തരം കിട്ടുമ്പോഴൊക്കെ പുരോഗമനത്തിന്റെയും നവോത്ഥാനത്തിന്റെയും മേലങ്കി അണിയുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ 30 ദിവസം മഴയെന്നും വെയിലെന്നുമില്ലാതെ, രാപ്പകല്‍ഭേദമില്ലാതെ തെരുവില്‍ ന്യായമായ കൂലിക്ക് വേണ്ടി സമരം ചെയ്ത ആശാ പ്രവര്‍ത്തകരുടെ ദൈന്യത മുന്നില്‍ നില്‍ക്കുമ്പോഴാണ് 300 വര്‍ഷങ്ങള്‍ക്കു മുന്‍പ് അഭിമാനവും അന്തസ്സും ഉയര്‍ത്തിപ്പിടിച്ച് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ, ആധ്യാത്മിക നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ മഹാറാണി അഹല്യ ബായി ഹോള്‍ക്കറുടെ ജന്മവാര്‍ഷികം നാം ആഘോഷിക്കുന്നത്. ശബരിമലയില്‍ യുവതീ പ്രവേശനം എന്ന് മുറവിളി കൂട്ടി നവോത്ഥാന സദസ്സും നവോത്ഥാന മതിലും പര്‍ദ്ദയിട്ട മുസ്ലീം വനിതകളെക്കൊണ്ട് സംഘടിപ്പിച്ച കാപട്യത്തിന്റെ ഭൂമികയായ കേരളത്തില്‍ നിന്ന് അഹല്യബായി ഹോള്‍ക്കറെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഹിമാലയതുല്യമായ അഭിമാനമാണ് തോന്നുന്നത്. 300 വര്‍ഷങ്ങള്‍ക്കു മുന്‍പ് അഹല്യാബായി സാധ്യമാക്കിയത് 21-ാംനൂറ്റാണ്ടില്‍ ഉത്തരാധുനികതയുടെ വിപ്‌ളവത്തിന്റെ ഉന്നത ശ്രേണിയില്‍ വിരാജിക്കുന്നുവെന്ന് അവകാശപ്പെടുന്ന കേരള സമൂഹത്തിന് ഇന്നും ചെയ്യാന്‍ സാധിക്കുന്നില്ല എന്നതുകൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്.
1725 മെയ് 31ന് മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ ജാംഖേഡിലെ ചോണ്ടി ഗ്രാമത്തില്‍ ഗ്രാമത്തലവനായ മനോജ് ഷിന്‍ഡെയുടേയും സുശീലാബായിയുടെയും മകളായാണ് അഹല്യാബായി ജനിച്ചത്. ഗ്രാമത്തിലെ ശിവക്ഷേത്രത്തില്‍ വച്ച് ആകസ്മികമായി അഹല്യയെ കണ്ട മറാത്ത പേഷ്വാ ബാലാജി ബാജിറാവു അവളെ തന്റെ സുഹൃത്തും സൈന്യാധിപനും മാള്‍വാ പ്രദേശത്തിന്റെ ഭരണാധികാരിയുമായ സുബേദാര്‍ മല്‍ഹാര്‍ ഹോല്‍ക്കറുടെ പുത്രന് വേണ്ടി വിവാഹമാലോചിക്കുന്നു.
മകള്‍ക്ക് വന്ന വിവാഹാലോചനയില്‍ സന്തോഷിച്ച മാതാപിതാക്കള്‍ വിവാഹസമ്മതം അറിയിച്ചതിനെ തുടര്‍ന്ന് 1733ല്‍ അഹല്യ ഖാണ്ഡേറാവു ഹോള്‍ക്കറെ വിവാഹം കഴിച്ച് ഇന്‍ഡോറില്‍ എത്തിച്ചേരുകയും ഹോള്‍ക്കര്‍ രാജവംശത്തിന്റെ ഭാഗമാകുകയും ചെയ്തു. ഭാരതീയ സംസ്‌കാരത്തില്‍ വേരുന്നിയ ശക്തമായ മൂല്യബോധം അഹല്യയില്‍ സൃഷ്ടിച്ചെടുക്കാന്‍ ഭര്‍തൃപിതാവ് മല്‍ഹാര്‍ റാവുവും മാതാവ് ബായിജി എന്ന് വിളിക്കുന്ന ഗൗതമ ബായിക്കും സാധിച്ചു.
