ഇടനാഴിയില്‍ അങ്ങേയറ്റത്ത് അയാളുടെ മുഖം സുഭാഷ് വ്യക്തമായി കണ്ടതാണ്. മൂടല്‍ മഞ്ഞില്‍ തെളിഞ്ഞുകത്തുന്ന മഞ്ഞവെളിച്ചത്തോളം തിളക്കത്തില്‍. സാധാരണ സന്ദര്‍ഭമായിരുന്നെങ്കില്‍ കണ്ണട വെച്ചാല്‍ മാത്രം തെളിയുന്ന ദൂരക്കാഴ്ച ഇത്രയും തെളിഞ്ഞതില്‍ അയാള്‍ ഒരുവേള സന്തോഷിക്കുകയും ചെയ്‌തേനെ. പക്ഷെ തീപ്പിടിച്ച തലയിലെ ഞരമ്പുകള്‍ കൂട്ടിപ്പിണഞ്ഞ്, ചുറ്റും കടന്നല്‍ക്കൂട്ടം മൂളിയപ്പോള്‍ ഓടി മുറിയിലേക്ക് കയറാനാണ് തോന്നിയത്. അവിടെ കുഞ്ഞുമോള്‍ നിലാ ആനപ്പാവയുമായി കളിക്കുന്നതുകണ്ട് അയാളൊരു ചിരിചിരിച്ചു. ആശ്വാസത്തിന്റെ അലറിച്ചിരി.
‘എന്താ? എന്തുപറ്റി?’
ബാത്ത് റൂമിലെ പൈപ്പ് തുറന്നിട്ട ശബ്ദത്തോടൊപ്പം ഇറങ്ങിവന്ന സ്മിതയുടെ ആന്തലിന് മറുപടി പറയാതെ സുഭാഷ് ചിരിയില്‍ സാധാരണത്വം വരുത്താന്‍ ശ്രമിച്ചു. ആനപ്പാവയെ ചുമരിനോട് ചാരിയിരുത്തി നിലാമോള്‍ തിരിഞ്ഞിരുന്ന് ചിരിക്കൊഞ്ചലോടെ വിളിച്ചു.
‘അച്ചാ..’
സ്മിതയുടെ മുഖത്തേക്ക് സുഭാഷ് നോക്കിയില്ല. കുളി പാതിയാക്കി നനഞ്ഞ ദേഹത്തൂടെ നൈറ്റിയെടുത്തിട്ട് തലയില്‍ തോര്‍ത്തുകെട്ടിയിറങ്ങിവന്ന അവളുടെ മുഖഭാവം ഊഹിക്കാവുന്നതേയുള്ളൂ. കട്ടിലിലിരുന്ന് മകളുടെ കാലുകളില്‍ നെറ്റിചേര്‍ത്തു. മകള്‍ കുനിഞ്ഞ് അച്ഛന്റെ കവിളില്‍ മുത്തമിട്ടപ്പോള്‍ ചുണ്ടുകളില്‍ മരുന്നുകളുടെ ഗന്ധത്തോടൊപ്പം മുലപ്പാല്‍ മണം.
‘അച്ചാ, മോള്‍ക്കൊരാനപ്പാവേക്കൂടെ വേണം.’
നിലാമോള്‍ കൊഞ്ചിപ്പറഞ്ഞപ്പോഴയാളുടെ കണ്ണുനിറഞ്ഞു.
‘അച്ഛനിപ്പോ വാങ്ങിക്കൊണ്ടുവരാട്ടോ.’
കണ്ണുതുടച്ച് മുറിവിട്ടിറങ്ങിപ്പോരുമ്പോള്‍ പിറകെവന്ന സ്മിതയുടെ വാക്കുകളില്‍ ചിലതുമാത്രം ചെവിയില്‍ കയറി ശേഷിച്ചത് വരാന്തയില്‍ ചിതറിവീണു.
‘ഡോക്ടറ് വന്നിരുന്നു. ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യാന്ന് പറഞ്ഞു. താഴെ എട്ടാം നമ്പര്‍ കൗണ്ടറില്‍..’
നെഞ്ചിന്റെ പിടച്ചില്‍ അടക്കിനിര്‍ത്താനായി ഏന്തിവലിഞ്ഞ് വരാന്തയിലൂടെ തിരക്കിട്ട് നടക്കുമ്പോള്‍ നെഴ്‌സുമാരുടെ മുറിയില്‍ നിന്നുമാണ് ബാക്കി മുഴുമിപ്പിച്ചത്.
‘ഗ്രൗണ്ട് ഫ്‌ളോറിലെ എട്ടാം നമ്പര്‍ കൗണ്ടറില്‍ ബില്ലടക്കണം. പേഷ്യന്റിന്റെ പേരും റൂം നമ്പറും പറഞ്ഞാല്‍ മതി. ഫയല്‍ അങ്ങോട്ട് പോയിട്ടുണ്ട്.’
