ഗുരുവായൂര്‍ ക്ഷേത്രകാര്യങ്ങളാലോചിക്കുമ്പോള്‍ ”കാലമിത് കലിയുഗമാണെ”ന്ന പൂന്താനത്തിന്റെ മുന്നേക്കൂട്ടിയുള്ള പ്രസ്താവമാണ് ഓര്‍മ്മയില്‍ വരിക. ആ വരികള്‍ പ്രസക്തമാവുന്നത് വര്‍ത്തമാനകാല സംഭവങ്ങളുടെ പരിണിതഫലങ്ങള്‍ അനുഭവിക്കാന്‍ ഇന്നും വിധിക്കപ്പെടുന്നത് ഹൈന്ദവവിശ്വസി സമൂഹം തന്നെയാണെന്ന് തിരിച്ചറിയുന്നിടത്താണ്. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണ് ഹിന്ദുധര്‍മ്മത്തിനും ഹിന്ദുവിശ്വാസി സമൂഹത്തിനും നേരെയുള്ള സംഘടിത വേട്ട. ബാബറേയും ഔറംഗസീബിനെയും ബ്രിട്ടീഷുകാരെയും വെല്ലുന്ന അത്യന്താധുനിക പുരോഗമനവാദക്കാരുടെ പുതിയ കാലത്തെ പുതിയ നയങ്ങള്‍ ക്ഷേത്ര സംസ്‌കാരത്തിന്റെ നിലനില്‍പ്പിന് വെല്ലുവിളി ഉയര്‍ത്തുന്നു.
ഹിന്ദുത്വത്തിനും ക്ഷേത്രാചാരനുഷ്ഠാനങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതും എതിര്‍ക്കുന്നതുമാണ് പുരോഗമനം എന്ന് ധരിക്കുകയും, പ്രചരിപ്പിക്കുകയും അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നവര്‍ ഹിന്ദു സമുദായത്തിന്റെ മാത്രം ആരാധനാവ്യവസ്ഥയെ ഉന്മൂലനം ചെയ്യാനും സമ്പത്ത് കൊള്ളയടിക്കാനുമാണ് ലക്ഷ്യം വെക്കുന്നത്. ഇക്കാര്യം നിരവധി വര്‍ത്തമാനകാല സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതരമതവിശ്വാസികളില്‍ നിന്നുള്ള അസഹിഷ്ണുതാനയത്തേക്കളേറെ ഹിന്ദു സമൂഹത്തിലെ അവിശ്വാസികളും, ഭൗതിക പുരോഗമനവാദികളും എന്ന് നടിക്കുന്നവരില്‍ നിന്നാണ് ക്ഷേത്രസംസ്‌കൃതിക്ക് ഇന്ന് ഏറെ ഭീഷണി നേരിടുന്നത്. ഹിന്ദു ഏകീകരണവും പരസ്പരസൗഹാര്‍ദ്ദ വും തകര്‍ത്ത് സ്ഥാപിതതാത്പര്യാര്‍ത്ഥം കക്ഷിരാഷ്ട്രീയ ഭരണാധിപത്യം ഉറപ്പിക്കുകയാണ് ഇതിന്റെ പിന്നിലെ ചേതോവികാരം.
ഹിന്ദുക്ഷേത്രവിരുദ്ധരുടെ നവീനതന്ത്രം സംഘടിതവും ദ്വിമുഖവുമാണ്. ഏത് അനുകൂല സന്ദര്‍ഭവും പ്രയോജനപ്പെടുത്തി ക്ഷേത്രങ്ങളെയും വിശാസികളെയും ആക്രമിക്കുക. ഭരണാധികാരം കൈവശപ്പെടുത്തി ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കുകയും വെള്ളം ചേര്‍ക്കുകയും ചെയ്യുന്നതോടൊപ്പം ധൂര്‍ത്തിലൂടെയും ദുര്‍വ്വിനിയോഗത്തിലൂടെയും വകമാറ്റലിലൂടെയും ക്ഷേത്ര സമ്പത്ത് ചോര്‍ത്തുക. വിശ്വാസിയുടെ മേലാപ്പണിഞ്ഞ് വിശ്വാസിസമൂഹത്തെ നയിക്കാന്‍ കഴിയുന്നതോടെ ക്ഷേത്ര സംസ്‌കൃതി നാശോന്മുഖമാക്കാനുള്ള വ്യവസ്ഥാപിത എളുപ്പവഴി തുറന്നുകിട്ടുകയായി. മറുവശത്താകട്ടെ – ഹൈന്ദവാരാധനാലയങ്ങള്‍ക്കും പ്രതിഷ്ഠാമൂര്‍ത്തിക്കും സിദ്ധിച്ചിട്ടുള്ള നിയമപരമായ അവകാശധികാരങ്ങള്‍ അറിയാനും അനുഭവിക്കാനും കഴിയാതെ പോകുന്ന സാഹചര്യമാണ് നിലവിലുളളത്. ഈയൊരു പശ്ചാത്തലത്തില്‍ വേണം കാലികശ്രദ്ധയുള്ളതും വാദവും പ്രതിവാദവുമായി ചര്‍ച്ച ചെയ്യപ്പെടുന്നതുമായ ഗുരുവായൂര്‍ ദേവസ്വം ആക്ട് ലംഘനം വിലയിരുത്തപ്പെടേണ്ടത്.
വാദപ്രതിവാദം
രാഷ്ട്രീയ സ്വാധീനത്താല്‍ ഭരണാധികാരം കൈവശമാവുമ്പോള്‍ ലഭ്യമായ ഉത്തരവാദസ്ഥാനത്തിരുന്ന് അധികാര ദുര്‍വ്വിനിയോഗവും നിയമലംഘനവും ദുര്‍ന്നയവും വഴി ക്ഷേത്രധ്വംസനം നടത്തുന്നതിന്റെ ഏറ്റവും ഒടുവിലത്തെ പ്രത്യക്ഷോദാഹരണമായാണ് ഗുരുവായൂര്‍ ദേവസ്വം ഫണ്ടില്‍ നിന്ന് സര്‍ക്കാരിലേക്ക് അഞ്ച് കോടി രൂപ ദാനം നല്‍കിയ സംഭവം കണക്കാക്കപ്പെടുന്നത്. പ്രളയത്തിന്റെ മറവില്‍ സമാനമായ രീതിയില്‍ അഞ്ച് കോടി രൂപ സര്‍ക്കാരിന് നല്‍കിയ നടപടി കേരള ഹൈക്കോടതിയുടെ വിശാലബഞ്ചിന്റെ പരിഗണനയിലിരിക്കുകയാണ്. ഇക്കാര്യം തീര്‍ത്തും അവഗണിച്ചുകൊണ്ടാണ് ആക്ട് 14 – 1978 ലംഘിച്ചും ഒപി നമ്പര്‍ 314 – 1973, ഒപി നമ്പര്‍ 2071 – 1993 ഹൈക്കോടതി വിധികള്‍ ധിക്കരിച്ചും കോവിഡ് -19ന്റെ സഹതാപ പശ്ചാത്തലവും വികാരവും ഉപയോഗപ്പെടുത്തി വീണ്ടും അഞ്ച് കോടി രൂപ സര്‍ക്കാരിലേക്ക് സംഭാവന നല്‍കുന്നത്. ഈ നടപടി ഭക്തജനങ്ങളുടെ ശക്തമായ എതിര്‍പ്പിനും നിയമാനുസൃത നടപടികള്‍ക്കും ഇടയാക്കിയിട്ടുണ്ട്.

