നിഴല്‍പ്പാടുകള്‍ നീളുന്നില്ല. സൂര്യന്‍ പകലിന്റെ നെറുകയില്‍ വന്നു നില്‍ക്കുകയാണ്. പനമ്പട്ടകളില്‍ വീണ വെയില്‍ നാളങ്ങള്‍ നാലുപാടും ചിതറുന്നു. ഉണങ്ങാന്‍ വിരിച്ചിട്ട തോര്‍ത്തുമുണ്ട് പോലെ പകല്‍ നിഴല്‍പ്പാടുകളില്‍ പതിയെ ആടുന്നു. രാരിച്ചന്‍ ഉച്ചച്ചൂടിന്റെ ആലസ്യത്തിലങ്ങനെ കോലായത്തിണ്ണയില്‍ കിടന്ന് മയങ്ങിപ്പോയി.
‘രാരിച്ചോ ഒരിക്ക്യ മുറ്ക്കാന്‍ തര്വോ?’
ഒരു ശബ്ദം, പിന്നെയൊരു മുഴക്കം പോലെ……. ചെവിക്കിരുവശവും വട്ടം പിടിച്ച് അത് കാറ്റില്‍ അലിഞ്ഞു പോയി. കോലായയില്‍ പിന്നിപ്പോയ പുല്‍പ്പായയില്‍ നീറ്റാത്ത അടക്കയുടെ ചൊരുക്കില്‍ കിടക്കുകയായിരുന്നു രാരിച്ചന്‍.
മയക്കത്തിലാണെങ്കിലും അയാള്‍ തട്ടിപ്പിടഞ്ഞെഴുന്നേറ്റു.
‘ങ് ആ….. പെണ്ണുക്കുട്ട്യല്ലെ… ആ വിളിച്ചേത്? വെറ്റിലാടക്കണ്ടോന്ന് ചോയിച്ചത്’
പാതിയും വെറ്റിലക്കറ പിടിച്ച് ചെതം കെട്ട് പോയ ശര്‍ക്കരപ്പായ മെടഞ്ഞു കെട്ടിയ വെറ്റില ചെല്ലം അരികിലേക്ക് വലിച്ചു വച്ച് രാരിച്ചന്‍ അതില്‍ വെറ്റിലയ്ക്കായ് പരതി. ചുണ്ടു മുറിഞ്ഞതും, ഉണങ്ങിച്ചുരുണ്ടു പോയതും. പാതി ചത്തതുമായ വെറ്റില ചീന്തുകള്‍ പെറുക്കി നൂറിന്‍ പരണ്ട തോണ്ടി തേച്ച് ഒരു കഷണം അടയ്ക്കാത്തുണ്ടും പൊകലച്ചുരുട്ടുമായി അയാള്‍ എഴുന്നേറ്റു.
മുറ്റത്തു നിന്നിറങ്ങിയാല്‍ സാമാന്യം വീതിയുള്ള, എന്നാല്‍ ഒരു ചെറുവാഹനത്തിനു മാത്രം സഞ്ചരിക്കാവുന്ന ഇടവഴിയാണ്. വീട്ടിലേക്ക് ഗേറ്റ് ഇല്ലാത്തതിനാല്‍ വേഗം ഇറങ്ങുകയും കയറുകയും ചെയ്യാം. ഇടവഴിയിലേക്കിറങ്ങുന്ന കുത്തുകല്ലിനരികത്തായി തഴച്ചു നില്‍ക്കുന്ന മുല്ലവള്ളികള്‍ക്കിടയിലൂടെ രാരിച്ചന്‍ ഇടവഴിയിലേക്കിറങ്ങി.
അപ്പോഴും കേട്ടു അയാള്‍ ഒരു വര്‍ത്തമാനം,
‘ഇയ്യ് പോര്‌ന്നോ? മ്പള് രണ്ടാളും തൈക്കണ്ടി പൊറായില് വരെ ഒന്ന് പോവാ’!
അതെ, അതു തന്നെ. പെണ്ണൂട്ട്യമ്മ രാരിച്ചനെ നിര്‍ബന്ധിക്കുകയാണ്. അപ്പോള്‍ തൈക്കണ്ടി പ്പൊറായി രാരിച്ചന്റെ ഓര്‍മ്മകളില്‍ പൂത്തു നിന്നു.
ചെളിനിറഞ്ഞ പാടം. ഞാറു പറിച്ച് പിടികെട്ടുന്ന പെണ്ണുങ്ങളുടെ കൂട്ടത്തില്‍ രാരിച്ചന്‍ ഉണ്ട്. പൃങ്ങന്‍ അതിരാവിലെ തന്നെ ഊര്‍ച്ച കാളകളെയുമായി ചെളിയിലേക്കിറങ്ങുന്നു.