വെള്ളത്തൊപ്പിവെച്ച മാലാഖയുടെ മുന്നിലയാള്‍ വിനയാന്വിതനായി. അല്ലെങ്കിലും മറ്റുള്ളവരുടെ മുന്നില്‍ എപ്പോഴും അതിവിനയകുനിയനാണയാളെന്ന് സ്മിതയെ പ്പോഴും പറയും. പരാക്രമോം ദേഷ്യോം പകപ്പോക്കെ വീട്ടുകാരോട് മാത്രേയുള്ളൂവെന്നാണവളുടെ പരാതി. ശരിക്കുപറഞ്ഞാലത് പരാതിയല്ല. അതുപറയുമ്പോള്‍ പകുതിയാശ്വാസമാണവളുടെ മുഖത്ത്. വീട്ടുകാരോട് തട്ടിക്കേറുന്നതുപോലെ നാട്ടുകാരുടെ നെഞ്ചത്തോട്ട് കേറി തല്ലുവാങ്ങിച്ചുകൂട്ടുന്നില്ലല്ലോയെന്ന ആശ്വാസം.
‘ഓ.. ചെയ്യാം.. അങ്ങോട്ടാണ് പോണത്.’
അങ്ങോട്ടാണോ ശരിക്കും പോണത്? ലിഫ്റ്റ് ഒഴിവാക്കി പടികളിറങ്ങുമ്പോള്‍ അയാള്‍ ആലോചിച്ചു.
ഓ.. എപ്പഴും പടിയിറങ്ങ്വേയുള്ളൂല്ലേ? ലിഫ്റ്റില്‍ കേറില്ല?
എതിരെ കയറിവന്ന സാമാന്യം തടിച്ച സ്ത്രീ അയാളെ നോക്കി ചിരിച്ചു. അവര്‍ക്കും തന്നെപ്പോലെ ലിഫ്റ്റിനോട് താത്പര്യമില്ലെന്ന് പറഞ്ഞിരുന്നതായി സുഭാഷ് ഓര്‍ത്തെടുത്ത് ചിരിച്ചു. അഞ്ചാം നിലയിലേക്ക് വേറെയാരും പടികള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് ഇത്രയും ദിവസങ്ങളായി കണ്ടിട്ടില്ലയെന്നതും സാന്ദര്‍ഭികമായി ഓര്‍മ്മവന്നു. തടി കുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആ സ്ത്രീ പടികള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നതെന്ന് പറഞ്ഞിരുന്നു. വീട്ടിലായിരുന്നപ്പോള്‍ യൂട്യൂബ് നോക്കി സുംബാ ഡാന്‍സ് ചെയ്യുമായിരുന്നുവത്രെ. ഇവിടെ ആശുപത്രിയിലത് പറ്റില്ലല്ലോ. പകരം പടികയറ്റവും ഇറക്കവുമാണ് പരിഹാരമായി കണ്ടത്. മെലിഞ്ഞ ശരീരമുള്ള താനെന്തിനാണിങ്ങനെ സാഹസപ്പെടുന്നതെന്നവര്‍ ചോദിക്കുകയും ചെയ്തിരുന്നു. ലിഫ്റ്റില്‍ കയറാന്‍ പേടിയാണെന്നു പറഞ്ഞാല്‍ കുറച്ചിലല്ലേ? സ്റ്റീലിന്റെ ചതുരപ്പെട്ടിയില്‍ ഒറ്റയ്ക്കായിപ്പോകുമ്പോള്‍ വല്ലാത്തൊരു വെപ്രാളമാണ്. തലയ്ക്ക് ചുറ്റും വണ്ടുമൂളും. എങ്ങാണ്ടെങ്കിലും നിലച്ചുപോയാലോയെന്ന പേടി. കറണ്ടെങ്ങാനും പോയാലോ? ഇത്രേം വലിയൊരാശുപത്രിയില്‍ കറണ്ടുപോവില്ലെന്നും പോയാലും അത് തിരിച്ചറിയാത്തവിധം സെക്കന്റിന്റെ പത്തിലൊരംശം കൊണ്ട് ആള്‍ട്ടര്‍നേറ്റീവ് പവര്‍ സിസ്റ്റത്തിലേക്ക് സ്വിച്ച് ചെയ്യുമെന്നൊക്കെ ആദ്യദിവസം ലിഫ്റ്റില്‍ കയറിയപ്പോള്‍ ഓപ്പറേറ്റര്‍ പറഞ്ഞുകൊടുത്തിരുന്നതുമാണ്.
‘കടലമിഠായി കഴിക്കുന്നോ?’
ഇത്രയും നേരം ആ സ്ത്രീ മുന്നില്‍ നില്‍ക്കുകയായിരുന്നുവെന്നും താന്‍ അവരോട് ചിരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നെന്നും സുഭാഷിന് ഓര്‍മ്മ വന്നത് അപ്പോഴാണ്.
‘വേണ്ട. താങ്ക്‌സ്.’