ഹിന്ദുമതകാര്യങ്ങള്‍ക്കും, ക്ഷേത്രകാര്യങ്ങള്‍ക്കും മാത്രമേ ഗുരുവായൂര്‍ ദേവസ്വം ഫണ്ട് ഉപയോഗിക്കാവൂ എന്നുളള വാദമുണ്ട്. എല്ലാ മതസ്ഥരുടെയും പണമാണ് ദേവസ്വം സ്വത്ത് എന്ന് മറ്റൊരു വാദവുമുണ്ട്. അധികവരുമാനം ഉണ്ടാക്കിയെന്നും നിക്ഷേപത്തിന്റെ പലിശയാണ് നല്‍കിയതെന്നും പ്രതിവാദവും ഉന്നയിക്കപ്പെടുന്നുണ്ട്. ദുരന്തമുഖത്ത് മാനുഷിക പരിഗണനയാണ് വേണ്ടതെന്നു അഭിപ്രായവും ഉയരുന്നു. മാന്യമായി ജീവിക്കാന്‍ ഒരു പ്രൊഫഷന്‍ കൈവശമുള്ള, പ്രശസ്തനായ അഭിഭാഷകന്‍ കൂടിയായ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ആശങ്കാകുലമായ സാഹചര്യം മറികടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ സാമ്പത്തികാസ്തികള്‍ മുഴുവന്‍ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കാവുന്നതല്ലേ എന്ന ചോദ്യവും പ്രസക്തമാണ്. വിശേഷിച്ചും കേരളത്തിലെ മദ്യഉപഭോക്താക്കളുടെ കരള്‍ നീറ്റിയതിന്റെ ഫലമായ ആസ്തികള്‍. എന്തിനും ഏതിനും ഫണ്ട് ലഭ്യമാക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും കണക്ക് ചോദിച്ചാല്‍ ഫെഡറല്‍ സംവിധാനം അട്ടിമറിക്കലാണെന്നും ധരിക്കുന്നവരോട് പ്രളയദുരിതാശ്വാസ ഫണ്ട് വിനിയോഗത്തെ കുറിച്ച് ചോദിക്കുന്നതിലര്‍ത്ഥമുണ്ടോ? മതപരമായ ചേരിതിരിവുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ വാദകോലാഹലങ്ങളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇതെല്ലാം ശരിയായ വീക്ഷണങ്ങളായി കണക്കാക്കാനാവില്ല. ദേവസ്വം ഫണ്ട് സര്‍ക്കാരിലേക്ക് നല്‍കിയ നടപടി എതിര്‍ക്കപ്പെടുന്നതിനുപോത്ബലകമായ കാര്യകാരണങ്ങളും സാംഗത്യവും ക്ഷേത്രത്തിന്റെയും ദേവസ്വം ആക്ടിന്റെയും ചരിത്രസഹിതം സമഗ്രമായി പരിശോധിക്കപ്പെടുകയെന്നതാണ് അഭികാമ്യമായ കാര്യം.
ചരിത്രസംക്ഷിപ്തം
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ബ്രിട്ടീഷ് രാജാധികാരവും മതമേധാവിത്വവും തമ്മിലുള്ള തര്‍ക്കത്തില്‍ ആരാധനാലയ സ്വത്തുവഹകള്‍ അതാത് പ്രതിഷ്ഠാമൂര്‍ത്തികള്‍ക്ക് അവകാശപ്പെട്ടതാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതാണ്. തുടര്‍ന്നുള്ള നിരവധി കോടതി വിധികളില്‍ പ്രതിഷ്ഠാമൂര്‍ത്തി മൈനറാണെന്നും സിവില്‍ കോടതികള്‍ പ്രതിഷ്ഠയുടെ സ്വാഭാവിക സംരക്ഷകരാണെന്നും അസന്നിഗ്ദ്ധമായി വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. ക്ഷേത്ര ഊരായ്മാവകാശം സാമൂതിരി രാജാവിലും മല്ലിശ്ശേരി കാരണവരിലും സംയുക്തമായി സംക്ഷിപ്തമാക്കപ്പെട്ടിരുന്നു എന്ന് മദ്രാസ് ഹൈക്കോടതിയുടെ 1887ലെ അപ്പീല്‍ നമ്പര്‍ 35ലെ 01-01-1889 വിധി സ്ഥിരീകരിക്കുന്നുണ്ട്.

1926ല്‍ മദ്രാസ് നിയമസഭ മദ്രാസ് ഹിന്ദു റിലീജിയസ് എന്‍ഡോവ്‌മെന്റ് ആക്ട് പാസ്സാക്കുകയും 08-02-1927ല്‍ നിലവില്‍ വരികയും ചെയ്തു. ഗുരുവായൂര്‍ ക്ഷേത്ര നടത്തിപ്പിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ച് ഭക്തജനങ്ങള്‍ എച്ച്.ആര്‍.ഇ. ബോര്‍ഡിന് പരാതി സമര്‍പ്പിക്കുകയും അന്വേഷണാനന്തരം ബോര്‍ഡ് ദൈനംദിനപ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് സാമൂതിരി രാജയെ മാത്രം ചുമതലപ്പെടുത്തുകയും ചെയ്തു. ഊരായ്മ നിര്‍ത്തലാക്കിയതിനെതിരെ മല്ലിശ്ശേരി കാരണവര്‍ 1929ല്‍ ഒ.എസ്. നമ്പര്‍ 1 ആയി സൗത്ത് മലബാര്‍ ജില്ലാകോടതിയില്‍ ഹര്‍ജി നല്‍കി. ക്ഷേത്രഭരണത്തിനുള്ള മതിയായ വ്യവസ്ഥകള്‍ എച്ച്.ആര്‍.ഇ. ബോര്‍ഡ് നടപ്പിലാക്കിയിട്ടില്ലെന്ന പരാതിയുമായി ഭക്തജനങ്ങളും 1929ല്‍ ഒ.എസ്. നമ്പര്‍ 2 ആയി ഹര്‍ജി സമര്‍പ്പിച്ചു. മല്ലിശ്ശേരി കാരണവരുടെ ഹര്‍ജി ജില്ലാകോടതി അനുവദിച്ചു നല്‍കി. ഇതിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ എ.എസ്. 211 & 212 – 1930 നമ്പറായി സാമൂതിരിരാജ ഹര്‍ജി ഫയല്‍ ചെയ്തു. 21-11-30ന് മല്ലിശ്ശേരിയുടെ ഊരായ്മ ശരിവെച്ചു കൊണ്ടു ഹൈക്കോടതി ഉത്തരവായി. കൂട്ടത്തില്‍ ഭണ്ഡാരങ്ങള്‍ തുറന്നെണ്ണുമ്പോള്‍ രണ്ടു ഭക്തജനപ്രതിനിധികളെങ്കിലും ഹാജരാവണമെന്ന നിബന്ധനകൂടി വിധിയില്‍ ഉള്‍പ്പെടുത്തി. അതിനെ തുടര്‍ ന്നാണ് 30-09-1951ല്‍ മദ്രാസ് ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ആക്ട് നിലവില്‍ വരുന്നത്. ഈ ആക്ട് പ്രകാരം ക്ഷേത്രഭരണത്തിന് സുദൃഢമായ മാനദണ്ഡങ്ങള്‍ സ്വീകരിക്കണമെന്ന് എം.എച്ച്.ആര്‍ ആന്റ് സി.ഇ കമ്മീഷണര്‍ തൃശ്ശൂര്‍ സബ്ബ് കോടതിയില്‍ ഒ.പി. നമ്പര്‍ 3 – 1965 ആയി ഹര്‍ജി സമര്‍പ്പിച്ചു. ഈ ഹര്‍ജി നിലനില്‍ക്കവെയാണ് 1970ല്‍ ക്ഷേത്രം അഗ്നിക്കിരയാവുന്നതും സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്യുന്നത്.
