കടവുതോണി എന്ന പൊറ്റെക്കാട്ട് കഥയില്‍ കടത്തുതോണി ഒരു കഥാപാത്രം തന്നെയാണ്. അത് കടത്തുകാരനായ മമ്മുവിന്റെ സ്വന്തമാണ്. അതവന്റെ ആകപ്പാടെയുള്ള മുതലാണ്. തനിക്കു നാഴിയരി നയിക്കുവാനുപകരിക്കുന്ന ഏകോപകരണമാണ്. തന്റെ വിലപ്പെട്ട കളിപ്പാട്ടവുമാണത്. ഏഴു കൊല്ലത്തെ ജീവിതം ആ കൊച്ചുതോണിയില്‍ വെച്ചാണവന്‍ കഴിച്ചത്. ആ തോണി നിറയെ സ്മരണകളാണ്. തന്റെ താങ്ങും തുണയുമാണ് ആ തോണി. തന്റെ പ്രണയത്തിനും പരിചര്യയ്ക്കും ചിന്തകള്‍ക്കുമുള്ള ഏകഭാജനമാണ്. ആ തോണിക്ക് ജീവനില്ലെന്ന് അവനു വിശ്വസിക്കുവാന്‍ വയ്യ. അതിന്റെ സന്ദര്‍ഭാനുസൃതമായ ഇളക്കവും കുലുക്കവും തുള്ളലും കുണുങ്ങലും കൊഞ്ചലും കാണുമ്പോള്‍ അവനെങ്ങനെ മറിച്ചു വിശ്വസിക്കും!
ഒരു കടത്തുതോണിയെ ഇങ്ങനെ കഥാപാത്രവല്‍ക്കരിക്കുന്ന മറ്റേതു കഥയാണ് ഭാഷയിലുള്ളത്! എവിടെയാണ് ഈ ‘ജീവനുള്ള’ തോണി കടത്തു തോണിയായി പ്രവര്‍ത്തിക്കുന്ന കടവ്?
അഴിമുഖത്തിനടുത്താണ് ആ കടവ്. പുഴയും കടലും ഉള്‍പ്പുളപ്പോടെ കണ്ടുമുട്ടുന്ന അവിടം ഏറ്റവും അപകടം പിടിച്ച ഒരു സ്ഥലമാണ്. തോണിയും തോണിക്കാരനും ചേര്‍ന്ന് ആ അപകടാവസ്ഥയെ എങ്ങനെ തരണം ചെയ്യുന്നു എന്നാണ് ഇനി വിവരിക്കുന്നത്.
അവിടെ തോണിയിറക്കുന്നത് മമ്മുവിന് ഒരു വിനോദമാണ്. കാരണം, അവിടെ ആഴിയുടെ വേഴ്ചയാലുണ്ടായ ആഴവും കയവും ചുഴിയും ആപല്‍ക്കരവും അജ്ഞാതവുമായ അടിയൊഴുക്കുമൊക്കെ അവനു തഴക്കമായിരിക്കുന്നു. എത്ര വമ്പിച്ച കുത്തിയൊഴുക്കിലും വെള്ളമറിയാതെ തോണി കടത്തുവാന്‍ അവനു പിഴയ്ക്കാത്ത അടവുകളുണ്ട്.
ഒരിക്കല്‍ കണ്ടാല്‍ പിന്നെ ആരും മറക്കാത്തത്ര അഴകും ആരോഗ്യവുമുള്ള മമ്മുവിന്റെ ലോകം ഈ കടവുതന്നെ. ഏഴുകൊല്ലമായി അവന്‍ അവിടെ കടത്തുകാരനായിട്ട്. ഒരു ദിവസം പോലും അവന്‍ കടവില്‍ ഹാജര്‍ കൊടുക്കാതിരുന്നിട്ടില്ല. അങ്ങനെ തെളിവും കുളുര്‍മയും തുളുമ്പുന്ന ഏഴു കൊല്ലങ്ങള്‍ അവന്റെ ജീവിതത്തെ തഴുകിക്കൊണ്ട് ഒഴുകിപ്പോയി.
