പഴയ ആണിരോഗവിദഗ്ദ്ധന്റെയും സര്‍വ്വരോഗ സംഹാരിയായ തുള്ളി മരുന്നിന്റെ ഉപജ്ഞാതാവായ 'ഉടന്‍കൊല്ലി' വൈദ്യന്റെയും കൃത്യതയോടെ ദേശീയ തലസ്ഥാനത്തുനിന്നും (സര്‍ക്കാര്‍ ചെലവില്‍) മാസത്തിലൊരിക്കലെങ്കിലും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പറന്നെത്തി, നരേന്ദ്രമോദിയുടെയും സംഘപരിവാറിന്റെയും സംഭാവനയായ ഫാഷിസം എന്ന മഹാവിപത്തിനെക്കുറിച്ചു കേരളീയരെ ബോധവല്‍ക്കരിക്കാന്‍ ഒരിക്കലും മറക്കാത്ത സൂപ്പര്‍ ബുദ്ധിജീവികള്‍ മാത്രമല്ല, സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പും അവര്‍ അധീശത്വം വഹിക്കുന്ന ഒട്ടനവധി 'സാംസ്കാരിക' സ്ഥാപനങ്ങളും, കൂടാതെ മുഴത്തിനു മുന്നൂറുള്ള 'സാംസ്കാരിക നായക'ന്മാരും ബുദ്ധിജീവികളും അക്കാദമീയന്മാരും രാഷ്ട്രീയോപജീവികളുമൊക്കെ തീര്‍ത്തും വിസ്മരിച്ച, അഥവാ തീര്‍ത്തും അവഗണിച്ച ഒരു ജന്മശതാബ്ദി ഇക്കഴിഞ്ഞ വര്‍ഷം ശാന്തമായി, കടന്നുപോയി - കേരളത്തിനും കൈരളിക്കും അവിസ്മരണീയനായ ഗുപ്തന് നായര്‍ സാറിന്റെതാണ് അത്. നിശിതമതിയായ നിരൂപകന്, സര്‍വ്വാദരണീയനായ മഹാപണ്ഡിതന്, വാക്പതിതന്നെയായിരുന്ന പ്രഭാഷകന്‍, പ്രതിഭാധനനും, ശിഷ്യവത്സലനുമായിരുന്ന മഹദേശികന്: സര്‍വ്വോപരി, തൊട്ടറിയാവുന്ന നന്മരൂപമെടുത്ത ഒരു വലിയ മനുഷ്യന്: അദ്ദേഹം എന്തായിരുന്നുവെന്നു നിര്വ്വചിക്കുന്നതിനെക്കാളെളുപ്പം എന്തല്ലായിരുന്നുവെന്നു വിവരിക്കുവാനാണെന്നു തോന്നുന്നു. പതിനാലു വര്‍ഷം മുമ്പ്, 2006 ഫെബ്രുവരി ആറാം തീയതിയാണ് എല്ലാ അര്‍ത്ഥത്തിലും പുരുഷരത്നമായിരുന്ന ഗുപ്തന് നായര്‍ സാര്‍ അന്തരിച്ചത് - ഒരു തുളസീദളം കൊഴിഞ്ഞു വീഴുന്ന ലാഘവത്തോടെ. ''ആപാതാള നഭസ്ഥലാന്തം വ്യാപിച്ചു നില്ക്കുന്ന ആ പരമജ്യോതിസ്സില് ലയിക്കാന്‍ കാലം വൈകി''യെന്ന് അദ്ദേഹം ഇടയ്ക്കിടെ ഓര്‍ത്തിരുന്നല്ലോ. എത്ര മധുരോദാരമായിരുന്നു, നര്മ്മഗംഭീരമായിരുന്നു ആ വ്യക്തിത്വം! വിഷ്ണു