പാണ്ഡ്യരാജ്യത്തെ ഒരു നാട്ടുരാജ്യത്തെ രാജാവായിരുന്നു ജയവീര കട്ടബൊമ്മന്‍. പാഞ്ചാലം കുറിച്ചി ആയിരുന്നു ആസ്ഥാനം. ബൊമ്മന്‍ എന്നത് അവരുടെ കുടുംബനാമം ആയിരുന്നു. അദ്ദേഹത്തിന് മൂന്ന് ആണ്‍മക്കള്‍ ആണുണ്ടായിരുന്നത്. ഒന്നാമന്‍ വീരസ്വാമി, രണ്ടാമന്‍ കുമാരസ്വാമി, മൂന്നാമന്‍ ദൊരസിംഹന്‍. ആന്ധ്രയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് വന്നവരായിരുന്നു ഇവരുടെ പൂര്‍വ്വികര്‍. ഇവരിലെ വീരസ്വാമി ആണ് പിന്നീട് ബ്രിട്ടീഷുകാരെ കിടുകിടെ വിറപ്പിച്ച വീരപാണ്ഡ്യ കട്ടബൊമ്മന്‍ എന്ന നാട്ടുരാജാവ്. കുമാരസ്വാമി ജന്മനാ ഊമയും ബധിരനും ആണെങ്കിലും അതിബുദ്ധിമാനും തികഞ്ഞ യോദ്ധാവുമായിരുന്നു. ദൊരസിംഹന്‍ വീരപാണ്ഡ്യന്റെ ഭരണകാലത്ത് പാഞ്ചാലം കുറിച്ചിയിലെ സേനാധിപന്‍ ആയിരുന്നു. ഇരു സഹോദരന്മാരും ബ്രിട്ടീഷുകാരോട് പൊരുതി മരിച്ചവരായിരുന്നു.
1760 ജനുവരി 3-ാം തീയതിയാണ് വീരപാണ്ഡ്യന്റെ ജനനം. 1790ല്‍ ജയവീര കട്ടബൊമ്മന്റെ മരണത്തെ തുടര്‍ന്ന് വീരസ്വാമി രാജാവായി. സമര്‍ത്ഥനും ധീരനും പ്രജാക്ഷേമ തല്‍പ്പരനുമായിരുന്ന വീരസ്വാമിയെ ജനങ്ങള്‍ വീരപാണ്ഡ്യ കട്ടബൊമ്മനെന്ന് ആദരവോടെ വിളിക്കാന്‍ തുടങ്ങി. അങ്ങനെ വീരസ്വാമി വീരപാണ്ഡ്യ കട്ടബൊമ്മന്‍ ആയി.
വീരപാണ്ഡ്യന്‍ രാജാവായതോടെ വീരന്മാരെ തിരഞ്ഞുപിടിച്ച് സൈന്യത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ നിയമിച്ചു. അതുപോലെ കഴിവുള്ളവരെ മറ്റുദ്യോഗങ്ങളില്‍ ഉന്നതസ്ഥാനങ്ങളിലും നിയമിച്ചു. പാഞ്ചാലം കുറിച്ചിക്കു ചുറ്റും ശക്തമായ കോട്ട നിര്‍മ്മിച്ചു. ജനപ്രിയനായ വീരപാണ്ഡ്യന്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ അന്വേഷിച്ചറിഞ്ഞ് അവരെ സഹായിച്ചിരുന്നു. രാജ്യ ത്തെ ജനങ്ങള്‍ വീരപാണ്ഡ്യന്റെ ഭരണത്തില്‍ സന്തുഷ്ടരായിരുന്നു. അവര്‍ വീരപാണ്ഡ്യന് ആരോഗ്യവും ദീര്‍ഘായുസ്സും ഉണ്ടാവാനായി സ്വമേധയാ ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നടത്തി പ്രാര്‍ത്ഥിച്ചു.
