”അനന്തമജ്ഞാതമവര്‍ണ്ണനീയം ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന് നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു….!”
താരാഗണങ്ങള്‍ തിങ്ങിനിറഞ്ഞ നിശയിലെ ഗഗനം നോക്കിനില്‍ക്കുന്ന ഏതൊരുവന്റേയും ഉള്ളില്‍ മുകളില്‍പ്പറഞ്ഞ കവി വചനത്തിലെ അത്ഭുതം എന്നും തെളിഞ്ഞു നില്‍ക്കും. കണ്‍ചിമ്മിത്തുറക്കുന്ന നക്ഷത്രങ്ങള്‍ക്കുതാഴെ നമുക്ക് തൊട്ടരുകിലായി ഏറ്റവും തിളങ്ങിനില്‍ക്കുന്ന, വൃദ്ധിക്ഷയങ്ങളിലൂടെ ചെറുതാവുകയും വലുതാവുകയും ചെയ്യുന്ന ജ്യോതിര്‍ഗ്ഗോളമായി ചന്ദ്രന്‍! നക്ഷത്രങ്ങളുടെ അധിപനും മനസ്സിന്റെ ദേവതയും ദേവന്മാര്‍ക്ക് അമൃത് സ്വീകരിക്കാനുള്ള പാത്രമായി ഭവിച്ചവനും ഓഷധീശനുമൊക്കെയായി പുരാണങ്ങളില്‍ വാഴ്ത്തപ്പെടുന്ന ചന്ദ്രന്‍ ഭൂമിയിലെ മനുഷ്യജീവിതവുമായി ഏറ്റവുമടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന ഉപഗ്രഹമാണ്.
മാനത്തമ്പിളിമാമനെക്കാണിച്ച് കുഞ്ഞിനു മാമൂട്ടുന്ന അമ്മമാരേയും മുത്തശ്ശിമാരേയും ആര്‍ക്കാണ് മറക്കാനാവുക! വസുന്ധരയില്‍ ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങുന്ന തീരം, നിലാവിന്റെ നീലഭസ്മക്കുറി, അമ്പിളിയമ്മാമന്റെ താമരക്കുമ്പിള്‍, ചന്ദ്രബിംബത്തിലെ പുള്ളിമാന്‍, ഭൂമിക്കുടയാട നെയ്യുന്ന നിലാവ്… ചന്ദ്രനെക്കുറിച്ചും നിലാവിനെക്കുറിച്ചും എന്തെല്ലാം കാല്പനിക ഭാവനകള്‍…! തരളിത വികാരങ്ങള്‍…!
1960കളില്‍ അമേരിക്ക മനുഷ്യനെ ചന്ദ്രനിലെത്തിച്ച നാളുകളില്‍ ചെറിയ സൗണ്ടിങ്ങ് റോക്കറ്റ് വിക്ഷേപണങ്ങളിലൂടെ തിരുവനന്തപുരത്തെ കടലോരഗ്രാമമായ തുമ്പയിലാരംഭിച്ച ഇന്ത്യയുടെ എളിയ ബഹിരാകാശ പരിശ്രമങ്ങള്‍ ഇന്ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആദ്യമായി ഒരു പേടകത്തെ ഇറക്കി റോബോട്ടിക് പര്യവേഷണങ്ങള്‍ വരെ എത്തിനില്‍ക്കുന്ന അത്ഭുതകാഴ്ച ഏതൊരു ഭാരതീയനേയും അഭിമാനത്തിന്റെ നെറുകയിലെത്തിക്കും. ബഹിരാകാശഗവേഷണ രംഗത്ത് വന്‍ശക്തിയായ, എത്രയോ ചാന്ദ്രദൗത്യങ്ങള്‍ വിജയകരമായി നടത്തിയ റഷ്യയുടെ ഏറ്റവും പുതിയ ലൂണ-25 വരെ ഇയ്യിടെ പരാജയപ്പെട്ടു എന്നുള്ളത് ഇത്തരം ദൗത്യങ്ങളുടെ സങ്കീര്‍ണ്ണത തുറന്നുകാട്ടുന്നു. 2008ലെ ചന്ദ്രയാന്‍-1, 2019ലെ ചന്ദ്രയാന്‍-2 എന്നീ ദൗത്യങ്ങള്‍ക്ക് ശേഷം 2023 ആഗസ്ത് മാസത്തില്‍ ചന്ദ്രയാന്‍-3 ദൗത്യത്തിലൂടെ ചന്ദ്രോപരിതലത്തില്‍ മൃദുഇറക്കം(Soft Landing) നടത്തുക, അവിടെ ഒരു ‘റോവര്‍’ (Rover) ഓടിക്കുക, ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുക എന്നീ സങ്കീര്‍ണ്ണമായ സാങ്കേതിക വിദ്യകളില്‍ ഇന്ത്യ സമ്പൂര്‍ണ്ണ വിജയം കൈവരിച്ചിരിക്കുന്നു. ഉപഗ്രഹത്തെ ഭൂമിക്കുചുറ്റും വിക്ഷേപിച്ച് കണിശമായ ഭ്രമണപഥം ഉയര്‍ത്തലുകളിലൂടെ, ഗതിനിയന്ത്രണങ്ങളിലൂടെ ചന്ദ്രന്റെ തൊട്ടടുത്തെത്തുക, ചന്ദ്രോപരിതലത്തിലെ ചിത്രങ്ങളെടുത്ത് പഠിക്കുക, ചന്ദ്രനിലേക്ക് ഒരു ഉപകരണം നിക്ഷേപിക്കുക എന്നീ സാങ്കേതികതകളില്‍ ഒന്ന് രണ്ട് ദൗത്യങ്ങളിലൂടെ ഭാരതം, നേരത്തെത്തന്നെ വിജയം കൈവരിച്ചിരുന്നു. ഉപഗ്രഹങ്ങള്‍, വിക്ഷേപണവാഹനങ്ങള്‍ തുടങ്ങിയവയുടെ രൂപകല്പന (Design, നിര്‍മ്മാണം (Fabrication), ദൗത്യങ്ങള്‍ക്ക് മുമ്പ് നടത്തേണ്ടതായ ഏകോപനം, പരിശോധനകള്‍ (Integration and checkout), കമ്പ്യൂട്ടറുകള്‍ വഴിയുള്ള ദൗത്യത്തില്‍ അഭിമുഖീകരിക്കാവുന്ന വിവിധ വിപരീത സാദ്ധ്യതകളുടെ അനുകരണ പരീക്ഷണങ്ങള്‍ (simulation studies with perturbation) വിക്ഷേപണത്തിലൂടെ കിട്ടുന്ന വിവരങ്ങളുടെ വിശകലനം (Telemetry data analysis) എന്നീ രംഗങ്ങളില്‍ ഐഎസ്ആര്‍ഒ, വര്‍ഷങ്ങളുടെ പരിശ്രമത്തിലൂടെ നേടിയ അനുഭവജ്ഞാനമാണ് ഈ വിജയങ്ങള്‍ക്ക് പിന്നിലുള്ളത്.