വയലിലും വരമ്പിലും ഉഴവുചാലില്‍ നിന്ന് പരല്‍മീന്‍ ഒറ്റാന്‍ കൊറ്റികള്‍ തപസ്സു ചെയ്യുന്നു. കളഭം അരച്ചതുപോലെ മണ്ണ് ഇരുകൈകളിലും വാരി മേലാകെ പുരട്ടണമെന്നു തോന്നി രാരിച്ചന്.
ചിന്തകള്‍ ഇത്രയുമായപ്പോള്‍ നടത്തത്തിന് വേഗം കൂടി. കാലുകള്‍ അല്പം കൂടി നീട്ടിവെക്കണമെന്നുണ്ട്. പക്ഷെ പതറി പോവുന്നു.
‘വാക്കാടത്ത് ആനയ്ക്കു വെരകിയമര്ന്ന് തിന്ന തട്യാത്’- രാരിച്ചന്‍ മൊഴിഞ്ഞു. അയാളുടെ അച്ഛന്‍ വാക്കാടത്തെ എട്ട് ആനകളുടെ ചികിത്സകനായിരുന്നു. വര്‍ഷാവര്‍ഷം ആനയ്ക്ക് മരുന്നുവെരകുമ്പൊ ചരക്ക് വടിച്ച് പച്ചില വാട്ടി പൊതിഞ്ഞ് ആരും കാണാതെ അയാള്‍ രാരിച്ചന് കൊടുക്കും. അതാണത്രെ അയാളുടെ ശരീരത്തിന്റെ ആവത്’
രാരിച്ചന്‍ വിളിച്ചു
‘പെണ്ണൂട്ട്യേ!’
‘വേഗം നടക്ക് കല്യാണപ്പം കയ്യും’ അങ്ങനെ അങ്ങനെ രാരിച്ചന്റെ ഓര്‍മ്മകളില്‍ തൈക്കണ്ടിയിലെ കല്യാണം നിറഞ്ഞു.
പന്തിഭോജനത്തിനെത്തുന്നത് ആയിരങ്ങളാണ്. ഇലയെടുക്കാന്‍ അവകാശം രാരിച്ചന് മാത്രം. കാരണം രാരിച്ചന്‍ തൈക്കണ്ടിക്കാരുടെ പടിക്കലേക്ക് പെട്ടവനാണ്. തറവാടിന്റെ പത്തായപ്പുരയുടെ പിറകിലായി ഇലയെടുക്കാന്‍ രാരിച്ചന്‍ കാത്തുനിന്നു.
ആദ്യ പന്തിയില്‍ നാട്ടു പ്രമാണിമാര്‍ ഇരിക്കും. അവരുടേതു കഴിഞ്ഞാല്‍ ആ ഇലകള്‍ രാരിച്ചനുള്ളതാണ്. പുളി, എരിശ്ശേരി, വറുത്തുപ്പേരി, ശര്‍ക്കര ഉപ്പേരി, കൂട്ടുകറി, അവിയല്‍ തുടങ്ങി നൂറുകൂട്ടം കറികള്‍. ഇലയില്‍ അവര്‍ തൊട്ടതും തൊടാത്തതും ബാക്കി കിടക്കും. അതെടുത്ത് കൈയില്‍ കരുതിയ പാത്രങ്ങളില്‍ വെവ്വേറെ വാരിവെക്കും. ചോറു നീക്കിയിടാന്‍ വാഴയില വാട്ടി തോര്‍ത്ത് വിരിക്കും. ഓര്‍ത്തപ്പോള്‍ രാരിച്ചന് നില്‍ക്കക്കള്ളിയില്ലാതായി. അപ്പോഴേക്കും അയാള്‍ ഇടവഴി കടന്ന് പ്രധാന നിരത്തില്‍ എത്തിയിരുന്നു.
രാരിച്ചന് ചൂട് സഹിക്കാന്‍ വയ്യാതായി. കണ്ണ് ഇരുട്ടടയ്ക്കുന്നതുപോലെ. ആകാശത്തിന്റെ മേലേപ്പാളികളില്‍ നിന്ന് തകരച്ചീളുകള്‍ പോലെ വെയില്‍ രാരിച്ചന്റെ നെറുകയില്‍ വന്നു പതിച്ചു. അയാള്‍ അപ്പോഴും നടന്നുകൊണ്ടിരുന്നു. ആനയ്ക്കുവെരകിയ മരുന്നിന്റെ കരുത്ത് മനസ്സില്‍ ഓളം വെട്ടിയപ്പോള്‍ അയാള്‍ക്ക് തളരാനായില്ല. തിളച്ചു കത്തി നില്‍ക്കുന്ന ഇരുമ്പുപാളികള്‍ക്കു മുകളില്‍ നടക്കുന്നതുപോലെ അയാള്‍ നടന്നു. നടത്തത്തില്‍ ഓരോ കാഴ്ചകള്‍ അയാള്‍ കണ്ടു.
ആകാശത്ത് പുന്നെല്ലിന്റെ കറ്റകള്‍ ചുമന്നുകൊണ്ടുപോവുന്നു തത്തകള്‍.