നാരായണന് നമ്പൂതിരി പറഞ്ഞതുപോലെ, അദ്ദേഹം സാഹിത്യത്തിന്റെ പ്രജാപതിയും കേരള സംസ്കാരത്തിന്റെ കുലപതിയുമായിരുന്നു. അപ്രതിമനായ അദ്ധ്യാപകനായിരുന്നു. പ്രഗല്ഭനായ നിരൂപകനായിരുന്നു. അനുഗൃഹീതനായ ശൈലീവല്ലഭനായിരുന്നു. പണ്ഡിതന്, വാഗ്മി, നടന്, സംഗീതജ്ഞന്, ദാര്ശനികന് എല്ലാമായിരുന്നു. എത്ര അസുലഭമായ, അപൂര്‍വമായ വ്യക്തിത്വം! ഗുപ്തന്നായര് സാര്‍ പ്രഥമത: 'സാര്‍' തന്നെയായിരുന്നു. 'ദര്ശനാന്തംഗുരുത്വം' എന്ന ഹൃദ്യമായ ഒരു ചൊല്ല് അദ്ദേഹത്തെപ്പറ്റി വിഷ്ണു രചിച്ചിരിക്കുന്നു. യൂണിവേഴ്സിറ്റി കോളേജിലെ മലയാള വിഭാഗത്തിന്റെ സുവര്‍ണ്ണകാലത്ത്, ഇളംകുളം, എന്‍.കൃഷ്ണപിള്ള, ഗുപ്തന് നായര്‍, ആനന്ദക്കുട്ടന്, തിരുനല്ലൂര്‍ കരുണാകരന് ഇവരെല്ലാം സ്വസാന്നിദ്ധ്യം കൊണ്ട് ആ ശതാഭിഷിക്തനായ പഴയ കെട്ടിടത്തെ ധന്യമാക്കിയിരുന്ന അന്‍പതുകളില്‍ ഒരു ദിവസം, ഗുരുഭക്തിയും ജിജ്ഞാസയും മാത്രം കൈമുതലായ ഏകലവ്യനായി, അനാഹൂതനായി, അജ്ഞാതനായി ഇംഗ്ലീഷ് ഓണേഴ്സ് വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ ഗുപ്തന്നായര് സാറിന്റെ ക്ലാസില്‍ കയറിയിരുന്നതോര്ക്കുന്നു. തേപ്പുപെട്ടിയുടെ സ്പര്‍ശന സൗഭാഗ്യമേല്ക്കാത്ത ചതഞ്ഞ ഷര്‍ട്ടും നാടന്‍ മുണ്ടും പപ്രച്ചന് തലമുടിയുമായി ഏറ്റവും പിറകിലത്തെ നിരയിലിരുന്ന എന്നെ അദ്ദേഹം ശ്രദ്ധിച്ചുപോലും കാണുകയില്ല. ഏതോ ശ്ലോകം അതിമധുരമായി ചൊല്ലി അതിനെക്കാള്‍ ഹൃദ്യമായി വ്യാഖ്യാനിച്ചുനിന്ന, ശുഭ്രമായ ഖദര്‍വേഷം ധരിച്ച, വെളുത്തു ചടച്ചു സുമുഖനായ സാറിന്റെ രൂപം നിത്യഹരിതമായി ഇന്നും ഓര്‍മ്മയിലുണ്ട്. മഞ്ഞണിഞ്ഞ ഹേമന്തരാത്രിയില്‍ നിശ്ശബ്ദമായി പെയ്തിറങ്ങുന്ന ജ്യോത്സ്നാധാരപോലെ പരമശാന്തമായി ഉണരുന്ന ഒരു ധന്യസ്മരണ, വാസനയോ അഭ്യാസ ബലമോ പാണ്ഡിത്യമോ ഒന്നുംകൊണ്ടല്ല, ഈശ്വരനിശ്ചയംകൊണ്ടാണ് അദ്ദേഹം അദ്ധ്യാപകനായതെന്നു ഞാന്‍ വിശ്വസിക്കുന്നു. കാളിദാസന്റെ പ്രസിദ്ധമായ ഒരു ആചാര്യ നിര്‍വ്വചനമുണ്ട്. ''ശിഷ്ടാ ക്രിയാ കസ്യചിദാത്മ സംസ്ഥാ സംക്രാന്തിരന്യസ്യ വിശേഷയുക്താ യസ്യോ ഭയം സാധു സ ശിക്ഷകാനാം ധുരി പ്രതിഷ്ഠാ പയിതവ്യ ഏഷ:'' (മാളവികാഗ്നിമിത്രം, 1:16) (ഒരാള്‍ക്കു ഭംഗിയായി അഭിനയിക്കാന്‍ കഴിയുന്നു. മറ്റൊരാള്‍ക്ക് അഭിനയം വളരെ നന്നായി പഠിപ്പിക്കാന്‍ സാധിക്കുന്നു. ഈ രണ്ടു കഴിവുകളും ഒപ്പം ആര്‍ക്കാണോ വേണ്ടവിധത്തിലുള്ളത്, അദ്ദേഹത്തെത്തന്നെയാണ് ആചാര്യന്മാരുടെ തലവനാക്കി വയ്ക്കേണ്ടത്). നിറഞ്ഞ പാണ്ഡിത്യം, തെളിഞ്ഞ പ്രതിഭ, തികഞ്ഞ വാഗ്മിത്വം, കുലീനമായ, പ്രസന്നമായ, അക്ഷോഭ്യമായ വ്യക്തിത്വം - ഈ സിദ്ധികളെല്ലാം സമ്മേളിച്ചിരുന്ന ഒരു ദേശികോത്തമനായിരുന്നു ഗുപ്തന് നായര്‍ സാര്‍. ഒരു പക്ഷേ, നിരൂപകനെന്ന നിലയിലായിരിക്കും സാര്‍ ഏറ്റവുമധികം സ്മരിക്കപ്പെടുക എന്നു തോന്നുന്നു. 'മന്ദമാരുത പ്രസ്ഥാനം' എന്ന് അദ്ദേഹത്തിന്റെ നിരൂപണശൈലി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ആ മന്ദമാരുതന് ചിലപ്പോഴെങ്കിലും ചണ്ഡമാരുതഭാവം കൈക്കൊണ്ടിട്ടുള്ളതു മറക്കാനാവില്ല. ധൈഷണികരംഗത്ത് ഭീഷ്മപ്രഭാവനായ പി. ഗോവിന്ദപിള്ളയെ പ്രകോപിപ്പിച്ച 'ഇസങ്ങള്ക്കപ്പുറം' എന്ന പുസ്തകം രചിച്ച്, സ്വതഃസ്ഫൂര്ത്തമായ സാഹിത്യം അംഗീകരിക്കപ്പെടാന്‍ സാഹിത്യബാഹ്യമായ ഘടകങ്ങളുടെ താങ്ങും തണലും വേണമെന്ന പ്രത്യയശാസ്ത്ര ശാഠ്യത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിച്ചപ്പോള്‍; ''ഇതു സാഹിത്യമാണെങ്കില്‍ പൂരപ്പാട്ടു ഭഗവദ്ഗീതയാണ്, ഞാന്‍ മഹാത്മാഗാന്ധിയാണ്'' എന്നു പറഞ്ഞുകൊണ്ട് ബഷീറിന്റെ 'ശബ്ദങ്ങളെ' ബഹിഷ്കരിച്ചപ്പോള്‍, ആശാന് ജനകീയ കവിയല്ല എന്നു പ്രഖ്യാപിച്ച് അദ്ദേഹത്തെ വിപ്ലവകവി ലേബലില്‍ ഒതുക്കിനിര്‍ത്തുന്ന ബാലിശത്വത്തിനെതിരെ പ്രതിഷേധിച്ചപ്പോള്‍, രമണന് 'പരട്ടക്കവിത'യാണെന്നു നിര്‍ദ്ദാക്ഷിണ്യം വിലയിരുത്തിയപ്പോള്‍. പക്ഷേ, ഈ കാര്‍ക്കശ്യം ഒരു സഞ്ചാരിഭാവം മാത്രമാണെന്നു നമുക്കറിയാം. ഗുപത്ന്‍ നായര്‍ എന്ന നിരൂപകന്റെ സ്ഥായീഭാവം സൗമ്യതയും കുലീനതയും മിതത്വവുമാണ്. ഹാര്‍ദ്ദമായ ആസ്വാദനത്തിലും പ്രശംസയിലും അദ്ദേഹം പിശുക്കു കാട്ടാറില്ല. 