ഒരാളുടെ മരണം സംഭവിയ്ക്കുന്നത് അയാള്‍ ഓര്‍മ്മകളില്‍നിന്നും പടിയിറങ്ങുമ്പോഴാണ്. ആ നിലയ്ക്ക് പി.പരമേശ്വരന്‍ എന്ന പരമേശ്വര്‍ജി മരണമില്ലാത്തവനാണ് എന്ന് പറയേണ്ടിവരും. ഇക്കഴിഞ്ഞ ഫെബ്രുവരി 9ന് മാഘപൗര്‍ണ്ണമിദിനത്തില്‍ തന്റെ 93-ാം വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞ പരമേശ്വര്‍ജിയുടെ പാര്‍ത്ഥിവദേഹം മാത്രമേ മണ്‍മറഞ്ഞുപോയിട്ടുള്ളു. അദ്ദേഹമുയര്‍ത്തിയ ആശയാദര്‍ശങ്ങള്‍ പരശതം പ്രവര്‍ത്തകരിലൂടെ ജീവിക്കുകയാണ്. ആള്‍ മരിച്ചാലും ആദര്‍ശം ജീവിക്കുക എന്നു പറയുന്നത് ആദര്‍ശത്തിന്റെ കരുത്താണ് കാട്ടുന്നത്. പലരും പ്രചരിപ്പിക്കുന്ന പ്രത്യയശാസ്ത്രവും ആദര്‍ശവും അവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരിച്ച് മണ്ണടിയുന്നതായി കാണാറുണ്ട്. ഒരു പ്രത്യയശാസ്ത്രത്തിനും പ്രസ്ഥാനത്തിനുമായി ജീവിക്കുന്ന വ്യക്തി താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രവും പ്രസ്ഥാനവും വിജയിച്ച് മുന്നേറുന്നത് കണ്ടുകൊണ്ട് ജീവന്‍ വെടിയുക എന്നു പറഞ്ഞാല്‍ അതൊരു സൗഭാഗ്യമായി വേണം കണക്കാക്കാന്‍. ആ നിലയ്ക്ക് പരമേശ്വര്‍ജി ഭാഗ്യവാനാണ് എന്നു പറയാം.
പരമേശ്വര്‍ജിയില്‍നിന്നും പ്രേരണ ഉള്‍ക്കൊണ്ടും മാര്‍ഗ്ഗദര്‍ശനം സ്വീകരിച്ചും പ്രവര്‍ ത്തിച്ചുവന്ന ലക്ഷക്കണക്കിന് സംഘപ്രവര്‍ത്തകരെ സംബന്ധിച്ച് ഹൃദയഭേദകമാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത. മരണം ജീവിതത്തിന്റെ അനിവാര്യതകളില്‍ ഒന്നാകുമ്പോള്‍ കാലക്രമേണ ഏതൊരാളുടെ മരണവൃത്താന്തവുമായും നാം പൊരുത്തപ്പെടും. മഹത്തായ കാര്യങ്ങള്‍ക്കുവേണ്ടി ജീവിക്കാന്‍ കഴിയുന്നതുപോലെ മഹത്തായ കാര്യങ്ങള്‍ക്കുവേണ്ടി മരിക്കാന്‍ കഴിയുന്നതും ധീരന്മാര്‍ക്കുമാത്രം പറഞ്ഞിട്ടുള്ള കാര്യമാണ്. മരണംവരെ താന്‍ വിശ്വസിച്ച ആശയാദര്‍ശങ്ങളോട് നീതി പുലര്‍ത്തിയ, അതിനായി ജീവിച്ച പരമേശ്വര്‍ജിയുടെ ജീവിതം ഭീഷ്മവ്രതനായ ഒരു സാമൂഹ്യ പ്രവര്‍ത്തകന്റേ തായിരുന്നു. ഒരായുസ്സുനീണ്ട ബലിദാനമായിരുന്നു അത്.
സന്ന്യാസത്തിന്റെ ഭൗതിക ചിഹ്നങ്ങളൊന്നും അദ്ദേഹം ധരിച്ചിരുന്നില്ല. എങ്കിലും മനസ്സിനെ കാഷായമുടുപ്പിച്ച തീവ്രവൈരാഗിയായിരുന്നു പരമേശ്വര്‍ജി. അതുകൊണ്ടാണ് ആരും മോഹിച്ചുപോകുന്ന അധികാര പദവികള്‍ തന്നെ തേടി എത്തിയിട്ടും അവയൊക്കെ തൃണവല്‍ഗണിച്ച് സാമൂഹ്യപ്രവര്‍ത്തനത്തിന്റെ സംഘവഴിയില്‍ അദ്ദേഹം ഉറച്ചുനിന്നത്. കേന്ദ്രമന്ത്രിയോ ഉപരാഷ്ട്രപതിയോ എന്തുവേണമെങ്കിലും ആകാമായിരുന്നിട്ടും അത്തരം പദവികളിലൊന്നും ആസക്തനാകാതെ സാധാരണസംഘപ്രവര്‍ത്തകനായി തന്റെ ധൈഷണിക മേഖലയില്‍ ഉറച്ചുനിന്നു എന്നത് അദ്ദേഹത്തിലെ മഹത്വത്തിന്റെ കൈലാസപ്പൊക്കമാണ് കാട്ടുന്നത്.
