മതമില്ലാത്ത രാഷ്ട്രീയം മാരകമാണ് എന്നാണ് ഗാന്ധിജി വിശ്വസിച്ചതും ആചരിച്ചതും പ്രചരിപ്പിച്ചതും. ഗാന്ധിജിയുടെ മതമാകട്ടെ സനാതന ഹിന്ദു മതവും. താന്‍ ഒരു സനാതന ഹിന്ദുവാണ് എന്നും തന്റെ ഹിന്ദുമതം എല്ലാ വിശ്വാസങ്ങളേയും ഉള്‍ക്കൊള്ളുന്നുണ്ടെന്നും ഇതുപോലെ മറ്റു വിശ്വാസങ്ങളെ ഉള്‍കൊള്ളുന്ന മറ്റൊരു മതം ലോകത്തു വേറെയില്ല എന്നും ഗാന്ധിജി ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഒന്നിനെയും പുറംതള്ളുന്നതല്ല എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്നതാണ് ആത്മീയതയെന്നും ഗാന്ധി കണ്ടെത്തിയിരുന്നു. സനാതനധര്‍മത്തിന്റെ കാതല്‍ ഭേദവിചാരത്തിന് അതീതമായ ജീവിത വ്യവസ്ഥയാണെന്ന് അനുഭവിച്ചറിഞ്ഞ ഗാന്ധി താന്‍ ഒരു അദ്വൈത വേദാന്തിയാണെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്. പ്രപഞ്ച വൈവിധ്യങ്ങള്‍ എല്ലാം അഭിന്നമായ സത്തയുടെ പ്രതിഭാസങ്ങളാണെന്നും അതുകൊണ്ടു ഒന്നിനേയും അകറ്റിനിര്‍ത്താതെ എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്നതാണ് പ്രപഞ്ച ജീവിത രീതിയെന്നും ഗാന്ധി വിശദമാക്കി.
പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങളും അഭിന്നമായ കേവല സത്തയുടെ ആവിഷ്‌കാരമാണെന്നും അതുകൊണ്ട് ഭേദ വിചാരം അപ്രസക്തമാണെന്നും ഗാന്ധി സ്വന്തം ജീവിതത്തിലൂടെ പ്രചരിപ്പിച്ചു. സ്വാഭാവികമായും മത വൈവിധ്യങ്ങളെ അദ്ദേഹം സ്വാഗതം ചെയ്തു. ഏതു മതവും മനുഷ്യന് നന്നാകാനുള്ള മാര്‍ഗം തുറന്നുതന്നിട്ടുണ്ടെന്ന് അദ്ദേഹം ഉദ്‌ഘോഷിച്ചു. എല്ലാ മതങ്ങളും മനുഷ്യനെ നന്മയിലേക്കു നയിക്കാന്‍ പ്രാപ്തമായതുകൊണ്ട് മതപരിവര്‍ത്തനം അയുക്തികമാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് മത പരിവര്‍ത്തനത്തെ അദ്ദേഹം വിഷം എന്ന പോലെ വര്‍ജ്ജിച്ചു; മത സ്പര്‍ദ്ധയെ അദ്ദേഹം എതിര്‍ത്തു; സര്‍വ്വമത സമഭാവനക്ക് വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചു. സര്‍വ്വമത സമത്വം അംഗീകരിക്കാത്ത മതങ്ങളെ അദ്ദേഹം വിമര്‍ശിച്ചു.
സനാതനധര്‍മ്മത്തിന്റെ സാരാംശം സത്യവും അഹിംസയുമാണെന്ന് അനുഭവിച്ചറിഞ്ഞ അദ്ദേഹം ‘ഏകം സദ് വിപ്രാ ബഹുധാ വദന്തി’ എന്ന ഋഗ്വേദ വാക്യം സത്യമാണെന്ന് സ്വജീവിതത്തില്‍ അനുഭവിച്ചറിഞ്ഞു. ധര്‍മ്മമാണ് പ്രപഞ്ച ജീവിതത്തെ ഒരുമിപ്പിക്കുന്നതെന്ന് അറിഞ്ഞ ഗാന്ധി ധര്‍മ്മാനുഷ്ഠാനത്തിനാണ് സ്വജീവിതം ഉഴിഞ്ഞുവെച്ചത്. അഹിംസയുടെയും സത്യത്തിന്റെയും ആകാരമാണ് ധര്‍മ്മ വിഗ്രഹമായ രാമന്‍ എന്നും ഗാന്ധി അനുഭവിച്ചറിഞ്ഞു. അതുകൊണ്ടു താന്‍ വിഭാവനം ചെയ്ത സ്വര്‍ഗ്ഗ രാജ്യത്തിനു രാമ രാജ്യം എന്നും അദ്ദേഹം പേരുനല്കി. ആ രാമരാജ്യ നിര്‍മ്മിതിക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ തനിക്കുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കാന്‍ താന്‍ ഭഗവദ്ഗീതയെയാണ് എപ്പോഴും ആശ്രയിച്ചിരുന്നത് എന്ന് സുവ്യക്തമായി പലവട്ടം അദ്ദേഹം വെളിവാക്കിയിട്ടുണ്ട്. അതുകൊണ്ട്, ഈ ഭാരതമഹാരാജ്യത്തെ ഒരുമിപ്പിക്കുന്നതിനുവേണ്ടി രാമചരിതത്തെയും ഭഗവദ്ഗീതയേയും അദ്ദേഹം ഉപാധിയാക്കി.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, അതിന്റെ ആരംഭത്തില്‍, ഭാരതത്തിലെ പ്രമാണിമാരുടെ വിശ്രമകാല സംവാദകേന്ദ്രമായിരുന്നു. അതൊരു ജനകീയ പ്രസ്ഥാനമായിരുന്നില്ല. ആ സംഘടനയെ ഭാരതത്തിലെ എല്ലാ ജനങ്ങള്‍ക്കും പ്രാതിനിധ്യമുള്ള ഒരു ദേശീയ പ്രസ്ഥാനമാക്കി മാറ്റാനും അതിനെ ഒരു ജനകീയ സമരായുധമാക്കി വളര്‍ത്തിയെടുക്കാനും ഗാന്ധി ആശ്രയിച്ചത് രാമനെയും കൃഷ്ണനേയുമാണ്.
