ഒരു കാലഘട്ടത്തില്‍ എഴുതുന്നവരെയെല്ലാം സമകാലികര്‍ എന്ന് വിളിക്കാം. എന്നാല്‍ സവിശേഷമായ ദര്‍ശനവും കലാശൈലിയുമുള്ളവരെ ചിലപ്പോള്‍ ആധുനികര്‍ എന്ന് വിളിക്കാറുണ്ട്. ആധുനിക എഴുത്തുകാര്‍ എന്ന് പേരിട്ട് വിളിക്കുന്നവര്‍ മാത്രമേ മികച്ച രചനകള്‍ നടത്തിയുള്ളൂ എന്ന് ഒരു നിരൂപകനും പറഞ്ഞതായി അറിവില്ല. മലയാളത്തില്‍ ഓ.വി വിജയനേയും ആനന്ദിനേയും സേതുവിനേയും കാക്കനാടനേയും പുനത്തിലിനേയും എം. മുകുന്ദനേയും ആധുനിക എഴുത്തുകാര്‍ എന്ന് പറയാറുണ്ട്. ഇതിനര്‍ത്ഥം, എം.ടി.യും ടി.പത്മനാഭനും സി.രാധാകൃഷ്ണനും പി. വത്സലയും എന്‍.പി. മുഹമ്മദും രണ്ടാംതരക്കാര്‍ എന്നല്ല. മലയാളത്തിലെ നവീന നിരൂപകരായ കെ.പി.അപ്പനും വി.രാജകൃഷ്ണനും ആഷാമേനോനും നരേന്ദ്രപ്രസാദും, അവരുടെ രചനകള്‍ ഏറെയും ഫോക്കസ്സ് ചെയ്തത് ആനന്ദിനേയും എം. മുകുന്ദനേയും കാക്കനാടനേയും മറ്റും പഠിക്കാനാണ്. സേതുവിന്റെ ‘പാണ്ഡവപുരം’ മലയാളത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട മാജിക്കല്‍ റിയലിസ്റ്റ് രീതിയില്‍ എഴുതപ്പെട്ട നോവലാണ്. ഈ നോവല്‍, ആധുനികതയെ എതിര്‍ത്ത വിലാസിനിയും എം.കൃഷ്ണന്‍നായരും എസ്.ഗുപ്തന്‍നായരും തുറവൂര്‍ വിശ്വംഭരനും, എം.ലീലാവതിയും ഇഷ്ടപ്പെട്ടിരുന്നു. ആധുനികത വ്യക്തിയുടെ ആന്തരികതയിലും ജീവിതത്തിന്റെ യുക്തിരാഹിത്യത്തിലും ഉന്നതമായ യാഥാര്‍ത്ഥ്യം കാണുന്നു. അത് ദാര്‍ശനിക സ്വഭാവമുള്ളതും കാല്‍പനിക വിരുദ്ധവുമാണ്. അബോധ ചലനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതും യാഥാര്‍ത്ഥ്യത്തെ മാജിക്കല്‍ റിയലിസ്റ്റ് രീതിയില്‍ അവതരിപ്പിക്കുന്നതുമാണ്. റിയലിസവും സോഷ്യലിസ്റ്റ് റിയലിസവും പരാജയപ്പെട്ടപ്പോഴാണ് ലോകമെമ്പാടും എഴുത്തുകാര്‍ മാജിക്കല്‍ റിയലിസത്തിലേക്ക് നീങ്ങിയത്. അറബിക്കഥകളിലും ഭാരതീയ പുരാണങ്ങളിലെ ഉപകഥകളിലും മാജിക്കല്‍ റിയലിസത്തിന്റെ ടച്ച് കാണാം.