അവ എവിടേയ്ക്കാവും അത് ചുമന്നുകൊണ്ടുപോവുന്നത്? രാരിച്ചന്‍ അവയെ ആട്ടിത്തെളിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. തൊട്ടുപിന്നാലെ കാക്ക കൂട്ടങ്ങള്‍ ബലിച്ചോറുമായി ആകാശത്തു നിരന്നു. രണ്ടു കാക്കകള്‍ ഇടം വലം ചേര്‍ന്ന് നാക്കിലയില്‍ ബലിച്ചോറു കൊത്തി പറക്കുകയാണ്. ഇലയില്‍ നിന്ന് കറുകപ്പുല്ലിന്റെ ഞെട്ടുകള്‍ അടര്‍ന്ന് കാറ്റില്‍ പാറി വന്ന് രാരിച്ചന്റെ നരച്ചതെങ്കിലും കൊഴിഞ്ഞു പോവാത്ത തലമുടിയില്‍ പറ്റിനില്‍ക്കുന്നത് അയാള്‍ അറിയുന്നു.
‘രാരിച്ചോ?! അനക്ക് ദായിക്കുന്നുണ്ടോ?’
പെണ്ണൂട്ടി ചോദിക്കുന്നു.
‘യ്ക്ക്…ദായിക്കിന്ന്ണ്ട്,’
അവര്‍ പറയുന്നു. രാരിച്ചന്‍ എല്ലാം കേള്‍ക്കുന്നു. ആകാശത്തിന്റെ മഞ്ഞു മലകള്‍ക്കിടയില്‍ നിന്ന് ഗംഗാജലം ചുരത്തുന്നു. അവരത് ആവോളം കോരിക്കുടിക്കുന്നു. അങ്ങനെ വെള്ളം കുടിച്ചു നടന്ന് നടന്ന് ചെങ്കുങ്കുമങ്ങള്‍ പൂത്തു നില്‍ക്കുന്ന ഒരു തറവാടിന്റെ മുന്നില്‍ എത്തിയത് രാരിച്ചന്‍ അറിഞ്ഞില്ല.
ഉമ്മറത്തെ ചെമ്പകച്ചുവട്ടില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ അപരിചിതനെ കണ്ട് അകത്തേക്ക് ഓടിക്കയറി.
പിന്നെ ഒരു സ്ത്രീ പുറത്തേക്കു വന്നു.
‘ആരാ?’…..
‘മനസ്സിലായില്ല്യാല്ലോ’?
രാരിച്ചന്‍ മുറ്റത്ത് പൂത്തുനില്‍ക്കുന്ന ചെമ്പകത്തിന്റെ ചുറ്റുതറയില്‍ ഇരിക്കുകയായിരുന്നു അപ്പോള്‍.’
തന്റെ യൗവ്വനകാലത്ത് ഈ ചെമ്പകത്തിന്റെ ചുവട്ടില്‍ എത്രയോ തവണ നെല്ലു മെതിച്ച് കൂട്ടിയിട്ടുണ്ട് അയാള്‍. പുന്നെല്ലിന്റെ പതം തൈക്കണ്ടിയിലെ ശേഖരനായര്‍ വലിയ പറയില്‍ അളന്നു നല്‍കിയിട്ടുണ്ട്. രണ്ടാം മുണ്ടില്‍ കെട്ടി വീട്ടിലേക്കു നടന്നിട്ടുണ്ട് അയാള്‍.
ചെമ്പകത്തിന്റെ ചുവട്ടില്‍ വീണുകിടന്ന പൂക്കളെടുത്ത് മണത്തുനോക്കാന്‍ രാരിച്ചനായില്ലെങ്കിലും ആ മണം അയാളെ തേടി വന്നു.
വീണ്ടും ശബ്ദം.
‘ആരാ?’
വായില്‍ തികട്ടി വന്ന കുടിനീര് ഇറക്കി രാരിച്ചന്‍ പറഞ്ഞു.
‘നാന്‍……. രാ…….യിച്ചന്‍’
‘കുട്ടിക്ക്…….ന്നെ……തിരിഞ്ഞോ’?
‘ നാനും……..പെണ്ണൂട്ടിം……. പെങ്ങളുട്ടീന്റെ മംഗലം കൂടാന്‍ വന്നതാ’!
‘മാല കയിഞ്ഞോ…മോളേ!?
പന്തി എവിട്യാ?
ആദ്യ പന്തി കയ്ഞ്ഞാല് എല ഞങ്ങക്കെടുക്കണം അതാ……. ഞാനും, പെണ്ണൂട്ടീം……. നേര്‍ത്തെ പോന്നത്..’
ഉമ്മറത്തേക്കുവന്ന പെണ്‍കുട്ടി ഉള്ളിലേക്കു മടങ്ങി പോയി. പിറകെ പ്രായം ചെന്ന ഒരു സ്ത്രീ പുറത്തേക്കു വന്നു.
‘ആരാ? മനസ്സിലായില്ല.’
