ചുരുങ്ങിയ കാലത്തെ പ്രവര്‍ത്തനം കൊണ്ട് വലിയ നേട്ടം കൊയ്ത് സങ്കല്പ് ഐഎഎസ് കേരള, സിവില്‍ സര്‍വ്വീസില്‍ പ്രവേശനം നേടാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രചോദനമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം സങ്കല്പ് തിരുവനന്തപുരത്തു വെച്ചു നടത്തിയ സിവില്‍ സര്‍വ്വീസ് ഇന്റര്‍വ്യൂ ഗൈഡന്‍സ് പ്രോഗ്രാമില്‍ പങ്കെടുത്ത 11 പേരില്‍ 7 പേരും, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഇന്റര്‍വ്യൂ ഗൈഡന്‍സ് പ്രോഗ്രാമില്‍ പങ്കെടുത്ത 7 പേരില്‍ 4 പേരും അവസാന റാങ്ക് ലിസ്റ്റില്‍ ഇടം നേടിയത് ഒരു സിവില്‍ സര്‍വ്വീസ് അക്കാദമി എന്ന നിലയില്‍ സങ്കല്പിന്റെ ചരിത്രത്തിലെ വലിയ നാഴികക്കല്ലായി മാറി.
സിവില്‍ സര്‍വ്വീസ് വിജയികളെ അനുമോദിക്കാനും അവര്‍ക്കു പിന്തുണ നല്‍കിയ രക്ഷിതാക്കളെയും അവര്‍ക്ക് പരിശീലനം നല്‍കിയ അദ്ധ്യാപകരെയും ആദരിക്കാനും വേണ്ടി സങ്കല്പ് ഐഎഎസ് കേരള ചാപ്റ്റര്‍ ജനം ടി.വിയുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘സാദരം 2023’ കേന്ദ്ര ഇലക്‌ട്രോണിക്‌സ്, വിവരസാങ്കേതിക വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് ഭാരതം ഭരിക്കുന്നത് വിശ്വാസ്യതയുള്ള സര്‍ക്കാരാണെന്നും രാജ്യം ചരിത്രപരമായ മുന്നേറ്റം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ഭരിക്കുന്നത് വിശ്വാസ്യതയുള്ള സര്‍ക്കാരായതുകൊണ്ട് ആ സര്‍ക്കാരിനൊപ്പം ജോലി ചെയ്യുന്നത് ഭാഗ്യമായി കരുതണമെന്നും സിവില്‍ സര്‍വ്വീസ് വിജയികളോട് അദ്ദേഹം പറഞ്ഞു. ഹരിയാന മുന്‍ ചീഫ് സെക്രട്ടറി ഡോ. പ്രസന്നകുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. അഭിഭാഷക പരിഷത്ത് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ആര്‍. രാജേന്ദ്രന്‍, സംസ്‌കൃത കോളേജ് അസി.പ്രഫസര്‍ ഡോ. ലക്ഷ്മി വിജയന്‍, ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
സിവില്‍ സര്‍വ്വീസ് വിജയികളെ അഭിനന്ദിക്കുക മാത്രമല്ല അവര്‍ക്കു പിന്തുണ നല്‍കിയ രക്ഷിതാക്കളെയും ആദരിച്ചുവെന്നത് ഈ പരിപാടിയുടെ സവിശേഷതയായിരുന്നു. അതോടൊപ്പം ഇവരുടെ മെന്റേഴ്‌സ് ആയി, ഇവരെ വിജയത്തിലേക്ക് നയിച്ച അദ്ധ്യാപകരെ ‘ഗുരുസമ്മാന്‍’ നല്‍കി ആദരിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ വിജയത്തില്‍ രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമുള്ള പങ്കിനെ അംഗീകരിച്ചുകൊണ്ട്, ഭാരതീയ കാഴ്ചപ്പാടോടെ അവരെ ആദരിച്ചത് ഈ മേഖലയിലെ വേറിട്ട ഒരനുഭവമായി. മെന്റേഴ്‌സ് ആയി പ്രവര്‍ത്തിച്ച ഗോപിനാഥ് ഐഇആര്‍എസ്, (മുന്‍ അഡീഷനല്‍ സെക്രട്ടറി, കേന്ദ്ര സര്‍ക്കാര്‍), ഡോ. രാജശ്രീ എസ്. തമ്പി ഐആര്‍ടിഎസ്, കേണല്‍ ആര്‍.ജി.നായര്‍, കേണല്‍ എസ്. ഡിന്നി, ഡോ.കെപി. ഔസേപ്പ് ഐഎഫ്എസ് എന്നിവരെയാണ് ‘ഗുരുസമ്മാന്‍’ നല്‍കി ആദരിച്ചത്. വൈഭവ് എഡ്യുക്കേഷന്‍ ട്രസ്റ്റ് സെക്രട്ടറി അഡ്വ. സി.ദീപക് വിശിഷ്ടാതിഥികളെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. മുന്‍ ഡി. എഫ്.ഒ ഒ. ജയരാജന്‍ സ്വാഗതവും ജനം ടിവി സിഇഒ ഗിരീഷ് മേനോന്‍ നന്ദിയും പറഞ്ഞു.
(സങ്കല്പിനെ കുറിച്ച് കൂടുതലറിയാന്‍ ബന്ധപ്പെടേണ്ട നമ്പര്‍: 7356710293 -ഹരിഗോവിന്ദന്‍)