ഭാസ്‌കര്‍റാവുജി വിടപറഞ്ഞിട്ട് 17 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഭാസ്‌കര്‍റാവുജിയെ കാണുന്നത് 1980-ല്‍ തലശ്ശേരിയില്‍ വീട്ടില്‍ വന്ന വേളയിലാണ്. പിന്നീട് പൂജനീയ ദേവറസ്ജിയുടെ കേരള സന്ദര്‍ശനവേളയില്‍ പ്രബന്ധകായി അഡ്വ: വി.പി. ഗോപിനാഥന്റെ വീട്ടില്‍ കഴിഞ്ഞപ്പോഴും ഭാസ്‌കര്‍റാവുജി എന്ന സംഘാടകന്റെ കണിശമായ പെരുമാറ്റവും വ്യവസ്ഥാകൗശല്യവും മനസ്സിലാക്കാനുള്ള അവസരം ലഭിക്കുകയുണ്ടായി. പിന്നീട് 1982ല്‍ കോളേജ് വിദ്യാഭ്യാസത്തിനുശേഷം എറണാകുളത്തുനടന്ന പ്രചാരക വര്‍ഗ്ഗില്‍ ഭാസ്‌കര്‍റാവുജിയുമായി കൂടുതല്‍ അടുത്തു. ഭാസ്‌കര്‍റാവുജിയുടെ പ്രേരണയാല്‍ വിസ്താരകനായി സംഘടനാപ്രവര്‍ത്തനത്തിന്റെ ആദ്യപടവുകള്‍ കയറി. യാത്രയില്‍ കൂടെ കൂട്ടുകയും സംഘടനാപ്രവര്‍ത്തനത്തിന്റെ വിവിധവശങ്ങള്‍ പിതൃസഹജമായ സ്‌നേഹത്തോടെ പറഞ്ഞുതരികയും ചെയ്യുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
സംഘര്‍ഷഭരിതമായ തലശ്ശേരിയുമായി ഭാസ്‌കര്‍റാവുജിക്ക് വളരെ ഗാഢമായ ബന്ധമുണ്ടായിരുന്നു. 1981 ഏപ്രില്‍ മാസം വരെ ഉത്തരകേരളത്തില്‍ 26 സ്വയംസേവകര്‍ മാര്‍ക്‌സിസ്റ്റ് കൊലക്കത്തിക്കിരയായിക്കഴിഞ്ഞിരുന്നു. അത്തരം ഭീകര അന്തരീക്ഷത്തിലും സ്വയംസേവകര്‍ക്ക് ആത്മവിശ്വാസം പകരാന്‍ ഭാസ്‌കര്‍റാവുജി അവര്‍ക്കിടയില്‍ എത്തിയിരുന്നു. ഹൃദ്‌രോഗ ബാധിതനായതിനുശേഷം യാത്ര പാടില്ലെന്ന നിര്‍ദ്ദേശം അവഗണിച്ച് പിന്നീടും അദ്ദേഹം തലശ്ശേരിയില്‍ എത്തി. എല്ലാഘട്ടങ്ങളിലും സ്വയംസേവകരുടെ മുന്നില്‍ മുതിര്‍ന്ന പ്രവര്‍ത്തകര്‍ ആദര്‍ശമായി നിലകൊള്ളണമെന്ന കാര്യം ആ യാത്രയ്ക്കിടയില്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. വേണ്ടിവന്നാല്‍ പ്രാണന്‍ കൊടുക്കുന്നതിലും അവര്‍ മുന്‍പന്തിയിലുണ്ടാവണം എന്നദ്ദേഹം പറയുമായിരുന്നു. അഞ്ച് ദശകങ്ങള്‍ പിന്നിട്ട ഈ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ സ്വയംസേവകരില്‍ അണയാത്ത പ്രേരണയായിത്തീരാന്‍ ഭാസ്‌കര്‍റാവുജിയുടെ സ്മരണകള്‍ക്ക് ഇന്നും സാധിക്കുന്നുവെന്നത് തലശ്ശേരിയിലും പരിസരങ്ങളിലുമുള്ള സ്വയംസേവകരില്‍ അദ്ദേഹം ചെലുത്തിയ സ്വാധീനം തെളിയിക്കുന്നു.
