പതിനെട്ടാം നൂറ്റാണ്ടില്‍, സ്ത്രീകളുടെ അവകാശങ്ങളെക്കുറച്ചും ശാക്തീകരണത്തെക്കുറിച്ചും കേട്ടുകേള്‍വി പോലുമില്ലാത്ത കാലത്ത് റാണി അഹല്യ ബായി ഹോള്‍ക്കറുടെ മഹനീയ ജീവിതം സ്ത്രീ ശക്തിയുടെയും പ്രതിരോധശേഷിയുടെയും ഉജ്ജ്വല സന്ദേശം വിളംബരം ചെയ്തു. മാള്‍വയിലെ രാജ്ഞി എന്ന നിലയില്‍, അവര്‍ ഭാവി തലമുറയിലെ സ്ത്രീകള്‍ക്ക് സ്വന്തം അവകാശങ്ങള്‍ സ്ഥാപിക്കാനും സമൂഹത്തില്‍ ശരിയായ സ്ഥാനം അവകാശപ്പെടാനും വഴിയൊരുക്കുകയും ചെയ്തു. അഹല്യ ബായി ഹോള്‍ക്കറുടെ ജീവിതവും പ്രവര്‍ത്തനവും സ്ത്രീ ശാക്തീകരണത്തിന് എക്കാലത്തും പ്രചോദനം നല്‍കുന്ന ഒന്നാണ് എന്ന് സാദരം ലോകം അംഗീകരിക്കുന്നു. സ്ത്രീകള്‍ക്ക് മാറ്റത്തിന്റെ വക്താക്കളാകാനും അതിന് ശക്തമായ നേതൃത്വം വഹിക്കാനും കഴിയുമെന്ന വ്യക്തമായ ഓര്‍മ്മപ്പെടുത്തലാണ് അഹല്യാ ബായി ഹോള്‍ക്കറുടെ ജീവിതം.
1725 മെയ് 31-ന് മഹാരാഷ്ട്രയിലെ ചൗണ്ടി ഗ്രാമത്തില്‍ ഗ്രാമത്തലവനായ മാന്‍കോജി ഷിന്‍ഡേയുടെ പുത്രിയായി അഹല്യാ ബായി ജനിച്ചു. ആ സമയത്ത് സ്ത്രീകള്‍ വിദ്യാലയങ്ങളില്‍ പോയിരുന്നില്ല. എന്നാല്‍ ആ പിതാവ് മകള്‍ക്ക് സ്വന്തം നിലയില്‍ എഴുതാനും വായിക്കാനുമുള്ള അറിവ് പകര്‍ന്നു നല്‍കി. എളിയ ജീവിതത്തില്‍ നിന്ന് ഭാരതത്തിലെ ഏറ്റവും പ്രശസ്തയായ വനിതാ ഭരണാധികാരികളില്‍ ഒരാളായി ഉയര്‍ന്നു ജ്വലിച്ച മഹദ് വ്യക്തിത്വമാണ് റാണി അഹല്യ ഹോള്‍ക്കറുടേത്.
എട്ടുവയസ്സുകാരിയായ അഹല്യ, ഗ്രാമത്തിലെ ദരിദ്രര്‍ക്കും, ഭിക്ഷുക്കള്‍ക്കും ഭക്ഷണം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ട, മറാഠാ പേഷ്വാ ബാജി റാവുവിന്റെ സേനാനായകരില്‍ ഒരാളായ മല്‍ഹാര്‍ റാവു ഹോള്‍ക്കര്‍ അഹല്യാ ബായിയില്‍ ബാല്യത്തിലേ പ്രകടമായ സ്വഭാവശുദ്ധിയിലും ലാളിത്യത്തിലും മതിപ്പു തോന്നി അവരെ സ്വന്തം പുത്രന് വധുവായി തെരഞ്ഞെടുത്തു. അങ്ങനെ 1733 ല്‍ അഹല്യ ഖാണ്ഡേറാവു ഹോള്‍ക്കറിനെ വിവാഹം ചെയ്തു. മാള്‍വ പ്രദേശം അക്കാലത്ത് മല്‍ഹാര്‍ റാവുവിന്റെ അധീനതയില്‍ ആയിരുന്നു. ഇരുപത്തി ഒന്‍പതാമത്തെ വയസ്സില്‍ അഹല്യാ ബായിയെ വൈധവ്യം തേടിയെത്തി. 1754 ല്‍ നടന്ന കുംഭേര്‍ യുദ്ധത്തില്‍ ഖണ്ഡേ റാവു കൊല്ലപ്പെട്ടപ്പോള്‍ അഹല്യ സതി അനുഷ്ഠിക്കാന്‍ തീരുമാനിച്ചുവെങ്കിലും ഭര്‍തൃപിതാവായ മല്‍ഹാര്‍ റാവു വിലക്കി. 