”അച്ഛാ, കുറച്ചേറെ നായന്മാരും ഒരു തമ്പുരാനും വന്നിട്ടുണ്ട്. അവര്‍ മണ്ഡകമുറ്റത്ത് മുല്ലത്തറയിലിരിപ്പാണ്”
കണ്ണപ്പച്ചേകവര്‍ക്ക് കുട്ടിമാണി പറഞ്ഞത് വിശ്വാസമായില്ല.
”മാനുഷ്യം* കൊഞ്ചല്ലേ കുട്ടിമാണി. ചൂരക്കോലുകൊണ്ടു മയക്കും ഞാന്‍”
”കളരിഭരമ്പര ദൈവങ്ങളാണേ, ഞാന്‍ പറഞ്ഞതു സത്യമാണേ”
കണ്ണപ്പച്ചേകവര്‍ എഴുന്നേറ്റ്, ഭൂമിതൊട്ടു നിറുകില്‍വെച്ച,് സൂര്യഭഗവാനെ തൊഴുത് മണ്ഡകമുറ്റത്തു വന്നു. ഇത്രയും നായന്മാരെക്കണ്ട് അച്ഛന്‍ചേകവര്‍ അതിശയിച്ചു.
”നായന്മാരേ നിങ്ങള്‍ എവിടുന്നു വരുന്നു?”
കണ്ണപ്പച്ചേകവരെക്കണ്ട് നായന്മാര്‍ എണീക്കുകയോ വണങ്ങുകയോ ചെയ്തില്ല.
”ഞങ്ങള്‍ നായന്മാര്‍ മാത്രമല്ലാ വന്നിട്ടുള്ളത്. വാഴുന്നോരും ഞങ്ങടെ കൂടെയുണ്ട്.”
കനകവളയിട്ട, മിന്നുംതൊപ്പിവെച്ച, ചൂരല്‍വടി കയ്യില്‍ പിടിച്ചിട്ടുള്ള ആളാണ് വാഴുന്നോരെന്ന് കണ്ണപ്പച്ചേകവര്‍ ഊഹിച്ചു. എവിടത്തെ വാഴുന്നോരാണെന്ന ചോദ്യത്തിന് പ്രജാപതിനാട്ടിലെ കുറുങ്ങാട്ടിടം വാഴുന്നോരാണെന്ന് പകരം പറഞ്ഞു.
”എന്തിനാണ് നിങ്ങള്‍ പുത്തൂരം വീട്ടിലേക്കു വന്നത്. നെല്ലിനോ വിത്തിനോ, കന്നിനോ കാളയ്‌ക്കോ?”
”അതിനൊന്നും വന്നതല്ല. നല്ലോരു അങ്കച്ചേകവരെ തേടി വന്നതാണ്.”
”ഞാന്‍തന്നെയാണ് നിങ്ങള്‍ തേടിവന്ന ചേകവര്‍. ആട്ടെ, ആരാണ് മാറ്റങ്കച്ചേകവര്‍?”
വാഴുന്നോര്‍ കണ്ണപ്പച്ചേകവരെ തൊഴുതു. അച്ഛന്‍ചേകവരെപ്പറ്റി പാണഞ്ചെക്കന്‍ പുകഴ്ത്തിപ്പറഞ്ഞത് ഉണിക്കോനാര്‍ കേട്ടതാണല്ലൊ.
”കോലോസ്ത്രിനാട്ടിലെ അരിങ്ങോടരാണ് മാറ്റങ്കച്ചേകവര്‍. ആനയെ മയക്കുന്ന ചേകോനാണ്. കള്ളച്ചതി ഏറെയുണ്ട് അരിങ്ങോടര്‍ക്ക്”
”വാഴുന്നോരെ. അതിനൊന്നും വേണ്ടില്ല. വെള്ളനര കണ്ടതോ മുതുകൊന്നു വളഞ്ഞതോ കൂട്ടണ്ട. കയ്യൊന്നു ചുളുങ്ങിയതും കാലൊന്നു വീങ്ങിയതും പല്ലൊന്നു പോയതും കൂട്ടണ്ട. ഇനിയും ഒരങ്കത്തിനു ബാല്യമുണ്ട് ഈ കണ്ണപ്പച്ചേകവര്‍ക്ക് ”
അപ്പോള്‍ വാഴുന്നോരു ചോദിച്ചു: ”ആരോമര്‍ച്ചേകവരില്ലെ? ”
”ആരോമരെന്നൊരു കിടാവുണ്ട്” എന്നു മാത്രം ചൊല്ലി അച്ഛന്‍ചേകവര്‍ മടങ്ങിപ്പോയി.
