രാജുവിന് കോളേജില്‍ പോകാറാവുമ്പോഴേക്കും, എല്ലാം തയ്യാറാവേണ്ടേ… ഗ്രാമത്തില്‍ നിന്നും, പാലക്കാട്ടേക്ക്, രാവിലെ പത്തരക്ക് ഒരു ബസ്സുണ്ട്…ഷിഫ്റ്റ് ആയതിനാല്‍ ഉച്ചക്ക് പന്ത്രണ്ടരക്കേ ക്ലാസ്സുള്ളു…. ഒന്നും രണ്ടും ഡിഗ്രി ക്ലാസ്സുകാര്‍ക്ക്… മോഹനനും ഭാസ്‌ക്കരനും ഊണ് കഴിഞ്ഞാണ് വരുക… വൈകുന്നേരം, പി.സി.ടി. ബസ്സ് സ്റ്റാന്‍ഡിലേക്ക് പോകുന്ന വഴിക്ക് ഐഡിയല്‍ കഫേയില്‍ മൂന്നാളും കയറും..
വീട്ടിലെത്തുമ്പോഴേക്കും, നരിപ്പെറ്റഗ്രാമം ഇരുട്ടില്‍ മുങ്ങിക്കഴിഞ്ഞിരിക്കും. വൈകുന്നേരം ഗ്രാമത്തിലേക്ക് ബസ്സില്ല… പെരിങ്ങോട് ഇറങ്ങി, നാല് നാഴിക നടക്കണം വീട്ടിലെത്താന്‍…
മാമ്പുഴ അമ്പലത്തിന്റെ അടുത്തെത്തിയാല്‍ രാജു നടത്തത്തിന് വേഗത കൂട്ടും… ശാന്തിക്കാരന്‍ വിളക്ക് വെച്ച് നേരത്തെ സ്ഥലം വിട്ടിരിക്കും… മുനിഞ്ഞുകത്തുന്ന വിളക്കു മാത്രം കാണാം…. വിജനമായ ചെമ്മണ്‍ പാത… വഴിയിലുള്ള മരപ്പാലം കടന്നാല്‍ നരിപ്പെറ്റ ഗ്രാമമായി… പാലത്തിന്റെ സമീപത്തുള്ള ഞാറാനികാട്ടില്‍, ഒടിയന്‍മാരുണ്ടത്രെ…. മുത്തശ്ശി പറയാറുണ്ട്….
”അത് അവിടെ എവിടെയെങ്കിലും ഉണ്ടാവും അമ്മേ… ഒന്ന് സൂക്ഷ്മമായി നോക്കിന്‍…” മുത്തശ്ശിക്ക് ദേഷ്യം വന്നുവെന്ന് തോന്നി….
”എന്താ ജാന്വോ നീ പറേണത്….? എനിക്ക് കണ്ണില്‍ തിമിരോന്നും വന്നിട്ടില്ല… ഇന്നലെ നെല്ല് വെച്ചതിനുശേഷം, കഴുകി വൃത്തിയാക്കി താഴ്വോരത്തില്‍ ചുമര് ചാരിവെച്ചത് ഞാനല്ലേ…. ഇപ്പോ, അതവിടെ കാണാനില്ല… ന്റെ പത്തീശ്വരത്തെ തേവരേ….”
മുത്തശ്ശി ദൈവത്തെ വിളിച്ചു… തൊട്ടടുത്ത, തറവാട്ടുവക ശിവക്ഷേത്രമാണ് പത്തീശ്വരം… മദ്രാസില്‍ നിന്നും ചേക്കേറിയ, അനപത്യനായ നാരായണയ്യരാണ് ശാന്തി… അയ്യരും ഭാര്യ ചെല്ലമ്മാളും തൊട്ടടുത്ത അയല്‍വാസിയാണ്…. കുളികഴിഞ്ഞെത്തിയ അമ്മാവനോട് മുത്തശ്ശി കാര്യം പറഞ്ഞു… ”ന്റെ ഉണ്ണീ, നമ്മുടെ പത്ത് പറ നെല്ല് വെക്കണ ചെമ്പ് കാണാനില്ല. ഇന്നലെ താഴ്വോരത്തില്‍ നിന്നും ഉള്ളിലേക്ക് എടുത്തുവെക്കാന്‍ മറന്നു…”
”അമ്മ, ഓര്‍മ്മയില്ലാതെ എവിടെയെങ്കിലും കൊണ്ടുപോയി വെച്ചിട്ടുണ്ടാവും… വടക്കെ ചായ്പ് മുറിയിലും പത്തായത്തിന്റെ ഉള്ളിലും തട്ടിന്‍പുറത്തും തിരഞ്ഞുനോക്കിന്‍….”
