ചൈനയില്‍ നിന്ന് പുറപ്പെട്ട കോവിഡ്-19നോട് പൊരുതി വിജയിക്കുന്നതില്‍ ലോകരാജ്യങ്ങള്‍ ആശാവഹമായി മുന്നേറുകയാണ്. എന്നാല്‍ ചൈനയിലെ ഷീ ജിന്‍പിങ്ങിന്റെ കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ഭരണകൂടം മറ്റു രാജ്യങ്ങളെ വീഴ്ത്താന്‍ കുഴിച്ച കുഴിയിലേക്ക് സ്വയം വീഴുകയാണ്. ചൈനയില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ നല്‍കുന്ന സൂചനകളതാണ് കാണിക്കുന്നത്. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുമ്പ് വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ചൈനീസ് ഏകാധിപതി, ഷീ ജിന്‍പിങ്ങ് വീട്ടു തടങ്കലിലായെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ വേദിയില്‍ നിന്ന് ഹു ജിന്താവോയെന്ന പാര്‍ട്ടി പ്രമുഖനെ (2002-2012: പാര്‍ട്ടി ജനറല്‍ സെക്രട്ടറി; 2003-2013: ചൈനീസ് പ്രസിഡന്റ്; 2004-2012: ചെയര്‍മാന്‍, സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍) ഷീയുടെ പക്ഷം ബലമായി പിടലിക്ക് പിടിച്ച് പുറത്തിറക്കുന്നത് ലോകം കണ്ടു. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഷീയുടെ ഏകാധിപത്യം വീണ്ടും പിടിമുറുക്കുന്നതിന്റെ വാര്‍ത്തകളും കാഴ്ചകളും പിന്നീടും കണ്ടെങ്കിലും ചൈനയുടെ തെരുവുകള്‍ പോരാട്ടഭൂമിയായി മാറിത്തുടങ്ങുന്നതിന്റെ സൂചനകളാണ് പലവഴികളിലൂടെ പിന്നീട് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
ഷീ ജിന്‍പിങ്ങ് കഴിഞ്ഞ മൂന്നുവര്‍ഷമായി തുടര്‍ന്നു പോരുന്ന ‘സീറോ കോവിഡ്’ പദ്ധതിയിലെ കൊടും ക്രൂരതകളാണ് നിവൃത്തികെട്ട ഇരകളെ തെരുവിലിറക്കിയത്. കൈബോംബും കരുതി കണ്ടവനെ എറിയുവാന്‍ കാത്തു നിന്നവന്റെ കയ്യിലിരുന്നു തന്നെ അത് പൊട്ടിയ ഗതികേടിലാണിന്ന് കമ്യൂണിസ്റ്റ് ചൈന. അപ്പോഴും കോവിഡുമായി ബന്ധപ്പെട്ട് ചൈനീസ് ഭരണകൂടം അടുത്തിറക്കിയ ധവളപത്രത്തില്‍ പറഞ്ഞത് കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം പരിപൂര്‍ണ്ണ വിജയമാണെന്നും അമേരിക്കയും യൂറോപ്പും ഭാരതവുമെല്ലാം അടങ്ങുന്ന രാജ്യങ്ങള്‍ കോവിഡില്‍ തകര്‍ന്നടിയുന്നുവെന്നുമാണ്. അതിനുവേണ്ടി അമേരിക്കന്‍ അനുഭവം വിശദീകരിച്ചും ഭാരതത്തിലെ രണ്ടാം തരംഗത്തിലുണ്ടായ ചില പ്രശ്‌നങ്ങള്‍ ആവുന്നത്ര പര്‍വതീകരിച്ചും ആശ്വാസംകൊണ്ടു. പക്ഷേ വെളുത്ത പത്രത്തില്‍ നിരത്തിയ കറുത്ത കള്ളങ്ങള്‍ തുടച്ചു നീക്കിയിട്ടെന്നു തോന്നുമാറ് വെള്ളക്കടലാസ്സുകളും ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് വായടക്കാന്‍ വിധിക്കപ്പെട്ട