സേതു
പുനത്തിലും സേതുവും ചേര്‍ന്ന് എഴുതിയ ”നവഗ്രഹങ്ങളുടെ തടവറ” എഴുപതുകളില്‍ ശ്രദ്ധിക്കപ്പെടാതെ പോയി. കാരണം ഇത് കാലംതെറ്റി പിറന്ന ഒരു കൃതിയായിരുന്നു. പേടിസ്വപ്‌നങ്ങളും ഭ്രമകല്‍പനകളും ചേര്‍ത്ത് കഥകള്‍ നിര്‍മ്മിക്കുന്ന രീതി മലയാളത്തില്‍ വിജയിപ്പിച്ച എഴുത്തുകാര്‍ ഓ.വി. വിജയനും സേതുവും പുനത്തിലുമാണ്. സേതുവിന്റെ കഥകളിലെല്ലാം പേടി സ്വപ്‌നത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുന്നു. റിയാലിറ്റിയെക്കാള്‍ ഫാന്റസിയുടെ തലങ്ങളാണ് സേതു ഉള്‍പ്പെടെയുള്ള എഴുത്തുകാര്‍ പരീക്ഷിച്ചത്. പലതരം നര്‍മ്മങ്ങളും നാടന്‍ വാക്കുകളുടെ ശക്തിയും സൗന്ദര്യവും സേതുവും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഒരു കാലഘട്ടത്തിലെ നിസ്സഹായനായ മനുഷ്യന്റെ ആത്മവേദനകളാണ് ആധുനികതയുടെ ആചാര്യന്മാരായ ആല്‍ബേര്‍കമ്യൂവും കാഫ്കയും സാമുവല്‍ബക്കറ്റും മാക്‌സ്ഫ്രീഷും ആവിഷ്‌കരിച്ചത്. ഈ നിസ്സഹായത സേതുവിന്റെ ആദ്യകാലകഥകളിലെല്ലാം നിറഞ്ഞ് നില്‍ക്കുന്നു. ‘കാഫ്കാസ്‌ക്’ (kafkaesque) സാഹിത്യം എന്നത് എണ്‍പതുകളില്‍ യൂറോപ്പില്‍ പരക്കെ ഉപയോഗപ്പെടുത്തിയിരുന്നു. യാഥാര്‍ത്ഥ്യത്തിന്റെയും പേക്കിനാവിന്റേയും ഇടയിലൂടെ തെന്നി നീങ്ങുന്ന ജീവിതത്തിന്റെ ഭയവിഹ്വലതകളാണ് ‘കാഫ്കാസ്‌ക്’ സാഹിത്യത്തിലൂടെ യൂറോപ്പിലെ ആധുനികര്‍ ആവിഷ്‌കരിച്ചത്. ചിലപ്പോള്‍ അകാരണമായ ഒരുതരം ഭീതി നിറപ്പകിട്ടില്ലാത്ത, വിവരണാത്മകമായ ശൈലിയില്‍ പിളര്‍ന്നു കയറുന്ന സൂക്ഷ്മതയോടെ ആവിഷ്‌കരിച്ച സേതുവിന് എഴുത്തച്ഛന്‍ പുരസ്‌കാരം അല്‍പം വൈകിയാണ് കിട്ടുന്നത്.
ആധുനിക ജീവിതത്തിന്റെ പ്രത്യേകിച്ച് മഹാനഗരങ്ങളിലെ അനുഭവത്തിന്റെ അടിസ്ഥാനഭാഗങ്ങളിലൊന്നായി എഴുത്തുകാര്‍ കണ്ടെത്തിയ അകാരണമായ ഭീതിചിന്ത ആവിഷ്‌കരിച്ച സേതുവിന്റെ മാസ്റ്റര്‍ പീസ് എന്ന് വിശേഷിപ്പിക്കുന്ന ‘ജനാബ് കുഞ്ഞിമൂസ്സഹാജി’ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട കഥകളില്‍ ഒന്നാണ്. മെക്‌സിക്കന്‍ കവിയും വിമര്‍ശകനുമായ ഒക്‌ടോവിയോ പാസ്സ് എഴുതിയ ‘നീലബൊക്ക’ എന്ന കഥയുമായുള്ള തീമിലുള്ള സാമ്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. ‘ജനാബ് കുഞ്ഞിമൂസ്സഹാജി’ മലയാള ചെറുകഥാസാഹിത്യത്തിലെ ഏറ്റവും മികച്ച നാലോ അഞ്ചോ കഥകളില്‍ ഒന്നാണെന്ന് പുനത്തില്‍ ഒരു അഭിമുഖത്തില്‍ ഇതെഴുതുന്ന ലേഖകനോട് പറഞ്ഞിരുന്നു.
