എന്‍സിഇആര്‍ടി നീണ്ട പതിനേഴുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി പാഠപുസ്തകങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുകയും ചില ഭാഗങ്ങളെ ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. 2023-24 അദ്ധ്യയനവര്‍ഷം മുതല്‍ നടപ്പാക്കുന്നതിനുവേണ്ടിയാണ് ഈ പരിഷ്‌കരണം നടത്തിയത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി ഉണ്ടായ മാറ്റങ്ങളും ഉള്‍ക്കൊണ്ടുകൊണ്ടാണ് പരിഷ്‌കരണം നടപ്പാക്കിയത്. പാഠഭാഗങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഏതാണ്ട് മുപ്പത് ശതമാനം വരെ സിലബസില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ഏതാണ്ട് 1,334 മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലും നടത്തിയിട്ടുണ്ട്. വിവിധ ക്ലാസുകളിലെ 182 ടെക്സ്റ്റ് ബുക്കുകളില്‍ ഈ മാറ്റങ്ങള്‍ കാണാം. കുറഞ്ഞത് മൂന്നുവര്‍ഷത്തില്‍ ഒരിക്കലെങ്കിലും പാഠപുസ്തകങ്ങള്‍ പരിഷ്‌ക്കരിക്കണമെന്നതാണ് വികസിതരാജ്യങ്ങളെല്ലാം സ്വീകരിച്ചിരിക്കുന്ന നയം. ഇന്ത്യയില്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് യുജിസി നടപ്പാക്കിയിരിക്കുന്ന നയവും മൂന്നുവര്‍ഷത്തില്‍ ഒരിക്കല്‍ പാഠ്യപദ്ധതി പരിഷ്‌ക്കരിക്കണം എന്നതു തന്നെയാണ്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ കഴിഞ്ഞ പതിനേഴുവര്‍ഷമായി സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ യാതൊരു പരിഷ്‌കരണവും ഉണ്ടായില്ല.
1975, 1988, 2000, 2005 എന്നീ വര്‍ഷങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍സിഇആര്‍ടി മുഖേന പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചത്. 2005-ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ പരിഷ്‌കരണത്തില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ കുരുന്നു മനസ്സുകളില്‍ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന തരത്തില്‍ ചില പാഠഭാഗങ്ങള്‍ എഴുതിച്ചേര്‍ക്കുകയുണ്ടായി. ചരിത്രപാഠപുസ്തകങ്ങളിലും പൊളിറ്റിക്കല്‍ സയന്‍സിലുമാണ് വിഭാഗീയ-ഇടതുപക്ഷ അജണ്ടയുടെ ഭാഗമായി ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഇടതുപക്ഷം പിന്തുണയ്ക്കുകയും പങ്കാളികളാകുകയും ചെയ്ത സര്‍ക്കാര്‍ നടത്തിയ പാഠപുസ്തകപരിഷ്‌കരണം തികച്ചും അപലപനീയമായിരുന്നിട്ടും കാര്യമായ എതിര്‍പ്പ് കൂടാതെ നീണ്ട പതിനേഴുവര്‍ഷവും അത് നിലനിന്നു. 2002ലെ ഗുജറാത്ത് വര്‍ഗ്ഗീയ കലാപം 2005 ലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ മറവില്‍ സ്‌കൂള്‍ സിലബസിന്റെ ഭാഗമായി. മാപ്പിളകലാപവും വിഭജനകാലത്തെ കൂട്ടക്കൊലകളും തുടങ്ങി നിരവധി വര്‍ഗ്ഗീയ കലാപങ്ങളും, 1984-ല്‍ ദല്‍ഹിയില്‍ നടന്ന സിക്ക് കൂട്ടകൊലയും ഉന്മൂലനവും ഒക്കെ നടന്ന നാടാണ് ഭാരതം. എന്നാല്‍ കേവലം ഗുജറാത്ത് കലാപം മാത്രം ഉള്‍പ്പെടുത്തി മുസ്ലിം-ഹിന്ദു വേര്‍തിരിവ് വളര്‍ത്തുന്ന തരത്തിലാണ് പാഠപുസ്തകം ചിട്ടപ്പെടുത്തിയത്.
