ശാസ്ത്രസംബന്ധിയായ സിനിമകള്‍ക്ക് ഭാരതത്തില്‍ പൊതുവെ മാര്‍ക്കറ്റ് കുറവാണ്. ആഴത്തിലുള്ള, ശാസ്ത്രീയ അറിവുകളുള്ള, ആ മേഖലയില്‍ ഗൗരവപൂര്‍വ്വമായ സമീപനം സ്വീകരിക്കുകയും ഗവേഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന ചലച്ചിത്രകാരന്മാര്‍ നമുക്ക് തീരെ ഇല്ല എന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെയാകണം ഇവിടെ അധികം സയന്‍സ് ഫിക്ഷനുകള്‍ ഉണ്ടാകാത്തതും, ഉണ്ടായവ തന്നെ തീരെ ആഴമില്ലാത്ത വികലസൃഷ്ടികള്‍ ആയതും. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിക്കപ്പെട്ട ‘പരമാണു”മിഷന്‍ മംഗള്‍’ എന്നിവ മാത്രമാണ് അപൂര്‍വ്വമായുള്ള ചില അപവാദങ്ങള്‍.
ഇക്കാരണങ്ങള്‍കൊണ്ടുതന്നെ നമ്മുടെ നാട്ടില്‍ സയന്‍സ് പ്രമേയമാകുന്ന ഒരു സിനിമക്ക് മുതലിറക്കാന്‍ അസാമാന്യമായ ധൈര്യം വേണം. താഷ്‌കെന്റ് ഫയല്‍സ്, കശ്മീര്‍ ഫയല്‍സ് എന്നീ ചിത്രങ്ങളിലൂടെ ഇരുളടഞ്ഞ ചരിത്രങ്ങളെ വെളിച്ചത്ത് കൊണ്ടുവന്ന വിവേക് അഗ്‌നിഹോത്രി ഇത്തവണ എത്തുന്നത് ഭാരതം കൊറോണ മഹാമാരിക്കെതിരെ നടത്തിയ ഇതിഹാസതുല്യമായ അവിശ്വസനീയ ചരിത്രവുമായാണ്. സയന്‍സ് അടിസ്ഥാനമാക്കിയുള്ള സിനിമകളില്‍ ഏറെയുമുള്ളത് ബഹിരാകാശം, അന്യഗ്രഹജീവികള്‍ തുടങ്ങിയവയാണ്. എന്നാല്‍ അതിസൂക്ഷ്മമായ രോഗാണുക്കളോട് പൊരുതുന്ന ശാസ്ത്രസമൂഹത്തിന്റെ നിശ്ശബ്ദസേവനത്തിന്റെ കഥകള്‍ അടിസ്ഥാനമാക്കിയ സിനിമകള്‍ ലോകത്തില്‍ തന്നെ അപൂര്‍വ്വമാണ്. ഭാരതത്തില്‍ പ്രത്യേകിച്ചും. അതുകൊണ്ടുതന്നെ ഏറെ ആവേശത്തോടെയാണ് വിവേക് അഗ്‌നിഹോത്രിയുടെ ‘ദി വാക്‌സിന്‍ വാറി’നു വേണ്ടി കാത്തിരുന്നത്.