പറഞ്ഞുവെങ്കിലും കൈനീട്ടി വാങ്ങുകതന്നെ ചെയ്തു. പതിവതായിരുന്നതിനാല്‍ സ്ത്രീക്ക് അസ്വാഭാവികമായൊന്നും തോന്നിയതുമില്ല. ചിരിച്ചുകൊണ്ടവര്‍ മുകളിലേക്ക് പോയി. തുടര്‍ന്നിറക്കത്തിന്റെ ശൂന്യതയില്‍ സുഭാഷിന്റെ മനസ്സിലേക്കാ രൂപം വീണ്ടും കയറിവന്നു. ശരിക്കും താനയാളെ കണ്ടതാണല്ലോ. കണ്ണട വെക്കാതിരുന്നിട്ടും.. പൊടുന്നനെയാണ് കണ്ണടയില്ലാക്കാഴ്ചയിലെ അയുക്തി തെളിഞ്ഞുവന്നത്. കണ്ണടവെക്കാതെ നീളന്‍ വരാന്തയുടെ മറ്റേയറ്റംവരെ തന്റെ കാഴ്ചയെത്തില്ലല്ലോ. അപ്പോള്‍ അയാളെ വ്യക്തമായി കണ്ടുവെന്നത് മനസ്സിന്റെ തോന്നല്‍ മാത്രമായിരിക്കുമോ? കണ്ണടയിപ്പോഴും മുഖത്തല്ല. ഉള്ളിലെ ബനിയനില്‍ കൊളുത്തിയിട്ടിരിക്കയാണ്. അപ്പോള്‍ തീര്‍ച്ചയായുമതൊരു മായക്കാഴ്ച തന്നെ. ഭയമോ, അസ്വസ്ഥതയോ ആയിരിക്കും അങ്ങനെയൊരു മായക്കാഴ്ചയിലേക്ക് നയിച്ചതെന്ന യുക്തിചിന്ത സുഭാഷിനെ ഊര്‍ജ്ജസ്വലനാക്കി. ഒപ്പം ഇനിയങ്ങനെയൊരു കാഴ്ചയ്ക്കിടംകൊടുക്കരുതെന്ന ചിന്തയില്‍ കണ്ണട മുഖത്തേക്ക് തിരിച്ചുറപ്പിച്ചു. എത്രത്തോളം മനസ്സ് അസ്വസ്ഥമായാലും വൈകാതെ യുക്തിയുക്തം കാര്യവിചാരം ചെയ്ത് സ്വസ്ഥതയിലെത്താനുള്ള തന്റെ സവിശേഷസിദ്ധിയെ സുഭാഷ് സ്വയം അഭിനന്ദിച്ചു. സംതൃപ്തിയുടേതായ പുഞ്ചിരി ചുണ്ടില്‍ വിരിയുന്നത് മറച്ചുവെക്കാനായി ചുണ്ട് കടിച്ചു.
കൃത്യമായി പറഞ്ഞാല്‍ പത്തുദിവസം മുമ്പാണ് സുഭാഷ് അയാളെ ആദ്യമായി കണ്ടത്. സ്വന്തം നാട്ടിലെ അധികം വലുതല്ലാത്ത ആശുപത്രിയില്‍ മോളെയും കൊണ്ട് പോയതായിരുന്നു. മൂക്കടപ്പ്, ജലദോഷം, നിര്‍ത്താതെയുള്ള കരച്ചില്‍. ഇത്രയുമേയുണ്ടായിരുന്നുള്ളൂ. ഒ.പി.യില്‍ കാണിച്ച് മരുന്നും വാങ്ങി ഉടന്‍ തിരിച്ചുപോരാമെന്ന ചിന്തയില്‍ മോളെ ഭാര്യയോടൊപ്പം ഡോക്ടറുടെ മുറിയിലേക്കയച്ച് പുറത്ത് കാത്തിരിക്കെ മുഷിപ്പുമാറ്റാനായി അടുത്തിരുന്നയാളുമായി സംസാരം തുടങ്ങിവെച്ചതും സുഭാഷായിരുന്നു. സാമാന്യത്തിലധികം ഉയരമുള്ളയാള്‍. നീണ്ട കാലുകള്‍. മുഖത്ത് ആകര്‍ഷകമായ പുഞ്ചിരി.
‘ആരാണിവിടെ? ആരെ കാണിക്കാനാണ്?’
അങ്ങേയറ്റം വിനയത്തോടെയാണ് സുഭാഷ് ചോദിച്ചത്. അന്യരോടുള്ള ഭവ്യത അയാളുടെ കൂടപ്പിറപ്പാണല്ലോ.
‘ആരെയും കാണിക്കാനല്ല. ഒന്നുരണ്ടാള്‍ക്കാരെ കാണാനാണ്.’
അപരന്‍ ഇളംകാറ്റിന്റെ ശബ്ദത്തില്‍ അത്രയും പറഞ്ഞതായി തോന്നി. അയാളപ്പോഴും ആകര്‍ഷകമായി പുഞ്ചിരിക്കുകയാണ്. അപ്പോള്‍ മാത്രമാണ് സുഭാഷ് അയാളുടെ വേഷം ശ്രദ്ധിച്ചത്. നീളന്‍ കുപ്പായം. വെളുപ്പില്‍ വെള്ളി കലര്‍ന്നതുപോലെ തിളക്കമുള്ള നിറം. ഊദിന്റെ ഗന്ധമുണ്ടതിന്. ഇത്രനേരവും തലയില്‍ കെട്ടിയിരുന്നുവെന്നവണ്ണം തോളിലേക്കൂര്‍ന്നുവീണൊരു ഷാള്‍ അതേ നിറത്തില്‍. മുടി അലങ്കോലമാണെങ്കിലും പ്രത്യേക ചന്തമുണ്ട്.
ആരെ കാണാനാണ്?
ചോദിക്കാനാഞ്ഞെങ്കിലും അതിനുമുമ്പയാള്‍ മറുപടി പറഞ്ഞതിനാല്‍ മുഴുമിപ്പിക്കാനാവാതെ തൊണ്ടയില്‍ കുരുങ്ങിപ്പോയി.
‘അതാ, അയാളെ.’
