മയക്കുമരുന്ന് ലോകമെമ്പാടും ഒരു മാരകായുധമായി രൂപാന്തരം പ്രാപിച്ചിരിക്കുകയാണ്. ആധുനിക കാലത്തിന്റെ പ്രച്ഛന്ന യുദ്ധങ്ങളില്‍ ശത്രുരാജ്യങ്ങളെ കീഴടക്കാനും നിര്‍വ്വീര്യമാക്കാനും പോലും ഉപയോഗിക്കപ്പെടുന്ന ജൈവായുധങ്ങളിലൊന്നായി മയക്കുമരുന്നുകള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. മതഭീകരവാദികളും അരാജകവാദികളും മാഫിയാ ഭീമന്മാരുമൊക്കെ മയക്കുമരുന്ന് കടത്തിന്റെ ഗുണഭോക്താക്കളാണ്. ഭാരതത്തില്‍ വിഘടനവാദം വേരുറപ്പിക്കാന്‍ ശ്രമിക്കുന്നിടത്തെല്ലാം മയക്കുമരുന്ന് വ്യാപാരവും തകൃതിയായി നടക്കുന്നുണ്ടെന്ന വസ്തുത ലഹരിക്കടത്തിന്റെ ഭീകരബന്ധങ്ങളിലേക്ക് വഴി തുറക്കുന്നു. അടുത്തിടെ പഞ്ചാബില്‍ ഉയര്‍ന്നുപൊങ്ങിയ പുകച്ചുരുളുകള്‍ക്കും മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തിന്റെയുമൊക്കെ പിന്നാമ്പുറങ്ങളില്‍ മയക്കുമരുന്ന് മാഫിയയുടെ അദൃശ്യമായ കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് കാണാം.
കേരളവും ഇന്ന് മയക്കുമരുന്നിന്റെ പ്രധാനപ്പെട്ട വിപണനകേന്ദ്രങ്ങളിലൊന്നായിത്തീര്‍ന്നിരിക്കുന്നു. അടുത്തിടെ കേരളത്തിലെ പുറംകടലില്‍നിന്ന് ഓപ്പറേഷന്‍ സമുദ്രഗുപ്തയിലൂടെ 25,000 കോടി രൂപയുടെ ലഹരി മരുന്നാണ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയത്. രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ മയക്കുമരുന്നു വേട്ടകളിലൊന്നായിരുന്നു ഇത്. ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളില്‍നിന്നു ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെ പുറംകടലില്‍നിന്ന് നാവിക സേനയുടെ സഹായത്തോടെ മെത്തഫെറ്റാമിന്‍, ഹാഷിഷ് ഓയില്‍, ഹെറോയിന്‍ എന്നിവയുടെ വന്‍ശേഖരം പിടികൂടിയത്. ഈ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാകിസ്ഥാന്‍ സ്വദേശിയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരമനുസരിച്ച് മയക്കുമരുന്നിന്റെ ഉറവിടം പാകിസ്ഥാനാണെന്നും, കുപ്രസിദ്ധ ലഹരിക്കടത്തു സംഘമായ ഹാജി സലിം നെറ്റ് വര്‍ക്കിന്റേതാണ് ഇതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഭാരതത്തിനകത്തും പുറത്തും വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന വന്‍മയക്കുമരുന്ന് ശേഖരമാണ് കൊച്ചിയില്‍ പിടിക്കപ്പെട്ടതെന്ന് വ്യക്തം.