കുഞ്ഞിമൂസ്സഹാജിയെന്ന മിത്തിക്കല്‍ കഥാപാത്രത്തെ തേടിയുള്ള കഥാകൃത്തിന്റെ യാത്രയാണീ കഥയുടെ തീം. പുറത്തെ വിജനമായ വീഥിയില്‍ നിന്നാരംഭിച്ച് ഇരയുടെ മനസ്സില്‍ കിടിലമുണര്‍ത്തിക്കൊണ്ട് പോയ് മറയുന്ന ഭീഷണമായ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ സേതു അസാധാരണമായ തരത്തില്‍ വിജയിക്കുന്നു. ഒരു ഗ്രാമപ്രദേശത്താണ് കുഞ്ഞിമൂസ്സഹാജി താമസിക്കുന്നത്. വളരെ വിദൂരതയില്‍ ഒരു കുന്നിന്‍ താഴ്‌വരയിലെ ഇരുള്‍ മുടിക്കോട്ട പോലുള്ള ഹാജിയുടെ വീട്ടില്‍ ആരും കടന്ന് ചെല്ലാറില്ല. അവിടെ എന്ത് നടക്കുന്നു എന്ന് പുറം ലോകത്തിനറിയില്ല.
ഹാജിയാര്‍ എന്ന കഥാപാത്രം ഗ്രാമീണരുടെ മനസ്സില്‍ ഒരു ദൈവമായി അവശേഷിക്കുന്നു. പക്ഷേ അവര്‍ ഒരിക്കല്‍ പോലും ഹാജിയാരെ കണ്ടിട്ടില്ല. ഒരു സന്ധ്യയ്ക്ക് ഹാജിയാരുടെ കോട്ടയിലെത്തിയ കഥാകൃത്തിനെ ആദ്യം സ്വാഗതം ചെയ്യുന്നത് ഒരു വിചിത്ര മനുഷ്യനാണ്. മൊട്ടയടിച്ച തലയുള്ള ഈ ആജാനബാഹുവിന്റെ പേര് സുലൈമാന്‍ എന്നാണ്. അതിഥിക്ക് കരിക്കിന്‍വെള്ളം കൊടുക്കാന്‍ ഹസ്സന്‍ എന്ന പരിചാരകനോട് സുലൈമാന്‍ പറയുന്നു. പിന്നെ സ്ഥലത്തെ മൗലവി കടന്നുവരുന്നു. എല്ലാവരും കഥാകൃത്തിനോട് തന്റെ ആഗമനോദ്ദേശം ചോദിക്കുന്നു. വിറച്ച് വിറച്ചുകൊണ്ട് കഥാകൃത്ത് വീണ്ടും ഹാജിയാരെ കുറിച്ച് ചോദിക്കുന്നു. സുലൈമാന്‍ പറയുന്നത് ”ഹാജിയാരുടെ വരവും പോക്കും പടച്ചവന് മാത്രമേ അറിയൂ”. ഹാജിയാരുമായി മാത്രം പങ്കിടാനുള്ള രഹസ്യം മനസ്സില്‍ ഒതുക്കി കഥാകൃത്ത് അവിടെ നിലയുറപ്പിച്ചു. മെതിയടിക്കാരന്‍ സുലൈമാന്‍ മുറ്റത്തേക്ക് ഇറങ്ങി വടക്ക് വശത്ത് നടന്നു. ”നിങ്ങള്‍ വന്നത് വല്ല ഫണ്ട് പിരിവിനാണെങ്കില്‍ നമ്പ്യാര്‍ വരണം” മൗലവി പറഞ്ഞു. ”കൊപ്രയുടെ കണക്കാണെങ്കില്‍ എന്നോട് പറഞ്ഞാല്‍ മതി” മൗലവി വീണ്ടും പറഞ്ഞു. അല്‍പം കഴിഞ്ഞപ്പോള്‍ എല്ലാവരും