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് ആഴത്തില്‍ വേരോട്ടമുണ്ടായിരുന്ന കേരളം പോലൊരു സംസ്ഥാനത്ത് ദേശീയവാദത്തിന്റെ വിത്ത് വിതച്ച് മുളപ്പിച്ചെടുക്കുക എന്ന ഭഗീരഥപ്രയത്‌ന ത്തിലായിരുന്നു പരമേശ്വര്‍ജിയെപ്പോലുള്ളവര്‍ വ്യാപരിച്ചിരുന്നത്. കേരളത്തില്‍, 1942ല്‍ കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ച രാഷ്ട്രീയ സ്വയംസേവക സംഘം ഇന്ന് നമ്മുടെ സാമൂഹ്യ സാംസ്‌കാരിക ജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള പ്രസ്ഥാനമായി മാറിയിരിക്കുന്നു. ഭാരതത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സംഘശാഖകള്‍ പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതില്‍ പരമേശ്വര്‍ജിയെപ്പോലുള്ളവരുടെ ജീവിതസമര്‍പ്പണം നിസ്സാരപങ്കല്ല വഹിച്ചിട്ടുള്ളത്.
1946ല്‍ ചരിത്രവിദ്യാര്‍ത്ഥിയായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെത്തിയ പരമേശ്വര്‍ജി കേരളത്തിലെ സംഘചരിത്രത്തിന്റെ അവിസ്മരണീയമായ ഒരേടായി മാറുന്നതാണ് പിന്നീട് കണ്ടത്. തിരുവനന്തപുരത്ത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ ത്തനം വ്യാപിപ്പിക്കുവാന്‍വേണ്ടി ഉത്തരഭാരതത്തില്‍ നിന്നും എത്തിച്ചേര്‍ന്ന മനോഹര്‍ ദേവ് എന്ന പ്രചാരകന്‍ പരമേശ്വര്‍ജിയില്‍ വലിയ സ്വാധീനം ചെലുത്തിയതായി അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. സ്വര്‍ണ്ണമെഡലോടെ ബിരുദം പാസ്സായ പരമേശ്വര്‍ജി, ഭൗതിക ജീവിതത്തില്‍ വ്യക്തിപരമായി വെട്ടിപ്പിടിക്കാമായിരുന്ന എല്ലാ നേട്ടങ്ങളെയും വലിച്ചെറിഞ്ഞാണ് സംഘപ്രചാരകനായി ഇറങ്ങിത്തിരിച്ചത്. ഒരു പ്രസ്ഥാനം എന്ന നിലയില്‍ ബാല്യം വിട്ടുമാറാത്ത രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഭാവി എന്താകുമെന്ന് ഉറപ്പില്ലാതിരുന്ന കാലത്താണ് ആദ്യകാല പ്രചാരകന്മാരിലൊരാളായി പരമേശ്വര്‍ജി കടന്നുവരുന്നത്. കവിത്വം ജന്മസിദ്ധമായിരുന്നെങ്കിലും സാമൂഹ്യപ്രവര്‍ത്തനത്തില്‍ ഭാവനാ ലോകത്ത് വിരാജിക്കാതെ യാഥാര്‍ത്ഥ്യബോധമുള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായി. കാലമാവശ്യപ്പെടുന്ന നിരവധി സംരംഭങ്ങള്‍ പരമേശ്വര്‍ജിയുടെ ദീര്‍ഘവീക്ഷണത്തിന്റെ മൂശയില്‍ നിന്നും വാര്‍ന്നുവീഴുകയുണ്ടായി. 1950കളോടെ കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ ത്തനമാരംഭിച്ച പരമേശ്വര്‍ജിയുടെ മനോമുകുരത്തില്‍ പിറവികൊണ്ട ആശയങ്ങളിലൊന്നായിരുന്നു കേസരിവാരിക എന്ന പ്രസിദ്ധീകരണം. സാക്ഷരതയില്‍ മുന്നിട്ടുനില്‍ക്കുന്ന മലയാളിയുടെ മനസ്സിലേക്ക് സംഘപ്രത്യയശാസ്ത്രവും ദേശീയബോധവും കടത്തിവിടാന്‍ ഒരു മാധ്യമം അനിവാര്യമാണ് എന്ന് ആ മനീഷി ദീര്‍ഘദര്‍ശനം ചെയ്തു. കേസരിയുടെ ആദ്യമുഖപ്രസംഗത്തിലൂടെ പരമേശ്വര്‍ജി വാരികയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിളംബരം ചെയ്തു. ഇന്ന് കേരളത്തിലെ മുഖ്യധാരാവാരികകളില്‍ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള ഒരു പ്രസിദ്ധീകരണമായി കേസരിക്ക് മാറാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ പരമേശ്വര്‍ജിയെപ്പോലുള്ള ഋഷിതുല്യരുടെ സങ്കല്പദാര്‍ഢ്യമുണ്ട്.
