കേരളം കടുത്ത സാമ്പത്തിക പരാധീനതകള്‍ അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാനനഗരിയില്‍ ‘കേരളീയം’ എന്ന പേരില്‍ ഒരാഴ്ച നീളുന്ന ആഘോഷാരവങ്ങള്‍ സംഘടിപ്പിച്ചത്. കേരളത്തിന്റെ മേന്മകളും നേട്ടങ്ങളും ലോകസമക്ഷം വിളംബരം ചെയ്യാനുള്ള വേദിയെന്ന നിലയിലാണ് സര്‍ക്കാര്‍ ഈ പരിപാടിയെ വിഭാവനം ചെയ്തത്. എന്നാല്‍ കേരളപ്പിറവിയുടെ അറുപത്തെട്ടാം വര്‍ഷത്തിലേക്ക് കാലൂന്നുമ്പോള്‍ അവകാശവാദങ്ങളുടെ ആര്‍പ്പുവിളികള്‍ക്കപ്പുറം നഷ്ടക്കണക്കുകളുടെ ചോദ്യചിഹ്നങ്ങളാണ് സംസ്ഥാന ഭരണകൂടം നേരിടുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.
ഉച്ചക്കഞ്ഞിക്കും പെന്‍ഷനും പോലും വകയില്ലാതെ മുണ്ടുമുറുക്കിയുടുക്കാന്‍ ആഹ്വാനം ചെയ്യുന്ന സര്‍ക്കാര്‍ തന്നെയാണ് 27 കോടി രൂപ മുടക്കി ലോകസമക്ഷം കേരളത്തെ പുനരവതരിപ്പിക്കാനുള്ള പാഴ്‌വേല നടത്തുന്നത് എന്നതാണ് വിരോധാഭാസം. സാമ്പത്തികമായ അസ്ഥിരതയുടെയും സാമൂഹികമായ അസന്തുലനത്തിന്റെയും അതോടൊപ്പം അഴിമതിയുടെയും ധൂര്‍ത്തിന്റെയും ഒക്കെ ബാക്കിപത്രങ്ങളാണ് നവകേരളത്തില്‍ ഇപ്പോള്‍ അവശേഷിക്കുന്നത്. കേരളീയം പരിപാടിക്ക് തിരശ്ശീല വീണയുടനെ സംസ്ഥാനത്ത് മറ്റൊരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തിരിക്കുകയാണ്. തന്റെ മരണത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാറാണെന്ന് എഴുതിവെച്ച ശേഷമാണ് തകഴിയില്‍ പ്രസാദ് എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ കെട്ടിപ്പൊക്കുന്ന അവകാശവാദങ്ങള്‍ക്ക് മേലുള്ള ചരമക്കുറിപ്പാണിത്. കേരളപ്പിറവിക്ക് ശേഷം, കേരം തിങ്ങിയ കേരള നാട്ടില്‍ കര്‍ഷക ആത്മഹത്യകളുടെ എണ്ണം വര്‍ഷാവര്‍ഷം വര്‍ദ്ധിക്കുകയാണ്.
സംസ്ഥാന രൂപീകരണത്തിന് ശേഷം ആറ് പതിറ്റാണ്ട് പിന്നിടുമ്പോള്‍ കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ നില അധോഗതിയിലാണ്. 1980 മുതല്‍ തന്നെ സംസ്ഥാനം റവന്യുകമ്മിയിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. അന്നുതൊട്ട് ആരംഭിച്ച കടമെടുപ്പ് ഇന്നും നിര്‍ബാധം തുടരുകയാണ്. കടമെടുത്ത് ശമ്പളവും പെന്‍ഷനും പോലും നല്‍കേണ്ട ഗതികേടിലേക്ക് ഇന്ന് കേരളം എത്തിയിരിക്കുകയാണ്. 2021-22 ലെ കണക്കുകള്‍ പ്രകാരം ശമ്പള – പെന്‍ഷന്‍ ബാധ്യതകളുടെ കാര്യത്തില്‍ 17 സംസ്ഥാനങ്ങളുടെ ആകെ ശരാശരിയേക്കാള്‍ ഏതാണ്ട് ഇരട്ടിയാണ് കേരളത്തിന്റെ ശരാശരി. സംസ്ഥാനത്തിന്റെ ആകെ കടബാധ്യത ഇന്ന് നാലു ലക്ഷം കോടിയില്‍ എത്തിയിരിക്കുന്നു. 2003ല്‍ കേന്ദ്ര സര്‍ക്കാര്‍ ധന ഉത്തരവാദിത്ത നിയമം വഴി കടമെടുപ്പിനുമേല്‍ കര്‍ശനമായ നിയന്ത്രണം കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ കേരളത്തിന്റെ കടബാധ്യത പ്രവചനാതീതമാകുംവിധം പെരുകുമായിരുന്നു.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂര്‍ത്തും അഴിമതിയും കേരളത്തില്‍ പൊടിപൊടിക്കുകയാണ്. അടുത്തിടെയാണ് ഒരു മന്ത്രിക്ക് കണ്ണട വാങ്ങാന്‍ 30,500 രൂപ അനുവദിച്ചുകൊണ്ട് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട ഹര്‍ജി, കണ്ണൂരിലെ ഷുഹൈബ് വധക്കേസ്, പെരിയ ഇരട്ടക്കൊലപാതകം എന്നിവയിലെ സിബിഐ അന്വേഷണത്തിനെതിരായ ഹര്‍ജികള്‍, സെന്‍കുമാറിന് ഡിജിപി സ്ഥാനം നല്‍കുന്നതിനെതിരായ കേസ് എന്നിവയ്ക്കായി കോടികളാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത്. സോളാര്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജിയെ എതിര്‍ക്കാന്‍ 1.20 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത്. ബന്ധുനിയമനങ്ങളുടെ ഒരു പ്രളയം തന്നെയാണ് ഇടതുപക്ഷ ഭരണത്തില്‍ കേരളം കണ്ടത്. ലൈഫ് മിഷന്‍, സ്പ്രിംഗ്‌ളര്‍, എഐ ക്യാമറ തുടങ്ങി സര്‍ക്കാര്‍ ആവിഷ്‌കരിച്ച മുഴുവന്‍ പദ്ധതികളും അഴിമതി ആരോപണത്തിന്റെ കറപുരണ്ടവയാണ്. സ്വര്‍ണ്ണക്കടത്തും മാസപ്പടി വിവാദവും കേരളത്തിന്റെയാകെ അഭിമാനം കെടുത്തി. കെഎസ്ആര്‍ടിസിയും കെഎസ്ഇബിയും ഭരണകൂട കെടുകാര്യസ്ഥതയുടെ ജീവിക്കുന്ന രക്തസാക്ഷി സ്തൂപങ്ങളാണ്. കരുവന്നൂരും കണ്ടലയും ജനവഞ്ചനയുടെ ഒടുവിലത്തെ സൂചനകള്‍ മാത്രം. കടത്തില്‍ മുങ്ങുന്ന ഖജനാവും അപകടത്തിലായ ആഭ്യന്തരസുരക്ഷയുമാണ് നിലവില്‍ നവകേരളത്തിന്റെ മുഖമുദ്ര. കേരളത്തില്‍ ബോംബ് സ്‌ഫോടനങ്ങള്‍ തുടര്‍ക്കഥയാവുന്നു. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ സുരക്ഷാപദ്ധതി പോലും ചോര്‍ന്നു. തൊട്ടടുത്ത് കേരളമാണെന്ന് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് റാലിയില്‍ വെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി മുന്നറിയിപ്പ് നല്‍കിയത് വെറുതെയല്ല.
കേരളത്തെ സാമൂഹിക സമത്വത്തിന്റെ ഉദാത്ത മാതൃകയായി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കേരളീയം പരിപാടിയില്‍ കേരള ഫോക്‌ലോര്‍ അക്കാദമി ‘ആദിമം’ എന്ന പേരില്‍ തയ്യാറാക്കിയ ലിവിങ് മ്യൂസിയത്തില്‍ വനവാസികളെ പ്രദര്‍ശന വസ്തുക്കളാക്കിയത് വലിയ വിമര്‍ശനത്തിനിടയാക്കി. ഏതാനും നാളുകള്‍ക്ക് മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മോഷ്ടാവെന്നാരോപിച്ച് ആള്‍ക്കൂട്ട ആക്രമണത്തിനിരയായി വിശ്വനാഥനെന്ന വയനാടന്‍ വനവാസി യുവാവ് കൊല്ലപ്പെട്ടിരുന്നു. 2018 ഫെബ്രുവരി 22ന് പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ മനോദൗര്‍ബല്യമുള്ള മധു എന്ന വനവാസി യുവാവിനെ ആഹാരസാധനങ്ങള്‍ മോഷ്ടിച്ചു എന്ന പേരിലാണ് ആള്‍ക്കൂട്ടം ആക്രമിച്ച് കൊന്നത്. ഈ സംഭവങ്ങളിലൊക്കെ നിഷ്‌ക്രിയത്വം പാലിച്ച സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന്റെ സാമൂഹിക സന്തുലനവും വനവാസി സംരക്ഷണവും മാതൃകാപരമെന്ന് ഘോഷിച്ച് സ്വയം അപഹാസ്യരാവുകയാണ്.
കേരളത്തിന് സാമൂഹികമായും സാംസ്‌കാരികമായും വികസനപരമായും പുതിയൊരു സ്വത്വബോധമുണ്ടെന്ന് സ്ഥാപിച്ചെടുക്കാന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഭാരതത്തില്‍ നിന്ന് വേറിട്ട ഒരു രാജ്യമാണ് കേരളമെന്ന മിഥ്യാധാരണയാണ് കമ്മ്യൂണിസ്റ്റ് വൈതാളികര്‍ ഏറെക്കാലമായി മനസ്സില്‍ കൊണ്ടുനടക്കുന്നത്. പത്മ പുരസ്‌കാരങ്ങള്‍ക്ക് സമാന്തരമായി കേരളത്തില്‍ പ്രത്യേക പുരസ്‌കാരങ്ങള്‍ ആവിഷ്‌കരിച്ചത് ഈ ചിന്തയോടെയാണ്. ‘കേരള നമ്പര്‍ വണ്‍’ എന്നും ‘ഇത് കേരളമാണ്’ എന്നുമൊക്കെയുള്ള പരസ്യവാചകങ്ങള്‍ ഇതേ കാഴ്ചപ്പാടിന്റെ തന്നെ ദൃഷ്ടാന്തങ്ങളാണ്. നവകേരളമെന്ന അവകാശവാദവും ഇതിന്റെ തുടര്‍ച്ച തന്നെ. ‘കട്ടിംഗ് സൗത്ത്’ പോലുള്ള മുദ്രാവാക്യങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അകമഴിഞ്ഞു പ്രോത്സാഹനം നല്‍കുന്നതും ഈ മാനസികാവസ്ഥയുടെ പ്രത്യക്ഷമായ തെളിവാണ്.
വരും വര്‍ഷങ്ങളിലും കേരളീയം തുടരുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിസഭ ഒന്നാകെ പങ്കെടുക്കുന്ന നവകേരള സദസ്സുകള്‍ സംഘടിപ്പിക്കാനും സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ വെച്ചുകൊണ്ട് സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന രാഷ്ട്രീയ പ്രചാരണപരിപാടികളാണ് ഇതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. 2009 ലും 2016 ലും സിപിഎം നേതൃത്വത്തില്‍ നടന്ന സംസ്ഥാന ജാഥയുടെ പേര് ‘നവകേരള മാര്‍ച്ച്’ എന്നായിരുന്നു. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന വിജയനെ നവകേരളത്തിന്റെ നായകനായി അവതരിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ചെടുക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. 2009 ലെ നവകേരള മാര്‍ച്ചിന്റെ സമാപനപരിപാടിയിലാണ് ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിയായ മദനിയുമായി ഇന്നത്തെ മുഖ്യമന്ത്രി വിജയന്‍ ആദ്യം വേദിപങ്കിട്ടത്. ഇന്ന് നവകേരള സദസ്സുകള്‍ക്ക് മുന്നോടിയായി സിപിഎം ഹമാസ് ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുകയാണ്. സിപിഎം വിഭാവനം ചെയ്യുന്ന നവകേരളത്തില്‍ ഭീകരവാദത്തോടുള്ള നയമെന്തായിരിക്കുമെന്ന് ഇതില്‍ നിന്നു വായിച്ചെടുക്കാന്‍ കഴിയും. ലോകത്തിന് മുഴുവന്‍ മാതൃകയെന്ന് ഇടതുപക്ഷം ഉദ്‌ഘോഷിക്കുന്ന നവകേരളം സിപിഎം ഭരണത്തില്‍ നരകരാജ്യമായി അധ:പതിക്കുകയാണ്. ദുര്‍ഭരണത്തിന്റെ കാര്യത്തില്‍ ഇരട്ട സഹോദരന്മാരായ ഇടതുവലതു മുന്നണികളെ ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തിക്കൊണ്ടുള്ള രാഷ്ട്രീയ പരിവര്‍ത്തനം സമീപഭാവിയിലെങ്കിലും ഉണ്ടായാല്‍ മാത്രമേ നന്മയുള്ള നവകേരളം സാധ്യമാകുകയുള്ളൂ.