വെണ്‍പട്ടുപോലത്തെ ഒരു നിലാവ് പാരിടത്തെ പുതപ്പിക്കുകയും പൂഴിമണ്ണിനെ തൂവെണ്ണയാക്കുകയും ആഴിയെ പാലാഴിയാക്കുകയും ചെയ്ത ഒരു മിഥുനമാസരാവിലാണ് മമ്മുവിന്റെ ജീവിതത്തെ ഇളക്കിമറിച്ച ആ സംഭവമുണ്ടാകുന്നത്. പുലരാന്‍ എട്ടൊന്‍പതു നാഴികയുള്ളപ്പോള്‍ അക്കരെ നിന്ന് ആരോ വിളിക്കുന്നു. തോണിയുമായി ചെല്ലുമ്പോള്‍, താമരത്തളിരില്‍ തലയൊളിപ്പിച്ച അരയന്നപ്പിടപോലെ ഒരുമ്മയും അവളുടെ ഒക്കത്ത് ഒരു കുഞ്ഞും. അവര്‍ക്ക് കടവുകടക്കണം. നിലാവു കണ്ടു പുലര്‍ച്ചയായെന്നു വിചാരിച്ചു പോന്നുപോയതാണ്.
മൂന്നുമാസം മുമ്പ് ഭര്‍ത്താവ് മരിച്ചുപോയ വിധവയാണവള്‍. അഭയം തേടി കോഴിക്കോട്ടുള്ള ബന്ധുവീട്ടിലേക്കു പോകുന്നു. തോണി നീങ്ങുന്നതിനിടയില്‍ ആ കുഞ്ഞ് മമ്മുവിന്റെ മടിയില്‍ കയറിയിരിക്കുന്നു. ഉപ്പയാണെന്നു വിചാരിച്ചിട്ടാണ് അവള്‍ അടുപ്പം കാണിക്കുന്നതെന്നു കൂടി അറിയുന്നതോടെ അവന്റെ ഹൃദയം നിര്‍വൃതിയില്‍ നിര്‍മ്മഗ്നമാകുന്നു.
തോണി കരയ്ക്കടുക്കാറായപ്പോള്‍ മറ്റൊന്നുകൂടി സംഭവിച്ചു. യുവതി കുഞ്ഞിനെ എടുക്കുവാന്‍ മുന്നോട്ടു നടന്നതും, തോണിയുടെ ഒരു പുറം ചെരിഞ്ഞ് അവള്‍ കാലിടറി മുന്നോട്ടു വീഴാനാഞ്ഞതും അവന്‍ രണ്ടു കൈകൊണ്ടും അവളെ ചുറ്റിപ്പിടിച്ചു. തോണി സാക്ഷി കടവു സാക്ഷി.
റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നകന്ന അവളെ അവന്‍ അനുഗമിക്കുന്നുണ്ട്. നിങ്ങള്‍ എന്നെങ്കിലും കോഴിക്കോട്ടേയ്ക്ക് വരുമോ എന്ന ചോദ്യം ഒരു ചൂണ്ടക്കൊളുത്തുപോലെ അവന്റെ കരളിലേയ്‌ക്കെറിഞ്ഞിട്ടാണ് അവള്‍ വിട പറഞ്ഞത്.
അന്നുമുതല്‍ മമ്മുവിന്റെ പ്രകൃതം പാടെ മാറി. പ്രസാദാത്മകത്വം അവസാനിച്ചു. ഫലിതവും പാട്ടുമില്ല. പഥികന്മാരുടെ പരസ്പര പരിഹാസങ്ങളില്‍ പങ്കു ചേരില്ല. ആരോടും ഉരിയാട്ടമില്ല. അവന്‍ സദാ വിചാരമഗ്നനായി സമയം കഴിച്ചു.
