Wednesday, July 2, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കഥ

ചേരപുരത്തെ അമാവാസി

സാബുശങ്കര്‍

Print Edition: 8 May 2020

ഉച്ചനിലാവില്‍ പൊന്തക്കാടുകള്‍ തിങ്ങിയ പുഞ്ചനിലത്തോടു ചേര്‍ന്ന റോഡരികില്‍ മേച്ചിലോടുകള്‍ ഇളകിമാറിയ മേല്‍ക്കൂരയുടെ ഇറുമ്പില്‍നിന്നും കരിയില തഴേക്കു വീണു.
ചേരപുരം ഗ്രന്ഥശാല എന്നെഴുതിയ പഴകിയ പലകയും ദ്രവിച്ച മരത്തൂണും പൊട്ടിയടര്‍ന്ന തിണ്ണയും തുഴഞ്ഞുതള്ളി അത് പടിക്കെട്ടില്‍ കമിഴ്ന്നു കിടന്നു.
അവിടെ നാലഞ്ചു നിഴല്‍രൂപങ്ങള്‍. കണ്ണുകള്‍ മിന്നുന്നുണ്ട്. ആരെയോ തേടുന്നതുപോലെ. പിടിവിട്ട് മറഞ്ഞുപോയ പകല്‍ക്കാഴ്ചകളുടെ ഓര്‍മ്മകള്‍ മുഖങ്ങളില്‍ വീശി. ഇരുണ്ട നിര്‍വ്വികാരതയില്‍ മൗനം
കനത്തു.

അറുപതിനും എഴുപതിനും മദ്ധ്യേ പ്രായമുള്ള അവരുടെ മുന്നിലൂടെ ഹെഡ്‌ലൈറ്റ് തെളിച്ച് വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മുക്രിയിട്ടു പാഞ്ഞു.
വേണുഗോപന്റെ ചുണ്ടുകള്‍ ഇളകി. ”ദേ, ആ ലോറിനിറയെ ഡ്യൂപ്ലിക്കേറ്റ് ലോട്ടറിടിക്കറ്റുകളാണ്. നമ്മുടെ പഴയ ഐ.റ്റി. പാര്‍ക്ക് ആരോ ഗോഡൗണാക്കി. അവിടെയാ അച്ചടി!”

ഫെര്‍ണാണ്ടസ്സിന്റെ നോട്ടം ഒരു ടിപ്പര്‍ ലോറിയിലേക്കായി. അതില്‍കൊണ്ടുപോകുന്നത് അരിയും പയറും പലവ്യഞ്ജനങ്ങളും കറിപ്പൊടികളുമാണ്. ”എല്ലാം മായംചേര്‍ത്ത് പുതിയ ബ്രാന്‍ഡ് പായ്ക്കറ്റുകളിലാക്കി കടത്തുന്നു!”’

ദിവാകരന്‍ ഒരു ജീപ്പിനെ ശ്രദ്ധിച്ചു. ”ഇതു സാധനം വേറെയാ. വിദേശത്ത് അച്ചടിച്ച ഇന്ത്യന്‍ കറന്‍സി. ഇവിടെയെവിടെയോ പൂഴ്ത്താനാ!”’
മുഹമ്മദ് തിരിച്ചറിഞ്ഞത് ഒരു ആഡംബരബസ്സാണ്. ”ദാ — ഫ്‌ളാറ്റുകളിലേക്കുള്ള സാധനമെത്തി. പുറമേ നിന്നുള്ള പെണ്ണുങ്ങള്‍. ഇപ്പൊ ഇതാ ടൂറിസം!”
വിക്ടര്‍ ചില വിദേശകാറുകള്‍ കണ്ട് തലകുലുക്കി. ”ഈ ചേരപുരത്തേയ്ക്ക് എവിടുന്നൊക്കെയാ ആള്‍ക്കാരു വരുന്നേ! ആര്‍ക്കറിയാം അതൊക്കെ ആരാണെന്ന്! ചാരന്മാരും ഭീകരന്മാരും തോക്കും ബോംബും ഒക്കെ കാണും.”