കളരിക്കകത്തായിരുന്നു ആരോമര്‍. പുറത്ത് മണ്ഡകമുറ്റത്തെന്തോ ഒച്ചയും ഉരുവാട്ടവും കേട്ട് ആരോമര്‍ കുട്ടിമാണിയെ വിളിച്ചു.
”എന്താ കുട്ടിമാണീ അവിടെ ഒരു ബഹളം?”
”ഒരുകൂട്ടം നായന്മാര്‍ വന്നിട്ടുണ്ട്. അച്ഛനെ കണ്ടിട്ടു മാനിച്ചില്ല. ഇരുന്നേടത്തുനിന്നാരും എണീറ്റില്ല.”
അങ്കംപിടിക്കുന്ന കാര്യം പറയുന്നതു കേട്ടെന്ന് കുട്ടിമാണി അടക്കം പറഞ്ഞു.
കുട്ടിമാണിയുടെ മൊഴികേട്ട് ആരോമര്‍ വേഗം തേവാരം കഴിച്ചു. നാലുകെട്ടിനകത്തു കടന്ന് പടിഞ്ഞാറ്റി മച്ചറ തുറന്നു. മെയ്യാഭരണപ്പെട്ടി വലിച്ചു വെച്ചു. നാടുവാഴി കൊടുത്ത പൊന്നുംതൊപ്പിയണിഞ്ഞു. കൊത്തുവളയും നാഗമാലയുമിട്ടു. പൊന്നുകെട്ടിയ ചൂരക്കോലുപിടിച്ച്, മെതിയടിപ്പുറത്തേറി, കലിപൂണ്ട് മണ്ഡകമുറ്റത്തെത്തി, ഇരുട്ടത്തിടിവാളുമിന്നുംപോലെ
മുറ്റത്തെ കൊന്നയും പൂത്തപോലെ എളമാവുംതയ്യു തളിര്‍ത്തപോലെ
ആരോമരുടെ വരവു കണ്ട് വാഴുന്നോരും നായന്മാരും മുല്ലത്തറയില്‍നിന്നെഴുന്നേറ്റു.
ആരോമര്‍ അവരെ കൈകൊണ്ടു വിലക്കി.
”ഇരിക്കെടോ നായന്മാരെ. എന്തിനാണ് നിങ്ങള്‍ എന്നെക്കണ്ട് എണീറ്റത്. എന്റെ അച്ഛന്‍ വന്നിട്ട് നിങ്ങള്‍ എണീറ്റില്ലല്ലോ ?”
”ആളറിയാതെ പറ്റിപ്പോയതാണ്. ക്ഷമിക്കണം”” നായന്മാര്‍ വാക്കയ്യു പൊത്തിക്കൊണ്ട് ഓഛാനിച്ചു നിന്നു.
”എവിടുന്നു വരുന്നെടോ നായന്മാരെ ?”
വാഴുന്നോര്‍ മുന്നിലേക്കു വന്നുനിന്നു.
”പ്രജാപതിനാട്ടില്‍ കുറുങ്ങാട്ടിടം ദേശത്തെ വാഴുന്നോരാണ് ഞാന്‍.”
”എന്തിനാണ് നിങ്ങള്‍ പുത്തൂരം വീട്ടിലേക്കു വന്നത്. നെല്ലിനോ വിത്തിനോ, കന്നിനോ കാളയ്‌ക്കോ?”
”അങ്കച്ചേകവരെ തേടിവന്നതാണ്”
”ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടിയാണ് അങ്കം കുറിക്കുന്നത് ”
മൂപ്പിളമത്തര്‍ക്കത്തിന്‍ കഥ പറഞ്ഞൂ ഉണിക്കോനാര്‍.
”എനിക്കുവേണ്ടി ചേകവരായ നിങ്ങള്‍ അങ്കം വെട്ടണം”
”ആരാ മാറ്റങ്കച്ചേകവര് ?”
”കോലോസ്തിനാട്ടിലെ അരിങ്ങോടരാണ് മാറ്റങ്കച്ചേകവര്‍”
ആരോമര്‍ വിട്ടുപറഞ്ഞു :
”ആനയെ മയക്കുന്ന അരിങ്ങോടരൊ! അയാളുമായിട്ട് അങ്കം പിടിച്ചൂടാ. എന്റെ പുത്തരിയങ്കം കഴിഞ്ഞിട്ടില്ല. നിങ്ങള്‍ വന്നവഴിക്കു മടങ്ങിപ്പൊയ്‌ക്കോളിന്‍”
ആരോമര്‍ കളരിയില്‍ കയറി വാതില്‍ വലിച്ചടച്ചു.
(തുടരും)