ബൈപാസ് സര്‍ജറിയെതുടര്‍ന്ന് 1984 ല്‍ പ്രാന്ത പ്രചാരകനെന്ന ചുമതലയില്‍ നിന്നദ്ദേഹം ഒഴിഞ്ഞു. തുടര്‍ന്ന് മുംബൈ കേന്ദ്രമാക്കി വനവാസി കല്യാണ്‍ ആശ്രമത്തിന്റെ ദേശീയ സഹസംഘടനാ കാര്യദര്‍ശിയെന്ന ചുമതല വഹിച്ചു. കേരളത്തിലുണ്ടായിരുന്ന കാലത്ത് അദ്ദേഹം വനവാസികള്‍ക്കിടയിലും മത്സ്യപ്രവര്‍ത്തകര്‍ക്കിടയിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നു. ‘വനവാസി കല്യാണ്‍ ആശ്രമം’ എന്ന സംഘടനയുടെ കേരളഘടകം സ്ഥാപിതമാകുന്നതിന് മുന്‍പ് തന്നെ ‘ആദിവാസിസംഘം’ എന്ന പേരില്‍ സംഘടന കെട്ടിപ്പടുത്തുകൊണ്ട് വനവാസി മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനായി ശ്രമം ആരംഭിച്ചു കഴിഞ്ഞിരുന്നു. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ എന്ന പേരില്‍ വയനാട്ടിലെ വനവാസി സഹോദരന്മാരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനായി സേവാപ്രവര്‍ത്തനത്തിന് തുടക്കം കുറിക്കപ്പെട്ടിരുന്നു. വനവാസി വിഷയങ്ങളില്‍ ഭാസ്‌കര്‍ റാവുജി കാണിച്ചിരുന്ന പ്രത്യേക താല്‍പര്യമായിരിക്കാം വനവാസികല്യാണാശ്രമത്തിന്റെ നേതൃത്വം വഹിക്കാനുള്ള ചുമതല അദ്ദേഹത്തിനുമേല്‍ വന്നുചേരാനിടയാക്കിയത്.
1985 ല്‍ വനവാസി കല്യാണ്‍ ആശ്രമത്തിന്റെ അഖില ഭാരതീയ സംഘടനാ കാര്യദര്‍ശിയായ ഭാസ്‌കര്‍റാവുജിയില്‍ നിന്ന് നാഗാലാന്റില്‍ വനവാസി കല്യാണ്‍ ആശ്രമത്തിന്റെ പ്രവര്‍ത്തകനായി പോകണമെന്ന നിര്‍ദ്ദേശം ഒരു ദിവസം എനിക്ക് കിട്ടി. അപ്രതീക്ഷിതമായ നിര്‍ദ്ദേശമായതിനാല്‍ ഞാന്‍ ധര്‍മ്മസങ്കടത്തിലായി. എന്നാല്‍ അദ്ദേഹം നല്‍കിയ ആത്മവിശ്വാസത്തോടെ ഞാന്‍ നാഗാലാന്റിലേയ്ക്ക് പോയി.
നാഗാലാന്റില്‍ പ്രവര്‍ത്തിക്കവെ ഭാസ്‌കര്‍റാവുജിയുടെ എഴുത്ത് എല്ലാ മാസവും ലഭിക്കാറുണ്ടായിരുന്നു. ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണ്‍ സൗകര്യം അന്നില്ലായിരുന്നു. ഞങ്ങളുടെ മേല്‍വിലാസം ഭീമാപൂര്‍ നഗരത്തിലാണ്. അവിടെ നിന്ന് 13 കി.മീ അകലെയുള്ള തെന്നിംഗിലായിരുന്നു എന്റെ പ്രവര്‍ത്തനകേന്ദ്രം. കത്തുകിട്ടാന്‍ വീണ്ടും ഒരാഴ്ചയെങ്കിലും സമയമെടുക്കുമായിരുന്നു. വീടുമായും സുഹൃത്തുക്കളുമായും സമ്പര്‍ക്കം വെച്ചുപുലര്‍ത്താന്‍ മറ്റ് മാധ്യമങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ ഭാസ്‌കര്‍ റാവുജിയുടെ കത്ത് ഞങ്ങള്‍ക്കെത്രമാത്രം ആശ്വാസം പകര്‍ന്നിരുന്നു എന്ന് പറഞ്ഞറിയിക്കാന്‍ വയ്യ.
തെന്നിംഗില്‍നിന്ന് ഒരു പ്രധാന പ്രവര്‍ത്തകന്‍ സംഘടനാ രംഗത്തുനിന്ന് തിരിച്ചുപോവുകയുണ്ടായി. അതോടെ അവിടെ പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയത്തിന്റെ നില പരിതാപകരമായി. ജെലിയാങ് നാഗാ സമുദായത്തില്‍പ്പെട്ട 90% ആളുകളും ക്രിസ്തുമതത്തിലേയ്ക്ക് മതം മാറിയ ഈ മേഖലയിലാണ് ജെലിയാങ് റോങ് ഹരാക്കാ വിദ്യാലയം എന്ന വനവാസികല്യാണശ്രമത്തിന്റെ സ്‌കൂള്‍. ഇത് നഷ്ടപ്പെടാതിരിക്കാന്‍ ഭാസ്‌കര്‍റാവുജി ഒന്നു രണ്ട് പ്രവര്‍ത്തകരെകൂടി പുതുതായി തേടിപ്പിടിച്ച് നാഗാലാന്റിലേയ്ക്കയച്ചു. വേണ്ടത്ര അനുഭവസ്ഥരല്ലെങ്കിലും ഈ പുതിയ പ്രവര്‍ത്തകന്മാര്‍ തത്സമയത്തെ വെല്ലുവിളികളെ അതിജീവിക്കുന്നതില്‍ വിജയിച്ചു. വിദ്യാലയത്തിന്റെ നിലവാരം മെച്ചപ്പെട്ടുതുടങ്ങി. ഈ സ്ഥാപനത്തിന്റെ പേരിലായിരുന്നു അവിടെ കല്യാണശ്രമത്തിന്റെ പ്രവര്‍ത്തനം നടത്തിയിരുന്നത്. പുതുതായി എത്തിയ പ്രവര്‍ത്തകരുടെ കഠിനമായ പരിശ്രമം കൊണ്ട് കാര്യങ്ങള്‍ നേരാംവണ്ണം നടന്നപ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ഭാസ്‌കര്‍റാവുജിയായിരുന്നു. ഭാസ്‌കര്‍റാവുജി പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിങ്ങനെ എഴുതി ” I am very glad enough to see that dear, Kannan and his team have rise according to the situation and resolved the crisis. They have proved that they are capable of doing tremendous work. Had they lacked the confidence, they would have fled away from the field. Appreciate all of them.”
1988ല്‍ മെയ്മാസത്തില്‍ ഭാസ്‌കര്‍റാവുജി തെന്നിംഗിലെത്തിയ സമയത്തായിരുന്നു നാഗാലാന്റില്‍ ആദ്യമായി യുവജന ശിബിരം സംഘടിപ്പിക്കപ്പെട്ടത്. ശിബിരത്തില്‍ 67 യുവാക്കള്‍ എത്തിച്ചേര്‍ന്നു. നാഗാലാന്റിലെ പര്‍വ്വതപ്രദേശങ്ങളിലെ കാല്‍നടയായുള്ള യാത്രയും തീവ്രവാദികളുടെ ഒളിസങ്കേതങ്ങളായ ഗ്രാമത്തിലെ അന്തിയുറക്കവും വലിയ വെല്ലുവിളിയാണിവിടെ. എന്നിട്ടും 67 പേര്‍ ശിബിരത്തില്‍ പങ്കെടുത്തുവെന്നത് ഒരു വലിയ വിജയമായിരുന്നു. മൂന്നു ദിവസം നീണ്ടുനിന്നതായിരുന്നു ശിബിരം. നാഗന്മാരുടെ പരമ്പരാഗത ധര്‍മ്മമായ ഹരാക്ക മതത്തെ സംരക്ഷിക്കാനും സംഘടിച്ച് മുന്നേറാനും യുവാക്കളോട് ഭാസ്‌കര്‍റാവുജി ആഹ്വാനം ചെയ്തു. ഈ ശിബിരം പ്രവര്‍ത്തനത്തെ ഒന്നുകൂടി ദൃഢവത്താക്കി. പ്രവര്‍ത്തകരെ അവരുടെ കര്‍മ്മക്ഷേത്രത്തില്‍ ചെന്നുകാണുക, അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കി സംസാരിക്കുക എന്നത് അദ്ദേഹത്തിന് പ്രത്യേകം താല്‍പര്യമുള്ള കാര്യങ്ങളായിരുന്നു. അദ്ദേഹം ഓരോ പ്രവര്‍ത്തകരുടെയും മനസ്സിലെ വികാരവിചാരങ്ങളുമായി എത്ര പെട്ടെന്നാണ് അടുക്കുക. ഭാസ്‌കര്‍റാവുജി എല്ലാവരുമായും ഹൃദയത്തിന്റെ ഭാഷയിലാണ് പെരുമാറിയിരുന്നത്.
തെന്നിംഗില്‍ നിന്നുള്ള മടക്കയാത്രയില്‍ അദ്ദേഹം ഓള്‍ഡ് ടെസന്‍ എന്ന നാഗാ ഗ്രാമത്തിലായിരുന്നു തങ്ങിയത്. ഗ്രാമവാസികളുമായി കല്യാണാശ്രമം പ്രവര്‍ത്തകര്‍ ഒരുപാട് ഇണങ്ങിച്ചേര്‍ന്ന് കഴിഞ്ഞിരിക്കുന്നുവെന്ന് മനസ്സിലാക്കിയ അദ്ദേഹം വളരെ സന്തോഷവാനായി കാണപ്പെട്ടു. ഓരോ പ്രവര്‍ത്തകന്റെയും വ്യക്തിപരമായ ഉയര്‍ച്ചയും വളര്‍ച്ചയും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
നാഗാലാന്റില്‍ നിന്ന് ആദ്യമായി ഞാന്‍ വീട്ടിലേക്ക് വന്നത് ഏതാണ്ട് രണ്ടുവര്‍ഷം പൂര്‍ത്തിയായപ്പോഴായിരുന്നു. 1989 മെയ് മാസം എന്നെ അദ്ദേഹം മുംബെയിലേയ്ക്ക് വിളിപ്പിച്ചു. രാഷ്ട്രത്തിന്റെ അഖണ്ഡതയും ഏകാത്മതയും നിലനിര്‍ത്തുന്നതില്‍ നാഗാലാന്റില്‍ നടന്നുവരുന്ന ചെറുതും വലുതുമായ ഏതൊരു പ്രവര്‍ത്തനവും അതിനായി നിയോഗിക്കപ്പെട്ട പ്രവര്‍ത്തകരും എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നു എന്നതുകൊണ്ടാണ് ഭാസ്‌കര്‍റാവുജി അവിടങ്ങളിലെ പ്രവര്‍ത്തകരില്‍ പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നത്.
1989ല്‍ മുംബൈ കാര്യാലയത്തില്‍ വച്ച് ഭാസ്‌കര്‍റാവുജിയുമായി വിവിധ വിഷയങ്ങളില്‍ തുറന്ന ചര്‍ച്ച നടന്നിരുന്നു. നാഗാലാന്റില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടത്ര സംതൃപ്തി ലഭിക്കുന്നില്ലെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം ഉടനെ പ്രതികരിച്ചില്ല. പറയാനുള്ളതൊക്കെ അദ്ദേഹം താല്പര്യത്തോടെ കേട്ടുകൊണ്ടിരുന്നു. വൈകുന്നേരം അനൗപചാരികമായ സംസാരവേളയില്‍ അദ്ദേഹം പറഞ്ഞു ”കേരളത്തില്‍ പ്രവര്‍ത്തിച്ചതില്‍ എനിക്കുള്ള സംതൃപ്തി 2000 ശാഖ ഉണ്ടായി എന്ന ഫലത്തിലധിഷ്ഠിതമല്ല; മറിച്ച് ഞാന്‍ ചെയ്യേണ്ട പ്രവൃത്തി നിഷ്ഠാപൂര്‍വ്വം നിര്‍വ്വഹിച്ചുവെന്നുള്ളതാണ്. കേരളത്തെ മനസ്സിലാക്കുക, ഭാഷവശമാക്കുക, മലയാളിയുടെ ജീവിതശൈലി ഉള്‍ക്കൊള്ളുക, വിസ്തൃതമായി യാത്ര ചെയ്യുക എന്നീ കാര്യങ്ങള്‍ നിഷ്ഠാപൂര്‍വ്വം ചെയ്യാന്‍ സാധിച്ചു എന്നുള്ളതിലാണ് സംതൃപ്തി. പരിണിതഫലമായി ശാഖകളുടെ എണ്ണം 2000 ഓളം ആയി എന്നത് ശരിതന്നെ. എന്നാല്‍ ശാഖകളുടെ എണ്ണം 1000 മാത്രമേ ഉണ്ടായിരുന്നുവെങ്കിലും എന്റെ സംതൃപ്തിക്ക് കുറവൊന്നും സംഭവിക്കില്ല”. സംതൃപ്തി കര്‍ത്തവ്യനിര്‍വ്വഹണത്തിലാണ് കണ്ടെത്തേണ്ടതെന്ന് അദ്ദേഹം പരോക്ഷമായി ഞങ്ങളെ ബോധ്യപ്പെടുത്തുകയായിരുന്നു. പ്രവര്‍ത്തനം പൂര്‍ണ്ണമനോയോഗത്തോടെ ചെയ്യുകയെന്നതാണ് കര്‍ത്തവ്യമെന്നു അദ്ദേഹം പറയാതെ പറഞ്ഞു. പരിണാമം മറ്റുപല ഘടകങ്ങളെയും ആശ്രയിച്ചിരുന്നു. കര്‍ത്തവ്യകര്‍മ്മത്തില്‍ നിഷ്ഠവെച്ചുപുലര്‍ത്തുന്നതോടൊപ്പം അതില്‍ സംതൃപ്തി കണ്ടെത്തുകയാണ് പ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം സ്വന്തം അനുഭവത്തിലൂടെ വ്യക്തമാക്കുകയായിരുന്നു. അവസാന ശ്വാസംവരെ കര്‍മ്മനിരതനായിരിക്കണമെന്ന് ഭാസ്‌കര്‍റാവുജി ആഗ്രഹിച്ചിരുന്നു. അഖിലഭാരതീയ സംഘടനാ കാര്യദര്‍ശി എന്ന നിലയില്‍ അദ്ദേഹം 1998 ലാണ് അവസാനമായി ഗുവാഹട്ടിയില്‍ എത്തിയത്.
അദ്ദേഹത്തെ കാണാന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രധാന പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഓരോ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകരുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തുക എന്നത് അദ്ദേഹത്തിന്റെ ശൈലിയായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങള്‍ വൈവിധ്യം നിറഞ്ഞതാകയാല്‍ അവയെല്ലാം ശ്രദ്ധിച്ച് കേട്ട് പ്രത്യേകമായി അവരുമായി ചര്‍ച്ചചെയ്യുകയാണ് ചെയ്തിരുന്നത്.
വടക്കുകിഴക്കന്‍ മേഖലയിലെ ”ധര്‍മ്മ സംസ്‌കൃതി സുരക്ഷാമഞ്ച്” രൂപീകരിക്കുന്നതില്‍ ഭാസ്‌കര്‍റാവുജിയുടെ പങ്ക് എടുത്ത് പറയേണ്ടതാണ്. അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് നിരന്തരം ചര്‍ച്ചചെയ്തു. സംഘടനാകാര്യദര്‍ശി എന്ന ചുമതലയില്‍നിന്ന് വിരമിച്ചതിനുശേഷവും 1999ലെ ഡിസംബര്‍ മാസത്തില്‍ ജെലിയാങ് റോങ് ഹരാക്കാ അസോസിയേഷന്റെ രജതജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഹാഫ്‌ലോങിലെത്തി. ഈ അവസരത്തില്‍ വിവിധ സമുദായങ്ങളില്‍ ധാര്‍മ്മിക നേതൃത്വം വഹിക്കുന്നവരെ പ്രവര്‍ത്തകന്മാര്‍ ക്ഷണിച്ചു വരുത്തിയിരുന്നു. ഭാസ്‌കര്‍റാവുജിയുടെ സാന്നിദ്ധ്യത്തില്‍ ധര്‍മ്മ സംസ്‌കൃതി സുരക്ഷാമഞ്ച് രൂപീകരിക്കാന്‍ പ്രാഥമിക ചര്‍ച്ച നടത്തുകയുണ്ടായി. ഡിസംബര്‍ മാസത്തിലെ മരം കോച്ചുന്ന തണുപ്പില്‍ സംഘടിപ്പിച്ച ഈ സമ്മേളനത്തില്‍ മുഴുവന്‍ സമയവും പങ്കുചേര്‍ന്നെങ്കിലും വേദിയിലിരിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. വടക്കുകിഴക്കന്‍ മേഖലയിലെ പ്രശ്‌നങ്ങളുമായി അദ്ദേഹം വൈകാരികമായി എത്രമാത്രം ബന്ധം വെച്ച് പുലര്‍ത്തിയിരുന്നു എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു സമ്മേളനം. ശരീരം പ്രവര്‍ത്തിക്കാനുള്ള ഉപകരണം മാത്രമാണ്. ശരീരം പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ ഹൃദയം സക്ഷമമായത് കൊണ്ടെന്ത് കാര്യം. ഇതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
മറ്റൊരവസരത്തില്‍ അദ്ദേഹം തെക്കന്‍ അസമിലെ സില്‍ചറില്‍ വരികയുണ്ടായി. എന്റെ കൈയ്യില്‍ മഹര്‍ഷി അരവിന്ദന്റെ പുസ്തകം കണ്ട് അദ്ദേഹം പറഞ്ഞു, തത്വശാസ്ത്രം പഠിച്ചിട്ടെന്ത് കാര്യം. കര്‍മ്മയോഗത്തെകുറിച്ച് മനസ്സിലാക്കൂ. വിവേകാനന്ദന്റെ കൊളംബോ മുതല്‍ അല്‍മോറവരെ വായിക്കൂ. പ്രവര്‍ത്തകരുടെ ചായ്‌വ് ആദ്ധ്യാത്മികതയിലേക്ക് തിരിയുന്നതിന് പകരം കര്‍മ്മയോഗത്തിന്റെ സ്വാധീനം അവരില്‍ തെളിഞ്ഞുനില്‍ക്കണമെന്ന്അദ്ദേഹം ആഗ്രഹിച്ചു.
അസം യാത്രയില്‍ മുഴുവന്‍സമയ പ്രവര്‍ത്തകരുടെ ശിബിരത്തില്‍ അദ്ദേഹം പങ്കെടുത്തു. ശിബിരം ഗുവാഹട്ടി നഗരത്തിലെ രാംമന്ദിരത്തില്‍വെച്ച് നടക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷമുള്ള വിശ്രമവേളയില്‍ അദ്ദേഹം ഏതോ പുസ്തകം വായിക്കുന്നത് കണ്ടു. അടുത്തുചെന്ന് നോക്കിയപ്പോള്‍ മഹാരാഷ്ട്രത്തിലെ ദിവംഗതരായ പ്രചാരകന്മാരുടെ ജീവചരിത്രമായിരുന്നു അതെന്ന് മനസ്സിലായി. ഈ പുസ്തകം പുതിയ പ്രവര്‍ത്തകര്‍ക്ക് പ്രേരണ നല്‍കുന്നതായിരുന്നു. അരനൂറ്റാണ്ടിലധികം ദേശത്തിന് വേണ്ടിസര്‍വ്വസ്വവും അര്‍പ്പിച്ച ഭാസ്‌കര്‍റാവുജി ശിശുസദൃശമായ മാനസികാവസ്ഥയോടെ പുസ്തകം വായിക്കുന്നത് കണ്ടപ്പോള്‍ അത്ഭുതമാണ് തോന്നിയത്.
ഭാസ്‌കര്‍റാവു എല്ലാവര്‍ക്കും സ്വന്തം കൈപ്പടയില്‍ കത്തെഴുതാറുണ്ടായിരുന്നു. ഇംഗ്ലീഷിലെഴുതുന്ന അദ്ദേഹത്തിന്റെ കൈയെഴുത്ത് വായിക്കാന്‍ എളുപ്പമായിരുന്നില്ല. എന്നാല്‍ വാക്കുകളിലെ ആഴം മനസ്സിനെ സ്പര്‍ശിക്കുന്നതായിരുന്നു.
മിസോറാമില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട റിയാംഗ് വിഭാഗങ്ങളോട് വളരെ അനുഭാവപൂര്‍ണ്ണമായ നിലപാടായിരുന്നു ഭാസ്‌കര്‍റാവുജിയുടേത്. അവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പ്രദാനം ചെയ്യാന്‍ ഭാസകര്‍റാവുജി വളരെ താല്പര്യം കാണിച്ചു. തുടര്‍ച്ചയായി ഒന്നു രണ്ടുവര്‍ഷം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടശേഷം ഈ പ്രവര്‍ത്തനം വീണ്ടും തുടരുന്നതിന്റെ ഔചിത്യത്തെക്കുറിച്ചും തുടര്‍ന്നാല്‍ വഹിക്കേണ്ടിവരുന്ന സാമ്പത്തിക ബാധ്യതയെകുറിച്ചും ബന്ധപ്പെട്ട പ്രവര്‍ത്തകര്‍ തത്സമയത്തെ സംഘടനാ കാര്യദര്‍ശിയായിരുന്ന ഗുണവന്ത്‌സിംഗ് കോഠാരിജിയുടെ ശ്രദ്ധയില്‍പെടുത്തുകയുണ്ടായി. തുടരണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുമ്പായി ഭാസ്‌കര്‍റാവുജിയുടെ അഭിപ്രായം ആരായാന്‍ എല്ലാവരും തീരുമാനിച്ചു. ഭാസ്‌കര്‍റാവുജി പറഞ്ഞു ”നിങ്ങള്‍തന്നെ വേണ്ടത് ആലോചിച്ച് തീരുമാനിച്ചോളൂ” എന്ന്. അദ്ദേഹം തുടര്‍ന്നു ”ഞാനെന്തെങ്കിലും അഭിപ്രായം പറയുന്നതിനുമുമ്പായി അഭയാര്‍ത്ഥിശിബിരം സന്ദര്‍ശിക്കാനാഗ്രഹിക്കുന്നു”. അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അഭയാര്‍ത്ഥി ശിബിരം സന്ദര്‍ശിക്കാനുള്ള തീരുമാനമുണ്ടായി. 80 കഴിഞ്ഞ രോഗബാധിതനായ, ചുമതല വിട്ടൊഴിഞ്ഞ ഭാസ്‌കര്‍റാവുജി ത്രിപുരയിലെ കഞ്ചന്‍പൂരിനടുത്ത് ഗോസിംപാറയില്‍ സ്ഥിതിചെയ്യുന്ന അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ചു. അദ്ദേഹം പകല്‍ മുഴുവനുമവിടെക്കഴിച്ചുകൂട്ടി. അവരോടൊപ്പം ഉച്ചഭക്ഷണം കഴിച്ചു. അവരുടെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അദ്ദേഹം നേരിട്ട് മനസ്സിലാക്കി. സില്‍ചറിലെത്തിയശേഷം ദുരിതാശ്വാസപ്രവര്‍ത്തനം തുടര്‍ന്നും നടത്തണമെന്നദ്ദേഹം ഞങ്ങളോട് പറഞ്ഞു. ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരെയിരുന്നു കൊണ്ട് ഏതെങ്കിലും കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ശരിയാവില്ലെന്നും ആ പ്രദേശത്തുകാരുടെ വികാരങ്ങളെ കൂടി കണക്കിലെടുത്തേ തീരുമാനമെടുക്കാവൂ എന്നും അദ്ദേഹം പഠിപ്പിക്കുകയായിരുന്നു ഇതിലൂടെ.
ഭാസ്‌കര്‍റാവുജി ജീവിതത്തില്‍ അവസാനനാളുകള്‍ കേരളത്തിലാണ് ചെലവഴിച്ചത്. അദ്ദേഹത്തിനെ പരിചരിക്കാന്‍ ശിവവ്രതമൊഹന്തി(തപ്പു) എന്നും കൂടെയുണ്ടാകുമായിരുന്നു. ആരും തന്നെ കാണാന്‍ വരേണ്ടതില്ല എന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചിരുന്നു. അതിന് കാരണം പറഞ്ഞത് ‘പ്രവര്‍ത്തകര്‍ എന്നെ കാണാന്‍ സമയം പാഴാക്കേണ്ടതില്ല’ എന്നതായിരുന്നു. ഇതാണദ്ദേഹത്തിന്റെ മനോഗതം. ഈ കാര്യം അദ്ദേഹം ഗുണവന്ത്ജിക്ക് എഴുതിയിരുന്നു. എനിക്ക് ഭാസ്‌കര്‍റാവുജിയെ കേരളത്തില്‍വന്നുകാണാന്‍ അനുവാദം കിട്ടി. ഞാന്‍ കേരളത്തിലെത്തി. എറണാകുളം മാധവനിവാസിലെ അദ്ദേഹത്തിന്റെ മുറിയിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് ദേഷ്യം പ്രകടമായിരുന്നു. ‘എന്താ? വേറെ പണിയൊന്നുമില്ലേ? എന്നെക്കാണാന്‍ വന്നിരിക്കുന്നു’ എന്ന് ദേഷ്യം പ്രകടിപ്പിച്ചു കൊണ്ടെന്നോട് ചോദിച്ചു.