‘ഞാന്‍ രാരിച്ചന്‍ ഇത് പെണ്ണൂട്ടി തൈക്കണ്ടി പൊറായില് ഞാറ് പറിക്കാന്‍ ഞാനും ഇവളും ആയിനും മുമ്പില്.’
അകത്തുനിന്നും വന്ന സ്ത്രീ അല്പം ആലോചിച്ചു നിന്നു. പിന്നെ ഓര്‍മ്മയില്‍ എവിടെയോ പരതി. തത്ത ചീട്ടെടുക്കുന്നതുപോലെ!
പിന്നീട് തുടര്‍ന്നു.
‘ങാ ! രാരിച്ചന്‍’ കൂടെ ആരാന്നാ പറഞ്ഞത്?. ‘പെണ്ണൂട്ടി’
‘എന്നിട്ട് പെണ്ണൂട്ടി എവടെ? ആരേം കാണുന്നില്ലല്ലോ?’
‘ദാ,ഇബടെണ്ട് …….. ന്റെ അടുത്തന്നെ’
കാര്യം മനസ്സിലായതുപോലെ ആ സ്ത്രീ പറഞ്ഞു.
‘ഓ! രാരിച്ചന്‍ ! നല്ല വെയിലല്ലേ? കൈ പതച്ച് കെടക്കുന്നുണ്ട്.’
അവര്‍ രാരിച്ചനെ താങ്ങി ഉമ്മറത്തേക്കിരുത്താന്‍ ശ്രമിച്ചു. ജന്മാന്തരങ്ങളുടെ പടവുകള്‍ കയറുന്നതുപോലെ രാരിച്ചന്‍ ഉമ്മറത്തേക്കു കയറാന്‍ ശ്രമിക്കുമ്പോള്‍ അകത്ത് ഫോണ്‍ മുഴങ്ങുന്ന ശബ്ദം കേള്‍ക്കാമായിരുന്നു.
ഫോണ്‍ മുഴക്കം നിര്‍ത്തിയതേയുള്ളൂ. മുറ്റത്ത് ഒരു ഓട്ടോ വന്നു നിന്നു. ഓട്ടോയില്‍ നിന്ന് പുറത്തേക്കിറങ്ങിയ ആളെ മഞ്ഞ വെയിലില്‍ മഞ്ഞളിച്ചു പോയ കണ്ണുകള്‍ കൊണ്ട് രാരിച്ചന്‍ നോക്കി.
‘മരുമോളാ’
‘ഇയ്യ് എന്തിനാ പോന്നത്…….. നാനിവടെ പെങ്ങളുട്ടിന്റെ മംഗലം കൂടാന്‍ വന്നതാ. അത് കൂടീറ്റേ നാന്‍….ള്ളൂ. മോള് വേകം ചെല്ല് ഓന്‍ വരുമ്പം കുടിക്ക്യാന്‍ ഒരെറക്ക് വെള്ളം മുക്കിക്കൊട്ക്കാന്‍ പെരേലാരും ണ്ടാവൂല.’
വീട്ടുകാരോടായ് ഓട്ടോഡ്രൈവര്‍ പറഞ്ഞു.
‘ഇത് ഇപ്പൊ പതിവാ,
ഒരൂക്കിന് വീട്ടിന്നെറങ്ങി ഒരു പോക്ക്. എവിടെ എത്ത്വാന്ന് ഒന്നും ഒര് നിശ്ശൈല്ല.’
മരുമകള്‍ കൂട്ടി ചേര്‍ത്തു.
‘ഒര് മനുഷ്യ ജന്‍മം ആയി പോയില്ലെ? ചങ്ങലക്കിടാന്‍ പറ്റ്വോ?
ഇങ്ങള് വേഗം വണ്ടീലേക്ക് കേറി.
പെങ്ങളുട്ടിന്റെ കല്യാണം പിന്നെ കൂടാ’
രാരിച്ചനെ വണ്ടിയിലേക്ക് കൈപിടിച്ചു കയറ്റുമ്പോള്‍ ആത്മഗതം പോലെ അവള്‍ പറഞ്ഞു.
‘പണ്ടെങ്ങോ ചത്ത് മണ്ണടിഞ്ഞ പെങ്ങളുട്ടിന്റെ മംഗലം കൂടണം പോലും.’
മുറ്റത്തെ മുല്ലക്കാടും കടന്ന് വെയില്‍ പടിഞ്ഞാറെ കുളക്കടവെത്തി. കോലായയില്‍ തിണ്ണയില്‍ ഒരു കരിമ്പടത്തിന്റെ തണലില്‍ കൂര്‍ക്കംവലിച്ചുറങ്ങുന്നു രാരിച്ചന്‍. അരികെ താഴെ കോലായില്‍ രാരിച്ചന്‍, ഉണ്ട് ബാക്കി വെച്ച പാത്രത്തില്‍ നിന്ന് വറ്റുകള്‍ ഉറുമ്പുകള്‍ കൂട്ടം ചേര്‍ന്ന് വലിച്ചു കൊണ്ടുപോവുന്നു.
കാറിന്റെ ഹോണ്‍ മുഴങ്ങുന്ന ശബ്ദം. ജയകൃഷ്ണന്‍ കാര്‍ പോര്‍ച്ചില്‍ കയറ്റിയിട്ടു ഡോര്‍ തുറന്ന് പുറത്തിറങ്ങി. അടുക്കളയില്‍ പാത്രങ്ങള്‍ അടുക്കുന്ന ശബ്ദം അല്പം കൂടി ഉയര്‍ന്നു കേള്‍ക്കാം. ഷര്‍ട്ടഴിച്ച് ഉമ്മറത്തെ ചാരുപടിയോടു ചേര്‍ന്ന അയലില്‍ തൂക്കിയിട്ട് അയാള്‍ തോര്‍ത്തെടുത്തുടുത്ത് അച്ഛനെ നോക്കി. കൂര്‍ക്കംവലിക്കുന്ന ശബ്ദം മാത്രം കേള്‍ക്കാം. അപ്പോഴേക്കും അടുക്കളയില്‍ നിന്നും രേഖ പുറത്തേക്കു വന്നു.
‘നിങ്ങള്‍ക്ക് ചായ ഇപ്പൊ എടുക്കണോ? അതോ കുളി കഴിഞ്ഞിട്ടു മതിയോ?’ ശബ്ദത്തില്‍ മേഘക്കറുപ്പ് അല്പം കൂടുതലായിരുന്നു.
അയാള്‍ പറഞ്ഞു.
‘ കുളി കഴിഞ്ഞേച്ചു മതി.’
പിന്നെ തുടര്‍ന്നു
‘അച്ഛന് കൊടുക്കൂ’
‘അച്ഛന് ചായ വേണ്ടി വരില്ല’ അവള്‍ പറഞ്ഞു.
‘ഇന്ന് കല്യാണംകൂടി സദ്യയും കഴിച്ച് വന്നതാ’
‘കല്യാണോ?’
അയാള്‍ തിരക്കി.
‘എവിടെ?’
‘എന്റെ ഒരു വിധീ ന്ന് പറഞ്ഞാല്‍ മതീലോ. ദാ കണ്ടില്ലെ മുക്കറയിട്ട് ഒറങ്ങുന്നത് ഇനി രാത്രി കെടത്തി പൊറുപ്പിക്കില്ല. ഞാനെന്താ? ഉറക്കും ഊണും ഇല്ലാത്ത ജീവിയാണല്ലോ.’ പറഞ്ഞു തീരുംമുമ്പെ തൊണ്ടയിടറിക്കൊണ്ട് അവള്‍ അടുക്കളയിലേക്കു നടന്നു. അയാള്‍ പകുതിയും കരിമ്പന്‍ വീണ തോര്‍ത്തുമുടുത്ത് കിണറ്റുകരയിലേക്കും.
കാറിലായിരുന്നു യാത്ര. എ.സി ഇട്ടിരുന്നെങ്കിലും കാറിനുള്ളില്‍ ചൂടുണ്ടായിരുന്നു. അയാള്‍ എ.സി ഓഫ് ചെയ്ത് വിന്റോ ഗ്ലാസ് താഴ്ത്തിയിട്ടു. കുട്ടികള്‍ പിന്‍സീറ്റില്‍ ലെയ്‌സ് പൊട്ടിച്ചു തിന്ന് കുത്തി മറിയുകയാണ്. ഓരം ചേര്‍ന്ന് രാരിച്ചന്‍ പിന്‍സീറ്റില്‍ പുറത്തേക്കു നോക്കിയിരുന്നു. ഏറെ നേരം പുറേത്തക്കു നോക്കിയിരിക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. മരങ്ങളും വീടുകളും പിന്നോട്ടു കടപുഴകി വീഴുന്നതുപോലെ തോന്നിയപ്പോള്‍ തലകറങ്ങുന്നതുപോലെ. പിന്നെ പരിധിയും കഴിഞ്ഞ് നീണ്ടു പോയ തന്റെ നഖങ്ങളെ ഒരു മരം അതിന്റെ വേരടരിലേക്ക് നോക്കി നില്‍ക്കുന്നതുപോലെ അയാള്‍ നോക്കിയിരുന്നു. അങ്ങനെ അവിടെ കിടന്ന് ഉറങ്ങിപ്പോയി.
അപ്പോഴും ജയകൃഷ്ണന്‍ ഒന്നും പറയാതെ കാര്‍ ഓടിച്ചു കൊണ്ടേയിരുന്നു. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സിഗ്‌നല്‍ എന്നോണം ഇടക്കിടെ കാറിന്റെ ഹോണ്‍ മുഴക്കിക്കൊണ്ട് നിശ്ശബ്ദതയേ അയാള്‍ ഭഞ്ജിച്ചു കൊണ്ടിരുന്നു. അടുത്തടുത്ത് രണ്ടു സീറ്റുകളില്‍ അപരിചതരെപ്പോലെ ജയകൃഷ്ണനും രേഖയും. കുട്ടികള്‍ ഒന്ന് മറ്റൊന്നിന്റെ മടിയിലെന്നോണം പാതിയിലവശേഷിച്ച കളികളുമായി മയക്കത്തിലേക്കു ചായുമ്പോള്‍, ആ ദിവസമവസാനിക്കാന്‍ ഇനി അധിക നേരമില്ലെന്ന് അവര്‍ അറിഞ്ഞു.