രാജ്യഭരണത്തില്‍ സമഗ്രമായ പരിശീലനം അഹല്യ ബായിക്ക് ലഭിച്ചു. വായനയും എഴുത്തും ഒക്കെ അവര്‍ക്ക് സാധാരണ കാര്യങ്ങള്‍ മാത്രമായിരുന്നു. കുതിര സവാരിയിലും വാള്‍ പയറ്റിലും പീരങ്കി പ്രയോഗത്തിലും നീതിന്യായ വ്യവസ്ഥയിലും സാമ്പത്തിക കാര്യനിര്‍വഹണത്തിലും കണക്ക് സൂക്ഷിക്കലിലും പ്രതിരോധത്തിലും കാര്യാലയ ഭരണത്തിലും എല്ലാം വേണ്ടത്ര പരിശീലനം അഹല്യയ്ക്ക് ലഭിച്ചു. ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ സ്‌നേഹവാത്സ്യങ്ങള്‍ക്ക് പാത്രമായിരുന്നെങ്കിലും അവരുടെ വൈവാഹിക ജീവിതം ഒട്ടും സുഖകരമായിരുന്നില്ല.
വിവാഹത്തിന് 12 വര്‍ഷങ്ങള്‍ക്ക് ശേഷം 1754 മാര്‍ച്ച് 24 ന് കുംഭേര്‍ കോട്ട ഉപരോധത്തിനിടയിലുണ്ടായ ഭര്‍ത്താവ് ഖാണ്ഡേറാവുവിന്റെ മരണം അഹല്യബായിയെ ദു:ഖത്തിലും നിരാശയിലുമാഴ്ത്തി.
സതി അനുഷ്ഠിക്കാന്‍ തുനിഞ്ഞ അഹല്യബായിയെ മല്‍ഹാര്‍റാവു അതില്‍ നിന്നും തടഞ്ഞു. അദ്ദേഹത്തിന്റെ കാര്‍ക്കശ്യത്തിനു മുന്‍പില്‍ അഹല്യയ്ക്ക് തീരുമാനത്തില്‍ നിന്നും പിന്മാറി രാജ്യകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതായി വന്നു. സൈനിക, ഭരണകാര്യങ്ങളില്‍ മികച്ച പരിശീലനം തന്നെ അഹല്യയ്ക്ക് ലഭിച്ചു. മല്‍ഹാര്‍ റാവുവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ അഹല്യബായി ഭാരത ചരിത്രത്തിലെ സുപ്രധാന ഭരണാധികാരിയായി ഉയര്‍ന്നു വന്നു. 1766 ല്‍ മല്‍ഹാര്‍ റാവു അന്തരിച്ചു. തൊട്ടടുത്ത വര്‍ഷം അച്ഛന്റെ അതേ പാതയില്‍ സഞ്ചരിച്ചിരുന്ന മകന്‍ മാലെ റാവുവിനെയും അഹല്യയ്ക്ക് നഷ്ടപ്പെട്ടു. ഈ ദുഃഖങ്ങള്‍ ഒന്നും തന്നെ കീഴടക്കാന്‍ അഹല്യ അനുവദിച്ചില്ല.