സമൂഹത്തിലെ വിദ്യാര്‍ത്ഥികളും യുവാക്കളും പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. കോവിഡ് നിയന്ത്രണങ്ങളുടെ പേരുപറഞ്ഞ് ക്വാറന്റയിനിലാക്കപ്പെട്ടയിടത്ത് തീ പിടിച്ചിട്ടും രക്ഷപ്പെടാനാകാതെ മരിച്ചുവീണ പത്ത് രക്തസാക്ഷികള്‍ യുവതയെ ഭ്രാന്തുപിടിപ്പിച്ചു. തൊഴിലില്ലാതായവരും, വാടക കൊടുക്കുവാന്‍ പോലും നിവൃത്തിയില്ലാതായവരും ഒത്തുകൂടിയിടത്തെല്ലാം ഒടുങ്ങാനും മടിയില്ലാത്തവന്റെ ഭയമില്ലാത്ത ചെറുത്തു നില്‍പ്പായിരുന്നു പിന്നീട് കണ്ടത്. മൂന്നു വര്‍ഷം മുമ്പ് മുതല്‍ നേരിട്ട ക്രൂരതകള്‍ക്കും അനുഭവിച്ച ദുരിതങ്ങള്‍ക്കും കണക്കില്ലായിരുന്നു. 2019 മുതല്‍ ചൈനീസ് തെരുവിലേക്കെത്തുന്ന വാഹനങ്ങളിലെ മനുഷ്യര്‍ക്ക് പരിശോധനയില്‍ കൊറോണയാണോയെന്ന സംശയം ഉണ്ടായാല്‍ അവരെ പുറത്തിറക്കുന്നതും ഓടിരക്ഷപ്പെടാന്‍ നോക്കുമ്പോള്‍ പേപ്പട്ടികളെ പിടിക്കും പോലെ വലകളിട്ടു പിടിച്ചതും സര്‍ക്കാര്‍ വണ്ടികളിലേക്കെറിയുന്നതുമൊക്കെ സാമൂഹിക മാധ്യമങ്ങളില്‍ കണ്ട് മനസ്സു മരവിച്ച അന്തര്‍ദേശീയ ജനത, കമ്യൂണിസ്റ്റ് ഭരണകൂട ഭീകരതയോടുള്ള ജനകീയ പ്രതിരോധം എവിടം വരെ പോകുമെന്നും എത്രകണ്ട് വിജയിക്കുമെന്നും ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയാണിന്ന്. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ചൈനക്കുള്ളില്‍ തുടരുന്ന ‘സീറോ കോവിഡ്’ കടും നിയന്ത്രണങ്ങളില്‍ സഹികെട്ട സമൂഹം അസംതൃപ്തരായി തെരുവിലിറങ്ങുമ്പോഴും ഭരണകൂടം അഴിച്ചുവിടുന്നത് കൊടിയ മര്‍ദ്ദനമാണ്. പ്രതിഷേധ സൂചകമായി ഉയര്‍ത്തിക്കാട്ടുന്ന ശൂന്യമായ വെള്ളക്കടലാസ്സുകളെ, അടികൊണ്ടും വെടി കൊണ്ടും വീണ യുവതികളുടെയും യുവാക്കന്മാരുടെയും ഒഴുകിയ ചോരയില്‍ മുക്കി നിറം ചുവപ്പാക്കുകയാണ് ഭരണകൂടം. സൈബറിടങ്ങളില്‍ ‘ബോട്ട്‌സ്’ പോലുള്ള സാദ്ധ്യതകളെ ഉപയോഗിച്ചു കൊണ്ട് കള്ള പ്രചാരണങ്ങള്‍ക്ക് ചൈനീസ് ഭരണകൂടം കളമൊരുക്കുന്നു. ഒപ്പം തന്നെ ആള്‍ക്കൂട്ടത്തിന്റെ ഭാഗമായി പൊരുതുന്ന മുഖങ്ങളെ സാങ്കേതിക വിദ്യകളിലൂടെ തിരിച്ചറിഞ്ഞ് അടിച്ചൊതുക്കുവാനും അരിഞ്ഞു വീഴ്ത്തുവാനും ഭരണകൂടം പുതിയ നീക്കങ്ങള്‍ തുടരുകയുമാണ്.
ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും വായടച്ച് വെറുതെയിരിക്കുന്ന അവശിഷ്ട കമ്യൂണിസ്റ്റുകാരോട് കാലം ആവശ്യപ്പെടും: ‘നിങ്ങളോര്‍ക്കുക ഷീ ജിന്‍പിങ്ങെങ്ങനെ ഇങ്ങനെയായെന്ന്’! ഷീയുടെ പിതാവ് ആദ്യകാല കമ്യൂണിസ്റ്റ് വിപ്ലവകാരിയുടെ തലത്തില്‍ നിന്ന് ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെയും ഭരണകൂടത്തിന്റെയും ഉന്നതശ്രേണിയിലെത്തിയ ഷീ ഷോങ്ഗ്‌സെന്‍ ആയിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ‘ശുദ്ധീകരണം’, അതാത് കാലത്തെ പാര്‍ട്ടി യജമാനന്മാര്‍ക്ക് അവരോട് വ്യത്യസ്ത അഭിപ്രായമുള്ളവരെയും ഇഷ്ടമില്ലാത്തവരെയും ഇല്ലായ്മ ചെയ്യുന്നതിനുതകുന്ന സംഹാരശേഷിയുള്ള ആയുധമാണ്. ആവര്‍ത്തിച്ചുള്ള ശുദ്ധീകരണം പലപ്പോഴും ‘കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കുന്നു’ എന്നു പറയുന്നതുപോലെ ഇരയായ പാര്‍ട്ടി സഖാവിനെ കൊന്നു കുഴിച്ചു മൂടുന്നതിനുള്ള വഴിയായി മാറാറുമുണ്ട്. ഷീ ഷോങ്ഗ്‌സെനും കുടുംബവും നിരന്തരം അത്തരം മനുഷ്യത്വരഹിതമായ ‘ശുദ്ധീകരണത്തിന്’ ഇരകളായിരുന്നവരായിരുന്നു. 1935ല്‍ പാര്‍ട്ടിക്കുള്ളില്‍ നടന്ന ഇടത് തെറ്റുതിരുത്തല്‍ പ്രക്രിയയുടെ (ലെഫ്റ്റ് റെക്റ്റിഫിക്കേഷന്‍) ഭാഗമായി അദ്ദേഹത്തെയും ലിയു ഷിദാനെയും ഗാവോ ഗാങ്ങിനെയും ജയിലിലടക്കുകയും തുടര്‍ന്ന് വധിക്കപ്പെടുവാന്‍ വിധിക്കപ്പെടുകയും ചെയ്തു. വിധി നടപ്പാക്കുവാന്‍ നിശ്ചയിച്ചതിന് നാലുദിവസം മുമ്പ് അവിടെയെത്താനിടയായ മാവോ സേതൂങ്ങ് വധശിക്ഷ റദ്ദു ചെയ്തതുകൊണ്ടു മാത്രം രക്ഷപ്പെട്ടു. അതേ മാവോ തന്നെ 1960കളില്‍, അതിനകം കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രചരണവിഭാഗത്തിന്റെ തലവന്‍ വരെയായ ഷീ സോങാഗ്‌സനെ, വിശ്വാസവഞ്ചനയുടെ പേരില്‍ പുറത്താക്കി. അന്ന് ഷീ ജിന്‍പിങ്ങിന് ഒമ്പതു വയസ്സായിരുന്നു. ഷീയ്ക്ക് പതിനഞ്ചുവയസ്സായപ്പോള്‍ ‘സാംസ്‌കാരിക വിപ്ലവത്തിന്റെ’ ഭാഗമായ ‘ശുദ്ധീകരണ’ പ്രക്രിയയുടെ പേരും പറഞ്ഞ് കമ്യൂണിസ്റ്റു ഭരണം അച്ഛനെ ജയിലിലടച്ചു. മകനെ മാവോയുടെ ‘ഡൗണ്‍ ടു ദി കണ്‍ട്രിസൈഡ്’ പദ്ധതിയുടെ ഭാഗമായ ‘പുനര്‍ വിദ്യാഭ്യാസത്തിന്’ മൂന്നു കോടി ‘സെന്‍ഡ് ഡൗണ്‍ യൂത്തില്‍’ ഒരുവനായി ഗ്രാമങ്ങളില്‍ നിര്‍ബന്ധിത വേലയ്ക്കും ബലമായി പറഞ്ഞുവിട്ടു. അതേ ‘സാംസ്‌കാരിക വിപ്‌ളവത്തിന്റെയും’, ‘ശുദ്ധീകരണത്തിന്റെയും’ പീഡനങ്ങള്‍ക്ക് വിധേയയായി ഷീ ജിന്‍ പിങ്ങിന്റെ അര്‍ദ്ധ സഹോദരി (അച്ഛന്റെ ആദ്യഭാര്യയിലെ മകള്‍) ഷീ ഹേപിങ്ങ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ന്, മാവോയുടെ കമ്യൂണിസ്റ്റ് ഭീകരത അച്ഛനും സഹോദരിയും അടക്കം കുടുംബത്തെയാകെ ചവിട്ടി തള്ളിയ കുഴിയില്‍ നിന്ന് പിടിച്ചു കയറിയ ഷീ ജിന്‍പിങ്ങ് ഏകാധിപതിയായി ഭരണത്തിലും പാര്‍ട്ടിയിലും, വിട്ടുവീഴ്ചയില്ലാത്ത പിടിമുറുക്കി വേറിട്ട രീതിയിലൊരു പ്രതികാരത്തിന് സ്വയം ഒരുങ്ങുകയാണോ?