നരേന്ദ്രമോദി സര്‍ക്കാര്‍ 2014ല്‍ അധികാരത്തില്‍ വന്നിട്ടും പാഠപുസ്തകങ്ങള്‍ യാതൊരു മാറ്റവും കൂടാതെ 2022 അദ്ധ്യയനവര്‍ഷം വരെ നിലനിന്നു. സ്വാഭാവികമായും ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി പാഠപുസ്തകങ്ങള്‍ പുനഃക്രമീകരിക്കേണ്ട സാഹചര്യത്തിലാണ് ചില പാഠഭാഗങ്ങള്‍ ഒഴിവാക്കിയതും മറ്റു ചിലത് ഉള്‍പ്പെടുത്തുകയും ചെയ്തത്. നിലവിലുള്ള സിലബസില്‍ മുപ്പത് ശതമാനം കുറയ്ക്കുന്നതിനും നിരന്തരമൂല്യനിര്‍ണ്ണയത്തിന് സഹായിക്കുന്ന തരത്തില്‍ ചിലമാറ്റങ്ങള്‍ക്കു വേണ്ടിയുമാണ് പാഠപുസ്തകപരിഷ്‌കരണം നടന്നത്. ഈ പരിഷ്‌കരണത്തെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധര്‍ ആരും എതിര്‍ത്തിട്ടില്ല. എന്നാല്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ള ചില ‘രാഷ്ട്രീയ പണ്ഡിത’രാണ് എതിര്‍പ്പുമായി വന്നത്. ചിലരുടെ രാഷ്ട്രീയ താല്പര്യത്തിനായി 2005ല്‍ ചേര്‍ക്കപ്പെട്ട പാഠഭാഗങ്ങള്‍ വിദഗ്ധസമിതി ഒഴിവാക്കിയിട്ടുണ്ട്. മുകളില്‍ സൂചിപ്പിച്ചതുപോലെ 1,334 മാറ്റങ്ങള്‍ 182 പുസ്തകങ്ങളിലായി നടപ്പാക്കിയപ്പോള്‍ വിവാദം ഉയര്‍ത്തുന്നവര്‍ ഉന്നയിക്കുന്ന എതിര്‍വാദം തികച്ചും തരംതാണ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഗുജറാത്ത് കലാപം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നമ്മുടെ രാഷ്ട്രീയ മണ്ഡലത്തില്‍ നിരന്തരം ഉപയോഗിക്കുന്നുണ്ട്. നരേന്ദ്രമോദി മുഖ്യമന്ത്രിയില്‍ നിന്ന് പ്രധാനമന്ത്രിയായതോടെ ഗുജറാത്ത് കലാപം കൂടുതല്‍ ചര്‍ച്ചയ്ക്ക് വിധേയമാകുകയും അടുത്തിടെ അതേക്കുറിച്ച് ബിബിസി ഡോക്ക്യുമെന്ററി തയ്യാറാക്കുന്ന അവസ്ഥയും ഉണ്ടായി. എന്നാല്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ അത് ഉള്‍പ്പെടുത്തിയതാണ് ഇപ്പോള്‍ ഒഴിവാക്കപ്പെട്ടത്. സാമൂഹ്യശാസ്ത്രവും, രാഷ്ട്രമീമാംസയും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നൂതനമായ അറിവും, വിശാലലോകത്തിലേയ്ക്കുള്ള കവാടവുമാണ് ചൂണ്ടിക്കാണിക്കേണ്ടത്. ഈ പശ്ചാത്തലത്തില്‍ വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്ന പാഠപുസ്തകങ്ങളിലെ മാറ്റം ഏതൊക്കെയാണ് എന്ന് നോക്കാം.
1. ക്ലാസ് 12 ഹിസ്റ്ററി: മുഗള്‍ കാലഘട്ടം.
2. ക്ലാസ് 12 സിവിക്‌സ്: അമേരിക്കന്‍ മേല്‍ക്കോയ്മ, ശീതസമരം.
3. ക്ലാസ് 12 സ്വാതന്ത്ര്യാനന്തര ഇന്ത്യ: ഗുജറാത്ത് കലാപം, ജനകീയ മുന്നേറ്റങ്ങള്‍, ഏകകക്ഷിമേല്‍ക്കോയ്മ, നക്‌സലൈറ്റ് പ്രസ്ഥാനം.