പൂജനീയ സ്വാമി അസീമാനന്ദജി (ഇദ്ദേഹത്തെയായിരുന്നു നക്‌സലെറ്റുകള്‍ കൊലപ്പെടുത്തിയത്) ഭാസ്‌കര്‍റാവുജിയെ കാണാനായി മാധവനിവാസില്‍ എത്തി. അദ്ദേഹത്തോട് ഭാസ്‌കര്‍റാവുജിയ്ക്ക് വളരെ അടുത്ത ബന്ധമായിരുന്നു. സ്വാമിജിയെ കണ്ടതോടെ ഭാസ്‌കര്‍റാവുജി അത്യന്തം വികാരഭരിതനായി. പിന്നീടദ്ദേഹം വളരെ സന്തോഷവാനായി കാണപ്പെട്ടു. അദ്ദേഹം സ്വാമിജിയോട് പറഞ്ഞു, ”കേരളത്തെ മനസ്സിലാക്കണെമെങ്കില്‍ തലശ്ശേരിയില്‍ പോകണം. അവിടുത്തെ സ്വയംസേവകര്‍ നേരിടുന്ന സംഘര്‍ഷാവസ്ഥയെക്കുറിച്ചറിയണം”. ഭാസ്‌കര്‍റാവുജി പറഞ്ഞതനുസരിച്ച് അസീമാനന്ദജിയോടൊപ്പം തലശ്ശേരി സന്ദര്‍ശിച്ച് തിരിച്ചെത്തി. ഭാസ്‌കര്‍റാവുജിയെ കണ്ടു. ഭാസ്‌കര്‍റാവുജി മുമ്പത്തേക്കാള്‍ ക്ഷീണിതനായിരുന്നു. കിടക്കയില്‍ അദ്ദേഹത്തിന്റെ സമീപത്തിരുന്ന് ഞാന്‍ മൂളിപ്പാട്ട് പാടി. അദ്ദേഹം എന്നോട് ഉറക്കെപാടാന്‍ ആവശ്യപ്പെട്ടു. ഭാസ്‌കര്‍റാവുജിക്ക് ഗുരുജിയുമായി അടുത്തബന്ധമുണ്ടായിരുന്നുവെന്ന് മനസ്സിലാക്കിയ ഞാന്‍ ”ചാഹിയേ ആശിഷ് മാധവ്” എന്ന ഗാനം പാടിത്തുടങ്ങി. ഭാസ്‌കര്‍റാവുജിയും എന്നോടൊപ്പം പാടുന്നുണ്ടായിരുന്നു. മുഴുവന്‍ പാട്ടും അദ്ദേഹം എന്നോടൊപ്പം പാടി. പൂര്‍ണ്ണമായപ്പോള്‍ ”മനസ്സ് നിറഞ്ഞിരിക്കുന്നു” ഇനി പൊയ്‌ക്കോളൂ” എന്ന് പറഞ്ഞുകൊണ്ട് ചുവരിനോട് മുഖംതിരിച്ച് അദ്ദേഹം കിടന്നു. ഞാന്‍ ലൈറ്റണച്ച് മുറിയില്‍നിന്ന് പുറത്തിറങ്ങി.
അദ്ദേഹവുമായുള്ള അവസാനത്തെ കൂടിക്കാഴ്ചയാവും അതെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഞാന്‍ വീണ്ടും തിരിച്ച് അദ്ദേഹത്തിന്റെ മുറിയിലെത്തി. ഞാനൊരിക്കലും അദ്ദേഹത്തിന്റെ കാല്‍തൊട്ട് വന്ദിച്ചിട്ടുണ്ടായിരുന്നില്ല. എന്നാല്‍ കാല്‍തൊട്ട് വന്ദിക്കണമെന്നെനിക്ക് തോന്നി. അദ്ദേഹം അര്‍ദ്ധനിദ്രയിലോ അതോ ഏതോ ചിന്തയിലോ ആയിരുന്നു. മുഖം ഇപ്പോഴും ചുമരിനോട് ചേര്‍ന്നാണുള്ളത്. ഞാന്‍ മെല്ലെ ചെന്ന് അദ്ദേഹത്തിന്റെ കാല്‍തൊട്ട് വന്ദിച്ചു. അദ്ദേഹം പെട്ടെന്നെഴുന്നേറ്റു. ഇനിയും പോയില്ലേ? എന്ന് ചോദിച്ചു. മെല്ലെ മെല്ലെ എല്ലാമോഹങ്ങളും ത്യജിച്ച് മറ്റൊരു ലോകത്തിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹമെന്ന് എനിക്കുതോന്നി. ആ കര്‍മ്മയോഗി മെല്ലെ മെല്ലെ നിര്‍ലിപ്തത കൈവരിക്കുന്ന വിരക്തിയിലേയ്ക്ക് പിന്‍വലിയുന്ന ഒരപൂര്‍വ്വ അനുഭവത്തിന് വേദനയോടെ സാക്ഷ്യം വഹിക്കേണ്ടിവന്നു. സംഘടനാ പ്രവര്‍ത്തനത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ ഇന്നും ഭാസ്‌കര്‍റാവുജി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ശക്തി പകരുകയാണ്.
(ലേഖകന്‍ വനവാസി കല്യാണ്‍ ആശ്രമം അഖിലഭാരതീയ
ശ്രദ്ധാജാഗരണ്‍ പ്രമുഖ് ആണ്).