ഗുരുവായൂര്‍ ക്ഷേത്രഭരണത്തിലെ അനാസ്ഥയും മറ്റും കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഭരണനിര്‍വ്വഹണത്തിന് ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മറ്റി രൂപീകരിച്ചുകൊണ്ട് 1971-ലെ ആദ്യത്തെ ഗുരുവായൂര്‍ ദേവസ്വം ആക്ട് കേരള നിയമസഭ പാസ്സാക്കുന്നത്. ആക്ടിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ആര്‍ട്ടിക്കിള്‍ 26 പ്രകാരം അവരുടെ മൗലികാവകാശം ഇല്ലാതായി എന്ന പരാതി കോടതി തള്ളിക്കളഞ്ഞു.
1971ലെ ആക്ട് ഭരണഘടനാവിരുദ്ധവും ജനങ്ങളുടെ അവകാശത്തെ ഹനിക്കുന്നതുമാണെന്ന് കാണിച്ച് 1973ല്‍ തറമ്മല്‍ കൃഷ്ണന്‍ ഒ.പി നമ്പര്‍ 314 – 1973 നമ്പര്‍ പ്രകാരം നല്‍കിയ ഹര്‍ജി ചരിത്രത്തിലെ നാഴികക്കല്ലായി. പ്രസ്തുത ഹര്‍ജി കേരള ഹൈക്കോടതിയിലെ ഫുള്‍ബഞ്ച് പരിഗണിക്കുകയും 1971-ലെ ആക്ട് ഭരണഘടനാ വിരുദ്ധമാണെന്ന കാരണത്താല്‍ റദ്ദാക്കുകയും ചെയ്തു. 1979 KHC 187, 1979 KLT 350, AIR 1978, KER 68 നമ്പറുകളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ടി വിധിയുടെ അടിസ്ഥാനത്തിലാണ് 1978ലെ ഗുരുവായൂര്‍ ദേവസ്വം ആക്ട് രൂപീകരിച്ച് നിലവില്‍ വന്നിട്ടുള്ളത്.
വിധിയിലെ പ്രസക്ത ആശയം
ഒ.പി. നമ്പര്‍ 314 -1973 വിധി ഉത്തരവിലെ രത്‌നച്ചുരുക്കം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ”ഭരണഘടനയുടെ 26-ാം വകുപ്പു പ്രകാരം എല്ലാ റിലീജിയസ് ഡിനോമിനേഷനും (മത സമുദായം) സെക്ഷനും (മതവിഭാഗം) അവരവരുടെ മതപരമായതും ചാരിറ്റബിള്‍ ആയിട്ടുള്ളതുമായ സ്ഥാപനങ്ങള്‍ നിലവില്‍ വരുത്താനും പരിപാലിക്കാനുമുള്ള അവകാശം ഉറപ്പുനല്‍കുന്നു. സ്ഥാവരജംഗമ വസ്തുക്കള്‍ സ്വന്തമാക്കാനും പരിപാലിക്കാനുമുള്ള നിയമവിധേയമായ അവകാശവും ഉണ്ട്. ഈ അവകാശം നിയമസഭക്ക് മതസമുദായങ്ങളില്‍നിന്ന് എടുത്തുമാറ്റാവുന്നതല്ല. എന്നാല്‍ അത്തരം സ്ഥാപനങ്ങളുടെ വസ്തുവകകള്‍ കൈകാര്യം ചെയ്യുന്നതിന് നിയമപരമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് സര്‍ക്കാരിന് അധികാരമുണ്ട്. എന്നാല്‍ അത്തരം നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സ്വത്തുവകകള്‍ പരിപാലിക്കുന്നതിനുള്ള അധികാരം മതസമുദായത്തിന് തന്നെയാണ്. സര്‍ക്കാരിന് ഇല്ല. ഭരണഘടനാവിരുദ്ധമാകാതെ നിയമങ്ങള്‍ രൂപീകരിക്കാന്‍ മാത്രമേ സര്‍ക്കാരിന് അധികാരമുള്ളു. അകഞ1954 SC 388 സുപ്രീംകോടതി ഉത്തരവ് പ്രകാരം മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള മൗലികാവകാശം എന്ന് പറയുന്നതില്‍ മതപരമായ ട്രസ്റ്റിന്റെ സമ്പത്തുകളോ, വരുമാനമോ മതപരമായ കാര്യങ്ങള്‍ക്ക് ചെലവഴിക്കുക എന്നതും ഉള്‍പ്പെടുന്നുണ്ട്. ഇതില്‍ നിന്ന് വ്യതിചലിച്ച് മറ്റാവശ്യങ്ങള്‍ക്ക് പണം ചെലവഴിക്കാന്‍ ഗവണ്‍മെന്റിനോ ഉദ്യോഗസ്ഥര്‍ക്കോ കോടതിക്ക് പോലുമോ അധികാരം ഇല്ലെന്നും അപ്രകാരം ചെയ്യുന്നത് മതസ്ഥാപനങ്ങളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്നും അസന്നിഗ്ദ്ധമായി രേഖപ്പെടുത്തുന്നു. കൂടാതെ ട്രസ്റ്റ് എന്തിന് വേണ്ടിയാണോ രൂപീകരിച്ചിട്ടുള്ളത് ആ ലക്ഷ്യത്തിന് വിരുദ്ധമായ കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കാന്‍ നിയമം രൂപീകരിക്കുന്നതും ഭരണഘടനാവിരുദ്ധമാണ്. സഭകളും ഉദ്യോഗസ്ഥരും മതപരമായ നിയമവിധേയ അവകാശങ്ങളില്‍ കടന്നു കയറുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനായി ആര്‍ട്ടിക്കിള്‍ 25 മുതല്‍ 30 വരെയുള്ള അവകാശങ്ങളെ മൗലിക അവകാശങ്ങളുടെ ഭാഗമാക്കിയിരിക്കുന്നു.
