Thursday, July 17, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

പരാജയപ്പെടുന്ന പാക് ഭീകരത

ജി.കെ.സുരേഷ് ബാബു

Print Edition: 16 May 2025

ഒരിക്കല്‍ക്കൂടി പാകിസ്ഥാന്‍ ഭാരതസൈന്യത്തിനുമുന്നില്‍ പരാജയം സമ്മതിച്ച് വെടിനിര്‍ത്തലിന് ആവശ്യപ്പെട്ട് കീഴടങ്ങിയിരിക്കുന്നു. പാകിസ്ഥാന്‍ ഡ്രോണ്‍ ഉപയോഗിച്ച് ഭാരതത്തിന്റെ അതിര്‍ത്തിയില്‍ ആക്രമണം നടത്താന്‍ ശ്രമിച്ചെങ്കിലും ഭാരതത്തിന്റെ ശക്തമായ പ്രതിരോധസംവിധാനത്തില്‍ അതെല്ലാം തകര്‍ന്ന് നിലംപരിശായി. അതേസമയം പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സൈനിക ഉദ്യോഗസ്ഥര്‍ അടക്കം എട്ടുപേര്‍ മരണമടഞ്ഞു. ഇതേ തുടര്‍ന്നാണ് ഭാരതം അതിശക്തമായി വീണ്ടും തിരിച്ചടിച്ചത്. ബ്രഹ്മോസ് മിസൈല്‍ ഉപയോഗിച്ച് നടത്തിയ അതിശക്തമായ ആക്രമണത്തില്‍ പാകിസ്ഥാന്റെ മൂന്ന് ആണവായുധ സംഭരണകേന്ദ്രങ്ങള്‍ അടക്കം തകര്‍ന്നു എന്നാണ് സൂചന.

റാവല്‍പിണ്ടിക്കടുത്ത് ചക്ക്‌ലാക്കിലെ നൂര്‍ഖാന്‍ വ്യോമത്താവളം, റഫീഖി വ്യോമത്താവളം, മുരീദ്, പാക്കധീന കാശ്മീരിലെ സുക്കൂര്‍, സിയാല്‍ കോട്ട്, പമ്പ്രുര്‍, ചുനിയാന്‍, പാക് പഞ്ചാബിലെ സര്‍ഗോഡ, സ്‌കര്‍ഡു, ഭോലാരി, ജക്കോദാബാദ് തുടങ്ങിയ 11 കേന്ദ്രങ്ങളിലാണ് ബ്രഹ്മോസ്-എ മിസൈലുകള്‍ ഉപയോഗിച്ച് ഓപ്പറേഷന്‍ സിന്ദൂര്‍ മൂന്നാംഘട്ടത്തിന്റെ ഭാഗമായി ആക്രമിച്ചത്. ഇവയില്‍ നൂര്‍ഖാന്‍, സര്‍ഗോധ, ജക്കോദാബാദ് എന്നിവയാണ് പാകിസ്ഥാന്റെ ആണവായുധങ്ങളും ആണവപോര്‍മുനകളും സംഭരിച്ചിട്ടുള്ള കേന്ദ്രങ്ങള്‍. പുലര്‍ച്ചെ 1.44 നും 3.40 നുമാണ് ഈ കേന്ദ്രങ്ങളില്‍ ബ്രഹ്മോസ് മിസൈലുകള്‍ പതിച്ചത്. തുടര്‍ന്ന് ഈ മൂന്ന് കേന്ദ്രങ്ങളിലും റിക്ടര്‍ സ്‌കെയിലില്‍ നാലിനും അഞ്ചിനും ഇടയിലുള്ള ഭൂചലനങ്ങള്‍ ഉണ്ടായി. തുടര്‍ന്നാണ് രാവിലെ 7:40 ന് സൈനിക-മന്ത്രിതല-ഉന്നതതല യോഗങ്ങള്‍ നടന്നതും പാകിസ്ഥാന്‍ അധികൃതര്‍ അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയതും. പാകിസ്ഥാന്‍ നേരിട്ട് വിളിക്കട്ടെ എന്നും ബാഹ്യ മൂന്നാംകക്ഷി ഇടപെടല്‍ ആവശ്യമില്ല എന്നുമുള്ള നിലപാട് ഭാരതം ആവര്‍ത്തിച്ചു. ഭാരതത്തിന്റെ പ്രതികരണം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പാകിസ്ഥാന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് കാസിഫ് അബ്ദുള്ള ഭാരതത്തിന്റെ ഡയറക്ടര്‍ ജനറലിനെ വിളിച്ചതും വെടി നിര്‍ത്താന്‍ അപേക്ഷിച്ചതും. അന്ന് വൈകുന്നേരത്തോടെ ഭാരതവും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് താന്‍ നടത്തിയ ചര്‍ച്ചകളിലൂടെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതെന്നും കാശ്മീര്‍ പ്രശ്‌നത്തില്‍ താന്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും പ്രഖ്യാപിച്ചെങ്കിലും ഭാരതം അതിനെ അല്പം പോലും വകവെച്ചില്ല. അമേരിക്കയുടെ ആണവ വ്യാപന കമ്മീഷന്റെ ശാസ്ത്രജ്ഞര്‍ പാകിസ്ഥാനില്‍ എത്തുകയും രണ്ടു സ്ഥലത്ത് ആണവ ചോര്‍ച്ച ഉണ്ടായതായി കണ്ടെത്തുകയും ചെയ്തതായി ഇനിയും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പാകിസ്ഥാനില്‍ പൊടുന്നനെ ഉണ്ടായ ഭൂചലനം ആണവകേന്ദ്രത്തിലെ തകര്‍ച്ചയെ തുടര്‍ന്നുണ്ടായതാണെന്നും ഇക്കാര്യം അമേരിക്കയുടെ വൈസ് പ്രസിഡന്റ് വാന്‍സ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി അറിയിച്ചതായും ആണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇക്കാര്യം ഭാരതം സ്ഥിരീകരിച്ചിട്ടില്ല.