ഭാരതീയ ജനസംഘത്തിന്റെ ദേശീയകാര്യദര്‍ശിയും ഉപാധ്യക്ഷനുമായും പിന്നീട് ദില്ലിയില്‍ ദീനദയാല്‍ ഗവേഷണ പഠനകേന്ദ്രത്തിന്റെ ഡയറക്ടറായും പ്രവര്‍ത്തിക്കുമ്പോള്‍ പരമേശ്വര്‍ജി തന്റെ പ്രവര്‍ത്തനതട്ടകമായിരുന്ന കേരളത്തെ മറന്നിരുന്നില്ല. കാരണം പൂജനീയ ഗുരുജി വിചാരധാരയില്‍ രാഷ്ട്രത്തിന് വെല്ലുവിളിയായി സൂചിപ്പിക്കുന്ന രാഷ്ട്രീയ മതമൗലികവാദങ്ങളായ ത്രിദോഷങ്ങളുടെയും ഒരുമിച്ചുള്ള സാന്നിധ്യമുള്ള കേരളം ഭാവിഭാരതത്തിന് വെല്ലുവിളികള്‍ ഉയര്‍ത്താം എന്ന് ആ ദീര്‍ഘദര്‍ശി കണ്ടിരുന്നു. അങ്ങനെ 1982ല്‍ കേരളത്തിലേക്ക് മടങ്ങിയെ ത്തിയ പരമേശ്വര്‍ജി വൈകാതെ തിരുവനന്തപുരം കേന്ദ്രമാക്കി ഭാരതീയ വിചാരകേന്ദ്രമെന്ന പഠന ഗവേഷണ കേന്ദ്രത്തിന് തുടക്കം കുറിച്ചു. ധൈഷണിക മേഖലയില്‍ ഇടതുപക്ഷ ചിന്തകര്‍ നിറഞ്ഞാടിയ കളത്തിലേക്കാണ് പരമേശ്വര്‍ജി തന്റെ യാഗാശ്വത്തെ തെളിച്ചെത്തിയത്. അധികാരത്തിന്റെയും ആള്‍ബലത്തിന്റെയും മേല്‍കൈ ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ചിന്തകര്‍ അക്കാദമിക മേഖല കുത്തുകയാക്കി വച്ചിരുന്ന കാലത്താണ് ഭാരതീയവിചാരകേന്ദ്രം പ്രവര്‍ത്തിച്ചുതുടങ്ങിയത്. എന്നാല്‍ ഇന്ന് കേരളീയ സാംസ്‌കാരികമണ്ഡലത്തില്‍ ഭാരതീയദര്‍ശനങ്ങള്‍ക്ക് ധൈഷണികമായ സ്ഥിരപ്രതിഷ്ഠ നല്‍കുവാന്‍ ദേശീയപ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞിരിക്കുകയാണ്. മാര്‍ക്‌സില്‍ നിന്നും മഹര്‍ഷിയിലേക്ക് കേരളം മാനസാന്തരപ്പെട്ടു തുടങ്ങിയതിന്റെ പിന്നില്‍ പരമേശ്വര്‍ജിയെപ്പോലുള്ളവര്‍ നടത്തിയ സംഘടനാ തപസ്സ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുദേവന്‍, സ്വാമി വിവേകാനന്ദന്‍, മഹര്‍ഷി അരവിന്ദന്‍ എന്നിവരുടെ ദര്‍ശനങ്ങളെ വ്യാഖ്യാനിക്കാനും മലയാളിയുടെ മനസ്സിനെ സങ്കുചിത ചെമ്പന്‍ രാഷ്ട്രീയത്തിന്റെ ഉടക്കുവലകളില്‍ നിന്നും മോചിപ്പിച്ച് ആര്‍ഷദര്‍ശനത്തിന്റെ വിശാല നഭസ്സിലേക്ക് ഉപനയിക്കാനും പരമേശ്വര്‍ജി നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടുതുടങ്ങിയ പ്പോഴാണ് അദ്ദേഹത്തിന്റെ ദേഹാന്ത്യം സംഭവിച്ചിരിക്കുന്നത്. അദ്ദേഹം വെട്ടിത്തുറന്ന പാതയിലൂടെ കേരളത്തിന്റെ ബോധമണ്ഡലത്തെ കൈ പിടിച്ചു നയിക്കുക എന്ന ചരിത്ര ദൗത്യം നിര്‍വഹിക്കുവാന്‍ പ്രവര്‍ത്തകര്‍ തയ്യാറാവുക എന്നതു മാത്രമാണ് പരമേശ്വര്‍ജിക്ക് സമര്‍പ്പിക്കാനുള്ള ശ്രദ്ധാഞ്ജലി.