കടവിന്റെ ഇത്തിരിവട്ടത്തില്‍ നിന്നു കുതറിച്ചാടാന്‍ അവന്‍ കൊതിച്ചു. മരണമടയാത്ത മധുര സ്മരണകളില്‍ അവന്‍ മുഴുകി. ഇരുപത്തഞ്ചു വയസ്സുള്ള ബലിഷ്ഠനായ ആ യുവാവിന് അങ്ങനെതന്നെ മുന്നോട്ടു പോകാന്‍ കഴിയാതെയായി.
തോണി കടവിന്റെ മുതലാളിയായ ഹാജിയാര്‍ക്കു വിറ്റിട്ട് കിട്ടിയ തുകയുമായി അവന്‍ നഗരത്തിലേയ്ക്ക് പോയി. പതിനഞ്ചു ദിവസം അവിടെ അലഞ്ഞു നടന്നു. കളിസ്ഥലങ്ങളിലും കടപ്പുറത്തും എല്ലാ തെരുവുകളിലും ആ സാധു ആരെയോ തിരഞ്ഞു. പല സുന്ദരവദനങ്ങളും കണ്ടു. പക്ഷേ, ആ ഒരൊറ്റ സുന്ദരവദനം മാത്രം കണ്ടില്ല. ആ പെരിയ പട്ടണം അതിനെ അപ്പാടെ വിഴുങ്ങിക്കളഞ്ഞു. കയ്യിലെ അവസാനത്തെ കാശും ചെലവായതോടെ മറ്റൊന്നും ചെയ്യാനില്ലാതായി. രണ്ടു നാള്‍ റെയില്‍പ്പാളത്തിലൂടെ നടന്ന് ക്ഷീണിച്ചു മെലിഞ്ഞു വിളറിയ ആ രൂപം തന്റെ സാമ്രാജ്യമായ കടവത്തുതന്നെ തിരിച്ചെത്തി.
കടവു മാത്രമേ ഉണ്ടായിരുന്നുള്ളൂ. തോണി അവനു നഷ്ടമായിരുന്നു. തോണിയില്ലെങ്കില്‍ കടവത്ത് അധികാരമില്ല. കടവു കടക്കണമെങ്കില്‍ അവനും കൂലികൊടുക്കണം.
ജീവിതം കീഴ്‌മേല്‍ മറിഞ്ഞതായി അവനു തോന്നി. കടവായിരുന്നു തന്റെ ലോകം. തോണിയായിരുന്നു ജീവിതം. രണ്ടും നഷ്ടമായി. തനിക്കു താന്‍ തന്നെ നഷ്ടമായി. മമ്മുവിന് പിന്നെ ഒന്നേ ചെയ്യാനുള്ളൂ. തന്റേതല്ലാത്ത തോണിയില്‍ കയറി ആഴിയുടെ നിത്യതയില്‍ അഭയം തേടിചെല്ലുക. അങ്ങനെ കഥ അവസാനിക്കുന്നു. നൂറുകണക്കിനാളുകള്‍ ദിവസവുമെത്തുന്ന കടവില്‍ നിന്ന് നാലഞ്ചു കഥാപാത്രങ്ങളെ മാത്രമെടുത്ത് സുന്ദരമായൊരു കഥാശില്പമുണ്ടാക്കുകയാണ് പൊറ്റെക്കാട് ചെയ്തിരിക്കുന്നത്. യാത്രികര്‍ക്ക് കടവ് തല്‍ക്കാലം തരണം ചെയ്യേണ്ട ഒരു വൈതരണി മാത്രം. കടവു മുതലാളിക്ക് ഒരു വരുമാനമാര്‍ഗ്ഗവും. കടത്തുകാരനോ? ജീവിതോപാധി എന്നതിലപ്പുറം അയാള്‍ക്കതു ജീവിതം തന്നെയാണ്.