അത്തരം ഒരു ചോദ്യം ഉയരുമ്പോള്‍ വിനായക ദാമോദര്‍ സാവര്‍ക്കര്‍ മലബാര്‍ ഹിന്ദുനരഹത്യയുടെ പശ്ചാത്തലത്തിലെഴുതിയ ‘മാപ്പിള’ എന്ന ചരിത്ര ആഖ്യായികയില്‍ ഭ്രാന്തിയായി ഹിന്ദു ഉന്മൂലനത്തിന് മാപ്പിളമാരോടൊപ്പം ചുറ്റിത്തിരിഞ്ഞ ബീവിയുമ്മ എന്നൊരു ശക്തയായ കഥാപാത്രത്തെ ഓര്‍മ്മ വരും. ആ ബീവിയുമ്മ ആരായിരുന്നെന്നും എന്തുകൊണ്ട് ഹിന്ദുക്കളെ കൊല്ലാനും കൊള്ളിവെക്കാനും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുവാനുമൊക്കെ ആക്രമണകാരികള്‍ക്ക് വഴി കാട്ടിക്കൊടുക്കുന്ന ഭ്രാന്തിയായി മാറിയെന്നും സാവര്‍ക്കര്‍ നല്‍കിയ വിവരണം ഒരു ചരിത്രപാഠമാണ്. നോവലിന്റെ അവസാനം രംഗത്തുവരുന്ന ബീവിയുമ്മയുടെ അമ്മയായിരുന്ന ഹിന്ദു സ്ത്രീയില്‍ നിന്നാണ് ആ വിവരണം തുടങ്ങുന്നത്. ആ അമ്മയ്ക്ക് രണ്ടാണ്‍ മക്കളും ഒരു മകളുമായിരുന്നു. മുമ്പ് നടന്ന ഒരു മാപ്പിളക്കലാപക്കാലത്ത് അവരെല്ലാം ആക്രമിക്കപ്പെട്ടു. അമ്മ ബലാത്സംഗത്തിനിരയായി. അവരുടെ ഭര്‍ത്താവ് വധിക്കപ്പെട്ടു. മറ്റൊരു മാപ്പിളക്കലാപത്തില്‍ മകളും മാനഭംഗപ്പെട്ടു. ആ മകളാണ് പല തവണ പീഡനങ്ങള്‍ക്ക് ഇരയായ ശേഷം ഉന്മാദിനിയായി, മാപ്പിളമാരോടൊപ്പം തീപ്പന്തവുമായി നടന്ന് ഹിന്ദുക്കുടിലുകള്‍ക്കും മറ്റും തീവെച്ച് നടന്ന ഭ്രാന്തിയായ ഉമ്മച്ചിയായി മാറിയ, ‘ബീവിയുമ്മ’! അതേ തുടര്‍ന്ന് ബീവിയുമ്മ തന്റെ കഥ പറയുന്നു. മാപ്പിളമാര്‍ പിടിച്ചോണ്ടു പോയപ്പോഴും വെപ്പാട്ടിയാക്കിയപ്പോഴും പീഡിപ്പിച്ചപ്പോഴുമെല്ലാം നിലവിളികളുമായി പ്രാണനും മാനവും സ്വധര്‍മ്മവും രക്ഷിക്കാന്‍ നമ്പൂതിരിയെയും നായരെയും ഈഴവനെയും, എന്നു വേണ്ട, എല്ലാ ഹിന്ദുവിനെയും സമീപിച്ചപ്പോള്‍ ‘അതോണ്ടെനിക്കെന്താ’ എന്നുപറഞ്ഞ് അവഹേളിച്ച സമൂഹത്തോടുള്ള പ്രതികാരമായിരുന്നു തന്റെ ഭ്രാന്തു പിടിച്ച ജീവിതമെന്ന് വിവരിച്ചിട്ട് അവര്‍ പറഞ്ഞു: ‘ഞാനെന്റെ പ്രതികാരം നിര്‍വ്വഹിച്ചു. എന്റെ ഭ്രാന്തും തീര്‍ന്നു. എന്റെ പന്തം കെട്ടുപോയിരിക്കുന്നു ഇനി ഈ അന്ധകാരവും മാറ്റിയേക്കാം … എന്നെ ഭ്രാന്തിയാക്കിയ ആ അന്ധകാരം നീയാണ്. നീയും കെട്ടു പോകട്ടെ’. അതും പറഞ്ഞ് ഒരലര്‍ച്ചയോടെ മാപ്പിള ക്രൂരതയുടെ ചാലകശക്തിയായി മാറിയ അവരെ പോലെ തന്നെ പരിവര്‍ത്തനം ചെയ്ത് മുസ്ലീമായ അവരുടെ സഹോദരപുത്രന്‍ ‘മൗലവിയുടെ’ കഴുത്തില്‍ അവര്‍ പിടിമുറുക്കി; അയാളുടെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി; പിന്നീട് ആ കത്തി വലിച്ചൂരി സ്വന്തം മാറിടത്തിലേക്ക് കുത്തിയിറക്കി. അങ്ങനെ ഒരേ ഹിന്ദുമാതാവിന്റെ മകളും മകന്റെ മകനും ഇസ്ലാമായി മാറിയശേഷം മാപ്പിളക്കലാപത്തില്‍ ഹിന്ദുക്കള്‍ക്കെതിരെ വാളെടുത്ത വിളയാടിയിട്ട് വാളാല്‍ തന്നെ അരിഞ്ഞു വീഴ്ത്തപ്പെട്ട കഥയാണ് സാവര്‍ക്കര്‍ തന്റെ ചരിത്ര നോവലില്‍ വരച്ചുകാട്ടിയത്. ആ ഭ്രാന്തിയുമ്മച്ചിയുടെ മറ്റൊരു രൂപമാണോ ചൈനയുടെ ഇന്നത്തെ ഭരണാധികാരി ഷീ ജിന്‍പിങ്ങ്?
ചെയര്‍മാന്‍ മാവോ രാഷ്ട്രീയ എതിരാളികളെ അടിച്ചൊതുക്കുവാനും കൊന്നൊടുക്കുവാനും പ്രയോഗിച്ച പ്രഹര ശൈലിയുടെ ഇരയെന്ന നിലയില്‍ നേരിട്ട് അനുഭവിച്ചതിന്റെയും രാഷ്ടീയ പിന്‍ഗാമിയെന്ന നിലയില്‍ പഠിച്ചറിഞ്ഞതിന്റെയും രാഷ്ട്രീയ പാഠങ്ങള്‍ ഷീ ജിന്‍പിങ്ങെന്ന കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ഏകാധിപതിക്ക് വേണ്ടത്രയുണ്ട്. ഭാരതം ബംഗ്ലാദേശ് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാലത്ത്, സോവിറ്റ് യൂണിയന്റെ സഹായത്തോടെ, ചൈനയില്‍ ആഭ്യന്തര അട്ടിമറിക്ക് ശ്രമിച്ച ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായിരുന്ന ലിന്‍ ബിയാവോ വിമാന ‘അപകടത്തില്‍’ മരിച്ചു വീണതിന്റെ രഹസ്യങ്ങളുള്‍പ്പടെയെല്ലാം അദ്ദേഹം പഠിച്ചറിഞ്ഞിട്ടുണ്ടാകാം.
മാവോയുടെ ഭരണകാലത്തെ ”മഹത്തായ കുതിച്ചുചാട്ടം” (1958-1962) ഒന്നരക്കോടി പാവപ്പെട്ട ജനങ്ങളെയാണ് കൊന്നൊടുക്കിയത്. 1966 ല്‍ ആരംഭിച്ച് ഒരു പതിറ്റാണ്ട് നീണ്ടുനിന്ന ”സാംസ്‌കാരിക വിപ്ലവം” സര്‍വ നിയന്ത്രണങ്ങളും വിട്ട് തെരുവുയുദ്ധങ്ങളായി മാറി. സാങ്കല്‍പ്പിക കുറ്റങ്ങളാരോപിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിലും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും ശ്രദ്ധേയരായവര്‍ മുതല്‍ പലതലങ്ങളില്‍ പ്രവര്‍ത്തിച്ച അസംഖ്യം പേര്‍ സ്ഥാന ഭ്രഷ്ടരാവുകയോ ഗ്രാമങ്ങളിലേക്ക് കൃഷിപ്പണിചെയ്യാന്‍ നാടുകടത്തപ്പെടുകയോ ചെയ്തു. ‘എങ്ങനെ നല്ല കമ്യൂണിസ്റ്റാകാം’ എന്ന പഠന കൃതിയുടെ രചയിതാവും ചൈനീസ് പ്രസിഡന്റുമായിരുന്ന ലിയുഷാവോചി, പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന ദെങ്‌സിയാവോപിങ് തുടങ്ങിയവര്‍ വേട്ടയാടപ്പെട്ടവരില്‍ ഉള്‍പ്പെട്ടതുള്‍പ്പടെയെല്ലാം ഷീ പഠിച്ച് ‘മിടുക്കനായിട്ടുണ്ടാകാം’.
കൂടാതെ, മിഖായേല്‍ ഗോര്‍ബച്ചേവിലൂടെ കമ്യൂണിസ്റ്റു ഭരണകൂടവും സോവിയറ്റ് യൂണിയനും തകര്‍ന്നു വീഴുന്നതിന് ഇടവരുത്തിയ പാശ്ചാത്യ സ്വാധീനത്തിന്റെ സഞ്ചാര വഴികളും ഗൗരവ പൂര്‍വ്വം അദ്ദേഹം പഠിച്ചു വിലയിരുത്തിയിട്ടുമുണ്ടാകാം. അതെല്ലാം കണക്കിലെടുത്ത് ആഭ്യന്തര വിമതസാദ്ധ്യതകളെ ചോരയില്‍ മുക്കുവാനും വൈദേശിക ബൗദ്ധിക സ്വാധീനത്തെ ഫലപ്രദമായി പ്രതിരോധിക്കുവാനും ഉതകുന്ന തരത്തില്‍ പുതിയതായി രൂപകല്പന ചെയ്തതായിരുന്നൂ ഷീ ജിന്‍പിങ്ങ് ബ്രാന്‍ഡ് ‘സാംസ്‌കാരിക വിപ്ലവം’. പാര്‍ട്ടി കേഡറുകള്‍ക്ക് വരെ എതിരാളികളെന്ന് അടയാളപ്പെടുത്തി തകര്‍ത്തെറിയാനുതകുന്ന ഉന്മൂലനത്തിന്റെ വികേന്ദ്രീകരണം മാവോയുടെ സാംസ്‌കാരിക വിപ്ലവത്തിന്റെ ശൈലിയായിരുന്നെങ്കില്‍ അതിലെ അപകടങ്ങള്‍ തിരിച്ചറിഞ്ഞ് എല്ലാത്തിനും ‘കാരണഭൂതനായി’ തന്നെത്തന്നെ പ്രതിഷ്ഠിച്ച് കേന്ദ്രീകൃത ഉന്മൂലന ശൈലിയാണ് ഷീ ജിന്‍പിങ്ങ് പയറ്റിനോക്കുന്നത്.
