നിയമാനുസൃതമായി ധനം സമ്പാദിക്കാത്ത വ്യക്തികളെ ഭരണകൂടം ശിക്ഷിക്കുന്നതുപോലെ ധാര്‍മ്മികമായി ധനം സമ്പാദിക്കാത്ത ഭരണകൂടത്തെ ജനങ്ങളും ശിക്ഷിക്കും. കേരളത്തിലെ ഭരണകൂടം പല കാലങ്ങളില്‍ ആയി സംസ്ഥാനത്ത് നടക്കുന്ന പ്രകൃതി ദുരന്തങ്ങളെപ്പോലും ധനാഗമനത്തിനും, അഴിമതിക്കുമുള്ള മാര്‍ഗ്ഗമായി ഉപയോഗിക്കുന്നു. ഇടതുപക്ഷ സര്‍ക്കാരിന് ദുരന്തങ്ങള്‍ ലഹരിയും, ഭരണകര്‍ത്താക്കള്‍ ആ ലഹരിക്ക് അടിമകളും ആയിരിക്കുന്നു.
2018 ലെ പ്രളയകാലത്തെ അഴിമതിയുടെ ദുര്‍ഗന്ധം മറക്കാത്ത ജനങ്ങളുടെ മുന്നിലേക്കാണ് വയനാട്ടിലെ ദുരിതാശ്വാസത്തിലെ കണക്കിലെ തട്ടിപ്പുകളുമായി പിണറായി വിജയനും, മന്ത്രിമാരും പുതിയതായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ കണക്കുകളില്‍ മാധ്യമങ്ങളും, പ്രതിപക്ഷവും ഭീമമായ തെറ്റുകളും, തട്ടിപ്പുകളും കണ്ടുപിടിച്ചപ്പോള്‍ സപ്തംബര്‍ 21-ാം തീയതിയാണ് മുഖ്യമന്ത്രിതന്നെ തന്റെ സര്‍ക്കാരിനെ ന്യായീകരിക്കുവാന്‍ പത്രസമ്മേളനം നടത്തി കണക്കുകളില്‍ വ്യക്തത വരുത്തുവാന്‍ ശ്രമിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയെ ഭയന്നിട്ടോ, അഴിമതിയുടെ പങ്കുപറ്റിയിട്ടോ അതോ മലയാള മാധ്യമങ്ങളിലെ പത്രപ്രവര്‍ത്തകരുടെ കൂടെപ്പിറപ്പായ കമ്മ്യൂണിസ്റ്റ് വിധേയത്വം കൊണ്ടാണോ എന്നറിയില്ല ആരും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുവാനോ, കണക്കുകളിലെ വലിയ തെറ്റുകളും, അതിലെ അഴിമതിയും ചൂണ്ടിക്കാണി ക്കാനോ തയ്യാറായില്ല. ഈ അഴിമതിയുടെ യഥാര്‍ത്ഥ കണക്കുകള്‍ ചൂണ്ടിക്കാണിക്കുവാനും, ജനങ്ങളെ ഈ കൊള്ള ബോദ്ധ്യപ്പെടുത്തുവാനും, സത്യാവസ്ഥ പൊതുമധ്യത്തില്‍ എത്തിക്കുവാനും പത്രപ്രവര്‍ത്തകന്റെ ജീനില്‍ പ്രധാനമായും ഉണ്ടാകേണ്ട അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ത്വരയുടെ അണുക്കള്‍ പോലും ഇല്ലാതെപോയ കേരളത്തിലെ പ്രമാണിമാരായ പത്രപ്രവര്‍ത്തകരോ, സിപിഎമ്മിന്റെ സ്വാഭാവിക സഖ്യകക്ഷികളായ കോണ്‍ഗ്രസ്സ് – യുഡിഎഫ് നേതാക്കളോ കാണിച്ചില്ല.
പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞ പല കണക്കുകളും മാധ്യമങ്ങളോ പ്രതിപക്ഷമോ പരാതി പറയാത്തതും, ആക്ഷേപങ്ങള്‍ താരതമ്യേന കുറവുള്ളതുമാണ്. ഉദാഹരണത്തിന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ ആദ്യം പറഞ്ഞ കണക്കുളിലെ മരണമടഞ്ഞവരുടെ ആശ്രിതരായ 131 കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ വീതം നല്കിയെന്നതും അത് ടഉഞഎല്‍ നിന്ന് 4 ലക്ഷവും, ഇങഉഞഎ ല്‍ നിന്ന് 2 ലക്ഷവും ആണെന്നതിനെക്കുറിച്ചും ആരെങ്കിലും പരാതി പറയുകയുണ്ടായില്ല. അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. ഇതുപോലെ ദുരന്തത്തില്‍ പരിക്കേറ്റു ആശുപതിയില്‍ ഒരാഴ്ചയില്‍ കൂടുതല്‍ കിടന്നവര്‍ക്ക് ധനസഹായം നല്‍കിയതില്‍, ദുരന്തബാധിതരായ 1013 പേര്‍ക്ക് അടിയന്തിര ധനസഹായം നല്‍കിയതില്‍, 1694 പേര്‍ക്ക് ഉപജീവന സഹായമായി 300 രൂപ വീതം നല്‍കിയതില്‍ എന്നുതുടങ്ങി മുഖ്യമന്ത്രി വിവരിച്ച് പറഞ്ഞ പല കണക്കുകളിലും പരാതികളും, അഴിമതികളും കുറവാണ്. എന്നാല്‍ മുഖ്യമന്ത്രി മനഃപൂര്‍വം വിട്ടുകളഞ്ഞതും, പത്രപ്രവര്‍ത്തകര്‍ മറന്നുപോയതുമായ ചില കണക്കുകളും, അതിലെ സത്യാവസ്ഥയും മാത്രമാണ് ഈ ലേഖനത്തിന്റെ പ്രതിപാദ്യ വിഷയം. പ്രധാനമായും അഴിമതി ആരോപണം നേരിട്ട പല വിഷയങ്ങളെയും മുഖ്യമന്ത്രി ഒഴിവാക്കിക്കളഞ്ഞു. ഇതില്‍ സംസ്ഥാനസര്‍ക്കിനുനേരെ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ട വിഷയങ്ങളും അവയുടെ യഥാര്‍ത്ഥ വസ്തുതയും ഇവയാണ്.
മുഖ്യമന്ത്രി പറയാതെ മറന്നുപോയ കണക്കുകള്‍
(മൃതദേഹം സംസ്‌കരിക്കുവാന്‍ 75,000 രൂപയോ അതോ 1,21,000 രൂപയോ?)
മൃതദേഹം സംസ്‌കരിക്കുന്നതിന് 75000 രൂപ എന്ന കണക്കില്‍ 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കുവാന്‍ 2 കോടി 76 ലക്ഷം ചിലവിട്ടു എന്നാണ് സത്യവാങ് മൂലത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. എന്നാല്‍ യഥാര്‍ത്ഥ വസ്തുത എന്താണ്? വയനാട്ടിലെ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിലും സന്നദ്ധസംഘടനകള്‍ കൈമെയ്യ് മറന്നു സഹകരിച്ചിട്ടുണ്ടെന്ന് ആര്‍.എസ്.എസ്. വയനാട് ജില്ലാ കാര്യവാഹ് ആര്‍.കെ.അനില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതില്‍ സേവാഭാരതി പ്രവര്‍ത്തകരുടെ മഹത്തായ സേവനം ആര്‍ക്കും മറക്കാനാവില്ല. സേവാഭാരതിയുടെ കണക്കുകള്‍ പ്രകാരം സേവാഭാരതി മാത്രം 65 മൃതദേഹങ്ങള്‍ സംസ്‌കരിച്ചിട്ടുണ്ട് എന്ന കണക്ക് അവരുടെ കാര്യാലയത്തില്‍ ഉണ്ട്. അതുപോലെ ആര്‍.എസ്.എസ്സിന്റെ കണക്കുകള്‍ പ്രകാരം മഹല്ല് കമ്മറ്റി 59 മൃതദേഹങ്ങള്‍ സംസ്‌കരിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ ആചാരപ്രകാരം 8 മൃതദേഹങ്ങളുടെ സംസ്‌കാരവും നടന്നിട്ടുണ്ട്. ഈ കണക്കുകള്‍ പ്രകാരം 132 മൃതദേഹങ്ങള്‍ സംസ്‌കരിക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന് ഒരു രൂപപോലും ചിലവാക്കേണ്ടി വന്നിട്ടില്ല.