”എനിക്ക് ഇന്ന് നേരത്തെ സ്‌ക്കൂളില്‍ പോകണം… ബസ്സ് തെറ്റിയാല്‍….” അമ്മാവന്‍ ധൃതിയില്‍ അകത്തേക്ക് കയറിപ്പോയി… മണ്ണാര്‍ക്കാട്, ഏതോ യു.പി. സ്‌കൂളില്‍ മാഷാണ് അമ്മാവന്‍…. ചായ, ഊതിയൂതി കുടിക്കുന്നതിനിടയില്‍, അമ്മയും പ്രശ്‌നത്തില്‍ ഭാഗഭാക്കായി.
”പത്ത് പറ നെല്ല് വെക്കണ ചെമ്പാ… തറവാട് ഭാഗിച്ചപ്പോള്‍ കിട്ടിയതാ… ഇത്രേം നല്ല സാധനം ഇനി കിട്ട്വോ….”
അമ്മയുടെ സങ്കടം അണപൊട്ടി ഒഴുകി.
രാജു, സംഭാഷണങ്ങളിലൊന്നും പങ്കാളിയാവാതെ, വീടിനുള്ളിലും പരിസരത്തും സൂക്ഷ്മമായി പരിശോധന നടത്തി. അവിടെയൊന്നും ചെമ്പ് ഉണ്ടായിരുന്നില്ല!
”ഏത് പണ്ടാരക്കാലനാവോ കൊണ്ടുപോയത്…” അപ്പുറത്തു നിന്നും ചെല്ലമ്മ്യാരുടെ സ്വരംകേട്ടു… പൂജക്കുള്ള പൂക്കള്‍ പറിക്കുകയാണ് അവര്‍…
മുറ്റമടിക്കാരി മാതു മൂക്കത്ത് വിരല്‍ വെച്ച് നില്‍ക്കുകയാണ്… വാര്‍ത്ത കാട്ടുതീ പോലെ അയല്‍പക്കത്തെ വീടുകളിലേക്ക് വ്യാപിച്ചു… വന്നവരില്‍ ചിലര്‍ സഹതാപം നിറഞ്ഞ നോട്ടങ്ങള്‍ കൈമാറി… ചിലര്‍, പുറമേക്ക് ദുഃഖം അഭിനയിച്ചു… ഉള്ളില്‍ സന്തോഷിച്ചു…
എന്തുകൊണ്ടോ, രാജുവിന് അന്ന് ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല…. അലോസരപ്പെടുത്തുന്ന ചിന്തകള്‍ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. കോളേജ് വിട്ട് വീട്ടിലെത്തിയപ്പോഴേക്കും, ചുറ്റും ഇരുട്ട് കറുത്ത കരിമ്പടം വിരിച്ചുകഴിഞ്ഞിരുന്നു… ഉമ്മറത്ത് റാന്തല്‍ കൊളുത്തിവെച്ചിട്ടുണ്ട്… ലൈറ്റില്ല… മുറ്റത്ത് മരം വെട്ടുകാരന്‍ രാരുകുട്ടിയും മകന്‍ ദാമോദരനും നില്‍ക്കുന്നുണ്ട്….
