കഷായം കുടിക്കാന്‍ കുട്ടന് മഹാമടിയാണ്. കയ്പ് സഹിക്കാന്‍ വയ്യ, അതുതന്നെ.
അരിഷ്ടമോ ആസവമോ ആണെങ്കില്‍ ലേശം കൂടി തരൂ അമ്മേ, എന്നാവും.
ദണ്ണം മാറണ്ടേ കുട്ടാ ഇതു കുടിക്ക്, എന്നായി അമ്മ.
അതിനിടയില്‍ അമ്മ ഒരു സൂത്രം ഒപ്പിച്ചിട്ടുണ്ട്.
കഷായ ഗ്ലാസിനരികെ ഒരു കഷണം ശര്‍ക്കര!
കുട്ടനെ വശത്താക്കാനുള്ള വിദ്യ അമ്മക്കറിയാം.
രണ്ടും മാറി മാറി നോക്കിയിരുന്ന് ഒടുക്കം കുട്ടന്‍ ശര്‍ക്കരയില്‍ കണ്ണുറപ്പിച്ചു.
അച്ഛന്‍ ചൊല്ലിക്കൊടുത്ത, മരുന്നു സേവിക്കാനുള്ള മന്ത്രം കുട്ടന്‍ ചൊല്ലി.
പിന്നെ കഷായ ഗ്ലാസെടുത്ത് ഒറ്റക്കുടി! ഉടനെ ശര്‍ക്കരക്കഷണമെടുത്ത് തിന്നാന്‍ തുടങ്ങി. ഹായ്….!
ഇങ്ങനെ ഒന്നോ രണ്ടോ ദിവസമല്ല, മാസങ്ങള്‍ തള്ളി നീക്കി.
ഇതോടെ കുട്ടന്‍ ചിലത് അറിയുകയായിരുന്നു.
കയ്പ്പുള്ള അനുഭവത്തോടൊപ്പം മധുരമുള്ളതും ഉണ്ടാകും.
അമ്മ തരുന്ന കഷായത്തിന്റെ പേര് അറിയില്ല എങ്കിലും ദണ്ണം മാറിയാല്‍ മതിയല്ലോ!