ആക്രമണങ്ങളില്‍ പാകിസ്ഥാന്റെ 11 ആണവ വ്യോമകേന്ദ്രങ്ങള്‍ തകര്‍ന്നതും, സൈനിക വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യാന്‍ കഴിയാത്ത സാഹചര്യം സംജാതമായതും, വീണ്ടും ഒരാക്രമണമുണ്ടായി, ആണവകേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടാല്‍, ലോകഭൂപടത്തില്‍ പാകിസ്ഥാന്‍ ഉണ്ടാവില്ല എന്ന കാര്യവും സൈനിക വൃത്തങ്ങള്‍ക്ക് പൂര്‍ണമായും ബോധ്യപ്പെട്ടതാണ് അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് പാകിസ്ഥാന്‍ സമീപിക്കാന്‍ കാരണമെന്ന് അന്താരാഷ്ട്ര വിദഗ്ധര്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. തുടക്കം മുതല്‍ ആക്രമണം ഭീകരര്‍ക്കും ഭീകരതയ്ക്കും ഭീകര ക്യാമ്പിനും എതിരെയാണെന്ന നിലപാടാണ് ഭാരതം സ്വീകരിച്ചിരുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യദിവസം തന്നെ ഒമ്പത് ഭീകരതാവളങ്ങളില്‍ മാത്രമാണ് അക്രമം നടത്തിയത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രമുഖ ഭീകരനേതാക്കളുടെ പട്ടിക ഭാരതസര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. ലഷ്‌കര്‍ ഇ തയ്ബയുടെ പാക് പഞ്ചാബിലെ ചുമതലക്കാരനായ മുദസര്‍ ഖദിയന്‍ ഖാസ് ആണ് പ്രമുഖരില്‍ ഒരാള്‍. മുദസര്‍ എന്നും അബൂജുന്‍ഡാല്‍ എന്നും അറിയപ്പെടുന്ന ഇയാള്‍ മര്‍ദികയിലെ ഭീകരപരിശീലന കേന്ദ്രത്തിന്റെ ചുമതലക്കാരനാണ്. ഇയാളുടെ സംസ്‌കാര ചടങ്ങിന് സൈന്യം ഗാര്‍ഡ് ഓണര്‍ നല്‍കിയിരുന്നു.

ജയ്‌ഷെ മുഹമ്മദിന്റെ ധനസമാഹരണ ചുമതല വഹിക്കുന്ന ഹാഫിസ് മുഹമ്മദ് ജമീല്‍ ആണ് മരിച്ച മറ്റൊരാള്‍. മൗലാന മസൂദ് അസറിന്റെ ഭാര്യയുടെ സഹോദരനായ ഇയാള്‍ ബഹാവല്‍പൂരിലെ മര്‍ക്കസ് സുബാന്‍ അള്ളയുടെ ചുമതലക്കാരന്‍ കൂടിയായിരുന്നു. ഇയാള്‍ കശ്മീരില്‍നിന്നും ഭാരതത്തിന്റെ മറ്റു ഭാഗത്തുനിന്നും യുവാക്കളെ എത്തിച്ച് ഭീകരപരിശീലനം നല്‍കുന്നവരില്‍ പ്രമുഖനാണ്. മസൂദ് അസറിന്റെ മറ്റൊരു ബന്ധുവായ മുഹമ്മദ് യൂസഫും മരണമടഞ്ഞു. ജയ്‌ഷെ മുഹമ്മദിന്റെ സായുധപരിശീലനത്തിന് നേതൃത്വം നല്‍കുന്ന ഇയാള്‍ മസൂദ് അസറിന്റെ സഹോദരി ഭര്‍ത്താവാണ്. ഉസ്താദ്, മുഹമ്മദ് സലീം, ഘോസി സാഹബ് എന്നീ പേരുകളിലും ഇയാള്‍ അറിയപ്പെടുന്നു. ഖാണ്ഡഹാര്‍ വിമാനറാഞ്ചല്‍ കേസിലെ പിടികിട്ടാപ്പുള്ളിയായ അസര്‍ കശ്മീരിലെ ഭീകരാക്രമണങ്ങളുടെ നേരിട്ടുള്ള ചുമതല വഹിക്കുന്ന ആളാണ്.