ഒ.പി. മുറിയില്‍ നിന്നും വീല്‍ചെയറില്‍ പുറത്തേക്കുകൊണ്ടുവന്ന വൃദ്ധനെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തം. ബന്ധുവായിരിക്കുമല്ലേയെന്ന് ചോദിക്കാനാഞ്ഞെങ്കിലും വേണ്ടെന്നുവെച്ചു. ബന്ധുവല്ലെങ്കിലും ആശുപത്രിയില്‍ കൂട്ടിന് വരാമല്ലോ. അയാള്‍ ഉടനെയെഴുന്നേറ്റ് വൃദ്ധന്റെയടുത്തേക്ക് പോകുമല്ലോയെന്ന് കരുതി കാലുകളൊതുക്കി സൗകര്യം ചെയ്തുകൊടുത്തെങ്കിലും വേണ്ടിവന്നില്ല. എഴുന്നേറ്റു പോകുന്നതിന് പകരമയാള്‍ നോക്കി ചിരിച്ചതേയുള്ളൂ. പൊടുന്നനെയാണ് ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോയെന്ന ചിന്ത സുഭാഷിലുണ്ടാകുന്നത്. നേരിട്ടോ, അതോ എവിടെയോ വായിച്ചതാണോ? വേര്‍തിരിച്ചറിയാനാകുന്നില്ല. സംശയത്തോടെ നോക്കിയപ്പോള്‍ മുഖത്തപ്പോഴും പഴയ പുഞ്ചിരി. കുഞ്ഞിന്റേതുപോലെ നിഷ്‌കളങ്കമായ ചിരി. എന്തൊക്കെയോ ശബ്ദം കേട്ടാണ് മുന്നിലേക്ക് നോക്കിയത്. ആരൊക്കെയോ ശടുപിടുന്നനെയെഴുന്നേറ്റ് മുന്നോട്ടായുന്നു.
‘പിടിക്ക്.. പിടിക്ക്.. വേഗം എടുത്ത് കിടത്ത്..’
സെക്യൂരിറ്റിക്കാര്‍ സ്‌ട്രെക്ചര്‍ തള്ളി അതിവേഗം നീങ്ങുന്നു. അല്‍പം മുമ്പ് വീല്‍ചെയറില്‍ രണ്ടാം നമ്പര്‍ ഒ.പി. മുറിയില്‍ നിന്നും പുറത്തേക്കുവന്ന വൃദ്ധന്‍ വീണതാണ്. ആരുടെയോ കരച്ചില്‍. അനക്കമില്ലത്രേ. സ്‌ട്രെക്ചര്‍ തള്ളിക്കൊണ്ടുപോയത് എങ്ങോട്ടാണാവോ? ഐ.സി.യു. ആ ഭാഗത്താണെന്ന് തോന്നുന്നു. ഇത്രയൊക്കെ പുകിലുണ്ടായിട്ടും അടുത്തിരിക്കുന്നയാള്‍ക്ക് ഭാവവ്യത്യാസമില്ല.
‘നിങ്ങള്‍ അയാളെ കാണാനല്ലേ വന്നത്? അയാള്‍ വീണത് കണ്ടില്ലേ?’
ചോദിച്ചപ്പോള്‍ ആണെന്നും അല്ലെന്നും മട്ടില്‍ തലയാട്ടി ചിരിക്കുകമാത്രം ചെയ്തു. ഒ.പി. മുറികള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം വീണ്ടും ശാന്തരായി കസേരകളിലമര്‍ന്ന് ഊഴനമ്പര്‍ കാണിക്കുന്ന എല്‍.ഇ.ഡി. ബോര്‍ഡുകളില്‍ കണ്ണുനട്ടിരിപ്പായി.
‘ആരെക്കാണാനാണ്?’
ഇത്തവണ ശരിക്കും ചോദിച്ചു. അയാള്‍ കേള്‍ക്കുകയും ചിരിച്ചുകൊണ്ട് അപ്പോള്‍ തുറന്ന ഒ.പി. മുറിയുടെ നേരെ വിരല്‍ ചൂണ്ടുകയും ചെയ്തു. ഒരമ്മൂമ്മയുടെ തോളില്‍ ചായ്ഞ്ഞുകിടന്നൊരു പയ്യന്‍. പത്ത് പന്ത്രണ്ട് വയസ്സുകാണും. പക്ഷെ ആകെ തളര്‍ന്ന് വാടിത്തൂങ്ങി.. അമ്മൂമ്മയവനെ താങ്ങി നടക്കാന്‍ പാടുപെടുന്നുണ്ട്. ആരോ ഒഴിഞ്ഞുകൊടുത്ത കസേരയിലവനെ താങ്ങിയിരുത്തി അമ്മൂമ്മയെങ്ങോട്ടോ പോയി. മരുന്നുവാങ്ങാനാവും. ഫാര്‍മസിയില്‍ നല്ല തിരക്കാണ്. ആ പയ്യനെക്കാണാന്‍ വന്നതാണെങ്കില്‍ ഒന്ന് സഹായിക്കാന്‍ ചെന്നുകൂടേ? സുഭാഷ് മുഷിപ്പോടെ ഉയരക്കാരനെ നോക്കി. ഭാവവ്യത്യാസമില്ല. പഴയ ഇരിപ്പുതന്നെ. അതേ ചിരി. ആ പയ്യന്റെ നേരെയല്ലേ ഇയാള്‍ വിരല്‍ ചൂണ്ടിയത്? മറ്റാരുടെയെങ്കിലും നേരെയാണോ? പൊടുന്നനെ ഉള്ളിലൊരു വെള്ളിടിവെട്ടി. ഇയാളല്ലേ അയാള്‍? ഛെ! അങ്ങനെ വരില്ലല്ലോ. നോവലിലെ കഥാപാത്രമെങ്ങനെ മുന്നില്‍ വരാനാണ്? എങ്കിലും മരണദൂതനായ ആ കഥാപാത്രത്തിന്റെയതേ ഛായ ഇയാളുടെ മുഖത്തും കാണാനുണ്ട്. പക്ഷെ ഈ പുഞ്ചിരി? മരണവും പുഞ്ചിരിയും തമ്മിലെന്തുബന്ധം? വീണ്ടും പഴയതുപോലെ മുന്നിലൊരു ബഹളം. ഒരു പിടച്ചില്‍. ആരൊക്കെയോ ഓടിക്കൂടുന്നു. കസേരയില്‍ തളര്‍ന്നിരുന്ന പയ്യന്‍ ഊര്‍ന്നുവീണതാണ്. വീണ്ടും സ്‌ട്രെക്ചര്‍ തള്ളിക്കൊണ്ട് ഓടിവരുന്ന സെക്യൂരിറ്റിക്കാര്‍ പയ്യനെ താങ്ങിയെടുത്ത് കിടത്തി എങ്ങോട്ടോ കൊണ്ടുപോകുന്നു. പിന്നാലെ അലമുറയിട്ടുകരഞ്ഞുകൊണ്ട് അമ്മൂമ്മയും. വീണ്ടും പഴയതുപോലെ ബഹളമടങ്ങുന്നു. ആളുകള്‍ സ്വന്തം ഇരിപ്പിടങ്ങളിലേക്ക് മടങ്ങുന്നു. കുശുകുശുപ്പുകളടങ്ങി എല്ലാവരും എല്‍.ഇ.ഡി. ബോര്‍ഡുകളില്‍ തെളിയുന്ന ഊഴനമ്പറുകളില്‍ കണ്ണുകള്‍ കോര്‍ത്തിട്ട് സ്വന്തം ഇരിപ്പിടങ്ങളിലമരുന്നു. ഉള്‍ക്കിടിലമുണ്ടാക്കുന്ന ആവര്‍ത്തനം പോലെ ചുറ്റുപാടുകള്‍ തനിക്ക് ചുറ്റും നരച്ചുകിടക്കുന്നതായി സുഭാഷിന് തോന്നി.
മരണത്തെ നോക്കുന്ന തണുത്ത മരവിപ്പോടെ സുഭാഷ് അടുത്തയിരിപ്പിടത്തിലേക്ക് മടിച്ചുമടിച്ച് വീണ്ടും നോക്കിയപ്പോള്‍ അയാളില്ല. ആശ്വാസം. പകരം മറ്റേതോ രോഗിയാണ്. ഒന്നുനെടുവീര്‍പ്പിട്ടു. അടുത്തെമ്പാടും കണ്ണോടിച്ചു. കണ്ണടവെച്ച് അകലെ നോക്കി. എവിടെയുമില്ല. ഭാഗ്യം. ശബ്ദമുണ്ടാക്കാതെ പറക്കുന്ന ശലഭത്തെപ്പോലെ അയാള്‍ എങ്ങോ മറഞ്ഞുപോയ്ക്കളഞ്ഞിരിക്കുന്നു. മൂന്നാം നമ്പര്‍ ഒ.പി. മുറിയുടെ വാതിലൊന്നനങ്ങി. ആളുകള്‍ ആശ്വാസത്തോടെയൊന്നുലഞ്ഞു. എല്‍.ഇ.ഡി. ബോര്‍ഡില്‍ അടുത്ത അക്കം തെളിഞ്ഞപ്പോള്‍ രണ്ടുപേരെഴുന്നേറ്റു. ഒ.പി. മുറിയില്‍ നിന്നും പുറത്തുവന്നത് സ്മിതയും നിലാമോളുമാണ്. സുഭാഷ് ആശ്വാസത്തോടെയെഴുന്നേറ്റ് കൈ നീട്ടി. മോളുടെ മുഖത്ത് നിറഞ്ഞ ചിരി. അച്ചായെന്ന് വിളിച്ചവള്‍ ഓടിവന്ന് കെട്ടിപ്പിടിച്ചു.
‘കുഴപ്പമൊന്നുമില്ലാന്ന് ഡോക്ടര്‍ പറഞ്ഞു. ആന്റിബയോട്ടിക്കൊന്നും വേണ്ടാന്നും പറഞ്ഞു.’
സ്മിത മോളെ സുഭാഷിനെയേല്‍പ്പിച്ച് മരുന്നുവാങ്ങിക്കാന്‍ ഫാര്‍മസിയിലേക്ക് പോയി.
‘അച്ചനെന്താ മോളുടെകൂടെ ഡോക്ടറുടടുത്തേക്ക് വരാതിരുന്നത്? മോളച്ചനോട് മിണ്ടില്ല.’
അവള്‍ പിണങ്ങി മുഖം വീര്‍പ്പിച്ചു.