അങ്ങിനെ കണക്കാക്കുമ്പോള്‍ സര്‍ക്കാര്‍ ഒരു മൃതദേഹം സംസ്‌കരിക്കുവാന്‍ 76,880 രൂപ ആയിട്ടുണ്ട് എന്ന കണക്ക് തെറ്റാണ് എന്ന് വരുന്നു. യഥാര്‍ത്ഥത്തില്‍ 359 മൃതദേഹം ലഭിച്ചതില്‍ സര്‍ക്കാരിന് സന്നദ്ധ സംഘടനകള്‍ സംസ്‌കരിച്ചവ കഴിഞ്ഞ് പിന്നെയുള്ള 227 മൃതദേഹങ്ങള്‍ സംസ്‌കരിക്കുവാനുള്ള ചിലവുകള്‍ മാത്രമാണ് എസ്റ്റിമേറ്റ് ആയി കാണിക്കുവാന്‍ സത്യത്തില്‍ ആകുന്നത്. അങ്ങിനെ വരുമ്പോള്‍ സര്‍ക്കാരിന്റെ എസ്റ്റിമേറ്റ് പ്രകാരം ഒരു മൃതദേഹം സംസ്‌കരിക്കുവാന്‍ മാധ്യമങ്ങളില്‍ വന്നപോലെ 75,000 അല്ല മറിച്ച് 1,21,500 രൂപയാണ് വകമാറ്റിവെച്ചിരിക്കുന്നത്. ഇത് സാമാന്യയുക്തിക്ക് നിരക്കുന്നതിന്റെ പതിന്മടങ്ങല്ലേ? അതോ സര്‍ക്കാര്‍ സേവാഭാരതിക്കും മഹല്ല് കമ്മറ്റികള്‍ക്കും, ക്രിസ്ത്യന്‍ സംഘടനകള്‍ക്കും ഈ തുക മറുചോദ്യങ്ങളില്ലാതെ നല്‍കുവാന്‍ തയാറാകുമോ? സന്നദ്ധ സേവന സംഘടനകള്‍ക്ക് ഈ പണം ധാര്‍മ്മികമായി വാങ്ങിക്കുവാന്‍ സാധിക്കുമോ? അങ്ങിനെ വാങ്ങിയാല്‍ അത് സര്‍ക്കാര്‍ സേവനം ആകില്ലേ? ഇത് സന്നദ്ധ സംഘടനാ ധാര്‍മ്മികതക്ക് യോജിക്കുമോ? സന്നദ്ധ സംഘടനകള്‍ വാങ്ങില്ല എന്നുറപ്പുള്ള പണത്തിനു എസ്റ്റിമേറ്റിട്ട് പണം അടിച്ചുമാറ്റുന്ന പണിക്ക് നാട്ടില്‍ വിളിക്കുന്ന പേര് അഴിമതിയെന്നോ പകല്‍ കൊള്ള എന്നോ അല്ലേ?
എകെജിസെന്ററിലെ പണം മാത്രം മാന്തിയെടുത്ത മണ്ണുമാന്തി യന്ത്രങ്ങള്‍
ദുരന്ത സ്ഥലത്ത് ഏറ്റവും സഹായകരമായ ഒരു യന്ത്രമാണ് ജെസിബി, ഹിറ്റാച്ചി തുടങ്ങിയ ബ്രാന്‍ഡുകളിലെ മണ്ണുമാന്തി യന്ത്രങ്ങള്‍. ഇവയുടെ ഓപ്പറേറ്റര്‍മാരുടെ സേവനം മാതൃകാപരവും പ്രശംസാര്‍ഹവും ആയിരുന്നു. സര്‍ക്കാര്‍ സ്ഥലത്ത് വിന്യസിച്ച മണ്ണുമാന്തിയന്ത്രങ്ങള്‍ക്കും, ക്രയിനുകള്‍ക്കും വേണ്ടി മാറ്റിവെച്ചത് 15 കോടി രൂപയാണെന്ന് രേഖകളില്‍ കാണുന്നു. എന്നാല്‍ ജെസിബി ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് അജേഷ് കനകത്തിനെ സമീപിച്ചപ്പോള്‍ ലഭിച്ച ഉത്തരം മറ്റൊന്നായിരുന്നു. ദുരന്തം നടന്ന അന്നുമുതല്‍ അവിടെ വന്നു പ്രവര്‍ത്തിച്ച 70 ഓളം മണ്ണുമാന്തി യന്ത്രങ്ങള്‍ക്ക് ആവശ്യമായ ഡീസലും, ഡ്രൈവര്‍ക്കുള്ള ഭക്ഷണവും അല്ലാതെ മറ്റൊരുപണവും ഇവര്‍ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ സര്‍ക്കാരിന്റെ കണക്കില്‍ ഇവര്‍ക്ക് ഉടനെ തന്നെ നിര്‍ബന്ധിച്ച് 15 കോടി നല്‍കുവാനുള്ള പദ്ധതിയാണ് എന്നാണ് മനസ്സിലാക്കുന്നത്.
