തിരുവനന്തപുരം: കേരളത്തിലെ സിവില്‍ സര്‍വ്വീസ് മേഖലയില്‍ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് പരിഹാരം ഉണ്ടാക്കാന്‍ ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ആവശ്യമില്ലായെന്നും സര്‍ക്കാരിന് തന്നെ പരിഹരിക്കാവുന്ന താണെന്നും ബി.എം.എസ്. സംസ്ഥാന ഉപാദ്ധ്യക്ഷ അഡ്വ.ആശാമോള്‍ പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.ജി.ഒ. സംഘ് വനിതാ വിഭാഗം നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വനിതകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യവും സുരക്ഷയും വേണ്ടരീതിയില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്താന്‍ കഴിയാത്തവര്‍ക്ക് ഒരു നവോത്ഥാനവും സൃഷ്ടിക്കാന്‍ കഴിയില്ല. കേന്ദ്രജീവനക്കാരായ വനിതകള്‍ക്ക് ലഭിക്കുന്ന ഒട്ടനവധി ആനുകൂല്യങ്ങള്‍ സംസ്ഥാനത്തെ വനിതാ ജീവനക്കാര്‍ക്ക് നിഷേധിച്ചിരിക്കുകയാണ്. നിയവിരുദ്ധമായി വനിതാജീവനക്കാരെ സ്ഥലം മാറ്റുന്ന നടപടി അവസാനിപ്പിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അവര്‍ പറഞ്ഞു.