തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തികം കൈകാര്യം ചെയ്യുന്നതിലെ ഗുരുതര വീഴ്ച കേരളത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നയിക്കുമെന്ന് മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ പറഞ്ഞു. ബി.എം. എസ്. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഫെറ്റോ സംഘടിപ്പിച്ച ‘കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും സിവില്‍ സര്‍വീസിന്റെ ഭാവിയും’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ശാസ്ത്രത്തില്‍ സാമാന്യ വിവരമില്ലാത്തവര്‍ ധനമന്ത്രിയായതിന്റെ ദുരന്തഫലം കേരളം അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭയപ്പെടുത്തി എല്ലാവരെയും നിശ്ശബ്ദമാക്കുന്ന സ്റ്റാലിനിസമാണ് കേരളത്തില്‍ നടക്കുന്നതെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ ചെയര്‍മാന്‍ ആര്‍.എസ്.ശശികുമാര്‍ ആരോപിച്ചു.
സെമിനാറില്‍ ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍ മോഡറേറ്ററായി. എന്‍.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍. രമേശ് വിഷയാവതരണം നടത്തി. ഫെറ്റോ ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍ സ്വാഗതവും ഫെറ്റോ ജില്ലാ പ്രസിഡന്റ് എസ്.വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു. ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എം. ജാഫര്‍ ഖാന്‍, എസ്. ഇ.യു സംസ്ഥാന പ്രസിഡന്റ് സി.ബി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.