മാവോയില്‍ നിന്ന് ഡെങ്ങ് സിയാവോയിലൂടെ കടന്ന് ഷീജിന്‍ പിങ്ങില്‍ എത്തി നില്‍ക്കുന്ന ചൈന ഇന്ന് ഫാസിസ്റ്റ് ഏകാധിപത്യത്തിന്റെ മറ്റൊരു വികൃതമുഖമാണ് കാട്ടുന്നത്. ചൈനയുടെ പ്രസിഡന്റ് പദവിയില്‍ രണ്ടുതവണമാത്രമെന്ന പരിധിയെടുത്തു കളഞ്ഞ് അടുത്ത് നടന്ന പാര്‍ട്ടി ഇരുപതാം കോണ്‍ഗ്രസ്സില്‍ വീണ്ടും ‘തിരഞ്ഞെടുക്കപ്പെട്ടതോടെ’ ഷീ ജിന്‍പിങ്ങിന് ആയുഷ്‌ക്കാലം ഏകാധിപതിയായി തുടരാനുള്ള വഴി തുറന്നിരിക്കുന്നു. ഏകാധിപത്യത്തിലേക്കുള്ള എളുപ്പവഴിയായി കമ്യൂണിസത്തെ മാറ്റിമറിച്ച ഷീയുടെ മറ്റൊരു നിര്‍ണ്ണായക ചുവടുവെപ്പായിരുന്നു അദ്ദേഹത്തിന്റെ ചിന്തകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണഘടനയുടെ ഭാഗമാക്കി മാറ്റിയത്. പത്തൊമ്പതാം കോണ്‍ഗ്രസ്സില്‍ വെച്ച് ‘പുതിയ കാലഘട്ടത്തിനു വേണ്ടി ചൈനയുടെ പ്രത്യേകതകളുള്‍ക്കൊള്ളുന്ന സോഷ്യലിസത്തെ സംബന്ധിച്ചുള്ള ഷീ ജിന്‍ പിങ്ങിന്റെ ചിന്തകള്‍’ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയത്തെയും സൈന്യത്തെയും നിയന്ത്രിക്കുന്ന പ്രത്യയശാസ്ത്ര അടിത്തറയായി മാറ്റിയതു തന്നെ വിചിത്ര രീതിയിലായിരുന്നു. ഷീയുടെ ചിന്തകളെ ഭരണഘടനയുടെ ഭാഗമാക്കുന്നതിനോട് യോജിക്കുന്നവര്‍ കൈ പൊക്കാന്‍ അദ്ദേഹം തന്നെ ആവശ്യപ്പെടൂന്നു; ഒരു മുറുമുറുപ്പു പോലും ഇല്ലാതെ സകലരും കൈ പൊക്കുന്നു. കൈ പൊക്കിയില്ലെങ്കില്‍ കഴുത്ത് പോകുമെന്ന് അറിയാവുന്നവരില്‍ നിന്ന് വേറെ എന്താണ് പ്രതീക്ഷിക്കാവുന്നത്? അങ്ങനെ മാവോ സേതൂങ്ങിനും ഡെങ്ങ് സിയാവോ പിങ്ങിനും ശേഷം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന പേരായി ഷീ ജിന്‍ പിങ്ങ് മാറി. ആ നടപടിയിലൂടെ ഷീ വിമര്‍ശനത്തിനതീതനായി; അദ്ദേഹത്തിന്റെ ഹിറ്റ്‌ലര്‍ മോഡല്‍ ഫാസിറ്റ് ഏകാധിപത്യത്തിന്റെ സുരക്ഷയ്ക്ക് മര്‍മ്മ പ്രധാനമായ ഒരു സുരക്ഷാ വലയം കൂടി തയാറാക്കപ്പെട്ടു. ഷീ ജിന്‍ പിങ്ങ് പറയുന്നതാണ് ശരിയെന്നും അദ്ദേഹം പറയുന്നതു മാത്രമാണ് ശരിയെന്നും കയ്യുയര്‍ത്തി തലകുനിച്ച് സമ്മതിക്കുവാന്‍ ചൈനീസ് ജനങ്ങള്‍ക്ക് ഷീ തന്നെ പരിപൂര്‍ണ്ണ സ്വാതന്ത്യം നല്‍കുന്ന ജനകീയ ജനാധിപത്യമാണ് അവിടെ കണ്ടത്!