ഭരണഘടനപ്രകാരം ഗുരുവായൂര്‍ ദേവസ്വത്തിന്റെ നിയന്ത്രണവും ഭരണവും ദൈനംദിന നടത്തിപ്പിനുമുള്ള അവകാശം ഹിന്ദുമതസമുദായത്തില്‍ (ഭക്തജനങ്ങളില്‍) നിക്ഷിപ്തമാണ്. ആകയാല്‍ ഭരണനിര്‍വ്വഹണത്തിനുള്ള മാനേജിംഗ് കമ്മറ്റിയിലെ അംഗങ്ങള്‍ പ്രസ്തുത ഹിന്ദുമത സമുദായത്തിലുള്ള ക്ഷേത്രാരാധനയില്‍ വിശ്വാസമുള്ള പ്രതിനിധികളായിരിക്കണം. സര്‍ക്കാരിന് ഭരണപരമായ കാര്യങ്ങളില്‍ പ്രത്യക്ഷമായോ, പരോക്ഷമായോ നിയന്ത്രണം വരുന്ന വിധത്തില്‍ ഉദ്യോഗസ്ഥരേയോ മറ്റോ ഭരണസമിതിയില്‍ ഉള്‍പ്പെടുത്താനുള്ള അധികാരം ഇല്ല. ഹിന്ദുമതസമുദായത്തിന് സ്വന്തം പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള കേന്ദ്രീകൃതമായ ഒരു സംവിധാനം നിലവിലില്ലാത്തതിനാല്‍ പ്രതിനിധികളെ നോമിനേറ്റ് ചെയ്യാനുള്ള അധികാരം മാത്രം മന്ത്രിസഭയിലെ ഹിന്ദുമന്ത്രിമാരില്‍ നിക്ഷിപ്തമാക്കിയിരിക്കുന്നു. ദേവസ്വത്തിന് ഒഴിവാക്കാന്‍ പറ്റാത്ത ആവശ്യവും ദേവസ്വത്തിന് ഗുണകരവും ആണെങ്കില്‍ മാത്രമേ ദേവസ്വം സ്ഥാവരജംഗമവസ്തുക്കള്‍ അന്യാധീനപ്പെടുത്താന്‍ കമ്മറ്റിക്ക് അധികാരമുള്ളൂ.
ദേവസ്വത്തിന് ഗുണകരവും ആവശ്യവുമാണോ എന്ന കാര്യം പരിശോധിക്കുന്നതിനായി ഇക്കാര്യം പരസ്യം ചെയ്ത് യഥാര്‍ത്ഥ അവകാശാധികാരികളായ ഭക്തജനങ്ങളില്‍ (ഹിന്ദുസമുദായം) നിന്നും അഭിപ്രായം ശേഖരിച്ച് അതിന്റെ അടിസ്ഥാനത്തില്‍ ഉത്തരവ് പുറപ്പെടുവിക്കുവാന്‍ കമ്മീഷണറെ ചുമതലപ്പെടുത്തിയിരിക്കുന്നു. ആവശ്യകത ബോധ്യപ്പെടാതെ സ്വത്തുവഹകള്‍ അന്യാധീനപ്പെടുത്താന്‍ ഉത്തരവിടുന്നതിന് സര്‍ക്കാരിനോ ഉദ്യോഗസ്ഥര്‍ക്കോ അധികാരമില്ല.
ഇപ്രകാരം തന്നെ ദേവസ്വത്തിന് ആവശ്യവും ഗുണകരവും ആണെങ്കില്‍ മാത്രമേ ദേവസ്വം ആവശ്യത്തിന് പണം കടം കൊടുക്കുവാനോ ദേവസ്വം ആവശ്യത്തിനു പണം കടം വാങ്ങുവാനോ ഭരണസമിതിക്ക് അധികാരമുള്ളൂ. അഡ്മിനിസ്‌ട്രേറ്ററെ അടക്കം മുഴുവന്‍ ഉദ്യോഗസ്ഥരേയും നിയമിക്കുന്നതിനുള്ള അവകാശവും ഹിന്ദുമതസമുദായത്തിന്റേതാകയാല്‍ ആയത് ഭരണസമിതിയിലൂടെ മാത്രം നടപ്പിലാക്കേണ്ടതാണ്. ഭരണസമിതിയുടെ നിയമപരമായ തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള അധികാരം മാത്രമാണ് അഡ്മിനിസ്‌ട്രേറ്ററില്‍ നിക്ഷിപ്തമായിട്ടുള്ളത്. ഭരണഘടനയനുസരിച്ചും, ഹിന്ദുമതട്രസ്റ്റുകളെ സംബന്ധിച്ച നിയമങ്ങള്‍ പ്രകാരവും ആചാരനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തിലും ഉപയോഗക്രമത്തിന്റെ അടിസ്ഥാനത്തിലും ഗുരുവായൂര്‍ ക്ഷേത്ര സ്വത്തുക്കളും പ്രതിഷ്ഠയില്‍ നിക്ഷിപ്തമാണ്. മാനേജിംഗ് കമ്മറ്റിയില്‍ അല്ല. ഇത് യാതൊരാള്‍ക്കും വ്യത്യാസപ്പെടുത്താവുന്നതല്ല. അതുകൊണ്ട് തന്നെ ക്ഷേത്രസംബന്ധിയായ കാര്യങ്ങള്‍ക്കല്ലാതെ ക്ഷേത്രസമ്പത്തും വരുമാനവും ചെലവഴിക്കാന്‍ ഭരണസമിതിക്കധികാരമില്ല. ക്ഷേത്രകാര്യങ്ങള്‍ക്ക് വിരുദ്ധമായി ചെലവഴിക്കാന്‍വേണ്ടിയുള്ള ഏത് അധികാരപ്പെടുത്തലും നടപടിയും ഭരണഘടനാവിരുദ്ധമാണ്.
മേല്‍സൂചിപ്പിച്ച കോടതിയുത്തരവിലെ പ്രസക്ത ഭാഗത്തിലെ ആശയങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത് ഭരണസമിതി എന്നത് ഹിന്ദുമത സമുദായത്തിന്റെ മാത്രം പ്രതിനിധികളാണ് എന്ന വസ്തുതയാണ്. മറിച്ച് ഏവരും ധരിക്കുന്നത് പോലെ അവര്‍ സര്‍ക്കാര്‍ പ്രതിനിധികളല്ല. പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുളള കേന്ദ്രീകൃത സംവിധാനത്തിന്റെ അഭാവത്തിലാണ് ഹിന്ദുമത സമുദായത്തിന്റെ മൗലികാവകാശം സംരക്ഷിക്കുന്ന രീതിയില്‍ ഭരണസമിതി അംഗങ്ങളെ നോമിനേറ്റ് ചെയ്യാന്‍ മന്ത്രിസഭയിലെ ഹിന്ദുമന്ത്രിമാരെ നിയോഗിച്ചിട്ടുള്ളത്. പൊതുസമൂഹത്തിന്റേയോ മതേതര സര്‍ക്കാരിന്റേയോ ആവശ്യങ്ങളും അവകാശങ്ങളും നിറവേറ്റാനല്ല ഭരണസമിതിയുടെ നിയോഗം.
ഹിന്ദുമത സമുദായത്തിന്റെ ഭരണഘടനാപരമായ അവകാശമായ മതസ്ഥാപന നടത്തിപ്പിനും മതപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും മാത്രമാണ് ഭരണസമിതിയംഗങ്ങളെ പ്രതിനിധികളായി നിയോഗിച്ചിട്ടുള്ളത്. തികച്ചും മതപരമായ പ്രവര്‍ത്തനങ്ങളാണ് ഭരണസമിതിക്ക് നിര്‍വ്വഹിക്കാനുള്ളത്. ഭരണസമിതി ആക്ട് ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും അവരെ നീക്കം ചെയ്യാനുമുള്ള അധികാരമാണ് സര്‍ക്കാരില്‍ നിക്ഷിപ്തമായിട്ടുള്ളത്.
ഭരണസമിതിക്ക് മുകളില്‍ ഏതുത്തരവും പുറപ്പെടുവിക്കാവുന്നതും ഏതാവശ്യത്തിനും പണം ചെലവഴിക്കാന്‍ ഉത്തരവിടാന്‍ കഴിയുന്നതുമായ സ്വതന്ത്ര അധികാര സ്ഥാനമല്ല ഗവ. സെക്രട്ടറി കൂടിയായ കമ്മീഷണര്‍. ഭരണസമിതിക്ക് മുകളില്‍ ഹിന്ദുമത സമുദായം മാത്രമേയുള്ളൂ. ചുരുക്കിപ്പറഞ്ഞാല്‍ ഒ.പി. നമ്പര്‍ 314 – 1973 ഹൈക്കോടതി ഫുള്‍ബഞ്ച് വിധി അനുസരിച്ച് ക്ഷേത്ര സംബന്ധിയായ എല്ലാറ്റിന്റെയും യഥാര്‍ത്ഥ അധികാരവും അവകാശവും ഹിന്ദുമതസമുദായത്തില്‍ മാത്രം നിക്ഷിപ്തമാണ്. അത് ഭരണഘടനാ ദത്തവുമാണ്.
ഭരണം എപ്രകാരം നടത്തണമെന്ന് വ്യവസ്ഥ ചെയ്യുന്നതിനാണ് ആക്ട് രൂപീകരിച്ചിട്ടുള്ളത്. ആക്ട് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായോ വ്യവസ്ഥകള്‍ക്ക് പുറത്തോ പ്രവര്‍ത്തിക്കാന്‍ ഭരണസമിതിക്കധികാരമില്ല. ഇപ്രകാരമുള്ള ഏതൊരു നടപടിയും പ്രത്യക്ഷത്തില്‍ തന്നെ ഭരണഘടനാ വിരുദ്ധതയാണ്. ആയത് ഹിന്ദുസമുദായത്തോട് ചെയ്യുന്ന കുറ്റകരമായ വഞ്ചനയാണ്.
ആക്ട് നിഷ്‌കര്‍ഷിക്കുന്നത്
ഗുരുവായൂര്‍ ദേവസ്വം ആക്ട് 1978 ആന്റ് റൂള്‍സിലെ ആക്ട് 10 (എ) മുതല്‍ (ജി) വരെ കൂടിയ വ്യവസ്ഥകളില്‍ ഭരണസമിതിയുടെ ചുമതലകള്‍ പ്രതിപാദിച്ചിരിക്കുന്നു. ആരാധനക്കെത്തുന്ന ഗുരുവായൂരപ്പ ഭക്തന്‍മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക. ക്ഷേത്രസ്വത്തുക്കളുടെ സുരക്ഷ ഉറപ്പുവരുത്തുക, ഗുരുവായൂര്‍ ക്ഷേത്രത്തിന്റെയും കീഴേടം ക്ഷേത്രങ്ങളുടേയും നടത്തിപ്പ്, ശാന്തവും ആരോഗ്യകരവുമായ പരിതഃസ്ഥിതി ഉറപ്പാക്കല്‍, ഭക്തജനഹിതമനുസരിച്ചുതന്നെ ദേവസ്വം ഫണ്ട് വിനിയോഗിക്കപ്പെടുന്നുവെന്നുറപ്പുവരുത്തുക, ജീവനക്കാരുടെ ശമ്പളവിതരണ ക്രമീകരണത്തിന് ഉചിതമായി വ്യവസ്ഥപ്പെടുത്തുക, ദേവസ്വം ഹിതമനുസരിച്ചും ഭക്തജനസൗകര്യാനുസരണവും ആവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും കാര്യക്ഷമമായ നടപടികള്‍ എടുക്കുക എന്നിവയാണ് ഭരണസമിതിയുടെ ചുമതലകള്‍. ഇതില്‍ കവിഞ്ഞ് മറ്റൊരു ചുമതലയും വിഷയവും ഭരണസമിതി അന്വേഷിക്കേണ്ടതോ നിവൃത്തിക്കേണ്ടതായോ ഇല്ല.
ഭരണസമിതിക്ക് ദേവസ്വം ഫണ്ടില്‍ നിന്നും എന്തിനൊക്കെ ചെലവഴിക്കാനുള്ള അധികാരമുണ്ടെന്ന് ആക്ട് 27ല്‍ (എ) മുതല്‍ (ജി) വരെയുള്ള വ്യവസ്ഥകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
(എ) ഗുരുവായൂര്‍ ക്ഷേത്രത്തിന്റെയും കീഴേടം ക്ഷേത്രങ്ങളുടേയും മെയിന്റനന്‍സ്, മാനേജ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ കാര്യങ്ങള്‍ക്ക്.
(ബി) മതപരമായ ആരാധന, ഉത്സവാഘോഷചടങ്ങുകള്‍ തുടങ്ങി അര്‍ച്ചകന്‍മാര്‍ക്കാവശ്യമായ പരിശീലനത്തിന്.
(സി) ഭക്തജനങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും ആവശ്യമായ ശുദ്ധജലലഭ്യത, ശുചിത്വം, വൈദ്യസഹായം എന്നിവക്കും, താമസസൗകര്യത്തിനുള്ള കെട്ടിടനിര്‍മ്മാണത്തിനും.
(ഡി) സാംസ്‌കാരിക പരിപാടികള്‍ക്കും ഹിന്ദുതത്വശാസ്ത്രപ്രചാരണത്തിനും.
(ഇ) ഹിന്ദുസമൂഹം നടത്തുന്ന അഗതി മന്ദിരങ്ങള്‍, സമാനസേവനാലയങ്ങള്‍ എന്നിവക്കുള്ള ഗ്രാന്റ്, കോണ്‍ട്രിബ്യൂഷന്‍ തുടങ്ങിയവക്ക്. ദേവസ്വം ആവശ്യങ്ങള്‍ക്കുള്ള കെട്ടിടനിര്‍മ്മാണത്തിന്.
