ഈ കൊറോണക്കാലത്ത് കേന്ദ്രസര്‍ക്കാര്‍ കഷ്ടപ്പെടുന്ന സാധാരണക്കാരുടെയും പട്ടിണിപ്പാവങ്ങളുടെയും കൂടെയാണ് എന്ന് വ്യക്തമാക്കുന്നതായിരുന്നു ധനമന്ത്രി നിര്‍മ്മലാ സീതാരാമനും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസും പരസ്പര ധാരണയോടെ, പല തവണയായി പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പദ്ധതികള്‍. ഇവയുടെ മൂല്യം ഏകദേശം അഞ്ച് ലക്ഷം കോടി രൂപയോളം വരും. സാമ്പത്തിക ഭീമന്മാരായ അമേരിക്കയും ചൈനയും ജപ്പാനും പ്രഖ്യാപിച്ച അത്രയും വരില്ലെങ്കിലും, ഭാരതത്തെ സംബന്ധിച്ചേടത്തോളം ഇതൊരു വലിയ തുകയാണ് എന്ന് പറയാതെ വയ്യ.
റിസര്‍വ് ബാങ്കിന്റെ ഇടപെടലുകള്‍
കൊറോണയും ലോക് ഡൌണും മൂലം പൂര്‍ണ്ണമായും സ്തംഭിച്ച സാമ്പത്തിക മേഖലയെ ഉയിര്‍ പകര്‍ന്നും ഉത്തേജിപ്പിച്ചും പൂര്‍വ സ്ഥിതിയിലാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി ഇത് രണ്ടാം തവണയാണ് റിസര്‍വ് ബാങ്ക് ഇടപെടുന്നത്. ഒരു ലക്ഷം കോടി രൂപയുടേതാണ് ഈ പ്രാവശ്യത്തെ സാമ്പത്തിക പാക്കേജ്. തകര്‍ന്നു കിടക്കുന്ന കൃഷി, വ്യവസായം, ഭവന നിര്‍മാണം എന്നീ മേഖലകളെ പ്രോത്സാഹിപ്പിക്കാന്‍ അമ്പതിനായിരം കോടിരൂപ ദേശീയ ഗ്രാമവികസന ബാങ്ക്, (25000 കോടി) ചെറുകിട വ്യവസായ ബാങ്ക് (15000 കോടി), ദേശീയ ഭവന നിര്‍മ്മാണ ബാങ്ക് (10000 കോടി) എന്നിവയ്ക്ക് നല്‍കാനാണ് ആര്‍ബിഐയുടെ തീരുമാനം. ഇത് വായ്പകള്‍ക്കും സാമ്പത്തിക സഹായങ്ങള്‍ക്കും മറ്റും വിനിയോഗിക്കുമ്പോള്‍ പ്രസ്തുത മേഖലകളില്‍ ഉണര്‍വുണ്ടാകുമെന്നാണ് കേന്ദ്ര ബാങ്കിന്റെ കണക്കുകൂട്ടല്‍. ഇതിനുപുറമെ അമ്പതിനായിരം കോടി രൂപ ചെറുകിട ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ലഭ്യമാക്കാനായി ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്ക് നല്‍കുന്നതാണ്.
റിവേഴ്‌സ് റിപ്പോനിരക്കില്‍ റിസര്‍വ് ബാങ്ക് ഇത്തവണ കാല്‍ ശതമാനമാണ് കുറവ് വരുത്തിയത്. റിസര്‍വ് ബാങ്കിലെ കരുതല്‍ തുകയ്ക്ക് ബാങ്കുകള്‍ക്ക് ലഭിക്കുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോനിരക്ക്. ബാങ്കുകളില്‍ അധികം വരുന്ന തുക അവ തന്നെ സൂക്ഷിക്കുന്നതൊഴിവാക്കി വായ്പകളിലൂടെ സമ്പദ് വ്യവസ്ഥയിലേയ്ക്ക് കൈമാറാന്‍ റിപ്പോ നിരക്കിലെ ഈ കുറവ് സഹായിക്കുന്നതാണ്. കേന്ദ്ര ബാങ്കിന്റെ ഈ നടപടി കൊറോണക്കാലത്ത് ധനവിപണിയില്‍ പണലഭ്യത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്.
