന്നു.
രണ്ടാമത്, കൂടംകുളം ആണവ പദ്ധതിക്കെതിരെ സമരം നയിച്ചത് കത്തോലിക്ക പള്ളിയാണ്. ആണവനിലയം ക്രിസ്ത്യന്‍ ഭൂരിപക്ഷപ്രദേശത്താണെന്നും പ്രദേശവാസികള്‍ക്ക് അണുപ്രസരമുണ്ടാകുമെന്നും പ്രചരിപ്പിച്ച് ജനങ്ങളെ ഇളക്കിവിട്ടത് പള്ളിക്കാരാണ്. ഈ സമരത്തിന് ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയും നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ച് ഇന്‍ ഇന്ത്യയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. (വാര്‍ത്ത 2012 നവം. 22ലെ ഹിന്ദുപത്രം) തൂത്തുക്കുടി പള്ളിക്കാരുടെ നേതാവായ ബിഷപ്പ് യാവോന്‍ അംബ്രോയിഡ് സഹായം നല്‍കുന്ന എന്‍.ജി.ഒകളാണ് ആണവ നിലയത്തിനെതിരെ സമരം നയിച്ചത്. തുത്തൂക്കുടി ഇടവക അസോസിയേഷന്‍, തൂത്തുക്കുടി മള്‍ട്ടിപര്‍പ്പസ് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എന്നിവയാണ് സമരം നടത്തുന്ന എന്‍.ജി.ഒകള്‍. കൂടംകുളത്തിനെതിരെ സമരം സംഘടിപ്പിക്കാന്‍ ബിഷപ്പ് അംബ്രോസ് 54 കോടി രൂപ സംഘടിപ്പിച്ചു എന്നാണ് കേന്ദ്രമന്ത്രി വി.നാരായണസ്വാമി ആരോപിച്ചത്.
സ്റ്റെര്‍ലൈറ്റ് വിഷം വമിക്കുന്ന ഫാക്ടറിയാണെന്ന് യൂട്യൂബില്‍ പ്രചരിപ്പിച്ചത് തൂത്തുക്കുടിയിലെ ജീസസ് റിഡീംസിലെ സുവിശേഷകന്‍ മോഹന്‍സി ലാസറോസ് ആണ്. 2018 മാര്‍ച്ച് 24ന് തൂത്തുക്കുടി രാജാജിപാര്‍ക്കില്‍ നടക്കുന്ന പ്രതിഷേധത്തില്‍ കാത്തോലിക്കര്‍, പെന്തക്കോസ്തുകള്‍, ചര്‍ച്ച് ഓഫ് സൗന്ത് ഇന്ത്യക്കാര്‍ എന്നിവര്‍ പങ്കെടുക്കണമെന്ന ആഹ്വാനം യൂട്യൂബ് വീഡിയോയില്‍ ഉണ്ടായിരുന്നു. ഇതാണ് കുപ്രസിദ്ധമായ തൂത്തുക്കുടി കലാപമായി മാറിയത്.