അപ്രത്യക്ഷമായി. ഇരുട്ട് കൂടിക്കൂടിവന്നു. കഥാകൃത്തിന്റെ മനസ്സില്‍ കൂട് കെട്ടിയ ഹാജിയാരുടെ രൂപം സ്‌നേഹസ്വരൂപന്റേതായിരുന്നു. ഇടയ്ക്ക് ഹസ്സന്‍ എന്ന കഥാപാത്രം പ്രത്യക്ഷപ്പെട്ടു. അവന്‍ പറഞ്ഞു ”പൊന്ന് വില്‍ക്കാനോ വാങ്ങാനോ ആണെങ്കില്‍ അസ്സന്‍ ശരിയാക്കിത്തരും”. ”ഇതിനൊന്നുമല്ല ഞാന്‍ വന്നതെന്ന്” കഥാകൃത്ത് പറഞ്ഞു. ”സുലൈമാനോടോ ഹസ്സനോടോ പറയാന്‍ പറ്റാത്ത എന്ത് രഹസ്യമാണ് നിനക്കുള്ളത്”? ഹസ്സന്‍ ചോദിച്ചു. ഹസ്സന്‍ ഒരു വലിയ കത്തിയെടുത്ത് കല്ലില്‍ മൂര്‍ച്ചകൂട്ടി. കഥാകൃത്ത് അല്‍പം മയങ്ങിപ്പോയി. കണ്ണുകള്‍ തുറന്നപ്പോള്‍ സുലൈമാനും ഹസ്സനും ഹാജിയാരും തനിക്ക് ചുറ്റും നൃത്തം ചെയ്യുന്നു. അവര്‍ ആര്‍ത്തട്ടഹസിക്കുന്നു. ”കുഞ്ഞിമൂസ്സഹാജിയിവിടെയില്ല”. ”അദ്ദേഹത്തെ ഞങ്ങള്‍ പണ്ടേ കൊന്നു, ഇപ്പോള്‍ ഞങ്ങള്‍ എല്ലാവരും കൂടിചേര്‍ന്നാല്‍ കുഞ്ഞിമൂസ്സ ഹാജിയായി.” ഹസ്സന്റെ തിളങ്ങുന്ന കത്തി കഥാകൃത്തിന്റെ കഴുത്തില്‍ അമരുന്നു. ”ആ അന്ത്യനിമിഷത്തിലും അദ്ദേഹത്തിന്റെ മനസ്സില്‍ കുഞ്ഞിമൂസ്സഹാജിയുടെ രൂപം ദൈവത്തെപ്പോലെ പ്രത്യക്ഷപ്പെട്ടു.
ഈ കഥ ഒരു സെമി അലിഗറി (semi allegory) യും ഫാന്റസ്സിയുമാണ്. അനേകം തലങ്ങളില്‍ ഈ കഥയെ വ്യാഖ്യാനിക്കാന്‍ കഴിയും. സംഘടിത മതത്തിന്റെ വയറ് കീറി കുടല്‍ മാലകള്‍ പുറത്തിടുന്ന കപട ശക്തികളെ ഈ കഥ തുറന്നുകാണിക്കുന്നു. ആധുനികയുഗത്തിലെ വിശ്വാസതകര്‍ച്ചയുടെ ഒരു ചിത്രം ഈ കഥയിലുണ്ട്. ദൈനംദിന യാഥാര്‍ത്ഥ്യത്തിന്റെ ഉപരിതലത്തില്‍ ആകസ്മികമായി വന്നെത്തുന്ന ദുരന്തത്തെ സേതു പ്രതീകാത്മകമായി അവതരിപ്പിക്കുന്നു. വ്യക്തിഗതമായ ഒരു ദുഃസ്വപ്‌നത്തിന് രൂപം നല്‍കുകയാണ് സേതു ചെയ്തത് എന്ന അഭിപ്രായം എനിക്കില്ല. സേതു ഇതെഴുതുന്ന കാലത്ത് ഉത്തരേന്ത്യയില്‍ നടന്ന രാഷ്ട്രീയ സംഘട്ടനങ്ങളും ഈ കഥയുടെ അകക്കാമ്പിലുണ്ട്.