ഇതിലെ രണ്ടാം ദൗത്യത്തിലെ തകരാറുകളാണ് ഇപ്പോള്‍ പരിഹരിക്കപ്പെട്ടിട്ടുള്ളത്. ആ പരാജയത്തില്‍ നിന്നും കിട്ടിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വേണ്ട പരിഹാരങ്ങള്‍ രൂപകല്പനയിലും, ഓണ്‍ബോര്‍ഡ് കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറിലും വരുത്തി നിരവധി സിമുലേഷന്‍ പഠനങ്ങളിലൂടെ, പരിശോധനകളിലൂടെ ശരിയായ പ്രവര്‍ത്തനം വിലയിരുത്തിയതുകൊണ്ടാണ് ഇന്ന് ചന്ദ്രയാന്‍-3 ചന്ദ്രോപരിതലത്തില്‍ ജീവനുള്ള ഒരു പക്ഷിയെപ്പോലെ അതിമനോഹരമായി പറന്നിറങ്ങിയത്. അതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിങ്ങ് നടത്തുന്ന ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആദ്യമിറങ്ങുന്ന രാജ്യമായി ഭാരതം. അവിടെ എത്താനുള്ള ദിശാനിര്‍ണ്ണയ ഗതിനിയന്ത്രണ നടപടിക്രമങ്ങള്‍ (Guidance and control strategy and algorithms) അതീവ ഔന്നത്യവും താഴ്ചയുമുള്ള നിമ്‌നോന്നതമായ പ്രദേശത്ത് നല്ലൊരിടം കണ്ടെത്തി ഇറങ്ങാനുള്ള വിദ്യ എന്നിവയാണ് ദൗത്യത്തിലെ വെല്ലുവിളികളില്‍ പ്രധാനമായവ. സൂര്യപ്രകാശം അധികമേല്‍ക്കാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവം ശാസ്ത്രജ്ഞര്‍ക്ക് പ്രിയപ്പെട്ട ഇടമാണ്. ആ പ്രദേശത്തെക്കുറിച്ച് അധികമൊന്നും പഠനങ്ങള്‍ നടന്നിട്ടില്ല. ഇവിടുത്തെ മണ്ണിന്റേയും ശിലകളുടേയും രാസ-ഭൗതികഘടനക്ക് ചന്ദ്രന്‍ രൂപംകൊണ്ട സമയത്തേതില്‍ നിന്ന് കാര്യമായ മാറ്റം വന്നിട്ടുണ്ടാവില്ല. അതിനാല്‍ ആ പ്രദേശത്തെ ഗര്‍ത്തങ്ങള്‍ സൗരയൂഥ രൂപീകരണഘട്ടത്തിന്റെ ഫോസിലുകളായി കണക്കപ്പെടുന്നു. പ്രപഞ്ചോത്പ്പത്തി വരെയുള്ള വിലപ്പെട്ട വിവരങ്ങള്‍ ഇവിടെ നിന്ന് ലഭിക്കാം എന്നു കരുതുന്നു. വെല്ലുവിളികള്‍ നിറഞ്ഞ ദൗത്യത്തിലൂടെ ഇത്രയും തന്ത്രപ്രധാനമായ ഒരിടത്ത് ആദ്യമായി എത്തിയതിലൂടെ ഭാരതത്തിന്റെ ബഹിരാകാശരംഗത്തുള്ള ശക്തിലോകം തിരിച്ചറിഞ്ഞിരിക്കുന്നു. നിരവധി വിദേശ ഉപഗ്രഹങ്ങളുടെ വിജയകരമായ വിക്ഷേപണങ്ങളിലൂടെ ബഹിരാകാശ വാണിജ്യരംഗത്തും ഇന്ത്യ ഇന്ന് തിളങ്ങിനില്‍ക്കുന്ന രാജ്യമാണ്. ഈ ലേഖകന്‍ ഇനി വരാന്‍ പോകുന്ന വാണിജ്യസാദ്ധ്യതകള്‍ നിരവധിയാണ്. ശക്തിയുള്ളവനെ മാത്രമേ ശക്തിയുള്ളവന്‍ ഗൗനിക്കുകയുള്ളു (Power respects power) എന്ന മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ വാക്കുകള്‍ ഈ ഘട്ടത്തില്‍ നമുക്കോര്‍ക്കാം. മറ്റ് വന്‍ശക്തികളുമായി സഹകരിച്ച് നേതൃസ്ഥാനത്തുനിന്നുകൊണ്ടുതന്നെ മുന്നേറാനും ഭാരതത്തിന് ഈ ദൗത്യവിജയം അവസരമൊരുക്കിയിരിക്കുന്നു. ‘കൂട്ടുകെട്ട് കരുത്തനോട് കരുത്തനേ ബലമായ് വരൂ…’ എന്നൊരു ചൊല്ലു തന്നെയുണ്ടല്ലോ.