രാജ്യത്തിന്റെ പുരോഗതിയും ജനങ്ങളുടെ ക്ഷേമവും മനസ്സില്‍ വച്ചുകൊണ്ട് മാള്‍വയുടെ ഭരണം ഏറ്റെടുക്കാന്‍ തന്നെ അനുവദിക്കണമെന്ന് അവള്‍ പേഷ്വയോട് അഭ്യര്‍ത്ഥിച്ചു. ചിലയിടങ്ങളില്‍ നിന്നൊക്കെ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു എങ്കില്‍ തന്നെയും സൈനിക ഭരണകാര്യങ്ങളില്‍ മികച്ച പരിശീലനം കിട്ടിയിരുന്ന അഹല്യയില്‍ എല്ലാവര്‍ക്കും പൂര്‍ണ്ണവിശ്വാസം ഉണ്ടായിരുന്നു. പല അവസരങ്ങളിലും മുന്നില്‍ നിന്ന് നയിക്കുകയും ഒരു യഥാര്‍ത്ഥ യോദ്ധാവിനെ പോലെ പോരാടുകയും ചെയ്ത അഹല്യബായിക്ക് മാള്‍വയുടെ ഭരണാധികാരി യാകാനുള്ള അനുമതി പേഷ്വ നല്‍കി. അതിന്‍ പ്രകാരം 1867 ഡിസംബര്‍ 11 ന് ഇന്‍ഡോറിന്റെ ഭരണാധികാരിയായി ചുമതലയേറ്റ അഹല്യാ ബായി ഹോള്‍ക്കര്‍ ഭാരത ചരിത്രത്തിലെ ഏറ്റവും മികച്ച ഭരണാധികാരികളിലൊരാളാണെന്ന് സ്വയം തെളിയിച്ചു.
ഭാരതത്തിന്റെ ധര്‍മ്മവും സംസ്‌കൃതിയും സംരക്ഷിക്കുന്ന കാര്യത്തില്‍ രാജ്യാതിര്‍ത്തി അഹല്യബായിക്ക് ഒരു പരിമിതി ആയിരുന്നില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഭാരതവര്‍ഷം മുഴുവന്‍ നിറഞ്ഞുനിന്നു. ആസേതുഹിമാചലം ആധ്യാത്മിക പ്രവര്‍ത്തനങ്ങളിലും ക്ഷേത്ര പുനരുദ്ധാരണകളിലും അസാധാരണവും അനന്യസാദൃശ്യവുമായ ഇടപെടല്‍ നടത്താന്‍ സാധിച്ച മഹത് വ്യക്തിയായിരുന്നു അഹല്യബായ് ഹോള്‍ക്കര്‍. ഇന്‍ഡോറിന് പുറത്ത് ഒരിക്കലും യാത്ര ചെയ്തിട്ടില്ലെങ്കിലും അഖണ്ഡ ഭാരതത്തിന്റെ ഭൂപടം അഹല്യയ്ക്ക് ഹൃദിസ്ഥമായിരുന്നു.
തെക്ക് രാമേശ്വരം മുതല്‍ വടക്ക് ബദ്രിനാഥം വരെയും കിഴക്ക് ജഗന്നാഥ പുരി മുതല്‍ പടിഞ്ഞാറ് സോമനാഥം വരെയും അഹല്യ ക്ഷേത്രങ്ങള്‍ പുനരുദ്ധരിപ്പിച്ചു. ഔറംഗസീബ് തകര്‍ത്തറിഞ്ഞ കാശി വിശ്വനാഥ ക്ഷേത്രം ഭാരതത്തിന് അവര്‍ തിരിച്ചു നല്‍കി. അയോധ്യ, മഥുര, ഗയ, ഹരിദ്വാര്‍, കാഞ്ചി, അവന്തി, തുടങ്ങിയ ക്ഷേത്രങ്ങളും മഹാകാലേശ്വര്‍, ഓംകാരേശ്വര്‍, ഭീമശങ്കരം തുടങ്ങി 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളും ഉള്‍പ്പെടെയുള്ള ഭാരതത്തിലെ എല്ലാ പ്രധാന ക്ഷേത്രങ്ങളും കോടാനു കോടി വരുന്ന വിശ്വാസികള്‍ക്ക് തിരിച്ചു നല്‍കുന്നതില്‍ മാള്‍വയിലെ ഈ മഹാറാണി വഹിച്ച പങ്ക് നിസ്തുലമാണ്. ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ പിന്‍തലമുറക്കാരുടെ പട്ടികയില്‍ ഈ വനിതാരത്‌നം എന്നും നിറശോഭയോടെ നില്‍ക്കും. ഈ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നടത്തിയത് അവരുടെ സ്വന്തം സമ്പത്തു കൊണ്ടായിരുന്നു. പ്രജകള്‍ക്ക് അര്‍ഹതപ്പെട്ട നയാ പൈസ പോലും ഇത്തരം കാര്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ പാടില്ല എന്ന് റാണിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
1750-ല്‍ തന്റെ രാജ്യം ശ്രീപത്മനാഭനു മുന്‍പില്‍ തൃപ്പടിദാനം നടത്തിയ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിനെ പോലെ തന്റെ രാജ്യം മഹാദേവനു സമര്‍പ്പിച്ചു കൊണ്ടാണ് ദേവി രാജ്യഭരണം നടത്തിയത്. എല്ലാ രാജകീയ പ്രഖ്യാപനങ്ങളിലും ‘ശ്രീശങ്കരന്‍’ ഒപ്പിനൊപ്പം പ്രത്യക്ഷപ്പെട്ടു.
പ്രജകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഘാട്ടുകള്‍, കിണറുകള്‍, റോഡുകള്‍, വഴിയമ്പലങ്ങള്‍ തുടങ്ങിയവയും തണല്‍ വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്ന പദ്ധതികളും ഉള്‍പ്പെടെ വിപുലമായ നിര്‍മ്മാണ-നവീകരണ പദ്ധതികള്‍ അവര്‍ ഏറ്റെടുത്തു നടപ്പിലാക്കി. നീതിയുക്തവും നിഷ്പക്ഷവുമായ നീതിന്യായ വ്യവസ്ഥ സ്ഥാപിക്കുകയും വ്യക്തിഗത അവകാശങ്ങള്‍ സംരക്ഷിക്കുകയും വിധവകളെയും അനാഥരെയും സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിലും അവരുടെ സാമൂഹിക ക്ഷേമത്തിലും അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്ത്രീകള്‍ വിദ്യാഭ്യാസരംഗത്ത് ഫലപ്രദമായി മുന്നേറണമെന്നും സതി നിരോധിക്കണം എന്നുമുള്ള ശക്തമായ നിലപാടെടുത്ത ഭരണാധികാരിയായിരുന്നു അഹല്യബായി ഹോള്‍ക്കര്‍

കല, സാഹിത്യം, വാസ്തുവിദ്യഎന്നിവയുടെ മികച്ച രക്ഷാധികാരിയായിരുന്ന അഹല്യ ബായി വാണിജ്യത്തിന്റെയും വ്യവസായത്തിന്റെയും അനന്തസാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ട് അടിസ്ഥാന സൗകര്യ വികസനം യാഥാര്‍ത്ഥ്യമാക്കി. മഹേശ്വര്‍ കേന്ദ്രമാക്കി വസ്ത്ര വ്യാപാര വിപണനവും ഉത്പാദന രംഗത്ത് ദീര്‍ഘവീക്ഷണമുള്ള പദ്ധതികളും അവര്‍ നടപ്പാക്കി. വസ്ത്ര വ്യാപാര രംഗത്ത് 18-ാം നൂറ്റാണ്ട് മുതല്‍ ഇന്നോളം മഹേശ്വര്‍ ഒരു ബ്രാന്‍ഡ് ആയി നില്‍ക്കുന്നതിന്റെ കാരണം അഹല്യയാണ്. മഹേശ്വരി സാരിയുടെ പേരും പെരുമയും ഇന്നും രാജ്യമാസകലം നിലനില്‍ക്കുന്നു. സ്ത്രീകള്‍ക്ക് വരുമാനം കിട്ടുന്നതിനും അഭിമാനത്തോടുകൂടി ജോലിചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ശാസ്ത്രീയമായ പദ്ധതികളും അവര്‍ നടപ്പിലാക്കിയിരുന്നു. ആരോഗ്യ സംരക്ഷണത്തില്‍ അഹല്യബായി നല്‍കിയ ശ്രദ്ധ എടുത്തു പറയേണ്ടതാണ്. പൊതുജനാരോഗ്യം ചര്‍ച്ച പോലും ചെയ്യപ്പെടാതിരുന്ന ഒരു കാലഘട്ടത്തിലാണ് ആശുപത്രികളും ഡിസ്‌പെന്‍സറികളും സ്ഥാപിച്ചുകൊണ്ട് ശുചിത്വം, സമൂഹ്യക്ഷേമം എന്നിവ ഉറപ്പുവരുത്തുന്ന ആരോഗ്യ സംരക്ഷണ സംവിധാനത്തിന് അവര്‍ അടിത്തറ പാകിയത്. ആരോഗ്യ സംരക്ഷണത്തിലും ശുചിത്വത്തിലും വിദ്യാഭ്യാസത്തിലും അവര്‍ ജനകീയമായ ഒരു സമീപനം വെച്ചുപുലര്‍ത്തിയിരുന്നു. ഗ്രാമീണ ജനങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും അത് അവര്‍ ഉറപ്പുവരുത്തിയിരുന്നു. ഐക്യരാഷ്ട്രസഭ സുസ്ഥിര വികസനം മുന്നോട്ടുവയ്ക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ റോഡുകളും പാലങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും നിര്‍മ്മിച്ചു കൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക അഭിവൃത്തിയും ക്ഷേമവും അഹല്യ ഉറപ്പുവരുത്തി.
പരിഷ്‌കാരങ്ങള്‍ പരിസ്ഥിതിക്ക് ആഘാതം വരാതെ നടപ്പാക്കുമെന്ന് അവര്‍ ഉറപ്പിച്ചിരുന്നു. പരിസ്ഥിതി ആസൂത്രണത്തിലെ അവരുടെ ദീര്‍ഘവീക്ഷണം സമകാലിക വികസന ആസൂത്രണത്തില്‍ നമ്മള്‍ അനുകരിക്കേണ്ടതാണ്. കാലാവസ്ഥാവ്യതിയാനങ്ങളുമായി ലോകം പോരാടുമ്പോള്‍ നമുക്ക് ഉപകാരപ്പെടുന്ന പരിഹാരങ്ങള്‍ കണ്ടെത്താന്‍ അഹല്യബായിയുടെ തത്വചിന്തയിലൂടെ സാധിക്കും. ഭൂമിയെയും പ്രകൃതിയെയും സംരക്ഷിക്കാന്‍ അവര്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക് എത്രയോ ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് 1992 ല്‍ റിയോ ഡി ജനററോയില്‍ നാം ഭൗമ ഉച്ചകോടി സംഘടിപ്പിച്ചത്.