കേരളത്തില്‍ അടുത്ത കാലത്തായി ലഹരി ഉപയോഗവും അതുണ്ടാക്കുന്ന സാമൂഹ്യ പ്രശ്‌നങ്ങളും ക്രമാതീതമായി വര്‍ദ്ധിച്ചു വരികയാണ്. ലഹരി ഉപയോഗത്തിന്റെ പേരില്‍ തുടര്‍ച്ചയായി സംസ്ഥാനത്ത് കൊലപാതകങ്ങളും ആക്രമണങ്ങളും ഉണ്ടാവുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച ലഹരിക്ക് അടിമയായ അദ്ധ്യാപകന്റെ ആക്രമണത്തില്‍ ഡോക്ടര്‍ വന്ദന ദാസിന് ജീവന്‍ നഷ്ടമായത് അടുത്തിടെയാണ്. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം തിരുവനന്തപുരത്ത് യുവാവിനെ ഒരു കൂട്ടം ചെറുപ്പക്കാര്‍ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തിയത് ലഹരിമാഫിയയുടെ സ്വാധീനം വ്യക്തമാക്കിയ സംഭവമായിരുന്നു. നാര്‍ക്കോട്ടിക്‌സ് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്റ്റ് പ്രകാരം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളുടെ വ്യാപ്തി വളരെയേറെയാണ്. 2008 ല്‍ ഇത്തരത്തില്‍ 508 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ പത്തുവര്‍ഷത്തിന് ശേഷം കേസുകളുടെ എണ്ണം പതിനായിരം കടന്നു. കേരളത്തില്‍ മയക്കുമരുന്ന് ഇടപാടുകള്‍ വര്‍ദ്ധിച്ചു വരുന്നതിന്റെ തെളിവാണിത്. 2009 ല്‍ 646 കേസുകളും 2010 ല്‍ 769 കേസുകളും രജിസ്റ്റര്‍ ചെയ്തു. 2011 ല്‍ 693, 2012 ല്‍ 696, 2013 ല്‍ 974 എന്നിങ്ങനെ കേസുകളുടെ എണ്ണം കൂടി. കഴിഞ്ഞ അഞ്ചു വര്‍ഷമായി കേസുകളുടെ എണ്ണം പതിന്മടങ്ങായി വര്‍ദ്ധിച്ചു. 2014 ല്‍ 2,239 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2015 ല്‍ 4,103, 2016 ല്‍ 5924, 2017ല്‍ ഇത് 9,244 ആയി ഉയര്‍ന്നു. ലഹരി മാഫിയ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ മാസത്തില്‍ തലശ്ശേരിയില്‍ രണ്ട് യുവാക്കള്‍ നടുറോഡില്‍ കൊലചെയ്യപ്പെട്ടു. കോഴിക്കോട്ട് ഒരു യുവാവ് സ്വന്തം പിതാവിനെ തോക്കെടുത്ത് വെടിവച്ചത് ഉള്‍പ്പെടെയുള്ള സംഭവങ്ങളും ലഹരിയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം കൊച്ചിയില്‍ ഒന്നരമാസത്തെ ഇടവേളയില്‍ ലഹരിയുമായി ബന്ധപ്പെട്ട് ആറ് കൊലപാതകങ്ങളാണുണ്ടായത്.
സിനിമ, രാഷ്ട്രീയം, വിദ്യാഭ്യാസം തുടങ്ങി സമൂഹത്തിന്റെ സര്‍വ്വമേഖലകളും ഇന്ന് ലഹരിയുടെ വിപണനകേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ബോളിവുഡ് സിനിമയും ലഹരി മാഫിയയും തമ്മിലുള്ള ബന്ധം പരസ്യമായ രഹസ്യമാണ്. നടന്‍ സുശാന്ത് സിംഗിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസ് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. ബോളിവുഡിന് സമാനമായി മലയാള സിനിമയിലെയും ലഹരി ഉപയോഗത്തെ സംബന്ധിച്ച വാര്‍ത്തകള്‍ കേരളത്തില്‍ ലഹരി മാഫിയ പിടിമുറുക്കിയതിന്റെ സൂചനയാണ്. അടുത്ത കാലത്തായി മലയാള സിനിമാ താരങ്ങളുടെ ലഹരി ഉപയോഗത്തെക്കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന ചലച്ചിത്ര ഉള്ളടക്കങ്ങള്‍ പോലും സമീപ കാലത്ത് മലയാളത്തില്‍ വ്യാപകമായി പുറത്തു വന്നു. മുന്‍പ് മാരക ലഹരി വസ്തുവായ എംഡിഎംഎ ഉപയോഗിക്കുന്ന ദൃശ്യങ്ങളും അത് പ്രോത്സാഹിപ്പിക്കുന്ന സംഭാഷണങ്ങളും ഉള്‍ക്കൊള്ളിച്ചതിനെ തുടര്‍ന്ന് ഒമര്‍ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന സിനിമക്കെതിര കേസെടുത്തിരുന്നു. വെള്ളിത്തിരയില്‍ വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന നടന്‍ ടിനി ടോമിന്റെ പ്രസ്താവനയും വലിയ ചര്‍ച്ചയ്ക്ക് കാരണമായിരുന്നു. ഒരു പ്രമുഖ നടന്റെ മകനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും തന്റെ മകനെ സിനിമയില്‍ അഭിനയിക്കാന്‍ വിടില്ലെന്നാണ് ടിനി ടോം അന്നു തുറന്നു പറഞ്ഞത്. സിനിമാ സെറ്റിലെ ലഹരി ഉപയോഗത്തെ എതിര്‍ത്തുകൊണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അടുത്തിടെ രംഗത്ത് വരികയുണ്ടായി. ലഹരി ഉപയോഗിച്ച് സെറ്റില്‍ കുഴപ്പങ്ങളുണ്ടാക്കുന്നവരുടെ പട്ടിക അംഗങ്ങളില്‍നിന്ന് ആവശ്യപ്പെട്ടതിനുപിന്നാലെ ഇത്തരക്കാരെ അഭിനയിപ്പിക്കുന്നതിലൂടെയുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരവാദിത്തം നിര്‍മ്മാതാവിനായിരിക്കുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ചലച്ചിത്ര രംഗത്ത് ലഹരി മാഫിയ വന്‍തോതില്‍ പണം മുടക്കുന്നുണ്ടെന്നത് കേവലമായ ആരോപണം മാത്രമല്ലെന്ന് സാരം.
