ചോളം എന്ന ചെടിയുടെ മറ്റൊരു പേരാണ് തിന. ചോളം കഴിച്ചാല്‍ ശരിരം തടിയ്ക്കുമെന്ന് കരുതപ്പെടുന്നു. വാതത്തെ വര്‍ദ്ധിപ്പിക്കുമെങ്കിലും പിത്തത്തേയും കഫത്തേയും കുറയ്ക്കുവാന്‍ ചോളത്തിന് കഴിയും. പാലുമായി ചേര്‍ത്ത് ചോളം കഴിക്കുന്നത് നിഷിദ്ധമാണ്. മുറിവേറ്റവര്‍ക്ക് തിനക്കഞ്ഞി കഴിച്ചാല്‍ മുറിവ് പെട്ടെന്ന് കരിയും. വിതയ്ക്കുന്നതു മാത്രമേ കൊയ്യുവാന്‍ സാധിക്കു. നന്മ ചെയ്യുന്നവര്‍ക്ക് നന്മ ലഭിക്കുമെന്നും തിന്മ ചെയ്യുന്നവന് തിക്ത അനുഭവം ഉണ്ടാകും എന്നും ഒരു സാരോപദേശം ഈ പഴഞ്ചൊല്ലിന് പിന്നിലുണ്ട്. പ്രശ്‌നസങ്കീര്‍ണ്ണമായ ലോകത്ത് വ്യക്തികളേയും സമൂഹത്തേയും രാജ്യത്തേയും വിലയിരുത്തുന്നതില്‍ നിര്‍ണ്ണായക സ്ഥാനമുള്ള പഴഞ്ചൊല്ലാണിത്. വിന എന്നാല്‍ വിനാശം, നാശം എന്നിങ്ങനെയാണ് അര്‍ത്ഥം. നാശം വിതയ്ക്കുന്നവന് നാശമായിരിക്കും ഫലം. കാറ്റു
വിതച്ചാല്‍ കൊടുങ്കാറ്റു വിളയായി കൊയ്യുന്നു. താന്‍താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍താനനുഭവിച്ചീടുകെന്നേവരു എന്ന ഉപദേശം ഇവിടെ അര്‍ത്ഥവത്താണ്. വിതയ്ക്കല്‍ ഒരു സൃഷ്ടികര്‍മ്മമാണ്.
നല്ല സൃഷ്ടിയിലൂടെ മാത്രമേ സമൂഹത്തിന് നന്മയുണ്ടാകുകയുള്ളു. കാലാതിവര്‍ത്തിയായ നമ്മുടെ നാട്ടിലെ പൂര്‍വ്വികരുടെ പുണ്യപ്രവൃത്തികളാണ് നമ്മെ ഇന്നും നിലനിര്‍ത്തുന്നത്. ആട്ടിയോടിക്കപ്പെട്ടവര്‍ക്കും വേട്ടയാടപ്പെട്ടവര്‍ക്കും അഭയം നല്കിയ നാടിന്റെ പ്രതിനിധിയെന്ന നിലയിലാണ് ഞാന്‍ നിങ്ങളോടു സംസാരിക്കുന്നത് എന്ന് ചിക്കാഗോയില്‍ വിവേകാനന്ദ സ്വാമിജി പ്രസംഗിച്ചു.
മനുഷ്യമനസ്സുകളുടെ ഔന്നത്യം വ്യക്തമാക്കുന്ന പഴഞ്ചൊല്ലാണിത്. വിതയ്ക്കാത്തത് ഒരിക്കലും കൊയ്യാന്‍ സാധിക്കില്ല. എന്താണോ നമുക്ക് ലഭിക്കുവാന്‍ നാം ലക്ഷ്യമിടുന്നത് അതുതന്നെ വിതയ്ക്കുവാനുള്ള ആര്‍ജ്ജവം ഓരോ വ്യക്തിയും കാണിക്കണമെന്ന് ഈ പഴഞ്ചൊല്ല് വ്യക്തമാക്കുന്നു. ഓരോ സമൂഹവും രാജ്യവും ഇന്നനുഭവിക്കുന്ന ദുഃഖദുരിതങ്ങള്‍ക്ക് കാരണം ആ രാജ്യത്തിലെ മനുഷ്യരുടെ പ്രവൃത്തികളാണ്. തിന്മയ്‌ക്കെതിരെ പോരാടുവാന്‍ ആര്‍ക്കും കഴിയും. നന്മയ്ക്കുവേണ്ടി നിതാന്ത ജാഗ്രതയോടുകൂടി പ്രവര്‍ത്തിക്കുക വളരെ പ്രയാസമേറിയ കാര്യമാണ്. വിനാശം സൃഷ്ടിക്കുവാന്‍ എളുപ്പമാണ്. നന്മയെ വളര്‍ത്തുക ദുഷ്‌ക്കരമായ കര്‍മ്മമാണ്. കൃഷിക്കാരന്റെ നഷ്ടമായ ജിവിതത്തെയാണ് ഇവിടെ പ്രതീകവല്‍ക്കരിക്കുന്നത്. ലോകം മുഴുവന്‍ ഇന്ന് ജേതാവും പരാജിതനുമില്ലാത്ത യുദ്ധത്തിനുവേണ്ടി കാതോര്‍ത്തിരിക്കുമ്പോള്‍ നല്ലത് വിതച്ച് നല്ലത് കൊയ്ത് ലോകത്തിന് ശാന്തി പകരുവാന്‍ കഴിയണമെന്ന വിശാലമായ ഒരു അര്‍ത്ഥതലം ഈ കാലഘട്ടത്തില്‍ ഈ പഴഞ്ചൊല്ലിനുണ്ട്. നന്മയും കാരുണ്യവും സത്യസന്ധതയും മാത്രമേ ശാശ്വതമായി നിലനില്‍ക്കു. അല്ലാത്തതെല്ലാം അപകടത്തെ വിളിച്ചു വരുത്തുന്നതാണ് എന്ന വിശിഷ്ടാര്‍ത്ഥമാണ് ഈ പഴഞ്ചൊല്ല് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.