ആലപ്പുഴ: സനാതനധര്‍മ്മത്തിന്റെ പുനരുത്ഥനത്തിന് ഭഗവദ്ഗീതയെ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി.ആനന്ദബോസ് പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം ആലപ്പുഴ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സനാതനധര്‍മ്മം തന്നെയാണ് ഭാരതത്തിന്റെ ദേശീയത എന്ന് തിരിച്ചറിയാതെയാണ് നമ്മുടെ സമൂഹത്തില്‍ പലരും കോലാഹലം ഉണ്ടാക്കുന്നത്. പാശ്ചാത്യ ചിന്തകരായ അര്‍ണോള്‍ഡ് ടോയന്‍ബി, റോമൈന്‍ റോളണ്ട് എന്നിവര്‍ ഭാരത സംസ്‌കൃതിയുടെ മാഹാത്മ്യം തിരിച്ചറിഞ്ഞവരാണ്. നമ്മുടെ പൂര്‍വികര്‍ മതത്തിനല്ല ധര്‍മ്മത്തിനാണ് പ്രാധാന്യം കൊടുത്തിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ അധ്യക്ഷത വഹിച്ചു.
സഹസ്രാബ്ധങ്ങളായി ഭാരതീയ ജീവിതത്തിന്റെ ആധാരം സനാതന ധര്‍മ്മമാണ്. ഭാരതീയ ദേശീയതയും സനാതനധര്‍മ്മവും അഭിന്നമാണ് എന്ന്അദ്ദേഹം സൂചിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി.സുധീര്‍ബാബു സ്വാഗതം പറഞ്ഞു.
അയോദ്ധ്യ – രാമജന്മഭൂമി ശ്രീരാമക്ഷേത്ര നിര്‍മാണം: ‘ദേശീയ നിര്‍മ്മാണത്തിന്റെ സാംസ്‌കാരിക അധിഷ്ഠാനം’ എന്ന സെമിനാറില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍, മുന്‍ ഡിജിപി ഡോ.ജേക്കബ് തോമസ് എന്നിവര്‍ സംസാരിച്ചു. അയോദ്ധ്യയില്‍ രാമക്ഷേത്രം ഉയരുമ്പോള്‍ കുട്ടനാട്ടുകാരനായ കെ.കെ.നായരുടെ സ്വപ്‌നം കൂടിയാണ് സഫലമാകുന്നത്. ഫൈസാബാദ് കളക്ടറായിരുന്ന കെ.കെ.നായര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്നാണ് രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്നത്. ചരിത്രത്തില്‍ സംഭവിച്ച പിഴവുകളെ തിരുത്തുക എന്ന ദൗത്യമാണ് ഇതിലൂടെ നിര്‍വഹിക്കപ്പെടുന്നതെന്നും ജെ.നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. ദേശീയ സംസ്‌കൃതിയില്‍ ഊന്നിയുള്ള ഭാരതത്തിന്റെ പുനര്‍നിര്‍മ്മാണത്തിലെ നാഴികക്കല്ലാണ് അയോദ്ധ്യയിലെ രാമക്ഷേത്രം എന്നു മുന്‍ ഡിജിപി ഡോ.ജേക്കബ് സൂചിപ്പിച്ചു.
സനാതനധര്‍മ്മവും ഹിന്ദുത്വവും ഒന്നാണെന്നും പ്രാചീന തമിഴ് സാഹിത്യത്തിലും രാമായണത്തിലും ഇത് കാണുവാന്‍ സാധിക്കുമെന്നും കാണപ്പെട്ടവയെയാണ് ഭാരതീയര്‍ ആരാധിച്ചിരുന്നതെന്നും ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍ പറഞ്ഞു, ‘സനാതനധര്‍മ്മവും പ്രാചീന തമിഴ് സാഹിത്യവും’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കേന്ദ്ര സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോ.പി.ശ്രീകുമാറും പരിപാടിയില്‍ പങ്കെടുത്തു.
നെഹ്‌റു ദാരിദ്ര്യത്തെപ്പറ്റി പ്രസംഗിക്കുക മാത്രമായിരുന്നെന്നും എന്നാല്‍ നരേന്ദ്രമോദി ദാരിദ്ര്യത്തിലായിരുന്ന ലക്ഷക്കണക്കിന് ഭാരതീയരെ ഉയര്‍ത്തിയെടുക്കുന്ന പദ്ധതികള്‍ നടപ്പിലാക്കിയെന്നും 2047 ആകുമ്പോള്‍ ഭാരതം സമ്പൂര്‍ണ്ണ വൈഭവത്തിലെത്തുമെന്നും ആത്മനിര്‍ഭര ഭാരതം, വികസിത ഭാരതം@47′ എന്ന വിഷയം അവതരിപ്പിച്ച കാലടി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു. കുരുക്ഷേത്ര പ്രകാശന്‍ എഡിറ്റര്‍ ജി.അമൃതരാജ്, ഡോ.ജഗന്നാഥ് എന്നിവര്‍ പങ്കെടുത്തു.
പുതിയ ദേശീയ വിദ്യാഭ്യാസനയം യഥാര്‍ത്ഥ ഭാരതീയനെ സൃഷ്ടിക്കുന്നതാണെന്നും അതിന് തടസ്സം നില്‍ക്കുന്നവര്‍ കൊളോണിയല്‍ മനസ്സ് തുടരുന്നവരാണെന്നും കേരള കേന്ദ്ര സര്‍വ്വകലാശാലാ ഡീന്‍ ഡോ. അമൃത് ജി. കുമാര്‍ പറഞ്ഞു. ‘ദേശീയ വിദ്യാഭ്യാസനയം പുതിയ അനുഭവങ്ങള്‍ പ്രതീക്ഷകള്‍’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റപ്പാലം എന്‍.എസ്.എസ് ബി.എഡ് കോളേജ് പ്രൊഫ. ഡോ. ശങ്കരനാരായണന്‍, ഡോ. കെ.എന്‍. മധുസൂദനന്‍ പിള്ള എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാമണ്ഡലം ജിഷ്ണു അവതരിപ്പിച്ച ചാക്യാര്‍കുത്ത് നടന്നു.
സമാപനസഭ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളില്‍ നിന്നായി മുന്നൂറ്റി നാല്പത് പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. സമാപനസഭയില്‍ ഭാരതീയ വിചാരകേന്ദ്രം പ്രസിഡന്റ് ഡോ.സി.വി. ജയമണി അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.സി.സുധീര്‍ബാബു കാര്യാധ്യക്ഷ ഡോ.എസ്.ഉമാദേവി, സെക്രട്ടറി ശ്രീധരന്‍ പുതുമന, പ്രജ്ഞാപ്രവാഹ് ക്ഷേത്രീയ സംയോജക് എസ്. വിശ്വനാഥന്‍, പ്രോഗ്രാം കണ്‍വീനര്‍ ജെ. മഹാദേവന്‍ എന്നിവര്‍ സംസാരിച്ചു.
രാവിലെ നടന്ന സഭയില്‍ ‘ജി 20 അദ്ധ്യക്ഷസ്ഥാനം ഭാരതം കൈമാറുമ്പോള്‍’ എന്ന വിഷയം ഡോ.എം.രാജേഷും ‘കേരളത്തിലെ സഹകരണമേഖലയില്‍ സംഭവിക്കുന്നത് എന്ത്’ എന്ന വിഷയം ഡോ.എന്‍.സുരേഷ് കുമാറും അവതരിപ്പിച്ചു. ഡോ.രാജി ചന്ദ്ര, അഡ്വ.എന്‍. അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.