ഗാന്ധിജി തന്റെ പരമാത്മാവായി കരുതിയ അഹിംസയിലും സത്യത്തിലും കോണ്‍ഗ്രസിലെ ഭൂരിപക്ഷം നേതാക്കള്‍ക്കും തരിമ്പും വിശ്വാസമുണ്ടായിരുന്നില്ല എന്നതാണ് വസ്തുത. അക്കാര്യം ഗാന്ധിജി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് അദ്ദേഹം ഇങ്ങനെ നിരീക്ഷിച്ചു. ‘കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഹിംസ നയപരമായ ആശയം മാത്രമാണ്. തനിക്ക് ഇത് ജീവവായുവാണ്’ ഭഗത്‌സിങിനും സുഭാഷ് ചന്ദ്ര ബോസിനും തങ്ങള്‍ ഹിംസയില്‍ വിശ്വസിക്കുന്നുണ്ട് എന്ന് ലോകത്തോട് തുറന്നു പറയാന്‍ ഒരു മടിയും ഉണ്ടായിരുന്നില്ല. അവര്‍ അവരുടെ വിശ്വാസത്തിനു അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. അക്കാര്യത്തില്‍ ഗാന്ധിക്ക് അവരോട് ആദരവും ഉണ്ടായിരുന്നു. എന്നാല്‍ ഗാന്ധി ശിഷ്യന്മാര്‍ എന്ന് നടിച്ച പലരും ഇക്കാര്യത്തില്‍ കപട നാടകം ആടുകയായിരുന്നു. ഈ കപട നാട്യക്കാരില്‍ പ്രമുഖന്‍ ജവഹര്‍ലാല്‍ നെഹ്രു ആയിരുന്നു എന്ന സത്യം തുറന്നു പറയാതിരിക്കാനാകില്ല. ഇക്കൂട്ടര്‍ ഗാന്ധിയെ രഹസ്യമായി നിഷേധിച്ചുകൊണ്ട് പരസ്യമായി ഗാന്ധിയന്മാരായി നടിച്ചു എന്നതാണ് വാസ്തവം.
താന്‍ മത രഹിതനായിരുന്നു എന്നാണ് നെഹ്‌റു അവകാശപ്പെട്ടിരുന്നത്. താന്‍ അനീശ്വരവാദിയായ സെക്കുലറിസ്റ്റാണ് എന്നും അദ്ദേഹം പ്രചരിപ്പിച്ചിരുന്നു. മാത്രമല്ല താന്‍ സോവിയറ്റ് സോഷ്യലിസ്റ്റു വ്യവസ്ഥയുടെ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സോവിയറ്റ് സോഷ്യലിസമാകട്ടെ, കമ്മ്യൂണിസ്റ്റുകാര്‍ നടത്തിയ വര്‍ഗ്ഗസമരത്തിനു ശേഷം, വര്‍ഗ ശത്രുക്കളെ സായുധ സമരത്തിലൂടെ കൊന്നൊടുക്കി സ്ഥാപിച്ച തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യ വ്യവസ്ഥയുമാണ്. ഹിംസ അതിന്റെ അന്തര്‍ധാരയാണ്. ഹിംസയില്‍ പടുത്തുയര്‍ത്തുന്നതൊന്നും ശാശ്വതമല്ല എന്നും ധര്‍മ്മനിഷ്ഠമായി വളര്‍ത്തിയെടുക്കുന്നതുമാത്രമേ നിലനില്‍ക്കൂ എന്നും ഗാന്ധി വിശ്വസിച്ചു.
എന്നാല്‍, തനിക്ക് ഈശ്വരനിലും മതത്തിലും വിശ്വാസമില്ല എന്ന് പ്രചരിപ്പിച്ച, ഇതേ നെഹ്രുവാണ് 1947 ആഗസ്റ്റ് 14നു ത്രിസന്ധ്യക്കു, ദല്‍ഹിയില്‍ താന്‍ താമസിച്ചിരുന്ന കൊട്ടാരത്തില്‍, സര്‍വ്വവിധമായ മതാചാര അനുഷ്ഠാനങ്ങളോടെ, കശ്മീരിലെ ശൈവ രാജാക്കന്മാര്‍ക്ക് അര്‍ഹമായ ചെങ്കോല്‍ /കിരീട ധാരണം നടത്തിയത്. അതിനുവേണ്ടി നെഹ്‌റു കുളിച്ച് ഈറനുടുത്തുകൊണ്ടു നെറ്റിയില്‍ ഭസ്മം തൊട്ട് തൊഴുകൈയ്യോടെ പൂജാരിമാര്‍ക്കു മുന്നിലിരുന്നു വേദമാത്രങ്ങള്‍ ഉച്ചരിച്ചു. അനുഷ്ഠാന ക്രിയകള്‍ ചെയ്തു. സുദീര്‍ഘമായ രാജാധികാരം തനിക്കും തന്റെ വംശത്തിനും ഉറപ്പിച്ചു നിര്‍ത്താനും രാജ്യത്തു ക്ഷേമം നിലനില്‍ക്കുന്നതിനും വേണ്ടിയാണ് ഈ അനുഷ്ഠാനം നിശ്ചയിക്കപ്പെട്ടിരിക്കുന്നത് എന്നും ഓര്‍ക്കണം. ഈശ്വരനിലും മതത്തിലും വിശ്വാസമില്ലാത്ത ഒരാള്‍ ഇങ്ങിനെ ചെയ്യുന്നതിനെ കപട നാട്യം എന്നേ പറയാന്‍ കഴിയു.