ലക്ഷ്‌കര്‍ ഇ തൊയ്ബയുടെ മറ്റൊരു നേതാവായ ഖാലിദ് കാശ്മീരിലെ ഭീകരാക്രമണങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ഇയാളും ഭാരത സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പാക് അധീന കാശ്മീരിലെ ജയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ മുഫ്തി അസ്‌കര്‍ ഖാന്‍, കാശ്മീരിയുടെ മകന്‍ മുഹമ്മദ് ഹസന്‍ ഖാന്‍ എന്നിവരും കൊല്ലപ്പെട്ടു. കശ്മീരിലെ ഭീകരാക്രമണങ്ങളെ ഏകോപിപ്പിക്കുന്നതില്‍ പ്രമുഖനായിരുന്നു ഇയാള്‍. ഇവരടക്കം നൂറിലേറെ ഭീകരര്‍ മരിച്ചതായി ഔദ്യോഗികമായി പാകിസ്ഥാന്‍ സ്ഥിരീകരിച്ചു കഴിഞ്ഞു. ഭാരതത്തിന്റെ ആക്രമണങ്ങളില്‍ നൂറിലേറെ സൈനികരും കൊല്ലപ്പെട്ടുവെന്നാണ് പാകിസ്ഥാന്‍ സ്ഥിരീകരിച്ചതെങ്കിലും ഭീകരതാവളങ്ങളിലും സൈനികരിലുമായി മരണം അഞ്ഞൂറിന് അടുത്ത് എത്തുമെന്നാണ് അനൗദ്യോഗികമായ വിവരം. ഒമ്പത് മുതല്‍ 24 വരെ ഭീകരതാവളങ്ങളും 11 ഓളം സൈനിക താവളങ്ങളും പൂര്‍ണ്ണമായും നിലംപരിശായി. ഇതുകൂടാതെ പാകിസ്ഥാന്റെ എട്ടു വിമാനങ്ങളും വ്യോമത്താവളങ്ങളും മറ്റ് അടിസ്ഥാന സൈനിക കേന്ദ്രങ്ങളും നശിപ്പിച്ചതോടെ പാകിസ്ഥാന്‍ ദുര്‍ബലമായി എന്നാണ് അന്താരാഷ്ട്ര വിദഗ്ധര്‍ വിലയിരുത്തുന്നത്. പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് 20 കിലോമീറ്റര്‍ അടുത്ത് വരെ ഭാരതത്തിന്റെ മിസൈല്‍ എത്തുകയും സൈനിക മേധാവി അടക്കം പലരും ഒളിവില്‍ പോകേണ്ടി വരികയും ചെയ്ത സാഹചര്യം അവിടെയുണ്ടായ അരക്ഷിതാവസ്ഥ പൂര്‍ണമായും ഉയര്‍ത്തിക്കാട്ടുന്നതാണ്. ഇതോടൊപ്പം സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതോടെ കാര്‍ഷിക വ്യാവസായിക മേഖലകളില്‍ മാത്രമല്ല, പാകിസ്ഥാനെ തകര്‍ച്ചയിലേക്ക് നയിക്കുന്നത്. വിസ-വ്യാപാര ഇടപാടുകള്‍ അവസാനിപ്പിച്ചതും ഭാരതത്തിന്റെ തുറമുഖങ്ങളിലൂടെയും വിമാനത്താവളങ്ങളിലൂടെയും കയറ്റുമതി നിര്‍ത്തിയതും സാധനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതും വ്യാപാര വാണിജ്യ മേഖലയിലും അവരെ പൂര്‍ണമായും തളര്‍ത്തിക്കഴിഞ്ഞു.

അന്താരാഷ്ട്രതലത്തില്‍ ആരുംതന്നെ പാകിസ്ഥാനെ സഹായിക്കാന്‍ എത്തിയില്ല എന്നുള്ളതും ശ്രദ്ധേയമാണ്. തുര്‍ക്കിയും അസര്‍ബൈജാനും ഒളിഞ്ഞും തെളിഞ്ഞും ചൈനയും മാത്രമാണ് പാകിസ്ഥാന് പിന്തുണയുമായി എത്തിയത്. തുര്‍ക്കി നല്‍കിയ മിസൈലുകള്‍ മുഴുവന്‍ തകരപ്പാട്ടകളുടെ ശക്തി പോലും ഇല്ലാത്തതാണെന്നും ചൈന നല്‍കിയ മിസൈല്‍വേധ സംവിധാനങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നും ലോകസമൂഹം നേരിട്ടു കണ്ടു. കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് മുന്‍കൈയെടുത്ത് നടപ്പിലാക്കിയ സൈന്യത്തിന്റെ ആധുനികവല്‍ക്കരണവും ഭാരതത്തിന്റെ ആകാശം പൂര്‍ണമായും സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളും ഫലം കണ്ടു എന്ന് മാത്രമല്ല, അതിര്‍ത്തി കടന്നുവന്ന ഒരു മിസൈല്‍ പോലും ഭാരതത്തിന്റെ ആകാശപരിധിയില്‍ എത്താതെ ചിതറി വീഴുന്ന കാഴ്ചയും ലോകം കണ്ടു. സാങ്കേതികവിദ്യയിലും ആയുധബലത്തിലും ഭാരതം ഏറെ മുന്നിലാണെന്നും പാകിസ്ഥാന്‍ ഭാരതത്തിന്റെ മുന്നില്‍ നിഷ്പ്രഭമാണെന്നും വ്യക്തമാക്കുന്നതായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ല എന്നും ഇനിയും ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ അതിശക്തിയായ തിരിച്ചടി ഉണ്ടാകുമെന്നും ഭാരതം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