‘അച്ചന് ഡോക്ടറെ കാണാന്‍ പേടിയായതോണ്ടല്ലേ. മോളെ സൂചിയെങ്ങാന്‍ വെച്ചാലോ? അച്ചന് കണ്ടുനിക്കാന്‍ പറ്റ്വോ? സഹിക്കാന്‍ പറ്റ്വോ?’
സുഭാഷ് പറഞ്ഞപ്പോഴവള്‍ ചിരിച്ചു.
‘ഇങ്ങനെയൊരു പേടിത്തൊണ്ടനച്ചന്‍!’
അവള്‍ കളിയാക്കി കുലുങ്ങിച്ചിരിച്ചു. ശരിക്കും ഡോക്ടറെ കാണാന്‍ പേടിയാണ്. കണ്ടാല്‍ തികട്ടി വരുന്ന ചുമയെപ്പറ്റി ചോദിക്കും. വലത്തേ കണ്ണ് പുറത്തേക്ക് തള്ളിവരുന്നതിനെപ്പറ്റിയും ശരീരം ക്ഷീണിച്ചുവരുന്നതിനെപ്പറ്റിയും ചോദിക്കും. പിന്നെ മോള്‍ക്ക് മരുന്നെഴുതുന്നതിനേക്കാള്‍ കൂടുതല്‍ തനിക്കാണ് ഡോക്ടര്‍ മരുന്നെഴുതുക. മുമ്പ് ഒന്നുരണ്ടു തവണ അതാണനുഭവം. കണ്ടുപരിചയമുള്ള ഡോക്ടറാണല്ലോ. അതുകൊണ്ടാണ് കുഞ്ഞിന് അസുഖം വരുമ്പോഴെല്ലാം ഭാര്യയോടൊപ്പം ഡോക്ടറുടെ മുറിയിലേക്കയച്ച് പുറത്ത് കാവലിരിക്കുന്നത്. സ്മിത വരാന്‍ കുറച്ചു സമയമെടുക്കുമെന്നാണ് തോന്നുന്നത്. ഫാര്‍മസിയില്‍ തിരക്കായതുകൊണ്ട് മരുന്നുകിട്ടാന്‍ വൈകും. അതുവരെ മോളെയുമെടുത്ത് അവിടെയുമിവിടെയുമൊക്കെ നടന്ന് അവളെ സന്തോഷിപ്പിക്കണം. കളിപ്പാട്ടം വാങ്ങാനായി ആശുപത്രിക്കെട്ടിടത്തിനകത്തുതന്നെയുള്ള സ്റ്റേഷനറിക്കടയില്‍ ചെന്നപ്പോള്‍ അവളുടെ സന്തോഷത്തിനതിരുണ്ടായിരുന്നില്ല.
‘താങ്ക്യൂ അച്ചാ.. എനിക്കീ പാവക്കുട്ടിയെ ഇഷ്ടായി. ഒരുപാടൊരുപാടിഷ്ടായി.’ പാവക്കുട്ടിയുടെ പാവാടയില്‍ പിടിച്ച് അവള്‍ കൊഞ്ചിക്കുഴയുമ്പോഴാണ് പൊടുന്നനെ ഛര്‍ദ്ദിച്ചത്.
‘എന്താ? എന്തുപറ്റി?’
സ്മിത ഓടിവരുന്നു.
‘ഒന്നൂല്ല. ഒന്നൂണ്ടാവില്ല. മിഠായി കഴിച്ചതിന്റെയാവും.’
‘അതല്ലല്ലോ. ഇതെന്താ കഫത്തിന്റെ കൂടെയൊരു ചോപ്പുനിറം?’
സ്മിത പറച്ചിലിനൊപ്പം കരയാന്‍ തുടങ്ങി.
‘അച്ചാ..’
നിലാമോള്‍ ഉറക്കെ കരയുന്നു. വീണ്ടും വീണ്ടും ഛര്‍ദ്ദിക്കുന്നു.
ആരോ, സ്‌ട്രെക്ചറുമായി ഓടിവരുന്നു. സുഭാഷിന് ലോകം മുഴുവന്‍ തനിക്ക്ചുറ്റും തിരിയുന്നതുപോലെ തോന്നി.
‘ഇതെന്താ? മൂന്നാമത്തെയാളായിങ്ങനെ.’
ആരോ പറയുന്നുണ്ട്.
മിന്നായംപോലെ ആള്‍ക്കൂട്ടത്തിനിടയിലൂടെ അയാള്‍ നടന്നുപോകുന്നത് കണ്ട് സുഭാഷ് അലറിവിളിച്ചു.
‘വേണ്ട. ഇവിടെ വേണ്ട. നമുക്ക് വേറെയെങ്ങോട്ടെങ്കിലും പോകാം.’