ശേഷിച്ച് തോണി അയാളുടെ സ്വന്തമാകുമ്പോള്‍. അത് ഒരേ സമയം അയാളുടെ കാമുകിയാണ്, ഇളയ സഹോദരിയാണ്, സുഹൃത്താണ്. ലോകമെന്താണെന്ന് അയാളറിഞ്ഞത് അതിലിരുന്നാണ്. പ്രതിസന്ധികളെ തരണം ചെയ്യാന്‍ ശീലിച്ചത്, പ്രസാദാത്മക നിമിഷങ്ങളെ സ്വാഗതം ചെയ്യാന്‍ പഠിച്ചത് – എല്ലാം അതിലിരുന്നാണ്. തോണിയുടെ താളവും ലയവും സ്വാംശീകരിച്ചാണ് അയാള്‍ സ്വന്തം ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തിയത്.
കടവ് അയാള്‍ക്ക് പണിയിടമായിരുന്നില്ല. അതയാളുടെ ലോകമായിരുന്നു. സാമ്രാജ്യമായിരുന്നു. ആഹ്ലാദം പങ്കിടാനോ ദുഃഖങ്ങള്‍ മറച്ചുപിടിക്കാനോ മറ്റൊരിടം വേണമെന്ന് അയാള്‍ക്ക് ഒരിക്കലും തോന്നിയില്ല. അകലെ, സമുദ്രത്തില്‍ നിന്നു വീശിയെത്തുന്ന കാറ്റിലൂടെ ലോകത്തിന്റെ ചലനങ്ങളെല്ലാം അയാള്‍ ഒപ്പിയെടുത്തു. ആ സമുദ്രം അയാളുടെ സങ്കല്പസീമയായിരുന്നു. തന്നെ വിട്ട് അകന്നുപോകുന്ന യുവതിയെയുമായി ട്രെയിന്‍ നീങ്ങുന്നത് തോണിയിലിരുന്നാണ് അയാള്‍ അറിയുന്നത്. കടവിനു സമാന്തരമായാണല്ലോ റെയില്‍വെപ്പാലം കിടക്കുന്നത്!
എന്നെങ്കിലുമൊരിക്കല്‍ തന്റെ കടവിനെയും കടത്തുതോണിയെയും വിസ്മൃതിയിലാഴ്ത്തി കടവിനു മുകളിലൂടെ പാലം വരുമെന്ന് മമ്മു വിചാരിച്ചിട്ടുണ്ടാകുമോ? വഴിയില്ല. തോണി തുഴഞ്ഞും കടവു കടത്തിയും കടവുതന്നെ ലോകമെന്നു നിനച്ച മണ്‍മറഞ്ഞ ഒരു കടത്തുകാരനും അങ്ങനെ വിചാരിച്ചിരിക്കില്ല. മറ്റേതോ ലോകത്തിരുന്ന് സ്വന്തം സാമ്രാജ്യമായ കടവത്ത്, ആത്മമിത്രമായ തോണിയോട് കിന്നാരം പറയുകയാവും അവര്‍. നമ്മള്‍, ഭൂമിനിവാസികള്‍, കടവുകളായ കടവുകളെല്ലാം മേല്‍പ്പാലങ്ങളിലൂടെ നികത്തിയും തോണികളായ തോണികളെല്ലാം പാഴ്മണലില്‍ കമഴ്ത്തിയും എങ്ങോട്ടെന്നും എന്തിനെന്നുമില്ലാതെ നെട്ടോട്ടത്തിലും.
അപ്പോഴും, ആടിയുലഞ്ഞും കുളിര്‍വെള്ളം ദേഹത്തേയ്ക്കു തെറിപ്പിച്ചും കുണുങ്ങിക്കുണുങ്ങി നീങ്ങുന്ന കടത്തു തോണിയും കടവും മധുരസ്മരണയായി മുമ്പില്‍ നില്‍ക്കുന്നു, ഒരിക്കലെങ്കിലും ഒരു കടവെങ്കിലും കടന്നവരുടെയുള്ളില്‍.