മീററ്റ്: ജൈവകൃഷിയിലൂടെ കാര്‍ഷിക സ്വയംപര്യാപ്തത കൈവരിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്. മീററ്റിലെ ഹസ്തിനപുരിയില്‍ ഭാരതീയ കിസാന്‍ സംഘ് സംഘടിപ്പിച്ച ത്രിദിന കൃഷക് സമ്മേളനത്തിന്റെ സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷികമേഖലയെ സ്വയംപര്യാപ്തമാക്കുന്നതിന് പശു ആധാരിത കൃഷിരീതികള്‍ അവലംബിക്കണം. ചെലവ് കുറഞ്ഞതും ലാഭകരമായതുമായ കാര്‍ഷിക രീതിയാണിത്. പരിസ്ഥിതിക്കും മണ്ണിനും കോട്ടമില്ലാതെ മുന്നേറാന്‍ അത് സഹായിക്കും. മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിന് ഈ കൃഷിരീതി ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയര്‍ പശുവിനെ വളര്‍ത്തുന്നതും പരിപാലിക്കുന്നതും പാലിന് വേണ്ടി മാത്രമല്ല. പരിസ്ഥിതി സംരക്ഷണത്തിനും കൃഷിക്കുമൊക്കെ വേണ്ടിയാണ്. പശുവിനെ അടിസ്ഥാനമാക്കിയുള്ള കൃഷിരീതി പാടേ ഉപേക്ഷിച്ചാണ് നമ്മള്‍ ഇന്ന് രാസകൃഷിയിലേക്ക് നീങ്ങിയത്. അതിന്റെ പാര്‍ശ്വഫലങ്ങളാണ് ഇപ്പോള്‍ കാണുന്നത്. പഞ്ചാബ് വലിയ ഉദാഹരണമാണ്. രാസകൃഷി മൂലം അവിടെ കാന്‍സര്‍ ട്രെയിന്‍ ഓടിത്തുടങ്ങി. ഇതൊഴിവാക്കാന്‍ ആധുനിക സാങ്കേതികവിദ്യയെ ഉപേക്ഷിക്കാതെതന്നെ പശുവിനെ ഉപയോഗിച്ചുള്ള ജൈവകൃഷിയിലേക്ക് സമൂഹം മടങ്ങണം. അതുവഴി ഭാരതത്തിന്റെ മാത്രമല്ല, ലോക സമൂഹത്തിന്റെയാകെ ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.