സുധാകരന്‍ ഒന്നും മിണ്ടിയില്ല.
ചേരപുരത്ത് പകല്‍വെളിച്ചം മങ്ങാന്‍ തുടങ്ങിയിട്ട് മുപ്പത്–അല്ല നാല്പതു വര്‍ഷമെങ്കിലും ആയിട്ടുണ്ട്. പകല്‍ മുഴുവന്‍ നിലാവു മാത്രം. ഈ നിഴല്‍ലോകത്ത് ഉദയങ്ങളും അസ്തമയങ്ങളുമില്ല. ഉറക്കമുണര്‍ന്നാല്‍ വീട്ടുപണികള്‍ ചെയ്യാന്‍ വൈദ്യുതിവെളിച്ചം വേണം. മുറ്റമടിക്കുന്ന സ്ത്രീകള്‍പോലും മൊബൈല്‍ഫോണിലെ ടോര്‍ച്ച്്‌ലൈറ്റ് ഉപയോഗിക്കുന്നു. കാക്കകളും കിളിക്കൂട്ടങ്ങളും മരക്കൊമ്പുകളില്‍ വന്നിരുന്നു കരയുന്നതും മീന്‍വില്പനക്കാരന്റെ ബൈക്കിന്റെ ഹോണ്‍ കേട്ട് പട്ടികള്‍ ഓടിയെത്തുന്നതും പൂച്ചകള്‍ മതിലിനു മുകളിലെത്തുന്നതും നിലാവെട്ടത്തില്‍ത്തന്നെ. പ്രകൃതിയുടെ മാറ്റത്തിനൊത്ത് ജീവജാലങ്ങളും മാറിപ്പോയിരിക്കുന്നു.

ഗുദാമുകളിലെ ഓഫീസുകളിലേക്കും വിദ്യാലയങ്ങളിലേക്കും വാഹനങ്ങള്‍ പൊയ്‌ക്കൊണ്ടിരുന്നത് ഹെഡ്‌ലൈറ്റുകള്‍ കത്തിച്ചാണ്. വഴിവിളക്കുകള്‍ എപ്പോഴും പ്രകാശിച്ചുകൊണ്ടിരുന്നു. കവലകള്‍ പരസ്പരം അറിയാത്തവരുടെ ആള്‍ക്കൂട്ടത്താല്‍ ശബ്ദായമാനമാകുന്നതും നിലാവെട്ടത്തില്‍.

ചേരപുരത്ത് പകല്‍ മറഞ്ഞ് നിലാവു നിറഞ്ഞത് ആളുകള്‍ക്ക് അത്ഭുതമേയല്ല. ചേരപുരത്തിനു ചുറ്റുമുള്ള നാടുകളിലെ പകല്‍വെളിച്ചം ടെലിവിഷനിലൂടെ കാണുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് പകലെങ്ങനെ നഷ്ടമായെന്ന് അവര്‍ ചിന്തിച്ചതേയില്ല. നാല്പതുവര്‍ഷംകൊണ്ട് വളര്‍ന്നുവന്നവര്‍ പകല്‍നിലാവിനോടു പൊരുത്തപ്പെട്ടിരുന്നു.

മറ്റു ഭൂവിഭാഗങ്ങളില്‍നിന്നും വ്യത്യസ്തമായി പകലില്ലാത്ത ഒരിടത്താണ് തങ്ങള്‍ ജീവിക്കുന്നതെന്നോര്‍ത്ത് അവര്‍ ആകുലപ്പെട്ടതുമില്ല. ആര്‍ക്കും അസ്വസ്ഥതയില്ല. ഇണങ്ങിച്ചേരുക എന്നത് ഒരു പ്രകൃതിസത്യമാണ്. അതിജീവനത്തിന്റെ രഹസ്യവ്യാകരണം.