ദ്രാവിഡ രാഷ്ട്രീയക്കാരുമായി ക്രിസ്ത്യന്‍ മതമേധാവികള്‍ക്കുള്ള ബന്ധം അങ്ങാടിപ്പാട്ടാണ്. ഇവഞ്ചലിക്കല്‍ ചര്‍ച്ചിന്റെ ബിഷപ്പ് എസറ സര്‍ഗുണം ഡി.എം.കെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങളായി. മതേതര ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഡി.എം.കെ. സഖ്യത്തിനെ പിന്തുണയ്ക്കുന്നു എന്നാണ് തമിഴ്‌നാട് ബിഷപ്പ് കൗണ്‍സില്‍ പ്രസിഡന്റും മധുര ആര്‍ച്ച് ബിഷപ്പുമായ ആന്റണി പപ്പു സ്വാമി 2016 മെയ് മാസത്തില്‍ പരസ്യമായി പ്രഖ്യാപിച്ചത്. ദളിത് ക്രിസ്ത്യാനികള്‍ക്ക് പട്ടികജാതി ആനുകൂല്യം അനുവദിക്കുന്ന നിയമഭേദഗതി ഉള്‍പ്പെടെ അവരുന്നയിച്ച ആവശ്യങ്ങളെല്ലാം നിറവേറ്റിക്കൊടുക്കാമെന്നു ഡി.എം.കെ വാക്കു നല്‍കുകയും ചെയ്തു. ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്ന അദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുക, തിരഞ്ഞെടുപ്പില്‍ 10 ശതമാനം സീറ്റ് ക്രിസ്ത്യാനികള്‍ക്കു നല്‍കുക, ന്യൂനപക്ഷസ്ഥാപനങ്ങള്‍ക്ക് നികുതി ഒഴിവാക്കിക്കൊടുക്കുക എന്നിവയും അംഗീകരിച്ച ആവശ്യങ്ങളില്‍ പെടുന്നു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ.യ്ക്ക് കിട്ടിയ മേല്‍ക്കൈ ക്രിസ്ത്യന്‍ സംഘടനകള്‍ക്ക് ആവേശം പകര്‍ന്നു. ബിഷപ്പുമാരും പാസ്റ്റര്‍മാരും ദ്രാവിഡകക്ഷിയ്ക്കു വേണ്ടി പരസ്യമായി രംഗത്തുവന്നു. ക്രിസ്തുമസ് പരിപാടിയില്‍ ബിഷപ്പന്മാര്‍ ഡി.എം.കെയ്ക്കു പിന്തുണപ്രഖ്യാപിച്ചു. മതസമ്മേളനം ഫലത്തില്‍ രാഷ്ട്രീയസമ്മേളനമായി മാറി. ഡി.എം.കെ. നേതാവ് സ്റ്റാലിന്‍ കേക്ക് മുറിച്ച് ബിഷപ്പിന്റെ വായില്‍വെച്ചുകൊടുക്കുകയും ബിഷപ്പ് സ്റ്റാലിന്റെ വായില്‍ വെച്ചുകൊടുക്കുകയും ചെയ്തതോടെ പാര്‍ട്ടിയും കത്തോലിക്കാസഭയും ഫലത്തില്‍ ഒന്നായി.
കത്തോലിക്ക – ഡി.എം.കെ അച്ചുതണ്ടിന്റെ അടുത്ത നീക്കം പുറത്തുവരുന്നത് അന്തരിച്ച കരുണാനിധിയുടെ മകള്‍ കനിമൊഴിയും റോമന്‍ കത്തോലിക്ക പാതിരി ഫാദര്‍ ഗാസ്പര്‍രാജും തമ്മിലുളള നീക്കത്തിലൂടെയാണ്. ഫിലിപ്പൈന്‍സ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ റോഡിയോ നിലയമായ റേഡിയോ പെരിറ്റാസിന്റെ ഡയറക്ടറായി ഗാസ്പര്‍രാജ് 1996-2002 വരെ തമിഴ്‌നാട്ടില്‍ പ്രവര്‍ത്തിച്ചു. കന്യാകുമാരിയിലെ സഹായനഗറിലുള്ള ഔവര്‍ ലേഡി ഓഫ് പെര്‍പ്പെച്ച്വല്‍ ഹെല്‍പ് ചര്‍ച്ചിലെ പാതിരിയായി 1992 മുതല്‍ 95 വരെ ഗാസ്പര്‍രാജ് പ്രവര്‍ത്തിച്ചതായും അയാള്‍ക്ക് തമിഴ് ടൈഗേഴ്‌സുമായി ബന്ധമുള്ളതായും വിവരമുണ്ട്. ഈ വിഭാഗങ്ങളുടെയെല്ലാം കൂട്ടായ പ്രവര്‍ത്തനം ‘ദ്രാവിഡ ക്രിസ്തുമതം’, എന്ന വിഘടനവാദ വിഭാഗത്തെ വളര്‍ത്തിയെടുക്കുന്നതിനായിരുന്നു. സംഘടിതവോട്ടാണ് ഇവര്‍ക്ക് എന്നതിനാല്‍ ഡി.എം.കെ. ഈ നീക്കത്തെ പിന്തുണയ്ക്കുന്നു. സ്റ്റാലിനും കനിമൊഴിയും പാതിരിമാരുടെ കീശയിലായതും അവര്‍ക്ക് അനുഗ്രഹമായി.