നാഷണല്‍ സെക്യൂരിറ്റി കമ്മീഷനും സാമ്പത്തിക സാമൂഹിക പരിഷ്‌കരണങ്ങള്‍ക്കുള്ള സ്റ്റിയറിങ്ങ് കമ്മറ്റികളും മിലിറ്ററി പുന:സംഘടനയും ആധുനികവത്കരണവും ഇന്റര്‍നെറ്റുമെല്ലാം ഏകാധിപതി നേരിട്ടു തന്നെ നിയന്ത്രിക്കുന്ന അവസ്ഥയിലാണിന്ന് ചൈന. അഴിമതിക്കെതിരെയെന്നും പറഞ്ഞ് മാവോയുടെ കാലത്തെ സാംസ്‌കാരിക വിപ്ലവവും ശുദ്ധീകരണവും ഒക്കെ ഓര്‍മ്മിപ്പിക്കുന്ന ഒരു ക്യാമ്പയിനിലൂടെ പോളിറ്റ് ബ്യൂറോ അംഗങ്ങളടക്കം പാര്‍ട്ടിയുടെയും രാജ്യത്തെയും ഉയരാനിടയുള്ള തലകളെയെല്ലാം അടിച്ചിരുത്തിയിരിക്കയാണ്.
അതിനിടയിലാണ് ചൈനീസ് സൈന്യത്തിന്റെ ഉത്തരവാദിത്തത്തിലുള്ള വുഹാന്‍ ജൈവായുധ പരീക്ഷണശാലയില്‍ വളര്‍ത്തിയെടുത്ത കോവിഡ് 19 എന്ന ചീനവലയിലെ കമ്യൂണിസ്റ്റ് വൈറസ് സ്വന്തം സാമ്രാജ്യത്വ വികസനത്തിനായി ഷീ ജിന്‍പിങ്ങ് പ്രയോഗിക്കാന്‍ തുടങ്ങിയത്. യുക്തിസഹമായി ചിന്തിക്കുന്നവരുടെ മനസ്സിലിന്ന് ഒരു സംശയം മാത്രമേയുള്ളു. വൈറസ് വളര്‍ത്തിയെടുത്ത് പ്രയോഗത്തിനുള്ള മുന്‍കരുതലുകളിലേക്ക് കടക്കും മുമ്പ് മനുഷ്യനിലേക്ക് അബദ്ധത്തില്‍ വ്യാപിച്ചതാണോ ചൈനയ്ക്ക് സ്വന്തം ജനങ്ങളെ സുരക്ഷിതമാക്കാന്‍ കഴിയാതെ പോയതിന് കാരണമെന്ന്. വൈറസ്സ് വ്യാപനം തിരിച്ചറിഞ്ഞ ചൈനയുടെ ആദ്യത്തെ പ്രധാനലക്ഷ്യങ്ങള്‍ അമേരിക്കയും ഭാരതവും തായ്‌വാനുമായിരുന്നു. ഭാരതത്തിന് നേരിടേണ്ടി വന്ന വെല്ലുവിളിക്കാണെങ്കില്‍ മറ്റൊരു മാനവും കൂടിയുണ്ടായിരുന്നു. അതിവേഗം പകരുമെങ്കിലും മരണസാദ്ധ്യത വളരെ കുറവാണെന്നുള്ള സവിശേഷത മൂലം മഹാമാരിയുടെ വൈറസ് പടര്‍ത്താന്‍ തീവ്രവാദികളെ കാശുകൊടുത്ത് ‘കാര്യേഴ്‌സ്’ ആക്കുവാനുള്ള സാദ്ധ്യത കോവിഡ് 19 നെ കൂടുതല്‍ അപകടകാരിയാക്കി. മരിച്ചാല്‍ സ്വര്‍ഗം കിട്ടുമെന്നും ജീവിച്ചാല്‍ വേണ്ടത്ര പണം കിട്ടുമെന്നും വാഗ്ദാനം നല്‍കിയാല്‍ ആത്മഹത്യാ ബോംബാകാന്‍ തയാറുള്ള മതഭ്രാന്തന്മാര്‍ പോലുമുള്ള ഒരു കാലത്ത് തന്റെ ശരീരത്തേക്ക് രോഗം പടര്‍ത്തി താനത് പത്തോ നൂറോ പേര്‍ക്കോ പകര്‍ത്തിക്കൊടുത്താലും താന്‍ മരിക്കാനൊന്നും പോകില്ലെന്നുറപ്പുള്ളപ്പോള്‍ കൂലി വാങ്ങി ആ വേല ചെയ്യുവാന്‍ ആളെ കിട്ടാനാണോ പ്രയാസം? ഭാരതത്തിനുള്ളിലെ ചൈനാ-പാക് പക്ഷവും പ്രതീക്ഷയോടെ പോര്‍ക്കളത്തിലിറങ്ങാന്‍ ഉടുത്തൊരുങ്ങി സജ്ജമായി.
