ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനില്‍ നിന്ന് മൂവായിരത്തിലധികം ഭാരതീയ പൗരന്മാരെ സാഹസികമായി രക്ഷിച്ച് ജന്മനാട്ടിലെത്തിച്ച ‘ഓപ്പറേഷന്‍ കാവേരി’ ദൗത്യത്തെ അതീവ ശ്രദ്ധയോടെയാണ് ലോകം വീക്ഷിച്ചത്. ദശാബ്ദങ്ങളായി അധികാരത്തിനു വേണ്ടി കിടമത്സരങ്ങള്‍ നടക്കുന്ന ഈ വടക്കു കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യത്തില്‍, കഴിഞ്ഞ ഏപ്രില്‍ 15-ന് പൊടുന്നനെയാണ് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടത്. മദ്ധ്യ പൗരസ്ത്യദേശത്തെ മിക്ക രാജ്യങ്ങളെയും പോലെ ജനാധിപത്യത്തെ സ്വാംശീകരിക്കാന്‍ കഴിയാതെ ഇന്നും ഗോത്രപാരമ്പര്യത്തിലധിഷ്ഠിതമായ കുടിപ്പകയും അധികാരത്തര്‍ക്കങ്ങളും കൊണ്ടു നടക്കുന്ന ഒരു രാജ്യമാണ് സുഡാന്‍. യുദ്ധം ആരംഭിച്ചതോടെ ജനങ്ങള്‍ കൂട്ടത്തോടെ പലായനം ആരംഭിച്ചു. വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ടതിന്റെ ഫലമായി നിരവധി ജനങ്ങള്‍ കൊല്ലപ്പെട്ടു. ദുരിതബാധിതര്‍ക്ക് ആഹാര സാധനങ്ങളുമായി എത്തിയ ഐക്യരാഷ്ട്ര സംഘടനയുടെ ട്രക്കുകള്‍ പോലും കൊള്ളയടിക്കപ്പെട്ട സാഹചര്യമുണ്ടായി. എന്തു ചെയ്യണമെന്നറിയാതെ ലോക രാജ്യങ്ങള്‍ പകച്ചു നില്‍ക്കെ സ്വന്തം പൗരന്മാരെ രക്ഷിക്കാന്‍ ആദ്യമായി മുന്നിട്ടിറങ്ങിയത് ഭാരതമാണ്. മറ്റു രാജ്യങ്ങള്‍ സുഡാനിലെ എംബസി പൂട്ടിക്കെട്ടി ജീവനക്കാരോട് സ്ഥലം വിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭാരതം സ്വന്തം എംബസിയിലെ ജീവനക്കാരോട് വീട്ടിലിരുന്ന് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് ആവശ്യപ്പെട്ടത്.
മൂവായിരത്തിലധികം ഭാരതീയര്‍ സുഡാനില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ വിദേശകാര്യമന്ത്രാലയം രക്ഷാപ്രവര്‍ത്തനത്തിനു സാദ്ധ്യമായ എല്ലാ വഴികളും തേടാന്‍ തുടങ്ങി. അതിനിടെ മലയാളിയായി അല്‍ബര്‍ട്ട് അഗസ്റ്റിന്‍ ഫ്‌ളാറ്റിന്റെ ജനലരികിലിരുന്ന് ഫോണില്‍ മകനോട് സംസാരിച്ചു കൊണ്ടിരിക്കെ വെടിയേറ്റു മരിച്ചതോടെ രക്ഷാദൗത്യത്തിന് ഇനി ഒട്ടും വൈകിക്കൂടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചു. ‘ഓപ്പറേഷന്‍ കാവേരി ‘ എന്നു പേരിട്ട ദൗത്യത്തിന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ നേതൃത്വം നല്‍കി. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ സൗദി അറേബ്യയിലെ ജിദ്ദയിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. അതേസമയം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ നിര്‍ദ്ദേശത്തോടെ വ്യോമ, നാവികസേനകള്‍ സര്‍വ്വസജ്ജരായി ജിദ്ദയിലേക്കു പുറപ്പെട്ടു.