ദ്രാവിഡ രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കണമെന്ന് പാതിരിമാര്‍ക്കറിയാം. അമേരിക്കന്‍ സാമ്പത്തിക പിന്തുണയുള്ള ഇന്റര്‍നാഷണല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ഡിഫന്‍സ് കമ്മറ്റി എന്ന ക്രിസ്ത്യന്‍ സംഘടന തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ കുമാരി ജയലളിതയ്ക്ക് ഗോള്‍ഡന്‍ സ്റ്റാര്‍ ഫോര്‍ ഡിഗിനിറ്റി ആന്റ് ഹോണര്‍ എന്ന പുരസ്‌കാരം നല്‍കി. ഇതിലൂടെ 2004ല്‍ ജയലളിത തന്നെ നടപ്പാക്കിയ മതംമാറ്റ വിരുദ്ധനിയമം അതേ ആളെക്കൊണ്ട് പിന്‍വലിപ്പിക്കാന്‍ പാതിരിമാര്‍ക്ക് കഴിഞ്ഞു. ദ്രാവിഡരാഷ്ട്രീയത്തില്‍ പാതിരിപ്പടയ്ക്കുള്ള സ്വാധീനമാണ് ഇതു കാണിക്കുന്നത്.
എന്‍.ജി.ഒകള്‍ വഴി വിദേശപ്പണം ഏറ്റവും കൂടുതല്‍ എത്തുന്ന സംസ്ഥാനം തമിഴ്‌നാടാണ്. 2011-12ല്‍ 22,702 സംഘടനകള്‍ വഴി തമിഴ്‌നാട്ടിലെത്തിയത് 11,546,29 കോടി രൂപയാണ്. ചെന്നൈയിലെ വേള്‍ഡ് വിഷന്‍ ഓഫ് ഇന്ത്യയ്ക്കാണ് ഏറ്റവും കൂടുതല്‍ ഫണ്ട് കിട്ടിയത്. 233.38 കോടി. 2015-16ല്‍ ഏറ്റവും കൂടുതല്‍ ഫണ്ട് നേടിയത് ഗോസ്പല്‍ ഓഫ് ഏഷ്യ, ബിലീവേഴ്‌സ് ചര്‍ച്ച് ഇന്ത്യ, വേള്‍ഡ് വിഷന്‍ ഇന്ത്യ എന്നിവയാണ്. വളണ്ടറി ഏഷ്യന്‍ നെറ്റ് വര്‍ക്ക് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ മാത്യുചെറിയാന്‍ പറയുന്നത് ക്രിസ്ത്യന്‍ സംഘടനകള്‍ കൂടുതല്‍ ഉള്ളതിനാല്‍ ദക്ഷിണഭാരത സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഫണ്ട് വരുന്നത് എന്നാണ്. അതില്‍ കൂടുതല്‍ കിട്ടുന്നത് തമിഴ്‌നാട്ടിലുമാണ് (ഹിന്ദുവാര്‍ത്ത 2016 ആഗസ്റ്റ് 2). രാഷ്ട്രീയബന്ധമുപയോഗിച്ച് ക്രിസ്ത്യന്‍ മതമേധാവിത്വം അരക്കിട്ടുറപ്പിക്കുന്നതിനൊപ്പം തങ്ങളുടെ ദ്രാവിഡ ബന്ധത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നു പുരാവസ്തുപരമായ തെളിവുകള്‍ തട്ടിക്കൂട്ടിയുണ്ടാക്കാനാണ് മുസിരിസ്സിലും കീഴാടിയിലും ഉത്ഖനനങ്ങള്‍ നടക്കുന്നത്. ദ്രാവിഡവാദം രാജ്യത്തിനുണ്ടാക്കിയ വിനാശത്തെ പരിഗണിച്ചുവേണം ഏറെ ആപല്‍ക്കരമായ ഈ രാജ്യദ്രോഹ നീക്കത്തിന്റെ പ്രത്യാഘതങ്ങളെ വിലയിരുത്താന്‍.