ചേരപുരത്ത്് ചിലയിടങ്ങളില്‍ ഉയര്‍ന്ന കുന്നുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുകളില്‍ ഒരു മച്ച്‌പോലെ ഇരുട്ട് തങ്ങിനിന്നു. അതിനു മേലെ സൂര്യപ്രകാശമുണ്ട്. ഡ്രോണ്‍ കൂടുതല്‍ ഉയരത്തിലേക്ക് പറത്തിവിട്ട് ചേരപുരത്തിന്റെ ദൃശ്യം പലരും ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. കണ്ടാല്‍ കറുത്ത കൂടാരം. യുദ്ധകാലത്ത് ബ്ലാക് ഔട്ട് പ്രഖ്യാപിച്ച രാത്രിനഗരംപോലെ.
വേണുഗോപന്‍ മെബൈല്‍ഫോണില്‍ പ്രത്യേകം സൂക്ഷിച്ചിരുന്ന പഴയകാല ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ നോക്കി.

ഒരു നൂറ്റാണ്ടു മുന്‍പേ സാമൂഹിക നവോത്ഥാനപ്രസ്ഥാനം തിരയടിച്ച നാട്!

സ്വാതന്ത്ര്യസമരസേനാനികളുടെ നാട്!
സോഷ്യലിസ്റ്റുകളുടെ നാട്!
മതസമത്വ-സാഹോദര്യത്തിന്റെ നാട്്!
ഭൂവിഭവങ്ങളാല്‍ സമ്പന്നമായ നാട്!
പ്രകൃതിചാരുതയാല്‍ അനുഗ്രഹിക്കപ്പെട്ട നാട്!
ദൈവത്തിന്റെ സ്വന്തം നാട്!
ചേരപുരം!

”വേണുഗോപാ, നമുക്കെവിടെയാണ് താളംതെറ്റിയത്?” ഫെര്‍ണാണ്ടസ്സിന്റെ ശബ്ദം ഇടറി.
വേണുഗോപന്‍ മുകളിലേക്കു നോക്കി.

സൂര്യനില്ലാത്ത പകല്‍നിലാവില്‍ കടവാവ്വലുകള്‍ പറക്കുന്നു.
സുധാകരന്‍ എഴുന്നേറ്റ്, കൂട്ടിലിട്ട സിംഹത്തെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും ധൃതിയില്‍ നടന്നു.
വേണുഗോപന്റെ കണ്ണുകള്‍ സുധാകരന്റെ ഇറുകുന്ന കൈവിരലുകളില്‍ തങ്ങി. ”സുധാകരനല്ലേ അതൊക്കെ പറയേണ്ട ആള്?”

അവരുടെ ഹൃദയമിടിപ്പുകള്‍ക്കു താളമേറി. താളപ്പെരുക്കം. ഉച്ഛ്വാസത്തില്‍ ആവി പാറുന്നു.
സുധാകരന്‍ തിരികെ പടിക്കെട്ടില്‍ വന്നിരുന്നു. ഇരുകൈകളും പിന്നോട്ടു കുത്തി. ”നമ്മളാരും അധികാരക്കസേരകള്‍ മോഹിച്ചില്ല. ഒരു പദവിയും ആഗ്രഹിച്ചില്ല. നാമന്ന് സംസ്‌കാരത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചു മാത്രം ചിന്തിച്ചു. അവിടെയാണ് പാളിയത്. രാഷ്ട്രീയത്തിന്റെ സംസ്‌കാരത്തില്‍ കുറച്ചുകൂടി കരുതല്‍ വേണമായിരുന്നു.”
ദിവാകരന്‍ ഇടയ്ക്കു കയറി. ”തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നമുക്കു താല്പര്യമില്ലായിരുന്നു. അതൊരു വിടവായിരുന്നു.”

മുഹമ്മദ് പൂരിപ്പിച്ചു. ”ആ വിടവിലൂടെ ചേരപുരത്തെ നാലാംകിടക്കാര് നുഴഞ്ഞുകയറി. അത്യാഗ്രഹികളും കച്ചവടക്കാരും അധികാരമോഹികളും സാമൂഹികവിരുദ്ധരും കുറ്റവാളികളും സംഘടിച്ചു. കസേരകള്‍ കയ്യടക്കി. അത്രതന്നെ.”