ദീപാരാധനയ്ക്കുള്ള മണിമുഴക്കം കേട്ടുകൊണ്ടാണ് അവര്‍ ഗുരുവായൂരമ്പലത്തിന്റെ നടയ്ക്കല്‍ എത്തിയത്. രാധാകൃഷ്ണ ലീലകള്‍ കളിയാടുന്ന കടകള്‍ക്കു മുമ്പിലൂടെ കൃഷ്ണ ഭക്തി ഗാനത്തിന്റെ ഈറനാം ഈണങ്ങളില്‍ത്തൊട്ട് അവര്‍ നടന്നു.
‘അച്ഛാ….. അമ്പലം എത്തി’
അവള്‍ പറഞ്ഞു.
‘ ഏതമ്പലം?’
അയാള്‍ ചുണ്ടനക്കി.
‘അച്ഛന്‍ പറയാറില്ലെ കൃഷ്ണനെ തൊഴണം ന്ന് അവിടെത്തന്നെ.’
‘കുരുവായൂരോ?’
രാരിച്ചന്‍ ഉറക്കച്ചടവിലൂടെ പ്രതിവചിച്ചു.
ഗുരുവായൂരമ്പലത്തിലേക്കുള്ള നടപ്പന്തലിലൂടെ അവര്‍ നടന്നു. ചുരുട്ടിപ്പിടിച്ച രണ്ടാം മുണ്ട് കക്ഷത്തു വെച്ച് കുചേലനെ പോലെ കണ്ണനെക്കണ്ടുവളങ്ങി രാരിച്ചന്‍.
രേഖ കൗണ്ടറില്‍ നിന്നും വാങ്ങിയ കളഭം ചാലിച്ച് രാരിച്ചന്റെ നെറ്റിയില്‍ സാധാരണത്തേതിലും വലിയ കുറിവരച്ചു. അപ്പോള്‍ രാരിച്ചനൊന്നു ചിരിച്ചു, പതിവിലും വിപരീതമായ്.
ചെമ്പൈ ഹാളില്‍ ആളുകള്‍ തിങ്ങിനിറഞ്ഞിരുന്നു. ഇന്ന് കളിയുണ്ട്. കാണികളില്‍ അധികം പേരും പ്രായംചെന്നവരായിരുന്നു. ആളുകള്‍ക്ക് ഇടയിലൂടെ അവര്‍ ഒരിടം കണ്ടെത്തി. രേഖ കുട്ടികള്‍ക്കു വാങ്ങിയ പോപ്‌കോണില്‍ നിന്നും ഒരു പിടി വാരി രാരിച്ചനു നല്‍കിയെങ്കിലും അയാളതു വാങ്ങിയില്ല.
‘എനിക്കിപ്പോ വെശപ്പില്ല’ – എന്നു മാത്രം പറഞ്ഞു.
പറഞ്ഞു തീരുംമുമ്പെ ആട്ട വിളക്കു തെളിഞ്ഞു മറക്കുടയ്ക്കു പിന്നില്‍ കളിക്കാര്‍ രംഗപ്രവേശം ചെയ്തു. ചിലമ്പും ചെണ്ടയും ഇടകലര്‍ന്ന് കഥകളി പദങ്ങള്‍ സദസ്യരിലേക്കു പകരുമ്പോള്‍ സദസ്സില്‍ പലരും നന്ദഗോപരും യശോദയുമായി യദുകുലവര്‍ണന്റെ കേളീവിലാസങ്ങളില്‍ ലയിച്ചു. കുട്ടികള്‍ മാത്രം കഥയൊന്നുമറിയാതെ ആട്ടം മാത്രം കണ്ടു.
രാരിച്ചന്‍ ചില നേരങ്ങളില്‍ നന്ദഗോപരും. യശോദയുമായി ….. കഥകളിപ്പദങ്ങളിലും മുദ്രകളിലും ആറാടി. മുന്നില്‍ അമ്പാടി നിറഞ്ഞു. കാലികുളമ്പിന്റെ പദവിന്യാസങ്ങള്‍…… മനസ്സില്‍ പശുവിനെ കറക്കുന്ന ശബ്ദവും ചേര്‍ന്ന് നീലവിലോചനന്റെ കേളികളാടി. ചിലപ്പോള്‍ കണ്ണീര്‍ വാര്‍ത്തു. രണ്ടാമുണ്ടില്‍ അയാള്‍ കണ്ണീര്‍ തുടച്ചു. ചില നേരങ്ങളില്‍ മൗലിയിലെ മയില്‍പ്പീലി മിഴികളില്‍ വന്നുതൊടുന്നതു പോലെ രാരിച്ചനു തോന്നി. പാല്‍ നിലാവ് വീണ അമ്പാടിയുടെ തിരുമുറ്റത്ത് അങ്ങനെ നില്‍ക്കെ കര്‍ട്ടന്‍ സാവധാനം താണു. പരിസരങ്ങളില്‍ വിളക്കുകള്‍ കണ്‍ മിഴിച്ചു. കളി കഴിഞ്ഞു.
ഓരോരുത്തരും എഴുന്നേറ്റ് അവരവരുടെ ഉറ്റവരുടേയും ഉടയവരുടേയും അരികിലേക്കു നീങ്ങി. ആളുകളുടെ തിക്കിലും തിരക്കിലും രാരിച്ചന് ഒന്നും മനസ്സിലായില്ല.
അവര്‍ കര്‍ണ്ണപുടം പൊട്ടുമാറ് നീട്ടിവിളിച്ചു
‘മോനേ’
രാരിച്ചന്റെ നിലവിളി അമ്പലപ്പറമ്പില്‍ അലിഞ്ഞകന്നു.
പിന്നെ ആകെ വെപ്രാളമായി.
‘ഇവിടെ ഉണ്ടായിരുന്നല്ലോ!,ന്നെ…… വ്‌ടെ ……. തനിച്ചാക്കി ഓനെങ്ങും ……. പോകൂലല്ലോ’
‘എന്താ അച്ഛാ?’
അപരിചിതന്റെ ശബ്ദം
‘ന്റെ മോനേ കണ്ടിരുന്നോ?’
മൈക്കു പോയന്റില്‍ നിന്നും അല്പ സമയത്തിനു ശേഷം ഉച്ചഭാഷിണിയിലൂടെ ഒരു ശബ്ദം ഉയര്‍ന്നു കേട്ടു.
‘രാരിച്ചന്റെ ബന്ധുക്കള്‍ ആരെങ്കിലും പരിസരത്തെങ്ങാനുമുണ്ടെങ്കില്‍ അനൗണ്‍സ്‌മെന്റ് മുറിയുമായി ബന്ധപ്പെടേണ്ടതാണ്.’
തിരക്കുകള്‍ക്കിടയില്‍ നിന്നും ക്ഷേത്രം ബാഡ്ജ് ധരിച്ച ഒരാള്‍ രാരിച്ചന്റെ
കൈക്കു പിടിച്ചു.
‘അച്ഛാ……. മോന്‍ വരുന്നതുവരെ ഇവിടെ ക്ഷേത്രം വക സത്രത്തിലിരിക്കാം.’
അയാള്‍ രാരിച്ചനെ സത്രത്തിലേക്ക് കൂട്ടി കൊണ്ടുപോയി.
ഒതുക്കുകള്‍ കയറുമ്പോള്‍ രാരിച്ചന്റെ കാലുകള്‍ ഇടറിയില്ല. പക്ഷെ ഒതുക്കുകല്ലുകള്‍ പതിയെ ഞരങ്ങി.
വാഹനത്തിന് വേഗത കുറവായിരുന്നു. മുന്നില്‍ റോഡ് കറുത്തവാവു പോലെ നീണ്ടു പരന്നുകിടന്നു. നിലാവ് നിരത്തില്‍ വീണ് ഉടഞ്ഞു ചിതറുന്നതായി അയാള്‍ക്കു തോന്നി.
യാദൃച്ഛികമായാണ് അത് അയാളുടെ കണ്ണില്‍പ്പെട്ടത്. ഒരു ഇരുമ്പ് മോതിരം. അച്ഛന്റെ ചൂണ്ടുവിരലില്‍ വര്‍ഷങ്ങളുടെ പഴക്കമുണ്ട് ആ മോതിരത്തിന്. തൂമ്പ പിടിച്ച് അതിന്റെ പകുതിയും തേഞ്ഞു പോയിരുന്നു. അച്ഛന്‍ കൈയില്‍ നിന്ന് ഒരിക്കലെങ്കിലും അത് അഴിച്ചതായി അയാള്‍ക്ക് ഓര്‍മ്മയില്ല. പിന്നെ അതിവിടെ ……. അച്ഛന്‍ മറന്നുവച്ചതാവുമോ? ഒരിക്കലും കളഞ്ഞു കൂടാത്തതെന്തോ കളഞ്ഞു പോയ ഒരു കുട്ടിയുടെ മനസ്സായിരുന്നു അയാള്‍ക്കപ്പോള്‍. വാഹനം സിഗ്‌നല്‍ പോയന്റില്‍ എത്തിയപ്പോള്‍ അയാള്‍ വലതുവശത്തെ റോഡിലേക്ക് വാഹനം കയറ്റി. ആരും പരസ്പരം അപ്പോള്‍ സംസാരിക്കുന്നുണ്ടായിരുന്നില്ല. മക്കള്‍ പിന്‍സീറ്റില്‍ ഇരുന്ന് അവളുടെ മൊബൈലില്‍ വീഡിയോ ഗെയിം കളിക്കുകയായിരുന്നു. കാറിനുള്ളിലെ നിശ്ശബ്ദതയിലേക്ക് അവളാണ് ആദ്യം ഒരു വാക്കെടുത്തിട്ടത്.