1766 ല്‍ മല്‍ഹാര്‍ റാവു കൂടി അന്തരിച്ചതോടെ അനാഥമായ മാള്‍വ പ്രദേശത്തിന്റെ അധികാരം അഹല്യ ബായ് സ്വയം ഏറ്റെടുത്തു. മാല്‍വയിലെ ചിലര്‍ അവര്‍ ഭരണം ഏറ്റെടുക്കുന്നതിനെ എതിര്‍ത്തുവെങ്കിലും ഹോള്‍ക്കറുടെ സൈന്യം അഹല്യയ്‌ക്കൊപ്പമായിരുന്നു. രാജ്യത്തെ ആര്‍ക്കും നേരിട്ട് കാര്യങ്ങള്‍ ബോധിപ്പിക്കാവുന്ന ഒരു ഭരണാധികാരി ആയിരുന്നു അഹല്യ ബായ്. യുദ്ധഭൂമിയില്‍ സ്വന്തം സൈന്യത്തോടൊപ്പം റാണി ധീരമായ പോരാട്ടള്‍ കാഴ്ചവെച്ചു.അവരുടെ നേതൃപാടവവും ഭരണപരമായ മിടുക്കും ജനങ്ങളോടുള്ള അനുകമ്പയും അവര്‍ക്ക് അവരുടെ പ്രജകളുടെ ആദരവും സ്‌നേഹവും നേടിക്കൊടുത്തു.
വാണിജ്യം, വ്യവസായം, കൃഷി, കുലത്തൊഴിലുകള്‍ എന്നീ മേഖലകള്‍ക്കെല്ലാം വലിയ പുരോഗമനം സൃഷ്ടിച്ച റാണിയുടെ ഭരണത്തില്‍ മാള്‍വായുടെ നികുതി വരുമാനവും വര്‍ദ്ധിച്ചു. ഈ ധനം സമൂഹത്തിന്റെ ഉന്നമനത്തിനായി അവര്‍ ഉപയോഗിച്ചു. കൈലാസം മുതല്‍ രാമേശ്വരം വരെയുള്ള ഭാരതത്തിന്റെ സകല ഭൂമികകളിലും ക്ഷേത്ര നിര്‍മ്മാണവും, പുനരുദ്ധാരണവും നടത്താന്‍ അഹല്യാഭായിക്ക് സാധിച്ചു. സ്ത്രീകളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമുള്ള അഹല്യബായിയുടെ പ്രതിബദ്ധത അവരുടെ നയങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രകടമായിരുന്നു. അവര്‍ പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിച്ചു, അവര്‍ക്ക് വിദ്യാഭ്യാസത്തിനും നൈപുണ്യ പരിശീലനത്തിനും പ്രവേശനം നല്‍കി. ഭരണത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ഭരണപരമായ പ്രധാന സ്ഥാനങ്ങളില്‍ സ്ത്രീകളെ നിയമിക്കുകയും തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ പങ്കാളികളാകാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഔറംഗസേബിനാല്‍ തച്ചുടയ്ക്കപ്പെട്ട കാശി വിശ്വനാഥ ക്ഷേത്രം മാറ്റി സ്ഥാപിച്ചതും റാണിയായിരുന്നു. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം, മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവ വീണ്ടെടുക്കുവാന്‍ റാണി നടത്തിയ ശ്രമങ്ങളും, അതിനായി ചെയ്ത സാമ്പത്തിക സഹായങ്ങളും അമേരിക്കന്‍ ചരിത്രകാരനായ സ്റ്റുവര്‍ട്ട് ഗോര്‍ഡന്‍ അടക്കമുള്ള നിരവധി പേര്‍ ചരിത്ര രേഖകളില്‍ കുറിച്ചിട്ടുണ്ട്. ഭാരതത്തിന്റെ അഭിമാനമായ ഈ ധീര പുത്രിയെ ബ്രിട്ടീഷ് ചരിത്രകാരനായ ജോണ്‍ കീ ‘തത്ത്വചിന്തക-രാജ്ഞി’ എന്നാണ് വാഴ്ത്തിയിട്ടുള്ളത്.