വീരപാണ്ഡ്യന്റെ രാജ്യത്തിന് സമീപമുള്ള നാട്ടുരാജാക്കന്മാരെല്ലാം ബ്രിട്ടീഷ് ഭരണമേധാവിത്വം അംഗീകരിച്ച് ബ്രിട്ടീഷുകാര്‍ക്ക് കപ്പം കൊടുക്കുന്നവരായിരുന്നു. എന്നാല്‍ വീരപാണ്ഡ്യ കട്ടബൊമ്മന്‍ അതംഗീകരിച്ചല്ല.
കപ്പം പിരിക്കാന്‍ ബ്രിട്ടീഷുകാര്‍ ഒരു ദൂതനെ പാഞ്ചാലം കുറിച്ചിയിലേക്ക് അയച്ചു. പാഞ്ചാലം കുറിച്ചിയിലും ചുറ്റുമുള്ള രാജ്യങ്ങളിലും കപ്പം പിരിക്കുവാന്‍ ‘മാക്‌സ്‌വെല്‍’ എന്നൊരാളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. മാക്‌സ്‌വെല്‍ അയച്ച ദൂതനായിരുന്നു പാഞ്ചാലം കുറിച്ചിയില്‍ എത്തിയത്. അനുവാദം വാങ്ങി ദൂതന്‍ കൊട്ടാരത്തില്‍ പ്രവേശിച്ചു. വീരപാണ്ഡ്യന്‍ സിംഹാസനത്തില്‍ ഇരിക്കുന്നു. മന്ത്രി മുഖ്യന്മാരും മറ്റു പ്രധാന ഉദ്യോഗസ്ഥരും ദര്‍ബാര്‍ ഹാളില്‍ സ്വസ്ഥാനങ്ങളിലുണ്ട്. അപ്പോഴാണ് ദൂതന്‍ കടന്നുവരുന്നത്. അയാള്‍ കയ്യില്‍ കരുതിയിരുന്ന കത്ത് മന്ത്രി താനാപതിയെ ഏല്‍പ്പിച്ചു. മന്ത്രി കത്ത് മഹാരാജാവിന്റെ കയ്യില്‍ കൊടുത്തു.
കത്തില്‍ പറഞ്ഞിരുന്നത് പാഞ്ചാലം കുറിച്ചി രാജാവ് ഇതുവരെയുള്ള ‘കപ്പം’ കുടിശ്ശിക തീര്‍ത്ത് ഉടന്‍ അടച്ചു തീര്‍ക്കണമെന്നാണ്. സന്ദേശം വായിച്ചതോടെ വീരപാണ്ഡ്യന്റെ മുഖം തുടുത്തു. കണ്ണുകള്‍ ചുവന്നു. അദ്ദേഹം പറഞ്ഞു ‘നാം ആരുടേയും അടിമയായി ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ല. കച്ചവടത്തിനായി വന്നവരാണ് നിങ്ങള്‍. നിങ്ങളുടെ മേധാവിത്വം അംഗീകരിക്കുവാനും നിങ്ങള്‍ക്കു കപ്പം തരുവാനും നാം ഉദ്ദേശിക്കുന്നില്ല.’ കമ്പനിയെ ധിക്കരിച്ചാല്‍….
വാചകം പൂര്‍ത്തിയാക്കും മുമ്പ് വീരപാണ്ഡ്യന്‍ ഗര്‍ജ്ജിച്ചു. ‘കടക്കൂ പൂറത്ത്’ ഇടിവെട്ടുന്ന മുഴക്കത്തോടെ വീരപാണ്ഡ്യന്‍ കല്‍പ്പിച്ചപ്പോള്‍ ദൂതന്‍ സായിപ്പ് പേടിച്ചു വിറച്ചു പിന്നിലേക്കോടി മറഞ്ഞു.
കമ്പനിയുടെ അപ്രീതി സമ്പാദിക്കരുത്. അവര്‍ അപകടകാരികളാണ്. ചതുരുപായം പ്രയോഗിച്ചും വേണ്ടി വന്നാല്‍ പടവെട്ടിയും അവര്‍ കീഴടക്കും. പല സുഹൃത്തുക്കളും സൗഹൃദ ഭാവേന വീരപാണ്ഡ്യനോട് പറഞ്ഞു.