(എഫ്) സംസ്‌കൃത, മലയാളം ഭാഷാ പഠനത്തിന് പ്രോത്സാഹനജനകമായ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങാനും നടത്തിപ്പിനും.
(ജി) മതസ്ഥാപനങ്ങള്‍ക്കുള്ള വിഹിതം അനുവദിക്കാന്‍.
മേല്‍കാര്യങ്ങള്‍ക്കൊഴികെ മറ്റൊന്നിനും ഗുരുവായൂര്‍ ദേവസ്വം ഫണ്ടില്‍ നിന്നും പണം ചെലവഴിക്കാന്‍ തീരുമാനമെടുക്കാനുള്ള അധികാരം ഭരണസമിതിക്കോ, അനുമതി നല്‍കാനുള്ള അധികാരം കമ്മീഷണര്‍ക്കോ, നടപ്പിലാക്കാനുളള അധികാരം അഡ്മിനിസ്‌ട്രേറ്റര്‍ക്കോ ആക്ടനുവദിക്കുന്നില്ല. 1978ലെ ഗുരുവായൂര്‍ ദേവസ്വം ആക്ട് ആന്റ് റൂള്‍സിലെ റൂള്‍ 4 വ്യവസ്ഥ അനുസരിച്ച് ഭരണസമിതിയുടെ നിയമാധിഷ്ഠിത തീരുമാനങ്ങള്‍ മാത്രമേ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കാവൂ.
ആക്ടില്‍ വ്യവസ്ഥപ്പെടുത്താത്ത കാര്യത്തില്‍ ദേവസ്വം ഫണ്ട് ചെലവഴിക്കുന്നതിന് മാത്രമല്ല ഒരു കാര്യത്തിനും ധനവിനിയോഗാനുമതി നല്‍കാനുള്ള അധികാരം കമ്മീഷണര്‍ക്കില്ല.
ആക്ട് 18ല്‍ (3), (4) പ്രകാരം എസ്റ്റാബ്ലിഷ്‌മെന്റ് ഷെഡ്യൂള്‍ അംഗീകരിക്കുക. ആക്ട് 21ല്‍ (4) പ്രകാരം ബജറ്റു അംഗീകരിക്കുക. ആക്ട് 24 പ്രകാരം ഓഡിറ്റു റിപ്പോര്‍ട്ട് പരിശോധിക്കുക. ആക്ട് 26 (1), (2) പ്രകാരം, ദേവസ്വത്തിന് നഷ്ടം വരുത്തിയവരില്‍ നിന്നും ആയത് ഈടാക്കി ദേവസ്വം ഫണ്ടില്‍ വരവ് ചേര്‍ക്കുന്നതിന് നടപടികളെടുക്കുക. റൂള്‍ 8 പ്രകാരം നിര്‍മ്മാണ പ്രവൃത്തികളുടെ ചെലവിനത്തില്‍ അഞ്ച് ലക്ഷത്തിന് മുകളിലുള്ള തുകക്ക് ധനവിനിയോഗാനുമതി നല്‍കുക, റൂള്‍ (2) പ്രകാരം ഭരണറിപ്പോര്‍ട്ട് സര്‍ക്കാരിലേക്കയക്കുക എന്നിവ മാത്രമാണ് കമ്മീഷണറുടെ ചുമതല. അപ്രകാരം ഇല്ലാത്ത അധികാരം പ്രയോഗിച്ചാണ് കമ്മീഷണര്‍ ധനവിനിയോഗാനുമതി നല്‍കിയതെന്ന് കാണാം. മാത്രമല്ല; അനുമതി ഉത്തരവില്‍ ഹൈക്കോടതി വിശാലബഞ്ചിന്റെ പരിഗണനയിലുള്ള പ്രളയദുരിതാശ്വാസ സംഭാവന സംബന്ധിച്ച ഹര്‍ജി തീര്‍പ്പാക്കിയതായി വ്യാജപ്രസ്താവന നടത്തി അനുമതി നല്‍കിയ നടപടിയെ ന്യായീകരിക്കുക കൂടി ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ സെക്രട്ടറി കൂടിയായ കമ്മീഷണറുടെ അനധികൃത ഇടപെടലും വ്യാജ പ്രസ്താവന അടങ്ങിയ ഉത്തരവും ദേവസ്വം ഭരണത്തിലെ സര്‍ക്കാര്‍ കടന്നുകയറ്റവും ഫണ്ടു വകമാറ്റലിന് പിന്നിലെ സംഘടിത ഗൂഢാലോചനയും തെളിയിക്കുന്നുണ്ട്. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിക്കുമ്പോള്‍ ഒരു സംഗതി വ്യക്തമാവുന്നുണ്ട്. ഭരണസമിതിയും അഡ്മിനിസ്‌ട്രേറ്ററും കമ്മീഷണറും ഇല്ലാത്ത അധികാരം പ്രയോഗിച്ച് സര്‍ക്കാരിലേക്ക് 10 കോടി രൂപ നല്‍കിയ നടപടി ദേവസ്വം ഖജനാവിന് കനത്ത നഷ്ടമുണ്ടാക്കിയിട്ടുണ്ട്. പ്രസ്തുത നടപടി ദുര്‍ന്നയവും അധികാരദുര്‍വ്വിനിയോഗവും പ്രവൃത്തിദൂഷ്യവും കുറ്റകരവും ആണെന്ന് മാത്രമല്ല; ആക്ട് വ്യവസ്ഥകളുടെ ലംഘനവും കോടതി ഉത്തരവിന്റെ നിരാകരണവും ഭരണഘടനാവകാശലംഘനവുമാണ്.
ആക്ട് 7ല്‍ (1) (3) എന്നിവ പ്രകാരം ഗുരുവായൂര്‍ ദേവസ്വം ഓഫീസില്‍ ചുരുങ്ങിയത് മൂന്ന് അംഗങ്ങളെങ്കിലും ഹാജരായി നടക്കുന്ന യോഗതീരുമാനങ്ങള്‍ മാത്രമേ സാധുവാകുകയുള്ളൂ. ഭരണസമിതിയോഗം ചേരുന്നതിന് വ്യക്തമായ വ്യവസ്ഥയുള്ളതാണ്. ലോക്ഡൗണ്‍ കാലത്ത് ചെയര്‍മാനും ജീവനക്കാരുടെ പ്രതിനിധിയും ആവശ്യമായ ക്വാറമില്ലാതെ യോഗം ചേര്‍ന്ന് അഞ്ച് കോടി രൂപ സര്‍ക്കാരിലേക്ക് നല്‍കാനെടുത്ത യോഗ നടപടികള്‍ ആക്ടിന് വിരുദ്ധമായതും വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടുള്ളതുമാണെന്ന് കാണാം.