'മനസാ സ്മരാമി' എന്ന ആത്മകഥയില്‍ ഇതിന് എത്രയെങ്കിലും ദൃഷ്ടാന്തങ്ങളുണ്ട്. ഈ ഉദാരമായ മാനവികത ഹീനമായ ആക്രമണങ്ങളെക്കുറിച്ചുപോലും അദ്ദേഹത്തെ ഉദാസീനനാക്കുന്നു. ''ഹഡ്സന്റെ ഒരു പുസ്തകവും ഈണത്തില്‍ വള്ളത്തോള്‍ക്കവിത പാടാനുള്ള അഭ്യാസവും മാത്രം കൈമുതലായുള്ള ഒരു പഴഞ്ചന്‍ പ്രൊഫസര്‍'' എന്ന ഒരു ഉത്തരാധുനിക ഗുരുവിന്റെ കുപ്രസിദ്ധമായ ആസ്കന്ദനത്തെത്തുടര്ന്ന് ''അല്പം വിനീതി ആയിക്കൂടേ?'' എന്ന് ഒരു വാരികയില്‍ സാമാന്യം ക്ഷോഭത്തോടെ ഞാന്‍ ഒരു കത്തു പ്രസിദ്ധീകരിച്ചു. ''അയാള്‍ പ്രതികരിച്ചേക്കും രാമചന്ദ്രന് (വാത്സല്യമേറുമ്പോള് വിളിക്കാറുണ്ടായിരുന്ന എന്റെ ചെല്ലപ്പേര് - സാറാണ് അതുപയോഗിച്ച അവസാനത്തെ ആള്) ഇക്കാര്യത്തെക്കുറിച്ച് ഇനി ഒന്നും എഴുതണ്ട''എന്ന് ക്ഷമാ മൂര്‍ത്തിയായ ഗുപ്തന് നായര്‍ സാര്‍ എന്നെ വിലക്കി. അഹന്ത നിറഞ്ഞ വെല്ലുവിളികളും അസഹിഷ്ണുതയുടെ അട്ടഹാസങ്ങളും അദ്ദേഹത്തിന് എന്നും അന്യമായിരുന്നു. ('പ്രതിഭയുടെ ധാര്‍ഷ്ട്യം' എന്ന് ഒരു ഉത്തരാധുനിക പണ്ഡിതരാജന്‍ ഒരിക്കല്‍ പ്രയോഗിച്ചു കണ്ടു. വിനയമാണ് പ്രതിഭയുടെ മുഖമുദ്ര എന്നാണ് അറുപഴഞ്ചന്മാരായ നാമൊക്കെ ധരിച്ചുവച്ചിരിക്കുന്നത്. മഹാസംഗീതജ്ഞയായ എം.എസ്. സുബ്ബുലക്ഷ്മിയുടെ മുമ്പില്‍ വിനയാന്വിതനായി; ''സംഗീതത്തിന്റെ ഈ ചക്രവര്‍ത്തിനിയുടെ മുമ്പില്‍ ഒരു വെറും പ്രധാനമന്ത്രിയായ ഞാനാര്?'' എന്നു ചോദിച്ച ജവാഹര്‍ലാല്‍ നെഹ്റുവും മഹര്‍ഷി കല്പനായ കൊല്ലങ്കോട്ടു ഗോപാലന്നായരുടെ സന്നിധിയില്‍ ആദരപൂര്‍വ്വം നിന്ന ദാര്‍ശനിക സാര്‍വഭൗമനായ രാഷ്ട്രപതി രാധാകൃഷ്ണനുമൊക്കെ ഈ പെരുന്തച്ചന്റെ മുഴക്കോലനുസരിച്ചു പ്രതിഭാശൂന്യരായിരിക്കണം). ജാതകത്തില്‍ തെളിഞ്ഞു വിളങ്ങിയ പ്രവ്രജ്യായോഗം കൊണ്ടാണോ ഒരു തികഞ്ഞ ദാര്ശനികന് പലപ്പോഴും അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ പ്രത്യക്ഷപ്പെട്ടത്? ഹീനമായ കടന്നാക്രമണങ്ങള്‍ക്കു നേരെയുള്ള 'ആവോ നമുക്കു തെരിയാ' എന്ന നിസ്സംഗഭാവം ശ്രദ്ധിക്കാതെ വയ്യ. സാറിന്റെ മനസ്സില്‍ പകയ്ക്കും കാലുഷ്യത്തിനും ഇടമില്ല. ശ്രീരാമകൃഷ്ണ വചനാമൃതം ദശാബ്ദങ്ങളോളം മനനം ചെയ്യുകയും നിത്യജീവിതത്തിലെ അലട്ടലുകള്‍ക്കും ആരവങ്ങള്‍ക്കുമിടയിലും ഗായത്രീജപത്തിലും ധ്യാനത്തിലും മനഃശാന്തി കണ്ടെത്തുകയും ചെയ്ത ഗുപ്തന് നായര്‍ സാറിനെ കാഷായാംബരധാരിയും ജടിലനും ലുഞ്ചിതകേശനുമല്ലാത്ത സന്ന്യാസിയല്ലെന്നു പറയാന്‍ വയ്യ. ആത്മകഥയിലെ 'ഭൗതികതയ്ക്കപ്പുറം' എന്ന അദ്ധ്യായം ശ്രദ്ധിച്ചു വായിക്കുക. ''ജീവിച്ചിരിക്കുന്നിടത്തോളം മനഃശാന്തിയോടെ ജീവിക്കണം. പ്രഭാതങ്ങളില്‍ ജപിക്കാറുള്ള ഗായത്രിയും വിഷ്ണു ഭുജംഗവും പാട്ടില്‍ രസിക്കാനുള്ള മനസ്സുമാണ് എനിക്ക് രക്ഷ'' എന്നു തന്റെ അക്ഷോഭ്യതയുടെ രഹസ്യം അദ്ദേഹം നമുക്കു പറഞ്ഞുതരുന്നു. 'മനസാ സ്മരാമി'യുടെ ആദ്യഖണ്ഡികകളില് ഭാവനാസമ്പന്നനും വശ്യവചസ്സുമായ ഒരു കവിയെയും ഒപ്പം സ്ഥിതപ്രജ്ഞനായ, ജീവിതത്തിന്റെ പൊരുളറിഞ്ഞ ഒരു ചിന്തകനെയും നാം കണ്ടെത്തുന്നു. ഈ അന്തര്മ്മുഖത്വത്തിന്റെയും ആധ്യാത്മികത്വരയുടെയും മിന്നലാട്ടങ്ങള്‍ സാറിന്റെ ആത്മകഥ നല്കുന്ന ഏറ്റവും ആനന്ദകരമായ അനുഭൂതിയാണ്. 'ശൈലിതന്നെ മനുഷ്യന്' എന്ന ചൊല്ലിനു ഗുപ്തന് നായര്‍ സാറിനെക്കാള്‍ നല്ല ദൃഷ്ടാന്തം വേറെയില്ല. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ ആഭിജാത്യം, ആര്‍ജ്ജവം, സൗമ്യത - ഇതെല്ലാം സാറിന്റെ ഗദ്യശൈലിയിലുമുണ്ട്. മാധുര്യവും പ്രസാദവും മിതത്വവും അതിന്റെ മുഖമുദ്രകളാണ്. മലരികളും ചുഴികളും വെള്ളച്ചാട്ടങ്ങളുമൊന്നുമില്ലാതെ ഏതോ ധ്യാനത്തില്‍ ലയിച്ചതുപോലെ ഒഴുകുന്ന ഒരു പുഴ. ''കൃഷ്ണപുരത്തു ശങ്കരപ്പിള്ള വൈദ്യന്റെ മകന് ഗുപ്തന് നായരുടെ ഒരു പുസ്തകം ഈയിടെ കണ്ടു. 