നെഹ്രുവിന്റെ കാപട്യം ഇതുകൊണ്ടും തീരുന്നില്ല. ഒക്ടോബര്‍ വിപ്ലവത്തിന്റെ പത്താം വാര്‍ഷികത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടി നെഹ്‌റു സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ചിരുന്നു. തിരിച്ചു വന്ന നെഹ്‌റു, 1928 ജനുവരി പതിനൊന്നിന് ഗാന്ധിക്ക് എഴുതിയ കത്തില്‍ ഇങ്ങിനെ പറഞ്ഞു: തനിക്ക് അഹിംസയില്‍ വിശ്വാസമില്ല, അതുകൊണ്ടു ചര്‍ക്കയിലും ഖാദിയിലും വിശ്വസമില്ല. ചര്‍ക്ക തിരിച്ചും നൂല്‍ നൂറ്റും സ്വാതന്ത്ര്യം നേടാന്‍ കഴിയുമെന്നും താന്‍ വിശ്വസിക്കുന്നില്ല. ഹിന്ദു-മുസ്ലിം മൈത്രി ഉള്‍പ്പടെയുള്ള മത ഐക്യത്തിലും തനിക്കു തരിമ്പും താത്പര്യമില്ല. ഗ്രാമീണ കുടില്‍ വ്യവസായത്തിലൂടെ കൈവേല ചെയ്തു നേടാവുന്ന സാമ്പത്തിക സമത്വത്തിലും താന്‍ വിശ്വസിക്കുന്നില്ല. തനിക്ക് സെക്കുലറിസത്തിലും സോഷ്യലിസത്തിലുമാണ് വിശ്വസം. അവ പ്രാവര്‍ത്തികമായാല്‍ മതങ്ങള്‍ അപ്രസക്തമാകും; മതങ്ങള്‍ അപ്രസക്തമായാല്‍ അവ തമ്മിലുള്ള ഒരുമയും അപ്രസക്തമാകും; സാമ്പത്തിക സ്ഥിതിസമത്വം സംജാതമാകുകയും ചെയ്യും.
എന്നാല്‍ ഗാന്ധി സോവിയറ്റ് വിപ്ലവത്തിന്റെ ആരാധകനായിരുന്നില്ല. ഹിംസയില്‍ നാശം അന്തര്‍ലീനമായതുകൊണ്ട് ഹിംസ കൊണ്ട് നേടുന്നതെല്ലാം നശിക്കുമെന്നും ഗാന്ധി പറഞ്ഞു. കാരണം നാശം സ്വഭാവമായി പ്രതിഭാസിക്കുന്ന ഒന്നിനും ശാശ്വതമായ യാതൊന്നും സൃഷ്ടിക്കാനാകില്ല. ഗാന്ധിയെ ദാസ് കാപ്പിറ്റലും കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോയും, ഒരുമിച്ചുള്ള ഒരു ജയില്‍ ജീവിതത്തിനിടയില്‍ പഠിപ്പിച്ചത് വിനോബാ ഭാവയാണ്. പഠനം തീര്‍ന്നു കഴിഞ്ഞപ്പോള്‍ ഗാന്ധിയുടെ പ്രതികരണം ഇങ്ങിനെയായിരുന്നു: ‘സുദീര്‍ഘമായ ഈ പുസ്തകങ്ങളില്‍ ഒരിടത്തുപോലും നന്മയെ കുറിച്ച് ഒരു പരാമര്‍ശവും ഇല്ല.’ ഹിംസയില്‍ നന്മ ഇല്ലാത്തതുകൊണ്ട് ഹിംസയില്‍ വിശ്വസിക്കുന്ന ഒരു പ്രസ്ഥാനത്തിലും നന്മ ഉണ്ടാകില്ല. ഗാന്ധിയുടെ പ്രവചനം ഫലിച്ചു. എഴുപതു കൊല്ലം പോലും സോവിയറ്റ് യൂണിയന് പിടിച്ചു നില്‍ക്കാനായില്ല. കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ സോവിയറ്റ് നാട്ടില്‍ സോഷ്യലിസം തകര്‍ന്നു പോയി.
നെഹ്രുവിന്റെ കത്തിന് 1928 ജനുവരി 17ന് വളരെ വേദനയോടെ ഗാന്ധിജി മറുപടി എഴുതി. തനിക്കു വിശ്വസ്തനും ഊര്‍ജ്ജസ്വലനും സത്യസന്ധനുമായ ഒരു സഖാവിനെയും അനുയായിയേയും നഷ്ടമായിരിക്കുന്നു. കാരണം നമുക്കിടയില്‍ പൊതുവില്‍ യാതൊന്നുമില്ല. ഹിംസ വിജയിക്കും എന്ന കാര്യത്തില്‍ നെഹ്രുവിനു സംശയം ഉണ്ടായിരുന്നില്ല. 1917 ലെ സോവിയറ്റ് വിപ്ലവത്തിന് ശേഷം ആ രാജ്യം സന്ദര്‍ശിച്ച (1919ല്‍) കമ്മ്യൂണിസ്റ്റുകാരല്ലാത്ത പ്രമുഖരില്‍ ഒരാള്‍ നെഹ്രുവായിരുന്നു. അഹിംസയിലും സത്യത്തിലും തരിമ്പും വിശ്വസമില്ലാത്ത ഒരാളെ എങ്ങിനെയാണ് ഗാന്ധിശിഷ്യനായി കാണാന്‍ കഴിയുന്നത്? താന്‍ ഗാന്ധിശിഷ്യനാണ് എന്ന നെഹ്രുവിന്റെ അവകാശവാദം കപടനാട്യം മാത്രമാണ്. ഈ സത്യം, പക്ഷെ, ചരിത്രകാരന്മാര്‍ നമ്മില്‍ നിന്നും മറച്ചുവെച്ചു. ജനങ്ങള്‍ക്ക് മുന്നില്‍ നെഹ്‌റു ഗാന്ധി ശിഷ്യനായി അവതരിപ്പിക്കപ്പെടേണ്ടത് നെഹ്‌റുവിന്റെയും ചരിത്രകാരന്മാരുടെയും ആവശ്യമായിരുന്നു.
ഗാന്ധിയില്‍ വിശ്വസിക്കാതെയാണ് നെഹ്‌റു കുടുംബം തങ്ങള്‍ ഗാന്ധി പരമ്പരയാണ് എന്ന് അവകാശപ്പെട്ടത്. ഗാന്ധിയെ കൊണ്ട് ഇത്രയേറെ പ്രയോജനം, നെഹ്രുവിനു കിട്ടിയപോലെ, വേറെ ഒരാള്‍ക്കും കിട്ടിയിട്ടില്ല. ഗാന്ധി എന്ന പേര് അടിച്ചുമാറ്റി സ്വന്തം മകളുടെ പേരിന്റെ കൂടെ ചേര്‍ത്ത നെഹ്‌റു ആ പേരുകൊണ്ട് തന്നെ ആറുപതിറ്റാണ്ടുകാലം തനിക്കും തന്റെ കുടുംബത്തിനുമായി ഭാരതത്തിന്റെ അധികാരം കാത്തു സൂക്ഷിച്ചു. അങ്ങിനെ ഗാന്ധിയെ കൊണ്ടാണ് ഭാരതത്തില്‍ നെഹ്‌റു തന്റെ വംശാധിപത്യം സ്ഥാപിച്ചത്; അതും ഗാന്ധിയില്‍ തരിമ്പും വിശ്വാസമില്ലാതെ.
ഗാന്ധിയും നെഹ്രുവും തമ്മിലുള്ള അനൈക്യം തുടര്‍ന്നു കൊണ്ടിരിന്നു. 1946ല്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകൃതമായതോടെ നെഹ്‌റു ഗാന്ധിയില്‍ നിന്നും പൂര്‍ണമായും അകന്നു. അതുകൊണ്ടാണ് ‘തന്റെ അനുയായികള്‍ എന്ന് അവകാശപ്പെടുന്നവരാണ് രാജ്യം ഭരിക്കുന്നതെങ്കിലും തനിക്ക് അവരില്‍ യാതൊരു സ്വാധീനവും ഇല്ലെന്ന്’ 1947ല്‍ തന്നെ ഗാന്ധി തുറന്നു പറഞ്ഞത്.
നെഹ്രുവിനു തന്റെ ശത്രുക്കളെ തിരിച്ചറിയാന്‍ അസാമാന്യമായ കഴിവുണ്ടായിരുന്നു. തന്നെക്കാള്‍ വിദ്യാഭ്യാസവും കഴിവും ഉള്ള എല്ലാവരെയും, അവരെ ഓരോരുത്തരെയായി, ഒതുക്കാന്‍ നെഹ്രുവിനു കഴിഞ്ഞു.സുഭാഷ് ബോസ്, അംബേദ്കര്‍, സവര്‍ക്കര്‍, ശ്യാമ പ്രസാദ് മുഖര്‍ജി, കെ.എം.മുന്‍ഷി, ജയപ്രകാശ് നാരായണ്‍ എന്നിങ്ങനെ നീളുന്നു ആ പട്ടിക. ഇവരെല്ലാം തന്നെ നെഹ്രുവിനേക്കാള്‍ വിദ്യാഭ്യാസ മികവും ബുദ്ധിശക്തിയും കര്‍മ്മ കുശലതയും ഉള്ളവരായിരുന്നു എന്നതും നിഷേധിക്കാന്‍ കഴിയില്ല. അംബേദ്ക്കറുടെ അക്കാദമിക മികവിന് മുന്നില്‍ നെഹ്‌റു നിഷ്പ്രഭനാണ് എന്ന കാര്യത്തില്‍ നെഹ്‌റുവിന് സംശയം ഉണ്ടായിരുന്നില്ല. സര്‍ദാര്‍ പട്ടേലിനോടുള്ള പക അദ്ദേഹം മരിച്ചിട്ടും തീര്‍ന്നിരുന്നില്ല എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ മരണാന്തര ചടങ്ങില്‍ പങ്കെടുക്കാനുള്ള അനുവാദം കേന്ദ്ര ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നിഷേധിച്ചത്.
ഇവരേക്കാള്‍ ഒക്കെ നെഹ്‌റു പേടിച്ചിരുന്നത് ഗാന്ധിയെയാണ് എന്നതാണ് വസ്തുത. ‘ഒരിക്കലും പ്രായോഗികമാക്കാന്‍ കഴിയാത്ത കാര്യങ്ങളെ പ്രയോഗത്തിലെത്തിക്കാന്‍ കഴിയും എന്ന് വിശ്വസിപ്പിക്കാന്‍ അപാര കഴിവുള്ള ഒരാള്‍ ‘എന്നാണ് ഗാന്ധിക്ക് എഴുതിയ കത്തില്‍ നെഹ്‌റു ഗാന്ധിയെ വിശേഷിപ്പിച്ചത്. അതായത്, അപ്രായോഗികമായ കാര്യങ്ങള്‍ പ്രയോഗത്തിലെത്തിക്കാന്‍ കഴിയും എന്ന് ആളുകളെ പറഞ്ഞു വിശ്വസിപ്പിക്കുന്ന കാപട്യക്കാരനാണ് ഗാന്ധി എന്നാണ് നെഹ്‌റു പറഞ്ഞതിന്റെ അര്‍ത്ഥം. പിന്നീട്, ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്തു മുപ്പതു വെള്ളിക്കാശ് ബ്രിട്ടീഷുകാരില്‍ നിന്നും കൈപ്പറ്റിയ കമ്മ്യൂണിസ്റ്റുകാരും ഇതേ ആക്ഷേപം ഗാന്ധിക്കെതിരെ പറഞ്ഞിരുന്നു. ഗാന്ധിയെ വിലയിരുത്തുന്ന കാര്യത്തില്‍ നെഹ്രുവും കമ്മ്യൂണിസ്റ്റുകാരും യോജിപ്പിലായിരുന്നു എന്നും കാണാവുന്നതാണ്. രണ്ടു കൂട്ടര്‍ക്കും ഗാന്ധിയെ അറിയാന്‍ കഴിഞ്ഞില്ല എന്നത് ഒരു വസ്തുത മാത്രം.
അതുകൊണ്ട്, അപ്രായോഗികവാദിയായ ഗാന്ധിയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും ഭരണ രംഗത്തുനിന്നും അകറ്റി നിര്‍ത്താന്‍ നെഹ്‌റു ബദ്ധശ്രദ്ധനായിരുന്നു. ഗാന്ധിയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും ‘അക്കാദമിക അയിത്തക്കാരായി’ മാറ്റി നിര്‍ത്താന്‍ നെഹ്രുവിന്റെ വിദ്യാഭ്യാസ നയ രൂപീകരണ സമിതിക്കു കഴിഞ്ഞു. അതിന്റെ ഫലമായി ഗാന്ധിയെ നേരെ ചൊവ്വേ പഠിപ്പിക്കുന്ന ഒരു സ്ഥാപനം പോലും ഭാരതത്തില്‍ നെഹ്‌റു സ്ഥാപിച്ചില്ല. യൂറോസെന്‍ട്രിക് ജീവിത രീതിക്ക് എതിരെ ശക്തവും പ്രായോഗികവുമായ ബദല്‍ ‘ഹിന്ദ് സ്വരാജ്’ എന്ന പുസ്തകത്തില്‍ ഗാന്ധി നിര്‍ദ്ദേശിച്ചിരുന്നു. ആ ബദല്‍ നിര്‍ദ്ദേശങ്ങള്‍ ഭാരതീയ ജീവിത വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ഗാന്ധിജി വിഭാവനം ചെയ്തതുമാണ്. അടിമുടി യൂറോസെന്‍ട്രിക്കും യൂറോപ്യന്‍ ജീവിതരീതിയുടെ ആരാധകനുമായ നെഹ്രുവിനു ഗാന്ധിയെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നുമില്ല. അതുകൊണ്ടു ഗാന്ധിയുടെ ആശയ ലോകത്തെ കുറിച്ച് നല്ല രീതിയിലുള്ള പഠനം പോലും നടന്നില്ല; നടത്താന്‍ നെഹ്‌റു സമ്മതിച്ചില്ല എന്നും ഓര്‍ക്കണം. നെഹ്‌റു പ്രോത്സാഹിപ്പിച്ചത് യൂറോപ്യന്‍ വിജ്ഞാനത്തെയായിരുന്നു. ഭാരതീയ വിജ്ഞാനത്തിന്റെ മഹത്വം നെഹ്രുവിനു മനസ്സിലായിരുന്നില്ല.
രാഷ്ട്രപിതാവിന്റെ ആശയങ്ങളെ ആസൂത്രിതമായി തിരസ്‌കരിക്കാന്‍ ഒരു രാജ്യത്തിന്റെ ആദ്യപ്രധാനമന്ത്രി, (ആ പ്രധാനമന്ത്രിയാകട്ടെ ആ രാഷ്ട്രപിതാവിന്റെ ശിഷ്യന്‍ എന്ന് പരസ്യമായി അവകാശപ്പെട്ട വ്യക്തിയായിട്ടും) തന്നെ നേതൃത്വം നല്‍കിയ ചരിത്രം ഭാരതത്തിന് മാത്രമേ അവകാശപ്പെടാന്‍ കഴിയൂ. താന്‍ അനീശ്വര വിശ്വസിയാണ് എന്ന് അവകാശപ്പെട്ടിരുന്ന നെഹ്‌റു ആ വിശ്വാസം ഭാരതത്തില്‍ പ്രായോഗികമാണോ എന്ന് ഒരിക്കല്‍ പോലും ആലോചിച്ചിട്ടില്ല. ഭാരതത്തിലെ മൊത്തം ജനങ്ങളില്‍ 99 ശതമാനം പേരും മതത്തിലും ഈശ്വരനിലും വിശ്വസിക്കുന്നവരാണ്. മതപരമായ ജീവിതരീതികള്‍ അവരെ സ്വാധീനിക്കുന്നുമുണ്ട്. അവരുടെ നിത്യജീവിത പ്രശ്‌നങ്ങള്‍ക്ക് അവര്‍ ഈശ്വരനെ ആശ്രയിക്കുകയും ചെയ്യുന്നു. എന്നിട്ടും താന്‍ അനീശ്വരനാണ്, തന്റെ ആശയങ്ങള്‍ ഭാരതീയര്‍ പിന്‍തുടരണം എന്ന് ശഠിച്ച നെഹ്‌റു തന്റെ അപ്രമാദിത്വത്തെയാണ് അതിലൂടെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത്.