വസ്തുതകള്‍ ഇതായിരിക്കെ ആക്ട് 5ല്‍ 3 (ഡി) പ്രകാരം ഭരണപരമായ ദുര്‍ന്നയവും അധികാരദുര്‍വ്വിനിയോഗവും കുറ്റകരമായ സാമ്പത്തിക നഷ്ടവും കണക്കിലെടുത്ത് ആക്ട് (6) പ്രകാരം സര്‍ക്കാര്‍ ഭരണസമിതിയെ നീക്കം ചെയ്യേണ്ടതുണ്ട്. പ്രളയകാലത്തെ അഞ്ച് കോടി രൂപയുടെ കൈമാറ്റം ഹൈക്കോടതി ദേവസ്വം ബഞ്ചിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും നിര്‍ഭാഗ്യവശാല്‍ ആക്ട് പരിശോധിക്കപ്പെടാതെ ഹൈന്ദവ ധര്‍മ്മത്തിന്റെയും സൂക്തങ്ങളുടെയും, മാനുഷികതയുടെയുമൊക്കെ അടിസ്ഥാനത്തില്‍ വാദം കേട്ട അന്ന് തന്നെ ഹര്‍ജി തള്ളിക്കളയുകയാണുണ്ടായത്. ഗുരുവായൂര്‍ ദേവസ്വമെന്നാല്‍ ഭരണസമിതിയും അഡ്മിനിസ്‌ട്രേറ്ററും അടങ്ങുന്നതാണെന്ന ധാരണ വെച്ചുപുലര്‍ത്തുന്നവരാണ് അധികവും. എന്നാല്‍ ആക്ട് 1ല്‍ (ഇ) പ്രകാരം ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രവും കീഴേടം ക്ഷേത്രങ്ങളും എന്‍ഡോവ്‌മെന്റുകള്‍ അടക്കമുള്ള സകലസ്വത്തുക്കളും ഉള്‍പ്പെടുന്നതാണ് ദേവസ്വം. ദേവസ്വം താത്പര്യമെന്നാല്‍ ഭരണസമിതിയുടേയോ, കമ്മീഷണറുടേയോ താത്പര്യങ്ങളല്ല മറിച്ച് ഹിന്ദുമതസമുദായ താത്പര്യങ്ങള്‍ തന്നെയാണെന്ന് പൊതുസമൂഹവും ന്യായാധിപരും ബോധ്യപ്പെടേണ്ടതുണ്ട്.
ശ്രദ്ധേയമായ മറ്റൊരു വിഷയം ഇപ്പോള്‍ സര്‍വ്വത്ര ഹിന്ദുമതധര്‍മ്മസാരസൂക്തങ്ങള്‍ ഉരുവിട്ടാണ് ആക്ട് ലംഘനത്തെ പലരും ന്യായീകരിക്കുന്നത്. അങ്കച്ചേകവന്മാര്‍ ചുരുങ്ങിയ പക്ഷം ആക്ട 14 ഓഫ് 1978ഉം ഒ.പി. നമ്പര്‍ 314 ഓഫ് 1973 ഉം വായിച്ചുനോക്കാന്‍ സന്മനസുകാണിക്കണം. പ്രളയകാലത്തും, കൊറോണ വ്യാപനകാലത്തും രാജ്യത്തെ സകല നിയമങ്ങളും ഭരണഘടനയും നിലനില്‍ക്കുകയും ആക്ട് 14 – 1978 മാത്രം ഇല്ലാതായിപ്പോവുകയും ചെയ്യുന്ന വിചിത്ര നിലപാട് ബന്ധപ്പെട്ടവരുടെ നീതിബോധത്തെ പൊതുസമൂഹത്തിന് മുമ്പില്‍ തുറന്നുകാട്ടുന്നുണ്ട്. പാരമ്പര്യ അംഗങ്ങളുടെ നിഷ്‌ക്രിയത്വവും നിസ്സംഗതയും ഭക്തജന സമൂഹത്തിന്റെ ഉപേക്ഷയും അനാസ്ഥയും ആലസ്യവും കോടതി തീര്‍പ്പുകളിലുണ്ടാവുന്ന കാലവിളംബവും കാലഹരണവും ആണ് ഗുരുവായൂര്‍ ദേവസ്വം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും പരിമിതിയും. ആക്ടും മുന്‍കാല വിധികളും പരിശോധിക്കപ്പെടാതെയും അവഗണിച്ചും മതഗ്രന്ഥങ്ങളും മതസൂക്തങ്ങളും മുന്‍നിര്‍ത്തി നിയമലംഘനങ്ങള്‍ ന്യായീകരിച്ച് തീര്‍പ്പു കല്‍പ്പിക്കപ്പെടുമ്പോള്‍ ദേവനുവേണ്ടി ആശ്രയിക്കാവുന്ന നീതിപീഠങ്ങളും മുന്‍കാലങ്ങളെയപേക്ഷിച്ച് ഹിന്ദുമതസമുദായത്തിന് അന്യമാവുകയാണ്.
ഒ.പി നമ്പര്‍ 314 -1973 ഉം, ആക്ട് 14 – 1978 ഉം, ഹിന്ദുമത സമുദായത്തിനുള്ള ഭരണഘടനാവ്യവസ്ഥയും അംഗീകരിക്കാത്ത, മാനിക്കാത്ത, നിഷേധിക്കുന്ന ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയെ എന്തുകൊണ്ട് നീക്കം ചെയ്യുന്നില്ല? കുറ്റകരമായ ദുര്‍നയത്തിന്റെ അടിസ്ഥാനത്തില്‍ എന്തുകൊണ്ട് ഭരണസമിതിക്കും അഡ്മിനിസ്‌ട്രേറ്റര്‍ക്കും കമ്മീഷണര്‍ക്കും എതിരെ ക്രിമിനല്‍ നടപടികളുണ്ടാവുന്നില്ല? അഡ്മിനിസ്‌ട്രേറ്ററുടെയും കമ്മീഷണറുടേയും പേരില്‍ എന്തുകൊണ്ട് വകുപ്പുതല നടപടികള്‍ സ്വീകരിക്കപ്പെടുന്നില്ല? ഇത് ഹിന്ദുമത സമുദായത്തിന്റെ കാര്യമായതിനാല്‍, ഹൈക്കോടതി പലവട്ടം പരാമര്‍ശിച്ചിട്ടുള്ള രാഷ്ട്രീയാതിപ്രസരം ബന്ധപ്പെട്ടവരെ ന്യായീകരിക്കാനും സംരക്ഷിക്കാനും മാത്രമേ പരിശ്രമിക്കുകയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. ശബരിമല വിവാദകാലത്ത് വഴിപാട് നിരക്കുകള്‍ മൂന്നും നാലും ഇരട്ടി വര്‍ദ്ധിപ്പിച്ചു. ഭക്തജനങ്ങളെ പിഴിഞ്ഞാണ് വരുമാനവര്‍ദ്ധനവ് കാണിച്ചത് എന്ന യാഥാര്‍ത്ഥ്യം മറച്ചുവെക്കുന്നതും അതില്‍ വീമ്പിളക്കുന്നതും എത്രമാത്രം അപഹാസ്യമാണെന്ന് ചെയര്‍മാന്‍ മനസ്സിലാക്കാതെ പോകുന്നത് കഷ്ടമാണ്. അതെന്തെങ്കിലുമാവട്ടെ ദേവസ്വം ഫണ്ട് നാനാജാതി മതസ്ഥരുടേതായാലും; നിക്ഷേപതുകയുടെ പലിശയാണെങ്കിലും അധികവരുമാനമുണ്ടാക്കിയ അവകാശത്തിന്റെ പേരിലായാലും ഭക്തജനങ്ങളോ സര്‍ക്കാരോ കോടതിപോലുമോ ആവശ്യപ്പെട്ടാല്‍ ദേവസ്വം ഫണ്ടില്‍ നിന്നും തുക ചെലവഴിക്കാന്‍ കമ്മീഷണര്‍ക്കോ ഭരണസമിതിക്കോ അഡ്മിനിസ്‌ട്രേറ്റര്‍ക്കോ അധികാരമുണ്ടോ എന്നതാണ് യഥാര്‍ത്ഥ വിഷയം.