ഭ്രമകല്‍പനകളുടെ അറ്റം കാണാത്ത തുരുത്തുകള്‍ സേതു വരച്ചിടുന്നു. യാഥാര്‍ത്ഥ്യം ഭ്രമാത്മകഭാവനയുമായി ഇഴുകിച്ചേര്‍ന്ന് ഭ്രാന്തമായ ഒരവസ്ഥ ഉണ്ടാക്കുന്ന കഥയാണ് ‘പുക’. യാഥാര്‍ത്ഥ്യത്തില്‍ തുടങ്ങി ഭയാനകമായ ഭ്രമാത്മകതയില്‍ അവസാനിക്കുന്ന ‘പുക’ എന്ന കഥ നമുക്ക് ചുറ്റും പരിചയമുള്ള യാഥാര്‍ത്ഥ്യവും മിഥ്യയാണ് എന്ന് തെളിയിക്കുന്നു. യുക്തിപൂര്‍വ്വം കാര്യങ്ങളെ അവതരിപ്പിച്ചിട്ട് ആ യുക്തിയെ ഖണ്ഡിക്കുന്ന ആശയങ്ങള്‍ കൊണ്ടുവന്ന് എല്ലാം ഒരു ഭ്രമത്തിലാണെന്ന് സ്ഥാപിക്കുകയാണ് സേതു ചെയ്യുന്നത്.
മരണം
മരണം ആധുനികതയുടെ പ്രവാചകന്മാരായി ലോകം വാഴ്ത്തുന്ന സാര്‍ത്രും, കമ്യുവും, കാഫ്കയും, മാക്‌സ് ഫ്രീഷും, ബക്കറ്റും, ക്രൂരഫലിതമായും ദാര്‍ശനിക പ്രശ്‌നമായും അവതരിപ്പിച്ചിട്ടുണ്ട്. മൃത്യുബോധത്തിന്റെ വേരുകള്‍ എഴുത്തുകാരന്റെ ബാല്യകാല അനുഭവങ്ങളില്‍ കലര്‍ന്നിരിക്കാം. മരണം കരിക്കട്ടയില്‍ കോറിയിട്ട വികൃത രൂപങ്ങളായി, ചിലപ്പോള്‍ ഓര്‍ക്കാപ്പുറത്ത് അലട്ടുന്ന അലമുറകളായും സേതുവിന്റെ കഥകളില്‍ കാണാറുണ്ട്. ‘കര്‍ക്കിടകം’ എന്ന കഥയിലെ മുഖ്യകഥാപാത്രം സേതുമാധവന്‍ ഒരു ദിവസം താന്‍ മരിക്കാന്‍ പോകുകയാണെന്ന് സ്വയം പ്രഖ്യാപിക്കുന്നു. കര്‍ക്കിടകത്തിലെ കറുത്തവാവിന് ഒരു നട്ടുച്ചയ്ക്ക് അയാള്‍ ഭാര്യയെ വിളിച്ച് താന്‍ ഏതാനും മണിക്കൂറുകള്‍കൊണ്ട് മരിക്കുമെന്ന് പറഞ്ഞു. അത് അവള്‍ക്ക് ഒരു ഷോക്കായിരുന്നു. സ്‌കൂള്‍ വിട്ട് വീട്ടില്‍ കുട്ടികള്‍ വന്നതോടെ കൂട്ടക്കരച്ചിലായി. അടുത്ത വീട്ടില്‍ നിന്നും ആളുകള്‍ ഒഴുകിയെത്തി. കേളുനായര്‍ മാസ്റ്റര്‍ എത്തി. അദ്ദേഹം എല്ലാവരോടുമായി പറഞ്ഞു. ”സേതുമാധവന്‍ എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നു”. കൊപ്രകച്ചവടക്കാരന്‍ കണാരന്‍ വന്നപ്പോള്‍ സേതുമാധവന്‍ തന്റെ മകനെ വിളിച്ച് അദ്ദേഹത്തിന് കൊടുക്കാനുള്ള പണം കൊടുക്കാന്‍ പറഞ്ഞു. തന്റെ ശവസംസ്‌കാരച്ചിലവിനുള്ള പണം തന്റെ മകന്റെ കൈയ്യില്‍ കൊടുത്തു. തേങ്ങലുകള്‍ കനത്ത് വരികയാണ്, എല്ലാവരും അത്യുച്ചത്തില്‍ കരയുന്നു. അതിനിടയില്‍ മലര്‍ക്കെ തുറന്ന പുറത്തെ വാതിലിനിടയിലൂടെ ഒരു കയര്‍ നീണ്ടുവരുന്നു. സേതുമാധവന്‍ തല ആ കുടുക്കിന് നേരെ നീട്ടി. കയര്‍ അദ്ദേഹത്തെ വരിഞ്ഞ് മുറുക്കി. മരണം ഫലിതവും തമാശയുമാണെന്ന് സി.ജെ. തോമസ് തന്റെ ചില രചനകളിലൂടെ തെളിയിച്ചിട്ടുണ്ട്. മരണത്തെ ഹാസ്യാത്മകമായി അവതരിപ്പിച്ച് അതിനുള്ളിലെ ഭീതിചിന്തയെ പരിഹസിക്കുകയാണ് സേതു ചെയ്യുന്നത്.
മരണം എല്ലാ ആധുനിക എഴുത്തുകാരെയും അലട്ടുന്ന പ്രശ്‌നമാണെന്ന് അവരുടെ രചനകള്‍ തെളിയിക്കുന്നു. ഓ.വി വിജയന്റെ ‘പാറകള്‍’, ആനന്ദിന്റെ ‘മരണസര്‍ട്ടിഫിക്കറ്റ്’, പുനത്തിലിന്റെ ‘കൊലച്ചോറ്’, കാക്കനാടന്റെ ‘യാത്ര’, ‘വസൂരി’, എം. മുകുന്ദന്റെ ‘അഞ്ചര വയസ്സുള്ള കുട്ടി’, എം.ടി.യുടെ ‘വിലാപയാത്ര’, കെ.സുരേന്ദ്രന്റെ ‘മരണം ദുര്‍ബ്ബലം’ തുടങ്ങിയ കൃതികള്‍ മരണത്തെ താത്വികവല്‍കരിക്കുന്നു.


മടുപ്പ് (ബോര്‍ഡം)
മടുപ്പ് ആധുനിക ജീവിതത്തിന്റെ ഒരുഭാഗമാണ്. ഈ പ്രതിഭാസത്തെ മലയാളത്തില്‍ ഏറ്റവും സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയത് വന്‍നഗരങ്ങളില്‍ ജോലി ചെയ്ത ആനന്ദും, ഓ.വി.വിജയനും, എം.പി. നാരായണപിള്ളയും സേതുവുമാണ്. സേതുവിന്റെ ‘വൃശ്ചികത്തിലെ രാത്രി’, ‘യാത്ര’ തുടങ്ങിയ കഥകള്‍ ശില്‍പമനോഹാരിത വഴിഞ്ഞൊഴുകുന്ന കഥകളാണ്. മടുപ്പ് എന്ന വിഷയത്തെ ഇവിടെ ദാര്‍ശനികവല്‍ക്കരിക്കപ്പെടുന്നു.