സതി, ശൈശവ വിവാഹം തുടങ്ങിയ സാമൂഹിക തിന്മകളെ തുടച്ചുനീക്കാനുള്ള അവരുടെ ശ്രമങ്ങളാണ് സ്ത്രീ ശാക്തീകരണത്തിന് അഹല്യ ബായിയുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളില്‍ ഒന്ന്. ഈ ക്രൂരമായ ആചാരങ്ങള്‍ക്ക് ഇരയാകാന്‍ സാധ്യതയുള്ള സ്ത്രീകള്‍ക്ക് സുരക്ഷിത സങ്കേതം നല്‍കിക്കൊണ്ട് അവര്‍ തന്റെ രാജ്യത്ത് ഈ ആചാരങ്ങള്‍ നിരോധിച്ചു. ആഴത്തില്‍ വേരൂന്നിയ ഈ സാമൂഹിക അനാചാരങ്ങളെ വെല്ലുവിളിക്കാനുള്ള അവരുടെ ധീരതയും സ്ഥൈര്യവും എണ്ണമറ്റ സ്ത്രീകളെ സ്വന്തം അവകാശങ്ങള്‍ക്കായി നിലകൊള്ളാനും നീതി ആവശ്യപ്പെടാനും പ്രേരിപ്പിച്ചു.
അഹല്യ ബായിയുടെ ജീവിതവും ഇച്ഛാശക്തിയും സാമ്പത്തികാസൂത്രണ കുശലതയും സ്ത്രീകള്‍ക്ക് സാമ്പത്തിക ശാക്തീകരണത്തിന്റെ നട്ടെല്ലാവാന്‍ കഴിയും എന്ന് തെളിയിക്കുന്നു. വ്യാപാരത്തിലും വാണിജ്യത്തിലും ഏര്‍പ്പെടാന്‍ അവര്‍ സ്ത്രീകളെ പ്രോത്സാഹിപ്പിച്ചു, അവര്‍ക്ക് കച്ചവട മേഖലയിലേയ്ക്കും മറ്റ് വിഭവ മേഖലകളിലേക്കും പ്രവേശനം നല്‍കി. അവരുടെ നയങ്ങള്‍ സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിന്സഹായിച്ചു. കൂടാതെ തങ്ങളെയും തങ്ങളുടെ കുടുംബങ്ങളെയും പോറ്റാന്‍ അവരെ പ്രാപ്തരാക്കുവാനും അതുവഴി സാധിച്ചു. അവര്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക അവസരങ്ങള്‍ നല്‍കുകയും ഭരണത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പിക്കുകയും ചെയ്തു. ഹോള്‍ക്കര്‍ രാജവംശത്തിലെ സ്ത്രീകളുടെ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സ്ഥാപിച്ച ട്രസ്റ്റ് സ്ത്രീശാക്തീകരണത്തോടുള്ള അവരുടെ പ്രതിബദ്ധതയുടെ തെളിവാണ്.

അഹല്യ ബായി ഹോള്‍ക്കറുടെ ജീവിതവും പ്രവര്‍ത്തനവും സ്ത്രീ ശാക്തീകരണത്തിന് ശക്തമായ പ്രചോദനമാണ്. അവരുടെ ധൈര്യവും ബോധ്യവും നേതൃത്വപാടവവും ഇന്നും സ്ത്രീകള്‍ക്ക് അനുകരിക്കാന്‍ ഉജ്ജ്വലമായ മാതൃകയായി വര്‍ത്തിയ്ക്കുന്നു. സ്ത്രീകളുടെ ക്ഷേമം, വിദ്യാഭ്യാസം, സാമ്പത്തിക ശാക്തീകരണം എന്നിവയിലുള്ള അവരുടെ പ്രതിബദ്ധത സ്ത്രീകള്‍ക്ക് ആത്മവിശ്വാസം പകരുന്ന ഊര്‍ജമായി നിലകൊള്ളുന്നു. അഹല്യ ബായിയുടെ നേട്ടങ്ങള്‍ ആഘോഷിക്കുമ്പോള്‍, സ്ത്രീകള്‍ക്ക് മാറ്റത്തിന്റെ വിധാതാക്കളാകാനും സ്വന്തം വിധിയുടെ ശില്പികളാകാനും സാധിക്കുമെന്നുമുള്ള യാഥാര്‍ത്ഥ്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അവരുടെ ജീവിതം സ്ത്രീ ശാക്തീകരണത്തിന്റെ സാക്ഷ്യവും സ്ത്രീകളുടെ ഉന്നമനത്തിന് വഴിവിളക്കായും പ്രഭചൊരിയുന്നു. അവരുടെ പാരമ്പര്യം സ്ത്രീകളെ സമൂഹകൂട്ടായ്മകളുടെ നേതൃത്വം ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമായി ഇന്നും നിലകൊള്ളുന്നു.
(കേരള എന്‍.ജി.ഒ. സംഘ് വനിതാ വിഭാഗം ജോ. കണ്‍വീനറാണ് ലേഖിക)