സാമ്പത്തിക സഹായ നടപടിയുടെ ഭാഗമായി റിസര്‍വ് ബാങ്ക് സംസ്ഥാനങ്ങളുടെ വായ്പാ പരിധിയും വര്‍ദ്ധിപ്പിക്കുകയുണ്ടായി. ഇതനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് അടിയന്തിരാവശ്യങ്ങള്‍ക്ക് എടുക്കാവുന്ന വായ്പയുടെ പരിധി മുപ്പത് ശതമാനം കൂടി ഉയര്‍ത്തുകയുണ്ടായി. ഏപ്രില്‍ ഒന്നിന് വരുത്തിയ മുപ്പത് ശതമാനം വര്‍ദ്ധനവിന് പുറമെയാണിത്. സപ്തമ്പര്‍ മാസം മുപ്പത് വരെ ഈ സൗകര്യം സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാണ്. ഒപ്പം കിട്ടാക്കടം നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കാനുള്ള സമയക്രമം 90 ദിവസത്തില്‍ നിന്നും 180 ദിവസമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നതാണ്.
കൊറോണവ്യാപനം ചെറുകിട ഇടത്തരം കോര്‍പറേറ്റ് സ്ഥാപനങ്ങളുടെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും ചെറുകിട ധനകാര്യ സ്ഥാപനങ്ങളുടെയും പണലഭ്യതയെ സാരമായി ബാധിച്ചു. ഇത്തരം സ്ഥാപനങ്ങള്‍ക്കുള്ള പണലഭ്യത ഉറപ്പ് വരുത്താനാണ് റിസര്‍വ് ബാങ്ക് Targetted Long Term Ripo Operation 2 എന്ന സംവിധാനം വഴി വിപണിയിലേയ്ക്ക് 50000 കോടി രൂപ അധികമായി ലഭ്യമാക്കിയത്.
സുശക്തമായ ബാങ്കിങ് സംവിധാനം
ലോക് ഡൌണിന് ശേഷവും ബാങ്കിങ് പ്രവര്‍ത്തനം മുടങ്ങാതിരിക്കാന്‍ നിരവധി നടപടികളാണ് റിസര്‍വ് ബാങ്ക് കൈക്കൊണ്ടത്. ഇന്റര്‍ നെറ്റ് സംവിധാനവും എടിഎമ്മും മുടക്കം കൂടാതെ പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധിച്ചത്. കോവിഡ് 19 മൂലം കഷ്ടത അനുഭവിക്കുന്ന ഈ അവസരത്തില്‍ മതിയായ പണലഭ്യത നിലനിര്‍ത്താനും ബാങ്ക് വായ്പയുടെ ഒഴുക്ക് വിഘ്‌നങ്ങളില്ലാതെ ഉറപ്പ് വരുത്താനും, കേന്ദ്രസര്‍ക്കാര്‍ പരിശ്രമിച്ചു. വാണിജ്യ വ്യവസായ രംഗത്ത് ഈ കൊറോണക്കാലത്ത് നിലനില്‍ക്കുന്ന സാമ്പത്തിക സമ്മര്‍ദ്ദം ലഘൂകരിക്കാനും, വിപണിയുടെ സാധാരണ പ്രവര്‍ത്തനം സുഗമമാക്കാനും കേന്ദ സര്‍ക്കാരിന്, പരിഷ്‌കരിച്ച ബാങ്കിങ് സംവിധാനവും പുത്തന്‍ സാങ്കേതിക വിദ്യയും ഏറെ സഹായകരമായി എന്നു വേണം കരുതാന്‍.
ബാങ്കുകളിലെ പണലഭ്യത സുഗമമാക്കുന്നതിന് ലിക്വിഡിറ്റി കവറേജ് റേഷ്യോ ((LCR)) 100ശതമാനത്തില്‍ നിന്നു 80 ശതമാനമായി കുറച്ചു. റിയല്‍ എസ്റ്റേറ്റ് വായ്പാ തിരിച്ചടവ് ഒരു വര്‍ഷം നീട്ടി നല്‍കാനും ഈ നടപടിയുടെ ഭാഗമായി റിസര്‍വ് ബാങ്ക് തീരുമാനിക്കുകയുണ്ടായി. ഷെഡ്യൂള്‍ഡ് ബാങ്കുകളുടെയും സഹകരണ ബാങ്കുകളുടെയും ലാഭവിതരണം റിസര്‍വ് ബാങ്ക് താല്‍ക്കാലികമായി മരവിപ്പിച്ച നിര്‍ത്തുകയും ചെയ്തിട്ടുണ്ട്.