മുന്‍പ് പറഞ്ഞത് പോലെ ശാസ്ത്രം എന്നാല്‍ സാമാന്യജനത്തിന് കണ്ണിനു മുമ്പില്‍ കാണാവുന്ന റോക്കറ്റുകള്‍, തീവണ്ടികള്‍, വാഹനങ്ങള്‍, ആണവസ്‌ഫോടനങ്ങള്‍ എന്നിവയൊക്കെയാണ്. അതുകൊണ്ടുതന്നെ ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞന്മാര്‍ക്കും സാങ്കേതിക വിദഗ്ദ്ധര്‍ക്കും പലപ്പോഴും വലിയ സെലിബ്രിറ്റി പ്രതിച്ഛായ ഉണ്ട്. എന്നാല്‍ മാനവരാശിയുടെ നിലനില്‍പ്പിനും അതിജീവനത്തിനും കാരണമായ മെഡിക്കല്‍ സയന്‍സിലും ബയോമെഡിക്കല്‍ മേഖലയിലും പ്രവര്‍ത്തിക്കുന്നവരെ ആരും തിരിച്ചറിയുക പോലും ചെയ്യാറില്ല. അതിമാരകമായ രോഗാണുക്കളുടെ ഇടയില്‍ ജീവന്‍ പണയം വെച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ ശാസ്ത്രപ്രതിഭകളെ ശാസ്ത്രലോകം പോലും വേണ്ട രീതിയില്‍ ബഹുമാനിക്കാറില്ല. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെയാണ് ഈ സിനിമ ചരിത്രമാകുന്നത്. ഈ പ്രമേയത്തില്‍ വരുന്ന ഒരു സിനിമ ബോക്‌സ്ഓഫീസില്‍ പരാജയപ്പെടാന്‍ ഏറെ സാദ്ധ്യതകള്‍ ഉണ്ട് എന്നറിഞ്ഞുകൊണ്ട് ആ സാഹസത്തിനു മുതിര്‍ന്ന ചലച്ചിത്രകാരന്‍ ഏറെ ബഹുമാനം അര്‍ഹിക്കുന്നു.
2020 നവവത്സരദിനത്തില്‍ ICMR (Indian council for medical research) മേധാവി ഡോ.ബല്‍റാം ഭാര്‍ഗ്ഗവിന്റെ ദൃഷ്ടിയില്‍, ചൈനയില്‍ നടക്കുന്ന ചില അസാധാരണ സംഭവങ്ങള്‍ പെട്ടു. ചൈനയിലെ വുഹാനില്‍ അപരിചിതമായ ഒരു വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പെട്ടെന്ന് പനി ബാധിക്കുന്നവര്‍ക്ക് അത് അതിവേഗം ന്യുമോണിയ ആയി മാറി, പെട്ടെന്ന് മരിക്കുന്നു. യാതൊരു തത്വദീക്ഷയുമില്ലാതെ സര്‍വ്വ മൃഗങ്ങളെയും ജീവനോടെയും അല്ലാതെയും വില്‍ക്കുകയും ഭക്ഷിക്കുകയുമൊക്കെ ചെയ്യുന്ന വുഹാനിലെ ഒരു മാര്‍ക്കറ്റ് ആയിരുന്നു ആദ്യം സംശയത്തിന്റെ നിഴലില്‍ വന്നത്. എന്നാല്‍ അത് വുഹാനില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ചൈനയുടെ ജൈവായുധ ഗവേഷണം നടക്കുന്ന രഹസ്യ ലാബില്‍ നിന്ന് ചോര്‍ന്നതാണ് എന്ന നിഗമനത്തിലേക്കാണ് അവര്‍ എത്തുന്നത്. തുടര്‍ന്ന് നടക്കുന്ന ഒരു യോഗത്തില്‍ ണഒഛ യുടെ പ്രതിനിധിയുടെ ഒളിച്ചുകളിയും ചൈനീസ് ശാസ്ത്രസമൂഹത്തിന്റെ മൗനവും എല്ലാം ഈ നിഗമനം ഉറപ്പിക്കുകയാണ്. എന്തായാലും ഈ മാരകരോഗാണു വൈകാതെ ഇന്ത്യയിലുമെത്തും എന്നറിഞ്ഞു ബല്‍റാം ഭാര്‍ഗ്ഗവ് അതിവേഗം തന്റെ ടീമിനെ സജ്ജമാക്കി. പൂനയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വൈറസിനെ കണ്ടെത്താനുള്ള കിറ്റ് ഡോ.പ്രിയ എബ്രഹാം, ഡോ.പ്രഗ്യ എന്നിവരുടെ നേതൃത്വത്തില്‍ അതിവേഗം തയ്യാറായി. ജനുവരി പകുതിയോടെ പല രാജ്യങ്ങളിലും കൊറോണ റിപ്പോര്‍ട്ട് ചെയ്തു, ഒടുവില്‍ ജനുവരി മുപ്പതിന് കേരളത്തില്‍ നിന്ന് ആദ്യത്തെ കേസ് പൂനയിലെ വൈറോളജി ലാബില്‍ പോസിറ്റിവ് ആയി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ആ സമയം ഡോ.പ്രിയ എബ്രഹാം പറയുന്ന ഒരു വാചകം ഏറെ ദാര്‍ശനിക മാനങ്ങള്‍ ഉള്ളതാണ്. ഒരു ശാസ്ത്രീയ കണ്ടെത്തല്‍, ലോകത്തിനു ഭയാനകമായ സന്ദേശം നല്‍കുന്നത് വൈറോളജിയില്‍ മാത്രമാണ്. ഞങ്ങള്‍ മരണത്തിന്റെ സന്ദേശ വാഹകരാണ്.
ഇതേ സമയം, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മാധ്യമരംഗത്തെ രാജ്യവിരുദ്ധ ശക്തികള്‍ അവരുടെ എല്ലാ കരുത്തും പുറത്തെടുക്കുന്നുണ്ട്. ലോകം മുഴുവന്‍ എന്തുചെയ്യണം എന്ന അങ്കലാപ്പില്‍ നില്‍ക്കുമ്പോള്‍ ഇതാ ഭാരതത്തില്‍ നാല്‍പ്പത് മില്യണ്‍ ജനങ്ങള്‍ക്ക് കോവിഡ് ബാധിക്കാന്‍ പോകുന്നു, ഇന്ത്യ ഒരു ശവപ്പറമ്പാകാന്‍ പോകുന്നു എന്ന വലിയ തലക്കെട്ടുകള്‍ ചില മാധ്യമങ്ങളില്‍ ആസൂത്രിതമായി പ്രത്യക്ഷപ്പെടുന്നു. ഒരു പിപിഇ കിറ്റ് പോലും നിര്‍മ്മിക്കാത്ത, മാസ്‌കുകള്‍ പൂര്‍ണ്ണമായും ഇറക്കുമതി ചെയ്യുന്ന, ആവശ്യത്തിന്റെ പത്തിലൊന്നു വെന്റിലേറ്ററുകളോ കിടക്കകളോ ഇല്ലാത്ത ഈ രാജ്യമാണോ വിശ്വഗുരുവാകാന്‍ നടക്കുന്നത് എന്ന രോഹിണി സിങ് ധുലിയ എന്ന ജേണലിസ്റ്റിന്റെ വാചകം നമുക്ക് എത്രയോ സുപരിചിതമാണ്. രാജ്യവിരുദ്ധ ശക്തികളുടെ തിട്ടൂരം നിരത്തുന്ന മാധ്യമങ്ങളിലൂടെ നാമെത്രയോ തവണ കേട്ടു പഴകിയതാണിവ.