‘എന്താ ഇങ്ങോട്ട് തിരിച്ചത്? നമുക്ക് പോവേണ്ടത് ആ വഴിക്കല്ലേ?’
അയാള്‍ പറഞ്ഞു.
‘എന്റെ ഒരു സുഹൃത്തിനെ കാണാനുണ്ട്. ഇവിടം വരെ വന്നതല്ലെ എങ്ങനെയാ കാണാതെ മടങ്ങുന്നത്.’
പിന്നീട് അവള്‍ക്കു സംസാരിക്കാന്‍ അയാള്‍ ഇടം കൊടുത്തില്ല. അയാള്‍ പറഞ്ഞു കൊണ്ടേയിരുന്നു.
‘പഠിക്കുന്ന കാലത്ത് സഹായിച്ചിട്ടേയുള്ളൂ.
കോളേജില്‍ അഡ്മിഷന് പോവുമ്പോ വിയര്‍പ്പിനോട് ചേര്‍ന്നൊട്ടിയ കോന്തലയഴിച്ച് നാണയത്തുട്ടുകള്‍ തന്ന് അനുഗ്രഹിച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഈ ശരീരം എന്റേതല്ല അയാളുടെതാണ്. കാറിനുള്ളിലെ തണുപ്പില്‍ നിന്നു രക്ഷനേടുമ്പോലെ അയാള്‍ ഏ.സി ഓഫ് ചെയ്ത് വിന്റ് ക്ലാസ്സുകള്‍ താഴ്ത്തിയിട്ടു. പിന്നീട് തുടര്‍ന്നു
‘പല ദിവസങ്ങളിലും അയാള്‍ മുണ്ട് മുറുക്കിയുടുത്ത് എനിക്ക് ഭക്ഷണം തരുമായിരുന്നു. ഏറെ വിഭവങ്ങളൊന്നും ഉണ്ടാവില്ല. കടുമാങ്ങയും കഞ്ഞിയുമാവും. പക്ഷെ നമ്മുടെ തീന്‍ മുറിയില്‍ കിട്ടാത്ത രുചി അതിനുണ്ടായിരുന്നു.’
അയാള്‍ സംസാരിക്കുന്നതിനിടയില്‍ അവള്‍ ഇടയ്ക്കുകയറി പറഞ്ഞു.
‘ഇങ്ങനെ ഒരു സുഹൃത്തുണ്ടായിട്ട് ഇതുവരെ എന്നോട് പറഞ്ഞില്ലല്ലോ? ഇത്രയും നല്ല മനസ്സുള്ളവരെ നമ്മള്‍ മുമ്പെ ചെന്ന് കാണേണ്ടതായിരുന്നു.’
അയാള്‍ പറഞ്ഞു.
‘നീയറിയും, നിന്നോട് പറഞ്ഞിട്ടുണ്ട്. അല്ലെങ്കില്‍ ആരോടും പറയാതെ മനസ്സില്‍ മാത്രം സൂക്ഷിക്കുന്ന ആത്മസത്യങ്ങളുണ്ടാവില്ലേ? രേഖാ. ആര്‍ക്കും …. അതിലൊന്ന്.’
അയാള്‍ പറഞ്ഞു തീരുംമുമ്പെ കാറ് ഗേറ്റു കടന്ന് ഗുരുവായൂര്‍ ക്ഷേത്രം വക അഗതിമന്ദിരം എന്ന ബോര്‍ഡിനു കീഴെ വന്നുനിന്നു.
‘നീ ഇവിടെ ഇരിക്ക് ഞാന്‍ ആളെ കണ്ടിട്ടു വരാം.’
അയാള്‍ കാറിന്റെ ഡോര്‍ തുറന്ന് പുറത്തിറങ്ങി. ഇരുട്ടു വീണ് പാതിയും മങ്ങിനില്‍ക്കുന്ന വരാന്തയിലെ ബഞ്ചില്‍ അയാള്‍ ഇരിക്കുന്നു. തിമിരം വന്ന കണ്ണുകളെ ഇടയ്ക്കിടെ തുടച്ചു കൊണ്ട് കാഴ്ചയെ ശരിപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ട്.
ങാ..! മോനോ?
പിന്നെ പതറി പതറി എഴുന്നേല്‍ക്കുന്നതിനിടയില്‍ സത്രം ജീവനക്കാരനോടായി ഇത്രയും കൂട്ടി ചേര്‍ത്തു.
‘ഞാന്‍ പറഞ്ഞില്ലെ അവന്‍ വരുമെന്ന്.’