കര്‍ഷകര്‍ക്കും സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും സാധാരണക്കാര്‍ക്കും വളരെയേറെ പ്രയോജനം ചെയ്യുന്നതാണ് റിസര്‍വ് ബാങ്കിന്റെ ഈ നടപടി എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അടച്ചിടല്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കും ദാരിദ്ര്യരേഖക്ക് താഴെയുള്ള പാവങ്ങള്‍ക്കുമടക്കം ഇത് പ്രയോജനപ്പെടുന്നതാണ്. വിപണിയില്‍ പണലഭ്യത വര്‍ദ്ധിപ്പിക്കാനും, സമൂഹത്തിലെ സാധാരണക്കാര്‍ക്കുള്ള വായ്പാവിതരണം വേഗത്തിലാക്കാനും സഹായിക്കുന്ന ഈ നടപടി കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും സംരംഭകര്‍ക്കും സഹായകരമാണ്.
സാങ്കേതിക വിദ്യയുടെയും പരിഷ്‌ക്കരിച്ച ബാങ്കിങ് സംവിധാനത്തിന്റെയും മികവില്‍ കോവിഡ് കാലത്തെ ബാങ്കിങ് പ്രവര്‍ത്തനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. വീഡിയോ കോണ്‍ഫ്രന്‍സ് വഴിയും അല്ലാതെയും, ധനകാര്യവകുപ്പും, റിസര്‍വ് ബാങ്കും, നബാര്‍ഡും, സംസ്ഥാനതല ബാങ്കിങ് കമ്മിറ്റികളും തമ്മിലുള്ള ആശയവിനിമയം ബാങ്കിങ് പ്രവര്‍ത്തനത്തെ കൊറോണക്കാലത്ത് കാര്യക്ഷമമാക്കി.
മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 3.2 ശതമാനം വരുന്ന തുകയാണ് മാര്‍ച്ച് മാസം റിസര്‍വ് ബാങ്ക് വിപണിയില്‍ എത്തിച്ചത്. ഇത് ഏകദേശം 4.36 ലക്ഷം കോടി രൂപയോളം വരും. ഇതേ കാലയളവില്‍ റിസര്‍വ് ബാങ്ക് കറന്‍സിയായി ബാങ്കുകള്‍ക്ക് ലഭ്യമാക്കിയത് ഒന്നേകാല്‍ ലക്ഷം കോടി രൂപയാണ്. ബാങ്ക് വായ്പകള്‍ വേഗത്തിലാക്കുക, സാമ്പത്തിക സമ്മര്‍ദ്ദം കുറയ്ക്കുക, വിപണിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുക എന്നീ ലക്ഷ്യം മുന്നില്‍ വെച്ചാണ് കൊറോണ കാലത്ത് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും പ്രവര്‍ത്തിച്ചത്.
ചരക്ക് നീക്കവും ഭക്ഷ്യധാന്യ വിതരണവും
ചരക്ക് നീക്കങ്ങളില്‍ കൊറോണക്കാലത്ത് തടസ്സങ്ങള്‍ നേരിടുന്നുണ്ടെങ്കിലും ഭക്ഷ്യധാന്യശേഖരത്തില്‍ അത് യാതൊരു പ്രയാസവും ഉണ്ടാക്കിയില്ല. ആവശ്യത്തിനുള്ള ഭക്ഷ്യധാന്യ കരുതല്‍ ശേഖരം കേന്ദ്രസര്‍ക്കാരിന്റെ ധാന്യനിലവറകളില്‍ ലഭ്യമാണ്. 559 ലക്ഷത്തോളം ടണ്‍ ഭക്ഷ്യധാന്യം ഭാരതത്തിന്റെ ഭക്ഷ്യധാന്യശേഖരത്തില്‍ ലഭ്യമാണ്. പ്രതിമാസം അറുപത് ലക്ഷം ടണ്ണാണ് വിതരണം ചെയ്യപ്പെടുന്നത്. റാബി വിളവെടുപ്പ് ആരംഭിച്ച പശ്ചാത്തലത്തില്‍ കൊയ്ത്ത് കഴിഞ്ഞ് അധികമായി എത്തുന്ന ഭക്ഷ്യധാന്യങ്ങള്‍ കരുതല്‍ ശേഖരത്തിന് കരുത്ത് പകരുന്നതാണ്. നല്ല മണ്‍സൂണ്‍ മഴയായിരിക്കും ഈ വര്‍ഷം ലഭിക്കുക എന്ന കാലാവസ്ഥാ പ്രവചനം പ്രത്യാശക്ക് വക നല്‍കുന്നതാണ്.
കൊറോണക്കാലത്തെ ചരക്ക് നീക്കം സുഗമമാക്കാന്‍ ഇന്ത്യന്‍ റെയില്‍വെയുടെ അനാക്കോണ്ട ചരക്ക് തീവണ്ടി ചരിത്രം കുറിക്കുകയുണ്ടായി. രണ്ട് കിലോമീറ്ററാണ് ഈ ചരക്ക് വണ്ടിയുടെ നീളം. സമയബന്ധിതവും വേഗത്തിലുമുള്ള ചരക്ക് നീക്കത്തിന് ഈ തീവണ്ടി സഹായിക്കുന്നതാണ്. അമ്പത്തിയൊമ്പത് വാഗണുകളുള്ള ഈ തീവണ്ടി 256 കിലോമീറ്റര്‍ ആറ് മണിക്കൂര്‍ സഞ്ചരിച്ചാണ് ചരിത്രത്തില്‍ ഇടം പിടിച്ചത്.
നിലവിലെ കണക്കനുസരിച്ച് നഗര ജനസംഖ്യയുടെ അമ്പത് ശതമാനവും ഗ്രാമീണ ജനസംഖ്യയുടെ എഴുപത്തിയഞ്ച് ശതമാനവും പൊതുവിതരണ സംവിധാനത്തിന്റെ ഭാഗമാണ്. എണ്‍പത്തിയഞ്ച് ദശലക്ഷം പേരാണ് രാജ്യത്തെ റേഷന്‍ കടകളിലെ ഉപഭോക്താക്കള്‍. ലോക് ഡൌണിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ഏപ്രില്‍ 20 മുതല്‍ ആരംഭിക്കുകയുണ്ടായി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരം മുന്‍ഗണനാ പ്രകാരം മഞ്ഞ, പിങ്ക് എന്നീ കാര്‍ഡുടമകള്‍ക്ക് ആളൊന്നിന് അഞ്ച് കിലോവീതം അരി നല്‍കുന്നതാണ് ഈ പദ്ധതി. 1.54 കോടി ജനങ്ങള്‍ക്ക് 2.32 മെട്രിക് ടണ്‍ അരി ഈ പദ്ധതിയിലൂടെ വിതരണം ചെയ്യാന്‍ സാധിക്കുന്നതാണ്. നമ്മുടെ സംസ്ഥാനത്തെ എ എ വൈ വിഭാഗത്തിലെ ആറ് ലക്ഷത്തോളം വരുന്ന കുടുംബങ്ങളിലെ ഇരുപത്തിനാല് ലക്ഷത്തില്‍ പരം ആളുകള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണ്. കൂടാതെ മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട മുപ്പത്തിരണ്ട് ലക്ഷത്തോളം വരുന്ന കുടുംബങ്ങളിലെ ഒന്നേകാല്‍ കോടിയിലധികം വരുന്ന പാവപ്പെട്ടവര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണ്.
സര്‍ക്കാരിന്റെ സാമ്പത്തിക സഹായം
കൊറോണയും ലോക് ഡൌണും മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നല്‍കിയത് 37000 കോടി രൂപയാണ്. മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 14 വരെ പല പദ്ധതികളില്‍ പെടുത്തി പതിനാറ് കോടി പേരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ടാണ് ഈ പണം ക്രെഡിറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ 27500 കോടി കേന്ദ്രം സ്‌പോന്‍സര്‍ ചെയ്ത പദ്ധതികള്‍ വഴിയും 9717 കോടി കേന്ദ്ര പദ്ധതികള്‍ വഴിയുമാണ് എത്തിയത്.
പ്രധാനമന്ത്രിയുടെ കര്‍ഷക സമ്മാന്‍ പദ്ധതി, തൊഴിലുറപ്പ് പദ്ധതി, ദേശീയ സാമൂഹ്യ സഹായ പദ്ധതി, മാതൃവന്ദന യോജന, ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം, ദേശീയ ആരോഗ്യ ദൗത്യം, ദേശീയ സ്‌കോളര്‍ഷിപ് പോര്‍ട്ടല്‍ എന്നിവ വഴിയാണ് 27500 കോടി രൂപ നല്‍കിയത്. ഇരുപത് കോടിയോളം വരുന്ന വനിതകള്‍ക്ക് ഈ കൊറോണക്കാലത്ത് കേന്ദ്രസര്‍ക്കാര്‍ 1000 കോടി രൂപ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം 500 രൂപ വീതം സ്ത്രീകളുടെ ജന്‍ധന്‍ അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്ത് നല്‍കി. കര്‍ഷകസമ്മാന്‍ പദ്ധതി പ്രകാരം എട്ടര കോടിയോളം വരുന്ന കര്‍ഷകര്‍ക്ക് 17733 കോടി രൂപയാണ് വിതരണം ചെയ്തത്. തൊഴിലുറപ്പ് പദ്ധതികളില്‍ അംഗങ്ങളായ ഒന്നര കോടി പേര്‍ക്കായി 5406 കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ ഈ കൊറോണക്കാലത്ത് അവരുടെ അക്കൗണ്ടുകള്‍ വഴി നല്‍കി.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ ഭാഗമായി വിവിധ കേന്ദ്ര പദ്ധതികള്‍ വഴി കേരളത്തിലെ വിവിധ ജനവിഭാഗങ്ങള്‍ക്ക് ഇത് വരെ വിതരണം ചെയ്തത് 872 കോടി രൂപയാണെന്ന് കേന്ദ്ര ധനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വഴി രണ്ടായിരം രൂപ വീതം ഏകദേശം 27 ലക്ഷം പേര്‍ക്ക് ലഭിച്ചു. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഈ പദ്ധതി വഴി ഇതുവരെ കേന്ദ്രം രണ്ടായിരം കോടിരൂപ കേരളത്തിലെ കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കി. ഇതുവരെ ഓരോ കര്‍ഷകനും കേന്ദ്രസര്‍ക്കാര്‍ എണ്ണായിരം രൂപ വീതം ബാങ്ക് അക്കൗണ്ടില്‍ നല്‍കിയിട്ടുണ്ട്. ജന്‍ ധന്‍ അക്കൗണ്ട് ഉള്ള സ്ത്രീകള്‍ക്ക് അഞ്ഞൂറ് രൂപ വീതം കേരളത്തില്‍ വിതരണം ചെയ്തു. ഇങ്ങനെ വിതരണം ചെയ്തത് 150.57 കോടി രൂപയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 24,11,446 ജന്‍ ധന്‍ അക്കൗണ്ട് ഉടമകള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. കേരളത്തില്‍ മൊത്തം 25 ലക്ഷം വനിതാ അക്കൗണ്ട് ഉടമകളാണുള്ളത്. ദേശീയ സാമൂഹ്യ സഹായ പദ്ധതി വഴി ദിവ്യാംഗര്‍ക്കും വിധവകള്‍ക്കുമടക്കം നല്‍കുന്ന അഞ്ഞൂറ് രൂപ കേരളത്തില്‍ ലഭിച്ചത് ഏകദേശം ഏഴ് ലക്ഷം പേര്‍ക്കാണ്. ഈയിനത്തില്‍ ഇതുവരെ 34.42 കോടി രൂപ ഇത് വരെ വിതരണം ചെയ്തു കഴിഞ്ഞു. നിര്‍മ്മാണ തൊഴിലാളി ഫണ്ട് ആയിരം രൂപവീതം പതിനഞ്ച് ലക്ഷം പേര്‍ക്ക് നല്‍കാന്‍ ചെലവാക്കിയത് 150 കോടി രൂപയാണ്. ഇതിനും പുറമെ ഇപിഎഫില്‍ നിന്നും തുക പിന്‍വലിക്കാനുള്ള അനുമതിയുടെ പ്രയോജനം ലഭിച്ച കേരളത്തിലെ തൊഴിലാളികളുടെ എണ്ണം 9853 ആണ്. 33.08 കോടി രൂപയാണ് ഇത്തരത്തില്‍ തൊഴിലാളികളുടെ ബാങ്ക് അക്കൌണ്ടില്‍ ക്രെഡിറ്റ് ആയത്. കൊറോണ പ്രതിരോധത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കാന്‍ ഈ കേന്ദ്രസഹായം പ്രയോജനപ്പെടുത്താവുന്നതാണ്.