രണ്ട് ഭാഗങ്ങളാണ് പ്രധാനമായും ചന്ദ്രയാന്‍-3 ലുള്ളത്. ‘വിക്രം’ എന്ന് പേരുള്ള ലാന്ററും ‘പ്രഗ്യാന്‍’ എന്ന് പേരുള്ള ‘റോവറും’. വിക്ഷേപണസമയത്ത് ‘റോവര്‍’ ലാന്‍ഡറിനകത്താണ്. ഉപരിതലത്തിലിറങ്ങിയശേഷം റോവര്‍ ഒരു ചരിവ് തലത്തിലൂടെ ലാന്ററില്‍ നിന്ന് ചന്ദ്രോപരിതലത്തിലിറങ്ങുന്നു. ഇതുതന്നെയായിരുന്നു ചന്ദ്രയാന്‍-2ന്റേയും ഘടനയും പേരുകളും. എന്നാല്‍ ചന്ദ്രയാന്‍-3ല്‍ ഒരു ‘ഓര്‍ബിറ്റര്‍’ ഇല്ല. ചന്ദ്രയാന്‍-2 വഴി ചാന്ദ്രഭ്രമണപഥത്തിലെത്തിയ ഓര്‍ബിറ്റര്‍ ഇന്നും പ്രവര്‍ത്തനക്ഷമമായതുകൊണ്ട് അതിന്റെ സേവനം ഫലപ്രദമായി ഉപയോഗപ്പെടുത്താനായി. ഓര്‍ബിറ്ററിന് പകരമായി ഒരു പ്രൊപ്പല്‍ഷന്‍ മോഡ്യുള്‍ ചന്ദ്രയാന്‍-3ല്‍ ഉണ്ട്. അതിലെ ലിക്വിഡ് അപ്പോജി ബൂസ്റ്റ് മോട്ടോര്‍ എഞ്ചിന്‍ (LAM-Engine), ലാന്ററിലെ മറ്റ് നാല് ലിക്വിഡ് എഞ്ചിനുകള്‍, മറ്റ് ത്രസ്റ്ററുകള്‍, റിയാക്ഷന്‍ വീല്‍ പോലുള്ള സംവിധാനങ്ങള്‍ എന്നിവ വഴിയാണ് ഭ്രമണപഥ ഉയര്‍ത്തല്‍, ചന്ദ്രനടുത്തെത്തുമ്പോള്‍ അഭിവിന്യാസം (orientation) തിരിച്ചു വേഗതകുറയ്ക്കല്‍ വഴിയുള്ള ചാന്ദ്രഭ്രമണപഥ പ്രവേശനം (LOI lunar Orbit Insertion), പേടകത്തിന്റെ സ്ഥാന നിര്‍ണ്ണയം, ശൂന്യാകാശത്തിലെ അഭിവിന്യാസം എന്നിവയുടെ നിയന്ത്രണം എന്നീ സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ ചെയ്യുന്നത്. വിദൂരതയിലിരുന്ന് ഒരു പരിധിവരെമാത്രം നിയന്ത്രിക്കാന്‍ കഴയുന്ന ചന്ദ്രയാന്‍-3 ദൗത്യത്തിലെ ലാന്‍ഡറിനെ മുന്‍കൂട്ടി നിശ്ചയിച്ച ചന്ദ്രോപരിതലത്തിലെ ഇടത്തില്‍ ഇറക്കാന്‍ സഹായിച്ചത് ഒരുകൂട്ടം സെന്‍സറുകളും ക്യാമറകളും അവയുടെ വിവരങ്ങള്‍ അവലോകനം ചെയ്ത് കൃത്യമായ തീരുമാനമെടുക്കാന്‍ ശേഷിയുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമുമാണ്. ചന്ദ്രന്റെ നൂറ് മീറ്റര്‍ അടുത്തുള്ള ഭ്രമണപഥത്തില്‍ നിന്നും ചന്ദ്രോപരിതലത്തിലിറങ്ങാന്‍ പ്രധാനമായും ആറ് സെന്‍സറുകളും മൂന്ന് ക്യാമറകളുമാണ് ലാന്ററിനെ സഹായിച്ചത്. ലാന്ററിന്റെ സ്ഥാനം, വേഗം, ദിശ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിച്ചത് തിരുവനന്തപുരത്തെ ഐഎസ്ആര്‍ഒ ഇനേര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റ് (ഐഐഎസ്‌യു) നിര്‍മ്മിച്ച ലേസര്‍ ഇനേര്‍ഷ്യല്‍ റഫറന്‍സിങ്ങ് ആന്റ് ആക്‌സിലറോ മീറ്റര്‍ പാക്കേജ് (LIRAP) ആണ്. ചന്ദ്രയാന്‍-2 ലെ തകരാറുകള്‍ക്ക് പരിഹാരമായാണ് LIRAP നിര്‍മ്മിച്ചത്. ഏകദേശം 800 മീറ്റര്‍ മുകളിലെത്തിയപ്പോള്‍ കെ.എ.ബാന്റ് റഡാര്‍ ആള്‍ട്ടിമീറ്റര്‍ (KaRA), ലേസര്‍ ആള്‍ട്ടിമീറ്റര്‍ ((LaSA) എന്നീ സെന്‍സറുകളും ലാന്ററിന്റെ സ്ഥാനം നിശ്ചയിക്കാന്‍ സഹായകമായി. ലേസര്‍ ഡോപ്ലര്‍ വെലോസി മീറ്റര്‍ (LDV) ആണ് 800 മീറ്റര്‍ മുതല്‍ ലാന്ററിന്റെ കൃത്യമായ വേഗം മനസ്സിലാക്കാന്‍ സഹായിച്ചത്. ലാന്റര്‍ ഇറങ്ങേണ്ട സ്ഥലത്തിന്റെ ഉയര്‍ച്ചതാഴ്ചകള്‍ ഉള്‍പ്പെടെ കൃത്യമായ വിവരങ്ങള്‍ മനസ്സിലാക്കാന്‍ ‘ലാന്റര്‍ പൊസിഷന്‍ ഡിക്ടഷന്‍ ക്യാമറ (എല്‍.പി.ഡി.സി), ലാന്റര്‍ ഹസാര്‍ഡ് ഡിറ്റക്ഷന്‍ ആന്റ് അവോയിഡന്‍സ് ക്യാമറ’ (എല്‍.എച്ച്.ഡി.സി), ലാന്‍ഡര്‍ ഹൊറിസോന്റല്‍ വെലോസിറ്റി (എല്‍എച്ച്‌വിസി) ക്യാമറകള്‍, മൈക്രോസ്റ്റാര്‍ സെന്‍സര്‍, ഇക്ലിനോമീറ്റര്‍ ആന്റ് ടച്ച് ഡൗണ്‍ സെന്‍സറുകള്‍ എന്നിവയും സഹായിച്ചു.
ഇത്തരത്തിലുള്ള സെന്‍സറുകള്‍, ലാന്ററിലും പ്രൊപ്പല്‍ഷന്‍ മോഡ്യൂളിലുമുള്ള ദ്രവ എഞ്ചിനുകള്‍, ഓര്‍ബോര്‍ഡ് കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, റിയല്‍ടൈം സോഫ്റ്റ്‌വെയര്‍ കണ്‍ട്രോള്‍ ആന്റ് ഗെയ്ഡന്‍സ് സിസ്റ്റം, ടെലിമെട്രി ആന്റ് ടെലിക്കാമന്റ് സിസ്റ്റം, ഫാള്‍ട്ട് ഡിറ്റക്ഷന്‍ സിസ്റ്റം എന്നീ നിരവധി ഘടകങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മനുഷ്യനിയന്ത്രണമില്ലാതെ (Autonomous mode) വിദൂരമായ ചന്ദ്രോപരിതലത്തിലിറങ്ങുക എന്ന വിദ്യസ്വായത്തമാക്കിയതിലൂടെ ഐഎസ്.ആര്‍.ഒ സാങ്കേതിക വിദഗ്ദ്ധരുടെ സങ്കീര്‍ണ്ണമായ ഭാവിദൗത്യങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കാനുള്ള ആത്മവിശ്വാസം പൂര്‍വ്വാധികം വര്‍ദ്ധിച്ചിരിക്കുന്നു. ഐ.എസ്.ആര്‍.ഒവിന്റെ സെന്ററുകളായ വിക്രംസാരാഭായ് സ്‌പേസ്‌സെന്റര്‍, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍(SAC), യു.ആര്‍.റാവു സാറ്റലൈറ്റ് സെന്റര്‍ (LPSC) സ്‌പേസ് അപ്ലിക്കേഷന്‍ സെന്റര്‍ (URC), ഐഎസ്ആര്‍ഒ ടെലിമെട്രി ആന്റ് ട്രാക്കിങ്ങ് സെന്റര്‍ (ISRTC), IISU,LEOS….. തുടങ്ങിയ കേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഈ മഹത്തായ വിജയത്തിന് പിന്നിലുള്ളത്.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങിയതിന് ശേഷം ‘വിക്രം’ ലാന്ററിലേയും ‘പ്രഗ്യാന്‍’ റോവറിലേയും ശാസ്ത്രീയ പഠനങ്ങള്‍ക്കുള്ള ഏഴ് ഉപകരണങ്ങളും ഉത്തമമായി പ്രവര്‍ത്തിക്കുന്നു, അവയില്‍ നിന്നും മാനവരാശിക്ക് ഇതേവരെ ലഭിക്കാത്ത അമൂല്യമായ ശാസ്ത്ര വിവരങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുന്നു എന്നുള്ളത് ആഗോളശാസ്ത്രസമൂഹത്തിനു മുഴുവന്‍ അഭിമാനിക്കാവുന്ന നേട്ടമാണ്. ശാസ്ത്രസമൂഹത്തിന് പുതിയ ദിശാബോധം നല്‍കുന്ന നിലയില്‍ ഭാരതം ഉയരുന്ന കാഴ്ച ഏതൊരു ഭാരതീയന്റേയും അഭിമാനത്തെ വാനോളമുയര്‍ത്തുന്നു. രംഭ (RAMBHA), ചാസ്‌തേ (CHASTE), ഇല്‍സ (ILSA), എല്‍ആര്‍എ (LRA), ലിബ്‌സ് (LIBS), എ.പി. എക്‌സ്.എസ്.(APXS), ഷേപ് (SHAPE) എന്നിവയാണ് ലാന്ററിലും റോവറിലും പ്രൊപ്പന്‍ഷന്‍ മോഡ്യൂളിലുമായി വിന്യസിച്ചിരിക്കുന്ന വിലപ്പെട്ട ശാസ്ത്രപരീക്ഷണ ഉപകരണങ്ങള്‍. ഇതില്‍ ആദ്യത്തെ നാലെണ്ണം ലാന്ററിലും പിന്നത്തെ രണ്ടെണ്ണം റോവറിലും അവസാനത്തെ ഒരെണ്ണം പ്രൊപ്പല്‍ഷണ്‍ മോഡ്യൂളിലുമാണ്. ചന്ദ്രോപരിതലത്തിലെ പ്ലാസ്മയുടെ (അയോണുകളും ഇലട്രോണുകളും) സാന്ദ്രത, സമയത്തിനനുസരിച്ച് അതിന്റെ മാറ്റങ്ങള്‍ എന്നിവയളക്കാനുള്ള ലാങ്ങ്മുയര്‍ പ്രോബ് (LP) എന്ന ഉപകരണമാണ് രംഭയിലുള്ളത്. ചന്ദ്രോപരിതലത്തില്‍ പ്ലാസ്മയുടെ സാന്നിദ്ധ്യം താരതമ്യേന കുറവെന്ന പുതിയ കണ്ടെത്തല്‍ RAMBHA പോലോഡ് വഴി നമുക്ക് കിട്ടിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇലട്രോണിക് സംവിധാനങ്ങളിലും റേഡിയോ ഫ്രീക്വന്‍സി കമ്യൂണിക്കേഷനുകളിലും പ്രശ്‌നങ്ങളുണ്ടാവാനുള്ള സാദ്ധ്യത ചന്ദ്രോപരിതലത്തില്‍ കുറവാണ് എന്ന നിഗമനത്തില്‍ നമുക്കെത്താനാവും. ഇത് കൂടുതല്‍ സങ്കീര്‍ണ്ണമായ ഇലട്രോണിക് പ്രവൃത്തികള്‍ ചന്ദ്രോപരിതലത്തില്‍ ചെയ്യാം എന്ന നിഗമനത്തിനും വഴിവെട്ടുന്നു. ‘ചാസ്‌തേ’ പേലോഡ് വഴി ചന്ദ്രോപരിതലത്തിലെ ഊഷ്മാവ്, അതുപോലെ മണ്ണിനടിയില്‍ പലതലങ്ങളിലുള്ള ഊഷ്മാവിന്റെ വ്യതിയാനം എന്നിവ നമുക്ക് ലഭിച്ചുകഴിഞ്ഞു. ‘ഇല്‍സ’ വഴി ചന്ദ്രോപരിതലത്തില്‍ റോവര്‍ ഓടുമ്പോഴുള്ള കമ്പനങ്ങള്‍ കൃത്യമായി പിടിച്ചെടുത്തു. ഇത് കൂടാതെ ചന്ദ്രോപരിതലത്തില്‍ ഉണ്ടാവുന്ന മറ്റ് ചില അജ്ഞാത കമ്പനങ്ങളും ‘ഇല്‍സ’ പിടിച്ചെടുത്തു. ഇവയുടെ പ്രഭവകാരണങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാനിരിക്കുന്നു. ‘ലിബ്‌സ്’ ‘എ.പി.എക്‌സ്.എസ്’ വഴിയുള്ള സ്‌പെക്‌ട്രോസ്‌കോപ്പിക് പഠനങ്ങളിലൂടെ പ്രാഥമികമായി അവിടെ അലൂമിനിയം, സള്‍ഫര്‍, കാത്സ്യം, ഇരുമ്പ്, ക്രോമിയം, ടൈറ്റാനിയം എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തി. നാസയുടെ പാസീവ് പേലോഡ് ആയ എല്‍.ആര്‍.എ വഴി ചന്ദ്രനും ഭൂമിയും തമ്മിലുള്ള കൃത്യമായ ദൂരം കണ്ടുപിടിക്കും. SHAPE പേലോഡ് വഴി ഭൂമിയില്‍ നിന്നുള്ള, അതായത് ജീവാജാലങ്ങളുള്ള ഒരു ഗ്രഹത്തില്‍ നിന്ന് വരുന്ന വികിരണങ്ങളുടെ അമൂല്യമായ കയ്യൊപ്പ് ശേഖരണവും അതുവഴി ഇതേ കയ്യൊപ്പുള്ള വികിരണങ്ങള്‍ താരാപഥത്തില്‍ നിന്നെവിടെ നിന്നെങ്കിലും വരുന്നുണ്ടോ എന്ന പഠനങ്ങളും നടക്കും. ഇതുവഴി പ്രപഞ്ചത്തിലെ മറ്റ് ജീവസാന്നിദ്ധ്യ പഠനങ്ങള്‍ സാദ്ധ്യമാവും. ഈ രീതിയില്‍ ചന്ദ്രോപരിതലത്തേയും ചന്ദ്രാന്തരീക്ഷത്തേയും പറ്റി അമൂല്യമായ നിരവധി വിവരങ്ങള്‍ നിരന്തരം വന്നുകൊണ്ടിരിക്കും. ആദ്യഘട്ടത്തിലെ പരീക്ഷണ നിരീക്ഷണങ്ങള്‍ കഴിഞ്ഞ് ഭൂമിയിലെ പതിനാല് ദിവസമായ ഒരു ചാന്ദ്രദിനം കഴിഞ്ഞ് ഈ ഉപകരണങ്ങള്‍ നിദ്രാവസ്ഥയില്‍ പോവും (Sleep Mode). പിന്നെയും അവിടെ സൂര്യനുദിക്കുമ്പോള്‍ അവ പ്രവര്‍ത്തിച്ചു തുടങ്ങും.
ഭൂമിക്ക് സ്വാഭാവികമായുള്ള ഒരേ ഒരു ഉപഗ്രഹമായ ചന്ദ്രന്‍ ഉണ്ടായിട്ട് ഏകദേശം 4.51 ബില്യണ്‍ വര്‍ഷങ്ങളായി എന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടുപിടുത്തം. സൗരയൂഥം ഉണ്ടായതിനുശേഷം 60 മില്യണ്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് ഭൗമോപരിതലത്തില്‍ ഭീമാകാരമായ ഒരു പാറ ഇടിച്ച ആഘാതത്തില്‍ ദൂരേക്ക് തെറിച്ചുണ്ടായതാണ് ചന്ദ്രന്‍ എന്നു പറയപ്പെടുന്നു. 1957 ഒക്‌ടോബര്‍ 4ന് റഷ്യ സ്പുട്ടനിക്-1 എന്ന ഉപഗ്രഹം വിക്ഷേപിച്ചതോടെ ആരംഭിച്ച ബഹിരാകാശയുഗം ഇന്ന് മാനവരാശിയുടെ എല്ലാ മേഖലകളേയും സ്പര്‍ശിക്കുന്ന തരത്തില്‍ വളര്‍ന്നിരിക്കുന്നു.
1959 തൊട്ട് തന്നെ യുഎസ്എസ്ആറും യുഎസ്എയും ചാന്ദ്രപര്യവേഷണ ദൗത്യങ്ങള്‍ തുടങ്ങിയിരുന്നു. പിന്നീടങ്ങോട്ട് വന്‍കിടമത്സരങ്ങള്‍ തന്നെയായിരുന്നു (ഒരു ഏകദേശരൂപം താഴെ കൊടുക്കുന്നു)
അമേരിക്കയും റഷ്യയും തമ്മിലുള്ള മത്സരത്തിന്റെ ഏകദേശരൂപം ഇതില്‍ നിന്ന് ഗ്രഹിക്കാം. സോണ്‍ട് -5 നുശേഷം ലൂണ പരമ്പരയില്‍ മൊത്തം 24 വിക്ഷേപണങ്ങള്‍ യുഎസ്എസ്ആര്‍ നടത്തി. അതില്‍ ഒന്നും ആളില്ലെങ്കിലും ചിലവ ചാന്ദ്രമണ്ണ് ഭൂമിയിലെത്തിച്ചു (ലൂണ 16 – 1970, ലൂണ 20-1972, ലൂണ-24-1976). ലൂണ 1, 21- എന്നിവ ലുനാഖോദ് എന്ന ലബോറട്ടറി ചന്ദ്രനില്‍ ഇറക്കി.
1961 ല്‍ അമേരിക്കന്‍ സെനറ്റില്‍ കെന്നഡി നടത്തിയ പ്രസംഗത്തോടെയാണ് മനുഷ്യന്‍ ചന്ദ്രനില്‍ ചെന്നിറങ്ങാനുള്ള പദ്ധതി രൂപീകൃതമാകുന്നത്. ബഹിരാകാശരംഗത്ത് റഷ്യയെ മറിക്കടക്കാനുള്ള മത്സരമായിരുന്നു അമേരിക്കയുടെ പ്രേരണ. 1969ല്‍ അമേരിക്ക മനുഷ്യനെ ചന്ദ്രനിലിറക്കി സുരക്ഷിതമായി തിരിച്ചുകൊണ്ടുവന്നു. അതിനുശേഷം അപ്പോളോ ശ്രേണിയിലൂടെ പന്ത്രണ്ടോളം പേര്‍ ചന്ദ്രോപരിതലത്തിലിറങ്ങുകയും വാഹനമോടിക്കുകയും അവിടത്തെ മണ്ണും പാറക്കഷ്ണങ്ങളും ഭൂമിയിലേക്ക് കൊണ്ടുവരുകയും ചെയ്തു. 1972വരെ നീണ്ടു നിന്ന മാനവ ചാന്ദ്രദൗത്യങ്ങള്‍ അപ്പോളോ-17 എന്ന അവസാന ദൗത്യത്തോടെ അമേരിക്ക നിര്‍ത്തിവെച്ചു. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യശാസ്ത്രപരവുമായ പല കാരണങ്ങളും അതിനു പിന്നിലുണ്ടാവാം. പിന്നീട് അമേരിക്ക സ്‌പേസ്ഷട്ടില്‍ (ഇപ്പോള്‍ നിര്‍ത്തിവെച്ചു), സ്‌പേസ് പ്ലാറ്റ്‌ഫോം, ഉപഗ്രഹവിക്ഷേപണങ്ങള്‍, അന്യഗ്രഹപര്യവേഷണങ്ങള്‍ തുടങ്ങിയ മേഖലകളിലേക്ക് നാസയുടെ ഗവേഷണ പരിപാടികള്‍ തിരിച്ചുവിടുകയാണുണ്ടായത്. ആദ്യമായി ഉപഗ്രഹവിക്ഷേപണം നടത്തിയ, മനുഷ്യനെ ബഹിരാകാശത്തെത്തിച്ച റഷ്യയുടെ മാനവ ചാന്ദ്രദൗത്യങ്ങള്‍ പുറംലോകമറിയാതെതന്നെ നിര്‍ത്തിവെയ്ക്കുകയാണ് അവര്‍ ചെയ്തത്. എന്നാല്‍ ഇന്ന് വീണ്ടും, അന്‍പതോളം വര്‍ഷങ്ങള്‍ക്ക് ശേഷം മാനവരാശി മോഹനസ്വപ്‌നങ്ങളുമായി ചന്ദ്രനെ സമീപിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ”ഏ സൈലന്റ് ബാരന്‍ പ്ലേസ് വിത്ത് ഫുള്‍ ഓഫ് റോക്ക് ആന്റ് ഡസ്റ്റ്” എന്ന് ആദ്യകാഴ്ചയില്‍ അമേരിക്ക പറഞ്ഞ ചന്ദ്രന്‍ മനുഷ്യന്റെ അന്യഗ്രഹ പര്യവേഷണങ്ങളിലും പ്രപഞ്ച വിജ്ഞാന ദാഹത്തിലും, വാണിജ്യത്വരകളിലും ശാസ്ത്രസാങ്കേതികവും രാഷ്ട്രീയവുമായ മത്സരബുദ്ധിയിലും അനന്തസാധ്യതകള്‍ നിറച്ച് പൂര്‍വ്വാധികം ശോഭയോടെ പുനരവതരിക്കുന്ന കാഴ്ച 21-ാം നൂറ്റാണ്ടിന്റെ സവിശേഷതയായി വിശേഷിപ്പിക്കാവുന്ന തരത്തില്‍ ഇന്ന് പ്രസക്തമാവുന്ന ഉപഗ്രഹനിര്‍മ്മാണം, വാണിജ്യാടിസ്ഥാനത്തിലുള്ള വിക്ഷേപണം, ഐഎസ്എസ്സില്‍ നടത്തുന്ന മൈക്രോഗ്രാവിറ്റി പരീക്ഷണങ്ങള്‍, ഉപഗ്രഹങ്ങള്‍ വഴി വിദൂരസംവേദനത്തിലൂടെയും വാര്‍ത്താ വിനിമയ വിപ്ലവങ്ങളിലൂടെയും ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വിന്യസിച്ച നിരവധി ചെറു ഉപഗ്രഹങ്ങളിലൂടെ ഭൂമിയിലെവിടേയും ലഭ്യമാവുന്ന ഇന്റര്‍നൈറ്റ് സേവനത്തിലൂടേയും സാങ്കേതികരംഗത്തുണ്ടാവുന്ന കുതിച്ചുചാട്ടങ്ങള്‍ക്കുപരിയായി താരാപഥത്തിന്റെ വിദൂരതകളില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടോ, മറ്റേതെങ്കിലും ഗ്രഹങ്ങള്‍ ഭൂമിയെപ്പോലെ വാസയോഗ്യമാണോ, പതിമൂന്ന് പോയന്റ് എട്ട് ബില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു സ്‌ഫോടനത്തിലൂടെ രൂപപ്പെട്ട ദൃശ്യപ്രപഞ്ചത്തിന്റെ വികാസപരിണാമങ്ങള്‍ എങ്ങനെയൊക്കെ തുടങ്ങിയ അന്വേഷണങ്ങളിലേക്കും ഇന്ന് പൂര്‍വ്വാധികം ഉത്സാഹത്തോടെ ശാസ്ത്രലോകം തിരിഞ്ഞിരിക്കുന്നു. മാനവരാശിയെ സംബന്ധിച്ചേടത്തോളം ഭൂമി എന്നത് ഒരു ‘എലിമെന്റ് ഓഫ് സിംഗിള്‍പോയന്റ് ഫേലിയര്‍’ തന്നെയാണ്. യുഗാന്തരങ്ങള്‍ക്കപ്പുറം ഒരു വന്‍ ഉല്‍ക്കാപാതത്തില്‍ ദിനോസറുകളെന്ന ജീവിവര്‍ഗ്ഗം ഭൂമിയില്‍ ഇല്ലാതായപോലെ ഒരു സംഭവം ഇന്ന് ഉണ്ടാവുകയാണെങ്കില്‍ അത് ഭൂമിയിലെ ജീവരാശിയുടെ നാശത്തിന് വഴിതെളിയിക്കും. ദിനരാത്രങ്ങളിലും അന്തരീക്ഷസാമീപ്യത്തിലും ഋതുഭേദങ്ങളിലും ഭൂമിയോട് സമാനതയുള്ള ചൊവ്വയെ എങ്ങനെ വാസയോഗ്യമാക്കാം തുടങ്ങിയ വലിയ പദ്ധതികളില്‍ ചന്ദ്രന്‍ ഒരിടത്താവളമായി എല്ലാ രാജ്യങ്ങള്‍ക്കു മുമ്പിലും തിളങ്ങി നില്‍ക്കുന്നു. ചന്ദ്രനെ ഇടത്താവളമാക്കി ചൊവ്വയില്‍ കോളനി നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി എലോണ്‍ മസ്‌ക് സ്‌പേസ്-എക്‌സില്‍ മുന്നോട്ടുപോകുന്നു. 2025ല്‍ അമേരിക്ക ആര്‍ട്ടിമിസ് പദ്ധതിയിലൂടെ വീണ്ടും ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്ക്കാന്‍ പദ്ധതി തുടങ്ങി പുരോഗമിക്കുന്നു. ഇപ്പോള്‍ പരാജയപ്പെട്ട റഷ്യയുടെ ലൂണ-25 ഇന്ത്യയോടുള്ള മത്സരമായിട്ടാണോ ധൃതിപിടിച്ച് റഷ്യ വിക്ഷേപിച്ചത് എന്നും സംശയിക്കാന്‍ വകയുണ്ട്.