എന്നാല്‍, ഈശ്വര വിശ്വസമില്ലാത്ത ഒരാള്‍, മതരഹിതന്‍ എന്ന് അവകാശപ്പെട്ടിരുന്ന ഒരാള്‍, എന്തിനാണ് തന്റെ ചിതാഭസ്മം ഭാരതത്തിലെ എല്ലാ പുണ്യനദികളിലും ഒഴുക്കണമെന്നും ഹിമാലയത്തില്‍ വിതറണമെന്നും ഒസ്യത്തില്‍ എഴുതിവെച്ചത്? ലാഭമുണ്ടാക്കുമെങ്കില്‍, ഈശ്വരനും മതവും, തന്റെ ജീവിതത്തിലും പരസ്യമായി കടന്നുവരുന്നതില്‍ അദ്ദേഹത്തിന് ഒരു എതിര്‍പ്പും ഉണ്ടായിരുന്നില്ല എന്നതിന്റെ തെളിവാണ് നെഹ്രുവിന്റെ ഈ കപടനാടകം എന്നല്ലേ കരുതേണ്ടത്? താന്‍ സെക്കുലറിസ്റ്റായിരുന്നു എങ്കിലും ഹിന്ദു മതത്തിലും വിശ്വസിച്ചിരുന്നു എന്ന് കാണിച്ചു ഹിന്ദുക്കളെ പറ്റിക്കുന്നതിനുവേണ്ടിയാണ് ചിതാഭസ്മ വിതറല്‍ നാടകം നടത്തിയത് എന്നല്ലേ കരുതാന്‍ കഴിയൂ. കാരണം പുണ്യ നദികളില്‍ ചിതാഭസ്മം ഒഴുക്കുക എന്നത് ഹിന്ദു മതത്തിലെ മരണാനന്തര ചടങ്ങുകളില്‍ ഒന്നാണ്. പിതൃക്കളുടെ മോക്ഷത്തിനായിട്ടാണ് അത് ചെയ്യുന്നതും. മതമില്ലാത്ത നെഹ്രുവിന്എന്തിനാണ് മോക്ഷം?
നെഹ്‌റു പിന്തുടരുന്ന ഈ കാപട്യം തന്നെയാണ് സെക്കുലര്‍ വിഷയത്തില്‍ ഏതാണ്ട് എല്ലാ സെക്കുലറിസ്റ്റുകളും ഇന്നും ആചരിക്കുന്നത്. അതുകൊണ്ടു കൂടിയാണ് അവരെ സ്യൂഡോ സെക്കുലറിസ്റ്റുകള്‍ എന്ന് വിശേഷിപ്പിക്കുന്നത്. തനിക്കു ലാഭം ഉണ്ടാകും എന്ന് ഉറപ്പുണ്ടെങ്കില്‍ സെക്കുലറിസം ഉപേക്ഷിച്ചു മതത്തില്‍ എത്താന്‍ നെഹ്രുവിനു ഒരു മടിയും ഉണ്ടായിരുന്നില്ല. ഹിന്ദു മത ആചാരങ്ങള്‍ക്ക് പരസ്യമായി എതിര് നിന്ന നെഹ്‌റു മുസ്ലിം ക്രിസ്ത്യന്‍ ആചാരങ്ങള്‍ക്ക് അനുകൂലമായിരുന്നു എന്ന കാര്യവും ഓര്‍ക്കണം. കാരണം, ആ സംഘടിത മത വിഭാഗങ്ങളുടെ വോട്ടില്‍ അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നു. ഇന്നത്തെ സ്യൂഡോ സെക്കുലറിസ്റ്റുകളും ലാഭമുണ്ടെങ്കില്‍ മതത്തില്‍ മയങ്ങാന്‍ മടിയില്ലാത്തവരാണ്. ഇന്ന് കാണുന്ന സ്യൂഡോ സെക്കുലറിസ്റ്റുകളുടെ പരമാചാര്യന്‍ പണ്ഡിറ്റ് നെഹ്രുവാണ് എന്ന് നിസ്സംശയം പറയാവുന്നതാണ്.
പരസ്യമായി ഈശ്വരനെയും മതത്തെയും തള്ളി പറയുകയും സ്വകാര്യജീവിതത്തില്‍ രഹസ്യമായി ഈശ്വരനും മതവുമായി സന്ധി ചെയ്യുകയും ചെയ്യുന്ന ഇക്കൂട്ടര്‍ ലാഭമുണ്ടാകുമെന്നു ഉറപ്പുണ്ട് എങ്കില്‍ പരസ്യമായി മതത്തോട് ഒട്ടാനും മടിയില്ലാത്തവരാണ് എന്ന് മറക്കരുത്. യഥാര്‍ത്ഥത്തില്‍ മതവിശ്വാസിയായ ഒരാള്‍ ആ മത വിശ്വാസം മറച്ചുവെച്ചു ജീവിച്ചാല്‍ മാത്രമേ സെക്കുലര്‍ ആകുകയുള്ളു എന്നാണ് ഇവരുടെ വാദം. ഒരുവന്‍ മത വിശ്വാസിയാണെങ്കില്‍ ആ വിശ്വാസം മറച്ചു വെച്ച് ജീവിക്കുന്നതാണ് കാപട്യം. അതായത്, മതത്തില്‍ വിശ്വസിക്കുന്നത് കപടനാടകം ആകണം എന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഈ കപടനാട്യക്കാരില്‍ മഹാ ഭൂരിപക്ഷം പേരും ഹിന്ദു മതത്തില്‍ വിശ്വസിക്കുന്നവരാണ് എന്നതാണ് രസകരമായ കാര്യം. ഇക്കൂട്ടരാണ് ഭാര്യയെ പഴിചാരി വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണന്റെ പ്രതിമയെയും പൂജാമുറിയെയും ന്യായീകരിക്കുന്നത്. അവരാകട്ടെ വീടിനകത്തു ഹിന്ദു ജീവിതവും വീടിനു പുറത്തു സ്യൂഡോ സെക്കുലര്‍ ജീവിതവും ഒരുമിച്ചു നയിക്കുന്നവരാണ്.