ജീവിതം ഒരു അര്‍ത്ഥമില്ലാത്ത യാത്രയാണ് എന്ന ചിന്ത സാര്‍ത്രില്‍ നിന്നും കാഫ്കയില്‍ നിന്നുമാണ് മാധവിക്കുട്ടിയും കാക്കനാടനും സേതുവും മറ്റും കടമെടുത്തത്. ‘Life is a journey from womb to tomb'(അമ്മയുടെ ഗര്‍ഭപാത്രം തൊട്ട് ശവക്കല്ലറ വരെയുള്ള യാത്രയാണ് ജീവിതം). കമ്യുവിന്റെ ‘സിസിഫസ് പുരാണം’ എന്ന കൃതിയിലുള്ള ഈ വാക്യം അല്‍പം മാറ്റം വരുത്തി ചുള്ളിക്കാട് ‘ജനിക്കും മൃതിക്കും ഇടയില്‍ ഒരാര്‍ത്ത നാദംപോലെ പായുന്നു ജീവിതം’ എന്നാക്കിമാറ്റി. എം. മുകുന്ദന്റെ ‘പ്രഭാതം മുതല്‍ പ്രഭാതം വരെ’, ‘രാധരാധമാത്രം’ തുടങ്ങിയ കഥകള്‍ കേരളീയ അന്തരീക്ഷവുമായി പൊരുത്തപ്പെടുന്നില്ല. ദര്‍ശനം കടമെടുത്ത് കഥകള്‍ എഴുതിയവരില്‍ ആധുനിക എഴുത്തുകാര്‍ ഏറെ മുന്‍പില്‍ ആയിരുന്നു. ആഷാമേനോന്‍ ഒരിക്കല്‍ ഇങ്ങിനെ എഴുതി ”തലമുറകള്‍ക്കും പാരമ്പര്യത്തിനും, ഒരുതാളക്രമമുണ്ട്, മനുഷ്യന്റെ വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ക്ക് അവന്റെ ജീനുമായി ബന്ധമുണ്ട്.” സ്വന്തം കര്‍മത്തിന്റെ ദൂരുഹമായ സാനുക്കളില്‍ തൊടാനാകാതെ ഏതോ ബാഹ്യപ്രേരണകള്‍ക്ക് വിധേയനായി ജീവിക്കേണ്ടിവരുന്ന മനുഷ്യരെ സ്പര്‍ശിക്കുന്ന കഥയാണ് ‘കുലത്തൊഴില്‍.’ എണ്‍പതുകളില്‍ കെ.പി. അപ്പനെപോലുള്ള നിരൂപകര്‍ ഈ കഥയെ ഏറെ പ്രശംസിച്ചിരുന്നു. മനുഷ്യന്റെ നിലനില്‍പ്പിന് ധാരാളം തടസ്സങ്ങള്‍ ഉണ്ട്. അവനുദ്ദേശിക്കുന്ന തരത്തില്‍ ജീവിക്കാന്‍ പറ്റണമെന്നില്ല. ബാഹ്യപ്രേരണകളും കുടുംബപാരമ്പര്യവും അവനെ പലവഴിക്കും കൊണ്ടുപോകുന്നു. ഇത് സമര്‍ത്ഥമായി ‘കുലത്തൊഴില്‍’ എന്ന കഥയില്‍ സേതു അവതരിപ്പിക്കുന്നു.
രീതിമാറുന്നു
തൊണ്ണൂറുകളില്‍ മലയാള ചെറുകഥയുടെ രീതി മാറിത്തുടങ്ങി. ആധുനികതയുടെ ദാര്‍ശനികത മുറ്റിയ കഥകളില്‍ നിന്ന് ഗതിമാറി സറ്റയറിന്റേയും, സോഷ്യലിസ്റ്റ് റിയലിസത്തിന്റെയും അരിക് പറ്റി കഥകള്‍ എഴുതിയ എം.സുകുമാരനും, യു.പി.ജയരാജിനും വലിയ മൈലേജ് കിട്ടിയ കാലമായിരുന്നു ഇത്. എം.