വീടിന്റെ മേല്‍ഭാഗത്താണ് രാരുകുട്ടിയുടെ വീട്…. രാരുകുട്ടിയുടെ ഭാര്യ, മാസങ്ങളായി ദീനം പിടിച്ചു കിടപ്പിലാണ്…
പുലര്‍ച്ചെ, രാരുകുട്ടിയും ദാമോദരനും മരംവെട്ടിന് പോകും… രാരുകുട്ടിയുടെ കൈയ്യില്‍ വലിയ മഴുവും, മൂര്‍ച്ചയുള്ള മടവാളും ഉണ്ടാവും… ദാമോദരന്റെ കൈയ്യില്‍ വണ്ണമുള്ള ചൂടിക്കയറും…
പൂമുഖത്ത് വലിയൊരു നിലവിളക്ക് കൊളുത്തിവെച്ചിട്ടുണ്ട്… പുല്‍പ്പായയില്‍, കളരിക്കലെ ശങ്കരപണിക്കര്‍ ഇരിക്കുന്നു… അടുത്ത്, ഭവ്യതയോടെ അമ്മാവന്‍… പണിക്കര്‍, നിലത്ത് ചോക്കുകൊണ്ട് കളങ്ങള്‍ വരച്ചു…. പിന്നീട് ഏതോ ശ്ലോകം ചൊല്ലി ധ്യാനിച്ചു… കളങ്ങളില്‍ കവിടി വാരിവെച്ചു… നിശ്ശബ്ദത… പിന്നീട്, ശാന്തനായി പറഞ്ഞു… ”സാധനം അകലെയൊന്നും പോയിട്ടില്ല… പക്ഷെ… ഉടന്‍ പ്രതിവിധി ചെയ്തില്ലെങ്കില്‍, കണികാണാന്‍ കിട്ടില്ല….”
”കൊണ്ടുപോയോന്റെ തലേല് ഇടിത്തീ വീഴണേ…” മുത്തശ്ശി മാറത്തടിച്ചു… അമ്മാവന്‍ മുത്തശ്ശിയെ രൂക്ഷമായൊന്ന് നോക്കി…
”ഒരു ഒഴിവ് കാണുന്നുണ്ട് മാഷേ…” ശങ്കരപണിക്കര്‍ തുടര്‍ന്നു…
”ഗുരുനാഥാ… ദൂരത്താണോ….” അമ്മാവന് സംശയം…
”ഹേയ്… അത്ര ദൂരത്തൊന്നും അല്ല… എഴക്കാടാ… കാര്യോത്ത് കുഞ്ഞിക്കണ്ണന്‍ കൈമള്‍… ആഭിചാര പ്രക്രിയകളൊന്നുമില്ലാത്ത പൂജാര്യാ… ആഞ്ജനേയ ഭക്തനാ… ഒരു പൂജ നടത്തണം….” പണിക്കര്‍, പൂജയുടെ വിശദാംശങ്ങള്‍ കടലാസ്സില്‍ കുറിച്ചുകൊടുത്തു…
”ഞാന്‍ തന്നൂന്ന് പറഞ്ഞാ മതി… വൈകിക്കണ്ട… സാധനം മറുനാട്ടിലെത്താന്‍ സാദ്ധ്യത കാണുന്നു…” ദക്ഷിണയും വാങ്ങി, പണിക്കര്‍ യാത്രയായി… ആടക്കോട് പാടത്ത് പൊട്ടിച്ചൂട്ടുക്കള്‍ മിന്നിമറയുന്നുണ്ട്… നായ്ക്കള്‍ കൂട്ടമായി മോങ്ങി…
”രാജൂ… നാളെ, നീയും ഗോപുവും കൂടിപോയി പൂജക്ക് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണം… പണം തരാം… പാലക്കാട്ടേക്ക് പോകുന്ന വഴിക്കല്ലെ എഴക്കാട്…” അമ്മാവന്റെ സുഗ്രീവാജ്ഞ…. വലിയമ്മയുടെ മകനാണ് ഗോപുവേട്ടന്‍… പത്താംക്ലാസ് തോറ്റതിനു ശേഷം ടൈപ്പ്‌റൈറ്റിങ്ങ് പഠിക്കുകയാണ്….
പിറ്റെദിവസം… ”അതേയ്, കുഞ്ഞിക്കണ്ണന്‍ കൈമളുടെ വീട് എവട്യാ…” എഴക്കാട് ബസ്സ് ഇറങ്ങി, ഗോപുവേട്ടനും രാജുവും…
”ഇവിടുന്ന് നേരെ പഞ്ചായത്ത് റോഡിലേക്കിറങ്ങി കിഴക്കോട്ട് നടന്നാല്‍ പാടത്തെത്തും… പാടത്തിന്റെ കിഴക്കെക്കരയില്‍ വലിയ പടിപ്പുര കാണാം… അതെന്ന്യാ വീട്…”
ചായക്കടക്കാരന്‍ മാര്‍ഗ്ഗദര്‍ശിയായി….