4. ക്ലാസ് 10 ജനാധിപത്യരാഷ്ട്രീയക്രമം: ജനകീയ പ്രതിഷേധങ്ങള്‍, ജനാധിപത്യ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍.
5. ക്ലാസ് 11 ലോകചരിത്രം: ഇസ്ലാമികഭൂമിക, സംസ്‌കാരങ്ങളുടെ സംഘര്‍ഷം, വ്യാവസായിക വിപ്ലവം.
കൂടാതെ ഗാന്ധിവധവും ആര്‍.എസ്.എസ് നിരോധനവും, ഗോഡ്‌സേയുടെ പശ്ചാത്തലവും തീവ്രഹിന്ദുപത്രവുമായുള്ള ഗോഡ്‌സേയുടെ ബന്ധം എന്നിവയുമാണ് ഒഴിവാക്കിയിരിക്കുന്നതില്‍ വിമര്‍ശനം നടത്തുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.
ശ്രദ്ധേയമായ വസ്തുത രാഷ്ട്രം അംഗീകരിച്ച പുതിയ ദേശീയ വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്‌കൂള്‍ സിലബസില്‍ വരുത്തിയ ഗുണപരമായ മാറ്റം വിമര്‍ശിക്കപ്പെടുന്നില്ല എന്നതു തന്നെയാണ്. മറ്റൊന്ന്, രാഷ്ട്രീയ ലക്ഷ്യങ്ങളോടെ 2005ല്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയ, തികച്ചും രാഷ്ട്രീയമായ ഭാഗങ്ങള്‍ ഒഴിവാക്കി എന്നതുതന്നെയാണ്. അത് ഒഴിവാക്കിയതിനുള്ള കാരണവും രാജ്യത്ത് നടന്ന ലക്ഷക്കണക്കിന് നിരപരാധികള്‍ കൊല്ലപ്പെട്ട വര്‍ഗ്ഗീയ കലാപങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പ്രാപ്തമായ വിഷയമല്ല. ഇവിടെ ഗുജറാത്ത് കലാപം മാത്രം വേര്‍തിരിച്ച് കാണിച്ച് ന്യൂനപക്ഷവിഭാഗങ്ങളില്‍ സ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമമാണ് ഏറെ വൈകിയാണെങ്കിലും ഇപ്പോള്‍ ഒഴിവാക്കപ്പെട്ടത്. യഥാര്‍ത്ഥത്തില്‍ വളരെ നേരത്തെ തന്നെ ഒഴിവാക്കേണ്ട ഭാഗങ്ങള്‍ ദേശീയ വിദ്യാഭ്യാസത്തിന്റെ ഭാഗമായ പരിഷ്‌ക്കരണത്തിലൂടെ ഒഴിവാക്കപ്പെട്ടു എന്നതാണ് വസ്തുത. കൊച്ചു മനസ്സുകളില്‍ വര്‍ഗ്ഗീയവിദ്വേഷവും വിഭാഗീയതയും വളര്‍ത്തുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ പരാജയപ്പെടുത്തിയിരിക്കുന്നത്. ഈ മാറ്റങ്ങളെ എതിര്‍ക്കുന്ന ഇടതുപക്ഷം നിരന്തരമായി പ്രചരണ വിഷയമാക്കുന്ന രാഷ്ട്രീയ വിഷയങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ്.