മണ്ണുമാന്തി യന്ത്രങ്ങളുടെ വാടക ആ യന്ത്രങ്ങളുടെ വലിപ്പത്തിന്റെ (കപ്പാസിറ്റി)യും, അവയുടെ ഉപയോഗം എത്ര മണിക്കൂര്‍ എന്നതും എല്ലാം അനുസരിച്ചിട്ടായിരിക്കും. എന്നാല്‍ ഇത്തരം ഒരു എസ്റ്റിമേറ്റും അവിടെ ഉപയോഗിച്ച ഒരു മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമസ്ഥരും നല്‍കിയിട്ടില്ലെങ്കിലും സര്‍ക്കാര്‍ അവര്‍ക്ക് 15 കോടി പാരിതോഷികം നല്‍കുവാനുള്ള ആര്‍ജ്ജവത്തിനു നേരെ ആര്‍ക്കാണ് കണ്ണടക്കുവാന്‍ ആകുക? എന്തിന് ഈ യന്ത്രങ്ങള്‍ക്ക് ഡീസല്‍ അടിച്ച പമ്പുകള്‍ക്ക് ഇതുവരെ സര്‍ക്കാരില്‍ നിന്ന് പണം കിട്ടിയിട്ടില്ല, പിന്നെയുള്ള സര്‍ക്കാരിന്റെ ചെലവ് ഓപ്പറേറ്റര്‍മാക്കുള്ള ഭക്ഷണം ആണ്. അത് എത്രയായിക്കാണും? അതിന്റെ കണക്കുകള്‍ ഇതാ വരുന്നു….
സത്യം കേട്ടവരുടെ അണ്ണാക്ക് പൊളിഞ്ഞ ഭക്ഷണത്തിന്റെ കണക്ക്
ദുരന്തം കേട്ടറിഞ്ഞു സേവന സന്നദ്ധരായി എത്തിയ സംഘടനാ പ്രവര്‍ത്തകര്‍ക്ക് ആദ്യ 2 ദിവസം ഭക്ഷണം നല്‍കിയത് സന്നദ്ധ സംഘടനകള്‍ തന്നെയാണ്. പിന്നീടുള്ള ദിവസങ്ങളില്‍ 18 ദിവസങ്ങളില്‍ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ആണ് എല്ലാ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്കും ഭക്ഷണം നല്‍കിയത്. ഭക്ഷണം വിളമ്പുവാനുള്ള പ്രവര്‍ത്തകരെ നല്‍കിയത് ഇ-സേവാഭാരതിയും, സത്യസായി സേവാ കേന്ദ്രവും, ശ്രീ ശ്രീ രവിശങ്കറിന്റെ ആശ്രമവും, കൂടാതെ മറ്റുചില സംഘടനകളും ചേര്‍ന്നാണ്. സേവാഭാരതി മാത്രം ദിവസം 20 ലേറെ പ്രവര്‍ത്തകരെ ഭക്ഷണം വിളമ്പുവാന്‍ നിയോഗിച്ചതായി അസോസിയേഷന്‍ പറഞ്ഞിട്ടുണ്ട്. ഇതുപോലെ തന്നെ അവിടെ പോകാതെ ടിവി ചാനലുകളില്‍ കൂടി മാത്രം ദുരന്തപ്രദേശത്തെ കണ്ട ആളുകള്‍ക്ക് പോലുമറിയാം കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും ലക്ഷക്കണക്കിന് കുടിവെള്ള കുപ്പികള്‍ ആണ് അവിടെ എത്തിയിരുന്നു എന്നത്.
എന്നാല്‍ പിണറായി സര്‍ക്കാര്‍ എസ്റ്റിമേറ്റില്‍ ഭക്ഷണം, കുടിവെള്ളം എന്നിവയ്ക്കായി 10 കോടിരൂപ മാറ്റിവെച്ചിരിക്കുന്നത്രെ. ഭക്ഷണം 3 നേരം കഴിച്ച ഒരു വ്യക്തിക്ക് സര്‍ക്കാര്‍ എത്ര രൂപയാണ് കണക്കായിരിരിക്കുന്നത്? എത്ര സംഘടനാ പ്രവര്‍ത്തകര്‍ വന്നു എത്രനാള്‍ ഉണ്ടായി എന്ന എന്തെങ്കിലും കണക്കുണ്ടോ? കണക്കുണ്ടെങ്കില്‍ ആ കണക്കുകളുടെ അടിസ്ഥാനത്തിലാണോ ഈ എസ്റ്റിമേറ്റ് തയ്യാറാക്കിയത്? സന്നദ്ധ സംഘടനകളും, ഭക്ഷണം ഉണ്ടാക്കിയവരും പോയിക്കഴിഞ്ഞു, പ്രവര്‍ത്തനവും കഴിഞ്ഞാല്‍ എന്തിനാണ് എസ്റ്റിമേറ്റ്? ചെലവായത് ഇത്ര തുക, നല്‍കാനുള്ളത് ഇത്ര തുക എന്ന കണക്കല്ലേ യഥാര്‍ത്ഥത്തില്‍ നല്‍കേണ്ടത്? പോലീസ് സ്റ്റേഷനിലെ വെടിയുണ്ടകളുടെ കണക്കില്‍പോലും കൃത്യതയില്ലാത്ത ഒരു സര്‍ക്കാരിന്റെ കയ്യില്‍ ദുരന്ത ഭൂമിയിലെ സന്നദ്ധപ്രവര്‍ത്തകരുടെ എണ്ണം, അവരില്‍ ഭക്ഷണം കഴിച്ചവരുടെ എണ്ണം എന്നിവ ഉണ്ടാവണമെന്ന് ശാഠ്യം പിടിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല.
എന്നാല്‍ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് ഓണേഴ്‌സ് അസോസിയേഷന്റെ കൈയ്യില്‍ ഇതിന് കൃത്യമായ കണക്കുകള്‍ ഉണ്ട്. അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് അസീസ് പറഞ്ഞതിന് പ്രകാരം അവര്‍ 18 ദിവസങ്ങളിലായി പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, വൈകീട്ടത്തെ അത്താഴം എന്നിങ്ങനെ ഏതാണ്ട് 15000 പേര്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തിട്ടുണ്ട്. ഭക്ഷണം പാകം ചെയ്തത് സര്‍ക്കാര്‍ അനുവദിച്ച മേപ്പാടി ഗവ.പൊളി ടെക്ക്‌നിക്ക് കെട്ടിടത്തിലും ഗ്രൗണ്ടിലും വെച്ചിട്ടാണ് എന്നതൊഴിച്ചാല്‍ സര്‍ക്കാര്‍ ഈ ഭക്ഷണ വിതരണത്തിനായി ഒരൊറ്റ നയാപൈസ ചിലവാക്കിയിട്ടില്ല. ഇതിന്റെ മുഴുവന്‍ പണവും കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ആണ് ചിലവാക്കിയിട്ടുള്ളത് എന്ന് അസോസിയേഷന്റെ സംസ്ഥാന പ്രസിഡണ്ട് ജയ്പാല്‍, സംസ്ഥാന സെക്രട്ടറി അനീഷ് പി. നായര്‍ തുടങ്ങിയവര്‍ കേസരിയോട് പറഞ്ഞു. ഇതിന്റെയെല്ലാം കൃത്യമായ കണക്കുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മേല്‍നോട്ടം വളരെ സ്തുത്യര്‍ഹമായി നിര്‍വഹിച്ച മലപ്പുറം പോലീസ് ക്യാമ്പിലെ ഡിവൈഎസ് പി രാജേഷ്, പിന്നീട് വന്ന ഡി വൈഎസ്പി കുഞ്ഞുമോന്‍ തുടങ്ങിയ ഓഫീസര്‍മാരുടെ കൈവശമുണ്ട്. പിന്നെ എങ്ങിനെയാണ് സര്‍ക്കാരിന് ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും ഭാഗമായി 10 കോടി രൂപയുടെ എസ്റ്റിമേറ്റ് നല്‍കുവാന്‍ സാധിക്കുന്നത്?
ചൂരല്‍മലയിലെ ജനറേറ്ററുകള്‍ ഇപ്പോള്‍ ഉല്പാദിപ്പിക്കുന്നത് അഴിമതിയുടെ രൂക്ഷഗന്ധമുള്ള പുക
ജനറേറ്ററുകള്‍ ക്രമീകരിക്കുവാന്‍ 7 കോടി നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു, എന്നാല്‍ ചൂരല്‍മലയില്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചതിന്റെ ഭാഗമായി അന്വേഷിച്ചതില്‍ നിന്ന് മനസ്സിലാക്കിയത് ആ പ്രദേശത്തു ദുരന്തം നടന്നതിനുശേഷം മനുഷ്യര്‍ക്കായി തിരച്ചില്‍ നടത്തുമ്പോഴും, സന്നദ്ധ സംഘടനകള്‍ സേവനം നടത്തുമ്പോഴും വെളിച്ചത്തിനും, മറ്റു വ്യവസ്ഥയ്ക്കും ആവശ്യമായ വൈദ്യുതിക്കുവേണ്ടി ആവശ്യമായ 10 ജനറേറ്ററുകളില്‍ 7 ജനറേറ്ററുകളും നല്‍കിയത് ചൂരലമലയില്‍ തന്നെയുള്ള ആര്‍ഷ സൗണ്ടിന്റെ ഉടമ ഷാഫിയാണെന്നാണ്. ദുരന്തം നടന്ന ദിവസം മുതല്‍ 25 ദിവസവും ഷാഫി തന്റെ 7.5 കെ.വി മുതല്‍ 3 കെ.വി വരെയുള്ള ജനറേറ്ററുകള്‍ സര്‍ക്കാരിന് നല്‍കിയതിന് ആരോടും പണം ആവശ്യപ്പെട്ടിട്ടില്ല. ഇത് പ്രവര്‍ത്തിക്കുവാന്‍ ആവശ്യമായ ഡീസല്‍ മാത്രമാണ് അദ്ദേഹത്തിന് ഇന്നുവരെ കിട്ടിയിട്ടുള്ളത്. കൂടാതെ ഇതിന്റെ കൂടെ നല്‍കിയ 150 ഓളം കസേരകളും, മേശകളും പാവം ഷാഫിക്ക് ഇതുവരെ കിട്ടിയിട്ടുമില്ല. സ്വന്തം ഗ്രാമത്തില്‍ നടന്ന ഒരു വലിയ ദുരന്തത്തില്‍ തന്നെക്കൊണ്ടാവും വിധം അദ്ദേഹം സഹകരിക്കുകയായിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ ആ നന്മയെയും വിറ്റു കാശാക്കി മാറ്റുവാനാണ് ശ്രമിക്കുന്നത് എന്നാണ് എസ്റ്റിമേറ്റില്‍ കടന്നുകൂടിയ ഈ 7 കോടിയുടെ കണക്ക് കാണുമ്പോള്‍ മനസ്സിലാകുന്നത്. അല്ലെങ്കില്‍ ഈ തുക ഷാഫിക്കും മറ്റു ജനറേറ്റര്‍ നല്കിയവര്‍ക്കുമായി പകുത്തു നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ ജനറേറ്റര്‍ എസ്റ്റിമേറ്റില്‍ നിന്ന് ഉയരുന്നത് അഴിമതിയുടെ രൂക്ഷഗന്ധമുള്ള പുകമാത്രമാണ് എന്നതാണ് സത്യം.
ഇരിക്കട്ടെ സൈനികരുടെ പേരിലും 15 കോടി
സൈനികര്‍ എന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അനഭിമതരാണല്ലോ. പക്ഷെ ഈ സര്‍ക്കാര്‍ ദുന്തനിവാരണ പ്രവര്‍ത്തനത്തിനുവേണ്ടി വന്ന സൈനികരെ അത്യധികം ബഹുമാനത്തോടെയാണ് പരിപാലിച്ചത് എന്നാവും എസ്റ്റിമേറ്റില്‍ നല്‍കിയ കണക്കിന്റെ ആദ്യവായനയില്‍ നിന്ന് മനസ്സിലാകുന്നത്. കാരണം സേനാ അംഗങ്ങള്‍ക്കും, സന്നദ്ധ സംഘടനകള്‍ക്കും വേണ്ടി താമസ സൗകര്യം ഒരുക്കിയതിനു സര്‍ക്കാര്‍ ചിലവഴിക്കുവാന്‍ നിശ്ചയിച്ചിരിക്കുന്നത് ഒന്നും രണ്ടുമല്ല 15 കോടി രൂപയാണത്രെ!
ഇത്രയും തുക ചിലവാകുവാന്‍ സൈനികരും സന്നദ്ധസേവാ പ്രവര്‍ത്തകരും വയനാട്ടിലെ ഏത് സ്റ്റാര്‍ ഹോട്ടലിലാണ് താമസിച്ചത്?
സൈനികര്‍ക്ക് സംസ്ഥാന ഭരണകൂടം താമസമൊരുക്കിയത് മൗണ്ട് ടബോര്‍ എന്നിടത്താണ്. മൗണ്ട് ടബോര്‍ ഒരു ഹോട്ടലല്ലെന്നു മാത്രമല്ല അതൊരു നല്ല സൗകര്യമുള്ള സിബിഎസ്ഇ സിലബസ്സില്‍ പഠന നടത്തുവാന്‍ സൗകര്യമുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാത്രമാണ്. ഓര്‍ത്തോഡക്‌സ് സഭയുടെ കീഴിലെ കൊല്ലം പത്തനാപുരത്തെ സേവനസന്നദ്ധരായ സിസ്റ്റര്‍മാരാണ് ഈ സ്‌കൂള്‍ നടത്തുന്നത്. സ്‌കൂളിന്റെ മാനേജര്‍ സിസ്റ്റര്‍ സലോമിയുടെ നേതൃത്വത്തിലാണ് സൈനികര്‍ക്ക് മൗണ്ട് ടബോര്‍ സ്‌കൂളില്‍ താമസസൗകര്യം ഒരുക്കിയത്. ഈ ലേഖനം എഴുതുന്ന സപ്തംബര്‍ 27 നു വരെ അവിടെ പോലീസുകാര്‍ താമസിക്കുന്നുണ്ട്. ഇന്നുവരെ ഒരു രൂപ അവര്‍ക്കു നല്‍കിയിട്ടുമില്ല എന്നുമാത്രമല്ല ചിലവായ പണത്തിന്റെ എസ്റ്റിമേറ്റിടുവാന്‍ കണക്ക് ഇതുവരെ ചോദിച്ചിട്ടുപോലുമില്ല. പിന്നെ എങ്ങിനെയാണ് സര്‍ക്കാരിന് 15 കോടിരൂപയുടെ കണക്കുകിട്ടിയത് എന്നത് ദൈവത്തിനും, സര്‍ക്കാരിലെ അഴിമതി നടത്തിപ്പിന്റെ തലവനും മാത്രമേ അറിയുകയുള്ളു. സംസ്ഥാനത്തെ പല വനവാസി സ്‌കൂളുകളിലും ഉച്ചഭക്ഷണത്തിനുള്ള പണത്തിനു ബുദ്ധിമുട്ടുമ്പോള്‍ സൈനികര്‍ താമസിച്ചതിനു പണം ആവശ്യപ്പെടാത്ത, സാമാന്യം സാമ്പത്തിക ഭദ്രതയും നല്ല സൗകര്യവുമുള്ള മൗണ്ട് ടബോര്‍ സ്‌കൂളിന് നിര്‍ബന്ധിച്ചു 15 കോടി നല്‍കുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനത്തെ ജനങ്ങള്‍ എന്തുപേരിട്ടു വിളിക്കണം?
മേമ്പൊടിക്ക് കേന്ദ്ര വിരുദ്ധത നിര്‍ബന്ധം
അഴിമതി പിടിക്കപ്പെട്ടാലും ഇല്ലെങ്കിലും, ദുരന്തം നടന്നാലും, ദുരിതാശ്വാസം നടക്കുമ്പോഴും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് കേന്ദ്ര വിരുദ്ധ – സൈന്യ വിരുദ്ധ പ്രസ്താവന ഇല്ലാതെ ഒരു ദിവസം പോലും മുന്നോട്ടുകൊണ്ടുപോകുവാന്‍ സാധ്യമല്ല എന്നത് ഏവര്‍ക്കും അറിയുന്ന കാര്യമാണല്ലോ. ഇതില്‍ ഏറ്റവും പ്രമുഖ സ്ഥാനത്തുള്ള ആരോപണമെന്നത് ദുരന്ത നിവാരണ പ്രവര്‍ത്തനത്തിന് വരുന്ന സൈനികര്‍ക്കും അവരുടെ രക്ഷാ പ്രവര്‍ത്തനത്തിനുള്ള എയര്‍ ലിഫ്റ്റിങ് പോലുള്ള കാര്യങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കുന്നുണ്ട് എന്നതാണ്.
ഇതിന്റെ യഥാര്‍ത്ഥ വസ്തുത എന്താണ്?