ചന്ദ്രനില്‍ ഒരന്തരീക്ഷമില്ല എന്ന വസ്തുത അവിടെ ജീവിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടാക്കണമെന്ന ബുദ്ധിമുട്ടുകളിലേക്ക് നയിക്കുമെങ്കിലും അന്തരീക്ഷത്തിന്റെ അഭാവം, ഗ്രാവിറ്റേഷണല്‍ ബലത്തിന്റെ കുറവ് എന്നീ വസ്തുതകള്‍ ചന്ദ്രോപരിതലത്തില്‍ നിന്നും ഉപഗ്രഹ വിക്ഷേപണങ്ങള്‍ ചിലവുകുറഞ്ഞ് നടത്താനാവുമെന്ന സാദ്ധ്യതയുടെ മുന്നില്‍ നിസ്സാരമാകുന്നു. ഭൂമിക്കു ചുറ്റും കൃത്രിമ ഉപഗ്രഹങ്ങള്‍ നിറഞ്ഞുവരുന്ന ഒരു സാഹചര്യത്തില്‍ ചന്ദ്രനെപ്പോലുള്ള സ്വാഭാവിക ഉപഗ്രഹങ്ങളെ വാര്‍ത്താവിനിമയ കേന്ദ്രമാക്കി (Base Station) മാറ്റാനുള്ള സാദ്ധ്യതയും നമുക്ക് മുന്നില്‍ തെളിയുന്നു.
ഇന്ന് ബഹിരാകാശ ഗവേഷണരംഗത്തും ശാസ്ത്രീയഗവേഷണരംഗത്തുമെല്ലാം ഭാരതം തനതായ വഴികളിലൂടെ മുന്നേറുന്ന കാഴ്ച നമുക്ക് കാണാം. ആദ്യദൗത്യങ്ങളിലൂടെത്തന്നെ വിജയത്തിലെത്തുന്ന സങ്കീര്‍ണ്ണമായ ദൗത്യങ്ങള്‍ (ചന്ദ്രയാന്‍-1, മാഴ്‌സ് ഓര്‍ബിറ്റല്‍ മിഷന്‍) വരാന്‍ പോകുന്ന ‘ഗഗന്‍യാന്‍’, ‘ആദിത്യ- ഘ1 (സൗരപഠന ദൗത്യം) തുടങ്ങിയവയെല്ലാം ഇന്ത്യന്‍ യുവതമുറയ്‌ക്കേകുന്ന പ്രചോദനം വളരെ വലുതാണ്. ഭാരതത്തിലെ സാധാരണജനങ്ങളുടെ പുരോഗതി ലക്ഷ്യംവെച്ച് ബഹിരാകാശസേവനങ്ങള്‍ ഉപയോഗപ്പെടുത്തുക, അതോടൊപ്പം തന്നെ മാനവരാശിയുടെ മൊത്തം ശാസ്ത്ര-സാങ്കേതിക പുരോഗതിയിലും മഹത്തായ സംഭാവനകള്‍ നല്‍കുക തുടങ്ങിയ കാഴ്ചപ്പാടുകളില്‍ ഉറച്ച ഇസ്‌റോവിന്റെ ജനകീയമായ സമീപനത്തെ ഇന്ന് ലോകരാഷ്ട്രങ്ങള്‍ പ്രത്യേകമായി അഭിനന്ദിക്കുന്നു. ബൃഹത്തായ വാണിജ്യവിക്ഷേപണങ്ങളിലൂടെ രാജ്യത്തിന് മൊത്തമായ റവന്യൂ വര്‍ദ്ധനവുണ്ടാക്കാന്‍ ഇന്ന് ഇസ്‌റോയ്ക്ക് സാധിച്ചിരിക്കുന്നു. രാജ്യത്തുടനീളം ഉള്ള ഐഎസ്ആര്‍ഓ സെന്ററുകള്‍(VSSC, LPSC, URSC, SAC, IISU, LEOA, SDSC-SHAR തുടങ്ങിയവ) ഇന്ത്യയിലെ സ്വകാര്യവ്യവസായ സ്ഥാപനങ്ങളും പബ്ലിക് സെക്ടര്‍ യൂണിറ്റുകളും ചേര്‍ന്നുള്ള ടീം വര്‍ക്കിലൂടെ വിക്ഷേപണങ്ങളുടേയും മറ്റ് ബഹിരാകാശസേവനങ്ങളുടേയും എണ്ണവും വേഗതയും മൂല്യവും കൂട്ടാനായത് രാജ്യത്തിന്റെ മൊത്തം പുരോഗതിക്ക് ആക്കം കൂട്ടുന്ന കാഴ്ച ആഹ്ലാദകരമാണ്. ഭാരതത്തിലെ അക്കാദമിക സ്ഥാപനങ്ങളും ബഹിരാകാശ ഗവേഷണ പദ്ധതികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.
ഒരു കാലത്ത് ഭാരതം എല്ലാ വിജ്ഞാനമേഖലകളിലും ലോകത്തിന് വഴികാട്ടിയായിരുന്നു എന്നത് ഒരു വാസ്തവമാണ്. വേദോപനിഷത്തുകളുടേയും (ഋക്, യജുര്‍, സാമ വേദങ്ങള്‍, ഉപനിഷത്തുകള്‍) ശാസ്ത്രങ്ങളുടേയും (ശിക്ഷ, വ്യാകരണം, ഛന്ദസ്സ്, നിരുക്തം, ജ്യോതിഷം, കല്പം) ദര്‍ശനങ്ങളുടേയും (ന്യായം, സാംഖ്യം, യോഗം, വൈശേഷികം, മീംമാസ, വേദാന്തം) ഈറ്റില്ലമായ ഭാരതത്തിലെ ഋഷിവര്യന്മാര്‍ യഥാര്‍ത്ഥ ശാസ്ത്രജ്ഞര്‍ തന്നെയായിരുന്നു. വിജ്ഞാനമാകുന്ന ‘ഭാസില്‍’ രമിച്ചിരുന്ന പുഷ്‌കലമായ ആ പാരമ്പര്യം എന്നുതൊട്ടാണ് മങ്ങാന്‍ തുടങ്ങിയത്! ഏകദേശം പതിനാറാം നൂറ്റാണ്ടോടുകൂടിയാണ് ആ പ്രവണതയുടെ തുടക്കം എന്ന് പണ്ഡിതമതം. മഹത്തായ പുരാതനകാലഘട്ടത്തില്‍ എല്ലാ വിജ്ഞാനവും കിഴക്കുനിന്ന് പടിഞ്ഞാറോട്ടായിരുന്നു. വിദേശാധിനിവേശം ആഭ്യന്തരകലഹങ്ങള്‍ എന്നിവയില്‍പ്പെട്ട് പലതും നഷ്ടപ്പെട്ടു. നളന്ദയും തക്ഷശിലയും അമൂല്യഗ്രന്ഥങ്ങളും നഷ്ടമായി. ഭാരതപാരമ്പര്യത്തില്‍ ഇവിടെയുള്ളവരേക്കാള്‍ പ്രചോദിതരായി കഠിനാദ്ധ്വാനത്തിലൂടെ പുരോഗതി കൈവരിച്ചത് പാശ്ചാത്യസമൂഹമല്ലേ എന്നുവരെ തോന്നിപ്പോകുന്നു. ഇന്ന് മഹത്തായ പാരമ്പര്യത്തില്‍ പ്രചോദനം കൊള്ളുന്നതോടൊപ്പം അതിന്റെ മേനി പറഞ്ഞ് അഭിരമിക്കാതെ പാശ്ചാത്യരുടെ കഠിനാദ്ധ്വാനമെന്ന പാതയും നമ്മള്‍ സ്വീകരിക്കേണ്ടതുണ്ട്. ഒരര്‍ത്ഥത്തില്‍ ഡോ.ഹോമിഭാഭ, ഡോ.സാരാഭായ്, ഏ.പി.ജെ. അബ്ദുള്‍ കലാം തുടങ്ങിയവരെപ്പോലുള്ളവര്‍ കാണിച്ചുതന്ന മാതൃകയും അതുതന്നെ. ചന്ദ്രയാന്‍-3 പോലുള്ള ദൗത്യങ്ങളിലൂടെ ഇസ്‌റോയും ആ മാതൃക ഇന്ന് ലോകത്തിനു മുമ്പില്‍ തുറന്നിടുന്നു.
‘ബിഗ്ബാങ്ങ്’ തിയറിയിലൂടെ പ്രപഞ്ചോത്പത്തി ഗണിത സമവാക്യങ്ങളിലൂടെയും കമ്പ്യൂട്ടര്‍ മോഡലിങ്ങിലൂടെയും നിര്‍വ്വചിക്കുമ്പോഴും ഗാലക്‌സികളിലേക്കും, ഛിന്നഗ്രഹങ്ങളിലേക്കുമുള്ള യാത്രകളിലൂടെ, പ്രയോഗിക മാര്‍ഗ്ഗങ്ങളിലൂടെ പ്രപഞ്ചോത്പത്തി രഹസ്യങ്ങളിലേക്ക് ശാസ്ത്രലോകം കടന്നുചെല്ലുമ്പോള്‍ ആകാശഗംഗയുടെ ഒരു പരിഛേദമായി നില്‍ക്കുന്ന ചന്ദ്രന്‍ ഏറ്റവുമടുത്ത ചവിട്ടുപടിയായി നമുക്ക് മുന്നിലുണ്ട്. ആകെ പ്രപഞ്ചത്തെക്കുറിച്ച് അറിഞ്ഞത് 5% മാത്രം, 95% ഇനിയും ദൃശ്യമാവാത്ത സെന്‍സറുകള്‍ക്ക് പിടിക്കാനാവാത്ത ഡാര്‍ക്ക് മാറ്ററും (Dark Matter) ഊര്‍ജ്ജവുമാണ് (Energy). ഓരോ പുതുകണ്ടുപിടുത്തവും ആദ്യം ചൊല്ലിയ കവിവാക്യത്തിന്റെ പ്രസക്തികൂട്ടുന്നു. നമുക്ക് സമീപം പുഞ്ചിരിച്ചു നില്‍ക്കുന്ന ചന്ദ്രന്‍ ശാസ്ത്രസാങ്കേതികമേഖലയില്‍ മനുഷ്യമനസ്സിലും ബുദ്ധിയിലും പ്രതീക്ഷകളുടെ പുതിയ ആമ്പല്‍പ്പൂക്കള്‍ നിരന്തരം വിരിയിച്ചുകൊണ്ടിരിക്കുന്നു.
അന്യഗ്രഹജീവന്റെ അന്വേഷണം, മറ്റ് സൗരയൂഥങ്ങള്‍, ഭൂമിയെപ്പോലെയുള്ള ഗ്രഹങ്ങള്‍ (Exoplanets) തുടങ്ങിയവയെ കണ്ടെത്താനുള്ള പര്യവേഷണങ്ങള്‍, മറ്റ് ഗ്രഹങ്ങളെ ഭൂമിയെപ്പോലെ വാസയോഗ്യമാക്കാനുള്ള പരിശ്രമങ്ങള്‍ എന്നിവയെല്ലാം ശാസ്ത്ര സമൂഹം ഏറ്റെടുത്ത വേളയില്‍, രാജ്യാതിര്‍ത്തികളെ മറികടന്ന് പണ്ടത്തെ മന്ത്രദൃഷ്ടാക്കള്‍ പറഞ്ഞ ‘വസുധൈവ കുടുംബകം’ എന്ന കാഴ്ചപ്പാടില്‍ ഉറച്ചു നിന്ന് മുന്നേറാന്‍, ലോകത്തിന് മാതൃകയാവാന്‍ ഭാരതത്തിനാവട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.
(ലേഖകന്‍: എം.നാരായണന്‍ നമ്പൂതിരിപ്പാട്, മുന്‍ അസോസിയേറ്റ് ഡയറക്ടര്‍, VSSC/ISRO ഇപ്പോള്‍ Prof. Satish Dhawan Scientist, VSSC))
RAMBHA – Radio Anatomy of Moon Bound Hypersensitive ionosphere and Atmosphere.
CHSTE – Chandra’s Surface Themophysical Experiment.
ILSA – Lunar Sesmic Actinity
LRA – Laser Retroreflictor Array
LIBS – Laser Induced Breakdown Spectroscopy
APXS – Alpha particli Ex-ray Spectrometer.
SHAPE – Spectro Polarimety of Habitable Planit Earth.