വേണുഗോപന്‍ മൊബൈല്‍ഫോണിലെ ചിത്രങ്ങള്‍ മറ്റുള്ളവരെ ഒന്നൊന്നായി കാണിച്ചു. ”ഇതൊക്കെ ഓര്‍ക്കുന്നുണ്ടോ? ഗ്രന്ഥശാലകള്‍, വായനക്കൂട്ടങ്ങള്‍, കവിയരങ്ങുകള്‍, സംവാദങ്ങള്‍, ലിറ്റില്‍ മാഗസീന്‍, ഫിലിം സൊസൈറ്റി, തനതു നാടകവേദി, സമാന്തരപുസ്തകപ്രസാധനം, സമാന്തരസിനിമ, സമാന്തരസാഹിത്യം, പരിസ്ഥിതിസംഘടന, ചര്‍ച്ചാവേദി, ശാസ്ത്രസാഹിത്യവേദി…”
”…അന്നൊക്കെ തിരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ക്ക് ഭയമായിരുന്നു. ഒന്നൊന്നായി ഒതുക്കി.” ദിവാകരന്‍ ചുമച്ചുകൊണ്ടു തുടര്‍ന്നു. ”ഞാനോര്‍ക്കുന്നുണ്ട്. അക്കാലത്താണ് ചേരപുരത്തെ പകല്‍ മങ്ങാന്‍ തുടങ്ങിയത്. മെല്ലെ സൂര്യപ്രകാശം ഇല്ലാതായി. മുപ്പതു-നാല്പതു വര്‍ഷങ്ങള്‍.”

ഒരു ലോറി അവര്‍ക്കരികിലെത്തി ഇരമ്പിനിന്നു. ഡ്രൈവിങ് ക്യാബിനില്‍ ലൈറ്റുള്ളതിനാല്‍ ആളെ തിരിച്ചറിഞ്ഞു. പ്രസാദ്, മുപ്പതുകാരന്‍. അവന്‍ തല പുറത്തേക്കിട്ടു, ”എന്താ അണ്ണന്മാരേ, സുഖമല്ലേ? നിങ്ങള്‍ പകല്‍വെളിച്ചം കാണാന്‍ വരുന്നെങ്കില്‍ കേറിക്കോ. ലോഡിറക്കിയിട്ടു തിരിച്ചുവരും.”
സുധാകരന്‍ ആരാഞ്ഞു: ”ഇതിലെന്തോന്നാഡേ?”
പ്രസാദ് കുലുങ്ങിച്ചിരിച്ചു, ”മദ്യം. മൈതാനത്തു പണിത പണ്ടകശാലയ്ക്കുള്ളില്‍ ഒരു ചെറിയ ഫാക്ടറിയുണ്ട്. മറ്റവനൊക്കെ ചേര്‍ത്ത് വിദേശമദ്യം ഉണ്ടാക്കുന്നു. ബ്രാന്‍ഡ് ലേബലൊട്ടിച്ച് സീല്‍ചെയ്ത് കൊണ്ടുപോകുന്നു. നമ്മുടെ ചേരപുരം ഒരു ദുബായിയാവും അണ്ണാ!”
വേണുഗോപന്‍ പറഞ്ഞു: ”നീ പൊയ്‌ക്കോ. ഞങ്ങളീ നിലാവെട്ടത്തിരുന്നോട്ടെ.”
പ്രസാദ് ലോറി മുന്നോട്ടെടുത്തു.

സൂര്യരശ്മികള്‍ ചേരപുരത്തേക്ക് അരിച്ചിറങ്ങാത്തതുമൂലം സസ്യങ്ങള്‍ ഹിമയുഗത്തിലെ ഉരഗങ്ങളെപ്പോലെ വളര്‍ന്നു. പണ്ടുണ്ടായിരുന്ന കൃഷികളും വ്യവസായവുമൊക്കെ അന്യനാടുകളിലേക്കു മാറിപ്പോയതിനാല്‍ പലരും ചേരപുരം വിട്ടു. ചേരപുരത്തിനുചുറ്റുമുള്ള അന്യനാടുകളിലെ പകല്‍വെളിച്ചത്തില്‍ പണിയെടുക്കാന്‍ പുതിയ തലമുറയ്ക്കു മടിയായിരുന്നു. വെയില്‍ച്ചൂട് താങ്ങാനുള്ള ശേഷിയില്ല. പകല്‍ക്കാഴ്ചകളും നിറങ്ങളും കാണാന്‍ കണ്ണിലെ ഗ്രാഹികള്‍ക്കു സാധിക്കുമായിരുന്നില്ല. ബ്ലാക് ആന്‍ഡ് വൈറ്റ് ഫിലിമില്‍നിന്നും കളര്‍ഫിലിമിലേക്ക് മാറിയ കാണികള്‍ വീണ്ടും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫിലിമിലേക്കു എത്തിച്ചേര്‍ന്നതുപോലെ.