ചെളി നിറഞ്ഞ പാടവരമ്പിലൂടെ രാജുവും ഗോപുവും നടന്നു…
”രാജു… ശ്രദ്ധിച്ചു നടന്നോ… വഴുക്കലുണ്ട്….” പച്ച വിരിച്ച വിശാലമായ നെല്‍പ്പാടം… അകലെ കോട്ടപോലെ സഹ്യന്‍ തലയുയര്‍ത്തി നില്‍ക്കുന്നു…. പാടത്തേക്ക് ചാഞ്ഞുനില്‍ക്കുന്ന തെങ്ങുകളും കവുങ്ങുകളും…., എല്ലാം കണ്ണിന് കുളിരേകി…
പടിപ്പുര കടന്ന് അവര്‍ മുറ്റത്തെത്തി… ”കയറി ഇരുന്നോളൂ… പൂജ കഴിഞ്ഞ്, ഇപ്പോള്‍ പുറത്ത് വരും…” മുറ്റത്ത് പുല്ല് ചെത്തുന്ന പണിക്കാരന്‍ പറഞ്ഞു… നിമിഷങ്ങള്‍ക്കകം, ആജാനുബാഹുവായ ഒരാള്‍, പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്കു വന്നു… ശാന്തഗംഭീരമായ മുഖം… കഴുത്തില്‍ സ്വര്‍ണ്ണം കെട്ടിയ രുദ്രാക്ഷമാല…
നെറ്റിയില്‍ ചന്ദനക്കുറി… സ്വര്‍ണ്ണക്കസവുള്ള വേഷ്ടി പുതച്ചിട്ടുണ്ട്…
”വരൂ… വരൂ… കുട്ട്യോള് എവിടുന്നാ…”
”നരിപ്പറ്റേന്നാ…” രാജുവും ഗോപുവും ഒരുമിച്ച് പറഞ്ഞു…
”പ്രത്യേകിച്ച്…? ഗോപു രാജുവിനെ തോണ്ടി…
ശങ്കരപണിക്കര്‍ കൊടുത്ത കുറിപ്പ് രാജു അദ്ദേഹത്തെ ഏല്‍പ്പിച്ചു…
കത്തിലൂടെ, സാകൂതം മിഴികളയച്ചതിനുശേഷം….
”സംഭവം നടന്നിട്ട് എത്ര ദിവസായി….?”
”ഒരാഴ്ചയായി…” ഗോപു… അദ്ദേഹം ദീര്‍ഘമായ ഏതോ ചിന്തയില്‍ മുഴുകി… നെറ്റിയില്‍ ചുളിവുകള്‍ പ്രത്യക്ഷപ്പെടുകയും, അപ്രത്യക്ഷമാവുകയും ചെയ്തുകൊണ്ടിരുന്നു…
”ആവട്ടെ… ആരെയെങ്കിലും സംശയമുണ്ടോ…” ചോദ്യം കേട്ട്, രാജുവും ഗോപുവും ഞെട്ടി…. ”പ്രത്യേകിച്ച് ആരേം സംശല്ല്യ….”
”സാരല്ല്യ… ഒരു പൂജ നടത്തണം… അഞ്ഞൂറ് ഉറുപ്പിക ചെലവ് വരും… അടുത്ത വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് കുളിച്ച് ശുദ്ധമായി എത്തണം…” അദ്ദേഹം നിര്‍ത്തി… നിമിഷങ്ങള്‍ക്കുശേഷം…
”പിന്നെ… അകത്ത്, ആഞ്ജനേയ ഭഗവാന്റെ മുമ്പില്‍ ചെന്ന്, ദക്ഷിണ കാല്‍ക്കല്‍ വെച്ച് ചുട്ടറിഞ്ഞ് പ്രാര്‍ത്ഥിച്ചോളൂ… എല്ലാം ശരിയാവും…”
അകത്ത്, ഭഗവല്‍ വിഗ്രഹത്തിന്റെ മുമ്പില്‍, കത്തിയെരിയുന്ന നിലവിളക്ക്…. കര്‍പ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും സുഗന്ധം… ഒരുറുപ്പിക തുട്ടെടുത്ത് വിഗ്രഹത്തിനു മുമ്പില്‍ വെച്ച് രാജു നമസ്‌ക്കരിച്ചു. ആഞ്ജനേയാ… കാത്തുകൊള്ളണേ…
അടുത്ത വ്യാഴാഴ്ച രാജു ഒറ്റക്കാണ് പോയത്… ഗോപുവിന് ടൈപ്പ്‌റൈറ്റിങ്ങ് ക്ലാസ്സുണ്ട്… രാജു പടിപ്പുര കടന്ന്, കുളത്തിലിറങ്ങി കൈകാല്‍മുഖം വൃത്തിയാക്കി… ഷര്‍ട്ടൂരി അകത്തേക്ക് കടന്നു… ചുറ്റും ഏതോ അഭൗമമായ പ്രഭാപൂരം ചൊരിയുന്നതു പോലെ തോന്നി രാജുവിന്… പ്രാര്‍ത്ഥിച്ച് നമസ്‌ക്കരിച്ചു… വാഴയില പൊതികളില്‍ പായസനിവേദ്യവും അര്‍ച്ചനയുടെ പ്രസാദവും ഏറ്റുവാങ്ങി… ദക്ഷിണയും കൊടുത്ത് ആത്മവിശ്വാസത്തോടെ പുറത്തിറങ്ങി… അവാച്യമായ ഒരു ആനന്ദാനുഭൂതിയുടെ പ്രഭാവലയം തനിക്കു ചുറ്റുമുണ്ടെന്ന് രാജുവിന് തോന്നി… പുറത്ത് മഴ കനത്തിരുന്നു… വളരെ ശ്രദ്ധിച്ച് രാജു പാടം നീന്തിക്കയറി… പ്രസാദം മച്ചില്‍ കൊണ്ടുവെച്ച് തൊഴുതു…
ദിവസങ്ങളുടെ മലവെള്ളപ്പാച്ചിലില്‍, ചെമ്പിനെ കുറിച്ചുള്ള ഓര്‍മ്മകളും വിസ്മൃതിയുടെ ആഴങ്ങളിലേക്ക് മന്ദം മന്ദം നിപതിക്കുകയായിരുന്നു!…
ഒരു ദിവസം. കോളേജ് വിട്ട്, രാജുവും മോഹനനും ഭാസ്‌ക്കരനും ഐഡിയല്‍ കഫേയില്‍ നിന്നിറങ്ങി, ബസ്സ്റ്റാന്‍ഡിലേക്ക് നടക്കുമ്പോള്‍ വഴിയിലെ വലിയൊരു പാത്രക്കട ശ്രദ്ധയില്‍പ്പെട്ടു. ചെമ്പുകളും ഓട്ടുപാത്രങ്ങളും ഉരുളികളും നിലവിളക്കുകളും മറ്റും വില്‍ക്കുന്ന കട… രാജു യദൃച്ഛയാ കടയിലേക്കൊന്ന് നോക്കിപ്പോയി! കടയുടെ പുറത്തിരിക്കുന്ന വലിയൊരു ചെമ്പ് ദൃഷ്ടിയില്‍ പെട്ടത് അപ്പോഴാണ്… അത് എവിടെയോ കണ്ട് മറന്നതുപോലെ… അതോ, വെറും തോന്നലാണോ… എങ്കിലും… അസ്വസ്ഥമായ മനസ്സുമായി, ഓര്‍മ്മയില്‍ ചികഞ്ഞ് ചികഞ്ഞ് കൊണ്ടാണ്, രാജു