ബ്രിട്ടീഷുകാരുടെ അടിമത്തത്തില്‍ നാം ഒരു നിമിഷം രാജാവായിരിക്കില്ല. പൊരുതി നില്‍ക്കും. പരാജയപ്പെടുമെന്നായാല്‍ പൊരുതി മരിക്കും. അധര്‍മ്മ പരിഷയെ നേരിടുന്നതിനായിരിക്കും എന്റെ അടുത്ത ജന്മ
വും. സ്വാതന്ത്ര്യം നേടും വരെ ഞാന്‍ പുനര്‍ജനിക്കും, പൊരുതും. ഈ നിശ്ചയത്തിനൊരിക്കലും ഒരു മാറ്റവുമുണ്ടാകില്ല.
വീരപാണ്ഡ്യന്റെ മുമ്പില്‍ ബ്രിട്ടീഷുകാരുടെ കുതന്ത്രങ്ങളോരോന്നും പരാജയപ്പെട്ടു. ചതിയില്‍പ്പെടുത്തി കൊല്ലാനായി സ്‌നേഹഭാവേന സന്ധിസംഭാഷണത്തിനു വിളിച്ചു. അതിലും അവര്‍ക്കു വിജയിക്കുവാന്‍ കഴിഞ്ഞില്ല.
ഏറ്റുമുട്ടേണ്ടി വന്ന സന്ദര്‍ഭങ്ങളില്‍ വീരപാണ്ഡ്യന്‍ അതിനും മടിച്ചില്ല. ഒരവസരത്തില്‍ വീരപാണ്ഡ്യന്‍ ഇംഗ്ലീഷുകാരോട് പറഞ്ഞു ”പണമാണ് വേണ്ടതെങ്കില്‍, എത്രവേണമെങ്കിലും ചോദിച്ചു കൊള്ളൂ…. ഞാന്‍ തരാം. നല്‍കാനുള്ള പ്രാപ്തിയും മനസ്സും നമുക്കുണ്ട്. ഞങ്ങളെ അടിമകളാക്കാനുള്ള മോഹം എനിക്ക് ജീവനുളള കാലം നടപ്പില്ല.” ഉറച്ചതായിരുന്നു വീരപാണ്ഡ്യന്റെ വാക്കുകള്‍. മാക്‌സ്‌വെല്ലിനു ശേഷം ജാക്‌സണ്‍ എന്ന, എന്തും ചെയ്യാന്‍ മടിയില്ലാത്തൊരാള്‍ ചുമതലയേറ്റു. ജാക്‌സണ്‍ പല അടവുകളും ചതി പ്രയോഗങ്ങളും സൈനിക നീക്കങ്ങളും നടത്തി. അവക്കൊന്നിനും വീരപാണ്ഡ്യനെ കീഴടക്കാന്‍ കഴിഞ്ഞില്ല.
ജാക്‌സണെ തുടര്‍ന്ന് എസ്.ആര്‍. ലൂയിംഗ്ടണ്‍ എന്ന ധ്വരയ്ക്കായിരുന്നു ചുമതല. വീരപാണ്ഡ്യനെ പരാജയപ്പെടുത്തി പാഞ്ചാലം കുറിച്ചിയില്‍ ആധിപത്യമുറപ്പിക്കുക എന്നതു മാത്രമായിരുന്നു അയാളുടെ ലക്ഷ്യം. പാണ്ഡ്യനുമായി ഏറ്റുമുട്ടാന്‍ അയാള്‍ കാരണം കണ്ടുപിടിച്ചു എങ്കിലും നാവടപ്പിക്കുന്ന മറുപടി അയാള്‍ക്കു കിട്ടി. എത്രയും നേരത്തെ കല്‍പ്പന അനുസരിച്ച് കീഴടങ്ങാന്‍ ലൂയിംഗ്ടണ്‍ പാണ്ഡ്യനെ ഭീഷണിപ്പെടുത്തി. ലൂയിംഗ്ടണിന്റെ അന്ത്യശാസനത്തിന് പുല്ലുവില പോലും നല്‍കാന്‍ പാണ്ഡ്യന്‍ ഒരുക്കമായിരുന്നില്ല.
(തുടരും)