ചേരപുരത്തിന്റെ ഭരണസിരാകേന്ദ്രങ്ങളില്‍ പിടിമുറുക്കിയവരുടെ രഹസ്യനിക്ഷേപങ്ങള്‍ സ്വദേശത്തും വിദേശത്തും ബന്ധുക്കളുടെയും ബിനാമികളുടെയും പേരില്‍ സ്വരുക്കൂട്ടിയതോടെ ചേരപുരത്തിന് സ്വയംപര്യാപ്തത വേണ്ടെന്നുവെച്ചു. സ്വയംപര്യാപ്തത നേടുന്ന ജനത ആപത്താണെന്ന് അവര്‍ ഭയന്നു.

അങ്ങനെ ചേരപുരത്തെ കാര്‍ഷികരംഗം തകര്‍ക്കപ്പെട്ടു. ചെറുകിട വ്യവസായങ്ങള്‍ നിലച്ചു. കൈത്തൊഴില്‍-കുടില്‍ വ്യവസായ ശൃംഖല മണ്ണിലടിഞ്ഞു. വന്‍കിട വ്യവസായങ്ങള്‍ അന്യനാടുകളിലേയ്ക്ക് മാറിപ്പോയി. പൊതുമേഖലാസ്ഥാപനങ്ങള്‍ അഴിമതിയില്‍ മുങ്ങിനശിച്ചു.

ഇരുട്ട് പൂര്‍ണ്ണമായും ചേരപുരത്തെ ചൂഴ്ന്നപ്പോള്‍ അന്യനാടുകളിലെ ഗ്രേ മാര്‍ക്കറ്റ് വാണിജ്യം കടന്നുവന്നു. അധോലോകവ്യവസായത്തിന് എന്തുകൊണ്ടും അനുകൂലമായ പ്രദേശം. അത് ചേരപുരം നിവാസികളുടെ പ്രധാന വരുമാനമാര്‍ഗ്ഗമായി മാറി.
പടിക്കെട്ടിലിരുന്നവരുടെ തലയില്‍ എറുമ്പിന്‍കൂടുകള്‍ നിറഞ്ഞു. ചിന്തകളുടെ ആഴങ്ങളില്‍ എറുമ്പുകളുടെ ശബ്ദം കേട്ടു.
ഒരു സ്‌കൂട്ടര്‍ അവര്‍ക്കു മുന്നില്‍ ബ്രേക്കിട്ടുനിന്നു.
രേവതി. പണ്ടത്തെ ചേരപുരം നിവാസി. വ്യവസായവും ടൂറിസവും ഐ.റ്റി.യും വാണിജ്യസ്ഥാപനങ്ങളും അന്യനാടുകളിലേയ്ക്ക് മാറിപ്പോയപ്പോള്‍ കൂടെപ്പോയവരില്‍ ഒരാള്‍. കുറേക്കാലം ഗള്‍ഫിലായിരുന്നു. ഇപ്പോഴവള്‍ക്ക് അറുപതു വയസ്സു കഴിഞ്ഞിട്ടുണ്ടാകും.

”രേവതിയെന്താ ഈ വഴിക്ക്?”
”ചേരപുരത്തെ മറന്നോ?”
”സ്വന്തം നാട്ടില്‍നിന്നു പോയവരൊക്കെ ഒടുവില്‍ തിരിച്ചുവരുമോ?”

രേവതി ചോദ്യങ്ങള്‍ കേട്ട് സ്‌കൂട്ടര്‍ റോഡരുകിലേയ്ക്ക് ഒതുക്കിവച്ചു. ഹെഡ്‌ലൈറ്റ് ഓഫാക്കാതെ അവര്‍ക്കരികിലെത്തി.