വ്യക്തികള്‍, സംഘടനകള്‍, കൊച്ചുകുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍വരെയും ദരിദ്രര്‍ മുതല്‍ ധനവാന്മര്‍വരെയും നിരക്ഷരര്‍ തൊട്ട് അഭ്യസ്തവിദ്യര്‍ വരെ ആര്‍ക്കും സ്വന്തം സമ്പത്ത് എത്രവേണമെങ്കിലും ആവശ്യക്കാര്‍ക്ക് കൈമാറാവുന്നതാണ്. എന്നാല്‍ മൈനറായ ഗുരുവായൂരപ്പന്റെ സമ്പത്ത് കൈകാര്യം ചെയ്യുന്നത് സുവ്യക്തവും സാധുവായതുമായ നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ്. മുന്‍കാലങ്ങളില്‍ പ്രസ്തുത നിയമവ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ലക്ഷം വീടുപദ്ധതി, സര്‍വ്വമതസമ്മേളനം, സാക്ഷരതാ പ്രവര്‍ത്തനം, കായിക ടൂര്‍ണ്ണമെന്റ്, വെള്ളപ്പൊക്കം തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് ദേവസ്വം ഫണ്ട് ഉപയോഗിക്കാനുള്ള തീരുമാനങ്ങള്‍ ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ അദ്ധ്യക്ഷനായ ഹൈക്കോടതി ദേവസ്വം ബഞ്ച് നിയമവിരുദ്ധമാണെന്ന് കണ്ടു വിധി പ്രസ്താവിക്കുകയുണ്ടായിട്ടുള്ളതാണ്. സര്‍ക്കാരിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ സുപ്രീംകോടതി അഭിഭാഷകന്റെ ഫീസ് ദേവസ്വം ഫണ്ടില്‍ നിന്നും നല്‍കിയത് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് തിരിച്ചടവാക്കിയിരുന്നു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഗുരുവായൂരിന് പുറത്ത് ലഘുഭക്ഷണം നല്‍കിയ നടപടിയും ഹൈക്കോടതി വിധിയെ തുടര്‍ന്ന് അവസാനിപ്പിച്ചിരുന്നു.
വസ്തുതകള്‍ ഇതായിരിക്കെ ഇവിടെ എന്താണ് ചോദ്യം ചെയ്യപ്പെടുന്നത്; എന്തുകൊണ്ടാണ് ചോദ്യം ചെയ്യപ്പെടുന്നത് എന്നീ കാര്യങ്ങള്‍ കൂടി വിശദമാകേണ്ടതുണ്ട്. ഇല്ലാത്ത അധികാരം പ്രയോഗിച്ച് മൈനറായ ശ്രീഗുരുവായൂരപ്പന്റെ ഫണ്ടില്‍ നിന്നും ഹിന്ദുമത സമുദായകാര്യങ്ങള്‍ക്കവകാശപ്പെട്ട തുക സര്‍ക്കാരിലേക്ക് കൈമാറി പത്ത് കോടിയുടേയും പലിശയുടേയും നഷ്ടമുണ്ടാക്കിയ നിയമവിരുദ്ധ നടപടിക്രമങ്ങളും സര്‍ക്കാര്‍ തലത്തിലുള്ളതെന്ന് കരുതുന്ന ഗൂഢാലോചനയുമാണ് എതിര്‍പ്പിനിടയാക്കിയതും ചോദ്യംചെയ്യപ്പെടുന്നതെന്നും വസ്തുതകള്‍ തന്നെ ബോധ്യപ്പെടുത്തുന്നുണ്ടല്ലോ?
ആക്ട് 14 – 1978 ലംഘിച്ചതിനാലും, ഭരണഘടനാദത്തമായ ഹിന്ദുമതസമൂഹത്തിന്റെ അവകാശാധികാരങ്ങള്‍ കവര്‍ന്നെടുത്തതിനാലും, ജസ്റ്റിസ് ബാലകൃഷ്ണന്‍ ഏറാടി അദ്ധ്യക്ഷനായ വിശാലബഞ്ചിന്റെ ഒ.പി. നമ്പര്‍ 314 – 1978, ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ ഒ.പി. 2071 – 1993 ഹൈക്കോടതിവിധികള്‍ ധിക്കരിച്ചതിനാലും ആണ് ദേവസ്വം ഫണ്ട് കൈമാറ്റം എതിര്‍ക്കപ്പെടുന്നതെന്ന കാര്യവും പകല്‍ പോലെ വ്യക്തമാണ്. ഇതാവട്ടെ ശാശ്വത പരിഹാരം ആവശ്യപ്പെടുന്ന ഹിന്ദുമത സമുദായത്തിനെ മാത്രം ബാധിക്കുന്ന വിഷയവുമാണ്.
സംരക്ഷകര്‍ കടല്‍കൊള്ളക്കാരെക്കാള്‍ കൂടിയ പകല്‍ക്കൊള്ളക്കാരാവുന്നത് അവസാനിപ്പിക്കാനുള്ള ദീര്‍ഘനാളത്തെ പരിശ്രമത്തിന്റെ തുടര്‍ച്ചതന്നെയാണ് ഗുരുവായൂര്‍ ദേവസ്വം ആക്ട് ലംഘനം ചോദ്യം ചെയ്യുന്നതിലൂടെ ഹിന്ദുമത സമുദായാംഗങ്ങള്‍ നടത്തുന്ന യജ്ഞസമാനമായ പ്രയത്‌നം എന്ന് ബോധ്യപ്പെടാന്‍ കേരളീയ പൊതുസമൂഹത്തിന് കഴിയും.
അനുബന്ധമെന്ന നിലയില്‍ പറയാതെ വയ്യ. കൊറോണകാലത്ത് പ്രാബല്യത്തില്‍ വന്ന് സാര്‍വ്വത്രികരംഗങ്ങളിലും പ്രയോഗത്തിലൂടെ അന്വര്‍ത്ഥമാകുന്നത് ”കാറ്റുള്ളപ്പോള്‍ തൂറ്റണമെന്ന” ശൈലിയാണ്.
(ലേഖകന്‍ ഗുരുവായൂര്‍ ദേവസ്വം അസി. മാനേജരും ഭാരതീയവിചാരകേന്ദ്രം തൃശ്ശൂര്‍ ജില്ലാ ജോ. സെക്രട്ടറിയുമായിരുന്നു.)