രാജ്യത്ത് പടര്‍ന്നു പിടിക്കാന്‍ പോകുന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ എന്നത് വലിയ ഒരു വെല്ലുവിളിയാണ്. പാശ്ചാത്യരാജ്യങ്ങളും ചൈനയും അപ്പോഴേക്കും വാക്‌സിന്‍ നിര്‍മ്മാണത്തിനുള്ള ഗവേഷണങ്ങള്‍ ആരംഭിച്ചിരുന്നു. പക്ഷേ ഇങ്ങനെയൊരു അടിയന്തിര ഘട്ടത്തില്‍ എല്ലാ രാജ്യങ്ങളുടെയും മുന്‍ഗണന സ്വന്തം ജനങ്ങള്‍ ആയിരിക്കും. അപ്പോള്‍ നാം നമ്മുടെ വാക്‌സിന്‍ ഉണ്ടാക്കിയേ തീരൂ എന്ന അവസ്ഥയിലായിരുന്നു. സടകുടഞ്ഞെഴുന്നേറ്റ ബല്‍റാം ഭാര്‍ഗ്ഗവിന്റെ ടീം ആ വെല്ലുവിളി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. സാധാരണഗതിയില്‍ എട്ടും പത്തും വര്‍ഷമെടുത്ത് ഉണ്ടാക്കേണ്ട വാക്‌സിന്‍ ആറോ ഏഴോ മാസങ്ങള്‍ കൊണ്ട് വികസിപ്പിക്കുക എന്ന ഏറെക്കുറെ അസാധ്യമായ ലക്ഷ്യമാണ് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ നെഞ്ചിലേറ്റിയത്.
വാക്‌സിന്‍ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം, ഈ വൈറസുകളെ വേര്‍തിരിച്ചെടുത്ത് വളര്‍ത്തുക അഥവാ ഐസൊലേറ്റ് ചെയ്യുക എന്നതാണ്. വൈറസ് ഐസൊലേഷന്‍ എന്നത് അതിസങ്കീര്‍ണ്ണവും സൂക്ഷ്മവുമായ, വൈദഗ്ധ്യവും ജ്ഞാനവും അനുഭവവും സാങ്കേതികവിദ്യകളും എല്ലാം ചേര്‍ന്ന പ്രക്രിയ ആണ്. അക്കാര്യത്തില്‍ വിജയിച്ചതോടെ കൊറോണ വൈറസ് ഐസൊലേഷന്‍ വിജയകരമായി ചെയ്ത അഞ്ചാമത്തെ രാജ്യമായി ഭാരതം മാറി. എലികളില്‍ നടത്തിയ പരീക്ഷണം വന്‍ വിജയമായതോടെ വലിയ ഒരു കടമ്പ കടന്നു.
ഭാരതം കോവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഏറെ മുന്നേറുന്നു എന്ന വാര്‍ത്ത അന്താരാഷ്ട്ര മരുന്ന് മാഫിയയില്‍ ഉണ്ടാക്കിയ അങ്കലാപ്പ് ഇവിടെ പ്രതിഫലിക്കുന്നത് രോഹിണി സിങ് ധുലിയയിലൂടെയാണ്. എങ്ങനെയും അടുത്ത ഘട്ട ട്രയലുകള്‍ തടയണം, ഇന്ത്യക്ക് വാക്‌സിന്‍ നിര്‍മ്മാണത്തിനുള്ള കഴിവില്ല, ഇപ്പോള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് നിലവാരമില്ലാത്ത വാക്‌സിന്‍ ആണ്, സര്‍ക്കാര്‍ ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കുന്നു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പടര്‍ന്നു കത്തി. അത് ഏറ്റുപിടിച്ച് അഞ്ചാം പത്തികളായ സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും കൊറോണയെക്കാള്‍ വലിയ രോഗാണുക്കളായി മാറുന്ന കാഴ്ചയും ഇവിടെ കാണാന്‍ കഴിയുന്നു.
2020 മാര്‍ച്ച് മാസത്തില്‍ പ്രധാനമന്ത്രി വിളിക്കുന്ന യോഗത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ പോകുന്ന ബല്‍റാം ഭാര്‍ഗ്ഗവിനോട് ക്യാബിനറ്റ് സെക്രട്ടറി പറയുന്ന ഒരു വാചകമുണ്ട്.. ‘നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ക്രിയാത്മകമായിരിക്കണം, റിസള്‍ട്ട് ഓറിയന്റഡ് ആയിരിക്കണം. പ്രധാനമന്ത്രിക്ക് വെറുതെയുള്ള വാചകമടി ഇഷ്ടമല്ല.’
ആ യോഗത്തില്‍ ബല്‍റാം ഭാര്‍ഗ്ഗവിനു രണ്ടു നിര്‍ദ്ദേശങ്ങളെ ഉണ്ടായിരുന്നുള്ളൂ. എല്ലാ അന്താരാഷ്ട്ര വിമാനസര്‍വ്വീസുകളും നിര്‍ത്തുക, രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പാക്കുക. അത് മാനിച്ചാണ് 2020 മാര്‍ച്ച് 23 നു പ്രധാനമന്ത്രി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
ആ യോഗത്തില്‍ പ്രധാനമന്ത്രി പറയുന്ന ഒരു വാചകം ബല്‍റാം ഭാര്‍ഗ്ഗവ് തന്റെ ടീമിനോട് പറയുന്നുണ്ട്. ‘ഈ മഹായുദ്ധം ജയിക്കാന്‍ പോകുന്നത് ശാസ്ത്രം കൊണ്ട് മാത്രമാണ്.’
ആദ്യമായിട്ടാണ് തങ്ങളുടെ ഒപ്പം നില്‍ക്കാന്‍ ഭരണനേതൃത്വം ഉണ്ടാകുന്നത് എന്ന വികാരം ആ ശാസ്ത്രജ്ഞര്‍ അവിടെ മറച്ചുവെയ്ക്കുന്നില്ല. നിയമത്തിന്റെയും ചുവപ്പ് നാടകളുടേയുമെല്ലാം തടസ്സങ്ങള്‍ മറികടന്ന് ബല്‍റാം ഭാര്‍ഗ്ഗവ് എന്ന മനുഷ്യന്റെ അസാമാന്യമായ നേതൃത്വത്തില്‍ കേവലം ഏഴു മാസം കൊണ്ട് ലോകോത്തര വാക്‌സിന്‍ പുറത്തിറങ്ങിയപ്പോള്‍ അന്തം വിട്ടു നിന്നത് ലോകസമൂഹം മുഴുവനുമാണ്.
നമ്മുടെ ശാസ്ത്രസമൂഹത്തിന്റെ കഴിവും പ്രാപ്തിയും എത്രയോ ലോകോത്തരമാണ്. ആവശ്യത്തിന് പിന്തുണയും പ്രോത്സാഹനവും നല്‍കിയാല്‍ ലോകത്തിനെ അമ്പരപ്പിക്കുന്ന അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയും എന്നതിന്റെ ഉദാഹരണമായിരുന്നു ഈ പോരാട്ടം. അതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊന്നുകൂടിയുണ്ട്. നമ്മുടെ രാജ്യത്തിന്റെ ശത്രുക്കള്‍ പുറത്തല്ല, നമ്മുടെ വിയര്‍പ്പിന്റെ പങ്കുപറ്റി ഈ മഹാരാജ്യത്തെ പിന്നില്‍ നിന്ന് കുത്തുന്ന ഇരുട്ടിന്റെ ശക്തികള്‍ എത്രത്തോളം ശക്തരാണ് എന്നുകൂടി നാം തിരിച്ചറിയേണ്ടതുണ്ട്.
ഈ പടത്തിലെ രോഹിണി സിങ് ധുലിയ എന്ന കഥാപാത്രത്തില്‍ നമുക്ക് ബര്‍ഖ ദത്തിനെ കാണാം, സാഗരിക ഘോഷിനെ കാണാം, രാജ്ദീപ് സര്‍ദേശായിയെ കാണാം, നിര്‍ണ്ണായക ഘട്ടങ്ങളില്‍ രാജ്യത്തെ പിന്നില്‍ നിന്ന് കുത്തിയ വഞ്ചകവര്‍ഗ്ഗത്തെ മുഴുവന്‍ കാണാം. ഈ സിനിമയിലൂടെ വിവേക് അഗ്‌നിഹോത്രി ചെയ്യുന്ന ഏറ്റവും വലിയ സേവനം ഈ അഞ്ചാം പത്തികളെ തുറന്നു കാണിക്കുന്നു എന്നതാണ്.