”പകല്‍ വെളിച്ചമില്ലാത്ത ഈ നാട്ടില്‍ തിരിച്ചുവന്നിട്ട് എന്തുചെയ്യാന്‍?” രേവതി ഒന്നു നിര്‍ത്തിയിട്ട് തുടര്‍ന്നു: ”ഞാന്‍ വന്നത് പഴയ തറവാടും സ്ഥലവും വില്‍ക്കാനാ. കാറ്റാടിയില്‍നിന്ന് വൈദ്യുതിയുണ്ടാക്കുന്ന ഒരു കമ്പനിക്ക്. വെറുതെ കിടന്നിട്ട് ആര്‍ക്കു പ്രയോജനം? ഇവിടെയിപ്പോള്‍ പകലും രാത്രിയും വൈദ്യുതിവെളിച്ചം വേണം. അതാ പദ്ധതി.”
വേണുഗോപന്‍ മറ്റൊരു കാര്യം അറിയിച്ചു. ”ചേരപുരത്ത് വേറൊരു പ്രോജക്ട് വരുന്നുണ്ട്. ഇരുട്ടില്‍ ജീവിക്കുന്ന ജീവികളുടെ മൃഗശാല.”
”നെക്രോമാന്‍സിയ്ക്കും നല്ലതാ!” രേവതിയുടെ മറുപടിയില്‍ പരിഹാസച്ചിരി. മരിച്ചുപോയവരുടെ ആത്മാക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന വിദ്യയുടെ മണിനാദം.

പെട്ടെന്ന് സൈറണ്‍ മുഴക്കി ഒരു പോലീസ് വാഹനം അവിടെ വന്നു നിന്നു.
”ചൈനയിലും യൂറോപ്പിലും അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലും കോവിഡ്-19 എന്നെ കൊറോണ വൈറസ് പകര്‍ച്ചവ്യാധിയായി വ്യാപിക്കുന്നു. ഓരോ ദിവസവും നൂറുകണക്കിനു പേര്‍ മരിയ്ക്കുന്നു. നാളെമുതല്‍ ചേരപുരത്ത് ലോക്ക് ഡൗണ്‍…” അറിയിപ്പുകള്‍ നല്കിക്കൊണ്ട് പോലീസ് വാഹനം മുന്നോട്ടുനീങ്ങിയപ്പോള്‍ അവര്‍ എഴുന്നേറ്റു.
രാത്രിയ്ക്കു ചൂടു കൂടുതലായിരുന്നു. പട്ടികള്‍ മോങ്ങിക്കൊണ്ടിരുന്നു. ചീവീടുകളുടെ ശബ്ദം പെരുകി.
അന്യനാടുകളിലേയ്ക്ക് വാഹനങ്ങള്‍ പാഞ്ഞു. തൊട്ടടുത്ത റെയില്‍വേ സ്റ്റേഷനിലെത്തിയ ട്രെയിനുകള്‍ നിറഞ്ഞു. വിമാനത്താവളത്തിലെ വിമാനക്കമ്പനി ഓഫീസുകള്‍ക്കു മുന്നില്‍ തിരക്കേറി.
പകല്‍നിലാവ് തണുത്തുവിറച്ചു. ഇടിമിന്നലില്‍ പ്രകൃതി പിടഞ്ഞു. വേനല്‍മഴ ചേരപുരത്തെ കഴുകി. അമാവാസിയിലെ നക്ഷത്രങ്ങള്‍ നീന്താനിറങ്ങി.
ചേരപുരത്ത് അവശേഷിച്ച സാധാരണക്കാര്‍ വീടുകള്‍ക്കുള്ളിലിരുന്നു പ്രാര്‍ത്ഥിച്ചു.