സ്മിതയുടെ എതിര്‍പ്പിനെ വകവെക്കാതെ കുഞ്ഞിനെയുമെടുത്ത് സുഭാഷ് ആശുപത്രിക്ക് പുറത്തേക്കോടുകയായിരുന്നു. ആദ്യം കണ്ട ടാക്‌സിയില്‍ കയറി നഗരത്തിലെ ഈ ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. ഇവിടെയെത്തിയാല്‍ പേടിക്കാനില്ലെന്ന് ആരൊക്കെയോ പറഞ്ഞതോര്‍മ്മയുണ്ട്. കാശുണ്ടായാല്‍ മതി. ടാക്‌സിക്കാരന്‍ പഴയൊരു പരിചയക്കാരനായിരുന്നു. വെപ്രാളവും ഓട്ടവുമൊക്കെ കണ്ടപ്പോള്‍ അയാള്‍ കൂടുതലൊന്നും ചോദിക്കാന്‍ നിന്നില്ല. കാറിന്റെ മുന്നിലും വശങ്ങളിലുമുള്ള ലൈറ്റുകളെല്ലാമിട്ട് ഒരു ആംബുലന്‍സിന്റെ ഭാവം കൈവരിച്ചു. ഹോണില്‍ നിന്നും കൈയ്യെടുക്കാതെയുള്ള ചീറിപ്പാച്ചില്‍. ഇത്രേം വേഗത്തില്‍ പോവണ്ടാന്നു പറയണമെന്നുണ്ടായിരുന്നു. സ്മിത സുഭാഷിന്റെ കൈയ്യില്‍ മുറുക്കെ പിടിച്ചു. നിലാമോള്‍ രണ്ടുപേരുടെയും മടിയിലായി കിടക്കുകയാണ്. കാറില്‍വെച്ചും ഒന്നുരണ്ടുതവണ ഛര്‍ദ്ദിച്ചു. കാറ് വൃത്തികേടാവാതിരിക്കാനുള്ള കരുതലില്‍ സ്മിത ഛര്‍ദ്ദില്‍ തോര്‍ത്തില്‍ ഏറ്റുവാങ്ങി. പിന്നെയാ തോര്‍ത്ത് ചുരുട്ടി ഒരു പ്ലാസ്റ്റിക് സഞ്ചിയിലിട്ടു. ലൈറ്റിട്ട് ചീറിപ്പായുന്ന കാറിന് മറ്റുവാഹനങ്ങള്‍ ആംബുലന്‍സിനെന്നവണ്ണം വഴിയൊഴിഞ്ഞു കൊടുക്കുന്നതു കണ്ടപ്പോള്‍ ഈലോകം എത്ര സുന്ദരമാണെന്നും മനുഷ്യര്‍ എത്ര നല്ലവരാണെന്നും സുഭാഷിന് തോന്നി. ഈ ആശുപത്രിയിലെത്തിയിട്ട് ഇന്നിപ്പോള്‍ പത്താമത്തെ ദിവസമാണ്. നിലാമോള്‍ പൂര്‍ണ്ണ ആരോഗ്യവതിയാണ്. ചിരിയും കളിയുമായി അവള്‍ നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും കണ്ണിലുണ്ണിയായിക്കഴിഞ്ഞു ഇതിനകം. ഇത്രയും ദിവസത്തിനിടെ കാന്റീനിലും വരാന്തകളിലും താഴത്തെ നിലയിലെ ഒ.പി. മുറികളുടെ മുന്നിലുമെല്ലാം സുഭാഷ് തൂവെള്ള നീളക്കുപ്പായമിട്ട ഉയരമുള്ളയാളെ സങ്കല്പ്പിക്കുന്നുണ്ടായിരുന്നു. അന്നുണ്ടായതെല്ലാം വെറും തോന്നലായിരുന്നുവെന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്തോറും പേടി തികട്ടി തികട്ടി വന്നു. പക്ഷെ എവിടെയും കാണാന്‍ സാധിച്ചിരുന്നില്ല. എന്നിട്ടിപ്പോള്‍ അവസാനദിവസമായ ഇന്നാണ് കണ്ടതുപോലെ തോന്നുന്നത്.
‘എവിടെയാ ബില്ലടക്ക്ാ? എട്ടാം നമ്പര്‍ കൗണ്ടറെവിട്യാ?’
റിസപ്ഷനില്‍ ചോദിച്ചപ്പോള്‍ വെപ്രാളം കണ്ടിട്ടാവണം കാട്ടിക്കൊടുക്കാന്‍ ഒരാള്‍ കൂടെച്ചെന്നു. എത്രയും പെട്ടെന്ന് ഇവിടുന്ന് രക്ഷപ്പെടണമെന്നായിരുന്നു ചിന്ത. എങ്ങനെയെങ്കിലും വീടെത്തിയാല്‍ മതി. ബില്ലുകളെല്ലാമടച്ച്, ഡിസ്ചാര്‍ജ്ജ് ഷീറ്റ് വാങ്ങിക്കുമ്പോഴും ചുറ്റും തിരഞ്ഞുകൊണ്ടിരുന്നു. ഹേയ്. അങ്ങനെയൊരാളുണ്ടാവില്ല. വെറുതെ തോന്നലാണ്. സ്വയം പറഞ്ഞു. ചുറ്റുപാടുകളിലെ കാഴ്ചകളില്‍ നിന്നും ബലപ്പെട്ട് കണ്ണുകളെ തിരിച്ചെടുക്കുന്നതിനിടെയാണ് അതുകണ്ടത്. അതെ. അയാളതാ ഫാര്‍മസിക്കുമുന്നിലെ നിരയായിട്ട കസേരകളിലൊന്നിലിരിക്കുന്നു! സൂക്ഷിച്ചുനോക്കി. സംശയമില്ല. അയാള്‍ തന്നെ. പഴയ അതേ നീളന്‍ കുപ്പായം! പാതിയഴിഞ്ഞ തലക്കെട്ട്! സുഭാഷിന് ഉറക്കെ കരയണമെന്നുതോന്നി. അയാള്‍ ആരെയോ നോക്കി പുഞ്ചിരിക്കുന്നുണ്ട്. പൊടുന്നനെയൊരിളക്കം. ആളുകള്‍ ഓടിക്കൂടുന്നു. ആരോ കുഴഞ്ഞുവീണതാണ്. സെക്യൂരിറ്റിക്കാര്‍ പരക്കം പായുന്നു. സ്‌ട്രെക്ചര്‍ ഉരുണ്ടുവരുന്ന ശബ്ദം.