ഛത്രപതി ശിവാജി മഹാരാജും അദ്ദേഹത്തിന്റെ പുത്രന്‍ സംഭാജിയും നേതൃത്വം നല്‍കിയ ഹിന്ദുരാഷ്ട്ര മുന്നേറ്റത്തിന്റെ തുടര്‍ച്ച ഭാരതവര്‍ഷത്തില്‍ മുഴുവന്‍ എത്തിക്കാന്‍ ഇന്‍ഡോറിലെ രാജ്ഞിയായിരിക്കെ അഹല്യബായ് ഹോള്‍ക്കര്‍ നേതൃത്വം നല്‍കി. അഹല്യബായിയെക്കുറിച്ച് വേണ്ടവണ്ണം മനസ്സിലാക്കാനോ അറിയാനോ വേണ്ടത്ര അവസരം കിട്ടാത്ത ഒരു ജനതയാണ് നമ്മള്‍. സ്വതന്ത്ര ഭാരതത്തില്‍ ചരിത്ര നിര്‍മ്മിതിക്കായി നിയോഗിക്കപ്പെട്ടവരുടെ ബ്രിട്ടീഷ് ദാസ്യവും, രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും തുരങ്കം വെക്കുന്ന കമ്മ്യൂണിസ്റ്റ് ജിഹാദി സ്വാധീനവും ചരിത്രപാഠങ്ങളില്‍ നിന്ന് അഹല്യബായിയെ തമസ്‌കരിക്കുന്നതിന് കാരണമായി. ജോണ്‍.കെ എന്ന ബ്രിട്ടീഷ് ചരിത്രകാരന്‍ അഹല്യബായിയെ ചരിത്രത്തില്‍ രേഖപ്പെടുത്തിയത് ‘ദാര്‍ശനികയായ രാജ്ഞി’ എന്നാണ് (ുവശഹീീെുവലൃ ൂൗലലി). ‘ഇന്ത്യ എ ഹിസ്റ്ററി’ എന്ന തന്റെ പുസ്തകത്തില്‍ അഹല്യഭായിയെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ് ‘അഹല്യ ബായി ഹോള്‍ക്കര്‍ വിശാലമായ രാഷ്ട്രീയ അന്തരീക്ഷത്തെ കൃത്യമായി നിരീക്ഷണം ചെയ്ത മാള്‍വയിലെ തത്വചിന്തകയായ റാണിയായിരുന്നു. 1772 പേഷ്വയ്ക്ക് എഴുതിയ കത്തില്‍ അവര്‍ ബ്രിട്ടീഷുകാരുമായുള്ള സഹവാസത്തിനെതിരെ മുന്നറിയിപ്പ് നല്‍കുകയും ബ്രിട്ടീഷുകാരുടെ ആലിംഗനത്തെ കരടിയോട് ആലിംഗനത്തോട് ഉപമിക്കുകയും ചെയ്തു. മറ്റു മൃഗങ്ങളെ ശക്തിയോ ഉപായമോ ഉപയോഗിച്ചുകൊല്ലാം. പക്ഷേ കരടിയെ കൊല്ലാന്‍ വളരെ ബുദ്ധിമുട്ടാണ്. നിങ്ങള്‍ മുഖത്തോടുമുഖം നേരിട്ട് ആക്രമിച്ചാല്‍ മാത്രമേ അതിനെ കൊല്ലാനാകൂ. നിങ്ങള്‍ കരടിയുടെ പിടിയില്‍ അകപ്പെട്ടാല്‍ കരടി ഇരയെ ഇക്കിളിപ്പെടുത്തിക്കൊല്ലും. ഇംഗ്ലീഷുകാരുടെ രീതി കരടിയുടേതാണ്, സൂക്ഷിക്കുക.

ഇത്രയും ദീര്‍ഘവീക്ഷണത്തോടുകൂടി വരാന്‍ പോകുന്ന വലിയ വിപത്തിനെ തിരിച്ചറിഞ്ഞ ഒരു ഭരണാധികാരി ആ കാലഘട്ടത്തില്‍ വേറെ ഉണ്ടായിട്ടില്ല. സാമൂഹിക പരിഷ്‌കര്‍ത്താവും ഭാരത ദേശീയതയുടെ പിന്തുര്‍ച്ചക്കാരിയുമായിരുന്ന ആനി ബസന്റ് അഹല്യബായി ഹോള്‍ക്കറുടെ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് പറഞ്ഞത് ഇപ്രകാരമാണ്:- ‘ഈ മഹതിയായ രാജ്ഞി അവരുടെ രാജ്യത്തിലെ എല്ലാവരെയും അവരുടെ പരമാവധി നന്മയോടെ ജീവിക്കുന്നതിന് വിശുദ്ധ പ്രേരണയായി ഭവിച്ചു. അവരുടെ കാലത്ത് വ്യാപാരികള്‍ ഏറ്റവും മികച്ച വസ്ത്രങ്ങള്‍ നിര്‍മ്മിച്ചു. അങ്ങനെ വ്യാപാരം അഭിവൃദ്ധമായി. കര്‍ഷകരെ പരിപൂര്‍ണ്ണമായി പിന്താങ്ങി. അതിലൂടെ കൃഷി നന്നേ വികസിപ്പിച്ചു. രാജ്യത്തുടനീളം പൊതുനിരത്തുകളില്‍ തണല്‍ വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി. കിണറുകള്‍ കുഴിച്ചു. യാത്രക്കാര്‍ക്ക് വേണ്ടി വഴിയമ്പലങ്ങള്‍ പണിതു. പാവപ്പെട്ടവരെയും വീടില്ലാത്തവരെയും അനാഥരെയും അവരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് സഹായിച്ചു. വഴിയാത്രക്കാരെ പിടിച്ചു പറിച്ചിരുന്ന ഭില്ലാ വിഭാഗക്കാര്‍ക്ക് അവര്‍ കഴിഞ്ഞിരുന്ന മലയിടുക്കുകളിലെ ഒളിയിടങ്ങളില്‍ നിന്ന് പുറത്തുവന്ന് സത്യസന്ധരായ കൃഷിക്കാരായി ജീവിതം മാറ്റിയെടുക്കുവാന്‍ പ്രചോദനം നല്‍കി. ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുപോലെ അവരുടെ പ്രശസ്തയായ റാണിയെ ബഹുമാനിച്ചു. അവരുടെ ദീര്‍ഘായുസ്സിനുവേണ്ടി പ്രാര്‍ത്ഥിച്ചു.
‘ഇന്ത്യയെ കണ്ടെത്തല്‍’ എന്ന തന്റെ പുസ്തകത്തില്‍ ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു റാണിയെപ്പറ്റി എഴുതിയത് ഇങ്ങനെയാണ് ‘ഇന്‍ഡോറിലെ അഹല്യഭാവിയുടെ ഭരണം മദ്ധേന്ത്യയില്‍ ഏതാണ്ട് 30 വര്‍ഷത്തോളം നീണ്ടുനിന്നു. ചിട്ടയോടു കൂടിയ ക്ഷേമ പൂര്‍ണമായ ഭരണം നിലനിന്നിരുന്ന ഒരു കാലഘട്ടം എന്ന നിലയില്‍ അവരുടെ വാഴ്ച കാലം ഏറെക്കുറെ ഐതിഹാസിക മാനങ്ങളോടെ ഇന്നു ചരിത്രം പരിഗണിക്കുന്നു. അസാമാന്യ കഴിവുകളുള്ള ഭരണാധികാരിയും ജനസംഘാടകനുമായിരുന്നു റാണി അഹല്യ. അവരുടെ മരണശേഷം കൃതജ്ഞതാ ഭരിതമായ സാമാന്യ ജനത അവരെ ഒരു പരിശുദ്ധയായി തന്നെ കണക്കാക്കുന്നു.’
രാജ്യം ഇന്ന് അര്‍ഹിക്കുന്ന രീതിയില്‍ മഹാറാണി അഹല്യ ബായി ഹോള്‍ക്കറെ ആദരിച്ചു തുടങ്ങിയിരിക്കുന്നു. 1996 ല്‍ ഭാരതസര്‍ക്കാര്‍ അഹല്യ സ്റ്റാമ്പ് പുറത്തിറക്കുകയുണ്ടായി. ഇന്‍ഡോര്‍ വിമാനത്താവളത്തിന് അഹല്യ വിമാനത്താവളം എന്നും ഇന്‍ഡോര്‍ സര്‍വ്വകലാശാലയെ ദേവി അഹല്യ വിശ്വവിദ്യാലയം എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു.