വിഭജനത്തിനുശേഷം പലതവണ തിരിച്ചടി വാങ്ങി തോറ്റു പിന്‍വാങ്ങി കീഴടങ്ങിയിട്ടും പാകിസ്ഥാന്റെ അഹങ്കാരം തീരുന്നില്ല. ജിഹാദിന്റെ പിന്‍ബലത്തില്‍ വീണ്ടും വീണ്ടും ഭാരതത്തിനുനേരെ ഭീകരാക്രമണം നടത്താനുള്ള ശ്രമങ്ങള്‍ക്കാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഭാരതത്തിന്റെ ധീരസൈനികര്‍ തിരിച്ചടി നല്‍കിയത്. അമേരിക്കയുടെ എഫ്16, ചൈനയുടെ ജി17 എന്നിവയടക്കം ഏഴ് വിമാനങ്ങള്‍ തകര്‍ത്തു. രണ്ട് പൈലറ്റുമാര്‍ പിടിയിലായി. പാകിസ്ഥാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തെറിഞ്ഞു. ലാഹോര്‍, റാവല്‍പിണ്ടി, അറ്റോക്ക്, ഗുജ്‌റന്‍വാല, ചക്‌വാള്‍, ഭഗവത്പൂര്‍, മിയാനോ, ചോര്‍, കറാച്ചി എന്നിവിടങ്ങളില്‍ ഡ്രോണ്‍ ആക്രമണത്തിലൂടെ ഭാരതം വെടിക്കെട്ട് തീര്‍ത്തു. ലാഹോറിലെ പാക് ക്രിക്കറ്റ് ലീഗ് നടക്കുന്ന സ്റ്റേഡിയം തകര്‍ത്തെറിഞ്ഞു. ലാഹോര്‍ വിമാനത്താവളത്തിലെ വ്യോമസുരക്ഷാ സംവിധാനം തകര്‍ത്തതോടെ പാകിസ്ഥാന്‍ പൂര്‍ണ്ണമായും പ്രതിരോധത്തിലായി. ഭാരതത്തിലേക്ക് രാത്രി അയച്ച ഡ്രോണുകളും മിസൈലുകളും ആകാശത്തുവെച്ചുതന്നെ തകര്‍ത്തു. പഹല്‍ഗാമില്‍ വിവാഹം കഴിഞ്ഞ് ആറാംദിവസം സിന്ദൂരക്കുറി മായ്ച്ച്, കൈവളകള്‍ പൊട്ടിച്ച്, വെള്ളവസ്ത്രം ധരിച്ച് വിധവയാകേണ്ടിവന്ന ഹിമാംശിക്ക്, അതേപോലെതന്നെ ഭീകരര്‍ കവര്‍ന്നെടുത്ത സിന്ദൂരക്കുറികള്‍ക്ക് പകരം ഭീകരരുടെ ജീവരക്തംകൊണ്ടാണ് നമ്മുടെ ധീരസൈനികര്‍ ഭാരതാംബക്ക് സിന്ദൂരക്കുറി ചാര്‍ത്തിയത്.