‘എടുത്തുകിടത്ത്… വേഗം.’
സുഭാഷ് ഭയത്തോടെ അയാളിരുന്നയിടത്തേക്ക് നോക്കി. ഒരു മാറ്റവുമില്ല. പഴയ ഇരിപ്പുതന്നെ. സംതൃപ്തിയുള്ള ചിരിയാണ് മുഖത്ത്. ഇനിയിവിടെ നിന്നാല്‍ ശരിയാവില്ലാ. അഞ്ചുനിലകളും ഓടിക്കയറുകയായിരുന്നു സുഭാഷ്.
‘നിങ്ങള്‍ക്കെന്താ ഭ്രാന്തുപിടിച്ചോ? എന്തിനായിത്ര ധൃതി?’
സ്മിത പ്രതിരോധിച്ചുനോക്കിയെങ്കിലും ഡിസ്ചാര്‍ജ്ജ് ഷീറ്റും സുഭാഷിന്റെ മുഖഭാവവും കണ്ടപ്പോള്‍ വേഗം ഉടുപ്പുകളും പാത്രങ്ങളുമൊക്കെ സഞ്ചിയിലാക്കി മുറിവിട്ടിറങ്ങി. ഇത്രയും ദിവസത്തെ ആശുപത്രിവാസം അവളെ അത്രയും മുഷിപ്പിച്ചിട്ടുണ്ടെന്ന് ആ തിടുക്കത്തില്‍ വ്യക്തമായിരുന്നു.
‘അച്ചാ, നേഴ്‌സാന്റിയോട് മോള്‍ റ്റാറ്റാ പറഞ്ഞില്ലല്ലോ.’
നിലാമോള്‍ ചിനുങ്ങി. അവളുടെ വാശിക്കുമുന്നില്‍ തോറ്റുകൊടുക്കാനുള്ള സമയമല്ലിപ്പോള്‍. മുറിവിട്ടിറങ്ങി വരാന്തയിലെത്തിയപ്പോള്‍ ലിഫ്റ്റ് തുറന്നുകിടക്കുന്നു. എത്രയും പെട്ടെന്ന് താഴെയെത്തണം. പേടിയൊക്കെ മാറ്റിവെച്ച് അതില്‍ കയറിയപ്പോള്‍ ഓപ്പറേറ്റര്‍ ചിരിച്ചു.
‘എന്താ സാറേ, എന്നോടുള്ള വിരോധം തീര്‍ന്നോ?’
വിരോധം കൊണ്ടല്ല ഇത്രയും ദിവസം ലിഫ്റ്റില്‍ കയറാതിരുന്നതെന്ന് വിശദീകരിക്കണമെന്നുണ്ടായിരുന്നെങ്കിലും സുഭാഷിനത് സാധിച്ചില്ല. മുഖത്ത് ചിരിവരുത്താന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടു. പുറത്തുവിളിച്ചുനിര്‍ത്തിയ ടാക്‌സിയിലേക്ക് സ്മിതയെയും മോളെയും കൂട്ടി ഓടുമ്പോള്‍ ഗ്രൗണ്ട് ഫ്‌ളോറിലെ നിരത്തിയിട്ട കസേരകളിലേക്ക് സുഭാഷ് വീണ്ടും നോക്കി. ഇല്ല. ഭാഗ്യം. കാണാനില്ല. കാറില്‍ കയറിയിട്ടും നിലാമോള്‍ക്ക് നേഴ്‌സാന്റിയോട് റ്റാറ്റാ പറയാന്‍ കഴിയാത്തതിന്റെ സങ്കടം മാറിയിരുന്നില്ല. അവള്‍ ചിനുങ്ങി കരഞ്ഞു.
‘അയ്യോ, അച്ചാ, ന്റെ ആനപ്പാവയെ നേഴ്‌സാന്റീടെ മുറീലുവെച്ച് മറന്നുപോയി. എനിക്കത് വേണം.’
‘മോള്‍ക്ക് അച്ഛന്‍ വേറെ അതിലും നല്ല ഇത്രേം വലിയ ആനപ്പാവേ വാങ്ങിത്തരാട്ടോ.’
സുഭാഷവളെ ചേര്‍ത്തുപിടിച്ചു. കാര്‍ ആശുപത്രിയുടെ ഗേറ്റ് കടക്കുമ്പോള്‍ വീണ്ടുമൊരിക്കല്‍ക്കൂടെ സംശയം തീര്‍ക്കാനായി സുഭാഷ് തിരിഞ്ഞുനോക്കി. കണ്ണടവെച്ച
ദൂരക്കാഴ്ചയിലയാള്‍ വ്യക്തമായിക്കണ്ടു.
കാഷ്വാലിറ്റിയുടെ ചില്ലുവാതിലും ചാരി ആ നിറഞ്ഞ ചിരി.