ബല്‍റാം ഭാര്‍ഗവ് എഴുതിയ Going Viral എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ ആധികാരികതയില്‍ സംശയമൊന്നും വേണ്ട. രോഹിണി സിങ്ങ് ധൂലിയ ഒഴിച്ചുള്ള എല്ലാ കഥാപാത്രങ്ങളും യഥാര്‍ത്ഥവുമാണ്. രോഹിണി സിങ് ധൂലിയ ഇവിടുത്തെ മുഴുവന്‍ രാജ്യദ്രോഹ മാധ്യമ പ്രവര്‍ത്തകരുടേയും പ്രതിനിധിയാണ്.
ചൈനയുടെ പണം കൈപ്പറ്റി വ്യാജവാര്‍ത്തകള്‍ ചമച്ച് രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ന്യൂസ് ക്ലിക്ക് പോലുള്ള ഓണ്‍ലൈന്‍ പത്രങ്ങളുടെയും അതിലെ മാധ്യ പ്രവര്‍ത്തകരുടേയും പങ്കുകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍, കൊറോണക്കാലത്തെ വഞ്ചനകള്‍ ചര്‍ച്ചയാക്കുന്നത് വളരെ പ്രധാനമാണ്.
വെറും പത്തുകോടി ബജറ്റിലാണ് വിവേക് അഗ്‌നിഹോത്രി ഈ വിശ്വോത്തര ചലച്ചിത്രം അണിയിച്ചൊരുക്കിയത്. നാനാ പടേക്കര്‍ എന്ന അഭിനയചക്രവര്‍ത്തി ബല്‍റാം ഭാര്‍ഗ്ഗവ് എന്ന നേതാവായി ജീവിക്കുകയാണ്. വ്യക്തിജീവിതവും രാജ്യത്തോടുള്ള കടമയും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ സ്ത്രീ ശാസ്ത്രജ്ഞരില്‍ ഉണ്ടാക്കുന്ന സംഘര്‍ഷം കണ്ണ് നനയിക്കുന്നതാണ്.
പല്ലവി ജോഷി, റീമ സെന്‍, സപ്തമി ഗൗഡ, അനുപം ഖേര്‍ ,ഗിരിജ ഓക്ക്, നിവേദിത ഭട്ടാചാര്യ എന്നിവര്‍ മത്സരിച്ച് അഭിനയിച്ചപ്പോള്‍ പിറന്നത് എക്കാലത്തെയും മികച്ച ഒരു ബയോസയന്‍സ് സിനിമയാണ്.
പക്ഷേ, സിനിമയുടെ സ്ഥിരം ചേരുവകളായ വൈകാരികത, റൊമാന്‍സ്, വയലന്‍സ് എന്നിവ മേമ്പൊടിക്ക് പോലുമില്ലാത്ത ഈ പടം ചരിത്രത്തിന്റെ ഭാഗമാകുന്നതിനൊപ്പം ബോക്‌സോഫീസില്‍ ഉണ്ടാക്കുന്ന പ്രതികരണങ്ങള്‍ ആശങ്ക ഉണ്ടാക്കുന്നു. നമ്മുടെ ജനങ്ങളുടെ ചലച്ചിത്ര ബോധ്യങ്ങള്‍ ഇനിയുമേറെ പക്വത ആര്‍ജ്ജിക്കാനുണ്ട്, എങ്കിലേ ഭാരതത്തില്‍ നിന്നും ലോകോത്തര ചലച്ചിത്രകാവ്യങ്ങള്‍ ഉണ്ടാവുകയുള്ളൂ എന്ന സന്ദേശം കൂടി വാക്‌സിന്‍ വാര്‍ നല്‍കുന്നുണ്ട്.