 

”മഹാപ്രഭോ, ഈ കൊറോണയില്‍നിന്നും ഞങ്ങളെ രക്ഷിക്കേണമേ. ഞങ്ങളെ ശുദ്ധീകരിക്കേണമേ. ചേരപുരത്തെ വീണ്ടെടുക്കേണമേ.”
ഓരോ രാത്രിയും ചേരപുരത്തു മണിമുഴങ്ങി. ഓരോ പകലും ദീപങ്ങള്‍ തെളിഞ്ഞു. ആരാധനാലയങ്ങളും വിദ്യാലയങ്ങളും വാണിജ്യസ്ഥാപനങ്ങളും തെരുവുകളും നിശ്ചലം. വാക്‌സിന്‍ കണ്ടുപിടിച്ച് മനുഷ്യരിലെത്തിക്കുംവരെ അന്യനാടുകളിലേയ്ക്കുള്ള അതിര്‍ത്തികള്‍ അടച്ചു. യാത്രകള്‍ നിരോധിച്ചു.
ഭക്ഷ്യവസ്തുക്കള്‍ കിട്ടാതെ വന്നപ്പോള്‍ ആളുകള്‍ തങ്ങള്‍ സംഭരിച്ചുവെച്ച കറന്‍സിനോട്ടുകള്‍ തെരുവിലിട്ടു കത്തിച്ചു.
കര്‍ക്കടകത്തിലെ അമാവാസിയില്‍ ആശുപത്രികളിലെ രോഗികള്‍ അവസാനശ്വാസവും വെടിഞ്ഞു.
വറുതിയുടെ മണ്‍സൂണ്‍ ആഞ്ഞുവീശി.

വേണുഗോപനും ഫെര്‍ണാണ്ടസ്സും ദിവാകരനും മുഹമ്മദും സുധാകരനും വിക്ടറും രേവതിയും ചേരപുരം നിവാസികളെ ഉള്‍പ്പെടുത്തി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി.
ചേരപുരത്തിന്റെ പഴയ സ്വയംപര്യാപ്ത വീണ്ടെടുക്കണം. വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ പറന്നുകൊണ്ടിരുന്നു.
കാര്‍ഷിക വിഭവങ്ങള്‍ വേണം.
കുടില്‍വ്യവസായം വേണം.

ചെറുകിട നിര്‍മ്മാണ സംരംഭങ്ങള്‍ വേണം.
നമുക്ക് ആവശ്യമായതൊക്കെയും നമ്മള്‍ ഉല്പാദിപ്പിക്കണം.
കോവിഡ്-19 എന്ന കൊറോണ വൈറസ്സിന്റെ സമൂഹവ്യാപനം തടയാനുള്ള ഒത്തൊരുമ വാസ്തവത്തില്‍ മാനസാന്തരത്തിന്റേതുകൂടിയാണ്.
കൂടുകളായി മാറിയ വീടുകളുടെ കൂടുകള്‍ തുറക്കപ്പെട്ടു. ബന്ധനസ്ഥരായി പക്ഷിമൃഗാദികള്‍ മലമേടുകളിലേക്കു നീങ്ങി. മത്സ്യങ്ങളും ആമയും നീര്‍ച്ചാലുകളിലേക്കു മടങ്ങി.
യൂറോപ്പിലേക്കും അമേരിക്കയിലേക്കും കാനഡയിലേക്കും ചേക്കേറിയവരില്‍ ചിലരുടെ മാതാപിതാക്കള്‍ ഊതിവീര്‍പ്പിച്ച ബലൂണുകള്‍ പൊട്ടിച്ചുളിഞ്ഞു.
തങ്ങളെ വിഭജിക്കുന്ന എല്ലാവിധ സങ്കല്പങ്ങളെയും നിരാകരിക്കാന്‍ ചേരപുരം നിവാസികള്‍ ഒരു ദിവസം നിശ്ചയിച്ചു. സൂര്യദേവന്റെ ദിവസം. സകല ജീവജാലങ്ങള്‍ക്കും സസ്യജാലങ്ങള്‍ക്കും ജീവന്‍ പകരുന്ന, ഊര്‍ജ്ജംപകരുന്ന സൂര്യന്റെ ദിവസം.
സമയം, രാവിലെ ആറുമണി.
സ്ഥലം, ചേരപുരത്തെ വലിയ കുന്നിന്‍പുറം.
കര്‍മ്മം, ആഴികൂട്ടല്‍.
പ്രഖ്യാപനം.