നിലവിലെ ഇന്ത്യന്‍ ചരിത്രപഠനം ദല്‍ഹി കേന്ദ്രീകൃതമാണ്. ഭാരതത്തിന്റെ തെക്കും, പടിഞ്ഞാറും, കിഴക്കും ഉള്ള പ്രദേശങ്ങളുടെ ചരിത്രമൊന്നും അതില്‍ കടന്നുവരുന്നില്ല. ചേര, ചോള, പാണ്ഡ്യ, ചാലൂക്യ ഗോത്ര ചരിത്രങ്ങളൊന്നും ചര്‍ച്ചചെയ്യപ്പെടുന്നില്ല. ചോള സാമ്രാജ്യവും വിജയനഗര സാമ്രാജ്യവും അന്താരാഷ്ട്ര ബന്ധങ്ങള്‍ നിലനിര്‍ത്തിയ, നീണ്ടനാള്‍ നിലകൊണ്ട മാതൃകാഭരണ വ്യവസ്ഥകളായിരുന്നു. ഇവയൊക്കെ അവഗണിച്ച് മുസ്ലിം, ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്ക് ന്യായീകരണം നല്‍കുന്ന സമീപനമാണ് പാഠപുസ്തകങ്ങളില്‍ സ്വീകരിച്ചിരുന്നത്. ശ്രദ്ധേയമായ വസ്തുത മുസ്ലിം – ബ്രിട്ടീഷ് ഭരണകൂടങ്ങള്‍ നടത്തിയ കൊടുംക്രൂരതകളെ മറച്ചുവച്ച് അവര്‍ സമാധാനത്തിന്റെയും, പുരോഗതിയുടെയും പതാകവാഹകരായിരുന്നു എന്ന സമീപനമാണ് പാഠപുസ്തകങ്ങളില്‍ കോണ്‍ഗ്രസ്-ഇടത് ചരിത്രകാരന്മാര്‍ സ്വീകരിച്ചിരുന്നത്. അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിലും അത് ഉള്‍ക്കൊള്ളിക്കുമ്പോഴാണ് എതിര്‍ക്കേണ്ടിവരുന്നത്. ഔറംഗസേബിനെയും, ടിപ്പുസുല്‍ത്താനെയും ന്യായീകരിക്കാനുള്ള വ്യഗ്രതയാണ് ശ്രദ്ധേയമായത്. രാജാധികാരത്തിന്റെ അവകാശിയാകേണ്ട സ്വന്തം മൂത്ത സഹോദരരെ നീചമായി കൊലചെയ്തും ഒപ്പം മറ്റു സഹോദരങ്ങളെ കൊന്നും, പിതാവായ ഷാജഹാന്‍ ചക്രവര്‍ത്തിയെ തടങ്കലില്‍ ആക്കി രാജ്യ ഭരണം പിടിച്ചെടുത്ത്, ഇസ്ലാം ഇതര മതസ്ഥര്‍ക്ക് മതനികുതി (ജസിയ) നടപ്പാക്കിയ ഔറംഗസേബിനെ എളിമയുടെയും രാജകീയ ആഡംബരങ്ങള്‍ ഒഴിവാക്കി ജീവിച്ച ചക്രവര്‍ത്തിയായും ചിത്രീകരിച്ചാണ് ഇടതുപക്ഷ-കോണ്‍ഗ്രസ് അക്കാദമിക ചരിത്രകാരന്മാര്‍ പാഠഭാഗങ്ങള്‍ ചിട്ടപ്പെടുത്തിയത്. മതേതരത്വത്തിന്റെ പേരു പറഞ്ഞ് നടത്തിയ കൂട്ടിച്ചേര്‍ക്കലുകളാണ് സ്വതന്ത്ര ഇന്ത്യയുടെ അക്കാദാമിക ചരിത്രത്തെ വികലമാക്കിയത്.
ബ്രിട്ടീഷുകാര്‍ തയ്യാറാക്കിയ ചരിത്ര അവലോകനമാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രവിദഗ്ധര്‍ അടിസ്ഥാനമാക്കിയത്. 1817ല്‍ ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ ഭാഗമായിരുന്ന ജയിംസ് മില്‍(James Mill) തയ്യാറാക്കിയ ചരിത്രഘടനയാണ് ഇന്ത്യന്‍ ചരിത്രകാരന്മാര്‍ ബൈബിളായി കാണുന്നത്. ഇന്ത്യാ ചരിത്രത്തെ അദ്ദേഹം ഹിന്ദു, മുസ്ലിം, ബ്രിട്ടീഷ് ഭാഗങ്ങളായി വേര്‍തിരിച്ച്”The History of Modern India” എഴുതുകയും, ആധുനിക ഇന്ത്യയുടെ പിതൃത്വം അങ്ങനെ ബ്രിട്ടീഷുകാര്‍ക്ക് നല്‍കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം എഴുപത്തിയഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു എങ്കിലും ഇന്ത്യയുടെ ചരിത്രം 1817-ല്‍ ജയിംസ്മില്‍ തയ്യാറാക്കിയ ചരിത്രത്തില്‍ തളച്ചിട്ടിരിക്കുകയാണ്.
യഥാര്‍ത്ഥത്തില്‍ ഭാരതം ജനാധിപത്യത്തിന്റെ മാതാവാണ്. ഭാരതത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും വിവിധ ചിന്താധാരകള്‍ക്കും, വിശ്വാസസംഹിതകള്‍ക്കും, നിരവധി മതവിഭാഗങ്ങള്‍ക്കും, കൂടാതെ സ്വതന്ത്രമായ കലയും സംസ്‌കാരവും ആരാധനാപദ്ധതികളും രൂപപ്പെട്ടത് വിശാലമായ ജനാധിപത്യബോധം കൊണ്ടുതന്നെയാണ്. ഒരു പ്രവാചകനും ഇവിടെ ‘കുരിശുമരണം’ നല്‍കിയില്ല. ദൈവശാസ്ത്രം മാത്രമല്ല, ഉദാത്തമായ തത്വസംഹിതകളും, സൗന്ദര്യശാസ്ത്രവും ആയുര്‍വേദവും ഇതിഹാസങ്ങളും ചാര്‍വാകന്റെയും വാത്സ്യായനന്റെയും ചിന്തകളും ഭാരതത്തില്‍ സ്വതന്ത്രമായി നിലകൊണ്ടു. സ്ത്രീസ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും പേരുകേട്ട നാടായിരുന്നു ഭാരതം. ഇസ്ലാമിക മേല്‍ക്കോയ്മയെ തുടര്‍ന്നാണ് ഭാരത സംസ്‌കാരം മങ്ങലേല്‍ക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ് ശക്തിയെ കൊള്ളയടിച്ചത് ഇസ്ലാമിക-ബ്രിട്ടീഷ് കോളനിശക്തികളാണ്. എന്നാല്‍ വസ്തുതകളെ എല്ലാം നിരാകരിച്ച, ബ്രിട്ടീഷുകാരാണ് ഭാരതത്തിന് ജനാധിപത്യബോധവും, സംസ്‌കാരവും പകര്‍ന്നു നല്‍കിയത് എന്ന തരത്തിലാണ് നമ്മുടെ ചരിത്രകാരന്മാര്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയത്.
ഭാരതത്തോടൊപ്പം ബ്രിട്ടീഷുകാര്‍ കോളനിയാക്കിയ നിരവധി രാജ്യങ്ങളുണ്ട്. അവയൊക്കെ കോമണ്‍വെല്‍ത്ത് അംഗരാജ്യങ്ങളായി ഇന്നും തുടരുന്നു. ബഹുഭൂരിപക്ഷം മുന്‍ ബ്രിട്ടീഷ് കോളനികള്‍ക്കും സ്വതന്ത്രമായിട്ടും, ജനാധിപത്യഭരണക്രമം സുസ്ഥിരമായി കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. ഭൂരിപക്ഷം പഴയ ബ്രിട്ടീഷ് കോളനികളും കാലാകാലങ്ങളില്‍ പട്ടാള അട്ടിമറികള്‍ക്കും, സ്വേച്ഛാധിപത്യഭരണത്തിനും വേദിയായിട്ടുണ്ട്. ഭാരതം മാത്രമാണ് കഴിഞ്ഞ ഏഴരപ്പതിറ്റാണ്ടായി ജനാധിപത്യ രാജ്യമായി നിലനില്‍ക്കുന്നത്. മ്യാന്മാര്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, മലേഷ്യ, സൗത്ത് ആഫ്രിക്ക, ഉഗാണ്ട, നൈജീരിയ, ഈജിപ്ത്, ഫിജി, കെനിയ, നമീബിയ, മൊസാബിക്ക്, ടാന്‍സാനിയ, സാബിയ തുടങ്ങി ബഹുഭൂരിപക്ഷം രാജ്യങ്ങളും ബ്രിട്ടീഷുകാര്‍ ഏറെ നാള്‍ ഭരിച്ചിട്ടും സ്വതന്ത്രമായതിനുശേഷം പല കാലഘട്ടങ്ങളില്‍ പട്ടാള അട്ടിമറിയ്ക്ക് വേദിയായവയാണ്. ജനാധിപത്യം ബ്രിട്ടീഷു സംഭാവനയായിരുന്നെങ്കില്‍ ഈ മുന്‍ ബ്രിട്ടീഷ് കോളനികള്‍ ജനാധിപത്യത്തിന്റെ പാതയില്‍ സഞ്ചരിക്കുമായിരുന്നു. എന്നാല്‍ ഇന്ത്യ വിഭിന്നമായ ഒരു സുസ്ഥിര ജനാധിപത്യസംസ്‌കൃതിയിലൂടെ ലോകശക്തിയായി ഉയരുകയാണ്. ‘സര്‍വ്വധര്‍മ്മസമഭാവന’ എന്ന സങ്കല്പം പാശ്ചാത്യ മതേതരത്വത്തെക്കാളും വിശാലവും ഭാവാത്മകവുമാണ്. നമ്മുടെ വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടത് ഭാരതത്തിന്റെ ഈ ജനാധിപത്യ പൈതൃകമാണ്.