'ആധുനിക സാഹിത്യം.' നല്ല തെളിച്ചവും ഒഴുക്കുമുള്ള ശൈലി. നീ അതു വാങ്ങിച്ചു ശ്രദ്ധിച്ചു വായിക്കണം'' എന്നു പഴയ സിക്സ്ത്ത് ഫോമില്‍ വച്ച് എന്നെ ഉപദേശിച്ചതു വിദ്വാന് എ.പി. ജോണ്‍ സാര്‍ ആണ്. അഗാധമായ, സര്‍വ്വാശ്ലേഷിയായ പാണ്ഡിത്യത്തെ ഓണാട്ടുകരക്കാരനു ജന്മസിദ്ധമായ നര്മ്മബോധംകൊണ്ട് 'ഫ്ളേവര്‍' ചെയ്യാനുള്ള സാറിന്റെ അസൂയാവഹമായ കഴിവ് എടുത്തു പറയേണ്ടതുണ്ട്. (ആത്മകഥയിലെ 'വൃഷഭപുരാണം' എന്ന അദ്ധ്യായം ഒന്നാന്തരം ഉദാഹരണം.) സംഗീതത്തെ അതിരറ്റു സ്നേഹിച്ച ഗുപ്തന് നായര്‍ സാര്‍ നല്ല ഗായകനും സംഗീതജ്ഞനുമായിരുന്നു. ''ഭക്തിയാണ് സംഗീതത്തെ അലൗകികമാക്കുന്നത്'' എന്ന് അദ്ദേഹം വിശ്വസിച്ചു. മധുരമണി അയ്യരുടെ പാട്ടില്‍ ''അനിര്‍വചനീയമായ നാദബ്രഹ്മാനുഭൂതി'' കണ്ടെത്തിയ സാറാണ് ഇരയിമ്മന്‍ തമ്പിയുടെ വിശ്രുതമായ 'കരുണ ചെയ്വാനെന്തു താമസം' എന്ന കൃതിക്കു പരമ്പരാഗതമായ ശ്രീരാഗത്തെക്കാള് കരുണരസവ്യഞ്ജകമായ യദുകുല കാംബോജിയാണ് യോജിച്ചതെന്നു മഹാസംഗീതജ്ഞനായ ചെമ്പൈ വൈദ്യനാഥയ്യരെ ബോദ്ധ്യപ്പെടുത്തിയത്. പഠിപ്പിച്ച എല്ലാ കോളേജുകളിലെയും കലഹപ്രിയന്മാരെ അദ്ദേഹം കൈയിലെടുത്തത് ഈ അപൂര്വ്വസിദ്ധിയിലൂടെയാണ്. പദച്ഛേദം, അന്വയം, അന്വയാര്‍ത്ഥം, പരിഭാഷ, സാരം എന്ന ശുഷ്കമായ പരമ്പരാഗതസരണി വെടിഞ്ഞ്, പഠിപ്പിക്കേണ്ടുന്ന കവിതയുടെ ആത്മാവ് സംഗീതത്തിലൂടെ കണ്ടെത്താന്‍ കഴിഞ്ഞതാണ് അദ്ധ്യാപകനെന്ന നിലയില്‍ ഒരു വലിയ അളവുവരെ അദ്ദേഹത്തിന്റെ വിജയരഹസ്യമെന്നാണ് എന്റെ പക്ഷം. ആത്മകഥയിലെ നാടകസ്മരണകള്‍, ഗുപ്തന് നായരെന്ന അസാമാന്യ സിദ്ധികളുള്ള നടനിലേക്കു വെളിച്ചം വീശുന്നു. കൈനിക്കര സഹോദരന്മാര്, പി.കെ. വിക്രമന് നായര്‍, സി.