സുഡാനിലെ ഭാരത എംബസി കെട്ടിടം തലസ്ഥാനമായ ഖാര്‍ത്തൂമിയിലെ വിമാനത്താവളത്തിനു സമീപം കനത്ത ആക്രമണം നടക്കുന്ന മേഖലയിലായതിനാല്‍ എംബസി താല്‍ക്കാലികമായി 850 കിലോമീറ്റര്‍ അകലെയുള്ള പോര്‍ട്ട് സുഡാനിലേക്കു മാറ്റുകയാണ് ആദ്യം ചെയ്തത്. എംബസി ജീവനക്കാര്‍ നാട്ടിലേക്കു പോകാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും ചേര്‍ത്ത് വാട്ട്‌സ്ആപ് ഗ്രൂപ്പുകള്‍ തയ്യാറാക്കി വിവരങ്ങള്‍ ശേഖരിച്ചു. മീറ്റിംഗ് പോയന്റുകളില്‍ ബസ്സുകളുമായി കാത്തു നിന്നു. യുദ്ധത്തിലേര്‍പ്പെട്ട ഇരു വിഭാഗങ്ങളും ഭാരതത്തിന് അനുകൂലമായ നിലപാടു സ്വീകരിച്ചു. ദേശീയ പതാക വഹിച്ച ബസ്സുകള്‍ ഭാരതീയരെയും കൊണ്ട് യുദ്ധഭൂമിയിലൂടെ 850 കിലോമീറ്റര്‍ സാഹസികമായി സഞ്ചരിച്ച് പോര്‍ട്ട് സുഡാനില്‍ എത്തിച്ചേര്‍ന്നു. ഭാരതത്തിന്റെ ദേശീയ പതാകയുടെ കരുത്ത് ഒരിക്കല്‍ക്കൂടി ലോകം തിരിച്ചറിഞ്ഞ സന്ദര്‍ഭമായിരുന്നു അത്. റോഡ് മാര്‍ഗ്ഗം ഒരു തരത്തിലും എത്താന്‍ കഴിയാതിരുന്ന ഒരു ഗര്‍ഭിണി ഉള്‍പ്പെടെയുള്ള 121 പേരെ തീവ്ര യുദ്ധഭൂമിയായ ഖാര്‍ത്തൂമില്‍ നിന്ന് 40 കിലോമീറ്റര്‍ മാത്രം അകലെയുള്ള ചെറിയ എയര്‍ സ്ട്രിപ്പ് വഴി വ്യോമസേന അതിസാഹസികമായി രക്ഷപ്പെടുത്തി. പോര്‍ട്ട് സുഡാനിലെത്തിയ ഭാരതീയരെ നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ ജിദ്ദയിലെത്തിക്കുകയും അവിടെ നിന്ന് വ്യോമസേനാ വിമാനങ്ങള്‍ അവരെ ദില്ലിയിലെത്തിക്കുകയും ചെയ്തു. ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ അയല്‍ രാജ്യങ്ങളിലെ പൗരന്മാരെയും ഭാരതം രക്ഷിക്കുകയുണ്ടായി.
സമാനമായ സാഹചര്യങ്ങളില്‍ മുമ്പും കേന്ദ്ര സര്‍ക്കാര്‍ വിദേശ രാജ്യങ്ങളില്‍ ആപത്തിലകപ്പെട്ട ഭാരത പൗരന്മാരെ രക്ഷിച്ചുകൊണ്ടുവന്നിട്ടുണ്ട്. 2014 മെയ് 26 മുതല്‍ 2019 മെയ് 30 വരെ വിദേശകാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജാണ് ഈ വിഷയത്തില്‍ ധീരമായ നടപടികള്‍ക്ക് തുടക്കം കുറിച്ചത്. ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ സഹായം തേടിയ ഭാരതീയര്‍ക്ക് സുഷമ സ്വരാജ് കൃത്യമായി മറുപടി നല്‍കുകയും എംബസികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെയാണ് 2014 ജൂണില്‍ 46 മലയാളി നഴ്‌സുമാര്‍ 23 ദിവസം ഇസ്ലാമിക് സ്‌റ്റേറ്റിന്റെ തടവിലായത്. രക്ഷാദൗത്യത്തിനു വേണ്ടി എല്ലാ ഒരുക്കങ്ങളും കേന്ദ്ര സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയെങ്കിലും ഐഎസ്സിന്റെ അധികാരപരിധിയില്‍ ആര്‍ക്കും കടന്നുചെല്ലാന്‍ കഴിയുമായിരുന്നില്ല. ഒടുവില്‍ ‘നിങ്ങള്‍ ഇന്ത്യക്കാരായതിനാല്‍ ഞങ്ങളുടെ ലക്ഷ്യമല്ല’ എന്നു പറഞ്ഞ് ഐഎസ് ഭീകരര്‍ അവരെ അതിര്‍ത്തിയില്‍ വിട്ട ശേഷം പ്രത്യേക വ്യോമസേനാ വിമാനത്തില്‍ നാട്ടില്‍ എത്തിക്കുകയായിരുന്നു. പാകിസ്ഥാന്റെ തടവിലായിരുന്ന കല്‍ഭൂഷണ്‍ യാദവിന്റെ മോചനത്തിലും സുഷമാ സ്വരാജ് പ്രധാന പങ്കു വഹിച്ചു. ‘നിങ്ങള്‍ ചൊവ്വയില്‍ കുടുങ്ങിയാലും ഇന്ത്യന്‍ എംബസി സഹായത്തിനുണ്ടാകും’ എന്നാണ് ഒരിക്കല്‍ അവര്‍ പറഞ്ഞത്. തോക്കുചൂണ്ടി പാക് പൗരന്‍ വിവാഹം ചെയ്തതിനെ തുടര്‍ന്ന് തടവിലായ ഉസ്മ അഹമ്മദിനെ മോചിപ്പിച്ച് തിരിച്ചെത്തിച്ചപ്പോള്‍ ‘ഭാരതത്തിന്റെ മകള്‍’ എന്നു പറഞ്ഞാണ് സുഷമ സ്വീകരിച്ചത്. സൗദിയില്‍ 30 വര്‍ഷം തടവിലായിരുന്ന ഒരു മലയാളിയെ ഈയിടെ അന്തരിച്ച നടന്‍ ഇന്നസെന്റ് എം.പിയായിരുന്ന അവസരത്തില്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്ന് മോചിപ്പിച്ചതും സ്മരണീയമാണ്.
സംഘര്‍ഷ ബാധിത മേഖലകളില്‍ നിന്ന് ഭാരത പൗരന്മാരെ രക്ഷിക്കുന്നതിന് അതീവ പ്രാധാന്യം നല്‍കുന്ന ഒരു സര്‍ക്കാരാണ് ഇന്നു കേന്ദ്രത്തിലുള്ളത്. 2021 ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുകയും രാജ്യം താലിബാന്‍ ഭീകരരുടെ പിടിയിലാവുകയും ചെയ്തപ്പോള്‍ അവിടെ കുടുങ്ങിയ ആയിരത്തോളം ഭാരതീയരെ രക്ഷിക്കുകയെന്നത് വളരെ സാഹസികമായ നടപടിയായിരുന്നു. ‘ദേവിശക്തി’ എന്ന പേരില്‍ നടപ്പാക്കിയ രക്ഷാദൗത്യത്തിലൂടെ, ലോക രാജ്യങ്ങളുമായി ഭാരതത്തിനുള്ള അടുത്ത ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ 2021 ആഗസ്റ്റ് 16 നും 21 നും ഇടയിലായി 800 ഭാരത പൗരന്മാരെ പ്രത്യേക വ്യോമസേനാ വിമാനങ്ങളില്‍ കാബൂളില്‍ നിന്ന് ദില്ലിയിലെത്തിക്കാന്‍ കഴിഞ്ഞു. റഷ്യയുടെ ഉക്രൈന്‍ ആക്രമണത്തെ തുടര്‍ന്ന് ആ രാജ്യങ്ങളില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളടക്കമുള്ള 25,000 ഭാരതീയരെ രക്ഷിക്കുകയെന്നത് ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നു. ഈ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിന് നാല് മുതിര്‍ന്ന കേന്ദ്രമന്ത്രിമാരെയാണ് പ്രധാനമന്ത്രി വിദേശ രാജ്യങ്ങളിലേക്കയച്ചത്. 2022 ഫെബ്രുവരി 26 നും മാര്‍ച്ച് 11 നും ഇടയിലായി റുമാനിയ, ഹംഗറി, പോളണ്ട്, മൊള്‍ഡോവ, സ്‌ളോവാക്യ എന്നീ രാജ്യങ്ങളില്‍ നിന്നായി നടത്തിയ രക്ഷാദൗത്യത്തില്‍ നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും രക്ഷിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞു. കൂടാതെ 18 രാജ്യങ്ങളിലെ 147 പൗരന്മാരെയും ഭാരത സര്‍ക്കാര്‍ രക്ഷിക്കുകയുണ്ടായി. ലോകത്തിന്റെ ഏതു കോണില്‍ ജീവിക്കുന്ന ഭാരതപൗരന്മാര്‍ക്കും ലഭിക്കുന്ന സവിശേഷമായ പരിഗണന ഉണര്‍ന്നെണീക്കുന്ന നവീന ഭാരതത്തിന്റെ കരുത്തും കാഴ്ചപ്പാടുമാണ് പ്രകടമാക്കുന്നത്.