ഭീകരതയുടെ കളിത്തൊട്ടിലായ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ ഇനിയും അടങ്ങുമെന്നോ, അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുമെന്നോ കരുതാനാവില്ല. പാകിസ്ഥാനെ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന്റെ അടുത്ത ദിവസം തന്നെ അല്‍ഖ്വയ്ദ ഭാരതത്തിനെതിരെ ജിഹാദ് അഥവാ വിശുദ്ധയുദ്ധം പ്രഖ്യാപിച്ചുകഴിഞ്ഞു. പുല്‍വാമയില്‍ 40 സൈനികരുടെ ജീവനെടുത്ത ചാവേര്‍ ബോംബ് സ്‌ഫോടനം അടക്കം ഭാരതത്തില്‍ നിരവധി ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്ത മസൂദ് അസര്‍ ജീവിതത്തിലാദ്യമായി ഭീകരതയുടെ തിരിച്ചടി രുചിച്ചു. ഓപ്പറേഷന്‍ സിന്ദൂറില്‍ 10 ബന്ധുക്കളും നാലു കൂട്ടാളികളുമടക്കം 14 പേര്‍ മരിച്ചുവീണപ്പോഴാണ് ജീവിതത്തിലാദ്യമായി അയാളുടെ കണ്ണീര്‍ പൊഴിഞ്ഞത്. ഇയാളുടെ സഹോദരനും ജെയ്‌ഷെ കമാന്‍ഡറുമായ അബ്ദുള്‍ റൗഫ് അസറും ഭാരതത്തിന്റെ ആക്രമണത്തില്‍ മരണമടഞ്ഞു. മസൂദ് അസറിനെ ഭാരതത്തിലെ ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ ഖാണ്ഡഹാര്‍ വിമാനറാഞ്ചല്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് റൗഫ് ആയിരുന്നു. ബന്ധുക്കളുടെ മൃതദേഹം കണ്ട് കണ്ണീരണിഞ്ഞ മസൂദ് അസര്‍ ഇവര്‍ക്കൊപ്പം തന്നെയും കൊണ്ടുപോകാമായിരുന്നു, അവര്‍ ദൈവത്തിന്റെ അടുത്തേക്ക് നേരത്തെ എത്തുന്നു എന്നൊക്കെയാണ് പ്രതികരിച്ചത്. ഒപ്പം ഭാരതത്തിനെതിരെ വീണ്ടും തിരിച്ചടിക്കുമെന്ന് പറയാനും അസര്‍ മടിച്ചില്ല. വരാനിരിക്കുന്ന ദിവസങ്ങള്‍ കലുഷിതമായിരിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഒമ്പത് ഭീകരപരിശീലന കേന്ദ്രങ്ങള്‍ക്കെതിരെയാണ് ഭാരതസേന മിന്നല്‍ ആക്രമണം നടത്തിയത്. ജയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകരസംഘടനകളുടെ താവളങ്ങളും പരിശീലനകേന്ദ്രങ്ങളുമാണ് നിലംപരിശാക്കിയത്. ലഷ്‌കറിന്റെ പ്രധാനകേന്ദ്രമായ മുസാഫറാബാദിലെ സവായ്‌നള്ള താവളം 250 പേരെ താമസിപ്പിച്ച് പരിശീലനം നടത്തുന്ന കേന്ദ്രമാണ്. മുംബൈ ഭീകരാക്രമണത്തില്‍ പിടിയിലായ അജ്മല്‍ കസബിന് പരിശീലനം നല്‍കിയ ഈ കേന്ദ്രം 2000 മുതല്‍ പ്രവര്‍ത്തിക്കുന്നതാണ്. ലഷ്‌കര്‍ ഇ തയ്ബയുടെ ഏറ്റവും പ്രധാന ഭീകരപരിശീലനകേന്ദ്രമാണിത്. ഭീകരരെ റിക്രൂട്ട് ചെയ്യുന്നതും പരിശീലനം നടത്തുന്നതും ഭീകരാക്രമണ പ്രവര്‍ത്തനങ്ങള്‍ക്ക് ആളെ നിയോഗിക്കുന്നതും ഇവിടെ നിന്നാണ്. ഭീകരര്‍ക്ക് വെടിവയ്പ്പിലും ആയുധങ്ങളിലും പരിശീലനം നല്‍കാനുള്ള സംവിധാനം വരെ ഇവിടെയുണ്ട്. ഐഎസ്‌ഐയുടെ ഉന്നത ഉദ്യോഗസ്ഥരും ഇവിടെ ഭീകരര്‍ക്ക് പരിശീലനം നല്‍കാന്‍ എത്താറുണ്ട്. കമാന്‍ഡര്‍ അബുദുജാനയാണ് ഇതിന്റെ ചുമതല വഹിച്ചിരുന്നത്. ഈ കേന്ദ്രം ഓപ്പറേഷന്‍ സിന്ദൂറില്‍ പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു. മുസാഫറാബാദില്‍ തന്നെ ചെങ്കോട്ടക്കെതിര്‍വശം പ്രവര്‍ത്തിക്കുന്ന സൈദാന ബിലാല്‍ മര്‍ക്കസ് ജെയ്‌ഷെ മുഹമ്മദിന്റെ പരിശീലനകേന്ദ്രമാണ്. കാശ്മീരിലേക്കുള്ള ഏറ്റവും കൂടുതല്‍ ഭീകരരെ പരിശീലിപ്പിക്കുന്ന ഈ കേന്ദ്രത്തില്‍ നൂറു പേരെ വരെ ഒരേസമയം പരിശീലിപ്പിക്കാനുള്ള സംവിധാനമാണ് ഉണ്ടായിരുന്നത്. ഇവിടെയും പാക് ചാരസംഘടനയുടെ സൈനികര്‍ തന്നെയാണ് പരിശീലനത്തിന് എത്തിക്കൊണ്ടിരിക്കുന്നത്.

ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടത്തുകയും ഖാണ്ഡഹാര്‍ വിമാനറാഞ്ചല്‍, പുല്‍വാമ ആക്രമണം എന്നിവയടക്കമുള്ള നിരവധി സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത പാക് പഞ്ചാബിലെ ബഹാവല്‍പൂരിലെ മര്‍ക്കസ് സുബ്ഹാനല്ലാഹ് ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ന്നടിഞ്ഞു. ജയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും പ്രധാന പരിശീലനകേന്ദ്രമാണിത്. 15 ഏക്കറില്‍ പള്ളിയും മദ്രസയുമടക്കം സ്ഥിതിചെയ്യുന്ന ഈ ക്യാമ്പില്‍ ഒരേസമയം 600 ഭീകരരെ പരിശീലിപ്പിക്കാനുള്ള സംവിധാനമാണുള്ളത്. ജെയഷെ മേധാവി മസൂദ് അസര്‍, ഉപമേധാവി മുഫ്തി അബ്ദുല്‍ റൗസ് അസ്‌കര്‍, മൗലാന അമര്‍ എന്നിവരും ഇവിടെയാണ് താമസിക്കുന്നത്. നീന്തല്‍ കുളവും ജിമ്മും വെടിവെപ്പ് പരിശീലനകേന്ദ്രവുമടക്കം എല്ലാ സംവിധാനവുമുള്ള ഇവിടെനിന്നാണ് ഭാരതത്തിലേക്ക് ഏറ്റവും കൂടുതല്‍ ഭീകരരെ കടത്തിവിട്ടിരുന്നത്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഈ പരിശീലന കേന്ദ്രം പൂര്‍ണമായും തകര്‍ന്നടിഞ്ഞു. മസൂദ് അസറിന്റെ സഹോദരനും സഹോദരിയും ഭര്‍ത്താവും അടക്കം 10 ഉറ്റബന്ധുക്കള്‍ മരണമടഞ്ഞു. പാക് അധീന പഞ്ചാബിലെ ഷെയ്ക്ക് പുര മുറീത് കെ നംഗല്‍ സദനില്‍ സ്ഥിതിചെയ്യുന്ന മര്‍ക്കസ് തയ്ബയും ലഷ്‌കറിന്റെ പ്രധാന പരിശീലനകേന്ദ്രങ്ങളില്‍ ഒന്നാണ്. 82 ഏക്കര്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഇവിടെ വലിയ കൃഷിയിടവും മീന്‍വളര്‍ത്തല്‍ കേന്ദ്രവും അങ്ങാടിയും മദ്രസയും പരിശീലനകേന്ദ്രവും എല്ലാമുണ്ട്. പാകിസ്ഥാനില്‍നിന്നും വിദേശങ്ങളില്‍നിന്നുമുള്ള ഭീകരര്‍ പരിശീലനം നടത്തുന്ന ഈ കേന്ദ്രം ഒസാമ ബിന്‍ലാദന്റെ സഹായത്തോടുകൂടിയാണ് നിര്‍മ്മിച്ചത്. മര്‍ക്കസും ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ക്കപ്പെട്ടു.

കാശ്മീര്‍ അതിര്‍ത്തിയില്‍നിന്ന് വെറും ആറ് കിലോമീറ്റര്‍ മാത്രം അകലെ പ്രവര്‍ത്തിക്കുന്ന തെഹറകലാന്‍ ഭീകരകേന്ദ്രം ജയ്‌ഷെ മുഹമ്മദിന്റെ പ്രധാന താവളങ്ങളിലൊന്നാണ്. ഇവിടെ നിന്നാണ് ഭീകരരെ കാശ്മീരിലേക്ക് അയക്കുന്നത്. ഒരു പ്രാഥമിക ആരോഗ്യകേന്ദ്രത്തിനുള്ളിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കാശ്മീരിലെ ഭീകരര്‍ക്ക് ആയുധങ്ങള്‍ എത്തിക്കുന്നതും ഡ്രോണ്‍ ഉപയോഗിച്ച് സാധനസാമഗ്രികള്‍ എത്തിക്കുന്നതും ഇവിടെ നിന്നാണ്. ഈ കേന്ദ്രവും തകര്‍ത്തു. പാക് പഞ്ചാബിലെ സിയാല്‍കോട്ടിലെ മെഹമുന ജോയ ഹിസ്ബുല്‍ മുജാഹിദീന്റെ പരിശീലന കേന്ദ്രമാണ്. ഐഎസ്‌ഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇവിടെയും ഏതാണ്ട് നൂറിലേറെ പേര്‍ക്ക് ഒരേസമയം പരിശീലനം നല്‍കാനുള്ള സംവിധാനം ഉണ്ടെന്നാണ് സൂചന. ഓപ്പറേഷന്‍ സിന്ദൂറില്‍ ഈ കേന്ദ്രവും തകര്‍ത്തു. പഞ്ചാബിലെ തന്നെ ഹദീസ് ബര്‍ണാല മര്‍ക്കസ് ഭൈംബറില്‍ ആണ് ഇത് സ്ഥിതിചെയ്യുന്നത്. റെജൗറി മേഖലയിലേക്ക് ഭീകരരെ എത്തിക്കാനുള്ള ലോഞ്ച് പാഡാണ് ഈ കേന്ദ്രം. നൂറിലേറെ ഭീകരര്‍ക്ക് ഒരേസമയം പരിശീലനം നല്‍കാന്‍ സംവിധാനുള്ള ഈ കേന്ദ്രം ആസ്ഥാനമാക്കിയാണ് കാസിം ഗുജര്‍, കാസിം ഖണ്ട, അനസ്ജരാര്‍ തുടങ്ങിയ ലഷ്‌കര്‍ ഭീകരര്‍ പ്രവര്‍ത്തിക്കുന്നത്. കാശ്മീരിലേക്കുള്ള ഭീകരരെ തയ്യാറാക്കുന്നതും ഉചിതമായ സമയത്ത് ഭീകരത വിതക്കാന്‍ കയറ്റി വിടുന്നതും ഇവിടെ നിന്ന് തന്നെയാണ്.

പാക്കധീന കാശ്മീരിലെ കോട്‌ലിയിലെ മര്‍ക്കസ് ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്നാണ്. 125 ഭീകരരെ താമസിപ്പിച്ച് പരിശീലനം നല്‍കുന്ന ഈ കേന്ദ്രം വര്‍ഷങ്ങളായി ഭാരതത്തിനെതിരെ ആക്രമണം നടത്തുന്ന പ്രധാന താവളങ്ങളിലൊന്നാണ്. കോട്‌ലി മഹോലിയില്‍ നിന്ന് വളരെ അടുത്തുതന്നെയുള്ള മര്‍ക്കസ് റഹീല്‍ ഷാഹിദ് ഹിസ്ബുള്‍ മുജാഹിദീന്റെ ഏറ്റവും പഴയ താവളങ്ങളില്‍ ഒന്നാണ്. ഒരു കുന്നിന്‍പ്രദേശമായ ഇവിടെ ആയുധങ്ങള്‍ സംഭരിക്കാനും ഭീകരര്‍ക്ക് താമസിക്കാനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹിസ്ബുള്‍ മേധാവി സയ്യദ് സലാലുദ്ദീന്‍ ഇവിടം ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ഭാരതം കണ്ടെത്തിയ സുപ്രധാന ഭീകരകേന്ദ്രങ്ങള്‍ മുഴുവന്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ തകര്‍ത്തെറിഞ്ഞു. പഹല്‍ഗാമിലെ ഭീകരാക്രമണത്തിനുശേഷം വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ സുരക്ഷയില്ല എന്ന ആരോപണവുമായി വന്ന കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് നേതാക്കളും ഇടതുപക്ഷ ബുദ്ധിജീവികളും ഒക്കെതന്നെ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം യുദ്ധത്തിനെതിരെയുള്ള സമാധാന സന്ദേശങ്ങളുമായി രംഗത്തെത്തി. നരേന്ദ്രമോദിയും എന്‍ഡിഎ സര്‍ക്കാരും യുദ്ധക്കൊതിയന്മാരാണെന്ന് വരുത്തിത്തീര്‍ക്കാനും തങ്ങള്‍ മാനവികതയുടെ വക്താക്കള്‍ ആണെന്നും യുദ്ധം മനുഷ്യന് നാശം മാത്രം വിതയ്ക്കുന്നത് ആണെന്നും ഒക്കെയാണ് ഇവരുടെ ഭാഷ്യം.

സിപിഎം നേതാവ് എം.സ്വരാജ്, സിനിമ സീരിയല്‍ നടി ആമിന നിജാം, പ്രൊഫ. എസ്.ശാരദക്കുട്ടി, പിന്നെ ഏതാനും ജിഹാദി അനുകൂല മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെല്ലാം ഇത്തരം പ്രസ്താവനയുമായി രംഗത്തുവന്നിട്ടുണ്ട്. കാശ്മീരില്‍ നിന്ന് ഹിന്ദുക്കളെ, കാശ്മീരി പണ്ഡിറ്റുകളെ ‘മതം മാറുക, മരിക്കുക, അല്ലെങ്കില്‍ ഓടി പോവുക’ എന്ന മുദ്രാവാക്യവുമായി ജിഹാദികള്‍ ഓടിച്ച് അവര്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് മാറിയപ്പോള്‍ മനുഷ്യാവകാശം പറയുന്ന ഇവരൊക്കെ എവിടെയായിരുന്നു. പുല്‍വാമയിലും ഏറ്റവും അവസാനം പഹല്‍ഗാമിലും ഭീകരത താണ്ഡവമാടിയപ്പോള്‍ ഇവര്‍ നിശബ്ദത പാലിച്ചത് മരണമടഞ്ഞവരിലും ഇരകളായവരിലും ബഹുഭൂരിപക്ഷവും ഹിന്ദുക്കള്‍ ആയതുകൊണ്ടാണോ? ആന്തരികവും ബാഹ്യവുമായ ശത്രുക്കള്‍ ഏതു നാടിന്റെയും പ്രശ്‌നം തന്നെയാണ്. ആന്തരികശത്രുക്കള്‍ പൗരന്മാരായതുകൊണ്ട് നാളെ മാറ്റം വരാമെന്ന് പ്രതീക്ഷിക്കാം. പക്ഷേ, നമ്മുടെ നാടിന്റെ, പൗരന്മാരുടെ ജീവനും സ്വത്തും നമ്മുടെ സമാധാനവും മാത്രമല്ല, അതിര്‍ത്തി കാക്കുന്ന സൈനികരുടെ ജീവനും കവര്‍ന്നെടുക്കുന്ന വൈദേശിക ഭീകരന്മാരോട് സമാധാനം വേണമെന്ന ബുദ്ധിജീവികളുടെ, എഴുത്തുകാരുടെ, ഇടതുപക്ഷ നേതാക്കളുടെ പ്രസ്താവനകളെ പരമപുച്ഛത്തോടെ തള്ളിക്കളയാനേ കഴിയൂ. ഭീകരത നടമാടുമ്പോഴും വോട്ട് ബാങ്കിന്റെ രാഷ്ട്രീയം കളിക്കുന്ന ചാരിത്ര്യശുദ്ധിയില്ലാത്ത ദേശവിരുദ്ധ ജീവികളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുക. 1942 ലെ ക്വിറ്റിന്ത്യാ സമരത്തെ അടക്കം ഒറ്റിക്കൊടുത്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒരിക്കലും ഭാരതത്തോടും ഭാരതത്തിന്റെ ദേശീയതയോടും കൂറുപുലര്‍ത്തിയവരല്ല. ഏറ്റവും അവസാനം ഡിക്ലാസിഫൈ ചെയ്ത റഷ്യയുടെയും ഇംഗ്ലണ്ടിന്റെയും രഹസ്യരേഖകളില്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ റഷ്യയില്‍നിന്നും ഇംഗ്ലണ്ടില്‍ നിന്നും കൈപ്പറ്റിയ പണത്തിന്റെ വിശദാംശങ്ങളുണ്ട്. 30 വെള്ളിക്കാശിനു വേണ്ടി നാടിനെ ഒറ്റിക്കൊടുത്തവരാണ് ഇന്ന് മാനവികതയെ കുറിച്ചും യുദ്ധവിരുദ്ധ സമാധാന നീക്കങ്ങളെ കുറിച്ചും പറയുന്നത്. ഭാരതത്തെ വീണ്ടും ജഗദ് ഗുരുവാക്കാനും പരമവൈഭവത്തിലേക്ക് എത്തിക്കാനും അരയും തലയും മുറുക്കിയ പോരാളികളുടെ പ്രസ്ഥാനമാണ് നരേന്ദ്രമോദിയെയും സര്‍ക്കാരിനേയും നയിക്കുന്നത്. ഉണ്ണുന്ന ചോറിനോടും ഉടുക്കുന്ന തുണിയോടും ശ്വസിക്കുന്ന വായുവിനോടും കൂറില്ലാത്ത ഈ നാടിനെ ഒറ്റിക്കൊടുക്കുന്ന അപമാനത്തിന്റെ പേക്കോലങ്ങള്‍ തല്‍ക്കാലം അവകാശവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. അല്ലെങ്കില്‍ പാകിസ്ഥാനില്‍ പോയി അവിടുത്തെ മദ്രസകളില്‍ ഭീകരവാദം വളര്‍ത്തിവിടുന്ന ഭീകരരെ ഉപദേശിക്കാന്‍ അവര്‍ തയ്യാറാവണം.

കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്രമോദി സര്‍ക്കാര്‍ ആസൂത്രണം ചെയ്തതാണെന്ന് പ്രതിപക്ഷമടക്കമുള്ളവര്‍ ആരോപിച്ച പൂല്‍വാമ സ്‌ഫോടനം തങ്ങള്‍ ചെയ്തതാണെന്നും തങ്ങളുടെ സൈനികര്‍ക്ക് അതില്‍ പങ്കുണ്ടെന്നും പാകിസ്ഥാന്‍ പ്രഖ്യാപിക്കുന്ന കാഴ്ചയും ഇതിനിടെ നമ്മള്‍ കണ്ടു. പാകിസ്ഥാനും ലോകരാഷ്ട്രങ്ങളും അംഗീകരിച്ചിട്ടും ഭാരതത്തിന്റെ ശാസ്ത്ര സൈനിക നേട്ടങ്ങളെ ഇനിയും ഉള്‍ക്കൊള്ളാനും അതില്‍ അഭിമാനിക്കാനും ആവേശം കൊള്ളാനും ഭാരതത്തിന്റെ യശസ്സിന് വേണ്ടി പ്രവര്‍ത്തിക്കാനും തയ്യാറാകാതെ, കഴിയുന്നത്ര സ്ഥലങ്ങളില്‍ ഭാരതത്തെ ഇകഴ്ത്താനും അപമാനിക്കാനും ശ്രമിക്കുന്ന ചില രാഷ്ട്രീയനേതാക്കളും ജിഹാദി ഭീകരരും ഇപ്പോഴും ഭാരതത്തില്‍ ഉണ്ട് എന്ന കാര്യം നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. വിദേശത്ത് നിന്ന് ഭീകരപ്രവര്‍ത്തനം നടത്തുന്നവരെക്കാള്‍ രാജ്യത്തിന് ഉള്ളില്‍നിന്ന് നമ്മുടെ ശക്തിയെ കാര്‍ന്നു തിന്നുന്ന ക്ഷുദ്രശക്തികളെ തിരിച്ചറിയണം. അവര്‍ക്കെതിരെയാണ് ഇനി പോരാട്ടം വേണ്ടത്. അധികാരത്തിനും രാഷ്ട്രീയത്തിനുമപ്പുറം രാഷ്ട്രദ്രോഹത്തിന് കച്ചകെട്ടി പുറപ്പെടുന്നവരെ ഭാരതത്തിന്റെ മണ്ണില്‍ തന്നെ പരാജയപ്പെടുത്താന്‍ കഴിയണം.

Tags: പാകിസ്ഥാന്‍operation sindoor
ShareTweetSendShare

Related Posts

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ഇറാന്റെ ആണവസ്വപ്‌നം പൊലിയുമ്പോള്‍…..

പശ്ചിമേഷ്യയിലെ പടയൊരുക്കങ്ങള്‍

ഭാരതമാതാവിനെ ഭയക്കുന്നവര്‍

അമ്മനാടിനെ തള്ളിപ്പറയുന്ന കമ്മ്യൂണിസം

Shopping Cart

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies