സംഘത്തിന്റെ സര്‍സംഘചാലക് ആയിരുന്ന സുദര്‍ശന്‍ജി ബാലനായിരിക്കുമ്പോള്‍ തന്നെ സംഘശാഖയില്‍ പോയിരുന്നു. അതിന്റെ ഫലമായി ശാഖയില്‍ നിന്ന് ലഭിച്ചിരുന്ന സംഘസംസ്‌കാരം ആ പ്രായത്തില്‍ തന്നെ അദ്ദേഹത്തില്‍ പ്രകടമായിരുന്നു. താന്‍ നിശ്ചയിച്ചുറച്ച കാര്യം ഏത് സാഹചര്യത്തിലും പൂര്‍ത്തിയാക്കുക എന്നത് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു.
ഒരു ദിവസം വീട്ടില്‍ നടക്കാനിരിക്കുന്ന പൂജക്കുവേണ്ടി അങ്ങാടിയില്‍ നിന്ന് പേരക്ക വാങ്ങിക്കൊണ്ടുവരുവാന്‍ അമ്മ സുദര്‍ശന്‍ജിയെ പറഞ്ഞയച്ചു. അപ്പോള്‍ അദ്ദേഹത്തിന് 12 വയസ്സായിരുന്നു പ്രായം. വാങ്ങിക്കൊണ്ടുവന്ന പേരക്ക കേടുള്ളതായിരുന്നതിനാല്‍ അമ്മ അദ്ദേഹത്തെ ശകാരിക്കുകയും വാങ്ങിയയിടത്തു തന്നെ തിരിച്ചുകൊടുത്ത് പണം തിരിച്ചു വാങ്ങാനും നിര്‍ദ്ദേശിച്ചു. സുദര്‍ശന്‍ജി അങ്ങാടിയില്‍ എത്തിയപ്പോഴേക്കും പേരക്ക വിറ്റ സ്ത്രീ അങ്ങാടിയില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചുപോയിരുന്നു. വിശപ്പും ദാഹവും സഹിച്ച് സുദര്‍ശന്‍ജി ആ പേരക്കകള്‍ വില്‍ക്കാന്‍ അങ്ങാടിയില്‍ ഇരുന്നു. നേരം ഇരുട്ടി തുടങ്ങിയിട്ടും ഒരു ഉപഭോക്താവും എത്തിയില്ല. അമ്മയാകട്ടെ, അദ്ദേഹത്തെ അങ്ങാടിയിലേക്ക് തിരിച്ചയച്ചതിന് സ്വയം പഴിച്ച് മകന്റെ വരവും കാത്ത് അക്ഷമയും ദുഃഖിതയുമായി ഇരിപ്പായി. അവസാനം ഒരു വൃദ്ധന്‍ വന്ന് ആ പേരക്കകള്‍ വാങ്ങിക്കൊണ്ടുപോയി. വീട്ടില്‍ തിരിച്ചെത്തിയ സുദര്‍ശന്‍ജി ആദ്യം ചെയ്തത് ആ പണം അമ്മയെ തിരിച്ചേല്‍പ്പിക്കുകയായിരുന്നു.