സത്യസന്ധമായി ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവരുടെ മത വിശ്വാസം, ഗുഹ്യരോഗം കണക്കെ, മൂടിവെക്കപ്പെടേണ്ട രഹസ്യവസ്തുവല്ല; പരസ്യമായി പ്രകടിപ്പിക്കേണ്ട ജീവിത രീതിയാണ്. അനേകം മതങ്ങള്‍ക്ക് ഒരുമിച്ചു സഹവസിക്കാമെങ്കില്‍ അനേകം മതാചാരങ്ങള്‍ക്ക് ഒരുമിച്ചു നിലനില്‍ക്കുകയും ചെയ്യാം. ഹിന്ദുവിന് അവന്റെ ആചാരവും മുസല്‍മാന് മുസല്‍മാന്റെ ആചാരവും ക്രിസ്ത്യാനിക്ക് അയാളുടെ ആചാരവും മതപരമായ വിഷയങ്ങളില്‍ ആകാവുന്നതാണ്. സ്യൂഡോ സെക്കുലറിസ്റ്റുകള്‍ അവരുടെ മാതൃകയായി അവര്‍ തന്നെ വിശേഷിപ്പിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ആ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന മതാചാരപ്രകാരമാണ് പൊതു ചടങ്ങുകള്‍ പോലും നടത്തുന്നത്. രാഷ്ട്രീയാധികാര കൈമാറ്റ വേളകളിലും മതാചാരം അവരുടെ രാഷ്ട്രീയ ചടങ്ങുകളുടെ ഭാഗമാണ്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അധികാര കൈമാറ്റം നടക്കുന്നത് ആംഗ്ലിക്കന്‍ കത്തോലിക്കാ സഭ നിര്‍ദ്ദേശിച്ചിരിക്കുന്ന ആചാരക്രമം അനുസരിച്ചാണ്. അതിലൊന്നും ഒരു തെറ്റും കാണാത്തവരാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ ഹിന്ദു മതവിശ്വാസി എന്ന് പരസ്യമായി പറയുന്ന നരേന്ദ്ര മോദി പ്രാണ പ്രതിഷ്ഠാചടങ്ങില്‍ യജമാനനായി പങ്കെടുത്തതിനെ വിമര്‍ശിക്കുന്നത് എന്നും ഓര്‍ക്കണം.
അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ ഒരു പുതു വാദവുമായി സ്യൂഡോ സെക്കുലറിസ്റ്റുകള്‍ വന്നു. വളരെ പെട്ടെന്ന് അവരെല്ലാം ഗാന്ധിയന്മാരായി. എന്നിട്ട്, ഗാന്ധി വിഗ്രഹാരാധനയ്ക്ക് എതിരായിരുന്നു; ഗാന്ധിയുടെ രാമനല്ല അയോദ്ധ്യയില്‍ ഉള്ളത്; യഥാര്‍ത്ഥ രാമന്‍ രാമഭക്തരുടെ മനസ്സിലായിരിക്കണം; ഗാന്ധി ക്ഷേത്ര ദര്‍ശനം നടത്തിയിട്ടില്ല; ഗാന്ധി ഭക്തനായിരുന്നില്ല; ഗാന്ധിയന്‍ ജീവിതവീക്ഷണത്തിന്റെ നിഷേധമാണ് അയോദ്ധ്യയില്‍ നടന്നത് എന്നെല്ലാം വാദിച്ചു. ഇതെല്ലം തീര്‍ത്തും തെറ്റായ വാദഗതികളാണ്. കാരണം, ഗാന്ധി ഒരിക്കലും ബിംബാരാധനക്ക്എതിരല്ല. എന്നാല്‍ ഭക്തിയുടെ പരമ പഥത്തില്‍ എത്തുമ്പോള്‍ ബിംബങ്ങള്‍ ആ ഭക്തിയില്‍ അലിഞ്ഞില്ലാതാകും എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. രാമ ഭക്തരുടെ മനസ്സിലും ആത്മാവിലും രാമവിഗ്രഹ പ്രതിഷ്ഠവേണം എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. രാമഭക്തരുടെ മനസ്സിലും ആത്മാവിലും പ്രതിഷ്ഠിതമാകുന്നു എന്നതുകൊണ്ട് പുറത്തുള്ള ക്ഷേത്രത്തില്‍ വിഗ്രഹം വേണ്ട എന്ന് ഗാന്ധി പറഞ്ഞിട്ടില്ല.
ഗാന്ധി ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നില്ല എന്നത് ശരിയാണ്. കര്‍മ്മമാണ് തന്റെ പ്രാര്‍ത്ഥന എന്നും കര്‍മ്മ ഭൂമിയാണ് തന്റെ ക്ഷേത്രമെന്നും ഗാന്ധി പറഞ്ഞിട്ടുണ്ട്. കര്‍മ്മത്തിന് ഗാന്ധി അമിത പ്രാധാന്യം നല്‍കുന്നുണ്ടോ എന്ന് ഒരിക്കല്‍ ഒരു വായനക്കാരന്‍ ചോദിച്ചു. താന്‍ ഒരിക്കലും കര്‍മ്മത്തിന് അമിത പ്രാധാന്യം നല്‍കുന്നില്ല എന്നും കര്‍മ്മ രഹിതമായി ഒരു നിമിഷം പോലും വെറുതെ കളയരുതെന്ന് ഭഗവാന്‍ കൃഷ്ണന്‍ ഗീതയില്‍ പറഞ്ഞിട്ടുണ്ട് എന്നും താന്‍ അത് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും അതിനു മറുപടിയായി ഗാന്ധി എഴുതി. മാത്രമല്ല, ജ്ഞാന-കര്‍മ്മ-ഭക്തി മാര്‍ഗങ്ങള്‍ അഭിന്നങ്ങളാണ് എന്ന് തന്റെ ഗീതാ വ്യാഖ്യാനത്തില്‍ ഗാന്ധി പറഞ്ഞതും ഓര്‍ക്കണം. എന്നുമാത്രമല്ല താന്‍ രാമഭക്തനാണെന്ന് ഗാന്ധി എത്രയോ വട്ടം ആവര്‍ത്തിച്ചു പറഞ്ഞതും ഓര്‍ക്കുക. സാധാരണ മനുഷ്യന്‍ വിഗ്രഹ ആരാധനയിലൂടെ രാമ സാന്നിധ്യം അനുഭവിക്കുന്നുണ്ടെന്നും ഗാന്ധി നിരീക്ഷിട്ടുണ്ട്.
അതുകൊണ്ട്, ഗാന്ധി ക്ഷേത്രത്തിനും ക്ഷേത്ര ആരാധനയ്ക്കും എതിരായിരുന്നു എന്ന വാദം നിലനില്‍ക്കില്ല. മാത്രമല്ല, ക്ഷേത്രങ്ങള്‍ അനാവശ്യ സ്ഥാപനങ്ങള്‍ ആയിരുന്നു എങ്കില്‍ ക്ഷേത്രപ്രവേശനത്തിനുവേണ്ടി ഗാന്ധി വാദിക്കുമായിരുന്നില്ല. ജാതി വ്യത്യാസമില്ലാതെ, സര്‍വ്വര്‍ക്കും തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍, പ്രവേശനം നല്‍കിയതിന്റെ പേരില്‍ തിരുവിതാംകൂര്‍ രാജ്ഞിയെ ഗാന്ധി അഭിനന്ദിച്ചതും മറക്കരുത്. അയോദ്ധ്യയിലാണ് രാമന്‍ ജനിച്ചത് എന്നത് ഹിന്ദുക്കളുടെ വിശ്വാസം മാത്രമല്ല രാമായണത്തില്‍ അങ്ങനെ പറഞ്ഞിട്ടുമുണ്ട്. അയോദ്ധ്യ എന്നൊരു സ്ഥലമുണ്ട് അവിടെ ഒരു രാമ ക്ഷേത്രം ഉണ്ടായിരുന്നു എന്നത് വസ്തുതയാണ്. ഭാരതത്തെ ആക്രമിച്ച ബാബര്‍ എന്ന ആക്രമണകാരി ആ ക്ഷേത്രം തകര്‍ക്കുകയും അവിടെ ഒരു പള്ളി പണിയുകയും ചെയ്തു എന്നതും വസ്തുതയാണ്. ആ പള്ളി തകര്‍ക്കപ്പെട്ടു എന്നതും വസ്തുതയാണ്. അത് സംബന്ധമായ നിയമ വ്യവഹാരം സുപ്രീം കോടതി വിധിയോടെ അവസാനിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് അവിടെ ക്ഷേത്രം പുതുതായി പണിതത്.
ഇനി, നവ ഇടതു/നവ കോണ്‍ഗ്രസ് /പുരോഗമന ബുദ്ധിജീവികളോട് ചില കാര്യങ്ങള്‍ ചോദിക്കാതിരിക്കാനാകില്ല. എന്റെ അറിവ് ശരിയാണെങ്കില്‍, ഹിന്ദുക്കള്‍, നാളിതുവരെ ഇതര മതസ്ഥരുടെ ഏതെങ്കിലും ഒരു ആരാധനാലയം നശിപ്പിച്ചുകൊണ്ടു അവിടെ ഒരു ക്ഷേത്രം പോലും പണിതിട്ടില്ല. മറിച്ചുള്ള ഒരുകാര്യമെങ്കിലും ചൂണ്ടികാണിക്കാമോ? എന്നാല്‍ ഇസ്ലാം മതം അങ്ങിനെയല്ല എന്ന കാര്യം നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ? മെക്കയിലെ ഗോത്രവര്‍ഗ്ഗക്കാരുടെ ബിംബാരാധനയുണ്ടായിരുന്ന ക്ഷേത്രം നശിപ്പിച്ചിട്ടല്ലേ അവിടെ പ്രവാചകന്‍ പള്ളി പണിതത്? യഹൂദ മതക്കാരുടെ ആരാധനാലയം ആക്രമിച്ചു കീഴടക്കിയല്ലേ പ്രവാചകന്‍ മദീന പള്ളി സ്ഥാപിച്ചത്? ക്രിസ്ത്യാനികളുടെ കത്തീഡ്രല്‍ പിടിച്ചടക്കി സ്ഥാപിച്ചതല്ലേ ഹാഗിയ സോഫിയ മുസ്ലിംപള്ളി? ഡാമസ്‌ക്കസ്സിലെ ഉമ്മയിദ് പള്ളി ക്രിസ്ത്യന്‍ ബസിലിക്ക നശിപ്പിച്ചതിനുശേഷം സ്ഥാപിച്ചതല്ലേ? കേരളത്തിലെ, മാഹി കുഞ്ഞിപ്പള്ളി, പെരിങ്ങത്തൂര്‍ പള്ളി, നാദാപുരം പള്ളി, വടകര വലിയ പള്ളി എന്നിവ അമ്പലങ്ങള്‍ തകര്‍ത്തതിനുശേഷം പണിതതല്ലേ? ഈ വസ്തുതകള്‍ നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ? എന്തുകൊണ്ടാണ് ഇസ്ലാം മതമെത്തിയ സ്ഥലങ്ങളിലെല്ലാം അവിടങ്ങളിലെ തദ്ദേശ വാസികളുടെ ആരാധനാലയങ്ങള്‍ തകര്‍ത്തുകൊണ്ട് അവിടെ മുസ്ലിം പള്ളികള്‍ പണിതത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കൂടി നിങ്ങള്‍ നല്‍കണം.