മുകുന്ദനും സേതുവും മറ്റും കളംമാറ്റി ചവുട്ടി ഉത്തരാധുനികതയുടെ വക്താക്കളായി മാറി. വിപണിയും മാധ്യമങ്ങളും നിര്‍ണ്ണയിക്കുന്ന സാമൂഹ്യ മണ്ഡലത്തിലാണ് ഉത്തരാധുനിക കഥകള്‍ രൂപപ്പെടുന്നത്. എണ്ണമറ്റ ടെലിവിഷന്‍ ചാനലുകളുടെ വലയത്തിലാണ് കേരളത്തിലെ ജനങ്ങള്‍. ഇന്നത്തെ കഥകളുടെ സങ്കീര്‍ണ്ണവും പ്രതിഭിന്നവുമായ ആഖ്യാനമണ്ഡലത്തോടൊപ്പം സേതുവും തലയുയര്‍ത്തി നില്‍ക്കുന്നു. ഉത്തരാധുനികതയില്‍ ജീവിതം അനുഭവങ്ങളുടേയും അഭിനയങ്ങളുടേയും കൂടിക്കലരലില്‍ നിന്ന് രൂപപ്പെടുന്നതാണ്. സമസ്തജീവിത വ്യാപാരങ്ങളേയും, മാധ്യമലോകം അതിന്റെ നഖമുനകള്‍ക്കുള്ളില്‍ ഒതുക്കുന്നു. കാണാനും കേള്‍ക്കാനും പഠിക്കാനും മൊബൈല്‍ ഫോണും ട്വിറ്ററും ബ്ലോഗും ഉള്ളപ്പോള്‍ ജീവിതം മാറ്റപ്പെടുകയാണ്. ഇവിടെ സേതു എന്ന സവ്യസാചി പുതിയ ടെക്‌നോളജിയുടെ കടന്നുകയറ്റം തന്റെ പുതിയ കഥകളുടെ തീമാക്കിമാറ്റുന്നു. സക്കറിയയും, എന്‍.എസ്.മാധവനും എം.മുകുന്ദനും സാറാജോസഫും ഇന്നത്തെ പുതുതലമുറയോടൊപ്പം മത്സരിക്കുന്നു. സേതുവിന്റെ ‘തിങ്കളാഴ്ചകളിലെ ആകാശം’ എന്ന കഥ പുതിയ ടെക്‌നോളജി ‘ഫ്രാങ്കന്‍ സ്റ്റൈന്‍മോണ്‍സ്റ്റര്‍’ ആയി മനുഷ്യജീവിതത്തെ തകര്‍ക്കുന്നതിനെതിരായ മുന്നറിയിപ്പാണ്. ശാസ്ത്രം അതിവേഗം കുതിക്കുമ്പോള്‍ ചതഞ്ഞരഞ്ഞുപോകുന്ന മാനുഷികതയുടെ വിലാപമായിരുന്നു ‘ചെങ്ങന്നൂര്‍ വണ്ടി’ പോലുള്ള കഥകളില്‍ ഓ.വി. വിജയന്‍ ആവിഷ്‌കരിച്ചത്. സേതുവും ഇന്നത്തെ കഥാകൃത്തുക്കളോടൊപ്പം പുതിയ ഭാവുകത്വം സൃഷ്ടിക്കുന്നു. ‘പാണ്ഡവപുരം’, ‘ഖസാക്കിന്റെ ഇതിഹാസം’, ‘ആള്‍ക്കൂട്ടം’ തുടങ്ങിയ നോവലുകള്‍ക്കപ്പുറം മലയാളനോവല്‍ സാഹിത്യം വളര്‍ന്നില്ല എന്ന് വാദിക്കുന്ന നിരൂപകരോട് ഈ ലേഖകന് യോജിപ്പുണ്ട്. എല്ലാ നോവല്‍, ചെറുകഥാ ചര്‍ച്ചകളും, അവസാനം ഓ.വി. വിജയനിലും ആനന്ദിലും സേതുവിലും എത്തിച്ചേരുന്നു. അംഗീകാരങ്ങള്‍ ഒരിക്കലും ഒരുകലാകാരനെ നിര്‍മിക്കുന്നില്ല. കേരളത്തിലെ എഴുത്തുകാര്‍ ഭരണവിഭാഗത്തിന്റെ കൂടെ നിന്ന് അവാര്‍ഡുകള്‍ക്കായി കൈ നീട്ടുമ്പോള്‍ അവരില്‍ നിന്ന് മാറി വഴിതെറ്റി ഒറ്റക്ക് സഞ്ചരിക്കുന്ന എഴുത്തുകാരനാണ് സേതു. അദ്ദേഹത്തിന് എഴുത്തച്ഛന്‍ പുരസ്‌കാരം നേരത്തേ കിട്ടേണ്ടതായിരുന്നു.