അന്താരാഷ്ട്രബന്ധങ്ങളില്‍ ‘ശീതസമര’ കാലഘട്ടത്തിന് ഇന്ന് പ്രസക്തിയില്ല. മൂന്നാം ലോകരാജ്യങ്ങളുടെ വിശേഷിച്ച് ഇന്ത്യപോലുള്ള രാജ്യങ്ങളുടെ മുന്നേറ്റം പഠിക്കണം. ഭാരതം ഇന്ന് ലോകത്തിലെ അഞ്ചാമത്തെ സമ്പദ്ശക്തിയായത് വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടതല്ലേ? ‘ഇസ്ലാമികഭൂമിക’, ‘സംസ്‌കാരങ്ങളുടെ സംഘര്‍ഷം’, ‘വ്യാവസായിക വിപ്ലവം’ ഇവയൊക്കെ ഒഴിവാക്കിയതില്‍ യാതൊരു തെറ്റും ഇല്ല. ചരിത്രപാഠപുസ്തകങ്ങളില്‍ കാലാകാലങ്ങളില്‍ പരിഷ്‌കരണം ഉണ്ടാവണം. ചരിത്രം പഠിക്കുന്നത് ചരിത്രത്തില്‍ കെട്ടിയിടപ്പെടാനല്ല, മറിച്ച് ചരിത്രത്തില്‍ നിന്നും പാഠം പഠിക്കാനാകണം. ഒരു ജനതയുടെ ആത്മബോധത്തിനും, അഭിമാനത്തിനും കൂടെ സഹായിക്കുന്നതാവണം ചരിത്രപഠനം. കോളനി ചരിത്രപഠനശൈലിയില്‍ നിന്ന് നമ്മുടെ വിദ്യാര്‍ത്ഥികളെ സ്വതന്ത്രമാക്കേണ്ട സമയം കഴിഞ്ഞു. ഒപ്പം പ്രാദേശിക ചരിത്രവും, സ്വാതന്ത്ര്യസമരത്തിന്റെ അവഗണിക്കപ്പെട്ട ഏടുകളും, വ്യത്യസ്ത ധാരകളും ഒക്കെ ചരിത്ര പഠനത്തില്‍ ഉണ്ടാവണം.
എടുത്തു പറയേണ്ട വസ്തുത ഒഴിവാക്കപ്പെടുന്ന പാഠഭാഗങ്ങളുടെ ഇന്നത്തെ പ്രസക്തി ചര്‍ച്ച ചെയ്യുന്നില്ല എന്നതു തന്നെയാണ്. ഉദാഹരണത്തിന് സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ചുള്ള പാഠഭാഗത്തില്‍ നിന്നും ‘ഏകകക്ഷി മേല്‍ക്കോയ്മ’ (One party dominance) എന്ന ഭാഗം ഒഴിവാക്കപ്പെട്ടു. 1950 മുതല്‍ 1977 വരെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ഉണ്ടായിരുന്ന മേല്‍ക്കോയ്മയാണ് വിവരിക്കുന്നത്. അത് ഒരു വസ്തുതയാണെങ്കിലും ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയ പ്രക്രിയ പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് അതിനുശേഷമുണ്ടായ രാഷ്ട്രീയമാറ്റങ്ങളും, മുന്നണി രാഷ്ട്രീയവും പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികളും ഒക്കെ പഠിക്കുന്നതല്ലേ കൂടുതല്‍ അഭികാമ്യം.
