ന്യൂദല്‍ഹി: പുണ്യഭൂമിയായ അയോധ്യയുടെയും അതിനുചുറ്റുമുള്ള 150 ഓളം പ്രമുഖ പ്രദേശങ്ങളുടെയും പ്രാധാന്യം വിവരിച്ചുകൊണ്ടുള്ള വമ്പന്‍ പ്രദര്‍ശിനി അയോധ്യാപര്‍വ്വി ന്റെ ഭാഗമായി ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ചു. ഫെബ്രു. 28,29 തീയതികളിലായി നടന്ന പ്രദര്‍ശിനി കേന്ദ്ര കാര്‍ഷിക-ഗ്രാമ വികസന വകുപ്പ് മന്ത്രി രാജ് നരേന്ദ്രസിങ്ങ് തോമാര്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നിത്യഗോപാല്‍ദാസ്, രാമായണാചാര്യന്‍ വിജയ് കൗശല്‍ മഹാരാജ്, ആര്‍.എസ്.എസ്. സഹസര്‍കാര്യവഹാ ദത്താത്രേയ ഹൊസബാളെ, ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് മു ഖ്യകാര്യദര്‍ശി ചമ്പത്ത് റായി തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായി.
അയോധ്യ ഒരു പുണ്യനഗരിയാണ്. ശ്രീരാമജന്മഭൂമി ദീര്‍ഘനാളായി തര്‍ക്കപ്രദേശമായിരുന്നു. എന്നാല്‍ അവിടെ ഇന്ന് എല്ലാതരത്തിലുമുള്ള തടസ്സങ്ങള്‍ നീങ്ങി ശ്രീരാമമന്ദിരം ഉയരാനുള്ള സാഹചര്യം ഉണ്ടായതില്‍ നാം അതിരില്ലാത്ത ആനന്ദമനുഭവിക്കുന്നവരാണ്. അയോധ്യ ചരിത്രപരമായും സാംസ്‌കാരികപരമായും മതപരമായും വളരെ പ്രധാന്യമുള്ള പ്രദേശമാണ്. ഉദ്ഘാടന ചടങ്ങില്‍ ആര്‍.എസ്.എസ്. സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
രണ്ടാം ദിവസം നടന്ന ചടങ്ങില്‍ ആര്‍.എസ്.എസ്. സഹസര്‍കാര്യവാഹ് ഡോ.കൃഷ്ണഗോപാല്‍ പ്രഭാഷണം നടത്തി. അയോധ്യ കേവലം ശ്രീരാമന്റെ ജന്മസ്ഥലം എന്നതുകൊണ്ടു മാത്രമല്ല ആരാധ്യമായിരിക്കുന്നത്, അഞ്ച് ജൈന തീര്‍ത്ഥങ്കരന്മാരുടെ ജന്മദേശം കൂടിയാണ് അത്. മഹാത്മാ ബുദ്ധന്‍ പതിനാറ് തവണ ചതുര്‍ മാസ്യവ്രതം ആചരിച്ചത് അവിടെയായിരുന്നു. ഗുരുനാനാക്കും ഗുരുഗോവിന്ദ സിംഹനും അവിടെ താമസിച്ചിരുന്നു. അധിനിവേശ ശക്തികള്‍ തകര്‍ത്ത എല്ലാ പുണ്യകേന്ദ്രങ്ങളും അതതുരാജ്യങ്ങളില്‍ സ്വാതന്ത്ര്യത്തിനുശേഷം പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമമുണ്ടായിരുന്നു. എന്നാല്‍ ഹിന്ദു സമൂഹം ആ കാര്യത്തില്‍ ശ്രദ്ധ പതിപ്പിച്ചില്ല.
അസഹിഷ്ണുതയുടെ ആരാധനാരീതി പിന്തുടര്‍ന്നവര്‍ ലോകത്ത് നൂറുകണക്കിന് സംസ്‌കാരങ്ങളേയും നാഗരികതകളേയും കുഴിച്ചുമൂടി. എന്നാല്‍ ഇത്രയേറെ അധിനിവേശങ്ങളുണ്ടായിട്ടും അതിനെയെല്ലാം അതിജീവിക്കാന്‍ ഹിന്ദു സമൂഹത്തിന് സാധിച്ചത് അതിന്റെ ആത്മീയ ശക്തികൊണ്ടു കൂടിയാണ്. ഡോ. കൃഷ്ണ ഗോപാല്‍ പറഞ്ഞു. നമ്മുടെ സംസ്‌കാരത്തിലും ചരിത്രത്തിലും ശ്രീരാമനുള്ള പ്രാധാന്യം വ്യക്തമാക്കുന്നതാണ് പ്രദര്‍ശിനി എന്ന് മഹന്ത് നൃത്യഗോപാല്‍ദാസ് പറഞ്ഞു.
ഈ മേളയില്‍ പ്രമുഖഗായിക മാലിനി അശ്വതി, കഥക് നര്‍ത്തകനായ അനുസിന്‍ഹ, നാടന്‍ കലാകാരന്മാര്‍ എന്നിവരുടെ പാട്ടുകള്‍, നൃത്തങ്ങള്‍ എന്നിവയും അരങ്ങേറി. വ്യത്യസ്ത വിഷയങ്ങളെ അധികരിച്ച് ഗൗരവതരമായ സെമിനാറും ഗാന്ധിജിയുടെ രാമരാജ്യ സങ്കല്പത്തെ ആസ്പദമാക്കി വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സംവാദങ്ങളും പരിപാടിയെ ആകര്‍ഷകമാക്കി.
സ്വന്തം ലേഖകന്‍