സൈനിക നേതൃത്വം അവരുടെ വാര്‍ഷിക ബഡ്ജറ്റ് അനുസരിച്ചു കൃത്യതയോടെ പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമാണ്. ചിട്ടയായ അവരുടെ രീതികള്‍ വാര്‍ഷിക കണക്കെടുപ്പിനു മുന്‍പ് ചിലവാകുവാന്‍ സാധ്യതയുള്ള ചിലവുകള്‍ മുന്‍കൂട്ടി മനസ്സിലാക്കി അത് ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുകയും, തുടര്‍ന്ന് സാമ്പത്തിക അച്ചടക്കത്തിലൂടെ അത് ഏറ്റവും സ്തുത്യര്‍ഹമായി നടപ്പിലാക്കുക എന്നതുമാണ്. എന്നാല്‍ സംസ്ഥാനങ്ങളില്‍ വരുന്ന അപ്രതീക്ഷിത ദുരന്തങ്ങളിലെ രക്ഷാപ്രവര്‍ത്തനം ഇവര്‍ക്ക് ഒഴിവാക്കുവാന്‍ പറ്റാത്തതും, എന്നാല്‍ ചിലവുകള്‍ ഏറിയതുമാണ്. ഈ അവിചാരിത ചിലവുകള്‍ സേനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ, വാര്‍ഷിക പദ്ധതികളെ ബാധിക്കാതിരിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ചില നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. സംസ്ഥാനത്തു നടക്കുന്ന ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവാകുന്ന പണം സേനാ വിഭാഗത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം ഈ തുക മുന്‍കൂറായി തന്നെ അനുവദിക്കും. ഇത് സേനാവിഭാഗത്തിന്റെ യഥാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ അപ്രതീക്ഷിത, അധിക ചിലവുകള്‍ തടസ്സമാകരുത് എന്ന ഉദ്ദേശത്തോടെയാണ്.
സംസ്ഥാനത്തിന്റെ ഈ ചെലവ് പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരിന്റെ ചഉഞഎ ല്‍ നിന്നാണ് ലഭിക്കുന്നത്. മറ്റൊരു പ്രധാന കാര്യം ഈ നിയമം പുതുക്കിയതും, നിയമങ്ങളും ചട്ടങ്ങളും എഴുതിച്ചേര്‍ത്തതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികൂടി പിന്തുണച്ച കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ 2010 ലെ മന്‍മോഹന്‍ സര്‍ക്കാരാണെന്ന് ബിജെപി വക്താവ് ജയചന്ദ്രന്‍ മാസ്റ്റര്‍ ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കുകയുണ്ടായി. എന്നാലും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികരും ചാനല്‍ വക്താക്കളും കേന്ദ്രം പണം വാങ്ങി എന്ന് പറയും. ചാനല്‍ അവതാരകര്‍ അത് ഏറ്റുപാടുകയും ചെയ്യും. ഈ കണക്കുകള്‍ എസ്റ്റിമേറ്റ് തുകയുടെ ഒരു ഭാഗം മാത്രവും, പെട്ടെന്നുള്ള അന്വേഷണത്തില്‍ വ്യക്തമായതുമായ കാരണങ്ങള്‍ മാത്രവുമാണ്. ഇതിന്റെ പതിനമടങ്ങായിരിക്കും ഇതിന്റെ യഥാര്‍ത്ഥ വ്യാപ്തി എന്നത് ഉറപ്പാണല്ലോ.
ഈ സര്‍ക്കാര്‍ സാമ്പത്തിക തകര്‍ച്ചയുടെ പടുകുഴിയിലാണ്, അതില്‍നിന്നു കരകയറുവാന്‍ ഈ ഭരണകൂടത്തിന് സക്രിയമായ, രചനാത്മകമായ പദ്ധതികളോ, നയപരിപാടികളോ ഇല്ല. വരുമാനമില്ലാതാകുകയും, ചെലവ് വ് ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ കര്‍മ്മശേഷിയും, ഭാവി പദ്ധതികളും, അതിനുള്ള ചിന്താശേഷിയും ഇല്ലാത്ത വ്യക്തികള്‍ ചിന്തിക്കുന്നതുപോലെ പോക്കറ്റടിയോ പിടിച്ചുപറിയോ മാത്രമാണ് ഇനി ഈ സര്‍ക്കാരിന് പരീക്ഷിക്കുവാനുള്ളത്. ആ ദുരന്തത്തിലേക്കുള്ള പ്രയാണമാണ് ദുരന്തഭൂമിയിലെ ഈ എസ്റ്റിമേറ്റ് കൊള്ള.