നിലവിലുള്ള പാഠപുസ്തകങ്ങളുടെ പ്രധാന പരിമിതി അത് ഭാരതത്തിന്റെ സാംസ്‌കാരികവും ഭാഷാപരവും പ്രാദേശികവുമായ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നില്ല എന്നതു തന്നെയാണ്. മുകളില്‍ സൂചിപ്പിച്ചതുപോലെ മുഗള്‍ കാലഘട്ടത്തിന് അമിതമായ പ്രാധാന്യം നല്‍കുന്നുമുണ്ട്. ഇന്ത്യയില്‍ മുഗളര്‍ മാത്രമല്ല ഇസ്ലാമിക ഭരണം നടത്തിയത്. മുഗളര്‍ വരുന്നതിന് മുമ്പ് ഏതാണ്ട് 320 വര്‍ഷം (1206-1526) ദല്‍ഹിയില്‍ മുഗള ഇതര മുസ്ലിം സുല്‍ത്താന്മാര്‍ ഭരിച്ചിരുന്നു. അതുപോലെ 1336 മുതല്‍ 1646 വരെ നിലനിന്ന വിജയനഗരസാമ്രാജ്യഭരണം അവഗണിച്ചു. മുഗളഭരണത്തെ ഒഴിവാക്കി എന്നു പറഞ്ഞാണ് ഏറെ വിമര്‍ശനം ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയം നോക്കി പാഠപുസ്തകങ്ങളെ ക്രമീകരിക്കാനാവില്ല. വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കുകയും വേണം. ഈ പശ്ചാത്തലത്തിലാണ് ചില കുറയ്ക്കലുകള്‍ ഉണ്ടായത്.
എന്‍സിഇആര്‍ടി ഈ അദ്ധ്യയനവര്‍ഷം നടത്തിയ പാഠപുസ്തകപരിഷ്‌കരണം ഏറെ വിപുലമാണ്. വിവാദങ്ങള്‍ വന്നത് ഏതാനും ചില വിഷയങ്ങളില്‍ മാത്രം എന്നതും ശ്രദ്ധേയമാണ്. ആധുനിക കാലത്തെ വിഷയങ്ങള്‍ കൂടുതല്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഡിജിറ്റല്‍ ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ, സ്വച്ഛ് ഭാരത് അഭിയാന്‍ തുടങ്ങിയ കാലിക വിഷയങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ മേഖലകളില്‍ അറിവുള്ളവരായി മാറും. പാഠപുസ്തക പരിഷ്‌കരണത്തില്‍ വന്ന വലിയൊരു മാറ്റം ‘ഇന്ത്യന്‍ നോളജ് സിസ്റ്റവു’മായി ബന്ധപ്പെട്ട ഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ചു എന്നതാണ്. ഭാരതത്തിന്റെ ശാസ്ത്ര-സാങ്കേതിക രംഗത്തെ അറിവും, ലോകത്തിന് ഭാരതം നല്‍കിയ സംഭാവനകളും ശാസ്ത്രപാരമ്പര്യവും എല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്നു. ലോകം മുഴുവനും അംഗീകരിച്ച യോഗ, ആയുര്‍വേദം, വേദിക് മാത്തമാറ്റിക്‌സ്, ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യം തുടങ്ങിയവയും ദേശീയ മൂല്യങ്ങളും പാഠപുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഭാരതം ‘വിശ്വഗുരുവായി’ അംഗീകരിക്കപ്പെടുമ്പോള്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഇതൊന്നും അറിയാതെ കഴിയണം എന്ന് ശഠിക്കുന്നത് ആത്മവഞ്ചനയാണ്.
ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യസമരചരിത്രത്തില്‍ സുപ്രധാന പങ്കുവഹിച്ചതും, എന്നാല്‍ പാഠപുസ്തകങ്ങളില്‍ ഇതുവരെ കടന്നുവരാത്തതുമായ മഹാവ്യക്തിത്വങ്ങള്‍ പാഠപുസ്തകത്തില്‍ കടന്നുവന്നു എന്നത് എടുത്ത് പറയേണ്ടതാണ്. സുഭാഷ് ചന്ദ്രബോസ്, വീര സാവര്‍ക്കര്‍, സര്‍ദാര്‍ പട്ടേല്‍ എന്നിവരും സാമൂഹ്യശാസ്ത്രപഠനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പാഠപുസ്തകപരിഷ്‌ക്കരണത്തില്‍ പഠന ഭാരം ഏതാണ്ട് 30 ശതമാനം കുറയ്ക്കുന്നു എന്നതും, അതേസമയം കൂടുതല്‍ വ്യാപ്തിയും, 21-ാം നൂറ്റാണ്ടിന്റെ മാറ്റങ്ങളും ഉള്‍ക്കൊള്ളുന്നു എന്നതും എടുത്തു പറയേണ്ടതാണ്. ശാസ്ത്ര-സാങ്കേതിക രംഗത്തെയും സാമൂഹ്യമണ്ഡലത്തിലെയും നൂതനമായ അറിവുകള്‍ പുതിയ പാഠപുസ്തകങ്ങളില്‍ ഉണ്ട്.