വീട്ടിലെത്തിയത്. രാത്രിയില്‍ ഉറക്കം വഴിമുട്ടി നിന്നു. മനസ്സിന്റെ എല്ലാകോണുകളിലും പാത്രക്കടയില്‍ കണ്ട ചെമ്പാണ് തങ്ങിനില്‍ക്കുന്നത്. ഛെ… ചിലപ്പോള്‍ മനസ്സിന്റെ തോന്നലാവാം… പിറ്റെദിവസം, രാവിലെ നേരത്തെ പാലക്കാട്ടേക്ക് പുറപ്പെട്ടു. ആദ്യം പോയത് പാത്രക്കടയിലേക്കാണ്… കട തുറക്കുന്നതേയുള്ളു… ”എന്താ, കുട്ട്യേ… രാവിലെ നേര്‍ത്തെ? പാത്രങ്ങള്‍ വല്ലതും…?” കടയുടമയുടെ ചോദ്യം… രാജു നിന്ന് പരുങ്ങി… ”എന്തോ ചോദിക്കാനുണ്ടെന്നു തോന്നുന്നല്ലോ… ധൈര്യമായി ചോദിച്ചോളൂ… പേടിക്കേണ്ട…” കടയുടമയുടെ വാക്കുകള്‍ രാജുവിന് ധൈര്യം പകര്‍ന്നു…
”അത്… പിന്നെ… ഈ ചെമ്പ് പുതിയതാ…?” പുറത്തിരിക്കുന്ന ചെമ്പ് തൊട്ടുകൊണ്ട് രാജു…
ങ്ഹാ! കണ്ടാല്‍ അങ്ങനെ തോന്നും അല്ലേ? ചുരുങ്ങിയത് നൂറുകൊല്ലം പഴക്കം ഉണ്ടാവണം… എന്തേ ചോദിക്കാന്‍..?” കടക്കാരന്റെ മുഖത്ത് ജിജ്ഞാസ…
”ഇത് എവിടുന്നാ വാങ്ങീത്? അതോ പണിയിപ്പിച്ചതോ?”
”നാല് ദിവസം മുമ്പ് ദൂരെ ഏതോ ഗ്രാമത്തില്‍ നിന്ന് ഒരാള് കൊണ്ടുവന്നതാ… കാളവണ്ടീല്… കണ്ടപ്പോള്‍ തരക്കേടില്ല്യാന്ന് തോന്നി… വില പിശകി, പിശകി, എണ്ണായിരം ഉറുപ്പികയില്‍ എത്തിച്ചു. അല്ലാ, എന്തേ കുട്ടി ഇതൊക്കെ ചോദിക്കാന്‍….” കടക്കാരന്റെ മുഖത്ത് സംശയത്തിന്റെ നിഴല്‍ പരന്നിരുന്നു…
”ഹേയ്… ഒന്നൂല്യ… വെറുതെ…” രാജു പെട്ടെന്ന് ഇറങ്ങി നടന്നു… ഒരു നിമിഷം കുഞ്ഞിക്കണ്ണന്‍ കൈമളിനെക്കുറിച്ചും പൂജയെ കുറിച്ചും രാജു ഓര്‍ത്തുപോയി! കാടുകയറുന്ന ചിന്തകളുമായാണ് രാജു വീട്ടില്‍ വന്ന് കയറിയത്… കാപ്പി കുടിക്കുന്നതിനിടയില്‍ അമ്മ… ”രാരൂട്ടീടെ ശാന്തക്ക് സൂക്കേട് അധികാ… നാളെ തൃശ്ശൂര്‍ക്ക് കൊണ്ട് പോവ്വാത്രെ…”
വ്യഥിത ചിന്തകളുമായാണ് രാജു ഉറങ്ങാന്‍ കിടന്നത്… ഒരുവശത്ത് രാവിലെ, പാത്രക്കടയില്‍ കണ്ട ചെമ്പിനെ കുറിച്ചുള്ള ദുരൂഹതകള്‍. മറുവശത്ത് ജീവനുവേണ്ടി മല്ലടിക്കുന്ന രാരൂട്ടീയുടെ ഭാര്യ… നിദ്രയിലേക്ക് വഴുതി വീണത് എപ്പോഴാണ് എന്നോര്‍മ്മയില്ല…. പുലര്‍ച്ചെ… ദാമോദരന്റെ നിലവിളി കേട്ടാണ് ഉണര്‍ന്നത്… ”രാരൂട്ടീടെ പെമ്പ്രന്തോത്തി പോയീന്നാ തോന്നണ്….” തെക്കിനിയില്‍ നിന്നും മുത്തശ്ശിയുടെ ശബ്ദം.. വീണ്ടും രാജു നിദ്രാദേവിയെ പുണര്‍ന്നു… രാവിലെ എഴുന്നേറ്റപ്പോള്‍….
മുറ്റത്ത്, രാരുകുട്ടി വിഷണ്ണനായി നില്‍ക്കുന്നു… അമ്മാവനെ കണ്ടതും, രാരുകുട്ടി പൊട്ടിക്കരഞ്ഞ്, അമ്മാവന്റെ കാല്‍ക്കല്‍ വീഴുകയായിരുന്നു! തൊട്ടപ്പുറത്തു നിന്ന് ചെല്ലമ്മ്യാര്‍ എല്ലാം നോക്കിനില്‍ക്കുന്നുണ്ടായിരുന്നു… മുത്തശ്ശിയും അമ്മയും സ്തംഭിച്ചു നില്‍ക്കുകയാണ്… ”പാവം… പെണ്ണ് മരിച്ചുപോയ സങ്കടം കൊണ്ടാവണം….” ചെല്ലമ്മ്യാര്‍ സഹതപിച്ചു…
”എന്താ, രാരൂട്ട്യേ, ഈ കാണിക്കണ്? ചെറ്യെകുട്ട്യോളെ പോലെ… ദൈവം വിളിച്ചാ പോവാതെ പറ്റ്വോ…” ഭാര്യ മരിച്ച ദുഃഖംകൊണ്ടാണെന്ന് മുത്തശ്ശിയും ഉറച്ച് വിശ്വസിച്ചു… രാരുകുട്ടിയുടെ കരച്ചില്‍ ഉച്ചത്തിലായി… അയാള്‍ മടിക്കുത്തില്‍ നിന്നും ഒരു കടലാസ്സ് പൊതിയെടുത്ത് അമ്മാവന്റെ മുമ്പില്‍ വെച്ചു…
തേങ്ങലിനിടയില്‍…. ”എന്നോട് പൊറുക്കണം മാഷുട്ട്യേ… ഇവിടുത്തെ ഉപ്പും ചോറും തിന്നിട്ട്… നന്ദിയില്ലാത്ത ഞാന്‍…” എല്ലാവരുടെയും മുഖത്ത് അത്ഭുതവും അമ്പരപ്പും…
”എന്തൊക്കെയാ രാരുകുട്ടീ ഈ പറേണത്? ~ഒന്നും മനസ്സിലാവുന്നില്ലല്ലോ…” അമ്മാവന്‍
”എന്നോട് ക്ഷമിക്കണം മാഷുട്ട്യേ… ഞാനാണ് ഇവിടുത്തെ ചെമ്പ് കട്ട് എടുത്തത്… ശാന്തയെ തൃശൂരുക്ക് കൊണ്ടുപോവാന്‍ കാശില്ല്യാണ്ട്… പാലക്കാട് പാത്രകടേല് കൊണ്ടുപോയി എണ്ണായിരം ഉറുപ്പികക്ക് വിറ്റു… ആസ്പത്രീല് കുറെ പണം വേണ്ടി വരുംന്ന് കരുതി…”
അയാള്‍ അല്‍പ്പനേരം മൗനിയായി…
”എന്റെ ശാന്തപോയി…” അയാള്‍ തേങ്ങി… ”ഈ പൊതീല് എണ്ണായിരം ഉറുപ്പികണ്ട്… ഇനി എനിക്കിതു വേണ്ട… എന്നോടു പൊറുക്കണം മാഷുട്ട്യേ… അറിവില്ലാതെ ഞാന്‍…” എല്ലാവരും ഇതികര്‍ത്തവ്യഥാമൂഢരായി നില്‍ക്കുകയാണ്! ആരും ഒന്നും ഉരിയാടിയില്ല… രാരുക്കുട്ടിയുടെ തേങ്ങലുകള്‍ ഉയര്‍ന്നുകൊണ്ടിരുന്നു… രാജുവിന്റെ കണ്ണുകളും അറിയാതെ ഈറനണിയുകയായിരുന്നു…
ആ, കടലാസ് പൊതി മാത്രം, കാലത്തിന്റെ ഒരോര്‍മ്മത്തെറ്റുപോലെ, അനാഥമായി മുറ്റത്ത് കിടന്നു.