രേവതി ഒരു കാര്യം വ്യക്തമാക്കി. ”ഇനി നേതൃത്വത്തിലേക്ക് വരേണ്ടവര്‍ സാമൂഹിക വിഷയങ്ങളില്‍ ഗഹനതയുള്ളവരായിരിക്കണം. സ്വന്തമായി രാഷ്ട്രീയലേഖനങ്ങള്‍ എഴുതി പ്രസിദ്ധീകരിക്കുന്നവര്‍. സമൂഹവുമായി സംവദിക്കുന്നവര്‍. അതാണ് മിനിമം യോഗ്യത. അല്ലാത്തവര്‍ ചേരപുരത്തിന്റെ അധികാരപദവികളില്‍ ഇരിക്കണ്ട. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വേണ്ട.”
ലിങ്ക് ടീം എന്ന ആപ്പിലൂടെയായിരുന്നു പൊതുയോഗങ്ങള്‍. ചര്‍ച്ചകള്‍ സജീവമായി. കീഴ്‌മേല്‍ മറിഞ്ഞുകിടക്കുന്ന കപ്പലിനെ നേരെയാക്കാന്‍ ഒരു മറിക്കല്‍കൂടി വേണം. ചില പ്രതിസന്ധികള്‍ക്ക് അതിനു കഴിയും.
സുധാകരനു സംശയം. ”സമ്പന്നരാജ്യങ്ങളെല്ലാം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. ലോകമാകെ ഒരു പുതിയ ക്രമീകരണം ഉണ്ടായേക്കാം. സമ്പന്നരാജ്യങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവര്‍ പ്രതിസന്ധിയിലായാല്‍ അതേറ്റവും പ്രതികൂലമായി ബാധിക്കുന്നത് ചേരപുരത്തെയാണ്. അങ്ങനെയെങ്കില്‍ ചേരപുരം ഇരുപത്തിയഞ്ചുവര്‍ഷം പിന്നോട്ടുപോകുമോ?”
വേണുഗോപന്‍ ന്യായീകരിച്ചു: ”ഹിന്ദ് സ്വരാജ് എന്ന ആദ്യപുസ്തകത്തില്‍ മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. നാം വഴിതെറ്റിയാണ് സഞ്ചരിച്ചതെങ്കില്‍, അത്രയും ദൂരം തിരികെ വരണം. എന്നിട്ട് ശരിയായ വഴിയില്‍ സഞ്ചരിക്കണമെന്ന്! നാം മുന്നോട്ടുതന്നെ!”

സൂര്യദിവസം രാവിലെ ചേരപുരത്തിന്റെ മലമുകളില്‍ വലിയ അഗ്നികുണ്ഠമെരിഞ്ഞു. ശംഖൊലിയും മണിനാദവും മുഴങ്ങി. ഭീമാകാരമായ ആഴിയില്‍ നിന്നും തീജ്ജ്വാലകള്‍ ദിനോസറുകളെപ്പോലെ ഉയര്‍ന്നു.
ചേരപുരത്തിന്റെ അന്തരീക്ഷത്തില്‍ തിങ്ങിനിന്നിരുന്ന അമാവാസിയുടെ സൂക്ഷ്മാണുക്കള്‍ ചത്തുവീഴാന്‍ തുടങ്ങി.
അപ്പോള്‍ ചേരപുരം നിവാസികള്‍ നാല്പതു വര്‍ഷങ്ങള്‍ക്കുശേഷം വിസ്മയകരമായ ഒരു കാഴ്ച കണ്ട് കുരവയിട്ടു.
അകലെ, കിഴക്കന്‍ മലയിടുക്കില്‍, സൂര്യോദയം!

Share3TweetSendShare

Related Posts

മെക്കാളെയുടെ തന്ത്രങ്ങള്‍ (വീര വേലായുധന്‍ തമ്പി 6)

വര: ഗുരീഷ് മൂഴിപ്പാടം

പാപനാശിനി

വര: ഗിരീഷ്‌ മൂഴിപ്പാടം

തമ്പിക്കെതിരെ ഗൂഢാലോചന ( വീര വേലായുധന്‍ തമ്പി 5)

ആത്മസംഘർഷത്തിലായ ബാലരാമവർമ്മ (വീര വേലായുധന്‍ തമ്പി 4)

താളം

ഒരു വൈറല്‍ ആത്മഹത്യ

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies