വേദാന്ത വൈജയന്തിയാണ് അക്കിത്തം കവിത. ഭാരതീയ ധര്‍മ്മവെളിച്ചത്തിന്റെ ലാവണ്യ സങ്കീര്‍ത്തനമായി ഒഴുകിയൊഴുകിയത് നിസ്സംഗതയുടെ ജ്ഞാനപീഠത്തില്‍ ലയനം നേടുന്നു. ലാവണ്യവിഷയകമായ ദര്‍ശനമായിട്ടാണ് ഭാരതീയ രസസങ്കല്‍പ്പം രൂപം കൊള്ളുക. വിശുദ്ധമായ ലാവണ്യസങ്കേതം കലയാണെന്ന് അത് കണ്ടെത്തുന്നു. അക്കിത്തത്തിന്റെ ലാവണ്യസംസ്‌കാരം ജ്ഞാനദീപ്തമായ ലാവണ്യദൃഷ്ടിയുടെ അദ്വൈത ലയനമാണ്. ധര്‍മ്മം, സത്യം, നന്മ, സ്‌നേഹം, ആദര്‍ശം, അന്തഃസത്ത എന്നീ മൂല്യപ്രമാണങ്ങളിലൂടെയാണ് കവി ലാവണ്യപുനഃസൃഷ്ടി നേടുന്നത്.
”നിരുപാധികമാം സ്‌നേഹം
ബലമായി വരും ക്രമാല്‍
ഇതാണഴകി, തേ സത്യം
ഇതു ശീലിക്കല്‍ ധര്‍മ്മവും”
‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’ സ്വരം ഇതിനാധാരഭൂതമാവുന്നു.
പൂര്‍ണ്ണതയും പുതിയതും തേടിയാണ് ആ ലാവണ്യാനുഭൂതിയുടെ സഞ്ചാരം. ഇമ്മാന്വല്‍ കാന്റ് ഉപദര്‍ശിച്ച പാശ്ചാത്യലാവണ്യദര്‍ശനത്തില്‍ നിന്നന്യമായി ലാവണ്യഹേതു ഈശ്വരനിലേക്കും കലാസൗന്ദര്യത്തിന്റെ ലാവണ്യാത്മക പ്രാതിനിധ്യം ഏകത്വത്തിലേക്കും സമന്വയിക്കുകയാണ് അക്കിത്തം.
ലാവണ്യാനുഭൂതി അദ്വൈത ലയനം തന്നെ. ചങ്ങമ്പുഴയും ജി.യും സര്‍ഗ്ഗമുഹൂര്‍ത്തത്തിന്റെ സംലയനത്തില്‍ ഈ ആശയം പകര്‍ന്നിട്ടുണ്ട്.
”അടയുമെന്‍ കണ്ണിലെ ദീപത്തിന്നാഭോഗത്താല്‍ പ്പിടയും ചുണ്ടില്‍ പക്ഷേ വറ്റിയില്ലല്ലോ ഗാനം” എന്ന ‘ഗാന’ വരിയിലും ‘ഭൂമി’, ‘ശില്പി’, ‘തുളസി’ എന്നീ ഗീതങ്ങളിലും ഈ വിഭൂതിപ്രത്യക്ഷം പ്രകടമാണ്. ‘തുഞ്ചന്റെ ലഹരി’ ഇത് ധ്വന്യാത്മകമായി അടയാളപ്പെടുത്തുന്നു. പ്രകൃതിയുടെ നെഞ്ചില്‍ ചുരക്കുന്ന മധുരമായ ആമ്‌നായപ്പൊരുള്‍ സ്വാംശീകരിക്കലാണ് – പരമമായ അനുഭൂതി രസവൈഭവമാണ് – ലാവണ്യാനുഭവമെന്ന് അക്കിത്തം കരുതുന്നു. ‘ചരാചര പ്രേമ സുധാരസം’ തന്നെയിത്.
ദൈവത്തെ അനന്തലാവണ്യമായി ദര്‍ശിക്കുന്ന ശ്രീഅരവിന്ദന്റെ ലാവണ്യ സങ്കല്‍പ്പം കവിയെ സ്വാധീനിച്ചിട്ടുണ്ട്. ‘സാവിത്രി’യും ‘ദി റോസ് ഓഫ് ഗോഡും’ പ്രപഞ്ചാത്മാവിന്റെ ലാവണ്യപൂരത്തില്‍ ആത്മസംലയനം ചെയ്യുന്നുണ്ട്. വൈരൂപ്യവും സൗന്ദര്യവും ഏകമെന്ന യോഗദര്‍ശനം ആത്മനിഷ്ഠമായി അക്കിത്തം കവിതയില്‍ വളരുന്നു. കലയിലെ കേവല ലാവണ്യത്തിനപ്പുറം അതീതലാവണ്യപൂരത്തെയാണ് ആ ലാവണ്യ ദര്‍ശനം തേടിയെടുക്കുന്നത്. ‘ഇടിഞ്ഞു പൊളിഞ്ഞ ലോക’ ത്തിരുന്ന് ഓണപ്പൂവിനെ നോക്കി പാടുന്നു –
”ഉലകിലെ മധുരാനന്ദം മുഴുവനു-
മൂറിയിരുപ്പുണ്ടതിനുള്ളില്‍
നിത്യനിരാമയ ലാവണ്യോജ്ജ്വല-
സത്യമിരിപ്പുണ്ടതിനുള്ളില്‍”
അന്തര്‍ജ്ഞാനത്തിലൂടെയാവാഹിച്ച് സൂക്ഷ്മാവബോധത്തില്‍ ലാവണ്യപ്പൊരുളിനെ സംസ്ഥാപനം ചെയ്യുകയാണ് അക്കിത്തം. ആസ്തികവിദ്യയുടെ അനുഭവലയമാണ് ആ ലാവണ്യമേഖല.
ആശയത്തിന്റെ ഐന്ദ്രിയ പ്രത്യക്ഷതയായാണ് ഹെഗല്‍ സൗന്ദര്യത്തെ ദര്‍ശിക്കുക. സമാനതയുടെ ബാഹ്യപരിവേഷം മാത്രമെ ദര്‍ശന താരതമ്യത്തില്‍ കാണാനാവൂ.
സത്യചൈതന്യമാണ് സൗന്ദര്യമെന്ന ഭാരതീയ ലാവണ്യദര്‍ശന ദീപ്തിയിലാണ് അക്കിത്തത്തിന്റെ അക്ഷരസാക്ഷ്യം ദര്‍ശനീയമാവുന്നത്. ‘സൗന്ദര്യമാണ് സത്യം’ എന്ന് ജോണ്‍ കീറ്റ്‌സ് പാടുമ്പോള്‍ ദര്‍ശനപൂര്‍ണ്ണിമയുടെ ഭാഗിക സങ്കല്‍പ്പം മാത്രമാണ് പ്രത്യക്ഷമാവുക. ‘മര്‍ത്ത്യന്‍ സുന്ദരനാണ് കാരണമുയിര്‍ക്കൊള്ളും’ എന്ന് തുടങ്ങുന്ന ഇടശ്ശേരിയുടെ ലാവണ്യസിദ്ധാന്തം സ്വാധീനമായുണ്ടെങ്കിലും ‘സൗന്ദര്യമളക്കാനുള്ള അളവുകോല്‍’ കരസ്ഥമാക്കുകയാണ് അക്കിത്തം. ”ഋഗ്വേദത്തിലെ വിരാട് പുരുഷ സങ്കല്പമാണ് സത്യധര്‍മ്മങ്ങളെ സൗന്ദര്യത്തില്‍ സാക്ഷാത്ക്കരിക്കാന്‍ പ്രേരണയായതെന്ന കവിയുടെ വെളിപ്പെടുത്തല്‍ ഇതിന്റെ സാക്ഷ്യമാണ്.
ലാവണ്യപൂര്‍ണ്ണിമയുടെ ആദിത്യ ഹൃദയമന്ത്രമാണ് അക്കിത്തത്തിന്റെ കാവ്യ വേദാന്തം.
പൂര്‍ണ്ണതയുടെ മഹാസങ്കല്പം ബ്രഹ്മമാണെന്ന് വേദാന്തം സിദ്ധാന്തിക്കുന്നു. ‘പൂര്‍ണ്ണമദ’ മന്ത്രം ജപിക്കുന്ന ഓങ്കാരപൂര്‍ണ്ണിമ ഈ ദര്‍ശനവേദിയുടെ മൂര്‍ത്ത പ്രതീകമാണ്. കവിതയെ യോഗാത്മക വിദ്യയായി ഉണര്‍ത്തിനിര്‍ത്തിയ ഭാരതീയ ഋഷികവികുലത്തിന്റെ ഊര്‍ജ്ജവാഹകനായി അക്കിത്തം ആധുനികതയില്‍ സ്ഥാനം പിടിക്കുന്നു. പൂര്‍ണ്ണജീവിതത്തിന്റെ മഹിതതലങ്ങള്‍ സാക്ഷാത്ക്കരിക്കുന്ന മനുഷ്യനും പൂര്‍ണ്ണതാബോധത്തിന്റെ താത്ത്വികാംശങ്ങള്‍ സ്വാംശീകരിക്കുന്ന കവിയും സമന്വയിക്കുമ്പോഴാണ് അക്കിത്തം മഹാകവിയാകുന്നത്.
”അപൂര്‍ണ്ണതേ നിന്നെ ഹസിച്ചിടുന്നു
വൈരൂപ്യമെന്നന്ധത പൂണ്ടലോകം;
നീയോ ചിരിക്കുന്നിതതിന്റെ നേരെ-
സൗഭാഗ്യവത്താം ശശിലേഖപോലെ”
അപൂര്‍ണ്ണതയിലെ പൂര്‍ണ്ണതയെയാണ് ആത്മാന്വേഷണത്തിന്റെ അതീതമാര്‍ഗ്ഗത്തിലൂടെ കവി രചനയിലിണക്കുന്നത്. ബിംബസംവിധാനവും ആശയങ്ങളുമായി കവിതയുടെ അന്തര്‍നാദത്തിലേക്കും ആത്മസംഗീതത്തിന്റെ ശ്രുതിമേളനത്തിലേക്കും അത് കടന്നെത്തുന്നു. ‘കവിത സാമത്തിന്റെ രസമായ ഉദ്ഗീതം തന്നെ’ എന്ന ഋഷി വാക്യമാണ് കവിയുടെ ലാവണ്യസരണി.
സാത്വിക വിശുദ്ധിയുടെ ഉപാസനയാണ് അക്കിത്തം കവിത. നിത്യതയുടെ ഉള്‍പ്പൊരുള്‍ മന്ത്രമായി കാവ്യസങ്കല്പത്തെ രൂപപ്പെടുത്തുന്ന കവി ആത്മനിഷ്ഠമായ ലാവണ്യദര്‍ശത്തിലൂടെയാണ് അക്ഷരസഞ്ചാരം നടത്തുന്നത്. പ്രകൃതിയുടെയും മനുഷ്യപ്രകൃതിയുടെയും സത്യശിവസൗന്ദര്യത്തിന്റെ സമഗ്ര സത്തയാണ് അക്കിത്തത്തിന്റെ ലാവണ്യ ദര്‍ശന മീമാംസ.
”ധര്‍മ്മസൂര്യ, ഭവാന്‍ മാത്രം
സത്യസൗന്ദര്യ ശക്തികള്‍
ഞാനില്ലാദ്യന്തങ്ങളില്ലീ
സ്‌നേഹമോക്ഷ പ്രദീപ്തി-യില്‍”
കേവലമായ സൗന്ദര്യാരാധനയൊ, സൗന്ദര്യസന്തര്‍പ്പണമൊ എന്നതിലുപരി ഹൃദയവിശുദ്ധി പ്രമാണമായാണ് ലാവണ്യത്തെ അക്കിത്തം സങ്കല്പിക്കുന്നത്. ജീവിതത്തിന്റെയും കവിതയുടെയും ആന്തരികമായ ഊര്‍ജ്ജസ്രോതസ്സാണത്. ലാവണ്യത്തിന്റെ പുനര്‍സൃഷ്ടിയായി ഓരോ രചനയും മാറുന്നു. ഉള്ളടക്കത്തിന്റെയും വസ്തുവിന്റെ ഉണ്മയുടെയും തലങ്ങളെ അവിരാമമായി ദര്‍ശിക്കുകയും സമരസപ്പെടുത്തുകയുമാണ് കവി പ്രതിഭ. ലാവണ്യലക്ഷണമുദ്രയായി ജീവിതത്തിന്റെ ധാര്‍മ്മിക മൂല്യങ്ങളെയാണ് സ്വാംശീകരിക്കുക. ഇത് വസ്തുവില്‍ നിന്ന് സഹൃദയനിലേക്ക് അബോധാത്മകമായി ലയിച്ചുചേരുമ്പോള്‍ ആ ലാവണ്യാസ്പദമായ ദൗത്യം പൂര്‍ണ്ണമാകുന്നു.
‘നാവിലിപ്പോഴും സ്പന്ദിച്ചു നില്‍പു നീ
നാമരൂപ നിത്യാനന്ദ പൂര്‍ണ്ണിമേ’
എന്ന പൂര്‍ണ്ണതാബോധമാണ് ലാവണ്യദര്‍ശനത്തിന്റെ സമഗ്രസത്തയായി കവി ഗണിക്കുന്നത്. ഈ പൂര്‍ണ്ണതയാകട്ടെ അദ്വൈതസങ്കല്പത്തിന്റെ പരബ്രഹ്മരൂപം ആവാഹിക്കുന്നു. മാംസചക്ഷുസ്സല്ല, അന്തര്‍നേത്രം തന്നെയാണ് ലാവണ്യാസ്വാദന നിര്‍ണ്ണയം നടത്തുക. കണ്ണടയുമ്പോള്‍ അകക്കണ്ണ് തുറക്കുന്നു. അകക്കണ്ണിന്റെ ആത്മോപാസനയാണ് അക്കിത്തത്തിന് ലാവണ്യാനുഭൂതി. അദ്വൈതാത്മകബോധം പകരുന്ന ലാവണ്യോജ്ജ്വല ശക്തിയാണത്; അപൂര്‍ണ്ണവും പരതന്ത്രവുമായ ലൗകിക ലാവണ്യാനുഭവത്തില്‍ നിന്ന് അതീതത്വത്തിന്റെ സത്താപൂര്‍ണ്ണിമയിലേക്കുള്ള സാക്ഷാത്ക്കാരമാണത്. ഈ അദ്വൈതലയനമാണ് ലാവണ്യാനുഭൂതിയുടെ സമഗ്രപ്രക്രിയ.
”സത്യചൈതന്യമല്ലോ സൗ-
ന്ദര്യം പണ്ടോതി മാമുനി
സത്യത്തിന്‍ രൂപമേ ധര്‍മ്മം
കാരുണ്യം സത്യ ചേഷ്ടയും”
എന്ന ഉപദര്‍ശനത്തില്‍ ലാവണ്യത്തിന്റെ പരമ്പരാഗത സങ്കല്പനങ്ങളെയും ബാഹ്യശോഭാലക്ഷണങ്ങളെയും അക്കിത്തം തിരസ്‌ക്കരിക്കുന്നു. അകക്കാമ്പിന്റെ – ആന്തരസത്തയുടെ – അസ്തിത്വപ്രമാണം തന്നെ ലാവണ്യബോധം എന്ന തിരിച്ചറിവാണിത്. വസ്തുവില്‍ ബിംബിക്കുന്ന സൗന്ദര്യാംശമല്ല, സഹൃദയനില്‍ ഉദ്ഭൂതമാകുന്ന നന്മയുടെ വെളിപാടാണ് ലാവണ്യത്തിന്റെ നിയാമകഘടകം. സ്‌നേഹശക്തി തന്നെയാണ് ലാവണ്യവും സത്യവും ധര്‍മ്മവുമെന്ന് ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’ത്തില്‍ നിരീക്ഷിക്കുന്നതിന് അടിസ്ഥാനവും ഇതുതന്നെ.
ലാവണ്യതത്ത്വത്തിന്റെ ഭൗതിക ഫലപ്രാപ്തിയെയും കവി തള്ളിക്കളയുന്നില്ല. കലാവസ്തുവിന്റെ ലാവണ്യസാരംകൊണ്ട് സഹൃദയനുണ്ടാകുന്ന ആത്മവിസ്മൃതി ആസ്വാദനവേളയിലെ അന്തര്‍ദര്‍ശനഫലം തന്നെയെന്ന് കവി സമര്‍ത്ഥിക്കുന്നു. ‘സഹ്യനില്‍ ഒരു രാത്രി’യിലെ വാനരന്‍ ചെങ്കല്ല് ശിലയുടെ തുമ്പിലരച്ച് കുതിരുന്ന ചായമെടുത്ത് കവിളില്‍ കുറിയും വരയുമിട്ട് ജലാശയത്തില്‍ നോക്കി രസിക്കുന്നു. കലാലാവണ്യസംസ്‌കാരത്തിന്റെ മായികാനുഭൂതി ജന്തുഹൃദയത്തിനും കൂടി പരിചിതമാണെന്ന് ദര്‍ശിക്കുകയാണ് അക്കിത്തം.
ജീവനുള്ളതെല്ലാം സൗന്ദര്യമുള്ളതാണ്, സൗന്ദര്യമുള്ളതെല്ലാം ജീവനുള്ളതാണ് എന്ന് കവി ഉപദര്‍ശിക്കുന്നു. ”കല്ലെറിയാതിരിക്കുവിന്‍ വൈരൂപ്യത്തെ കഴുകുവിന്‍ കണ്ണുനീരാല്‍” എന്ന് ‘വാര്‍ദ്ധക്യചര്‍ച്ച’ എന്ന കവിതയില്‍ കവി അര്‍ത്ഥിക്കുന്നു. കണ്ണീര്‍കൊണ്ട് കഴുകുമ്പോള്‍ വൈരൂപ്യം ലാവണ്യം പൂകുന്നുവെന്ന സങ്കല്പം താത്ത്വികാവബോധമുള്‍ക്കൊള്ളുന്നു. വൈരൂപ്യവും സൗന്ദര്യവും ഒന്നുതന്നെയെന്ന അദ്വൈതത്തിലെത്താന്‍ ഭാരതീയ തത്ത്വചിന്തയും സംസ്‌കാരവും ലാവണ്യാദര്‍ശവുമാണ് കവിയെ സ്വാധീനിക്കുന്നത്.
പ്രകൃതിയുടെ വാഴ്ത്തുസ്തുതിയല്ല, പ്രകൃതി സ്രഷ്ടാവിന്റെ വിസ്മയാനുഭൂതി പകരുന്ന കരങ്ങളെയാണ് അക്കിത്തം ഹൃദയത്തില്‍ ചേര്‍ക്കുന്നത്. ഒന്നിന്റെയും ബാഹ്യസൗന്ദര്യപ്രകീര്‍ത്തനമല്ല എല്ലാറ്റിന്റെയും ആന്തരികതയുടെ അനര്‍ഘലാവണ്യപൂരത്തെയാണ് കവി അക്ഷരവര്‍ണ്ണമാക്കുന്നത്.
”എന്തൊരു മധുരിക്കും ലയനിര്‍ഝരി! പുമാ-
നെന്റെയും മുലചുരന്നൊഴുകി ജീവോന്മുഖം”
എന്ന പ്രകൃതിദര്‍ശന സാക്ഷ്യം പോലെ വസ്തു പ്രതിഭാസങ്ങളുടെ ആന്തരിക ചൈതന്യത്തെ ആവാഹിക്കുന്ന ലാവണ്യമീമാംസയുടെ അര്‍ത്ഥമാനങ്ങളാണ് സ്വന്തം കവിതയിലേക്കും ജീവിത ചിന്തയിലേക്കും മഹാകവി സമന്വയിക്കുന്നത്. ‘സൗന്ദര്യം ഈശ്വരന്‍ തന്നെ’ എന്ന യോഗാത്മക നിര്‍വചനത്തിലെത്തിച്ചേരാന്‍ പൈതൃക ലാവണ്യഘടകങ്ങള്‍ കവിക്ക് തുണയായുണ്ട്. ഭൗതികാതീത ലാവണ്യശാസ്ത്ര (Metaphysical Aesthetics) ത്തിന്റെ വീക്ഷണ വിശേഷങ്ങളും ആ കലാ ലാവണ്യ സമീപനങ്ങളെ സ്വാധീനിക്കുന്നു.
ബോധാബോധത്തില്‍ ഉദിച്ചുനില്‍ക്കുന്ന പൂര്‍ണ്ണതയാണ് പ്രകൃതി. ‘വാടാത്ത താമരയും കെടാത്ത സൂര്യനും’, ‘സഹ്യനില്‍ ഒരു രാത്രി’, ‘അച്ഛന്‍ കൃതജ്ഞത പറയുന്നു’ എന്നീ രചനകള്‍ പ്രകൃതിയുടെ ലാവണ്യഗീതകങ്ങളാണ്. ലാവണ്യതത്ത്വത്തിന്റെ ഭൗതിക ഫലപ്രാപ്തിയെയും കവി തള്ളിക്കളയുന്നില്ല. കലാവസ്തുവിന്റെ ലാവണ്യസാരം കൊണ്ട് സഹൃദയനുണ്ടാകുന്ന ആത്മവിസ്മൃതി ആസ്വാദനവേളയിലെ അന്തര്‍ദര്‍ശനഫലം തന്നെയെന്ന് കവി തിരിച്ചറിയുന്നു.
ലാവണ്യത്തിന്റെ പരമ്പരാഗത സങ്കല്‍പ്പനങ്ങളെയും ബാഹ്യശോഭാ ലക്ഷണങ്ങളെയും സമദര്‍ശനത്തിനായി തിരസ്‌ക്കരിക്കുകയാണ് അക്കിത്തം. ‘ഒരു ചുംബനത്തിന്റെ ഓര്‍മ്മ’, ‘പരമദുഃഖം’, ‘നിത്യവിസ്മയം’ ‘കോലാടുകള്‍’ എന്നിവ ഉണര്‍ത്തുന്ന ആത്മനിഷ്ഠലാവണ്യം വിസ്മയകരമാണ്. പഞ്ചവര്‍ണ്ണക്കിളിയെപ്പോലെ സൗന്ദര്യവതിയാണ് മൂങ്ങ. മാന്‍പേട പോലെ സുന്ദരനാണ് പന്നി. വസ്തു പ്രതിഭാസങ്ങളുടെ ‘ബാഹ്യസൗന്ദര്യ’ മൂല്യഘടകങ്ങളെയാണ് അക്കിത്തം സമന്വയത്തിന്റെ ആകാശമാക്കുന്നത്.
അഗ്നിയും നിലാവും ഏകരസവിഭൂതിയായി അക്കിത്തത്തിന്റെ കാവ്യാകാശം നിറയുന്നു. യാഗാഗ്നിയുടെ വെളിച്ചവും മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും ആ ലാവണ്യപൂരത്തിലാണ് അദ്വൈതഗംഗയാകുന്നത്. പ്രപഞ്ചാത്മാവിന്റെ വിശ്വവശ്യമായ ബോധനിലാവിലാണ് കവിഹൃദയം.
അതീതങ്ങളുടെ ആത്മവൈഖരിയായി കാവ്യകല രൂപപ്പെടാന്‍ ഈ ലാവണ്യ ഘടകങ്ങള്‍ നിര്‍ണ്ണായകമായി. ധര്‍മ്മക്ഷേത്രത്തിലെ കെടാവിളക്കാണ് അക്കിത്തത്തിന്റെ അക്ഷരാത്മിക. ആധുനിക കവിതയുടെ അഗ്നിമുഖമാണ് അത് അനാവരണം ചെയ്യുന്നത്. വിശ്വമംഗള പ്രാര്‍ത്ഥനയുടെ വിണ്‍വെളിച്ചമായി ആ ലാവണ്യമീമാംസയും വിഭൂതിപഥത്തിലാണ്.
”അഗ്നിപ്പത്തിന്‍ വെളിച്ചമോ
തമസ്സിന്നഗ്നി നിലാവോ?
അക്കിത്തത്തിന്‍ സാരസ്വത-
മതീതമഗ്നിസ്തവമോ?”
”സംശയിക്കേണ്ടുണ്ണിയതു
നരനാരായണ മന്ത്രം”.