കോഴിക്കോട്: കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയും മാര്‍ഗ്ഗദര്‍ശകമണ്ഡല്‍ അധ്യക്ഷനുമായ സ്വാമി ചിദാനന്ദപുരിയെ അധിക്ഷേപിച്ചതില്‍ കേരളത്തിലെ സന്യാസിവര്യന്മാരും ഹിന്ദു സംഘടനാ നേതാക്കളും പ്രതിഷേധിച്ചു.
ആരാധ്യനായ സ്വാമി ചിദാനന്ദപുരിയെ അധിക്ഷേപിച്ച സന്ദീപാനന്ദഗിരിയുടെ നടപടി ശരിയായില്ലെന്നും അത് അദ്ദേഹത്തിന് ശ്രേയസ്‌കരമല്ലെന്നും ചിന്‍മയ മിഷന്‍ കേരളാ ആചാര്യന്‍ സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു. സന്യാസി സമൂഹമടക്കം ഏവര്‍ക്കും ആദരണീയനായ സ്വാമി ചിദാനന്ദപുരിയെ അപകീര്‍ത്തിപ്പെടുത്തിയതില്‍ ശക്തിയായി പ്രതിഷേധിക്കുന്നതായി വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ പറഞ്ഞു. ദേവസ്വം ഫണ്ട് തെറ്റായി വിനിയോഗിക്കുന്നതിനെതിരെ സ്വാമി ചിദാനന്ദപുരി പറഞ്ഞ കാര്യങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നുവെന്നും അദ്ദേഹത്തെ ആക്ഷേപിച്ചത് ശരിയായില്ലെന്നും സംബോധ് ഫൗണ്ടേഷന്‍ ആചാര്യന്‍ സ്വാമി അധ്യാത്മാനന്ദ സരസ്വതി പറഞ്ഞു. രാഷ്ട്രീയ ചായ്‌വുള്ളതുകൊണ്ടാണ് സന്ദീപാനന്ദഗിരിക്ക് ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ സാധിക്കുന്നതെന്നും ഈ അധിക്ഷേപം ഹിന്ദു സമൂഹത്തെയാകമാനം അപമാനിക്കുന്നതിന് തുല്യമാണെന്നും എരുമേലി ആത്മബോധിനി ആശ്രമം മഠാധിപതിയും മാര്‍ഗ്ഗദര്‍ശക് മണ്ഡല്‍ സംസ്ഥാന സെക്രട്ടറിയുമായ സ്വാമി സത്സ്വരൂപാനന്ദ സരസ്വതി പറഞ്ഞു. ഒരു സന്യാസിയുടെ പേരുപയോഗിക്കുന്ന ആളില്‍ നിന്നും ഇത്തരം പരാമര്‍ശം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് പാലക്കാട് ദയാനന്ദാശ്രമം മഠാധിപതി സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍, മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ തുടങ്ങി നിരവധി ഹൈന്ദവ നേതാക്കളും ചിദാനന്ദപുരിക്കെതിരായ അധിക്ഷേപത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.