പക്ഷേ ‘മലകളിളകിലും മഹാജനാനാം മനമിളകാ’ എന്ന നിശ്ചയദാര്‍ഢ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പതറാതെ പ്രതിരോധം തീര്‍ത്തു. ആദ്യത്തെ ആയുധമായിരുന്നു, ലോക്ക് ഡൗണ്‍! സമ്പര്‍ക്കം കൊണ്ടു പടരുന്നതിന് ഫലപ്രദമായ പ്രതിരോധം! ഒപ്പംതന്നെ, കൊറോണയുടെയിടയില്‍ കന്നംതിരുവ് കാട്ടുവാന്‍ കണക്കു കൂട്ടി കാത്തിരുന്നവരെ കൂട്ടിലടയ്ക്കുന്ന പണിയും! പുരകത്തുമ്പോള്‍ വാഴവെട്ടാന്‍ വെട്ടു കത്തിക്ക് മൂര്‍ച്ച കൂട്ടി കാത്തിരുന്നവരുടെ കാലുകള്‍ കെട്ടി. ലഹളയും ബഹളവും ഉണ്ടാക്കാന്‍ ഉടുപ്പിട്ട്, വടിയും വടിവാളും ബോംബും ഗ്രനേഡും തയാറാക്കി, കാത്തിരുന്നവര്‍ വഴിയിലോട്ടിറങ്ങാന്‍ പോലും കഴിയില്ലാത്ത ഗതികേടിലായി. ആസ്സാം അതിര്‍ത്തിയിലെ ‘ചിക്കന്‍ നെക്കില്‍’ രണ്ടുദിവസം ജിഹാദി പക്ഷം പിടിമുറുക്കിയാല്‍, ഷഹീന്‍ ബാഗിലും തിരുവനന്തപുരത്തുമൊക്കെ പൊതുവഴി കയ്യടക്കിയാല്‍, ആസ്സാമിനും കേരളത്തിനും ബംഗാളിനുമെല്ലാം ‘അപ്പം ചുടുന്നപോലെ’ എളുപ്പത്തില്‍ ‘ആസാദി’ ഉരുട്ടി കൊടുത്ത് ഭാരതത്തെ പലതായി മുറിച്ച് ചൈനയ്ക്കും പാക്കിസ്ഥാനുമൊക്കെ പകുത്തു കൊടുത്ത്, കിട്ടുന്ന കൂലി പകരം വാങ്ങാന്‍ നോക്കിയിരുന്നവരുടെ പണി പാളി.
ഒപ്പം തന്നെ, വെന്റിലേറ്ററുകളും പിപിഇ കിറ്റുകളും മാസ്‌കുകളും ആശുപത്രി സൗകര്യങ്ങളും ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യങ്ങളും എല്ലാം ഉയരുന്ന വെല്ലുവിളികള്‍ക്കും ഉയരെ ഉയര്‍ത്തി. പണിയില്ലെങ്കിലും പട്ടിണിയില്ലാതിരിക്കാന്‍ നാട്ടിലെല്ലാം സൗജന്യമായി അരിയും ആഹാര സാധനങ്ങളും ലഭ്യമാക്കി. വ്യവസായ മേഖലയെ താങ്ങിനിര്‍ത്തി. ആപത്കാലത്തെ അവസരമാക്കിക്കൊണ്ട് ആത്മനിര്‍ഭര ഭാരതത്തിന് ആക്കം കൂട്ടി. രോഗ പ്രതിരോധത്തിനായി വാക്‌സിന്‍ കണ്ടെത്തി. ഫലപ്രദമായി പ്രതിരോധ കുത്തിവെപ്പ് ഭാരതത്തില്‍ ഏതാണ്ട് പൂര്‍ണ്ണമായും നടത്തി മുന്നോട്ടു പൊകുന്നു. അതിനിടെ തങ്ങളിട്ട പദ്ധതികളെല്ലാം പൊളിഞ്ഞതുകണ്ട് സഹികെട്ട ചൈന ലഡാക്കില്‍ കടന്നാക്രമത്തിനും തയ്യാറായി. കടന്നുകയറിയവരെ കാലപുരിക്കയച്ചതോടെ അവിടെയും അവസാനം ചിരിച്ചത് ഭാരതം! കൂടാതെ, കൊറോണയ്‌ക്കെതിരെ പട പൊരുതാന്‍ ഭാരതം ലോകത്തോടൊപ്പം നിന്നു; ലോകത്തെ സഹായിച്ചു; ലോകത്തെ നയിച്ചു.
കൊറോണയെ ആയുധമാക്കി ചൈന നടപ്പാക്കാന്‍ നോക്കിയ ആഗോള സാമ്രാജ്യത്വ അധിനിവേശ നീക്കത്തെ മാനവരാശി തിരിച്ചറിഞ്ഞ് ചെറുത്തു തോല്‍പ്പിക്കുന്നു. ചൈനയിലെ ജനങ്ങളും കമ്യൂണിസ്റ്റ് വന്‍മതില്‍ പൊളിച്ച് തകര്‍ത്ത് ജനാധിപത്യ ലോകത്തിന്റെ ജീവിതധാരയോട് കൂടി ചേര്‍ന്ന് സ്വന്തം വിമോചനം നേടിയെടുക്കുമെന്ന് പ്രത്യാശിക്കാം.