ഐ. പരമേശ്വരന് പിള്ള, വീരരാഘവന് നായര്‍, എന്‍.പി.ചെല്ലപ്പന് നായര്‍, ടി.ആര്. സുകുമാരന്‍ നായര്‍, ടി.എന്‍.ഗോപിനാഥന് നായര്‍ തുടങ്ങിയ പ്രമാണികളോടൊപ്പം അദ്ദേഹം തിരുവനന്തപുരത്തെ അമേച്വര്‍ നാടക വേദിയെ ധന്യമാക്കി. (എന്‍.പി.യോട് അദ്ദേഹത്തിനു സവിശേഷമായ ഒരു പ്രതിപത്തിയുണ്ടായിരുന്നു. എന്‍.പിയുടെ 'ലേഡി ഡോക്ടര്‍' എന്ന നാടകത്തിലെ ഭീരുവായ മധു എന്ന ചിത്രകാരനെ ഗുപ്തന് നായര്സാര് അനശ്വരനാക്കിയത് ഏഴുവയസ്സുള്ളപ്പോള്‍ ആ നാടകം കണ്ട ഞാന്‍ ഇന്നും ഓര്‍ക്കുന്നു. കഥാപാത്രങ്ങളോട് അനായാസമായി നേടാന്‍ കഴിഞ്ഞ ഈ തന്മയീഭാവമായിരുന്നു കഴിവുറ്റ എല്ലാ നടന്മാരെയും പോലെ സാറിന്റെയും മികവിന്റെ രഹസ്യം.) ശാകുന്തളത്തില്‍ കാളിദാസന് ഭാവസ്ഥിരങ്ങളായ 'ജനനാന്തര സൗഹൃദങ്ങ'ളെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. അത്തരം എന്തോ പൂര്വജന്മസൗഹൃദമാണോ അദ്ദേഹത്തിന്റെ അന്തേവാസിയാകാനുള്ള ഭാഗ്യം എനിക്കില്ലാതെ പോയിട്ടും വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ എന്നെ ആ വലിയ മനുഷ്യനിലേക്ക് ആകര്‍ഷിച്ചത്? അറിഞ്ഞു കൂടാ. ഒരു പക്ഷേ, എന്റെ അച്ഛന് എന്‍.പി. ചെല്ലപ്പന് നായരോടുള്ള ചിരന്തനമായ സ്നേഹാദരങ്ങളാകാം ഗുപ്തന് നായര്‍ സാറിന് എന്നോടുണ്ടായിരുന്ന വാത്സല്യത്തിന്റെ നിദാനം. ആത്മകഥയില്‍ മമതാബന്ധങ്ങളെപ്പറ്റി ദാര്‍ശനിക ധ്വനിയോടെ അദ്ദേഹം ഇങ്ങനെ എഴുതുന്നു: ''നീണ്ട ജീവിതയാത്രയ്ക്കിടയില്‍ യാദൃച്ഛികമായി അവര്‍ വരുന്നു. ചിലരോട് അകാരണമായി കൂടുതല്‍ അടുക്കുന്നു.'' ജീവിതമെന്ന പെരുവഴിയമ്പലത്തില്‍ അദ്ദേഹം കണ്ടുമുട്ടിയ പാന്ഥന്മാരിലൊരുവനായിരിക്കണം ഞാനും - അനിവാര്യമായ വിയോഗത്തിനു മുമ്പുള്ള ഒരു സമ്മേളനം, അദ്ദേഹത്തിന്റെ ശൈലിയില്‍ ഒരു ''യാദൃച്ഛികതയുടെ പുനരാവര്‍ത്തനം.'' പക്ഷേ, ആ യാദൃച്ഛികത, എനിക്ക് അനര്‍ഘമായ ഒരനുഭൂതിയായിരുന്നു, ഒരപൂര്‍വ സുകൃതമായിരുന്നു.