മൂന്ന് ദശാബ്ദങ്ങള്‍ക്കിപ്പുറം ഭാരതമിന്നും അഹല്യഭായ് ഹോള്‍ക്കറെ ആഘോഷിക്കുകയാണ്.
ഗ്രാമ നഗരഭേദമില്ലാതെ രാജ്യത്തിലാകമാനം പതിനായിരക്കണക്കിന് സ്ഥലങ്ങളില്‍ ലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന ആഘോഷ പരിപാടികള്‍ നടന്നുവരുന്നു. അടുത്തിടെ കന്യാകുമാരി ജില്ലയിലെ നാഗര്‍കോവില്‍ നടന്ന അര ലക്ഷത്തിലേറെ വനിതകള്‍ പങ്കെടുത്ത കര്‍മ്മയോഗിനി സംഗമം ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍കാര്യവാഹ് മാന്യ ദത്താത്രേയ ഹൊസബാളെ, മാതാ അമൃതാനന്ദമയി ദേവി, മിസൈല്‍ വനിത എന്നറിയപ്പെടുന്ന ഡോ.ടെസി തോമസ്, കന്യാകുമാരി വിവേകാനന്ദ കേന്ദ്രം വൈസ് പ്രസിഡന്റ് നിവേദിതാ ബീഡേ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. ഭാരതത്തിലെമ്പാടും ഇത്തരത്തില്‍ നിരവധി പരിപാടികള്‍ വിവിധ ദേശീയ ആധ്യാത്മിക സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.
യോദ്ധാവായ രാജ്ഞി എന്നതിനപ്പുറം തേജസ്വിനിയായ സന്യാസിനിയായും കര്‍മ്മയോഗിയായും രാജയോഗിയായും മനുഷ്യസ്‌നേഹിയായും നിലകൊള്ളുമ്പോഴും ഭരണപരമായ കാര്യങ്ങളില്‍ കാര്‍ക്കശ്യവും ‘അഴിമതി നടത്തില്ല, അഴിമതി നടത്താന്‍ അനുവദിക്കില്ല’ എന്ന നിശ്ചയദാര്‍ഢ്യം ഉണ്ടായിരുന്ന, സ്ത്രീകള്‍ക്ക് മാത്രമല്ല മനുഷ്യ സമൂഹത്തിനും ഭരണാധികാരികള്‍ക്കും എന്നും മാതൃകയാണ് മഹാറാണി അഹല്യബായി ഹോള്‍ക്കര്‍. ദാമ്പത്യ ജീവിതത്തിലെ അസ്വസ്ഥതകളും ഒന്നിനുപുറകെ ഒന്നായി വന്ന ഭര്‍ത്താവിന്റെയും മകന്റെയും ഭര്‍തൃ പിതാവിന്റെയും ചെറുമകന്റെയും മരുമകന്റെയും മരണങ്ങളും തന്റെ കണ്‍മുന്നില്‍ സതി അനുഷ്ഠിച്ച മകളുടെ മരണവും ഒന്നും തന്നെ അഹല്യയുടെ നിശ്ചയദാര്‍ഢ്യത്തിനേയും രാഷ്ട്രത്തോടുള്ള ഭക്തിയേയും ഭരണാധികാരി എന്ന ഉത്തരവാദിത്തത്തെയും പിന്തിരിപ്പിക്കാന്‍ പോകുന്നതായിരുന്നില്ല. 70 വര്‍ഷത്തെ സാര്‍ത്ഥകമായ ജീവിതത്തിന് വിരാമം കുറിച്ചു കൊണ്ട് 1795 ആഗസ്റ്റ് 13 ന് അഹല്യ ബായി വിടവാങ്ങി. 300 വര്‍ഷങ്ങള്‍ക്കിപ്പുറവും ആ തേജസ്വിയുടെ സ്മരണ ഭാരതവര്‍ഷ മാസകലം പ്രശോഭിക്കുന്നു.