കേരളത്തില്‍ ലഹരിയുടെ നീരാളിപ്പിടുത്തം ഏതെങ്കിലുമൊരു മേഖലയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മക്കളും ലഹരിക്ക് അടിമകളാകുന്നുണ്ടെന്ന് ഏതാനും ദിസങ്ങള്‍ക്ക് മുന്‍പ് കൊച്ചി സിറ്റി കമ്മീഷണര്‍ കെ.സേതുരാമന്‍ വെളിപ്പെടുത്തുകയുണ്ടായി. ഒരു എസ്പിയുടെ രണ്ട് മക്കളും ലഹരിക്ക് അടിമകളാണെന്നും സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമായിരിക്കുകയാണെന്നും പോലീസ് അസോസിയേഷന്‍ വേദിയില്‍ വെച്ച് തന്നെ അദ്ദേഹം തുറന്നു പറഞ്ഞു.
കേരളത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പോലും മയക്കുമരുന്നിന്റെ ഉപഭോക്താക്കളായും വിതരണക്കാരായും മാറുകയാണ്. കേരളത്തില്‍ ലഹരിസംഘങ്ങള്‍ ലക്ഷ്യമിടുന്ന 1100 സ്‌കൂളുകളുണ്ടെന്നാണ് എക്‌സൈസ് ഇന്റലിജന്‍സ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയ ഭരണ രംഗങ്ങളിലും ലഹരി മാഫിയ ശക്തമായി പിടിമുറുക്കിയിട്ടുണ്ട്. കരുനാഗപ്പള്ളിയില്‍ ഒരു കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയതിനു പിന്നില്‍ ഒരു സിപിഎം നേതാവാണെന്ന് തെളിഞ്ഞിരുന്നു. ആലപ്പുഴയിലും ലഹരിക്കടത്തു കേസുമായി ബന്ധപ്പെട്ട് ഒരു സിപിഎം നേതാവിനെതിരെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഇതൊക്കെ ഒതുക്കിത്തീര്‍ക്കാനാണ് പാര്‍ട്ടി ശ്രമിച്ചത്. ലഹരി സംബന്ധമായ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളെ പോലും സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് വേട്ടയാടുന്ന കാഴ്ചയും കേരളം കണ്ടു കഴിഞ്ഞു.
കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരിമരുന്ന് കടത്തിന് പിന്നില്‍ മതഭീകരവാദികളുടെ അദൃശ്യമായ കരങ്ങളുണ്ട്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നത് ലഹരി വില്പനയില്‍ നിന്നാണെന്നത് ഒരു ആഗോള യാഥാര്‍ത്ഥ്യമാണ്. കുറച്ചു കാലമായി കേരളത്തെ മതഭീകരവാദികള്‍ കൂടുതല്‍ ലക്ഷ്യമിടാന്‍ തുടങ്ങിയിരിക്കുന്നു. എലത്തൂരിലെ ട്രെയിന്‍ ഭീകരാക്രമണം ഇതിന്റെ ദൃഷ്ടാന്തമാണ്. വിഘടനവാദ ആശയങ്ങള്‍ കേരളത്തില്‍ കൃത്യമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കങ്ങളും അടുത്ത കാലത്തുണ്ടായി. എറണാകുളത്ത് ‘കട്ടിംഗ് സൗത്ത്’ എന്ന പേരില്‍ ഒരു മാധ്യമശില്പശാല സംഘടിപ്പിക്കപ്പെട്ടിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ ‘ബിജെപി മുക്ത ദക്ഷിണേന്ത്യ’ എന്ന മുദ്രാവാക്യവും കേരളത്തില്‍ പ്രചരിക്കപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൊച്ചിയിലെ മയക്കുമരുന്ന് വേട്ടയും ഉണ്ടായത്. മയക്കുമരുന്ന് വ്യാപനം വിഘടനവാദം വേരുറപ്പിക്കുന്നതിന്റെ പ്രത്യക്ഷമായ ലക്ഷണങ്ങളിലൊന്നാണ്. നാര്‍ക്കോട്ടിക് ജിഹാദ് കേരളത്തില്‍ ശക്തമാണെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഇതൊക്കെ വിരല്‍ചൂണ്ടുന്നത്. അറബിക്കടലിന്റെ തീരം ലഹരിയുടെ പച്ചത്തുരുത്തായി മാറുന്നത് രാജ്യസുരക്ഷയെ തന്നെ തകിടം മറിക്കാന്‍ പോന്ന ഗുരുതരമായ വിപത്താണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.