എന്‍സിഇആര്‍ടി 2023-24 അദ്ധ്യയനവര്‍ഷം മുതല്‍ അംഗീകരിച്ച പാഠപുസ്തകങ്ങളില്‍ നടത്തിയ പരിഷ്‌കരണം ഗുണപരമായ ചര്‍ച്ചകള്‍ക്കും, അവലോകനത്തിനും വേദിയായിട്ടില്ല. യഥാര്‍ത്ഥത്തില്‍ വേണ്ടത് ആ തരത്തിലുള്ള ചര്‍ച്ചകളാണ്. ഗാന്ധിവധവും, ഗുജറാത്ത് കലാപവും മുഗളകാലഘട്ടവും ഒഴിവാക്കി എന്ന് ആരോപിക്കുന്നവര്‍ പാഠപുസ്തകങ്ങളില്‍ നടത്തിയ ഗുണപരമായ മാറ്റങ്ങള്‍ കണ്ടില്ല എന്ന് നടിക്കുകയാണ്. മാധ്യമങ്ങളും ആ തരത്തില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദി ഒരുക്കി എന്നതാണ് നിര്‍ഭാഗ്യകരം. നിരന്തരമായ നിരീക്ഷണവും, അവലോകനവും പാഠപുസ്തകങ്ങളില്‍ ഉണ്ടാവണം. നീണ്ട പതിനേഴു വര്‍ഷം പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കപ്പെട്ടില്ല എന്നത് കുറ്റകരമായ അനാസ്ഥയാണ്. വിവരസാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടായ ദശകമാണ് കഴിഞ്ഞുപോയത്. വിദ്യാര്‍ത്ഥികള്‍ അതിന്റെ ഗുണഭോക്താക്കളുമാണ്. പക്ഷെ പാഠപുസ്തകത്തില്‍ അവയൊന്നും കടന്നുവന്നില്ല. വൈകിയാണെങ്കിലും എന്‍സിഇആര്‍ടി പാഠപുസ്തകപരിഷ്‌ക്കരണം നടത്തി എന്നതു തന്നെ ആശ്വാസകരമാണ്. കുറഞ്ഞത് മൂന്നുവര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്ന വികസിതരാജ്യങ്ങളിലെ രീതി ഇന്ത്യയിലും ഉണ്ടാവണം. ചുരുക്കത്തില്‍ നിലവിലെ പാഠപുസ്തകപരിഷ്‌ക്കരണം വിദ്യാര്‍ത്ഥികളുടെ താല്പര്യത്തിന് ഗുണകരമായാണ് നടന്നിരിക്കുന്നത്. 182 പാഠപുസ്തകങ്ങളിലായി 1,334 മാറ്റങ്ങള്‍ വരുത്തിയ പാഠപുസ്തകപരിഷ്‌ക്കരണത്തില്‍ കേവലം മുകളില്‍ ആദ്യം സൂചിപ്പിച്ച ആറു പുസ്തകങ്ങളിലെ രാഷ്ട്രീയ മാനമുള്ള പതിനൊന്നു മാറ്റങ്ങള്‍ മാത്രം എതിര്‍ക്കപ്പെട്ടുള്ളൂ എന്നതു തന്നെയാണ് എന്‍സിഇആര്‍ടി പാഠപുസ്തകപരിഷ്‌കരണത്തിന്റെ വിജയം.
(സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ സ്റ്റഡീസ് ഡീനും കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ മുന്‍ പ്രൊ-വൈസ്ചാന്‍സിലറുമാണ് ലേഖകന്‍)